ആഗോള അയ്യപ്പസംഗമത്തിനുമുമ്പ്
പിണറായി സർക്കാർ തിരുത്തേണ്ട
ചില ഇടത് ആചാരങ്ങൾ

‘അവിടെ സർക്കാർ ചെലവിൽ കുംഭമേളയാകാമെങ്കിൽ ഇവിടെ അയ്യപ്പ സംഗമവുമാവാം എന്നാണ് വാദമെങ്കിൽ സർക്കാർ ചെലവിൽ അതു സാധ്യമല്ല എന്നു തന്നെ, ഭരണഘടന വെച്ച് മറുപടി പറയേണ്ടതുണ്ട്’- ഡോ. അമൽ സി. രാജൻ എഴുതുന്നു.

രു മതനിരപേക്ഷ സർക്കാരിന് പ്രത്യേക മതവിഭാഗത്തിൻ്റെ പേരിൽ സർക്കാർ ഖജനാവിലെ പണം ചെലവഴിച്ച് ആഘോഷമോ ആചാരമോ സംഗമമോ നടത്താൻ സാധിക്കുമോ ഇല്ലയോ എന്ന് ഭരണഘടന അർത്ഥശങ്കക്കിടയില്ലാത്ത വിധം ആർട്ടിക്കിൾ 27-ൽ വ്യക്തമാക്കിയിട്ടുണ്ട്.

Article 27: Freedom as to payment of taxes for promotion of any particular religion.
No person shall be compelled to pay any taxes, the proceeds of which are specifically appropriated in payment of expenses for the promotion or maintenance of any particular religion or religious denomination.

അടിസ്ഥാന സൗകര്യവികസനം, ആഭ്യന്തര ടൂറിസത്തിനു നൽകുന്ന പ്രോത്സാഹനം തുടങ്ങി വിവിധ പേരുകളിൽ ഈ അനുഛേദത്തിൻ്റെ അന്തഃസത്തക്ക് വിരുദ്ധമായ നടപടികൾ ‘നിയമപരമായി’ത്തന്നെ കാലാകാലങ്ങളായി സർക്കാരുകൾ ചെയ്തുവരുന്നുമുണ്ട്. അതിനെയെല്ലാം കോടതികളുൾപ്പെടെ ശരിവക്കാറുമുണ്ട്. ഒരു പ്രത്യേക മതത്തിൻ്റെ പരിപോഷണത്തിന് സർക്കാർ ഖജനാവിൽ നിന്ന് കോടാനുകോടിരൂപ ചെലവഴിക്കുന്ന പ്രവണത പത്തുവർഷമായി ദേശീയതലത്തിൽത്തന്നെ കണ്ടുവരുന്നു. പ്രസാദ് പദ്ധതി, കാശി വിശ്വനാഥ് കോറിഡോർ തുടങ്ങിയവ മുതൽ സർക്കാർ വിലാസം കുംഭമേളകൾ വരെ നാം കണ്ടുകൊണ്ടിരിക്കുന്നു. അതൊന്നും കോടതികളോ ഒരു അവധിക്കാല ബഞ്ചു പോലുമോ പരിഗണിച്ചതായി കേട്ടിട്ടുമില്ല. പുതിയ ഇന്ത്യയിൽ അതെല്ലാം സ്വാഭാവികം മാത്രം. അവിടെ സർക്കാർ ചെലവിൽ കുംഭമേളയാകാമെങ്കിൽ ഇവിടെ അയ്യപ്പ സംഗമവുമാവാം എന്നാണ് വാദമെങ്കിൽ സർക്കാർ ചെലവിൽ അതു സാധ്യമല്ല എന്നു തന്നെ മറുപടി പറയേണ്ടതുണ്ട്.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആഗോള അയ്യപ്പ സംഗമം എന്ന പേരിൽ ഒരു പരിപാടി നടത്താൻ അവകാശമുണ്ടോ എന്നു ചോദിച്ചാൽ തീർച്ചയായുമുണ്ട് എന്നുതന്നെയാണുത്തരം. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസുകളും അതിൽ വാദം കേൾക്കുന്ന സമയത്ത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ അവധിക്കാല ബഞ്ചും തുടർന്ന് ദേവസ്വം ബഞ്ചും ചോദിച്ചതായി മാധ്യമങ്ങൾ പറയുന്ന വിമർശനസ്വഭാവമുള്ള ചോദ്യങ്ങളും സമൂഹത്തിനു മുന്നിലുണ്ട്. അവയൊന്നും ദേവസ്വം ബോർഡിന് പ്രസ്തുത പരിപാടി നടത്താന്നുള്ള അവകാശത്തെ റദ്ദാക്കാൻ പര്യാപ്തമായിരുന്നില്ല എന്നതാണ് വസ്തുത.

കേരള സർക്കാരും ദേവസ്വം ബോർഡും അയ്യപ്പ സംഗമവുമായി മുന്നിട്ടിറിങ്ങിയിരിക്കുന്നത്, സവർണ ഹിന്ദു യാഥാസ്ഥിതിക ശക്തികൾക്കു മുന്നിൽ സർക്കാർ കീഴടങ്ങിയിരിക്കുന്നു എന്ന തോന്നലുണ്ടാക്കാൻ മാത്രമാണ് ഉപകരിക്കുക.

അതേസമയം കേരള സർക്കാരും ദേവസ്വം ബോർഡും അയ്യപ്പ സംഗമവുമായി മുന്നിട്ടിറിങ്ങിയിരിക്കുന്നത് ഒട്ടുമേ പുരോഗമനപരമായ സന്ദേശമല്ല നൽകുന്നത്. മറിച്ച് സവർണ ഹിന്ദു യാഥാസ്ഥിതിക ശക്തികൾക്കു മുന്നിൽ സർക്കാർ കീഴടങ്ങിയിരിക്കുന്നു എന്ന തോന്നലുണ്ടാക്കാൻ മാത്രമാണ് ഇതുപകരിക്കുന്നത്. അങ്ങനെ കീഴടങ്ങേണ്ട യാതൊരു കാര്യവും പിണറായി വിജയൻ ഗവൺമെൻ്റിനില്ല. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സധൈര്യം മുന്നോട്ടുപോയ അഭിമാനകരമായ നാളുകളിൽ നിന്ന് സംഘപരിവാർ സേനകളെ ഭയന്ന് അവരുടെ എടപ്പാളോട്ടം പുനരാവിഷ്ക്കരിക്കേണ്ട ഗതികേട് എന്തായാലും ഇടതുപക്ഷത്തിനോ സർക്കാരിനോ ഇല്ല. വരുന്ന തെരഞ്ഞെടുപ്പുകളിൽ ഏതു വിധേനയും കുറച്ച് സവർണ ഹിന്ദുവോട്ടുകൾ സമാഹരിക്കുയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ, രണ്ടരയേക്കർ ഭൂമിയുള്ള സവർണരെപ്പോലും ദരിദ്രരായി പ്രഖ്യാപിച്ച് 10% വീതം സംവരണം ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും നൽകിയിട്ടും ലഭിക്കാത്ത സവർണ വോട്ടൊന്നും അയ്യപ്പ സംഗമമെന്ന പേരിൽ വിളിച്ചുവരുത്തി പഴയിടം സദ്യ നൽകിയാൽ കിട്ടാനും പോകുന്നില്ല.

തങ്ങൾ സ്വീകരിച്ചുവന്ന നവോത്ഥാനപരമായ നിലപാട് തുടരുന്നുവെങ്കിൽ അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി സർക്കാരിനും ദേവസ്വം ബോർഡിനും അയ്യപ്പ സംഗമവേദിയെ മാറ്റാവുന്നതേയുള്ളൂ.
തങ്ങൾ സ്വീകരിച്ചുവന്ന നവോത്ഥാനപരമായ നിലപാട് തുടരുന്നുവെങ്കിൽ അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി സർക്കാരിനും ദേവസ്വം ബോർഡിനും അയ്യപ്പ സംഗമവേദിയെ മാറ്റാവുന്നതേയുള്ളൂ.

തങ്ങളിൽനിന്ന് അകന്നുപോയ ‘ഹിന്ദുക്കളെ’ തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വിമർശകർ പറയുന്നുണ്ട്. 2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പുഫലമാണ് ഈ അകൽച്ചയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശബരിമലയിൽ സവർണ ഹിന്ദു സംഘം നടത്തിയ ആർത്തവലഹളക്കുശേഷമുണ്ടായ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തൊൻപതു സീറ്റിലും ഇടതുപക്ഷം പരാജയപ്പെട്ടു എന്ന കഥ പൊലിപ്പിച്ചുപറഞ്ഞ് പേടിപ്പിക്കാൻ നോക്കുന്നവരുടെ കെണിയിൽ വീഴേണ്ട സാഹചര്യം ഇടതുപക്ഷ അണികൾക്കോ നേതൃത്വത്തിനോ ഇല്ല. ശബരിമല ആർത്തവഹളക്കു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി തുടർഭരണം നടത്തുന്ന സർക്കാരാണ് പിണറായി വിജയന്റേത് എന്ന ഒരൊറ്റക്കാര്യം മതി, കേരളത്തിലെ പൊതുമനഃസ്സാക്ഷി ആർക്കൊപ്പമായിരുന്നു എന്നറിയാൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഇരുപതു സീറ്റിലും പരാജയപ്പെട്ട കാലം പോലും മുമ്പുണ്ടായിട്ടുണ്ട് എന്നിരിക്കേ, 2019- ലെ പരാജയത്തെ മാത്രം മുന്നിൽനിർത്തി "ശബരിമല പ്രക്ഷോഭത്തോടെ ഹിന്ദുക്കളുടെ പിന്തുണ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു" എന്നു പ്രചരിപ്പിക്കുന്നവർ ഇടതുപക്ഷത്തിനകത്തോ പുറത്തോ ഉണ്ടെങ്കിൽ, അവരെല്ലാം സവർണ്ണ ഒലിഗാർക്കിയുടെ പ്രൊപ്പഗാന്റ പ്രചാരകർ മാത്രമാണ് എന്നു തിരിച്ചറിഞ്ഞ്, അവരെ അവഗണിക്കുയോ കൃത്യമായ മറുപടി നൽകി നിശ്ശബ്ദരാക്കുകയോ ആണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. അതിനു പകരം ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ പിന്തുണച്ചത് തെറ്റായിപ്പോയി എന്ന് സർക്കാർ ഇപ്പോൾ വിലയിരുത്തുന്നു എന്ന് വ്യാഖ്യാനിക്കാനിടവരുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നത് ഒരേസമയം എതിരാളികൾക്ക് ആയുധം നൽകലും സ്വന്തം അണികളെ നിരാശരാക്കലുമാണ്. സർവോപരി ധീരമായ രാഷ്ട്രീയ നിലപാടിൽനിന്നുള്ള പിൻനടത്തമാണ്.

എന്തുതന്നെയായാലും, ദേവസ്വം ബോർഡ് ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്കു മുൻപിൽ എന്തു പദ്ധതിയാണ് അവതരിപ്പിക്കുന്നത് എന്നതിനനുസരിച്ചിരിക്കും അയ്യപ്പ സംഗമത്തിൻ്റെ ഫലം. തങ്ങൾ സ്വീകരിച്ചുവന്ന നവോത്ഥാനപരമായ നിലപാട് തുടരുന്നുവെങ്കിൽ അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി സർക്കാരിനും ദേവസ്വം ബോർഡിനും അയ്യപ്പ സംഗമവേദിയെ മാറ്റാവുന്നതേയുള്ളൂ.

ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലമല്ല, ശബരിമല മേൽശാന്തി നിയമനക്കേസിൽ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലമാണ് തിരുത്തപ്പെടേണ്ടത്.

ശബരിമലയുടെ ഭാവിവികസനത്തിനുതകുന്ന പദ്ധതികൾ സംഗമത്തിൽ ചർച്ച ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3000 അയ്യപ്പഭക്തർ സംഗമത്തിൽ പങ്കെടുക്കും. നടപ്പാക്കുന്നതും നടപ്പാക്കാനുദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ സംഗമത്തിനെത്തുന്ന ഭക്തരുടെ മുന്നിൽ അവതരിപ്പിച്ച്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ശബരിമലയിലെത്തുമ്പോൾ ഇപ്പോഴുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുവാനും ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും അവസരം നൽകും. ശബരിമല മാസ്റ്റർ പ്ളാൻ സംബന്ധിച്ചും ചർച്ച നടക്കും എന്നെല്ലാം അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ദേവസ്വം മന്ത്രി വാഗ്ദാനം ചെയ്ത ക്രിയാത്മക ചർച്ചക്കുള്ള അവസരത്തിൽ ഇടപെടാൻ സർക്കാർ ക്ഷണം സ്വീകരിച്ച് എത്തിച്ചേരുന്നവരിലെ പുരോഗമന വീഷണമുള്ള പ്രതിനിധികൾക്ക് സാധിച്ചാൽ ചിത്രം മറ്റൊന്നാകും. അയ്യപ്പ സംഗമത്തിൻ്റെ അകത്ത് സജീവമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമായി ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. മലയാളബ്രാഹ്മണരുടെയും കണ്ഠരര് കുടുംബത്തിൻ്റെയും പന്തളം കുടുംബത്തിൻ്റെയും പ്രത്യേക അവകാശങ്ങൾക്ക് പാരമ്പര്യത്തിൻ്റെ പേരിൽ സംരക്ഷണം നൽകുന്ന പതിവ് അവസാനിപ്പിക്കാനുള്ള ചർച്ചകളുണ്ടാവണം. അതിനാവുന്നില്ല എങ്കിൽ അതേ പാരമ്പര്യാവകാശം മല അരയ സമുദായത്തിനും ഈഴവ സമുദായത്തിൽപ്പെട്ട ചീരപ്പൻചിറക്കാർക്കും തിരിച്ചു നൽകാൻ അയ്യപ്പസംഗമം ശുപാർശ ചെയ്യണം.

ഇന്ന് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഏറ്റവും ജനത്തിരക്കേറിയ പരിപാടി മകരവിളക്കാണ്. ‘മകരജ്യോതി’യുടെ അത്ഭുത കഥയെല്ലാം ദേവസ്വം ബോർഡും തന്ത്രിമാരുമെല്ലാം ഏതാണ്ട് വിഴുങ്ങിയമട്ടാണ്. ചെറിയൊരു കൂട്ടം യുക്തിവാദികൾ നിരവധി വർഷങ്ങൾ പരിശ്രമിച്ചതിൻ്റെ ഫലമായി മകരവിളക്ക് സ്വയം തെളിയുന്നതല്ല, കത്തിക്കുന്നതാണ് എന്ന സത്യം പരസ്യമായി സമ്മതിക്കാർ അധികൃതർ നിർബന്ധിതരായി. എങ്കിലുമതൊന്നും ജനപ്രവാഹത്തെ ബാധിക്കുന്നതേയില്ല. മുൻകാലങ്ങളിൽ മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിൽ വിളക്കു തെളിയിച്ചിരുന്നത് തങ്ങളുടെ പൂർവികരായിരുന്നുവെന്ന് മല അരയ സമുദായത്തിൽപ്പെട്ടവർ അവകാശപ്പെടുന്നു. ഇക്കാര്യം ഇന്നോളം ദേവസ്വം ബോർഡോ തന്ത്രിമാരോ നിഷേധിച്ചിട്ടില്ല, അവരെ പുറത്താക്കി ഈ ‘ആചാരം’ പിടിച്ചെടുത്തതിന് ഒരു ന്യായീകരണവും ഇന്നോളം പറഞ്ഞിട്ടുമില്ല. ശബരിമല മേൽശാന്തിപദവിക്കുള്ള മലയാളബ്രാഹ്മണരുടെ ജന്മാവകാശം വകവച്ചു കൊടുക്കുന്ന ദേവസ്വം ബോർഡ് മകരവിളക്ക് കത്തിക്കാനുളള മല അരയരുടെ ജന്മാവകാശം അ യ്യപ്പ സംഗമവേദിയിൽ വച്ച് തിരിച്ചുകൊടുക്കാൻ തയ്യാറാകുമോ?

ചെറിയൊരു കൂട്ടം യുക്തിവാദികൾ നിരവധി വർഷങ്ങൾ പരിശ്രമിച്ചതിൻ്റെ ഫലമായി മകരവിളക്ക് സ്വയം തെളിയുന്നതല്ല, കത്തിക്കുന്നതാണ് എന്ന സത്യം പരസ്യമായി സമ്മതിക്കാർ അധികൃതർ നിർബന്ധിതരായി. എങ്കിലുമതൊന്നും ജനപ്രവാഹത്തെ ബാധിക്കുന്നതേയില്ല.
ചെറിയൊരു കൂട്ടം യുക്തിവാദികൾ നിരവധി വർഷങ്ങൾ പരിശ്രമിച്ചതിൻ്റെ ഫലമായി മകരവിളക്ക് സ്വയം തെളിയുന്നതല്ല, കത്തിക്കുന്നതാണ് എന്ന സത്യം പരസ്യമായി സമ്മതിക്കാർ അധികൃതർ നിർബന്ധിതരായി. എങ്കിലുമതൊന്നും ജനപ്രവാഹത്തെ ബാധിക്കുന്നതേയില്ല.

ഐക്യകേരളം നിലവിൽ വന്ന ശേഷം എത്രയെത്ര പുതിയ ആചാരങ്ങളാണ് ശബരിമലയിൽ ഉണ്ടായി വന്നത്. മേൽശാന്തി എന്ന പദവി തന്നെ താരതമ്യേന പുതിയതാണ്. മേൽശാന്തി പുറപ്പെടാശാന്തിയായിരിക്കണം എന്ന ആചാരത്തിന് അതിനേക്കാൾ കുറവ് പഴക്കമേയുള്ളൂ. മേൽശാന്തിമാരെ നറുക്കിട്ടെടുക്കുന്ന ‘ആചാരം’ ആരംഭിച്ചിട്ടും അധികം കാലമായിട്ടില്ല. പക്ഷേ മേൽശാന്തിയെ നറുക്കിട്ടെടുക്കാനുള്ള അവകാശം ‘ആചാരപ്രകാരം’ പന്തളം രാജകുടുംബത്തിലെ കുട്ടികൾക്കാണത്രേ! കവനൻ്റ് നിലവിൽ വരുന്നതിനും ഒന്നര നൂറ്റാണ്ടു മുൻപേ ഇല്ലാതായിപ്പോയ ഒരു പഞ്ചായത്ത് വലിപ്പമുള്ള ‘സാമ്രാജ്യ’ത്തിൻ്റെ പേരിലാണ് ഇപ്പോഴും ഇതെല്ലാം അനുവദിച്ചുകൊടുക്കുന്നത് എന്നോർക്കണം. നടയടച്ച ശേഷം താക്കോൽ കൈവശം വക്കാനും മറ്റുമുള്ള നൂറു നൂറ്റ് പുതിയ ആചാരങ്ങൾ ഇവർക്കിപ്പോഴുണ്ട്. ചിത്തിര ആട്ടവിശേഷവുമായും തങ്കഅങ്കി ഘോഷയാത്രയുമെല്ലാം തട്ടിച്ചു നോക്കുമ്പോൾ അതിനേക്കാൾ എത്രയോ പഴയ ആചാരമാണ് ശബരിമല ക്ഷേത്രത്തിലെ വെടിവഴിപാട്.
ശബരിമലയിലെ വെടിവഴിപാടവകാശവും മാളികപ്പുറത്തെ നെയ്‍വിളക്ക് അവകാശവും ആലപ്പുഴയിലെ ഈഴവ കുടുംബമായ ചീരപ്പൻചിറ തറവാട്ടുകാർക്ക് ആചാരപരമായി അവകാശപ്പെട്ടതായിരുന്നു. സുപ്രീംകോടതിവരെ കേസ് നടത്തിയാണ് ദേവസ്വം ബോർഡ് അവരുടെ അവകാശം കൈപ്പിടിയിലാക്കിയത്. അതേ ദേവസ്വം ബോർഡാണ് രാജകുടുംബങ്ങൾക്കായി നിരവധി പുതിയ ആചാരങ്ങൾ ആരംഭിച്ചതും ബ്രാഹ്മണർ പ്രത്യേക ക്ലാസാണെന്ന് നിലപാടെടുത്തതും. ഒന്നുകിൽ ഈ പുതിയ ആചാരങ്ങൾ നിർത്തലാക്കി ക്ഷേത്രം ജനാധിപത്യവൽക്കരിക്കണം. അതല്ലെങ്കിൽ ചീരപ്പൻചിറക്കാരുടെ വെടിവഴിപാടും നെയ് വിളക്കും തിരിച്ചുനൽകണം. അതിനു സാധിക്കുന്നില്ലായെങ്കിൽ ആഗോള അയ്യപ്പസംഗമം ഒരു ബ്രാഹ്മണ ശൂദ്രസേവായോഗമാണെന്ന് പറയേണ്ടിവരും.

ഇത്തരം ആവശ്യങ്ങളുന്നയിക്കാൻ ഇതിനകം അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചിട്ടുള്ള പിന്നാക്ക സമുദായ സംഘടനകൾക്കും അവയുടെ നേതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. അത് നടപ്പാക്കാൻ ദേവസ്വം ബോർഡും സർക്കാരും തയ്യാറാവുയും വേണം.

ഒന്നുകിൽ പുതിയ ആചാരങ്ങൾ നിർത്തലാക്കി ശബരിമല ക്ഷേത്രം ജനാധിപത്യവൽക്കരിക്കണം. അതല്ലെങ്കിൽ ചീരപ്പൻചിറക്കാരുടെ വെടിവഴിപാടും നെയ് വിളക്കും തിരിച്ചുനൽകണം. അതിനു സാധിക്കുന്നില്ലായെങ്കിൽ ആഗോള അയ്യപ്പസംഗമം ഒരു ബ്രാഹ്മണ ശൂദ്രസേവായോഗമാണെന്ന് പറയേണ്ടിവരും.

തിരുത്തേണ്ടത് ഏത് സത്യവാങ്മൂലം?

ശബരിമലയിലെ സ്ത്രീപ്രവേശനവിഷയമുന്നയിച്ച് 2006-ലാണ് യങ് ഇന്ത്യൻ ലോയേഴ്സ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. സ്ത്രീപ്രവേശനം വിലക്കുന്നതിന് ചരിത്രപരമോ മതപരമോ ആയ യാതൊരു സാധൂകരണവും നൽകാൻ ഈ ഹർജിയെ എതിർത്തവർക്കായില്ല. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് 2007-ൽ തന്നെ വി.എസ്. അച്യുതാനന്ദൻ ഗവൺമെൻ്റ് സത്യവാങ്ങ്മൂലം നൽകിയിരുന്നു. 2016- ൽ ഉമ്മൻ ചാണ്ടി സർക്കാർ ഈ സത്യവാങ്ങ്മൂലം പിൻവലിക്കുകയാണെന്ന് സുപ്രീംകോടതി മുൻപാകെ നിലപാടെടുത്തു. ഇത് കോടതിയുടെ വാക്കാലുള്ള വിമർശനത്തിനും കാരണമായതായി അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിണറായി വിജയൻ ഗവൺമെൻ്റും വി. എസ്. സർക്കാരിൻ്റെ നിലപാട് പിൻതുടരുകയാണുണ്ടായത്.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് 2018 സെപ്തംബർ 28- ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ച് വിധി പറഞ്ഞു. ഈ വിധി ഇപ്പോഴും സാധുവായി നിലനിൽക്കുന്നുണ്ട്. അതിനെ മറികടക്കണമെങ്കിൽ പ്രഖ്യാപിക്കപ്പെട്ട ഒൻപതംഗ ഭരണഘടനാബഞ്ച് കേസ് കേട്ട് വിധി പറയണം. ഈ നിമിഷംവരെ അത്തരമൊരു ബഞ്ച് രൂപീകരിക്കപ്പെട്ടിട്ടുപോലുമില്ല.

അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഇപ്പോൾ സുപ്രീംകോടതിയിൽ വാദം നടക്കുന്നുണ്ട്. ശബരിമല മേൽശാന്തി നിയമനത്തിൽ നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അവർണ സമുദായത്തിൽപ്പെട്ട സി.വി. വിഷ്ണുനാരായണൻ, സിജിത്ത് ടി.എൽ, വിജീഷ് രവി തുടങ്ങിയ ശാന്തിക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെത്തുടർന്നുള്ള അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് ജാതിവിവേചനത്തിനെ പിൻതുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മലയാള ബ്രാഹ്മണർ എന്നത് പ്രത്യേക ക്ലാസ് ആണെന്ന നിലപാടുവരെ അവർ സ്വീകരിച്ചു. ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലമല്ല, ശബരിമല മേൽശാന്തി നിയമനക്കേസിൽ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലമാണ് തിരുത്തപ്പെടേണ്ടത്.

ആഗോള അയ്യപ്പസംഗമത്തിനു മുൻപായി സർക്കാർ സ്ത്രീ പ്രവേശന വിഷയത്തിൽ നൽകിയ സത്യവാങ്മൂലം തിരുത്തുമോ എന്നാണ് പ്രതിപക്ഷ നേതാവ് വരെ ഇപ്പോൾ ചോദിക്കുന്നത്. സംഗമത്തെ അനുകൂലിക്കുന്ന ഭരണപക്ഷമോ എതിർക്കുന്ന പ്രതിപക്ഷമോ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച സമുദായ സംഘടനകളോ എതിർസംഗമം നടത്താനൊരുങ്ങുന്ന ഹിന്ദുത്വവാദികളോ, ആരും തന്നെ, ശബരിമലയിലെ പൗരോഹിത്യവിഷയിത്തിൽ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നാവശ്യപ്പെടുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം ഇനിയും ബഞ്ചു പോലും രൂപീകരിക്കാത്ത കേസിൽ സർക്കാർ സത്യവാങ്മൂലം തിരുത്തിനൽകണം എന്ന കാര്യത്തിൽ ഏതാണ്ടെല്ലാവരുമിപ്പോൾ ഒറ്റക്കെട്ടാണെന്നു ചുരുക്കം. ഭരണഘടനാ ധാർമ്മിത ഉയർത്തിപ്പിടിച്ച് സർക്കാർ എടുത്ത ഉജ്ജ്വലമായൊരു തീരുമാനത്തിൽനിന്ന് പിന്നോട്ടു പോകാൻ സർക്കാരിനെ വെല്ലുവിളിക്കുന്നത് ഭരണഘടന സംരക്ഷിക്കാനായി ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന ദേശീയ നേതാവിൻ്റെ കക്ഷിക്കാരാണ് എന്നതാണ് ദുരന്തപൂർണമായ വൈരുദ്ധ്യങ്ങളിലൊന്ന്. മറ്റൊന്ന്, സ്ത്രീകളുടെ തുല്യാവകാശത്തിന് പ്രതിരോധം തീർത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കണ്ണി മുറിയാത്ത വനിതാമതിൽ തീർത്ത സർക്കാർ തന്നെ അതിൻ്റെ എതിർദിശയിലേക്കു സഞ്ചരിക്കുന്ന ദൃശ്യമാണ്.

സ്ത്രീകളുടെ തുല്യാവകാശത്തിന് പ്രതിരോധം തീർത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കണ്ണി മുറിയാത്ത വനിതാമതിൽ തീർത്ത സർക്കാർ തന്നെ അതിൻ്റെ എതിർദിശയിലേക്കു സഞ്ചരിക്കുകയാണ്.
സ്ത്രീകളുടെ തുല്യാവകാശത്തിന് പ്രതിരോധം തീർത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കണ്ണി മുറിയാത്ത വനിതാമതിൽ തീർത്ത സർക്കാർ തന്നെ അതിൻ്റെ എതിർദിശയിലേക്കു സഞ്ചരിക്കുകയാണ്.

"ഉയരുയരുയരോ...
ഉണരുണരുണരോ...
ഉയരുയരുയരോ
വനിതാ മതിലിവിടുയരുയരുയരോ
ഉണരുണരുണരോ
വനിതാ സമത്വനിനവിവിടുണരുണരോ
സാമൂഹ്യ നവോത്ഥാനക്കതിരുണരുണരുണരോ
ആരോ പണ്ടുപറഞ്ഞു സ്ത്രീകൾ അബലകളെന്ന്,
ആചാരങ്ങൾ പറഞ്ഞു സ്ത്രീകൾ അശുദ്ധരെന്ന്…ഞങ്ങൾ അബലകളല്ല, ഞങ്ങൾ അശുദ്ധരല്ല"
എന്ന് പ്രഭാവർമ്മ എഴുതിയ ശീർഷകഗാനം വനിതാ മതിലിൻ്റെ സംഘാടകരെങ്കിലും ഇനിയും മറന്നുകാണില്ല. ആദ്യ കണ്ണിയായ കെ.കെ. ശൈലജയിൽ തുടങ്ങി 620 കിലോമീറ്റർ ദൂരത്തിൽ 50 ലക്ഷം സ്ത്രീകൾ അണിനിരന്ന് അയ്യൻകാളി പ്രതിമയുടെ മുന്നിൽ അവസാനിച്ച വനിതാ മതിലിൻ്റെ ആവേശകരമായ കാഴ്ച ഇന്നും കേരളത്തിൻ്റെ കൺമുന്നിൽ മായാതെയുണ്ട്. ‘‘ആചാരങ്ങൾ പറഞ്ഞു
സ്ത്രീകൾ അശുദ്ധരെന്ന്’’ എന്ന വരി ആരെയുദ്ദേശിച്ചാണോ കവിയെഴുതിയത്, അവരെ വിളിച്ചുവരുത്തി വിരുന്നൂട്ടാനുള്ള വേദിയായി അയ്യപ്പ സംഗമം മാറുമെന്ന് ഏതാണ്ടുറപ്പാണ്. ആർത്തവ ലഹളക്കും നാമജപസമരത്തിനും ചാടിയിറങ്ങിയ കുലപുരുഷമാർക്കും സ്ത്രീകൾക്കുമെതിരെ അന്നെടുത്ത കേസുകളിൽ നല്ലൊരു പങ്കും ഇതിനകം പിൻവലിക്കപ്പെട്ടു കഴിഞ്ഞു. അയ്യപ്പ സംഗമം കൊണ്ടെന്തുനേടി എന്ന ചോദ്യത്തിന് ആർത്തവഹളക്കാലത്ത് ക്രിമിനൽ കുറ്റകൃത്യങ്ങളിലേർപ്പെട്ട ഹിന്ദുത്വ തീവ്രവാദികളുടെ പേരിൽ സർക്കാർ എടുത്ത കേസുകൾ പിൻവലിച്ചു എന്ന ഉത്തരം മാത്രമാണ് ഭാവിയിൽ ലഭിക്കുന്നതെങ്കിൽ അതിനുവേണ്ടി ഇത്രയും ധനവും ദിവസങ്ങളും പാഴാക്കിക്കളയേണ്ടതില്ല. ജോഷി എടച്ചേരി എഴുതി പുഷ്പവതി പാടിയ ‘എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം’ എന്ന പാട്ട് കേരളം കേട്ടത് വനിതാമതിൽ സംഘടിപ്പിച്ച കാലത്താണ്. കേരളം തകർത്ത അവസാനത്തെ മതിൽ വനിതാമതിലാണ് എന്ന് പരിഹസിക്കപ്പെടുന്ന സ്ഥിതി വരാതിരിക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്കാരെങ്കിലും ശ്രദ്ധിക്കണം. വനിതാമതിലിൻ്റെ കല്ലുകൊണ്ട് ആർത്തവലഹളക്കാർക്ക് മണിമാളിക പണിയരുത്.

Comments