പട്ടികജാതി പട്ടികവർഗ്ഗ വിഷയങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2023 ലെ ഡോ. ബി.ആർ അംബേദ്ക്കർ മാധ്യമ അവാർഡ് ട്രൂകോപ്പി തിങ്കിന്.
തിങ്ക് നിർമിച്ച് ഷഫീക്ക് താമരശ്ശേരി സംവിധാനം ചെയ്ത ‘തൊഗാരി’ എന്ന ഡോക്യുമെന്ററിയാണ് ദൃശ്യമാധ്യമ വിഭാഗത്തിൽ അവാർഡിന് അർഹമായത്.
ജനുവരി 10 ന് വൈകീട്ട് 3.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ 30,000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും അടങ്ങുന്ന പുരസ്കാരം വിതരണം ചെയ്യും.
വടക്കഞ്ചേരി ജി.എം.ആർ.എസിലെ കുട്ടികൾക്കിടയിലേക്ക് പ്രിയ എന്ന ചിത്രകലാധ്യാപിക എത്തുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ ചിത്രകലയിലൂടെ വളർച്ചയുടെ പുതുവഴികൾ തേടുന്നതും, സങ്കീർണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് അവർ നേടുന്ന വിജയങ്ങളുമാണ് പ്രമേയം. ആദിവാസി മേഖലയിലെ കുട്ടികൾ നേരിടുന്ന ജീവിത വെല്ലുവിളികൾ, അവരുടെ കാഴ്ചകൾ, കാഴ്ചപ്പാടുകൾ എന്നിവയും ഈ ഡോക്യുമെന്ററി പ്രമേയമാക്കുന്നുണ്ട്.
ദൃശ്യ മാധ്യമ വിഭാഗത്തിൽ വയനാട് വിഷനിൽ വി.കെ രഘുനാഥ് തയ്യാറാക്കിയ "ഒരു റാവുളന്റെ ജീവിത പുസ്തകം" പ്രത്യേക പരാമർശത്തിന് അർഹമായി.
അച്ചടി മാധ്യമ വിഭാഗത്തിൽ "അറിയപ്പെടാത്തൊരു വംശഹത്യ" എന്ന ലേഖന പരമ്പര തയ്യാറാക്കിയ മാതൃഭൂമി വയനാട് സ്റ്റാഫ് കറസ്പോണ്ടന്റ് നീനു മോഹനാണ് അവാർഡ്. മംഗളം സീനിയർ റിപ്പോർട്ടർ വി.പി. നിസാർ തയ്യാറാക്കിയ "ചോലനായിക ശോകനായിക" പരമ്പര ജൂറിയുടെ പ്രത്യേക പരാമർശനത്തിന് അർഹമായി.
ശ്രവ്യ വിഭാഗത്തിൽ കമ്മ്യൂണിറ്റി റേഡിയോയിൽ പൂർണ്ണിമ കെ. തയ്യാറാക്കിയ "തുടിച്ചെത്തം ഊരുവെട്ടം" അവാർഡ് നേടി.
പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ് ചെയർമാനും, കെ.പി. രവീന്ദ്രനാഥ്, സരസ്വതി നാഗരാജൻ, പ്രിയ രവീന്ദ്രൻ, രാജേഷ് കെ. എരുമേലി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്. അച്ചടി വിഭാഗത്തിൽ 17- ഉം ദൃശ്യ വിഭാഗത്തിൽ 15-ഉം ശ്രവ്യ വിഭാഗത്തിൽ 2- ഉം എൻട്രികളാണ് ജഡ്ജിംഗ് കമ്മിറ്റിയുടെ പരിഗണനയിൽ എത്തിയത്.