2020 ജനവരി 30ന് ഉച്ചയോടടുത്ത് മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനം വിളിച്ചപ്പോൾ മാധ്യമപ്രവർത്തകർ അസാധാരണമായി ഒന്നും സങ്കൽപ്പിച്ചിരുന്നില്ല. ശാന്തമായിട്ടാണ് ടീച്ചർ ആ പദങ്ങൾ ഉച്ചരിച്ചത്... ആ സാംപിളുകളിലൊന്ന് പോസിറ്റീവായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഇന്ത്യയിലെ ആദ്യ നോവൽ കൊറോണ വൈറസ് കേസായിരുന്നു അത്. മലയാളത്തിൽ കൊറോണയെകുറിച്ച് ആദ്യ ലേഖനം വന്നിട്ട് ഒരാഴ്ച പോലും തികഞ്ഞിരുന്നുമില്ല.
ആറര മാസത്തിനിപ്പുറം ലോകമെമ്പാടും രണ്ടേകാൽ കോടിയോളം പേരെ ബാധിക്കുകയും എട്ടു ലക്ഷത്തിനടുത്ത് മനഷ്യരെ കൊന്നൊടുക്കുകയും ചെയ്തുകഴിഞ്ഞു കൊറോണ. ഇന്ത്യയിലാവട്ടെ ആ വൈറസ് ഇരുപത്തിമൂന്നു ലക്ഷം പേരിൽ പടരുകയും 53,000ലധികം പേരെ ഓർമ മാത്രമാക്കുകയും ചെയ്തു.
അഭിമാന കേരളം
മികച്ച പ്രകടനമാണ് കൊറോണയെ ചെറുക്കുന്നതിൽ കേരളം കാഴ്ചവെച്ചത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈദ്യവിദ്യാർത്ഥിനിക്ക് പിന്നാലെ മറ്റു രണ്ടു കേസുകൂടി സ്ഥിരീകരിച്ചെങ്കിലും അടുത്ത ബന്ധുക്കൾക്ക് പോലും പകരാനിടയാക്കാതെ രോഗം നിയന്ത്രിക്കാനായത് നിപ്പ അനുഭവത്തിന്റെ വൈകിയെത്തിയ മധുരഫലങ്ങളായിരുന്നു. മാർച്ച് എട്ടിന് ഇറ്റാലിയൻ കണക്ഷനിൽ കൊറോണ വീണ്ടും ഗറില്ലാ ആക്രമണം നടത്തി. പത്തനംതിട്ടയിലെ മൂന്നുപേരിൽ കൊറോണ റിപ്പോർട്ട് ചെയ്തപ്പോഴും അവരുടെ സമ്പർക്കം തെരഞ്ഞുപിടിച്ച്, ചികിത്സിച്ച് സുഖപ്പെടുത്തിയപ്പോഴും കേരളത്തിന്റെ അഭിമാന പതാക ഉയർന്നു തന്നെ പറന്നു. പക്ഷേ തുടർന്ന് അവിടെയുമിവിടെയുമൊക്കെ കേസുകൾ പ്രത്യക്ഷ്യപ്പെടാൻ തുടങ്ങി. ദേശീയ ലോക്ക്ഡൗണിന്റെ തൊട്ടുമുമ്പത്തെ ദിവസം 105 കേസായിരുന്നു കേരളത്തിൽ മൊത്തം. മെയ് ഏഴിന്, പ്രവാസികൾ വന്നുതുടങ്ങുന്നതിനുമുമ്പ്, 504 കേസും. കൃത്യം ആറു മാസം കഴിഞ്ഞപ്പോൾ, ആഗസ്റ്റ് മൂന്നാമത്തെ ആഴ്ചയിൽ, 19ന്, കേസുകളുടെ എണ്ണം ആദ്യമായി ഒരു ദിവസത്തിൽ മാത്രം 2000 കടന്നു. ആകെ കേസുകളുടെ എണ്ണം 52000നടുത്തും. മരണ സംഖ്യ 182. മാർച്ച് 28 നായിരുന്നു കേരളത്തിലെ ആദ്യ കോവിഡ് മരണം- പത്തു ദിവസം മുമ്പ് ദുബായിൽ നിന്നെത്തിയ 69 കാരനായ ഫോർട്ട് കൊച്ചിക്കാരൻ.
ഫെബ്രുവരി 18ന് ശൈലജ ടീച്ചർ മറ്റൊരു വാർത്താസമ്മേളനം നടത്തിയിരുന്നു. വലിയ ആത്മവിശ്വാസത്തോടെ സത്യസന്ധമായി സ്വയം വിശ്വസിച്ചുകൊണ്ട് അവർ പറഞ്ഞു: മാർച്ച് ആദ്യത്തെ ആഴ്ചയോടെ കേരളത്തിൽ കോവിഡ് രോഗികളുണ്ടാവില്ല. ക്വാറന്റയിനിലുള്ളവർ പുറത്തുവരാൻ കാത്തിരിക്കുകയാണ്, കേരളം കോവിഡ് ഫ്രീ ആയി പ്രഖ്യാപിക്കാൻ. ആ ആത്മവിശ്വാസം സുഗന്ധം പോലെ കേരളമാകെ പരന്നു. മെയ് ആദ്യ ആഴ്ചയിൽ അടുത്തടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു കേസു പോലും റിപ്പോർട്ട് ചെയ്തില്ല. ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. ബി.ബി.സിയടക്കമുള്ള എണ്ണപ്പെട്ട ചാനലുകളിൽ കേരളമെന്ന അത്ഭുതം ചർച്ചയായി. മഹാരാഷ്ട്രയും ഗുജറാത്തുമൊക്കെ കൊറോണ നിയന്ത്രിക്കുവാൻ കേരളത്തിന്റെ വിദഗ്‌ദോപദേശം തേടി. കേരളം അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ നെറുകയിലായ മുഹൂർത്തം.
ഫെബ്രുവരി 18 ന്റെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്ന് ആഗസ്റ്റ് 13ലെ വാർത്താ സമ്മേളനത്തിലേക്കെത്തുമ്പോൾ, അന്നാണ് മാസ്‌ക് കൊണ്ട് മുഖം മറച്ചിരുന്നുവെങ്കിലും കണ്ണകളിൽ പ്രകടമായ ഉൽക്കണ്ഠയോടെ ഒരു മാസത്തിനകം കേരളത്തിൽ ഒരു ദിവസം ഇരുപതിനായിരം കേസുകൾ വരെ ഉണ്ടാവാനിടയുണ്ടെന്ന് അവർ പറഞ്ഞത്.
വിലയ്ക്കുവാങ്ങിയ തെറ്റുകൾ
കേരളത്തിലെ ഭരണകൂടവും ആരോഗ്യമന്ത്രിയും ഏറ്റവും മികച്ച രീതിയിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനം ആസൂത്രണം ചെയ്തത് എന്നതിന് സംശയമില്ല. ആത്മാർത്ഥമായും സത്യസന്ധമായും പ്രവർത്തിക്കുകയും കോവിഡിനെതിരായ പോരാട്ടത്തിൽ ധീരമായി വഴി കാട്ടുകയും ചെയ്തു. പുതിയ ശാസ്ത്രീയ വിജ്ഞാനങ്ങൾ സ്വാംശീകരിച്ച്, സ്വയം നിരന്തരം നവീകരിച്ച് മലയാളിയെ കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കുതറിത്തെറിപ്പിക്കാൻ അവർ ആത്മാർത്ഥമായി ശ്രമിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുവാനും, കിട്ടാവുന്ന എല്ലായിടത്തുനിന്നും സഹായം ലഭ്യമാക്കുവാനും വിശ്രമമില്ലാതെ പ്രവർത്തിച്ചു. ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ മികച്ച വിജയം നേടി. ആരോഗ്യ സംവിധാനത്തിന്റെ മുക്കിലും മൂലയിലും അവരുടെ കണ്ണുകളെത്തി. തികച്ചും അഭിനന്ദനാർഹമായ
പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മലയാളികളുടെ വിശ്വാസമാർജ്ജിച്ചു. നിപ്പ നേരിടുന്നതിൽ കാണിച്ച വൈദഗ്ദ്യം ഉച്ചസ്ഥായിയിൽ അവർ കോവിഡ് കാലത്ത് പരീക്ഷിച്ച് വിജയിക്കുകയായിരുന്നു.
പക്ഷേ, നിരന്തരം ആരോഗ്യ സംവിധാനത്തേയും ആസൂത്രകരേയും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ നേരിടുമ്പോൾ തെറ്റ് പറ്റാനിടയുണ്ടെന്നും, അത് തിരുത്തി മുന്നോട്ടു പോവണമെന്നും സ്വയം ഓർമിപ്പിക്കുവാൻ വൈകിപ്പോവുന്നത് ആത്മഹത്യാപരമാണെന്നത് പൊതുജനാരോഗ്യ രംഗത്തെ പുതിയ കാഴ്ചപ്പാടല്ല. സൈബീരിയൻ തണുപ്പിനെ ചെറുത്തുതോൽപ്പിക്കാമെന്നു കരുതിയ ഹിറ്റ്‌ലർക്ക് വന്ന കണക്കുകൂട്ടലിലെ ചെറിയ പിശകിന് നൽകേണ്ടി വന്ന വില ചരിത്രത്തിലെ വലിയ പാഠങ്ങളിലൊന്നാണ്. വിജയം കൈയെത്തും ദൂരത്ത് നിൽക്കേ ആണിച്ചക്രം ഊരിത്തെറിച്ച് നിസ്സഹായകരാവുന്ന യോദ്ധാക്കൾ ഏതൊരു സംഗര ഭൂമിയിലേയും കരുണാദ്ര കഥാപാത്രങ്ങളാണെന്നത് ഒരിക്കലും മറന്നുകൂടാ.
കേരളം, ഈ അന്തരാളത്തിൽ ഇതൊക്കെയാണോ നമ്മെ ഓർമിപ്പിക്കുന്നത്?
മെയ് ഏഴിന് പ്രവാസികൾ കേരളത്തിലെത്തി തുടങ്ങിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച പ്രകാരം രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്റയിൻ സംവിധാനം തയാറാണെന്നത് വലിയ ആശ്വാസത്തോടെയാണ് നാം കേട്ടത്. അഞ്ചും പത്തും വർഷം കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രവാസികൾ വീടുകളലെത്തിയാൽ, മനുഷ്യ സഹജമായ വൈകാരിക മുഹൂർത്തങ്ങളിൽ സമ്പർക്ക സുരക്ഷാവലയങ്ങൾ ഞ്ഞൊടിയിടയിൽ തകരുമെന്നും രോഗവ്യാപനത്തിന് സാദ്ധ്യതയേറുമെന്നൊക്കെ തിരിച്ചറിയാൻ സത്യത്തിൽ ശാസ്ത്രീയ വിശകലന പാടവം ആവശ്യമില്ല. പക്ഷേ ആദ്യത്തെ കുറച്ചു വിമാനങ്ങൾ നാട്ടിലെത്തിയപ്പോൾ തന്നെ പ്രഖ്യാപിത നിലപാടിൽ നിന്ന് അൽഭുതകരമായി സർക്കാർ പിന്നോട്ടു പോവുന്നതാണ് കണ്ടത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ പോലെ ആരോഗ്യ രംഗത്ത് നിർണ്ണായകമായി പ്രവർത്തിക്കുന്ന സംഘടനകൾ കൃത്യമായി അത്തരമൊരു നിലപാടുണ്ടാക്കിയേക്കാവുന്ന ഗുരുതരാവസ്ഥകളെ കുറിച്ച് സർക്കാറിനെ പലതവണ ഓർമ്മപ്പെടുത്തിയിരുന്നുതാനും. പക്ഷേ ഏതോ ഭൂതാവേശം കൊണ്ടെന്ന പോലെ സർക്കാർ അത്തരം ജാഗ്രതാ സൂചന പരിഗണിക്കാതെ മുന്നോട്ടുപോയി. അവിടെയാണ് സർക്കാരിന് ആദ്യമായി പിഴച്ചത്. അതുവരെ കൃത്യവും ശാസ്ത്രീയവുമായി മുന്നോട്ടുപോയ ആരോഗ്യ സംവിധാനം വലിയൊരു തെറ്റ് വിലയ്ക്കു വാങ്ങുകയായിരുന്നു. അങ്ങനെയാണ് കേരളത്തിൽ സർക്കാരും ജനങ്ങളും ശ്രദ്ധാപൂർവം പണിതുയർത്തിയ പ്രതിരോധ കോട്ടക്ക് ആദ്യമായി വിള്ളൽ വീഴുന്നത്. സമൂഹവ്യാപനത്തിന്റെ ആദ്യ വിത്ത്, നിർഭാഗ്യകരമെന്നു പറയട്ടെ, നാം വിതച്ചു കഴിഞ്ഞിരുന്നു. മെയ് ഏഴിലെ 500 കേസുകൾ കൃത്യം ഇരുപതാം ദിവസം, മെയ് 27 ന്, ആയിരമായി. പിന്നെ ഒരു കുതിച്ചുചാട്ടമായിരുന്നു. ജൂലൈ നാലിന് അയ്യായിരവും, പതിനാറിന് പതിനായിരവും ജൂലൈ ഇരുപത്തിയേഴിന് ഇരുപതിനായിരവും നാം ഞൊടിയിടെ പിന്നിട്ടു. കേരളത്തിൽ ആദ്യമായി ഭീതിയുടെ അലകൾ തൊട്ടറിയാമെന്നായി. മലയാളിയുടെ ആത്മവിശ്വാസത്തിന്റെ ചിരി പതുക്കെ മങ്ങിത്തുടങ്ങി.
സമൂഹവ്യാപനം ഒരു കൃത്യവിലോപമല്ല
അതിനിടെയാണ്, കോവിഡ് പ്രതിരോധത്തിന് കരിനിഴൽ വീഴ്ത്തി പൂന്തുറ സംഭവം- തദ്ദേശവാസികൾ സർക്കാരിനെതിരെ ആദ്യമായി രംഗത്ത് വരുന്ന സംഭവം. അടിസ്ഥാന സൗകര്യം നിഷേധിച്ച് സർക്കാർ ഉത്തരവുകൾ വന്നപ്പോൾ കോവിഡ് മാനദണ്ഡം ലംഘിച്ച് തീരദേശനിവാസികൾ തെരുവിലിറങ്ങി. സമൂഹ സുരക്ഷാ നടപടി പ്രഖ്യാപിച്ചും അടച്ചിടൽ കഴിയുന്നത്ര പിൻവലിച്ചുമാണ് സർക്കാറിന് അവരെ അനുനയിപ്പിക്കാനായത്. തദ്ദേശീയമായി പൂന്തുറയിലാണ് സമൂഹവ്യാപനം പ്രഖ്യാപിക്കാൻ സർക്കാർ ആദ്യമായി നിർബന്ധിക്കപ്പെടുന്നതും. കേരളത്തിൽ സമൂഹവ്യാപനം ഇനിയും പ്രഖ്യാപിക്കാത്തത് ആരോഗ്യ വിദഗ്ദർക്ക് തികഞ്ഞ അത്ഭുതമാണ്. വെറും 60 കേസ് മാത്രമുണ്ടായിരുന്നപ്പോഴാണ്, ഉറവിടമറിയാത്ത ആദ്യത്തെ കേസ് തിരിച്ചറിഞ്ഞ ഉടൻ ഫെബ്രുവരി 26 ന് കാലിഫോർണിയയിൽ ആന്റണി ഫൗസി സമൂഹ വ്യാപനം പ്രഖ്യാപിച്ചത്. ആസ്‌ടേലിയയിലാവട്ടെ, സൗത്ത് കരോലിനയിൽ 41 കാരിക്ക് ഉറവിടമറിയാതെ രോഗലക്ഷണങ്ങളുണ്ടായപ്പോൾ- 33 കേസുകളായിരുന്നു അന്ന് ആകെ ആസ്‌ടേലിയയിൽ- സമൂഹവ്യാപനം പ്രഖ്യാപിക്കാൻ അവർ അറച്ചുനിന്നില്ല. എപ്പിഡമിയോളജി അടിസ്ഥാനമാക്കിയുള്ള സുദൃഢ കാഴ്ചപ്പാടും സയന്റിഫിക് ടെംപർ മുറുകെ പിടിച്ചുള്ള ശാസ്ത്രിയ നിലപാടുകളുമായിരുന്നു അവരുടെ മാർഗദീപം.
ദേശത്തെ രോഗബാധിതരുടെ എണ്ണം- പുറത്തുനിന്നു വരുന്നവരുടേതും കൂട്ടിയല്ല- ഒരാഴ്ച കൊണ്ട് ഇരട്ടിക്കുക/ മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ മുപ്പതു ശതമാനത്തിലധികം കേസുകൾ സമ്പർക്കം മൂലമാവുക എന്നിവയൊക്കെയാണ് സമൂഹവ്യാപന സൂചകങ്ങളായി പ്രായേണ സ്വീകരിച്ചുപോരുന്നത്. ഒറ്റപ്പെട്ട (sporadic) കേസുകളിൽനിന്ന് തദ്ദേശീയ വ്യാപനം (local spread) ഉണ്ടായി, ക്ലസ്റ്റററുകൾ (രോഗബാധിതരുടെ കൂട്ടം ) രൂപപ്പെട്ട്, അവ മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ ആവുന്നതോടെയാണ് സമൂഹവ്യാപനം സംഭവിക്കുന്നത്.
ലോകത്തെമ്പാടും മിക്കവാറും കമ്യൂണിറ്ററി സ്പെഡ് സംഭവിച്ചിട്ടുള്ളത് നിശ്ശബ്ദ വ്യാപനം (Silent spread) വഴിയാണ് എന്നതിനാൽ അങ്ങേയറ്റം ജാഗ്രത ആവശ്യപ്പെടുന്ന സവിശേഷ സന്ദർഭമാണിത്. CDC യും ഹാർവാർഡ് യൂനിവേഴ്സിറ്റിയും ഉറവിടമറിയാത്ത കേസുകളാണ് സമൂഹവ്യാപനത്തിന്റെ പ്രാഥമിക സൂചകങ്ങളായി സ്വീകരിച്ചു പോരുന്നത്.
സാമൂഹിക വ്യാപനം ഏതൊരു പാൻഡെമിക്കിന്റേയും ഒരു ഘട്ടം (stage) മാത്രമാണെന്ന് നാം അസന്നിഗ്ദമായി തിരിച്ചറിയേണ്ടതുണ്ട്. അത് സംഭവിച്ചാൽ ഗുരുതര കൃത്യവിലോപവും സാമൂഹികാരോഗ്യരംഗത്തെ കടുത്ത വീഴ്ചയുമായും പരിഗണിക്കപ്പെട്ടേക്കാമെന്ന ഭീതി അശാസ്ത്രീയമാണെന്ന് നമ്മുടെ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ തിരിച്ചറിയാതെ പോവുന്നത് ഖേദകരമാണ്. സമൂഹവ്യാപനം സംഭവിച്ചില്ലെങ്കിൽ വലിയ മികവാണെന്നും അത് പുറത്തറിഞ്ഞാൽ ഇതുവരെ പടുത്തുയർത്തിയ നേട്ടങ്ങൾക്കൊക്കെ കരിനിഴലാവും എന്നുമൊക്കെയുള്ള മിഥ്യാബോധം കുടഞ്ഞെറിയാൻ സമയം വൈകി. കേരളം പോലെ ലോകം മുഴുവൻ കൊണ്ടാടിയ, വിജയകരമായ കോവിഡ് പ്രതിരോധ രീതികൾ കൊണ്ട് ലോകശ്രദ്ധയാകർഷിച്ച ഒരു പ്രദേശത്തിന് ഈ നിലപാട് കൂടുതൽ ആരാധകരെ സമ്മാനിച്ചേക്കില്ലെന്നു തോന്നുന്നു. ബ്യുബോണിക് പ്ലേഗുകളുടെ നീണ്ടകാല ചരിത്രവും സ്പാനിഷ് ഫ്ളൂവിന്റെ താരതമ്യേന സമീപകാല ചരിത്രവുമൊക്കെ കൃത്യമായി ഇത്തരമൊരു എപ്പിഡമിയോളജിക്കൽ പാറ്റേൺ പിൻപറ്റുന്നുണ്ടെന്നും ഓർമിക്കുക.
ശാസ്ത്രീയത മാത്രം മാനദണ്ഡമാക്കി രോഗവ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ ധീരമായി സമൂഹവ്യാപനം പ്രഖ്യാപിച്ച മുൻനിര രാഷ്ട്രങ്ങളായ ആസ്ട്രേലിയയും അമേരിക്കയും ഈകാര്യത്തിലെങ്കിലും നമുക്ക് അനുകരണീയ മാതൃകയാണ്. നാലുഘട്ടം കടന്ന് എൻഡെമിക് (സ്ഥായിയായ തദ്ദേശീയരോഗം. ഉദാ: ചിക്കുൻഗുനിയ, ഡെങ്കി ) ഘട്ടത്തിലെത്തിയാണ് സാധാരണ ഗതിയിൽ മഹാമാരികൾ ശമിക്കുക. 1918ലെ സ്പാനിഷ് ഫ്ളൂ, അത് എച്ച്.വൺ.എൻ.വൺ (H1N1) ആണെന്ന് തിരിച്ചറിഞ്ഞത് 2005ലാണ്, പാൻഡെമിക്കിന്റെ ഭീകര സ്വഭാവമാർജ്ജിച്ച് അതിവേഗം പടർന്ന്, പതുക്കെ ശമിച്ചടങ്ങി എൻഡെമിക്കായി രൂപാന്തരം കൊണ്ടത് 1921-ലാണ്. അത്തരമൊരു പരിണാമം തന്നെയാണ് കോവിഡിനും രോഗാണു ശാസ്തജ്ഞർ പ്രതീക്ഷിക്കുന്നത്. പാൻഡെമിക്കിന്റെ സ്വാഭാവികമായ ഒരു ഘട്ടത്തെ തമസ്‌കരിക്കാനാവില്ലെന്ന അടിസ്ഥാന സാമാന്യബോധം കൈവിടാതിരിക്കാനുള്ള വിവേകമാണ് കോവിഡ് കാലം നമ്മോട് കൃത്യമായി ആവശ്യപ്പെടുന്നത്.
ശാസ്ത്രീയമായും സൂക്ഷ്മതയോടെയും മുൻകരുതൽ സ്വീകരിക്കുവാനും
ഉത്തരവാദിത്തത്തോടെ പെരുമാറാനും, ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കുവാനും പൗരബോധമാണിവിടെ നിർണ്ണായക ഘടകം. പൊതുസമൂഹത്തെ അത്തരമൊരു പ്രഖ്യാപനം നിർണായകമായി സ്വാധീനിച്ചേക്കും. 80-90 ശതമാനം കേസും സമ്പർക്കം മൂലമാവുകയും ഉറവിട മറിയാത്ത കേസുകൾ ദിവസേന നൂറിനടുത്തെത്തുകയും (ആഗസ്റ്റ് 15-ന് 112 ആയിരുന്നു ഉറവിടമറിയാത്ത രോഗബാധിതർ) ചെയ്തിട്ടു പോലും സർക്കാർ സമൂഹവ്യാപനം പ്രഖ്യാപിക്കാത്തത് അത്ഭുതകരമായ കടങ്കഥയായിത്തന്നെ അവശേഷിക്കുന്നു.
ആരോഗ്യപ്രവർത്തകർക്കുള്ളത് പൊലീസിന്...
ആഗസ്റ്റ് മൂന്നിനാണ് സർക്കാർ കോവിഡ് പ്രതിരോധത്തിന് പൊലീസിന് കൂടുതൽ അധികാരം കൈമാറാൻ തീരുമാനിക്കുന്നത്. കോവിഡിന്റെ തുടക്കം മുതൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നവരാണ് പൊലീസുകാർ. ലോക്ക്ഡൗണിൽ ഊണും ഉറക്കവുമൊഴിച്ച് അവർ വാഹനങ്ങൾ പരിശോധിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. മാസ്‌കും സാനിറ്റൈസറും തികയാത്ത സന്ദർഭങ്ങളിൽ പോലും സാമൂഹികപ്രതിബദ്ധതയോടെ ആത്മാർത്ഥമായി പൊലീസിങ് നടപ്പാക്കി. സ്വന്തം ആരോഗ്യസുരക്ഷ വകവെക്കാതെ സമരക്കാരെ നേരിട്ടു. ലീവെടുക്കാനാവാതെ കുടുംബത്തിൽ നിന്നകന്ന് മാസങ്ങളോളം ജോലി ചെയ്തു തളർന്നു. കേരളീയ സമൂഹം ആരോഗ്യ പ്രവർത്തകരോളം തന്നെ കടപ്പെട്ടിരിക്കുന്ന വിഭാഗമാണ് പൊലീസ് എന്നതിൽ സംശയമില്ല. ഒരു ബിഗ് സല്യൂട്ടിന് എന്തു കൊണ്ടും അർഹർ. പക്ഷേ കണ്ടെയിൻമെന്റ് സോണുകൾ നിർണയിക്കാനും പ്രഥമ -ദ്വിതീയ സമ്പർക്കപ്പട്ടിക തയാറാക്കുവാനും ക്വാറന്റയിനിലുള്ളവരെ നിരീക്ഷിക്കാനും ഒക്കെ അവരെ ഏൽപ്പിക്കുന്നത് സാമാന്യ ബോധത്തിന്റെ തികഞ്ഞ ലംഘനമാണെന്ന് പറയാതെ വയ്യ. അതേസമയം, സമ്പർക്കപ്പട്ടികയിലെ ആളുകളെ തെരഞ്ഞുപിടിക്കുവാനും ‘ബ്രക്ക് ദി ചെയിൻ’ മാനദണ്ഡം പാലിക്കാത്തവരെ കർശനമായി നേരിടാനും, ആരോഗ്യപരിപാലന നിയമങ്ങൾ തെറ്റിക്കുന്നവരെ കണ്ടുപിടിക്കുവാനും അവരെ നിയോഗിക്കുന്നത് ഭരണപരമായ നല്ല തീരുമാനമാണുതാനും. ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുന്ന പൊലീസ് സേനക്ക് അമിതഭാരം ഏൽപ്പിക്കുന്നു എന്ന അപരാധത്തിനോടൊപ്പം ഒരു പരിശീലനവും ലഭിക്കാത്ത പ്രവർത്തന മേഖലകളിൽ അവരെ നിയോഗിക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്ന് അധികാരികൾ മനസ്സിലാക്കാത്തത് ദുഃഖകരവും അത്ഭുതകരവുമാണ്.
ആരോഗ്യ പ്രവർത്തകർ സ്തുത്യർഹമായി നിർവഹിച്ചിരുന്ന പ്രവർത്തനം പൊലീസിനെ ഏൽപ്പിക്കുന്നതിന്റെ സാംഗത്യം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മിക്കവാറും സംഘടനകൾ, ഐ.എം.എ അടക്കം, ഈ തുഗ്‌ളക്കിയൻ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ഫോൺകോളുകളുടെ ലിസ്റ്റ് എടുത്ത് സമ്പർക്കപ്പട്ടികയിലെ ആളുകളെ പൊലീസ് നിരീക്ഷിക്കുന്നതിന്റെ നിയമവശം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. താരതമ്യേന കൃത്യവും സുതാര്യവുമായി പോകുന്ന ആരോഗ്യ പ്രവർത്തനങ്ങളെ താറുമാറാക്കുന്നു എന്നതിനപ്പുറം ആറു മാസത്തിലേറെയായി ആത്മാർത്ഥമായി ഇത്തരം പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ മുഖവിലക്കെടുക്കാതിരിക്കുക വഴി ഒരുതരം അന്യതാബോധം അവരിൽ സൃഷ്ടിക്കുവാൻ മാത്രമേ ഇത്തരം നടപടികൾ ഉതകിയിട്ടുള്ളു എന്ന വിമർശനവും കാണാതിരിക്കാൻ വയ്യ. എപ്പിഡമിയോളജിക്കൽ മാനദണ്ഡങ്ങളുപയോഗിച്ച് നിർവഹിക്കേണ്ട ആരോഗ്യ പ്രവർത്തനങ്ങളായ കണ്ടെയ്ൻമെന്റ് സോൺ നിർണയത്തിനും കോണ്ടാക്റ്റ് ലിസ്റ്റ് തയാറാക്കാനും, ഇത്തരം കാര്യങ്ങളിൽ പരിശീലനം ലഭിക്കാത്ത പൊലീസിനെ നിയോഗിക്കുക വഴി, മികവോടെ മുന്നോട്ടു പോയിരുന്ന ഒരു സംവിധാനത്തെ തികഞ്ഞ പരാധീനതയിലേക്കും അവ്യക്തതയിലേക്കും തള്ളിവിട്ടത് പ്രതിരോധ പ്രവർത്തനങ്ങളുടെ നിർവഹണത്തെ ഗുരുതരമായി ബാധിച്ചു.
ആ പ്രതിരോധ മരുന്നി'ന്റെ ശേഷിയും ഔചിത്യവും
ആധുനിക വൈദ്യശാസ്ത്രത്തിൽ കോവിഡിന്റെ തുടക്കം മുതൽ ഫലപ്രദമായ ഔഷധങ്ങൾക്കും വാക്‌സിനും വേണ്ടി ശാസ്ത്രീയാന്വേഷണം ആരംഭിച്ചിരുന്നു. സാർസ് -കോവ് - 2 വൈറസിനെതിരെ കൃത്യമായി പ്രയോഗിക്കാവുന്ന മരുന്നുകളോ വാക്‌സിനോ കണ്ടെത്താൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിൽ സാമ്യമുള്ള മറ്റു പല രോഗങ്ങൾക്കുമുപയോഗിക്കുന്ന മരുന്നുകൾ ലോകവ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രോക്‌സി ക്ലോറോക്വിൻ മുതൽ ഫാവിപിരാവിർ വരെയുള്ള മരുന്നുകൾ ഈ വിഭാഗത്തിലാണുള്ളത്. മൂന്നാം ഘട്ടത്തിലെ അവസാന സ്റ്റേജിലെത്തി നിൽക്കുന്ന പത്തിലധികം കാൻഡിഡേറ്റ് വാക്‌സിനുകളും പലരാജ്യങ്ങളിലും അവസാനഘട്ട പരീക്ഷണങ്ങളിലാണ്. കൊറോണ ബാധിതരുടെ പനി നിയന്ത്രിക്കുവാനും, ശ്വാസതടസ്സം നീക്കുവാനും, ന്യൂമോണിയ ചികിത്സിക്കുവാനും, രക്തം ശ്വാസകോശ ധമനികളിൽ കട്ടപിടിക്കുന്നത് തടയുവാനും ഗുരുതരമായ സൈറ്റോകൈൻ സ്റ്റോമിനെ ( cytokine storm) ചെറുക്കുവാനുമൊക്കെയുള്ള ആധുനിക സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് ഗുരുതരാവസ്ഥകളും മരണനിരക്കും എത്രയോ കുറക്കുവാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. കൃത്യമായി, നോവൽ കൊറോണ വൈറസിനെതിരെ ഉപയോഗിക്കാവുന്ന മരുന്നോ വാക്‌സിനോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നു പറയാൻ ഒരു സങ്കോചവും ആധുനിക വൈദ്യശാസ്ത്രം ഇതഃപര്യന്തം കാണിച്ചിട്ടുമില്ല. ശാസ്ത്രത്തിന്റെ വഴികൾ തികഞ്ഞ സത്യസന്ധതയിൽ അടിയുറച്ചതായതിനാൽ മറ്റൊരു വഴി ആധുനിക വൈദ്യശാസ്ത്രത്തിന് അചിന്ത്യവുമാണ്.
പക്ഷേ, ചില സമാന്തര ചികിത്സാ വിഭാഗങ്ങൾ കൊറോണ വൈറസ് ബാധ തുടങ്ങിയ ഉടൻ, ഇതാ ഞങ്ങളുടെ പക്കൽ പ്രതിരോധ മരുന്നുണ്ടെന്നു പറഞ്ഞ് മുന്നോട്ട് വരികയുണ്ടായി. അവരുടെ മരുന്നുകളുടെ ശാസ്ത്രീയ അടിസ്ഥാനം ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല എന്നത് മാറ്റിനിർത്തിയാൽ തന്നെ, (നേർപ്പിക്കും തോറും മരുന്നിന്റെ ശക്തി കൂടുമെന്നത് ശരിയാണെങ്കിൽ ഇന്ന് ലോകം നിയന്തിക്കുന്ന ഫിസിക്‌സ്-കെമിസ്ടി അടിസ്ഥാന നിയമങ്ങൾ മുഴുവൻ തെറ്റാണ്) ആ മരുന്നിന്റെ പ്രതിരോധ ശേഷി ഏതു പഠനങ്ങളിൽ എവിടെയൊക്കെ തെളിഞ്ഞു എന്ന് പ്രഖ്യാപിക്കാനുള്ള മിനിമം ഔചിത്യവും സത്യസന്ധതയും അവർ കാണിക്കേണ്ടതുണ്ട്.
ഈ അശാസ്ത്രീയ ചികിത്സക്ക് കേരള- കേന്ദ്ര സർക്കാരുകൾ കൂട്ടുനിൽക്കുന്നു എന്നു വരുന്നത് അത്യന്തം ഖേദകരമാണ്. ഈ ചികിത്സയുടെ ഗുണങ്ങൾ സർക്കാരിന് ബോദ്ധ്യപ്പെട്ടിരുന്നോ, ഏതു പഠനങ്ങളാണ് അവർ സർക്കാരിന് സമർപ്പിച്ചത്, എത്ര പേരിൽ പഠനം നടത്തി, എവിടെയൊക്കെയാണ് പഠനം നടത്തിയത്, ആ ചികിത്സ സ്വീകരിച്ചവരിൽ എത്രപേർ പ്രതിരോധം നേടി, എന്തടിസ്ഥാനത്തിലാണ് ആ ചികിത്സ സ്വീകരിക്കാൻ സർക്കാർ മലയാളികളോട് പറയുന്നത് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ സർക്കാർ വിശദീകരിക്കേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ, തെളിവുകളുടെ ഒരു മിന്നായം പോലുമില്ലാതെ ഒരു ജനാധിപത്യ സർക്കാർ അത്തരം ചികിത്സ ശുപാർശ ചെയ്യുന്നത് ജനങ്ങളുടെ ആരോഗ്യത്തിനു നേരെയുള്ള കടന്നുകയറ്റമായി മാത്രമേ കാണുവാൻ കഴിയൂ. മാത്രമല്ല, ഇത്തരം ചികിത്സ സ്വീകരിക്കുന്നവർ ഒരു അയഥാർത്ഥ / വ്യാജ സുരക്ഷാബോധം അനുഭവിക്കുക്കുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ പിന്നോട്ട് പോവുകയും ചെയ്യും. അങ്ങേയറ്റം ഗുരുതര ഭവിഷ്യത്തുകൾ സൃഷ്ടിക്കാവുന്ന സാഹചര്യമാണ് അങ്ങിനെ സൃഷ്ടിക്കപ്പെടുന്നത്.
ലോകത്ത് ഇന്ത്യയൊഴികെ മറ്റ് 218 രാജ്യങളിലും, അതിന്റെ ജന്മഭൂമിയായ ജർമ്മനിയിലടക്കം, ഈ ചികിത്സ കൊറോണ പ്രതിരോധത്തിന് പരിഗണിക്കപ്പെടുകപോലും ചെയ്യാത്തതെന്ത് എന്ന ചോദ്യത്തിനും സർക്കാർ ഉത്തരം പറയേണ്ടതുണ്ട്. 20 ലക്ഷം പേർക്ക് ഈ ‘പ്രതിരോധ മരുന്ന്' നൽകിയ മുംബെയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലസ്റ്ററുകൾ രൂപംകൊണ്ടത് എന്ന കാര്യം പോലും സർക്കാർ പരിഗണിക്കുന്നേയില്ല. തികച്ചും ഖേദകരമെന്നു പറയട്ടെ, ശാസ്ത്രാഭിമുഖ്യമുള്ള നിരവധി സംഘടനകളും ശാസ്ത്ര സാഹിത്യ പരിഷത്തും ഐ.എം.എ യുമൊക്കെ ഇത്തരം അശാസ്ത്രീയ ചികിത്സകൾക്കെതിരെ രംഗത്ത് വന്നിട്ടും സർക്കാർ അതിനെതിരെ മുഖം തിരിക്കുകയാണുണ്ടായത്.
പുരോഗമന നിലപാടുകളും ശാസ്ത്രവും നിരന്തരം തെറ്റുതിരുത്തി മുന്നോട്ടു പോകുവാനാണ് ശ്രമിക്കുന്നത്. പുരോഗമന പ്രതിച്ഛായയുള്ള കേരളവും സ്വയം വിമർശനത്തിന്റെ പാത സ്വീകരിച്ച് തെറ്റുകൾ തിരുത്തി മുന്നോട്ടുപോവുന്നത് കൊറോണ പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ കീർത്തി നിശ്ചയമായും പൂർവാധികം വർദ്ധിപ്പിച്ചേക്കും.