ഔദ്യോഗികമായി ബി.ജെ.പി അംഗത്വം നേടിയ ഇ. ശ്രീധരന് നൽകിയ സ്വീകരണത്തിൽ നിന്ന്‌

കേരള ഹിന്ദുത്വത്തിന്റെ ഒരു 'ഹൈദഗർ മൊമെൻറ്​'

‘ഹിന്ദുത്വയാവുക' എന്ന, കേരളത്തിൽ പലയിടത്തും ഇപ്പോഴും നിലനിൽക്കുന്ന സാമൂഹ്യനാണത്തിന്റെ അവസ്ഥയില്ലാതാക്കാൻ പരിവാർ വർഷങ്ങളായി കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.

2002ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ച Semiotics of Terror എന്ന ലേഖനത്തിൽ, എങ്ങനെയാണ് പരിവാർ രാഷ്ട്രീയം ‘പൊലീസ് മുതൽ ഹോസ്പിറ്റൽ' വരെയുള്ള സ്ഥാപനങ്ങളിലേക്ക് വേരുകളിറക്കുന്നത് എന്നതിനെപ്പറ്റി തനിക സർക്കാർ വിശദീകരിക്കുന്നുണ്ട്. ഇത്തരം വേരുറപ്പിക്കലുകൾ ഹിന്ദുത്വ രാഷ്ട്രീയത്തിനോളം തന്നെ പഴക്കമുള്ളതാണ് എന്ന് അവർ കൃത്യമായി സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള വേരുറപ്പിക്കലിന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് സാമൂഹ്യാംഗീകാരമുള്ള വ്യക്തികളെ ഈ രാഷ്ട്രീയത്തിലേക്കടുപ്പിക്കുക എന്നത്. കേരളം പ്രതിരോധിച്ച പരിവാർ രാഷ്ട്രീയത്തെ പ്രസിദ്ധരിലൂടെ സാധാരണപ്പെടുത്തി (normalise), താഴെത്തട്ടിലേക്ക് അരിച്ചിറങ്ങാനും അതുവഴി സാമൂഹ്യ അംഗീകാരം ലഭിക്കാനുമുള്ള (Trickle Down Social Acceptance), പ്രവർത്തനങ്ങൾ സാവധാനത്തിലെങ്കിലും, വളരെ കാര്യക്ഷമമായി പരിവാർ നടത്തിക്കൊണ്ടിരിക്കുകയാണ്, ദശാബ്ദങ്ങളായിട്ട്.

ഇ. ശ്രീധരന്റെ പരിവാർ പ്രവേശനവും, പ്രസ്താവനകളും അതുണ്ടാക്കാൻ പോകുന്ന ചലനങ്ങളും പഠനവിധേയമാക്കാൻ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോ, ചിന്തകരോ മുതിർന്നിട്ടില്ല എന്നത് കൗതുകകരമാണ്

ഐ.എസ്.ആർ.ഒ തലവനായിരുന്ന മാധവ മേനോൻ, ജസ്റ്റിസ് ശ്രീദേവി, പത്രപ്രവർത്തക ലീല മേനോൻ തുടങ്ങിയ പ്രമുഖരെ തങ്ങളിലേക്ക് അടുപ്പിക്കാനും തങ്ങളുടെ രാഷ്ട്രീയ വിചാരങ്ങളെ വ്യാപിപ്പിക്കാനും വളരെ കാര്യക്ഷമമായി തന്നെ കഴിഞ്ഞിട്ടുണ്ട് പരിവാർ രാഷ്ട്രീയത്തിന്. ഒരുകാലത്ത്, കേരളത്തിലെ സവർണ സമുദായങ്ങൾ ‘നാണക്കേടും', ‘അനഭിലഷണീയവുമായി' കരുതിയിരുന്ന പരിവാർ രാഷ്ട്രീയത്തിന് ക്രമാനുഗതമായ സ്വീകരണം ഈ സമുദായങ്ങളിലും മറ്റു സമുദായങ്ങളിലും ലഭിക്കുന്നതിന് സിനിമകൾക്കപ്പുറമുള്ള പ്രതിഭകളെ വശീകരിക്കുന്നതിലൂടെ ഹിന്ദുത്വ പരിവാറിന് സാധിച്ചിട്ടുണ്ട് എന്നുതന്നെയാണ് നിലവിലെ കേരള രാഷ്ട്രീയം നമ്മോടു പറയുന്നത്. സവർണ സമുദായങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ രണ്ട് ദശാബ്ദമായി പരിവാർ സംഘടനകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സാമൂഹ്യാംഗീകാരം ഈ ദിശയിലേക്കുതന്നെയാണ് കൈചൂണ്ടുന്നത്.

ഹൈദഗറുടെ വരവുണ്ടാക്കിയ മരവിപ്പ്

സ്വാതന്ത്ര്യാനന്തരം അധികാരം നഷ്ടപ്പെട്ട, എന്നാൽ അതിന്റെ ഗൃഹാതുരത്വത്തിൽ തന്നെ ജീവിച്ച ഭൂവുടമകളായിരുന്ന പ്രമാണികളിലൂടെയായിരുന്നു ആദ്യകാലത്ത് പരിവാർ പ്രവർത്തനങ്ങളെ വ്യാപിച്ചിരുന്നത്. ഗോൾവാൾക്കർ അടക്കമുള്ള ഹിന്ദുത്വ നേതാക്കൾ ഇത്തരത്തിലുള്ള പല തറവാടുകളിലെയും

നിത്യസന്ദർശകരായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ന് ലഭ്യമാണ്. എന്നാൽ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി സിവിൽ സർവീസ്, സിനിമ തുടങ്ങിയവയിലെ പ്രധാനികളെയാണ് പരിവാർ ലക്ഷ്യമിടുന്നതെന്നു കാണാം. പരിവാർ ഉയർത്തുന്ന സാംസ്‌കാരിക ദേശീയതക്കുള്ളിൽ, കേരളം പോലെയുള്ള, മധ്യവർഗത്തിന് മേധാവിത്വമുള്ള ഒരു ജൈവ- രാഷ്ട്രീയ പ്രദേശത്ത്, ഉയർന്ന ജാതികളിൽപെട്ട, ജോലിയിൽ കഴിവുതെളിയിച്ചവരെ വശീകരിക്കുന്നതിലൂടെ മധ്യവർഗ- ഉയർന്ന ജാതി ജനവിഭാഗങ്ങളുടെ സ്വീകാര്യത തന്നെയാണ് പരിവാർ ലക്ഷ്യമിടുന്നത്. അതേപോലെതന്നെ, തങ്ങളിൽ രൂഢമായതും എന്നാൽ അടക്കിപ്പിടിക്കാൻ നിർബന്ധിക്കപ്പെട്ടുമിരുന്ന ന്യൂനപക്ഷ/ സംവരണ/പൗരാവകാശങ്ങളോടുള്ള അനിഷ്ടവും, ജാതീയതയും പ്രകടിപ്പിക്കാനുള്ള, അത് പ്രകടമായി പറയാനുള്ള വേദിയായി പരിവാറിനെ ഉപേയാഗിക്കാൻ ഇങ്ങനത്തെ പ്രധാനികൾക്ക് സാധിക്കുന്നതും കാണാം.
​അക്രമാസക്തമായ സാംസ്‌കാരിക ദേശീയത പ്രചരിപ്പിച്ച ജർമൻ നാഷണൽ സോഷ്യലിസം (നാസിസം) എങ്ങിനെയാണ് പ്രാഗൽഭ്യം തെളിയിച്ച ഗവേഷകരെയും ചിന്തകരെയും വശീകരിച്ചത് എന്ന് പ്രമുഖ ചിന്തകയും ഗവേഷകയുമായ യൊന്നെ ഷെറാത്ത് (Yvonne Sherratt) തന്റെ പ്രസിദ്ധമായ Hitler's Philosophers എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

തന്റെ ചിന്തകളുടെ ഏറ്റവും പ്രഭാവ കാലത്തുതന്നെ നാസിസത്തിലേക്കു കൂടുമാറിയ ഹൈദഗറിലൂടെ അവർക്കു കിട്ടിയത് തങ്ങൾ തേടിക്കൊണ്ടിരിക്കുന്ന "ജീനിയസി'നെയായിരുന്നു. ലോകം അറിയുന്ന, ചിന്തകളിലൂടെ ലോകത്തെ മാറ്റിമറിച്ച ഒരു ജീനിയസ്

സാധാരണക്കാർ മാത്രമല്ല, ഡോക്ടർമാരും, അധ്യാപകരും, കലാകാരന്മാരും, സംഗീതജ്ഞരും, ബ്യൂറോക്രാറ്റുകളും മാത്രമല്ല മഹാചിന്തകരും, നാഷണൽ സോഷ്യലിസത്തിന്റെ ഭാഗമായി നിലകൊണ്ടിരുന്നു. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും നിയമജ്ഞാനിയും ആധുനികതാവിരുദ്ധനുമായ കാൾ ഷ്മിത്തി (Carl Schmitt) നെ നാസിസ്റ്റു ജർമനിയുടെ ആശയങ്ങളിലേക്ക് വശീകരിച്ചത് എങ്ങനെയെന്ന് അവർ വിവരിക്കുന്നുണ്ട്. ജർമനിയിലെ ഏറ്റവും പ്രമുഖനായ നിയമജ്ഞൻ എന്നറിയപ്പെട്ടിരുന്ന, ‘നാഷണൽ കോൺസ്റ്റിറ്റ്യൂഷണലിസ്റ്റ്' എന്ന് വിശേഷിക്കപ്പെട്ട ഷ്മിത്ത്, നാസികളുമായി സഹകരിക്കാൻ തുടങ്ങിയ ഉടൻ നിരവധി പദവികൾ അദ്ദേഹത്തെ തേടിയെത്തുന്നുണ്ട്.

കാൾ ഷ്മിത്ത്

ജർമനിയിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ബെർലിൻ യൂണിവേഴ്‌സിറ്റിയുടെ ‘ചെയർ' ആയി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം നാസിസം അവസാനിക്കുന്നതുവരെ അവിടെ തുടരുന്നു. തന്റെ അടുത്ത സുഹൃത്തുക്കളടക്കമുള്ളവരെയടക്കം ‘നീണ്ട കത്തികളുടെ രാത്രി' (Night of the Long Knives) എന്ന് പേരിട്ടുവിളിക്കുന്ന കൂട്ടക്കൊലക്ക് വിധേയമാക്കിയപ്പോൾ അതിനെ

‘ഏറ്റവും മഹത്തായ ഭരണഘടനാ പ്രക്രിയ' എന്ന് ന്യായീകരിക്കാൻ പറ്റുന്ന തലത്തിലേക്കുള്ള ബുദ്ധിജീവിയായും നിയമവിശാരദനായും, അധ്യാപകനായും, ഹിറ്റ്‌ലറുടെ മുഖ്യ നിയമോപദേശകനായും അയാൾ മാറിയിരുന്നു, ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ. തനിക്കെതിരെ വന്നിട്ടുള്ള വിമർശനങ്ങളും ആക്ഷേപങ്ങളും തന്റെ വംശീയതയും വർഗീയതയും നിറഞ്ഞ പ്രസ്താവനകളെയും, നയങ്ങളെയും മൃദുപ്പെടുന്നതിനു പകരം, അവ അയാളിലെ മനുഷ്യത്വ വിരുദ്ധ നിലപാടുകളെ ബലപ്പെടുത്തുകയാണ് ചെയ്തന്നെന്ന് Hitler's Philosophers ചൂണ്ടിക്കാട്ടുന്നുണ്ട്.

അതുപോലെ, ലോകപ്രസിദ്ധ ചിന്തകനായിരുന്ന മാർട്ടിൻ ഹൈദഗറും നാസിസത്തെ പൂർണമായും പുൽകുന്ന കാഴ്ചകളും ഈ പുസ്തകം വിവരിക്കുന്നുണ്ട്. ഹൈദഗർ ഹിറ്റ്‌ലറെ പൂർണമായും പിന്തുണച്ചപ്പോൾ ലോകമാകെ മരവിപ്പുണ്ടായതായിട്ടാണ് ആ സമയത്തുള്ള വാർത്തകൾ നമ്മോടു പറയുന്നത്.

മാർട്ടിൻ ഹൈദഗർ / Photo: European Heritage Association

തന്റെ ചിന്തകളുടെ ഏറ്റവും പ്രഭാവകാലത്തുതന്നെ നാസിസത്തിലേക്കു കൂടുമാറിയ ഹൈഡിഗറിലൂടെ അവർക്കു കിട്ടിയത് തങ്ങൾ തേടിക്കൊണ്ടിരിക്കുന്ന "ജീനിയസി'നെയായിരുന്നു. ലോകം അറിയുന്ന, ചിന്തകളിലൂടെ ലോകത്തെ മാറ്റിമറിച്ച ഒരു ജീനിയസ്. ജോൺ കോൺവെൽന്റെ Hitler's Scientists ലോ, Philip Morgan ന്റെ പുസ്തകമായ Hitler's Collaborators ലോ പ്രസ്താവിക്കപ്പെട്ട ശാസ്ത്രജ്ഞർക്കോ, ബ്യുറോക്രാറ്റുകൾക്കോ കിട്ടാത്ത പരിഗണനയും, ആവേശവുമായിരുന്നു ഹൈഡിഗറുടെ വരവിലൂടെ ജർമൻ നാഷണൽ സോഷ്യലിസത്തിനു കിട്ടിയത് എന്ന് കാണാൻ കഴിയും.

പുതിയ ‘കൊളാബോറേഷനിസ്റ്റുകൾ'

കേരള ഹിന്ദുത്വ പരിവാറിൽ, ‘മെട്രോ-മെൻ' എന്നറിയപ്പെടുന്ന ഇ. ശ്രീധരൻ ചേർന്നപ്പോൾ പരിവാർ നേതാക്കളിൽനിന്ന് വരുന്ന പ്രകടനങ്ങൾ കാണുമ്പോൾ തങ്ങൾ തേടിക്കൊണ്ടിരുന്ന ‘ജീനിയസിന്റെ' വരവിലെ സന്തോഷമാണ് അത് എന്നുപറയാൻ പറ്റുന്നു. കേരള ഹിന്ദുത്വത്തിന്റെ ഒരു ‘ഹൈഡിഗർ മൊമെന്റ്​' ആണ് ശ്രീധരനിലൂടെ പരിവാറിനു ലഭിച്ചത് എന്ന് അൽപം ആലങ്കാരികമായിട്ടും അൽപം കാര്യത്തിലും തന്നെ പറയാം. കേരള ഹിന്ദുത്വം കാലങ്ങളായി തേടിക്കൊണ്ടിരുന്ന ഒരു ‘ജീനിയസി'നെ കിട്ടുകയാണ് അവർക്ക് ശ്രീധരനിലൂടെ. ഏറ്റവും പ്രഭാവകാലത്തുപോലും കേരളാ അതിർത്തികൾക്കപ്പുറം അറിയപ്പെടാതെ പോയ സുരേഷ്ഗോപിയോ, ഭീമൻ രഘു, കൃഷ്ണകുമാർ തുടങ്ങി, തങ്ങളുടെ പ്രവർത്തനമേഖലകളിൽ എടുത്തുപറയത്തക്ക കയ്യൊപ്പുകളൊന്നും അവശേഷിപ്പിക്കാത്ത, അവസരങ്ങൾ പരിമിതമായ നടന്മാരോ, ഉദ്യോഗസ്ഥന്മാരായിരുന്ന സെൻകുമാറോ, ജേക്കബ് തോമസോ, അൽഫോൺസ് കണ്ണന്താനമോ, ‘ജീനിയസ്' എന്ന പരിപ്രേക്ഷ്യത്തിലേക്ക് വരുന്നവരല്ല.

സുരേഷ് ഗോപി ബി.ജെ.പി പരിപാടിയിൽ

കേരളത്തിലെ പരിവാർ തേടിക്കൊണ്ടിരുന്നത്, സവർണതയും, ആഗോള പ്രശസ്തിയും, മലയാളിത്തവും, മാംസവിരോധവും, ശുദ്ധിവാദവും, ആചാരപ്രവർത്തനവും, കുലമഹിമയും ഒത്തിണങ്ങിയ, സൂപ്പർമാൻ പരിവേഷമുള്ള ഒരു "സമ്പൂർണ ജീനിയസി' (complete genius) നെയായിരുന്നു. കേരളത്തിൽ ഇതുവരെയും പരിവാർ രാഷ്ട്രീയത്തിൽ കടന്നുവന്നിട്ടുള്ള ‘പ്രധാനി'കൾക്കാർക്കും കിട്ടാത്ത വാർത്താപ്രാധാന്യം ശ്രീധരന് കിട്ടുന്നതും അതുകൊണ്ടുതന്നെയാണ്. പ്രായാധിക്യവും, ക്ഷീണവും തളർത്തുന്ന 88ാമത്തെ വയസിൽ, വിശ്രമ ജീവിതത്തിനിടക്കാണ് തന്റെ പരിവാർ പ്രവേശനം എന്നതൊഴിച്ചാൽ, ഏറ്റവും പ്രഭാവകാലത്ത് അതി- വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് മാറിനടന്ന ഹൈഡിഗറെന്ന ‘ജീനിയസിന്റെ' പ്രവേശനം ഉണ്ടാക്കിയ ചലനങ്ങളും, അമ്പരപ്പുകളും, നൊമ്പരങ്ങളും, ആഹ്ലാദവും അതിൽ കൂടുതലായിട്ട് ശ്രീധരന്റെ വിഷയത്തിൽ നടന്നതായി കാണാം.

മുമ്പ് സൂചിപ്പിച്ചതുപോലെ, പ്രധാനികളെ തിരുകിക്കയറ്റുന്നതിലൂടെ, ‘ഹിന്ദുത്വയാവുക' എന്ന, കേരളത്തിൽ പലയിടത്തും ഇപ്പോഴും നിലനിൽക്കുന്ന സാമൂഹ്യനാണത്തിന്റെ (social shame) അവസ്ഥയില്ലാതാക്കാൻ പരിവാർ വർഷങ്ങളായി കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാൽ വൈജ്ഞാനികമായും, ചിന്താപരമായുമുള്ള സംഭാവനകളൊന്നും അവകാശപ്പെടാനില്ലാത്ത മുമ്പുവന്ന "പ്രധാനികളിൽ' അധികവും അപഹാസ്യവുമായ പ്രസ്താവനകളിലൂടെ ഈ നാണാവസ്ഥയെ പല സ്ഥലത്തും വീണ്ടും ശക്തിപ്പെടുത്തുകയായിരുന്നു. നരേന്ദ്ര മോദിയെ സൂപ്പർ ഹ്യൂമൻ ആയി കാണുന്ന പ്രധാനികളിലെ ഏറ്റവും അവസാനത്തെയാളായ ശ്രീധരൻ ഇതിന് മാറ്റം വരുത്തുമെന്ന് പരിവാർ ഉറച്ചു വിശ്വസിക്കുന്നുണ്ട്.

ഏറ്റവും പ്രഭാവകാലത്ത് അതി-വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് മാറിനടന്ന ഹൈഡിഗറെന്ന ‘ജീനിയസിന്റെ' പ്രവേശനം ഉണ്ടാക്കിയ ചലനങ്ങളും, അമ്പരപ്പുകളും, നൊമ്പരങ്ങളും, ആഹ്ലാദവും അതിൽ കൂടുതലായിട്ട് ശ്രീധരന്റെ വിഷയത്തിൽ നടന്നതായി കാണാം.

എന്നാൽ ശ്രീധരന്റെ പരിവാർ പ്രവേശനവും, പ്രസ്താവനകളും അതുണ്ടാക്കാൻ പോകുന്ന ചലനങ്ങളും, മുമ്പുള്ള പ്രധാനികളുടെ കാര്യത്തിലെന്നപോലതന്നെ, പഠനവിധേയമാക്കാൻ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോ, ചിന്തകരോ മുതിർന്നിട്ടില്ല എന്നത് കൗതുകകരമാണ്. സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന ആക്ഷേപങ്ങളും, പരിഹാസങ്ങളും കൊണ്ട് തങ്ങളുടെ നിലപാടുകൾ മാറ്റുമെന്നോ മയപ്പെടുത്തുമെന്നോ ആണ് പലരും വിശ്വസിക്കുന്നതെന്നും മനസിലാവും. ഇതിൽ അർത്ഥമുണ്ടോ? പൂർണ ബോധ്യത്തോടെ തങ്ങൾ തിരഞ്ഞെടുത്ത രാഷ്ട്രീയ- ആശയവഴിയെ വീണ്ടും വീണ്ടും ശക്തിപ്പെടുത്താനും അതിനോടുള്ള കൂറ് ഓരോ ദിവസവും ദൃഢപ്പെടുത്താനുമുള്ള ഊർജവുമായിട്ടാണ് ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും ശ്രീധരനടക്കമുള്ള പ്രധാനികൾ ഉപയോഗപ്പെടുത്താൻ പോകുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മാർട്ടിൻ ഹൈഡിഗറെ പോലെയുള്ളവരുടെ ചരിത്രവും നമ്മോടു പറയുന്നതും മറ്റൊന്നുമല്ല. പരിഹാസം അവർക്ക് ഊർജ്ജമായിരുന്നു. ആക്ഷേപങ്ങളെ അവർ ഇഷ്ടപ്പെടുകയായിരുന്നു. കാരണം, പരിവാർ രാഷ്ട്രീയത്തിലെ പുതിയ ‘കൊളാബോറേഷനിസ്റ്റുകൾ' എന്ന് വിളിക്കാൻ പറ്റുന്ന ഈ പ്രധാനികൾ, ഒരു സുപ്രഭാതത്തിൽ ആ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ആശയങ്ങളിലേക്ക് ആകൃഷ്ടരായവരല്ല എന്നതുകൊണ്ടാണ് അത്. മറിച്ച്, കേരളത്തിന്റെ പ്രത്യേകമായ സാമൂഹ്യ- രാഷ്ട്രീയ അവസ്ഥകളിൽ തങ്ങളുടെ വികാരങ്ങളുടെ ദൃശ്യതയെ അവർ മാറ്റിനിർത്തി എന്നുമാത്രമേ പറയാൻ പറ്റൂ. പറ്റിയ അന്തരീക്ഷം ഉയർന്നുവന്നപ്പോൾ, ആ വികാരങ്ങളുടെ ദൃശ്യപ്പെടുത്തലുകൾ അവർ ആഗ്രഹിക്കുകയാണ്. അവ അധികാരത്തിലേക്കും അവസരങ്ങളിലേക്കും വഴികൾ തുറക്കുമെന്നുള്ള ഉറപ്പും കൂടിയാകുമ്പോൾ ഇനിയും പല പ്രധാനികളും പരിവാറിലേക്ക് പ്രവേശനം കാത്തു നിൽക്കുകയാണ് എന്നുതന്നെ പറയേണ്ടിവരും.▮


ഡോ. യാസ്സർ അറഫാത്ത് പി. കെ.

ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകനും ചരിത്ര ഗവേഷകനുമാണ്. കേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഫെല്ലോയായിരുന്നു. മലയാളത്തിലും ഇംഗ്ളീഷിലും ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും എഴുതാറുണ്ട്

Comments