വാർഷിക ബജറ്റുകൾ ഒരു സ്റ്റേറ്റിന്റെ പ്രവർത്തന നയരേഖയാണ്. പല നയങ്ങളും നിയമങ്ങളും സാമ്പത്തിക അടിത്തറയില്ലാതെ കടലാസുപുലികളായി നിൽക്കുമ്പോൾ, ആ പുലികളെ കടലാസിൽ നിന്ന് പൊതുവഴിയിലെത്തിക്കുന്നത് ബജറ്റ് പ്രഖ്യാപനങ്ങളാണ്.
നവകേരള നിർമിതി പദ്ധതിയുടെ തുടർച്ചയായാണ് ഈ ബജറ്റ് വന്നിരിക്കുന്നത്. അതിനാലായിരിക്കാം, കാര്യമായ പുതിയ പ്രഖ്യാപനങ്ങളില്ലാത്തത്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ ചെറിയ തോതിൽ അവലോകനം ചെയ്ത് അതിന്റെ അടുത്ത പടിക്കായുള്ള വകയിരുത്തലുകളാണ് പ്രധാനമായും ഈ ബജറ്റിൽ കാണുന്നത്. പുതിയത് എന്ന് പറയാവുന്നത് കൊച്ചിയിലും തിരുവനന്തപുരം വരാൻ പോകുന്ന ഹൈഡ്രജൻ ഇന്ധന ഹബ്ബും, തിരുവനന്തപുരത്തെ ട്രേഡ് സെന്ററും ആണ്. പക്ഷെ അതിന്റെ നീക്കിയിരിപ്പ് തുച്ഛമാണ്. ഗവേഷണത്തിനും വികസനത്തിനുമുള്ള വകയിരുത്തൽ പ്രഖ്യാപനമാണ് മറ്റെരു ഹൈലൈറ്റ്. എന്നാൽ എത്ര വകയിരുത്തിയിട്ടുണ്ട് എന്നത് വ്യക്തമല്ല.
കേരളത്തിന്റെ തനത് വരുമാനം കൂടി എന്നവകാശപ്പെടുമ്പോൾ അത് പ്രധാനമായും വരുന്നത് ജി.എസ്.ടി വരുമാനത്തിലൂടെയും ലോട്ടറി, സ്റ്റാമ്പ് ഡ്യൂട്ടി, വാഹന നികുതി, മദ്യം എന്നിവയിലൂടെയുമാണ്. കേരളത്തിലെ പൊതു മേഖലാസ്ഥാപനങ്ങളുടെ ലാഭവിഹിതം 2021-22 ൽ 228 കോടി രൂപയായിരുന്നത് നേർപകുതി, 124 കോടി രൂപയായിരിക്കുന്നു. ഇടതുപക്ഷം ഭരിക്കുമ്പോൾ പൊതുമേഖല നന്നായി പ്രവർത്തിക്കും എന്ന പൊതുവിശ്വാസം ചോദ്യം ചെയ്യുന്നതാണ്, ഈ കുറവ്. ഒന്നുകിൽ ഏതോ പൊതുസംരംഭങ്ങൾ വെള്ളാനകളായിട്ടുണ്ട്, അല്ലെങ്കിൽ ശമ്പള വർദ്ധന അവർക്കും അടി കൊടിത്തിട്ടുണ്ട്. സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്ന നയങ്ങളും പദ്ധതികളും കേരളം ഒരു മിഷൻ അടിസ്ഥാനത്തിൽ കൊണ്ടുനടക്കുമ്പോൾ പൊതുസ്ഥാപനങ്ങൾ സർക്കാരിന്റെ ആശയങ്ങളെ ഉൾക്കൊള്ളുന്നില്ല എന്നാണ് ഈ കണക്ക് കാണിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കും, ഇത്തരം സ്ഥാപനങ്ങൾക്കും അക്കൗണ്ടബിലിറ്റി വർദ്ധിപ്പിക്കുന്ന നയങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു.
കേരളത്തിലെ ജനസംഖ്യാ വ്യതിയാനത്തെ കുറിച്ച് സംസാരിച്ചപ്പോൾ, ധനമന്ത്രി അതിന്റെ പ്രധാന പ്രശ്‌നം മറന്നുപോയി. അടുത്ത പത്തുവർഷത്തിനുള്ളിൽ സ്‌കൂളിലെത്തുന്ന കുട്ടികളിൽ, 2000 ലെ കണക്കുമായി താരതമ്യം ചെയ്താൽ, ഏകദേശം 50 ശതമാനത്തിന്റെ കുറവുണ്ടാകും. സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരടക്കം, അധികമാകും. ഈ സാഹചര്യത്തിൽ ഇപ്പോൾ സർക്കാർ നടത്തിയ നിക്ഷേപങ്ങളെ എങ്ങനെ നല്ലരീതിയിൽ ഉപയോഗിക്കാം എന്ന ചർച്ചയും അതിന് മുന്നോടിയായ പരിപാടികളും മുന്നോട്ട് വെയ്ക്കേണ്ടതായിരുന്നു. കാരണം, ക്ലാസ് മുറികൾ വലിയ തോതിൽ ഒഴിയാൻ പോവുകയാണ്. ഇനി നടത്താൻ പോകുന്ന പല റിക്രൂട്ട്‌മെൻറുകളും അനാവശ്യമാകും. ഇപ്പോൾ ഒരു കുട്ടിയുടെ സ്‌കൂൾ പഠനച്ചെലവിന് 50,000 രൂപ ഒരു വർഷം സർക്കാർ ചെലവാക്കുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം ഗുണമേന്മയുള്ള അദ്ധ്യാപകരാണ്. വിദ്യാഭ്യാസത്തിന് അധികമായി 1773 കോടി രൂപ മാറ്റിവച്ചിട്ടുണ്ട് എന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, വിദ്യാഭ്യാസത്തിന്റെ മൊത്തം നീക്കിയിരുപ്പിൽ കാര്യമായ വർദ്ധന കാണുന്നില്ല. എന്നാൽ, ആരോഗ്യത്തിന്റെ കാര്യത്തിൽ കുറേകൂടി കൃത്യത നീക്കിയിരുപ്പിൽ കാണാം.
കേരളത്തിന്റെ വികസനത്തിലെ ഒരു പ്രധാന പ്രശ്‌നം സ്ത്രീകളുടെ കുറഞ്ഞ തൊഴിൽ പങ്കാളിത്തമാണ്. ഇപ്പോഴും കുടുംബശ്രീ അടിസ്ഥാനമാക്കിയാണ് സ്ത്രീ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത്. സ്ത്രീശാക്തീകരണവും സ്ത്രീ തൊഴിൽ പങ്കാളിത്തവും ഒന്നിനെ തുടർന്ന് വരേണ്ടതാണ്, അല്ലാതെ ഒന്നിച്ച് കൈകാര്യം ചെയ്യണ്ടതല്ല. മാത്രമല്ല, തൊഴിൽ സംരംഭക സ്‌കിൽ എന്നത് സർക്കാർ ഉദ്യോഗത്തിന്റെ സുഖത്തിലിരിക്കുന്ന എത്ര ഉദ്യോഗസ്ഥർക്ക് മനസിലാവും? സ്ത്രീസംരംഭകരെ കുടുംബശ്രീയിൽ നിന്ന് നീക്കി വ്യവസായ, സേവന മേഖലയിലെ ചേംബറുകളുടെ കൂടെ ആക്കുന്നതായിരിക്കും അവരുടെ വളർച്ചക്കും ആത്മവിശ്വത്തിനും നല്ലത്. സ്ത്രീതൊഴിൽ പങ്കാളിത്തം 27 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കാതെ കേരളം വികസനത്തിന്റെയും പ്രതിശീർഷ വരുമാനത്തിന്റെയും അടുത്ത നിലയിൽ എത്തില്ല. അത്തരം ഒരു ചിന്ത പോലും ഈ ബജറ്റ് മുന്നോട്ട് വെക്കുന്നില്ല.
നികുതിഭാരം കൂട്ടിയത്, ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റാനേ ഉതകൂ. പെട്രോളിയം സെസ് ഒഴിവാക്കാമായിരുന്നു. അത് കൂനിന്മേൽ കുരു എന്ന നിലയിൽ ഒരു പാട് തലത്തിൽ ജനത്തെ ബാധിക്കും എന്നു പറയാതെ വയ്യ. സത്യത്തിൽ, ഒഴിച്ചിട്ട രണ്ടാമത്തെ വീടുകൾക്ക് മാത്രമല്ല, ഉയർന്ന മതിലുള്ള വീടുകൾക്കുവരെ അധിക നികുതി നൽകേണ്ടതാണ്. വിഭവങ്ങളുടെ കൃത്യതയുള്ള ഉപഭോഗം ജനത്തിന്റെയും ഉത്തരവാദിത്തമാണ്. ആർത്തവ കപ്പിന്റെ പ്രചാരണം നല്ല നടപടിയാണ്. സോളിഡ് വെയ്സ്റ്റിന്റെ പക്ഷത്തുനിന്ന് മാത്രമല്ല, സ്ത്രീകളുടെ ആരോഗ്യം, യാത്ര, ആർത്തവ ശുചിത്വം, സ്വകാര്യത ഇവയുടെയൊക്കെ പക്ഷത്തുനിന്ന് നോക്കുമ്പോൾ ഇതൊരു നല്ല നടപടിയാണ്.
ചുരുക്കത്തിൽ കേരള ബജറ്റ്: 2023-24 നല്ല നികുതി ഭാരം ജനത്തിന് നൽകിയ, എന്നാൽ പ്രത്യേകിച്ച് വലിയ ഉത്സാഹം ഒന്നും കാണിക്കാത്ത ഒരു ശരാശരി ബജറ്റ് മാത്രമാണ് എന്നേ പറയാൻ പറ്റൂ.