‘കൊല്ലുമെന്നുവരെ ഭീഷണിയുണ്ട്,
എങ്കിലും എനിക്ക് നിശ്ശബ്ദനാകാനാകില്ല’

‘‘വസ്തുതകളെ മുൻനിർത്തി വാദങ്ങളെ അഭിസംബോധന ചെയ്യാൻ ഒരിക്കലും ഹിന്ദുത്വർക്ക് കഴിയില്ല. ഇക്കാരണത്താലാണ് അവർ അധിക്ഷേപങ്ങളുമായും വധഭീഷണികളുമായും രംഗത്തെത്തിയിരിക്കുന്നത്. യുട്യൂബ് ചാനലുകളിലെ എന്റെ പ്രഭാഷണ വീഡിയോകളുടെ കമന്റ് ബോക്സുകൾ കഠിനമായ ജാത്യധിക്ഷേപങ്ങൾ കൊണ്ടു നിറക്കുകയാണ്. ഇങ്ങനെ എന്നെ നിശ്ശബ്ദനാക്കാമെന്നും അവർ കരുതുന്നു.’’ തനിക്കെതിരായ സവർണഹിന്ദുത്വ വിദ്വേഷപ്രചാരണത്തെക്കുറിച്ച് ഡോ. ടി.എസ്. ശ്യാംകുമാർ എഴുതുന്നു.

നാതന ധർമത്തെ മുൻനിർത്തിയുള്ള എന്റെ പ്രഭാഷണങ്ങളും മാധ്യമങ്ങളിലെ ലേഖനങ്ങളും അഭിമുഖസംഭാഷണങ്ങളും ഹിന്ദുത്വവാദികളെയും സവർണ യാഥാസ്ഥിതിക ശക്തികളെയും ഒന്നു പോലെ പ്രകോപിപ്പിച്ചിരിക്കുകയാണ്. അസഭ്യവർഷങ്ങളും കടുത്ത അധിക്ഷേപ വാക്യങ്ങളും കൊല്ലുമെന്നുള്ള ഭീഷണിയും ഇതിന്റെ തെളിവാണ്. സംസ്കൃത ഗ്രന്ഥ പാഠങ്ങളെ തന്നെ ആധാരമാക്കി സനാതനധർമവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു എന്നതാണ് ഹിന്ദുത്വ രെയും ബ്രാഹ്മണ്യവാദികളെയും എനിക്കെതിരെ വാളെടുക്കാൻ പ്രേരിപ്പിക്കുന്നത്. വേദങ്ങൾ, ഉപനിഷത്തുക്കൾ, ഇതിഹാസ- പുരാണങ്ങൾ, ധർമശാസ്ത്രങ്ങൾ തുടങ്ങിയവ ഉദ്ധരിച്ച് സനാതന ധർമം എന്നത്, വർണാശ്രമ ചാതുർവർണ്യ ജാതി വ്യവസ്ഥയാണെന്ന സത്യവസ്തുത വെളിവാക്കിയതാണ് ഹിന്ദുത്വരുടെ അരിശത്തിന് കാരണം.

പരമപവിത്രമായി പരിഗണിക്കുകയും ജനകോടികളെ വിശ്വസിപ്പിക്കുയും ചെയ്യുന്ന ഗ്രന്ഥപാഠങ്ങൾ ജാതിവ്യവസ്ഥയുടെ ആധാരഗ്രന്ഥങ്ങളാണെന്ന് ലോകത്തോട് സത്യസന്ധമായി വിളിച്ചുപറയുന്നത് ബ്രാഹ്മണ്യത്തെ കൊടിയ ആകുലതയിലാണ് അകപ്പെടുത്തിയിരിക്കുന്നത്. വസ്തുതകളെ മുൻനിർത്തി വാദങ്ങളെ അഭിസംബോധന ചെയ്യാൻ ഒരിക്കലും ഹിന്ദുത്വർക്ക് കഴിയില്ല. ഇക്കാരണത്താലാണവർ അധിക്ഷേപങ്ങളുമായും വധഭീഷണികളുമായും രംഗത്തെത്തിയിരിക്കുന്നത്. യുട്യൂബ് ചാനലുകളിലെ എന്റെ പ്രഭാഷണ വീഡിയോകളുടെ കമന്റ് ബോക്സുകൾ കഠിനമായ ജാത്യധിക്ഷേപങ്ങൾ കൊണ്ടു നിറക്കുകയാണ് സവർണ ഹിന്ദുത്വർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെ എന്നെ നിശ്ശബ്ദനാക്കാമെന്നും അവർ കരുതുന്നു.

ജാതി അസമത്വ - ബ്രാഹ്മണ്യത്തിനെതിരായ നിശിത വിമർശനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഒരിക്കലും ഞാൻ പറയാത്ത കാര്യങ്ങൾ പോസ്റ്ററുകളിലൂടെ പ്രചരിപ്പിക്കുന്നത്. ഇസ്‍ലാം, ക്രിസ്തു മതങ്ങൾക്കെതിരെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വാക്കുകളിലൂടെ അവതരിപ്പിക്കപ്പെടുന്ന പോസ്റ്ററുകളുടെ ലക്ഷ്യം, ദലിത്- പിന്നാക്ക- ന്യൂനപക്ഷ ഐക്യമെന്ന ആശയത്തെ തകർക്കുകയാണ്. അടിസ്ഥാനപരമായി, കേവലം നാസ്തികസ്ഥാനനിലയുള്ള മതവിമർശകനായി സ്ഥാനപ്പെടുത്താനും ഇതുവഴി ശ്രമിക്കുന്നുണ്ട്.

സാമൂഹ്യശാസ്ത്രപരമായും ചരിത്രപരമായും സംസ്കൃത ഗ്രന്ഥപാഠങ്ങളെ ആധാരമാക്കി ഹിന്ദുത്വ ബ്രാഹ്മണ്യത്തെ വിമർശിക്കുന്നു എന്നതാണ് സവർണഹിന്ദുത്വവാദികളെ വലിയ രീതിയിൽ പ്രകോപിപ്പിക്കുന്നത്. കേരളത്തെ ഹിന്ദുത്വത്തിന്റെ പിടിയിലമർത്താനുള്ള ബ്രാഹ്മണ്യശക്തികളുടെ ശ്രമങ്ങളെ സംസ്കൃത ഗ്രന്ഥപാഠങ്ങളെ ആധാരമാക്കിയുള്ള വിമർശ വിചാരങ്ങൾ തടസമാണെന്ന് തിരിച്ചറിയുന്നതിനാലാണ് ഹിന്ദുത്വർ എനിക്കെതിരെ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത്.

ഒരു ദലിത് ബാലൻ
സംസ്കൃതത്തിലേക്കെത്തിയ വഴി

ചെറുപ്പകാലത്തുതന്നെ ലഭിച്ച വിമോചനാത്മകമായ ‘ആദ്ധ്യാത്മിക ബോധം’ പിന്നീട് അറിവിന്റെ വഴികളിൽ വലിയ തുറവി നൽകിയിട്ടുണ്ട്. നാരായണ ഗുരുവിന്റെയും മുഹമ്മദ് നബിയുടെയും ക്രിസ്തുവിന്റെയും കഥകളാൽ എന്റെ ബാല്യത്തെ ധന്യമാക്കിയ അമ്മൂമ്മ അറിവിന്റെ വഴിയിലെ ആദ്യ ഗുരുവാണ്. വീടിനുസമീപത്തെ ഗുരുമന്ദിരത്തിലെ നിത്യസന്ദർശകനായും, പിന്നീട് ഗുരുധർമ്മ പഠിതാവായും, അതിന്റെ പരിണിതഫലമെന്ന നിലയിൽ ശിവഗിരിയിൽ സന്യസിക്കാനായി പോകാൻ തയ്യാറായ ദലിത് ബാലന്റെ വിദ്യാഭ്യാസ കാലത്തെ സമ്പുഷ്ടമാക്കിയത് നാരായണ ഗുരുവിന്റെയും ക്രിസ്തുവിന്റെയും നബിയുടെയും വിചാരവഴികളായിരുന്നു. ഇതാകട്ടെ ബൈബിൾ കോഴ്സിൽ ചേരുന്നതിനും ഖുർ ആൻ പഠിക്കുന്നതിനും ഇടയാക്കി.

ഡോ. കെ. എം. സംഗമേശൻ

നല്ല ഭക്തനാണെന്ന് തിരിച്ചറിഞ്ഞ് അമ്മാവൻ ജ്യോതിഷം പഠിപ്പിക്കുകയും തന്ത്രവിദ്യ അഭ്യസിപ്പിക്കാൻ പിത്തമ്പിൽ മഠം കുമാരൻ നമ്പൂതിരിക്ക് ശിഷ്യപ്പെടുത്തുകയും ചെയ്തു. കുമാരൻ നമ്പൂതിരിയുടെ ശിഷ്യനായുള്ള തന്ത്രപഠനം പിന്നീട് തന്ത്രവിദ്യയിൽ ഗവേഷണം നടത്തുന്നതിലേക്കും നയിച്ചു. അതോടൊപ്പം, നാട്ടിലെ മണികണ്ഠൻ പിള്ളയുടെ ശിഷ്യനായി പുരാണങ്ങൾ പഠിക്കാനും അച്ഛനും അമ്മയും അയക്കുകയും ചെയ്തു. ബാല്യകാലം മുതലുള്ള തന്ത്രം, ജ്യോതിഷം, വാസ്തുവിദ്യ എന്നിവയുടെ കർക്കശമായ പഠനങ്ങൾ പിന്നീട് ഔദ്യോഗികമായ സർവകലാശാല വിദ്യാഭ്യാസം നേടുന്നതിനും പ്രാപ്തമാക്കി. കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം പ്രൊഫസറായ ഡോ. കെ. എം. സംഗമേശൻ പുത്രനിർവിശേഷമായ വാത്സല്യത്തോടെയാണ് അദ്ദേഹത്തിന്റെ വീട്ടിൽ താമസിപ്പിച്ച് എന്നെ ഗവേഷണത്തിൽ ഉത്സുകനാക്കിയത്.

വെളുപ്പിനെ 4 മണിക്ക് കട്ടൻ കാപ്പിയുമായി വിളിച്ചുണർത്തുക മാത്രമല്ല, നേരം പുലരുന്നതുവരെയുള്ള സംസ്കൃതഗ്രന്ഥങ്ങളുടെ സൂക്ഷ്മപാരായണത്തിന് സംഗമേശൻ മാഷ് എന്നോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. രാത്രി 8 മണിയോടെ ആരംഭിക്കുന്ന എന്റെയും സംഗമേശൻ മാഷിന്റെയും സംവാദങ്ങൾ പിന്നീട് പല വിഷയങ്ങളിലും സൂക്ഷ്മത ലാന്വേഷണങ്ങൾക്കും പ്രാപ്തമാക്കി. ഡോ. പി.വി. നാരായണൻ, ഡോ. വി.ആർ. മുരളീധരൻ തുടങ്ങിയ സംസ്കൃതപണ്ഡിതരും ഗവേഷണ പ്രതിഭകളുമായ അധ്യാപകരുടെ സൂക്ഷ്മ ശിക്ഷണവും സംസ്കൃത ഗ്രന്ഥപാഠങ്ങളെ വിമർശനാത്മകമായി ആഴത്തിൽ പഠിക്കുന്നതിലേക്ക് ഉത്സാഹം പകർന്നു.

ഹിന്ദുത്വരെ നേരിടാൻ
സംസ്കൃതം

ഹിന്ദുത്വരെ നേരിടാൻ സംസ്കൃത പാരമ്പര്യത്തെയും അതിലെ ഗ്രന്ഥപാഠങ്ങളെയും മതേതരമായും പുരോഗമനാത്മകമായും വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ ആത്യന്തികമായി ഇത്തരം വ്യാഖ്യാനങ്ങൾ ഹിന്ദുത്വത്തിന് ശക്തി പകരുകയേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. വേദോപനിഷത്തുക്കളും ഇതിഹാസ പുരാണങ്ങളും അടങ്ങുന്ന ബ്രാഹ്മണ്യ സംസ്കൃത പാരമ്പര്യത്തിന്റെ വിശുദ്ധിയെ ചോദ്യം ചെയ്യുക എന്ന ബാബാ സാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ ചിന്താപദ്ധതിയാണ് ഇതിൽ എന്റെ നിലപാട് തറയും വഴിവിളക്കും. ഈ വഴിവിളക്കിന്റെ പ്രകാശമാണ് സംസ്കൃത ഗ്രന്ഥപാഠങ്ങളെ വിമർശപരമായി തുറന്നു വയ്ക്കാൻ പ്രാപ്തമാക്കുന്നതും.

Comments