പരിഷ്കാരങ്ങൾ​ക്കെതിരെ യൂണിയനുകൾ, മ​ന്ത്രിയുടെ ‘മലപ്പുറം മാഫിയ’ വിളി, ഡ്രൈവിങ് ടെസ്റ്റുകൾ നിലച്ചു

ഡ്രൈവിങ് ടെസ്റ്റ് നിർത്തിവച്ച് സംസ്ഥാനത്തുടനീളം യൂണിയനുകൾ പ്രതിഷേധിക്കുകയാണ്. സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്കരണം അപ്രായോഗികമാണ് എന്നാണ് ഡ്രൈവിങ് സ്കൂളുകൾ പറയുന്നത്. എന്തു കാരണവശാലും പരിഷ്കാരങ്ങളിൽനിന്ന് പിന്നോട്ടില്ല എന്നാണ് മന്ത്രിയുടെ നിലപാട്.

Think

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ​ത്തെച്ചൊല്ലി ഡ്രൈവിങ് സ്‌കൂൾ ഉടമകളും സർക്കാറും തമ്മിലുള്ള ഭിന്നതയെതുടർന്ന് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ നിലച്ചു. ഇന്നു മുതൽ പരിഷ്കാരം നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനെതിരെ, ഡ്രൈവിങ് ടെസ്റ്റ് നിർത്തിവച്ച് സംസ്ഥാനത്തുടനീളം യൂണിയനുകൾ പ്രതിഷേധിക്കുകയാണ്. സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയാണ് സംസ്ഥാന വ്യാപക സമരത്തിന് നേതൃത്വം നൽകുന്നത്. സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്കരണം അപ്രായോഗികമാണ് എന്നും സർക്കുലർ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നുമാണ് യൂണിയനുകൾ പറയുന്നത്. എന്തു കാരണവശാലും പരിഷ്കാരങ്ങളിൽനിന്ന് പിന്നോട്ടില്ല എന്നാണ് മന്ത്രിയുടെ നിലപാട്.

മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ട് അടച്ചിട്ടാണ് പ്രതിഷേധം. കൊച്ചിയിലും കോഴിക്കോടും ടെസ്റ്റ് ബഹിഷകരണ സമരവും ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള വഴി സ്‌കൂൾ ഉടമകൾ തടഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതിഷേധമുണ്‌നടായി. കാസർകോട്ട് മെയ് 24 വരെ ടെസ്റ്റുകൾ നിർത്തിവച്ചു. പത്തനംതിട്ടയിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശനകവാടം ഉപരോധിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ സ്തംഭിച്ചിരിക്കുകയാണ്. ആർ.ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സി ഐ ടി യു വ്യക്തമാക്കിയിരുന്നു.

കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുന്നതിൽ തുടക്കം മുതൽ എതിർപ്പുണ്ടായിരുന്നു. കെ.ബി. ഗണേഷ്‌കുമാർ ഗതാഗത മന്ത്രിയായ ഉടൻ പ്രഖ്യാപിച്ച പരിഷ്‌കരണ നിർദേശങ്ങളെ എതിർത്ത് ആദ്യം രംഗത്തുവന്നത് സി ഐ ടി യുവാണ്. ട്രാക്കൊരുക്കുന്നതിൽ പോലും ഡ്രൈവിങ് സ്‌കൂളുകളുടെ ഭാഗത്തുനിന്ന് നിസഹകരണമുണ്ടായിരുന്നു. അപ്രായോഗിക നിർദേശങ്ങളെന്ന് വിമർശിച്ച് പരിഷ്‌കാരങ്ങൾ സി ഐ ടി യു നേരത്തെ തന്നെ ബഹിഷ്‌കരിച്ചിരുന്നു.

ഇന്നുമുതൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാൻ ഗതാഗത വകുപ്പ് തയാറെടുക്കവെ ഡ്രൈവിങ് സ്‌കൂൾ ഉടമകളും ജീവനക്കാരും സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിലാണ്.
ഇന്നുമുതൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാൻ ഗതാഗത വകുപ്പ് തയാറെടുക്കവെ ഡ്രൈവിങ് സ്‌കൂൾ ഉടമകളും ജീവനക്കാരും സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിലാണ്.

റോഡ് ടെസ്റ്റിനു ശേഷം 'എച്ച്' ടെസ്റ്റ് നടത്തുക, ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാർക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പരിഷ്കാരങ്ങളുടെ ഭാഗമാണ്.
ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകൾ. 'മോട്ടോർ സൈക്കിൾ വിത്ത് ഗിയർ' വിഭാഗത്തിൽ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഗിയർ സിലക്ഷൻ സംവിധാനമുള്ളതും 95 സിസിക്കു മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആണ്.
പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി ദിവസം 60 പേർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

ഗതാഗതവകുപ്പ് നിർദേശിച്ച പരിഷ്കാരങ്ങൾ:

  • പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ.

  • H പരീക്ഷക്കു പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ് നടത്തുക.

  • 15 വർഷങ്ങൾ കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല.

  • കയറ്റിറക്കം, റിവേഴ്‌സ് ടെസ്റ്റിങ്, റിവേഴ്‌സ് സ്റ്റോപ്പ്, ഫോർവേഡ് സ്റ്റോപ്പ് എന്നിവയും ചെയ്യണം.

  • ഫോർ വീലർ ലൈസൻസിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല.

  • മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം.

  • 99 സിസിക്ക് മുകളിലായിരിക്കണം വാഹനം.

  • ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല.

  • ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം.

  • ടെസ്റ്റ് റെക്കോർഡ് ചെയ്ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കമ്പ്യൂട്ടറിലേക്ക് മാറ്റുകയും ഡാറ്റ 3 മാസം സൂക്ഷിക്കുകയും വേണം.

  • പഴക്കം ചെന്ന വാഹനങ്ങൾ മെയ് ഒന്നിനു മുൻപ് നീക്കണം.

  • ഡ്രെവിങ് സ്‌കൂളിലെ പരിശീലകരായി യോഗ്യതയുള്ളവരെ നിയമിക്കണം.

  • റെഗുലർ കോഴ്‌സായി മെക്കാനിക്കൽ എഞ്ചിനിയറിങ് പാസായവരായിരിക്കണം.

  • വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ തന്നെ റോഡ് ടെസ്റ്റ് നടത്തണം.

  • ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുകയും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.

    undefined

ആദ്യഘട്ടത്തിൽ കൊണ്ടുവന്ന പരിഷ്‌കരണങ്ങൾ ഇവയാണെങ്കിലും സി ഐ ടി യു അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ദിവസം 30 ടെസ്റ്റ് എന്നത് 60 എന്ന നിലയിലേക്ക് ഉയർത്തി. പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ H ടെസ്റ്റ് തുടരാനും അനുമതി നൽകി. എന്നാൽ നിലവിൽ ഉയർന്നിരിക്കുന്ന സംയുക്ത പ്രതിഷേധങ്ങൾ ടെസ്റ്റ് നടപടികളെ നിശ്ചലമാക്കിയിരിക്കുകയാണ്.

വണ്ടിയോടിക്കാനുള്ള ലൈസൻസാണ് നൽകുന്നതെന്നും അല്ലാതെ കൊല്ലാനുള്ള ലൈസൻസല്ലെന്നും വിമർശിച്ച മന്ത്രി പരിഷ്‌കാരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചു. 'ഒരുദിവസം ആറു മണിക്കൂർ കൊണ്ട് 126 ലൈസൻസ് കൊടുക്കുകയാണ്. ലൈസൻസ് എടുക്കാനുള്ള സമയം പരിശോധിക്കണം. കൊടുക്കുന്ന ആൾ ശ്വാസംവിടാതെയാണ് ലൈസൻസ് കൊടുക്കുന്നത്. എങ്ങനെയാണ് അത്തരത്തിൽ ലൈസൻസ് കൊടുക്കാൻ സാധിക്കുന്നത്? മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂളുകളുടേയും ഏജന്റുമാരുടേയും മാഫിയയുണ്ട്. ഇവരും ചില ഉദ്യോഗസ്ഥരും ചേർന്ന് മലപ്പുറത്ത് ആർ ടി ഒ ഓഫീസ് ഭരിക്കുകയാണ്. മൂന്നുകോടി രൂപയുടെ വെട്ടിപ്പാണ് നടത്തിയത്. ഇവരെ തിരുവനന്തപുരത്ത് വരുത്തി പരിശോധിച്ചു. ആർക്കും തന്നെ വിജയിക്കാൻ സാധിച്ചില്ല. ലൈസൻസ് എന്ന് പറയുന്നത് ലൈസൻസ് ടു ഡ്രൈവ് എന്നാണ്, ലൈസൻസ് ടു കിൽ എന്നല്ല’- മന്ത്രി പറഞ്ഞു.

സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായ സമരം.
സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായ സമരം.

മലപ്പുറവുമായി ബന്ധപ്പെട്ട് മന്ത്രി ഗണേഷ്‌കുമാർ നടത്തിയ മാഫിയാ പരാമർശം വംശീയമാണെന്നാണ് സി ഐ ടി യു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൾ ഗഫൂർ പറയുന്നു: 'മലപ്പുറം എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും പ്രശ്നമാണ്. തൊപ്പിയും തലയിൽക്കെട്ടും കാണുമ്പോൾ ചിലർക്കുണ്ടാകുന്ന പ്രശ്നമുണ്ടല്ലോ, അതായിരിക്കാനാണ് സാധ്യത. എന്തെങ്കിലും പ്രശ്നം വരുമ്പോൾ അതിനെ എതിർക്കുന്നതിനെ മാഫിയ സംഘമാണെന്ന് പറഞ്ഞാൽ പ്രതിഷേധമുണ്ട്. ഇവിടെ സിഐടിയുവാണ് പ്രതിഷേധിക്കുന്നത്, മാഫിയ അല്ല'- അദ്ദേഹം പറഞ്ഞു.

പരിഷ്‌കാരങ്ങളോടനുബന്ധിച്ച് സർക്കാർ കഴിഞ്ഞദിവസം സൂപ്പർ ടെസ്റ്റും നടത്തിയിരുന്നു. ഡ്രൈവിങ് ടെസ്റ്റ് രണ്ടു മിനിറ്റു കൊണ്ട് നടത്തി പാസാക്കി വിടുന്നുവെന്ന പരാതിയെതുടർന്നാണ് മന്ത്രിയുടെ നിർദേശപ്രകാരം പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ എങ്ങനെയാണ് രണ്ടു മിനിറ്റുകൊണ്ട് ടെസ്റ്റ് നടത്തി പാസാക്കുന്നതെന്ന് അവർ തന്നെ എല്ലാവരുടെയും മുന്നിൽ വച്ച്, സൂപ്പർ ടെസ്റ്റിലൂടെ തെളിയിക്കാനായിരുന്നു നിർദേശം. ദിവസം 100- 120 ടെസ്റ്റുവരെ നടത്തി ലൈസൻസ് നൽകിയ 15 ഉദ്യോഗ്‌സഥരാണ് സൂപ്പർ ടെസ്റ്റിന് വിളിച്ചുവരുത്തിയത്. ഇവർ നടത്തിയ പരീക്ഷയിൽ 98 അപേക്ഷകരിൽ 18 പേർ മാത്രമാണ് ജയിച്ചത്. എച്ച് ടെസ്റ്റിൽ ഭൂരിഭാഗം പേരും ജയിച്ചു. എന്നാൽ റോഡ് ടെസ്റ്റ് കർശനമാക്കിയപ്പോൾ തോറ്റവരുടെ എണ്ണം കൂടി. ഇൻഡിക്കേറ്റർ ഇടാൻ അൽപം താമസിച്ചതിനുപോലും പലരെയും തോൽപ്പിച്ചതായി പിന്നീട് പരാതിയും ഉയർന്നു. 12 മിനിറ്റുവരെയാണ് റോഡ് ടെസ്റ്റിനെടുത്തത്. ടെസ്റ്റ് പൂർണമായും ചിത്രീകരിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥർ നേരത്തെ നടത്തിയ ടെസ്റ്റുകളിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒരു ഇൻസ്‌പെക്ടർ ദിവസം 60 ഡ്രൈവിങ് ടെസ്റ്റിൽ കൂടുതൽ നടത്തരുത് എന്നാണ് ട്രാൻസ്‌പോർട്ട് കമീഷണറുടെ ഉത്തരവ്. ഇത് ലംഘിച്ച് കൂടുതൽ ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്. എല്ലാ നിബന്ധനകളും പാലിച്ച് ഉദ്യോഗസ്ഥർക്ക് ദിവസം എത്ര ടെസ്റ്റ് നടത്താനാകുമെന്ന് പരീക്ഷിക്കാനാണ്, അല്ലാതെ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനല്ല സൂപ്പർ ടെസ്റ്റ് എന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

Comments