അടുത്ത കാലത്തായി കേരളത്തിൽ, പ്രത്യേകിച്ച് യുവാക്കളുടെ ഇടയിൽ വർധിച്ചു വരുന്ന കൊലപാതകങ്ങളും ആത്മഹത്യകളും സമൂഹത്തിൽ പൊതുവേ ഉത്കണ്ഠ ഉളവാക്കിയിട്ടുണ്ട്. ഒന്നിന് പിറകെ മറ്റൊന്ന് എന്ന തരത്തിൽ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ എന്താണ് നമുക്ക് ചുറ്റും നടക്കുന്നതെന്ന് അറിയാൻ കഴിയാതെ കേരളീയരെ സ്തബ്ധരാക്കുന്നു. സ്വന്തത്തിലുള്ള അഞ്ചു പേരെ ഒരു യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം യുക്തിരഹിതവും മനുഷ്യരിൽ തന്നെ വിശ്വാസം നഷ്ടപ്പെടുത്തുന്നതായുമാണ് ഏറെ പേരും അനുഭവിച്ചത്. ഈ വിഷയം പല വേദികളിലും ചർച്ച ചെയ്യപ്പെടുകയും വിദഗ്ധരും രാഷ്ട്രീയക്കാരും പൊതുജനങ്ങളും അതിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളിലേക്കും പരിഹാരനിർദ്ദേശങ്ങളിലേക്കും ചില സൂചനകൾ ലഭിക്കുന്നുണ്ടെങ്കിലും ലളിതമായ പരിഹാരങ്ങളില്ലാത്ത സങ്കീർണ്ണമായ ഒരവസ്ഥയാണ് വെളിപ്പെട്ടു കൊണ്ടിരിക്കുന്നത്. എങ്കിലും ഈ വിഷയത്തിൽ നമ്മുടെ പൊതു സമൂഹം ആകുലപ്പെടുന്നു എന്നത് പ്രതീക്ഷ നൽകുന്നു.
ഒരു വശത്ത് ഡിജിറ്റൽ ലോകത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയും അതോടൊപ്പം രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങൾ വരുകയും ചെയ്യുന്നു. പലരും സൂചിപ്പിക്കുന്നതു പോലെ രണ്ടായിരത്തിനു ശേഷം ജനിച്ച യുവാക്കളുടെ ലോകവും ഭാഷയും മൂല്യങ്ങളും പഴയ തലമുറയിൽ നിന്ന് വലിയൊരു അകലം പാലിക്കുന്നുണ്ട്. കോവിഡ് കാലത്ത് സാമൂഹ്യമായും ശാരീരികമായും പാലിക്കേണ്ടി വന്ന അകലം ഇതിന് ആക്കം കൂട്ടുകയും ചെയ്തു. തലമുറകൾ തമ്മിൽ എല്ലാ കാലത്തും വിടവുണ്ടാകാമെങ്കിലും പഴയതിനേക്കാൾ അനേക മടങ്ങ് വ്യത്യാസം പുതിയ ഡിജിറ്റൽ കാലത്തിനുണ്ട്. ഈ മാറ്റം ദുഷിപ്പ് മാത്രം ഉണ്ടാക്കുന്നു എന്ന് കരുതാനാവില്ല. മറിച്ച്, വലിയ തോതിൽ സാമൂഹ്യ ഘടനയിലും ചലനങ്ങളിലും മാറ്റം ഉണ്ടാകുമ്പോൾ അത് തൊട്ടറിഞ്ഞ് പുതിയ മൂല്യങ്ങൾ കരുപ്പിടിപ്പിക്കേണ്ടതുണ്ട്. അതിന് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തയാറാവുകയും പ്രാപ്തി നേടുകയും വേണം. ടെക്നോളജിയിൽ വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതോടൊപ്പം, പഴയ വ്യവസ്ഥയുടെ ജീർണ്ണതകൾ വിമർശനാത്മകമായി തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ അതെത്രത്തോളം സാദ്ധ്യമാകുമെന്ന ചിന്തയാണ് എളുപ്പത്തിൽ പരിഹാരം കാണാൻ കഴിയില്ലെന്ന നിഗമനത്തിലെത്തിക്കുന്നത്.

യുവാക്കളുടെ കാര്യമെടുത്താൽ അവരിൽ അസ്വസ്ഥതയും പെട്ടെന്നുള്ള പ്രതികരണവും ഒക്കെ കാണാമെന്നത് വാസ്തവമാണ്. തീവ്രമായ അക്രമത്തിലേക്ക് എത്തുന്നത് അതിൽ ചെറിയ ഒരു വിഭാഗം മാത്രമാണ്. എങ്കിലും ഈ അവസ്ഥ മുതിർന്നവർക്ക് യുവാക്കളോടും അവർക്ക് തിരിച്ചുമുള്ള മനോഭാവം തുറന്ന് സംസാരിക്കാൻ ഈ സംഭവങ്ങൾ ഇട നൽകിയിട്ടുണ്ട്. അത്തരം തുറന്ന് പറച്ചിലുകൾ വിഷയം, അല്പം ഗൗരവത്തോടെ കാണേണ്ടതാണെന്ന സൂചനയാണ് നൽകുന്നത്.
ഇതിൽ പൊതുബോധത്തിനനുസരിച്ച് പ്രതികരിക്കുന്നവരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെ രക്ഷിതാക്കളും അദ്ധ്യാപകരും വടി എടുത്ത് തല്ലാത്തതാണ് അവർ അക്രമത്തിലേക്ക് പോകാൻ കാരണമെന്നത് ഒരു പൊതുബോധമാണ്. അത്തരത്തിലുള്ള സംസാരങ്ങൾ പൊതുവെ കേൾക്കാറുണ്ട്. എന്നാൽ, ഈ മേഖലയിലെ വിദഗ്ധരൊക്കെ ഇത് തള്ളിക്കളയുകയും ജെന്റിൽ പേരന്റിംഗും പുതിയ വിദ്യാഭാസ രീതിയുമൊക്കെ ഉയർത്തി കാട്ടുകയും ചെയ്യുന്നവരാണ്. പൊതുസമൂഹത്തിൽ കൂടുതൽ പേരും പ്രശ്നം മുഴുവൻ യുവാക്കളുടേതും കുട്ടികളുടേതുമാണെന്ന തരത്തിലാണ് കാണുന്നത്. എന്നാൽ, ജനാധിപത്യം, തുല്യത, അവകാശങ്ങൾ, നീതി എന്നിവ എത്രത്തോളം ഒരു മാതൃകയായി പുതിയ തലമുറക്ക് കാണിച്ചു കൊടുക്കാൻ പൊതുസമൂഹത്തിന് കഴിയുന്നുണ്ട്?
ഡിജിറ്റൽ ലോകത്തിൽ, ലോകമെമ്പാടുമുള്ള ഗുണപരവും വിനാശകരവുമായ എല്ലാം ഗ്രഹിക്കാൻ കഴിയുന്ന ചുറ്റുപാടിലാണ് യുവാക്കൾ കഴിയുന്നത്. അവർ തീർച്ചയായും മറ്റുള്ളവർക്ക് കീഴടങ്ങി ജീവിക്കാൻ ഒരുക്കമായിരിക്കില്ല. സ്വതന്ത്രമായി ചിന്തിക്കുകയും തീരുമാനമെടുക്കുകയും അത് പറയുകയും പ്രവർത്തിക്കുകയും ചെയ്യാനുള്ള പ്രവണത ഏറെയാണ്. എന്നാൽ അതിന്റെ മൂല്യം ഗ്രഹിക്കുകയും സാമൂഹ്യമായ ഇഴചേർക്കലിൽ കണ്ണിയാവുകയും ചെയ്യണമെങ്കിൽ അതിന് മാർഗ്ഗ നിർദ്ദേശം വേണം. അതിനുള്ള പ്രാപ്തി നേടാത്ത മുതിർന്ന തലമുറയാണ് ഇതിൽ കൂടുതലായി ഉത്തരവാദികളായിരിക്കുന്നത്. പഴയ മൂല്യങ്ങൾ പേറുന്ന മുതിർന്നവർ അവരുടെ ചെറുപ്പത്തിൽ ഭയം കൊണ്ട് കീഴടക്കപ്പെട്ടവരാണ്. പലവിധ തന്ത്രങ്ങളിലൂടെ ജീവിതം പിഴപ്പിക്കുന്നവരാണ്. ഉദാഹരണത്തിന് റാഗിംഗിനോടുള്ള സമീപനം തന്നെ എടുക്കാം. അദ്ധ്യാപകരോട് ചോദിച്ചാൽ അത് മനുഷ്യരുടെ ആത്മാഭിമാനത്തിന് വിരുദ്ധവും പൂർണ്ണമായും തുടച്ച് നീക്കേണ്ടതുമാണെന്ന് എത്ര പേർ പറയും? മിക്കപേരും ചെറിയ കളിയാക്കലുകളോ വലിയ തരത്തിലുള്ള പീഡനങ്ങളോ നേരിട്ടവരായിരിക്കും. അവർ അത് നേരിട്ടത് ഇനിയും ഇത് ആവർത്തിക്കാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തോടെ അതിൽ നിന്ന് വിട്ടു നിന്നു കൊണ്ടാവില്ല. മറിച്ച്, അടുത്ത ബാച്ചിൽ വരുന്നവരെ അത് പോലെയോ അതിനേക്കാൾ അധികമായോ അപമാനിക്കണം എന്ന തീരുമാനത്തിലായിരിക്കും. അത് കൊണ്ടാണ് ഇപ്പോഴും പല അദ്ധ്യാപകരും റാഗിങ് കുറെയൊക്കെ ആകാം എന്ന് അഭിപ്രായപ്പെടുന്നത്. അതിലെ അഭിമാനക്ഷതവും വ്യക്തിയുടെ ആത്മാഭിമാനവും തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നത് കൊണ്ടാണ് കർശനമായ നിയമം ഉണ്ടായിട്ടും റാഗിങ് ഇല്ലാതാക്കാൻ കഴിയാതിരിക്കുന്നത്. പണം കൊടുത്ത് അദ്ധ്യാപക ജോലി വാങ്ങുമ്പോൾ, അതറിയുന്ന വിദ്യാർത്ഥികൾക്ക് എന്ത് മൂല്യമാണ് പിന്തുടരാൻ കഴിയുക? ഭയം കീഴടക്കിയ, പല വിധ തന്ത്രങ്ങളിലൂടെ ജീവിച്ചു പോകുന്ന ജനതയല്ലേ നമ്മൾ? മറ്റു പല സംസ്കാരങ്ങളും മൂല്യങ്ങളും അറിയാനുള്ള അവസ്ഥ യുവാക്കൾക്ക് ഉണ്ടെങ്കിലും, ശരിയായ ദിശാബോധമില്ലാത്തതിനാൽ അവർ ആശയക്കുഴപ്പത്തിലും സംഘർഷത്തിലും പെടാനുള്ള അവസ്ഥയാണ് നമ്മുടെ സമൂഹത്തിന്റേത്.

വിദ്യാഭ്യാസത്തിൽ ചെറുപ്രായം മുതൽ മത്സരം മാത്രം പഠിച്ചാണ് കുഞ്ഞുങ്ങൾ വളരുന്നത്. ഗെയിമുകളിൽ മാത്രമല്ല, ക്ലാസ്സുകളിലും മത്സരിച്ച് ജയിക്കാനാണ് അവർക്ക് പരിശീലനം കിട്ടുന്നത്. പലപ്പോഴും ഇഷ്ടമില്ലാത്ത കോഴ്സുകളിൽ ചേരാനും അവർ നിർബ്ബന്ധിതരാകുന്നു. പണ്ട് കളികളും കായിക വിനോദങ്ങളും കലാപ്രകടനങ്ങളും മത്സരങ്ങൾക്ക് പുറത്ത് കുറച്ചെങ്കിലും ലഭ്യമായിരുന്നെങ്കിൽ ഇപ്പോൾ ഇവയെല്ലാം കടുത്ത മത്സരങ്ങളുടെ ചട്ടക്കൂടിൽ മാത്രമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. മത്സരത്തിന്റെ ഈ ശ്വാസം മുട്ടലിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടുന്നത് വീട്ടുകാർക്ക് ഇഷ്ടപ്പെട്ട ഒരു കോഴ്സിന് അഡ്മിഷൻ കിട്ടുമ്പോഴായിരിക്കും. ആ സമയത്ത് കൂടുതലായി റിലാക്സ് ചെയ്യാനും അതിന് അകമ്പടിയായി ലഹരി ഉപയോഗിക്കാനും തയാറാകുന്ന ഒരു ന്യൂനപക്ഷം വിദ്യാർത്ഥികളേയും കാണാറുണ്ട്. കുട്ടികളുടെ ഇഷ്ടത്തിനും സർഗ്ഗാത്മകതക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാഭ്യാസ രീതി നമ്മളിൽ നിന്ന് എത്രയോ അകലെയാണ്? പല വിധ സംസ്കാരങ്ങൾ മനസ്സിലാക്കുന്ന ഇന്നത്തെ കുട്ടികൾക്ക് പല അഭിലാഷങ്ങളുണ്ടാവുകയും അത് സാധിക്കാതെ വരുമ്പോൾ നിരാശയിലേക്കും അക്രമത്തിലേക്കുമൊക്കെ നീങ്ങാനും സാദ്ധ്യതയുണ്ട്.
സാമ്പത്തികമായി വർദ്ധിച്ചു വരുന്ന അസമത്വത്തിന്റെ പരിസരത്തിൽ കൂടി ഇത് കാണേണ്ടതുണ്ട്. പഴയതു പോലെ ജാതീയമായ തൊഴിലുകളിൽ ഏർപ്പെടാനോ, വരുമാനം കുറഞ്ഞ കൂലിപ്പണി ചെയ്യാനോ മാനസികമായി തയാറുള്ള ചെറുപ്പക്കാരെ നമുക്ക് പ്രതീക്ഷിക്കാനാവില്ല. കുട്ടിക്കാലം മുതൽ പല വിധ കമ്പോള ഉത്പന്നങ്ങളിലേക്ക് അവർ ആകർഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സിനിമയടക്കമുള്ള വിനോദോപാധികൾ വിരൽത്തുമ്പിൽ അവർക്ക് ലഭിക്കുന്നു. റോൾ മോഡലാകുന്നത് അതാത് സമയത്തെ ട്രെൻഡ് അനുസരിച്ചുള്ള സിനിമാതാരങ്ങളുടെ വേഷമോ പ്രകടനമോ ഒക്കെ ആയിരിക്കും. അതിലൊക്കെ കൂട്ടുകാരുടെ സ്വാധീനം വളരെ വലുതാണ്. കൂട്ടുകാർക്കൊപ്പം എല്ലാ കാര്യങ്ങളും സാധിക്കാതെ വരുമ്പോൾ ദേഷ്യവും നിരാശയും അവരെ ബാധിക്കുന്നുണ്ട്. കുട്ടിക്കാലത്ത് കൂടുതൽ മാനസികമായും ശാരീരികമായും മുറിവുകൾ ഏൽക്കാൻ സാദ്ധ്യത ഉള്ളവരാണിവർ. ലഹരിക്ക് അടിപ്പെട്ടിട്ടുള്ള മുതിർന്നവരുടെ പരിരക്ഷണത്തിലായിരിക്കും ചിലർ വളരുന്നത്. കുട്ടികൾക്കും യുവാക്കൾക്കുമായി പല വിധ പരിശീലന പരിപാടികൾ ഏർപ്പെടുത്തിയാലും അതീവ ദാരിദ്ര്യത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു ചെറു വിഭാഗത്തിന് അവ ഉപകരിക്കുമെന്ന് തോന്നുന്നില്ല. അവരുടെ അഭിലാഷങ്ങൾ സാധിക്കാനും, അനുഭവിക്കുന്ന അപമാനങ്ങളുടെ നീറ്റൽ കെടുത്താനും എന്ത് സംവിധാനമാണ് നമുക്കുള്ളത്? അന്തസ്സുള്ള ജീവിതം പ്രതീക്ഷിച്ച് അവർ കടക്കെണിയിൽ പെടുന്നു. സമത്വം എന്ന ആശയത്തിന് യാതൊരു വിലയുമില്ലാത്ത സാമ്പത്തിക നയങ്ങളിലേക്ക് നമ്മൾ കൂപ്പു കുത്തി കഴിഞ്ഞു. അതിനാൽ സാമ്പത്തികാസമത്വം ഏൽപ്പിക്കുന്ന സാമൂഹികാഘാതം എന്ന നിലയിലുള്ള വയലൻസ് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയില്ല.

മുതിർന്നവർ പങ്ക് വയ്ക്കുന്ന അക്രമ സംസ്കാരം യുവാക്കളിലേക്കും സ്വാഭാവികമായി പടരും എന്നത് മറ്റൊരു വശമാണ്. മനുഷ്യർ ഏതു കാലത്താണ് അക്രമവും കൊലയും ചെയ്യാതിരുന്നിട്ടുള്ളത്? ജാതിയുടെ പേരിലും വർഗ്ഗീയതയുടെ പേരിലും ലിംഗാസമത്വത്തിന്റെ പേരിലും ലൈംഗികചായ്‌വിന്റെ പേരിലും, എന്തിന് രാജ്യത്തിന്റെ പേരിലും, ഒറ്റക്കും കൂട്ടായും അക്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നവരാണ് നമ്മൾ. നമുക്ക് പരിചയമില്ലാത്ത തരം അക്രമങ്ങൾ ഇപ്പോൾ നടക്കുന്നു എന്നതും മാദ്ധ്യമങ്ങൾ ഇവ പൊലിപ്പിക്കുന്നതു വഴി, പകർച്ച വ്യാധി പോലെ ഇവ വർദ്ധിക്കുന്നു എന്നതുമാണ് വാസ്തവം. മുതിർന്നവർ പങ്ക് ചേരുന്ന പല തരം വയലൻസ് കണ്ടാണ് കുട്ടികൾ വളരുന്നത്. ഇതിന് പുറമെ അത് പെരുപ്പിക്കുന്ന തരത്തിലുള്ള മീഡിയ ഉള്ളടക്കങ്ങൾ അവർക്ക് ലഭ്യമാവുകയും ചെയ്യുന്നു. ആത്മനിയന്ത്രണത്തിന്റേയും സഹകരണത്തിന്റേയും പാഠങ്ങൾ അവർക്ക് എവിടെ നിന്നും ലഭ്യമാകുന്നില്ല.
അക്രമോന്മുഖമായ പൗരുഷത്തെ ആഘോഷിക്കുന്ന സംസ്കാരമാണ് നമ്മുടേത്. ചില സിനിമകൾ അത് വല്ലാതെ പൊലിപ്പിക്കുകയും പൊതുവേ ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ അതിഷ്ടപ്പെടുകയും ചെയ്യുന്നു. അത്തരം സിനിമകൾക്ക് കളക്ഷൻ കൂടുന്നതു കൊണ്ട് വീണ്ടും വീണ്ടും അതേ പോലെയുള്ള സിനിമകൾ നിർമ്മിക്കപ്പെടുന്നു. ജീവിതത്തിലും സ്ഥിതി വ്യത്യസ്തമല്ല. തുല്യതയുള്ള ഒരു ജെൻഡർ ബന്ധം അവർ വീട്ടിൽ കണ്ടു വളരുന്നവരല്ല. അതേ സമയം, സ്ത്രീകൾക്ക് പല തരത്തിൽ സ്വാഭിമാനം വളർത്താനുള്ള പരിശീലനം ഇപ്പോൾ ലഭിക്കുന്നുണ്ട്. മാദ്ധ്യമങ്ങൾ അവർക്കും ലഭ്യമാണ്. സ്വതന്ത്രരായി കൊണ്ടിരിക്കുന്ന സ്ത്രീകളുമായി പൊരുത്തപ്പെട്ടു പോകാനുള്ള പരിശീലനം ആണുങ്ങൾക്ക് ലഭിക്കുന്നില്ല. ഇത് അവരെ അപകർഷത്തിലേക്കും അക്രമത്തിലേക്കും നയിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. അടുത്തിടെ കാമുകന്മാരും ഭർത്താക്കന്മാരും സ്ത്രീകളെ കൊലപ്പെടുത്തുന്നതും വർദ്ധിച്ചു കാണുന്നുണ്ട്.

യുവാക്കളിലെയും കുട്ടികളിലെയും വർദ്ധിച്ച അക്രമപ്രവണതയുടെ സമീപസ്ഥ കാരണങ്ങളായി രണ്ട് വസ്തുതകളാണ് പൊതുവേ വിദഗ്ധർ പറയുന്നത്. ഒന്ന്, കുട്ടിക്കാലം മുതലുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം, രണ്ട്, മയക്കു മരുന്നിന്റെ വ്യാപനം. ഈ രണ്ട് ഘടകങ്ങളും ശ്രദ്ധിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ്. അത് ചെയ്യാവുന്നതുമാണ്. ഫോണുകളിലൂടെ ലഭ്യമാവുന്ന കളികളിലൂടെ അക്രമം ഒരു സാധാരണ കാര്യമായി കുട്ടികൾ ഉൾക്കൊള്ളുകയും മറ്റുള്ളവരിൽ നിന്നകന്ന് കഴിയുന്നതിനാൽ സാമൂഹ്യജീവിതവും അനുകമ്പയും നഷ്ടപ്പെടുന്നവരായി മാറുകയും ചെയ്യുന്നു എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. തീരെ ചെറിയ കുട്ടികൾക്ക് ഫോൺ നൽകേണ്ടതില്ല. കൗമാരത്തിൽ മുതിർന്നവരുടെ മേൽനോട്ടത്തിലും അവരോടൊരുമിച്ചും കണ്ടു ശീലിച്ചാൽ ജീവിതത്തിനുതകുന്ന തരത്തിൽ എങ്ങനെ അത് ഉപയോഗിക്കാനാവും എന്ന് കുട്ടികൾക്ക് മനസ്സിലാക്കാം. ഈ ഉപകരണമില്ലാതെ ഇനി ജീവിക്കാൻ സാധിക്കാത്തതു കൊണ്ട് എങ്ങനെ സാമൂഹ്യജീവിതത്തിന് സഹായകമായ രീതിയിൽ അതുപയോഗിക്കാമെന്ന് പഠിപ്പിക്കാൻ മാത്രമേ കഴിയൂ.
സിനിമകളിലെ വയലൻസ് തുടർച്ചയായി കാണുന്നത് അതിനോടുള്ള അറപ്പും വികാരങ്ങളും ഇല്ലാതാക്കുകയും അത് സാധാരണവൽക്കരിക്കപ്പെടുകയും ചെയ്യുമെന്ന് വിദഗ്ധർ കണ്ടെത്തുന്നുണ്ട്. അത് ഏറെക്കുറെ ശരിയാകാനാണ് സാദ്ധ്യത. ഉള്ളിൽ വെറുപ്പും വിദ്വേഷവും നിറഞ്ഞിരിക്കുമ്പോൾ ലഹരി അക്രമത്തിന് പ്രേരകമാകാം.
ലഹരി പദാർത്ഥങ്ങൾ ഇപ്പോൾ കുട്ടികളിലും യുവാക്കളിലും വിറ്റു വരുന്നതായി കാണുന്നു. ഇതിന്റെ ഉപയോഗം ഫലപ്രദമായി തടയാൻ പല തലങ്ങളിലുള്ള പ്രവർത്തനം ആവശ്യമായി വരും. നിരോധിച്ച ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന നിയമ പാലന സംവിധാനം ഉപയോഗിച്ചു തന്നെ കർശനമായി തടയുക എന്നത് പ്രധാനമാണ്. അതിന് ഗവണ്മെന്റും രാഷ്ട്രീയ പാർട്ടികളും ധാർമ്മികമായ ഒരു നയം കൈക്കൊണ്ടേ മതിയാവൂ. ഉപരിപ്ലവമായ ബോധവൽക്കരണവും പ്രതിജ്ഞ എടുക്കലും മാത്രം മതിയാവില്ല. യഥാർത്ഥ പ്രവർത്തനത്തിലേക്ക് നയിക്കാൻ ഇവ ഉപകരിക്കാമെന്ന് മാത്രം. എന്താണ് യഥാർത്ഥ പ്രവർത്തനം? വിൽപ്പന തടയുക എന്നത് മുകൾത്തട്ടു മുതൽ താഴെ വരെ നടക്കണം. എല്ലാവരും ഒരുമിച്ച് ചേർന്നാലേ ഇത് നടപ്പാവൂ. ഇതിന്റെ വില്പനയും സാമ്പത്തികാസമത്വവും തമ്മിലുള്ള ബന്ധവും കാണാതിരുന്നു കൂടാ. പണമുള്ളവരും ഇല്ലാത്തവരും ഒന്നു ചേരുന്ന ഈ ബിസിനസ്സിൽ താഴെ തട്ടിലുള്ളവരും ഇരയാക്കപ്പെടുന്ന കുട്ടികളുമാണ് മിക്കപ്പോഴും ശിക്ഷക്ക് വിധേയരാകുന്നത്. താഴേ തലത്തിൽ ചെയ്യാവുന്നത്, രക്ഷിതാക്കളും അദ്ധ്യാപകരും തങ്ങളുടെ കുട്ടികളേയും വിദ്യാർത്ഥികളേയും, നിരീക്ഷിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുക എന്നതാണ്. കൂടെ പഠിക്കുന്നവർക്ക് ഇതിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന സാഹചര്യമുണ്ടാക്കുക എന്നതാണ് ഏറെ പ്രധാനം. അതിന്, വിധേയരായി പോയവരോട് അനുകമ്പയോടെയുള്ള സമീപനം നിയമത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. അവരെ അപമാനിക്കുന്ന തരത്തിലുള്ള ക്ലാസുകളും പ്രചരണങ്ങളും ഗുണം ചെയ്യില്ല. കടുത്ത ശിക്ഷ ഉള്ളതിനാൽ, ഇതേ കുറിച്ച് അറിയാവുന്ന സഹപാഠികൾ ധാർമ്മികത മാനിച്ച് അറിയാമെങ്കിലും അത് റിപ്പോർട്ട് ചെയ്യാറില്ല. വിധേയരായിട്ടുള്ളവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി നവീകരിക്കുന്ന തരത്തിൽ നിയമം മാറ്റുകയും മുകൾത്തട്ടിലെ വിൽപ്പന കർശനമായി നിരോധിക്കുകയും വേണം. എല്ലാ അക്രമങ്ങളുടെയും കാരണം ലഹരിയാണെന്ന തരത്തിൽ ലഘൂകരിച്ച് കാണുന്നതും ശരിയല്ല. ഓരോ സംഭവങ്ങളും നന്നായി പഠിച്ച ശേഷമേ ലഹരിയുടെ പങ്കിനെ പറ്റി വിലയിരുത്താനാവൂ. ലഹരി ഉപയോഗിക്കുന്നവരിൽ തന്നെ അക്രമ വാസന ഉള്ളവരും അതിനുള്ള സാഹചര്യത്തിൽ പെടുന്നവരുമാണ് അത് ചെയ്യാൻ ഏറെ സാദ്ധ്യത. ലഹരി വിരുദ്ധ പ്രചരണങ്ങൾ, അക്രമത്തിന് സാഹചര്യമൊരുക്കുന്ന മറ്റു ഘടകങ്ങൾ കാണാതിരിക്കുന്നതിനുള്ള ഒരു മറയായി മാറരുത്.

സിനിമകളിലെ വയലൻസ് തുടർച്ചയായി കാണുന്നത് അതിനോടുള്ള അറപ്പും വികാരങ്ങളും ഇല്ലാതാക്കുകയും അത് സാധാരണവൽക്കരിക്കപ്പെടുകയും ചെയ്യുമെന്ന് വിദഗ്ധർ കണ്ടെത്തുന്നുണ്ട്. അത് ഏറെക്കുറെ ശരിയാകാനാണ് സാദ്ധ്യത. ഉള്ളിൽ വെറുപ്പും വിദ്വേഷവും നിറഞ്ഞിരിക്കുമ്പോൾ ലഹരി അക്രമത്തിന് പ്രേരകമാകാം. സാമൂഹ്യാന്തരീക്ഷത്തിൽ വെറുപ്പ് നില നിർത്തുന്നതിൽ മുതിർന്നവരും ലഹരി ഉപയോഗിക്കാത്തവരും പങ്ക് ചേരുന്നത് എങ്ങനെയാണെന്നറിയാൻ സോഷ്യൽ മീഡിയയിൽ വരുന്ന ക്രൈം റിപ്പോർട്ടുകൾക്കും സെക്സ് റിപ്പോർട്ടുകൾക്കും താഴെ വരുന്ന കമന്റുകൾ വായിച്ചാൽ മതി. ഇത്തരം റിപ്പോർട്ടുകളുടെ ആധിക്യവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. ഓരോ സംഭവത്തേയും ഭാവന കൂട്ടി കലർത്തി ആസ്വദിക്കാൻ പാകത്തിൽ ജനങ്ങൾക്ക് നൽകുകയാണ്. ചിലരുടെ ഉപജീവനവുമാണിത്. അനുകമ്പയോ പരിഗണനയോ ഇല്ലാതെ മറ്റുള്ളവരോടുള്ള വെറുപ്പ് വളർത്താനും സമൂഹത്തിൽ ചില മോശം ആളുകളുണ്ടെന്ന ധാരണ പരത്താനുമാണ് ഇവ സഹായിക്കുന്നത്. ഇത് കാണുന്നവർ ഒരു കമന്റിട്ട് തങ്ങളുടേതായ സംഭാവന കൂടി നൽകുന്നു. മാദ്ധ്യമങ്ങളിൽ വിവരണങ്ങളോടെ എടുത്തു കാട്ടുന്ന ആത്മഹത്യയുടേയും കൊലപാതകങ്ങളുടേയും റിപ്പോർട്ടുകളെ തുടർന്ന് ഇവ വർദ്ധിക്കുന്നതായി പഠനങ്ങളുണ്ട്. ധാർമ്മികത പാലിച്ചു കൊണ്ടുള്ള റിപ്പോർട്ടിംഗിനെ പറ്റി നമ്മുടെ നാട്ടിൽ പറഞ്ഞിട്ടു കാര്യമുണ്ടോ? ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കാലത്ത് ഈ വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകർക്കായി വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും അത് വളരെ പ്രയാസമുള്ളതായാണ് അനുഭവപ്പെട്ടത്. അക്രമത്തിൽ പ്രധാന പ്രതികളായി യുവാക്കളെ കാണുമ്പോൾ, അതിനുള്ള അന്തരീക്ഷം ഒരുക്കുന്നതിലും നില നിർത്തുന്നതിലും മുതിർന്നവരുടെ പങ്കിൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ വ്യക്തികളേക്കാൾ സാമൂഹ്യ പരിസരത്തിൽ ഊന്നണമെന്ന റോബർട്ട് സാപോൾസ്കി (Robert Sapolsky)യുടെ പഠനം ശ്രദ്ധേയമാണ്. വ്യക്തിയുടെ സ്വതന്ത്ര ഇച്ഛയെക്കാൾ സ്വഭാവം രൂപപ്പെടുത്തുന്നതിൽ ജനിതകത്തിനും സാമൂഹ്യാന്തരീക്ഷത്തിനും പങ്കുണ്ടെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. കുറ്റകൃത്യങ്ങളേയും ശിക്ഷയേയും സമീപിക്കുന്നതിൽ അതിനനുസരിച്ച മാറ്റങ്ങൾ ഉണ്ടാവണമെന്ന് തന്റെ, ‘Determined: A science of life without free will’ എന്ന പുസ്തകത്തിൽ പറയുന്നു. നമ്മുടെ സമൂഹത്തിൽ വെറുപ്പ് പടർത്തുന്ന എല്ലാ പരിസരങ്ങളിലും ബോധപൂർവ്വമായ ഇടപെടൽ വേണ്ടിവരും. അതെത്രത്തോളം ചെയ്യാൻ സാധിക്കുമെന്നതും നമ്മൾ നേരിടുന്ന പ്രതിസന്ധിയാണ്. ഇങ്ങനെ സമൂഹം പ്രതിസന്ധിയിൽ അകപ്പെടുന്ന സമയത്ത് പരിചയമോ പ്രാവീണ്യമോ ഇല്ലാത്തവർ പേരന്റിംഗ് ചെയ്യുകയും, താഴ്ന്ന ക്ളാസുകളിൽ അദ്ധ്യാപകരാവുകയും ചെയ്യുന്നത് സമചിത്തതയോടെ കുട്ടികളെ കൂടെ കൂട്ടുന്നതിന് തടസ്സമാവുന്നു. ഡിജിറ്റൽ ലോകത്തെ മുതിർന്നവരുടെ പരിചയക്കുറവും കുട്ടികളുടെ കൂടെ കൂടുന്നതിൽ അവർക്ക് വൈമുഖ്യമുണ്ടാക്കുന്നു.
വർദ്ധിച്ചു വരുന്ന സാമ്പത്തികാസമത്വം, മത്സരത്തിൽ ഊന്നിയ സംസ്കാരം, അഴിമതി, വിഭാഗീയത, ആണധികാരം എന്നിവ എളുപ്പത്തിൽ മറികടക്കാൻ കഴിയുന്നതല്ല. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈ പരിസരത്തിലാണ് യുവാക്കളുടെ ഡിജിറ്റൽ ലോകം അപകടങ്ങൾ വരുത്തുന്നത്.
അഴിമതിയും പക്ഷപാതിത്വവും നില നിൽക്കുന്ന സമൂഹത്തിൽ നിയമ പാലനം നടത്തുന്നതിൽ നിരന്തരമായ വീഴ്ച്ച കാണാം. രാഷ്ട്രീയപരമോ മതപരമോ ഒക്കെയായുള്ള ഇടപെടലുകൾ നൈതികതയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. പല കുറ്റങ്ങൾക്കും കടുത്ത ശിക്ഷ നില നിർത്തിയിരിക്കുന്നത് കുറ്റങ്ങൾ മറച്ചുവെക്കുന്നതിന് കാരണമാകുന്നുണ്ട്. കടുത്ത ശിക്ഷകൾ സാഹചര്യത്തിനനുസരിച്ച് ലഘൂകരിച്ച് നൽകാമെങ്കിലും ശിക്ഷയിൽ നിന്ന് കുറ്റം ചെയ്തവർ പൂർണ്ണമായും രക്ഷപ്പെട്ടു പോകുന്നത് യുവാക്കൾക്ക് തെറ്റായ സന്ദേശം നൽകും.

ചുരുക്കത്തിൽ, അതിവേഗത്തിൽ മാറി കൊണ്ടിരിക്കുന്ന, ഡിജിറ്റൽ യുഗമെന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹ്യഘടനയോട് പെട്ടെന്ന് പൊരുത്തപ്പെടാൻ സന്നദ്ധമായ സമൂഹമല്ല ഇപ്പോഴുള്ളതെന്നതാണ് യാഥാർഥ്യം. ചിലപ്പോൾ വലിയ ദുരന്തങ്ങൾക്ക് ശേഷമായിരിക്കാം, പുതിയ തരത്തിൽ സാമൂഹ്യ സംഘാടനം സാദ്ധ്യമാവുക. അത് കാത്തിരുന്ന് കാണാനേ കഴിയൂ. എന്നാൽ, ഈ സാഹചര്യത്തിലും പ്രയോഗിച്ചു നോക്കാവുന്ന കാര്യങ്ങളുണ്ട്. മുതിർന്നവർ പുതിയ തലമുറയുമായി ക്രിയാത്മകമായി ഇടപെടാൻ തയാറാവുക എന്നതാണത്. അവരെ കുറ്റപ്പെടുത്തുന്നതിന് പകരം, ശ്രവിക്കാനും അവരോടൊപ്പം പഠിക്കാനും ശ്രമിക്കാവുന്നതാണ്. വീടുകളിലും സ്കൂളുകളിലും, കോളേജുകളിലും താമസിക്കുന്ന കോളനികളിലും സാമൂഹ്യ സംഘടനകളിലും എല്ലാം ഇത് ചെയ്യാൻ സാധിക്കും. കുട്ടികളും യുവാക്കളും അവരുടെ തന്നെ സംരംഭങ്ങളെന്ന നിലയ്ക്ക് നടത്തുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിയും. അവർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സ്വയം വിജ്ഞാനം ആർജ്ജിക്കാനും സർഗ്ഗാത്മക സൃഷ്ടികൾ നടത്താനും കഴിവുള്ളവരാണ്. അവ അംഗീകരിക്കുകയും അവരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും വേണം. പുതിയ തരത്തിൽ ഇഴ ചേർക്കുന്ന സാമൂഹ്യസംഘാടനത്തിലേക്ക് നീങ്ങാൻ അത് സഹായിക്കും. സേവന പ്രക്രിയകളിൽ ആൺ കുട്ടികളേയും പെൺകുട്ടികളേയും ഒരു പോലെ പങ്കാളികളാക്കുന്നത് ആൺകുട്ടികളിലെ അക്രമ വാസന കുറയ്ക്കാനുതകും. സിനിമകളിലെ അനാവശ്യമായ വയലൻസ് സെൻസർ ചെയ്യപ്പെടണം. രാസലഹരി വ്യാപനം തടയാൻ അതിന്റെ ശൃംഖലയുടെ മുകൾത്തട്ടിൽ ഉന്മൂലനം നടക്കണം. ഇരകളാക്കപ്പെടുന്നവരോട് അനുഭാവ പൂർണ്ണമായ സമീപനവും ജാഗ്രതയും വേണം. ഇഴയടുപ്പത്തോടെ ബന്ധമുള്ള സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെയാണ് ഇത് ചെയ്യാൻ സാധിക്കുക. സാമൂഹ്യമായ ഉത്തരവാദിത്വമെന്ന നിലക്ക് ഇതേറ്റെടുക്കുമ്പോഴുള്ള പ്രതിസന്ധികൾ കാണാതിരിക്കാനും കഴിയില്ല. വർദ്ധിച്ചു വരുന്ന സാമ്പത്തികാസമത്വം, മത്സരത്തിൽ ഊന്നിയ സംസ്കാരം, അഴിമതി, വിഭാഗീയത, ആണധികാരം എന്നിവ എളുപ്പത്തിൽ മറികടക്കാൻ കഴിയുന്നതല്ല. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈ പരിസരത്തിലാണ് യുവാക്കളുടെ ഡിജിറ്റൽ ലോകം അപകടങ്ങൾ വരുത്തുന്നത്. ഈ അവസ്ഥ അതിജീവിക്കാൻ ജാഗ്രതയോടും കരുതലിനോടും ഒപ്പം, ക്ഷമയോടെയുള്ള കാത്തിരിപ്പും ഒരു പക്ഷേ ആവശ്യമായി വന്നേക്കാം.