പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കായി കോൺഗ്രസ് തോറ്റുകൊടുക്കുകയായിരുന്നു-
ഡോ. പി. സരിൻ

2020-ലെ പാലക്കാട് നഗരസഭാ തെരഞ്ഞെടുപ്പിന്, കോൺഗ്രസ് ടിക്കറ്റ് കൊടുക്കുന്നതിലും സ്ഥാനാർഥി നിർണയത്തിലുമെല്ലാം യോഗ്യരെ മാറ്റിനിർത്തുകയും അത്തരം വാർഡുകൾ ബോധപൂർവം ബി.ജെ.പിയിലേക്ക് വീണുപോകുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തതിനുപുറകിൽ ഷാഫി പറമ്പിലിന്റെ ബോധപൂർവ ഇടപെടലുണ്ടായിരുന്നുവെന്ന് ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിൻ.

News Desk

പാലക്കാട് നഗരസഭയിൽ, 2020-ലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയിക്കാൻ പാകത്തിൽ കോൺഗ്രസ് തോറ്റുകൊടുക്കുകയായിരുന്നുവെന്നും ഇത് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്റെ താൽപര്യമനുസരിച്ചായിരുന്നുവെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.പി. സരിൻ ട്രൂകോപ്പി തിങ്കിനോട്.

2020-ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് കൊടുക്കുന്നതിലും സ്ഥാനാർഥി നിർണയത്തിലുമെല്ലാം യോഗ്യരായവരെ മാറ്റിനിർത്തുകയും അത്തരം വാർഡുകൾ ബോധപൂർവം ബി.ജെ.പിയിലേക്ക് വീണുപോകുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തതിനുപുറകിൽ ഷാഫി പറമ്പിലിന്റെ ബോധപൂർവ ഇടപെടലുണ്ടായിരുന്നുവെന്ന് ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

2020-ൽ 52 അംഗ നഗരസഭയിൽ 28 സീറ്റ് നേടിയാണ് തുടർച്ചയായ രണ്ടാം തവണയും ബി.ജെ.പി അധികാരത്തിലെത്തിയത്. കോൺഗ്രസ് 13 സീറ്റിലും സി.പി.എം ഏഴിടത്തും മുസ്‌ലിം ലീഗ് നാലിടത്തുമാണ് ജയിച്ചത്. 2015-ൽ ബി.ജെ.പിക്ക് 24 സീറ്റാണുണ്ടായിരുന്നത്.

‘‘2015-ലെ തോൽവിയെ Upset ആയി കണക്കാക്കാം. കാരണം, ഭരിച്ചുകൊണ്ടിരുന്ന ടേം കഴിഞ്ഞു, ഭരണവിരുദ്ധവികാരമുണ്ടായി, ഭരണം ബി.ജെ.പി കൊണ്ടുപോയി എന്നു വിചാരിക്കാം. എന്നാൽ, 2020-ൽ ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിനായില്ല എന്നുമാത്രമല്ല, സീറ്റിന്റെ എണ്ണം കൂട്ടി ബി.ജെ.പി അധികാരത്തിൽ വരികയും ​ചെയ്തു. അത് കോൺഗ്രസിന്റെ പിടിപ്പുകേടു തന്നെയായിരുന്നു. അതിനുപുറകിൽ അന്നത്തെ എം.എൽ.എ ഷാഫി പറമ്പിലിന്റെ ഇടപെടലായിരുന്നു. ടിക്കറ്റ് നിഷേധിക്കപ്പെട്ട ഒന്നുരണ്ടുപേർ പാർട്ടിവിട്ടുപോയി. എൻ.സി.പിയുടെ ജില്ലാ അധ്യക്ഷൻ കൂടിയായ രാമസ്വാമി, അന്ന് യു.ഡി.എഫ് കൺവീനറായിരുന്നു. ജയിക്കുമായിരുന്ന സീറ്റ് അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു’’- ഡോ. സരിൻ പറഞ്ഞു.

‘‘നഗരസഭ ഭരിക്കുന്ന ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഒരിക്കൽപോലും കാമ്പയിൻ ചെയ്തിട്ടില്ല. നഗരസഭയിലെ ഗാന്ധിപ്രതിമയിൽ കാവിക്കൊടി കെട്ടിയതിനെതിരെ, അന്ന് നഗരത്തിൽ സാന്നിധ്യം കുറവാണെന്ന് ആരോപിക്കപ്പെടുന്ന ഡി.വൈ.എഫ്.ഐയാണ് പ്രതിഷേധിച്ചതും പ്രതികരിച്ചതും. ഒരു കാട്ടിക്കൂട്ടൽ പോലെ യൂത്ത് കോൺഗ്രസ് എന്തോ ചെയ്തു എന്നതല്ലാതെ നഗരസഭക്കെതിരെ കൃത്യമായ കാമ്പയിൻ കോൺഗ്രസ് ചെയ്തില്ല. ഇതിനുപുറകിൽ ഷാഫിയുടെ കൃത്യമായ നിർദേശമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിന്റെ കൂടുതൽ തെളിവുകൾ വരാനിരിക്കുന്നതേയുള്ളൂ’’- ഡോ. പി. സരിൻ പറഞ്ഞു.

ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും.
ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ബി.ജെ.പിയുടെ വളർച്ച ചൂണ്ടിക്കാണിച്ച്, മുതലെടുക്കാനായതുകൊണ്ടാണ് പാലക്കാട്ട് കോൺഗ്രസിന് ജയിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു:
‘‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, സി.പി.എം അനുഭാവമുള്ള ഇടതുപക്ഷ- മതേതര വോട്ടുകൾ കേരളത്തിലെ 99 മണ്ഡലങ്ങളിലും സി.പി.എമ്മിനുതന്നെ കിട്ടി. യു.ഡി.എഫ് ജയിച്ച 41 സീറ്റുകൾ അവരുടെ ശക്തി കേന്ദ്രങ്ങളായിരുന്നു. ന്യൂട്രലായ മണ്ഡലങ്ങൾ സി.പി.എമ്മിനെയാണ് പിന്തുണച്ചത്. എന്നാൽ പാലക്കാട്ട് അത് സംഭവിച്ചില്ല. ബി.ജെ.പിയുടെ വളർച്ച ചൂണ്ടിക്കാണിച്ച്, ബി.ജെ.പിയെ തോൽപ്പിക്കാൻ സി.പി.എം അശക്തരാണ് എന്ന് കേരളത്തിൽ എവിടെയെങ്കിലും പറഞ്ഞ് ഫലിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചു എങ്കിൽ ആ സ്ഥലം പാലക്കാടായിപ്പോയി എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. ആ കാമ്പയിനിൽ വീണ്ടുപോയ ന്യൂനപക്ഷ, മതേതര വോട്ടുകൾ കോൺഗ്രസിലേക്കാണ് ഡ്രിഫ്റ്റ് ചെയ്തത്.
കഴിഞ്ഞ തവണ ത്രികോണമത്സരത്തിൽ സി.പി.എമ്മിന് കൃത്യമായ എഡ്ജുണ്ടായിരുന്നു. എന്നാൽ, അവസാനത്തെ രണ്ടു ദിവസം പിന്നിൽ പോകുകയും ഒടുവിൽ മൂന്നാം സ്ഥാനത്താകുകയുമാണ് ചെയ്തത്. ‘ശ്രീധരൻ ഇ ഫക്റ്റ്’ ജയിക്കുമെന്ന് വരുത്തിത്തീർത്ത് കോൺഗ്രസ് അത് അവർക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. രാഷ്ട്രീയമായി സി.പി.എമ്മിന് അതിനെ തടയാനായില്ല എന്നതുകൊണ്ട് വലിയ വിലയും നൽകേണ്ടിവന്നു. പാലക്കാട്ട്, ഏറ്റവും കൂടുതൽ പൊളിറ്റിക്കൽ വോട്ട് ഏതെങ്കിലും മുന്നണിക്കോ പാർട്ടിക്കോ അവകാശപ്പൊനുണ്ടെങ്കിൽ, അത് സി.പി.എമ്മിനാണ്. ‘ശ്രീധരൻ ഇഫക്റ്റു’ കൊണ്ടാണ് കഴിഞ്ഞതവണ ബി.ജെ.പിയുടെ വോട്ടിൽ വർധനയുണ്ടായത്. അല്ലെങ്കിൽ ബി.ജെ.പിക്ക് 40,000 വോട്ടിൽ കൂടുതൽ കിട്ടില്ല. കോൺഗ്രസിന് 35,000 വോട്ടിൽ കൂടുതൽ കിട്ടുമായിരുന്നില്ല. സി.പി.എമ്മിന് 40,000 ലേറെ വോട്ട് കിട്ടുമായിരുന്നു. കഴിഞ്ഞ തവണ സി.പി.എമ്മിന് കിട്ടിയ 36,000- ഓളം വോട്ടും പൊളിറ്റിക്കൽ വോട്ടുതന്നെയായിരുന്നു. 4000 വോട്ട് നഷ്ടമായത് രാത്രിക്കുരാത്രി വന്ന ഈ പേടി കാരണമാണ്. ഈ പേടി ജനറേറ്റ് ചെയ്യപ്പെട്ടതാണ്’’- ഡോ. പി. സരിൻ പറഞ്ഞു.

2021-ൽ പാലക്കാട്ട് ജയിച്ച ഷാഫി പറമ്പിലിന് 54,079 വോട്ടും ബി.ജെ.പിയിലെ ഇ. ശ്രീധരന് 50,220 വോട്ടും സി.പി.എമ്മിലെ സി.പി. പ്രമോദിന് 36,433 വോട്ടുമാണ് ലഭിച്ചത്. 3859 വോട്ടായിരുന്നു ഷാഫിയുടെ ഭൂരിപക്ഷം.

കോൺഗ്രസിന്റെ ഇത്തരം തന്ത്രങ്ങളെല്ലാം കൃത്യമായി അറിയാവുന്നതുകൊണ്ടുതന്നെ ഇത്തവണ എൽ.ഡി.എഫ് വളരെ കെയർഫുള്ളും വിജിലന്റുമാണെന്ന് സരിൻ കൂട്ടിച്ചേർത്തു.

Comments