ഇത്ര വലിയ വീട് വേണ്ട, പ്രത്യേകിച്ച് ഒരു 'ഹരിത എം.എൽ.എ'ക്ക്

കെ.എം. ഷാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കൂടിയിരുന്നാലോചിച്ച്​ രൂപകൽപ്പന ചെയ്ത ലൈഫ് മിഷൻ- വീടിന്റെ വലിപ്പമനുസരിച്ച് 16 കുടുംബത്തിന് കഴിയാനുള്ളത്ര സൗകര്യം ഷാജിയുടെ ഒറ്റ കുടുംബം അനുഭവിക്കുന്നു. എന്തുകൊണ്ടൊക്കെയാണ് ഇതൊക്കെ അശാസ്ത്രീയവും സാമൂഹ്യ ദ്രോഹവും വിനാശകരവുമായി വിലയിരുത്തേണ്ടി വരുന്നത്? ആയിരക്കണക്കിന് ചതുരശ്ര അടികളിൽ രമ്യഹർമ്യങ്ങളും ഇതര നിർമ്മിതികളും യഥേഷ്ടം കെട്ടിയുയർത്തിയാൽ, അത് താങ്ങാനുള്ള ശേഷി പാരിസ്ഥിതികമായി ഏറെ സങ്കീർണ്ണമായ കേരളത്തിനില്ല. അത്, കേരളത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതും ആഴമേറിയ വിശകലനവും നടപടികളും നിരന്തരം ആവശ്യപ്പെടുന്നതുമായ അടിസ്ഥാന പ്രശ്നമാണ്- കെ.എം. ഷാജിയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങളെ ശാസ്ത്രമെഴുത്തിന് വിഭവമാക്കുകയാണ്​ ലേഖകൻ

ശാസ്ത്രമെഴുത്തിന്റെ ദിനങ്ങളാണ് കടന്നുപോകുന്നത്. ശാസ്ത്രപ്രചാരണത്തിൽ രാജ്യത്തെ മുൻനിരക്കാരനായിരുന്ന നരേന്ദ്ര ധബോൽക്കറെ ഫാസിസ്റ്റുകൾ വധിച്ച് ഏഴുവർഷം പൂർത്തിയാകുന്ന 2020 ആഗസ്റ്റ് 20 മുതൽ ശാസ്ത്രത്തിന്റെ നിരന്തര പ്രയോക്താവായിരുന്ന നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 വരെ ജനകീയ ശാസ്ത്രപ്രവർത്തകർ സയൻസ് ഇൻ ആക്ഷൻ (Sience in action) എന്ന കാമ്പയിനിലൂടെ ശാസ്ത്രാവബോധം പരിപോഷിപ്പിക്കാനുള്ള ശ്രമത്തിലാണ്. ശാസ്ത്രമെഴുത്തിൽ തൽപരരായ ആർക്കും ഈ ആഘോഷത്തിൽ പങ്കുചേരാം. ശുദ്ധ- ശാസ്ത്ര സംബന്ധമായ വിവരങ്ങൾ മാത്രമല്ല പങ്കുവെക്കുന്നത്. സാമൂഹ്യ- രാഷ്ട്രീയ പ്രശ്‌നങ്ങളെയും ദൈനദിന ജീവിത സമസ്യകളെയും ശാസ്ത്രീയമായി സമീപിക്കാം.

‘ഹരിത എം.എൽ.എമാർ' എന്ന് മാധ്യമങ്ങൾ മുമ്പ് വിശേഷിപ്പിക്കാറുള്ള സംഘത്തി​ൽപെട്ട കെ.എം. ഷാജിയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങളെ ശാസ്ത്രമെഴുത്തിന് വിഭവമാക്കുന്നത് കൗതുകകരം മാത്രമല്ല, ആലോചനാമൃതവുമാണ്. ഷാജി യാദൃശ്ചികമായി ഈ ആഘോഷത്തിൽ പെട്ടുപോയതാണ്. ഷാജിയുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെ കടന്നുപോകാൻ സാധ്യതയുള്ള, സമാനമായ സാമൂഹ്യ പദവികളിലുള്ള, ഏതൊരാൾക്കും ഈ എഴുത്ത് ബാധകമാണെന്ന് എടുത്തുപറയേണ്ടതില്ല. മാത്രമല്ല, ശാസ്ത്രത്തിന്റെ രീതി അങ്ങനെ മാത്രമേ അനുവദിക്കുന്നുള്ളൂ.

കെ.എം. ഷാജിയുടെ വീടും ചില പ്രശ്‌നങ്ങളും

വയനാട്ടിലെ ഒരു ചെറിയ ഗ്രാമത്തിൽ പലചരക്കുകടയും ചായക്കടയും സ്റ്റേഷനറി കടയും രണ്ടുമുറിക്കെട്ടിടത്തിൽ നടത്തിയിരുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു ഷാജിയുടെ പിതാവെന്ന വാർത്ത സംബന്ധിച്ചോ, അദ്ദേഹം ജീവിതകാലത്ത് ആർജിച്ച രണ്ടേക്കറിൽ ചില്വാനം വരുന്ന ഭൂസ്വത്തിന് അവകാശികളായി ഷാജിയെ കൂടാതെ മൂന്നു സഹോദരങ്ങൾ കൂടി ഉണ്ടായിരുന്നുവെന്നതിനെ കുറിച്ചോ, അതുകൊണ്ടൊക്കെത്തന്നെ, കോഴിക്കോട് നഗരത്തിലെ രമ്യഹർമ്യം ഉൾപ്പെടെ പലയിടങ്ങളിലായി കിടക്കുന്ന സ്വത്തിന്റെ സാമ്പത്തിക ഉറവിടം ബോധ്യപ്പെടുത്തുന്നതിൽ ഷാജി വിയർക്കുന്നതു സ്വാഭാവികമാണെന്ന വിലയിരുത്തലിനെ സംബന്ധിച്ചോ ഇവിടെ ഒന്നും പറയുന്നില്ല.

തെറ്റുപറ്റിയെന്നും പിഴയടച്ചു പരിഹരിക്കാൻ അനുവദിക്കണമെന്നുമുള്ള അപേക്ഷ കോർപ്പറേഷന് മുൻപാകെ സമർപ്പിച്ചതായുള്ള പത്രവാർത്തയെകുറിച്ചോ, ആ ഒറ്റ കാരണത്താൽതന്നെ, അനധികൃത നിർമ്മാണം കെട്ടിച്ചമച്ച ഒരു കഥയാണെന്ന ഷാജിയുടെയും ചില പ്രതിപക്ഷ നേതാക്കളുടെയും വാദത്തിനു നിലനിൽപില്ലാതാകുമെന്ന സ്വാഭാവിക വിലയിരുത്തലിനെ സംബന്ധിച്ചോ, ഇവിടെ പ്രതികരിക്കുന്നില്ല.

ഇനിയും അനുബന്ധ നടപടികൾ പലതും വരാം. ഉദാഹരണത്തിന്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ലാതെ ഗാർഹിക താരിഫിൽ വൈദ്യുതി കണക്ഷൻ നേടുകയും ദുഷ്ടലാക്കോടെ താഴ്ന്ന താരിഫിൽ തുടരുകയും കെ.എസ്.ഇ.ബിക്കു നഷ്ടം വരുത്തുകയും ചെയ്താൽ, വൈദ്യുതി നിയമം വകുപ്പ് 135 അനുസരിച്ചു വൈദ്യുതി മോഷണത്തിനു ക്രിമിനൽ കേസെടുക്കാനും വകുപ്പ് 126 അനുസരിച്ച് വൈദ്യുതി ദുരുപയോഗത്തിനു പിഴ ഈടാക്കാനും സാധ്യതയുണ്ട്. അത് സംബന്ധിച്ചും മുൻവിധിക്കു ഇവിടെ തയ്യാറാകുന്നില്ല. ഈവക കാര്യങ്ങളിൽ ആവശ്യമായ തെളിവില്ലാതെ ആത്മനിഷ്ഠമായി തീർപ്പുകളിൽ എത്തുന്ന രീതി ശാസ്ത്രമെഴുത്തിനു ഭൂഷണമല്ലല്ലോ. നിയമ നടപടി തുടരട്ടെ; അഴിമതി ആരോപണം നേരിടാനുള്ള അനുവദനീയമായ സ്വാതന്ത്രവും സാവകാശവും അദ്ദേഹവും എടുക്കട്ടെ.

ആ വീട് വെറും കക്ഷിരാഷ്ട്രീയ സമസ്യയല്ല

എന്നാൽ, നേരെയും വളഞ്ഞും സമ്പത്ത് വാരിക്കൂട്ടുന്നവർ, തങ്ങളുടെ ഭാവനക്കനുസരിച്ച് ആയിരക്കണക്കിന് ചതുരശ്ര അടികളിൽ രമ്യഹർമ്യങ്ങളും ഇതര നിർമ്മിതികളും യഥേഷ്ടം കെട്ടിയുയർത്തിയാൽ, അത് താങ്ങാനുള്ള ശേഷി, കിഴക്ക് പശ്ചിമഘട്ടത്തിനും പടിഞ്ഞാറ് അറബിക്കടലിനുമിടയിൽ നേരിയ വീതിയിൽ ചെരിഞ്ഞു കിടക്കുന്ന, പാരിസ്ഥിതികമായി ഏറെ സങ്കീർണ്ണമായ, കേരളത്തിനില്ലെന്നുകൂടി അറിയണം.

അത് കാൽപ്പനികമായ പാരിസ്ഥിതിക ഉൽക്കണ്ഠയല്ല, കേവലമായ കക്ഷിരാഷ്ട്രീയ സമസ്യയുമല്ല. മറിച്ച്, ശാസ്ത്രീയമായി ഇതിനകം വെടിപ്പായി ബോധ്യമായ വസ്തുതയാണ്. അത്, കേരളത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതും ആഴമേറിയ വിശകലനവും നടപടികളും നിരന്തരം ആവശ്യപ്പെടുന്നതുമായ അടിസ്ഥാന പ്രശ്നമാണ്.

അർദ്ധനഗ്‌നനായി ലോകം മുഴുവൻ സഞ്ചരിച്ചിരുന്ന ഗാന്ധിജി, അതിവിസ്തൃതമായ ഭൂസ്വത്തു മുഴുവൻ പാർട്ടിക്ക് -എന്ന് പറഞ്ഞാൽ നാടിന് - നൽകി ചെറിയ വാടക വീട്ടിൽ കഴിഞ്ഞുകൂടിയ ഇ.എം.എസ്, സമ്പൽ സമൃദ്ധിയിൽ നിന്നിറങ്ങി കേരള സമൂഹത്തെ ഉഴുതുമറിക്കുന്നതിൽ നേതൃത്വം കൊടുത്ത് നിർദ്ധനനായി മടങ്ങിയ അസാധാരണ ധിഷണാശാലി കെ. ദാമോദരൻ, മകന് ഓട്ടോറിക്ഷ പോലും വാങ്ങി കൊടുക്കാനുള്ള സമ്പാദ്യമില്ലാതെ പോയ വി. വി. രാഘവൻ, പാലൊളി, എ. കെ. ആന്റണി, വി.എം. സുധീരൻ, അല്ലെങ്കിൽ ഷാജിയുടെ തന്നെ നാട്ടുകാരനായ എം.എൽ.എ ശശീന്ദ്രൻ എന്നിവരെപ്പോലെയൊക്കെ ജീവിക്കണമെന്ന് പൊതുപ്രവർത്തകരോട് നിർബന്ധം പിടിക്കുന്നത് ഉചിതമല്ല.

എന്നാൽ, കോഴിക്കോടുള്ള ഷാജിയുടെ വീടിന്റെ വിസ്തീർണ്ണം 5500 ചതുരശ്ര അടിയാണ് . കണ്ണൂരുള്ള രണ്ടാമത്തെ വീടുകൂടി ചേരുമ്പോൾ ആകെ വിസ്തീർണ്ണം ഏകദേശം 8000 ലേറെ അടിയായി. ഷാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കൂടിയിരുന്നാലോചിച്ച്​ രൂപകൽപ്പന ചെയ്ത ലൈഫ് മിഷൻ- വീടിന്റെ വലിപ്പമനുസരിച്ച് 16 കുടുംബത്തിന് കഴിയാനുള്ളത്ര സൗകര്യം ഷാജിയുടെ ഒറ്റ കുടുംബം അനുഭവിക്കുന്നു. എന്തുകൊണ്ടൊക്കെയാണ് ഇതൊക്കെ അശാസ്ത്രീയവും സാമൂഹ്യ ദ്രോഹവും വിനാശകരവുമായി വിലയിരുത്തേണ്ടി വരുന്നത്?

ഒന്നാമത്, നാലംഗ കുടുംബത്തിന് ആവശ്യമായ രണ്ടോ മൂന്നോ കിടപ്പുമുറികൾ, അടുക്കള, ഊണ് മുറി, സ്വീകരണമുറി, വരാന്ത എന്നിവയൊക്കെ 1000 ചതുരശ്ര അടിയിൽ നിൽക്കും. എം.എൽ.എ എന്ന നിലയിൽ ചെറിയ യോഗം ചേരാനും മറ്റും അധികപ്പറ്റായി 500 അടി ആക്കാമെന്നു കരുതിയാൽ തന്നെ, 1500 അടി മതി. 8000-1500= 6500 അടി അധിക നിർമ്മാണപ്രവർത്തനത്തിന് വേണ്ട കല്ല്, മണ്ണ്, വെള്ളം എന്നിവയും സിമന്റ്, കമ്പി, ഓട് തുടങ്ങിയവയുടെ നിർമ്മാണത്തിന് വേണ്ട വിഭവങ്ങളും സ്വന്തമായി സൃഷ്ടിക്കാൻ, എത്ര ധനികനായാലും കെട്ടിട ഉടമക്ക് കഴിയില്ല. പ്രകൃതിയിൽ നിന്ന് ശേഖരിക്കേണ്ടി വരും. പ്രകൃതിയിൽ ഇവയെല്ലാം പരിമിതമാണ് താനും. മുഴുവനും കുത്തിപ്പൊളിച്ച് എടുക്കാനും പാടില്ല. അതുകൊണ്ടാണല്ലോ അത് പൊതുസ്വത്തായി കണക്കാക്കി സംരക്ഷിക്കണമെന്നും നിയന്ത്രണ വിധേയമായി മാത്രം വിനിയോഗിക്കണമെന്നും വിവക്ഷിക്കുന്നത്.

കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട്‌
കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട്‌

എന്നാൽ, മൂലധനശക്തികളും ധനികരും ഇവ യഥേഷ്ടം എടുക്കും. ആ കവർച്ചയെ തടയുന്ന നിയമങ്ങളുടെ വരവിനെ അവർ ഒളിഞ്ഞും തെളിഞ്ഞും തടയും. ഉള്ള ചട്ടങ്ങളെ മറികടക്കും, മല തുരക്കും, പുഴ കവരും. കെട്ടിട നിർമ്മാണ ചട്ടങ്ങൾ അവർക്കു വഴിമാറും. കുമ്പിളിലെ കഞ്ഞി ഇരുന്നു കുടിക്കാനായി ഒരു കൂര പണിയാൻ പുറപ്പെടുന്ന കോരന്മാർക്ക് ആവശ്യത്തിന് വിഭവങ്ങൾ കമ്പോളത്തിൽ കിട്ടില്ല. കിട്ടിയാൽ തന്നെ അന്യായ വിലയുമാകും. മൂലധന ശക്തികൾ ബലഹീനമാക്കിയ മലനിരകൾ ഇടിഞ്ഞു വീഴുമ്പോൾ അടിയിൽ പെടുന്നതും അവരാണ്. പുഴ വറ്റുമ്പോൾ വെള്ളത്തിനായി ആദ്യം അലയുന്നതും പ്രളയ ജലം മിക്കവാറും വിഴുങ്ങുന്നതും മാറ്റാരെയുമല്ല. ഷാജിയെപ്പോലുള്ള ജനപ്രതിനിധികളും മൂലധനശക്തികളും ഒരു വശത്തു പാരിസ്ഥിതിക നാശവും മറുഭാഗത്ത് സാമൂഹ്യ അസമത്വവും ത്വരിതപ്പെടുത്തുകയാണ്.

ഒരു കെട്ടിട ഉടമയുടെ നിയമവിരുദ്ധ നടപടി

രണ്ടാമത്, വീട്ടുബജറ്റ് എത്രയോ അശാസ്ത്രീയമായാണ് ഷാജിയെപ്പോലുള്ളവർ കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിക്കാം. വീടുനിർമ്മാണത്തിലെ സാമൂഹ്യവും പരിസ്ഥിതികവുമായ ആഘാതങ്ങൾ ഒഴിവാക്കിയുള്ള ഗുണദോഷ വിശകലനത്തിൽ (Cost-Benefit Analysis) പോലും ഷാജി പരാജയപ്പെട്ടെന്നു ബോധ്യമാകും. ഒരാൾക്കു പണം ചെലവാക്കാൻ വിവിധ മാർഗങ്ങളുണ്ട്. ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങാം, ഭൂമിയിൽ നിക്ഷേപിച്ച് മൂല്യവർധനയുണ്ടാക്കാം, കെട്ടിടം പണിത് നല്ല വാടകക്കു കൊടുക്കാം തുടങ്ങിയ സാധ്യതകളുണ്ട്. പരമാവധി മികച്ച ഫലം തരുന്നത് തെരഞ്ഞെടുക്കുന്നതിലാണ് വൈദഗ്ധ്യം.

ഈ വഴികളിലുള്ള സാധ്യതകളെയെല്ലാം തള്ളി ഷാജി പണം വീട് നിർമ്മാണത്തിന് വിനിയോഗിക്കുന്നു. അതിൽ തെറ്റില്ല. പക്ഷെ, മുടക്കുന്ന ഓരോ രൂപക്കും തത്തുല്യമായ സന്തോഷം, സൗകര്യം, സമാധാനം, ഐശ്വര്യം എന്നിവ ഷാജിക്കും കുടുംബാംഗങ്ങൾക്കും ലഭ്യമാകണം. കെട്ടിടത്തിലെ ഓരോ ഭാഗവും പരമാവധി ദൈനദിന ജീവിതത്തിൽ പ്രയോജനപ്പെടണം. രണ്ടിടങ്ങളിലായി എണ്ണായിരത്തോളം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടങ്ങുന്ന കെട്ടിടത്തിലെ പല മുറികളിലും മാസത്തിലൊന്നെങ്കിലും പ്രവേശിക്കാനോ ആസ്വദിക്കാനോ അവർക്കാർക്കും, വിശേഷിച്ച് തിരക്കിനിടയിൽ ഷാജിക്ക്, കഴിയുന്നുണ്ടാവില്ല. ഒരു നേർച്ച പോലെ ഈ കെട്ടിടങ്ങൾ തൂത്തും തുടച്ചും അറ്റകുറ്റപ്പണി നടത്തിയും നിലനിർത്താൻ വേണ്ടിവരുന്ന വൻ തുക കണക്കു പുസ്തകത്തിൽ പാഴ്‌ചെലവിന്റെ കോളത്തിൽ മുഴച്ചുനിൽക്കും. ഏതെങ്കിലും ഭാഗം വാടകക്കോ, അല്ലെങ്കിൽ വീടില്ലാത്ത ആർക്കെങ്കിലും സൗജന്യ നിരക്കിൽ താമസിക്കാനോ കൊടുത്തിട്ടില്ലാത്തതിനാൽ ആ വഴിക്കും ഫലം ശൂന്യം.

മൂന്നാമത്, ഈ വിഷയത്തിലെ ബന്ധപ്പെട്ട അധികാരികളുടെയും സർക്കാരിന്റെയും ഇടപെടലിന്റെ ശാസ്ത്രീയത എത്രത്തോളമാണ്? ഒരു കെട്ടിട ഉടമയുടെ നിയമവിരുദ്ധ നടപടിയെന്ന സവിശേഷമായ തലവും സമൂഹത്തിൽ വ്യാപകമായി നടക്കുന്ന പ്രവർത്തണമെന്ന പൊതുതലവും ഇതിനുണ്ട്. ഒന്നാമത്തെ തലത്തിൽ വേണ്ടത് കുറ്റക്കാർക്കെതിരെ നിയമനടപടിയാണ്. ഷാജിക്കെതിരെ അത് തുടങ്ങി. 3200 ചതുരശ്ര അടി കെട്ടിടം നിർമ്മിക്കാനാണ് അനുമതി വാങ്ങിയതെന്നിരിക്കേ, നിയമവിരുദ്ധമായി അത് 5500 അടിയിൽ പണിതത് ബോധ്യപ്പെട്ടിട്ടും, തടയാതെ അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ സാധ്യമായ കർശന നടപടിയെടുക്കണം. ഏതെങ്കിലും പൊതുപ്രവർത്തകർ ഈ കൃത്യത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി വരണം.

ഹരിത എം.എൽ.എ എന്ന മാധ്യമ നിർമിതി

ഇനി സാമൂഹ്യതലം : ഇത് ഒറ്റപ്പെട്ട സംഭവമാണോ, അല്ലെങ്കിൽ എത്ര വ്യാപകം, എന്ത് ചെയ്യണം തുടങ്ങിയവയെ സംബന്ധിച്ച പ്രശ്‌നവൽക്കരണം, പഠനം, നടപടി എന്നിവയാണ് അവിടെ നടക്കേണ്ടത്. ഭാഗ്യവശാൽ, ഇതിൽ നടപടി ഒഴികെ ഏതാണ്ട് എല്ലാ കടമ്പകളും സാമാന്യമായി കേരളം പല തലങ്ങളിലായി കടന്നിട്ടുണ്ട്. വ്യാപകമായി നടക്കുന്ന അനധികൃത കെട്ടിട നിർമ്മാണങ്ങൾ സംബന്ധിച്ച് മോശമല്ലാത്ത ചിത്രവും രേഖകളും ഇന്നുണ്ട്. പൊളിച്ചു കളയേണ്ട ചില വൻകിട കെട്ടിടങ്ങളുടെ ലിസ്റ്റ് വരെയുണ്ട്.

പക്ഷേ, കാലാകാലങ്ങളായി കർശന നടപടിയുടെ കാര്യത്തിൽ അമാന്തമാണ്. ചരക്കുൽപാദന വ്യവസ്ഥയുടെ പ്രതിസന്ധി പകരുന്ന ദുരിതങ്ങളും, അതിവേഗത്തിലുള്ള ഫാസിസ്റ്റു വൽക്കരണവും, പരിസ്ഥിതി നാശവുമാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്നും അവ പരസ്പര പൂരകങ്ങളാണെന്നും ബോധ്യമായിട്ടും മലകളും, പുഴകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിൽ കാലത്തിനൊത്തു ഉയരാത്ത ഉൽക്കണ്ഠജനകമായ പൊതു കാൻവാസിൽ തന്നെവേണം ഇതും പരിശോധിക്കാൻ.

നാലാമത്, പുരോഗമനപരവും പാരിസ്ഥിതികവുമായ ചിന്തകൾക്ക് വേരോട്ടമുള്ള മണ്ണെന്ന നിലയിൽ കേരളത്തിൽ അൽപ്പം ഗ്രീൻ ആക്ടിവിസം കൂടി മേമ്പൊടിക്കിരിക്കട്ടെയെന്നു കരുതി ആ നിലയിലുള്ള വിത്തെറിഞ്ഞ് വിള കൊയ്യുന്നവരുമുണ്ട്. ഇതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കു ചില്ലറയല്ല. ‘ഹരിത എം.എൽ. എ', ‘ഹരിത എം.പി' എന്നൊക്കെ അവർ പട്ടം നൽകും. അചിരേണ നാമെല്ലാം "അങ്ങനെ തന്നെ' എന്ന് പറഞ്ഞു തുടങ്ങും.

വസ്തുതാപരമല്ലാത്തത് നമ്മെക്കൊണ്ട് അംഗീകരിപ്പിക്കുന്ന ഈ മാധ്യമ തന്ത്രത്തെയാണല്ലോ ചോംസ്‌കി ‘സമ്മതിയുടെ നിർമ്മിതി (Manufacturing of Consent)' എന്ന് ശാസ്ത്രീയമായി വിശകലനം ചെയ്യുന്നത്. ഏതെങ്കിലും ലേഖകർക്ക് ഒറ്റക്കോ കൂട്ടായോ തോന്നുന്ന വെളിപാടുകൾ ശാസ്ത്രീയമാകുന്നില്ല. ഒരു കണ്ടുപിടിത്തം ശാസ്ത്രത്തിന്റെ ഭാഗമാകുന്നതിന് മുന്നുപാധിയായി അത് തെളിയിക്കേണ്ട പല ഗുണങ്ങളുണ്ട്. അതിൽ സുപ്രധാനമാണ് ‘ആവർത്തന ക്ഷമത’ (Repeatability). പ്രത്യേക സ്ഥലത്തു നിന്ന് പച്ചിലയിൽ നിന്ന് പെട്രോൾ ഉണ്ടാക്കികാണിച്ചാൽ അത് ശാസ്ത്രത്തിന്റെ ഭാഗമാകില്ല. അത് രാജ്യത്തെയും ലോകത്തെയും വിവിധ പ്രദേശങ്ങളിൽ ആവർത്തിച്ചു കാണിക്കണം.

ഷാജി ഒരു ഹരിത എം.എൽ.എ ആണെന്ന പ്രസ്താവന ശാസ്ത്രീയമായി മാറണമെങ്കിൽ കണ്ടൽക്കാടിന്റെ കാര്യത്തിലുള്ള ജാഗ്രത, ഒട്ടും കുറയാതെ, വയനാട്ടിലെ പശ്ചിമഘട്ട സംരക്ഷണത്തിലും, കോഴിക്കോട്ടെ അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലും ഉണ്ടാകണം. സർവ്വോപരി, വ്യക്തി ജീവിതത്തിലും സ്വന്തം നിർമ്മാണ പ്രവർത്തനങ്ങളിലും അത് ശരാശരിക്ക് തൊട്ടുമുകളിലെങ്കിലും പ്രകടിപ്പിക്കണം. ഇടുക്കിയിലെ പശ്ചിമഘട്ട സംരക്ഷണത്തിന് അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും പള്ളിയുടെയും പട്ടക്കാരുടെയും സ്ഥാപിത താൽപര്യത്തെ തുറന്നു കാണിച്ച് ‘ഇടുക്കിയിലെ വലതുപക്ഷത്തുനിൽക്കുന്ന ഇടതൻ ' എന്ന ഖ്യാതി നേടിയ പി.ടി തോമസ്, മലയിലെ ഉറച്ച മണ്ണ് വിട്ട് എറണാകുളത്തെത്തിയപ്പോൾ ചതുപ്പിൽ കാൽ താഴ്ന്നതും നാം കണ്ടു.

പൊതുജനം എവിടെയാണ്?

അഞ്ചാമത്, പൊതുജനങ്ങളുടെ സമീപനവും ഇടപെടലും എത്ര ശാസ്ത്രീയമാണെന്നു കൂടി പരിശോധിക്കപ്പെടേണ്ടതാണ്. സങ്കുചിത കക്ഷിരാഷ്ട്രീയ പരിഗണനകൾക്കും വാർത്തകളെ തരാതരം പോലെ അനുചിതമായി ആഘോഷിക്കുന്നതും തമസ്‌ക്കരിക്കുന്നതും പൊതുവിൽ ശീലമാക്കി മാറ്റിയ മുഖ്യധാരാ മാധ്യമങ്ങളുടെ ദുസ്വാധീനത്തിനുമപ്പുറം, മെച്ചപ്പെട്ട പരിസ്ഥിതി ബോധവും പ്രതിരോധ രീതികളും സാധ്യതകൾക്കൊത്ത് ഇനിയും വളരേണ്ടിയിരിക്കുന്നു.

ഉചിതമായ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വ്യാപനം മുകളിൽ നിന്ന് താഴേക്ക് മാത്രമല്ല, താഴെ നിന്ന് മുകളിലേക്കും ആകണം. ഒരു പ്രദേശത്തെ വികസനത്തെ സംബന്ധിച്ച് അവിടുത്തെ പൗരന്മാർ കൂടിയിരുന്ന് ചർച്ച ചെയ്ത് പദ്ധതികൾ രൂപപ്പെടുത്തേണ്ട ഗ്രാമസഭകൾ ഇന്ന് ഗുണഭോക്തൃ ലിസ്റ്റുണ്ടാക്കുന്ന വേദി മാത്രമായിട്ടുണ്ട്. തങ്ങളുടെ നാട്ടിലെ കൃഷി, വ്യവസായം, പുഴ, മല, തീരം,നീർത്തടം, വായു, മണ്ണ്, പൊതുസ്ഥാപനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, വീട് എന്നിവയൊക്കെ എന്തൊക്കെയാകണമെന്നും എങ്ങനെയാകണമെന്നും തീരുമാനിക്കുന്നതിനു കരഗതമായ നിർണായക ജനാധിപത്യ അവകാശത്തെക്കുറിച്ച് അവർ ഏതാണ്ട് മറന്നിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് എന്ന ജനകീയ സംവിധാനത്തിന്റെ പോരാട്ടവീറും വിജയവും കൊക്കോ കോള - ആഗോള കമ്പനിയുടെ പിൻവാങ്ങലിൽ കേരളം സാക്ഷിയായതാണ്. കേരളത്തിലെ നല്ലൊരു പങ്ക് പൊതുപ്രവർത്തകർ അടിസ്ഥാനപരമായി നന്മയുള്ളവരും, പ്രബുദ്ധമായ രാഷ്ട്രീയ പാരമ്പര്യത്തിന്റെ അംശങ്ങൾ പേറുന്നവരുമാണ്. പക്ഷെ, എല്ലായിടത്തും അവർ പറയുന്നത് മാത്രം കേട്ടാൽ പലപ്പോഴും മതിയാകില്ല. അടിത്തട്ടിൽ നിന്നുള്ള ഉത്തമ രാഷ്ട്രീയത്തിന്റെ വ്യാപനം മുകളിലുള്ള അവരിലേക്ക് തിരിച്ചും ഉണ്ടാവണം. അത് അവരിലെ നന്മകളെ ഊതിക്കാച്ചും; വഴങ്ങാത്തവർ സ്വാഭാവികമായി ഒഴിവാക്കപ്പെടും. അത് അനിവാര്യമായ രാഷ്ട്രീയ പ്രക്രിയയാണ്.


Summary: കെ.എം. ഷാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കൂടിയിരുന്നാലോചിച്ച്​ രൂപകൽപ്പന ചെയ്ത ലൈഫ് മിഷൻ- വീടിന്റെ വലിപ്പമനുസരിച്ച് 16 കുടുംബത്തിന് കഴിയാനുള്ളത്ര സൗകര്യം ഷാജിയുടെ ഒറ്റ കുടുംബം അനുഭവിക്കുന്നു. എന്തുകൊണ്ടൊക്കെയാണ് ഇതൊക്കെ അശാസ്ത്രീയവും സാമൂഹ്യ ദ്രോഹവും വിനാശകരവുമായി വിലയിരുത്തേണ്ടി വരുന്നത്? ആയിരക്കണക്കിന് ചതുരശ്ര അടികളിൽ രമ്യഹർമ്യങ്ങളും ഇതര നിർമ്മിതികളും യഥേഷ്ടം കെട്ടിയുയർത്തിയാൽ, അത് താങ്ങാനുള്ള ശേഷി പാരിസ്ഥിതികമായി ഏറെ സങ്കീർണ്ണമായ കേരളത്തിനില്ല. അത്, കേരളത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതും ആഴമേറിയ വിശകലനവും നടപടികളും നിരന്തരം ആവശ്യപ്പെടുന്നതുമായ അടിസ്ഥാന പ്രശ്നമാണ്- കെ.എം. ഷാജിയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങളെ ശാസ്ത്രമെഴുത്തിന് വിഭവമാക്കുകയാണ്​ ലേഖകൻ


Comments