എൻഡോസൾഫാൻ വിരുദ്ധ സമരം പുതിയൊരു ഘട്ടത്തിലേക്ക്

എൻഡോസൾഫാൻ പീഡിതർക്കൊപ്പം കേരളത്തിലെ പൊതുസമൂഹവും ചേർന്നു നിൽക്കുന്നതോടെ, കാസർകോട്ടെ എൻഡോസൾഫാൻ വിരുദ്ധ സമരം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്

രുപതിലേറെ വർഷം പിന്നിട്ട കാസർകോട്ടെ എൻഡോസൾഫാൻ വിരുദ്ധ സമരം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എൻഡോസൾഫാൻ നിരോധനമാവശ്യപ്പെട്ടായിരുന്നു പരിസ്ഥിതി- സാമൂഹ്യ പ്രസ്ഥാനങ്ങളുടെ മുൻകയ്യിൽ ഒരു പതിറ്റാണ്ടു നീണ്ടുനിന്ന ആദ്യഘട്ട സമരമെങ്കിൽ മറ്റൊരു പതിറ്റാണ്ട് പുനരധിവാസത്തിനും ചികിത്സാസഹായത്തിനും സാമൂഹ്യനീതിക്കും വേണ്ടി വിഷപീഡിതജനതയുടെ അവകാശസമരമായിരുന്നു കാസർകോട് നടന്നത്. ദുരന്തമുണ്ടാക്കിയ ഭരണകൂടം തന്നെ സഹായങ്ങളോരോന്നായി പിൻവലിച്ച്​തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയും ഉദ്യോഗസ്ഥ -കീടനാശിനി ലോബികളുടെ അവിശുദ്ധബന്ധങ്ങൾ കൂടുതൽ സ്വയംപ്രത്യക്ഷങ്ങളായി കാഴ്ചപ്പെടുകയും ചെയ്തു തുടങ്ങിയ മറ്റൊരു കാലസന്ധിയിലാണ് എൻഡോസൾഫാൻ പീഡിതർക്കൊപ്പം കേരളത്തിലെ പൊതുസമൂഹവും ചേർന്ന് നിന്ന് കൂടുതൽ കരുതൽവേണ്ട ഒരു കാലത്തിനായി തെരുവിലിറങ്ങുന്നത്. കഴിഞ്ഞ ഒക്ടോബർ 6ന് സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കേരളമെമ്പാടും നൂറുകണക്കിന് പ്രകടനങ്ങൾ നടന്നതും സ്റ്റേറ്റിന് ഉത്തരവാദിത്വമൊഴിയാൻ നിർവാഹമില്ലാത്ത ഒരു പ്രശ്‌നമായി അന്നുതന്നെ നിയമസഭയിൽ പ്രതിപക്ഷനേതാവ് എൻഡോസൾഫാൻ ദുരന്തത്തെ അവതരിപ്പിച്ച് സംസാരിച്ചതുമെല്ലാം കേരളീയ സമൂഹം കാസർകോടിനെയും അവിടത്തെ പീഡിതജനതയെയും ഇപ്പോഴും ചേർത്തുനിർത്തുന്നുവെന്നതിന് തെളിവാണ്.

ജനജീവിതത്തെ ദുരിതപൂർണമാക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെയുള്ള തുളുനാടിന്റെ ചെറുത്തുനില്പുകൾക്ക് സ്വാതന്ത്ര്യപൂർവകാലത്തോളം പഴക്കമുണ്ട്. ദേശീയ പ്രസ്ഥാനങ്ങളുടെ സ്വാധീനമേഖലകളിൽ ബ്രിട്ടീഷ് കരിനിയമങ്ങൾക്കെതിരെ നിയമലംഘനപ്രസ്ഥാനം ശക്തമായിക്കൊണ്ടിരുന്ന കാലത്താണ് ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വനദേശസാത്കരണത്തിനെതിരെ ഇന്ത്യയിൽ പലയിടത്തും കാട്ടുമരങ്ങൾ മുറിച്ചു കൊണ്ടുള്ള സമരമുറകൾ അരങ്ങേറിയത്. കേരളത്തിൽ പഴയ സൗത്ത് കാനറ ജില്ലയിലെ, ഇന്നത്തെ കാസർകോട്ടെ കാടകമെന്ന ഗ്രാമമാണ് ഈ സമരത്തിന്റെ കേന്ദ്രമായിരുന്നത്. അന്നേ വരെ പൊതുവിടമായിരുന്ന കാടുകൾ പ്രാദേശിക ജനതയ്ക്ക് അന്യമായപ്പോഴാണ് കാടകം വനസത്യാഗ്രഹവും ചീമേനിയിലെ തോലും വിറകുസമരവും ഒക്കെ ഉണ്ടായത്. സൗത്ത് കാനറജില്ലയുടെ ഭാഗമായ കാസർകോട്ടെ വനമേഖലയിൽ ഭൂപ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ വൻതോതിൽ ഇരുമ്പകത്തോട്ടങ്ങൾ വെച്ചു പിടിപ്പിച്ചിരുന്നു. കൃഷിയിടങ്ങൾക്കാവശ്യമായ പച്ചിലവളത്തിനായി വിശാലമായ കൊത്തുകാടുകൾ ഇന്നാട്ടിൽ പൊതുവിടമായി സംരക്ഷിക്കുകയും ചെയ്തു വന്നിരുന്നു. മനുഷ്യന്റെ ഇടപെടലുകൾ ക്ഷയിപ്പിച്ച ഇവിടത്തെ കാടുകളിലാണ് മരങ്ങൾ പറ്റേ വെട്ടിനീക്കി സ്വാതന്ത്ര്യാനന്തര കാലത്ത് കേരളത്തിലെ വനംവകുപ്പ് മഹാഗണിയുടെയും തേക്കിന്റെയും വനത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചത്. പ്ലാന്റേഷൻ കോർപറേഷൻ നിലവിൽ വന്നപ്പോൾ അഞ്ചായിരം ഹെക്ടർ പ്രദേശങ്ങൾ കശുമാവിൻ തോട്ടമുണ്ടാക്കാനായി വിട്ടു നല്കി. പ്ലാച്ചിക്കര, രാജപുരം ഭാഗത്ത് വനം വകുപ്പിന്റെയും പെരിയ, കാറഡുക്ക, എൻമകജെ പ്രദേശത്ത് റവന്യൂ വകുപ്പിന്റെയും ഭൂമിയാണ് തോട്ടത്തിനായി നീക്കിവെച്ചത്. പ്ലാച്ചിക്കരയിലെ വനഭൂമി പ്ലാന്റേഷനായി വെട്ടിനീക്കുന്നതറിഞ്ഞ അവിടെ നടന്ന ഒരു പ്രകൃതി പഠന സഹവാസക്യാമ്പിലെ കുട്ടികൾ പ്രൊഫ. എം.കെ. പ്രസാദിന്റെയും ജോൺസി ജേക്കബിന്റെയും പ്രൊഫ. എം. ജയരാജന്റെയും മാർഗനിർദേശത്തിൽ പ്രശ്‌നം പഠിക്കുകയും പ്ലാച്ചിക്കരയിലെ വെട്ടാനായി നമ്പറിട്ട വൃക്ഷസമ്പത്തിന്റെ സസ്യശാസ്ത്ര മൂല്യം രേഖപ്പെടുത്തുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് ഇതു വെച്ച് കുട്ടികൾ കത്ത് എഴുതി. എം.കെ.പ്രസാദും എ.കെ. ആന്റണിയും തമ്മിൽ മഹാരാജാസ് കോളേജിൽ ഗുരു ശിഷ്യബന്ധമുണ്ടായതിനാൽ ഈ കത്ത് അനുഭാവപൂർവം പരിഗണിക്കപ്പെട്ടു. പ്ലാച്ചിക്കര വനം കശുമാവ്‌ തോട്ടം നിർമാണത്തിനുള്ള ക്ലിയർ ഫെല്ലിംഗിൽ നിന്ന്​രക്ഷപ്പെട്ടു. പരിസ്ഥിതി പ്രാധാന്യമുള്ള ഒരു സ്ഥലരാശിയെ കുട്ടികൾ ഇടപെട്ട് രക്ഷിച്ചെടുത്ത കേരളത്തിലെ ആദ്യ സംഭവം ഇതായിരിക്കണം. പക്ഷെ പ്ലാച്ചിക്കരയിൽ നിന്ന്​ കുട്ടികൾ ഒഴിപ്പിച്ചു കളഞ്ഞ ആ "പാരിസ്ഥിതിക ദുർവിധി' വനം വെട്ടലിന്റേതു മാത്രമായി ഒതുങ്ങിയില്ല. എൻമകജെയെയും രാജപുരത്തെയും ചീമേനിയെയും മുളിയാറിനെയും കാടകത്തെയും ഒക്കെ പിൽക്കാലത്ത് വിഷമഴയിൽ കുളിപ്പിച്ച "എൻഡോസൾഫാൻ' എന്ന കീടനാശിനിയുടെ വിഷവൃത്തം കൂടിയായിരുന്നു അത്.പ്ലാച്ചിക്കര വനം രക്ഷപ്പെട്ട കഥ

വിഷ​​പ്രയോഗം പൊതുശ്രദ്ധയിലേക്ക്​

ചീമേനിയിലെ കാട്ടുപ്രദേശം താഴക്കാട്ടുമനക്കാരിൽ നിന്ന്​ കൊട്ടുകാപ്പള്ളി കുടുംബക്കാർ വില കൊടുത്തു വാങ്ങി കൊട്ടിയടച്ച് കശുമാവിൻ തോട്ടമാക്കി മാറ്റിയപ്പോഴാണ് അവിടെ പൊതുവിടം തിരിച്ചുപിടിക്കാനുള്ള "തോലും വിറകും സമരം' നടന്നത്. കൊട്ടുകാപ്പള്ളി സ്വന്തമാക്കിയ ഈ സ്വകാര്യ ഭൂമിയാണ് കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ഏറ്റെടുത്തത്. ജന്മിയിൽ നിന്ന്​ സ്വകാര്യ മുതലാളിയും സ്വകാര്യമുതലാളിയിൽ നിന്ന്​ ദേശീയ മുതലാളിയും ഏറ്റെടുത്തതാണ് ചീമേനിയിലെ തോട്ടഭൂമി. ലാഭത്തെ മാത്രം കരുതി തെറ്റായ കാർഷികോപദേശത്താൽ പ്ലാന്റേഷൻ കോർപറേഷൻ തുടർച്ചയായ 30 വർഷങ്ങൾ ചീമേനിയിലെയും എൻമകജെയിലെയും ഒക്കെ കശുമാവിൻ തോപ്പിൽ ആകാശമാർഗം എൻഡോസൾഫാൻ എന്ന മാരക വിഷം തളിച്ചതിന്റെ ദുരന്തഫലം അനുഭവിക്കുകയാണ് നാലു പതിറ്റാണ്ടായി കാസർകോട്ടെ സാധുമനുഷ്യർ. എൻഡോസൾഫാന്റെ മുൻഗാമിയായി എൻഡ്രിൻ 1978 മുതലേ ഉപയോഗിച്ചുവന്നിരുന്നുവെങ്കിലും 1999 മുതലാണ് വിഷബാധയുടെ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ജനതയുടെ തിരിച്ചറിവുകൾ പതുക്കെയെങ്കിലും പ്രതിരോധമായി മാറിത്തുടങ്ങിയത്. വൈ. എസ്. മോഹൻകുമാർ എന്ന ഡോക്ടർ സ്വർഗയിലെയും വാണിനഗറിലെയും തന്റെ ചികിത്സാലയത്തിലെത്തുന്ന രോഗികളുടെ അനിതരസാധാരണമായ പ്രത്യേകതകൾ ശ്രദ്ധിക്കുകയും അതിന്റെ കാരണം എൻഡോസൾഫാനെന്ന വിഷമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തതും തന്റെ സഹോദരന്റെ മരണത്തിന് കാരണമായത് എൻഡോസൾഫാൻ വിഷപ്രയോഗമാണെന്ന് തിരിച്ചറിഞ്ഞ കൃഷി വകുപ്പുദ്യോഗസ്ഥ കൂടിയായിരുന്ന ലീലാകുമാരിയമ്മ പി.സി.കെയ്ക്ക് എതിരെ ഫയൽ ചെയ്ത കേസും പത്രപ്രവർത്തകനായ ശ്രീപദ്രെ എഴുതിയ ലേഖനങ്ങളും മുളിയാറിലെ പുഞ്ചിരി ക്ലബിന്റെ പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങളും വേണു കള്ളാർ 2001 ജനുവരിയിൽ മാധ്യമം പത്രത്തിലെഴുതിയ പെരിയയിലെ വിഷമഴയെക്കുറിച്ചുള്ള റിപ്പോർട്ടും മാതൃഭൂമി ഫോട്ടോഗ്രാഫർ മധുരാജ് എടുത്ത ചിത്രങ്ങൾ സഹിതം 2001 മാർച്ചിൽ വേണുകുമാർ പത്രത്തിലെഴുതിയ ഫീച്ചറും രണ്ടു പതിറ്റാണ്ടുകൾ വായുവിലും മണ്ണിലും മറഞ്ഞ് നിന്ന നിശബ്ദ ഭീകരനെ പതുക്കെ വെളിച്ചത്ത് കൊണ്ടുവന്നു. 1998 മുതൽ തന്നെ പയ്യന്നൂരിലെ സീക്കിന്റെയും തിരുവനന്തപുരം തണലിന്റെയും കാസർകോട് ജില്ലാ പരിസ്ഥിതി സമിതിയുടെയും ഇടപെടലുകൾ കീടനാശിനിയുടെ അപകടത്തെക്കുറിച്ചുള്ള ശാസ്ത്രീയകാര്യങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയും കോടതി വ്യവഹാരത്തിലേർപ്പെട്ടിരുന്ന ലീലാകുമാരിയമ്മയ്ക്ക് ധാർമികപിന്തുണ നല്കുകയും ചെയ്തിരുന്നു. 1999 ൽ തന്നെ പെരിയയിൽ ഒരു കീടനാശിനി വിരുദ്ധസമരസമിതി രൂപീകരിക്കപ്പെട്ടിരുന്നു. ശ്രീ പെദ്രെ യുടെ നേതൃത്വത്തിൽ രണ്ടായിരാമാണ്ടിൽ എൻമകജെയിൽ രൂപംകൊണ്ട എസ്പാക് (എൻഡോസൾഫാൻ സ്‌പ്രേ പ്രൊട്ടസ്റ്റ് ആക്ഷൻ കമ്മറ്റി ) ആണ് പ്രാദേശികമായി രൂപപ്പെട്ട മറ്റൊരു ആദ്യകാല എൻഡോസൾഫാൻ വിരുദ്ധ കൂട്ടായ്മ.

എൻഡോസൾഫാൻ സമരവേദിയിൽ സംസാരിക്കുന്ന വി.എസ്.അച്ചുതാനന്ദൻ

1979 സെപ്തംബർ 19 ന് കന്നട പത്രമായ സുധയിൽ ശ്രീപെദ്രെ എഴുതിയ ലേഖനമാണ് ഈ ദുരന്തത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ലിഖിത രേഖ.സീക്കിന്റെ സഹായത്തോടെ മധുരാജ് തയ്യാറാക്കിയ 30 ഫോട്ടോ പാനലുകളുടെയും ഭാഗ്യനാഥിന്റെ ചിത്രങ്ങളുടെയും പ്രദർശനം 2001 മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. 2004ൽ പൂർത്തിയാക്കിയ എം.എ. റഹ്‌മാന്റെ "അരജീവിതങ്ങൾക്കൊരു സ്വർഗം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും എൻഡോസൾഫാൻ ഭീകരതയെക്കുറിച്ച് പുറം ലോകത്തെ ആദ്യകാലത്ത് അറിയിക്കാനുതകി. വിവിധ പത്രമാസികകളിൽ കാസർകോടിന്റെ ദുരന്തത്തെക്കുറിച്ച് നിരവധി ഫീച്ചറുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. കാസർകോട്ടുകാർ കൂടിയായ എഴുത്തുകാർ അംബികാസുതൻ മാങ്ങാടും എം.എ. റഹ്‌മാനും എൻഡോസൾഫാൻ പ്രക്ഷോഭത്തിന്റെ സംഘാടകരായിരിക്കുകയും നിരവധി ലേഖനങ്ങൾ എഴുതുകയും ചെയ്തു. അംബികാസുതന്റെ എൻമകജെ എന്ന നോവൽ മലയാളി സഹൃദയത്വത്തെ സമരത്തോട് ഐക്യപ്പെടുത്തി. 1976 ൽ പെഡ്രെ വില്ലേജിലെ കശുമാവിൻ തോട്ടത്തിലാണ് എൻഡോസൾഫാന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള തളിക്കൽ തുടങ്ങിയത്. സ്ഥലത്തെ കന്നുകാലികളിൽ ഈ "മരുന്ന് ' തളി വരുത്തിവെച്ച വൈകല്യങ്ങളെക്കുറിച്ച്

എൻഡോസൾഫാൻ പ്രയോഗം നിരോധിക്കുന്നു; പക്ഷേ...

ലീലാകുമാരി അമ്മ ഹോസ്ദുർഗ് മുൻസിഫ് കോടതിയിൽ കൊടുത്ത കേസിൽ പെരിയയിലെ ഏരിയൽ സ്‌പ്രേ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടായി. പി. സി.കെ. ഇതിന് ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയെങ്കിലും 2001 ൽ പുറപ്പെടുവിച്ച കോടതി ഉത്തരവിലൂടെ കാസർകോട്ടെ കശുമാവിൻ തോട്ടങ്ങളിലെ എൻഡോസൾഫാൻ പ്രയോഗം പൂർണമായും നിരോധിക്കപ്പെട്ടു. ലീലാകുമാരിയമ്മയുടെ ഒറ്റയാൾ പോരാട്ടം ചരിത്രത്തിന്റെ ഭാഗമായതങ്ങനെയാണ്. 2001 ൽ ഡൽഹി കേന്ദ്രമായ Centre for Science and Environment (CSE ) കാസർഗോഡ് നടത്തിയ പഠനത്തിൽ മണ്ണിലും വെള്ളത്തിലും മനുഷ്യ രക്തത്തിലും മുലപ്പാലിലും ഉയർന്ന അളവിൽ എൻഡോസൾഫാന്റെ സാന്നിദ്ധ്യം കണ്ടെത്തുകയും അവരുടെ "ഡൗൺ ടു എർത്ത്' മാസികയിൽ പ്രസിദ്ധീകരിച്ച കാസർകോടൻ ഗ്രാമങ്ങളിലെ രോഗാവസ്ഥയെക്കുറിച്ചുള്ള ലേഖനം ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. കാസർകോട് ജില്ലാപരിസ്ഥിതി സമിതി മുൻകയ്യെടുത്ത് കാഞ്ഞങ്ങാട് വെച്ചു നടത്തിയ എം.ടി.വാസുദേവൻ നായരും സുകുമാർ അഴീക്കോടുമൊക്കെ പങ്കെടുത്ത ജനകീയ കൺവെൻഷനോടെയാണ് കേരളം മുഴുവൻ ഈ വിഷയം ചർച്ച ചെയ്യുകയും സംസ്ഥാനത്തെ പല പ്രദേശങ്ങളിലെയും സമാനഹൃദയർ പ്രശ്‌നത്തോട് ഐക്യപ്പെട്ട്​ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തത്. തുടർന്ന് പത്ത് വർഷത്തോളം കീടനാശിനി വിരുദ്ധ പോരാട്ടങ്ങളെ ഏകോപിപ്പിച്ചത് കാസർകോട് ടൗൺ യു.പി. സ്‌കൂളിൽ വെച്ച് രൂപീകരിച്ച എൻഡോസൾഫാൻ വിരുദ്ധ സമരസമിതിയാണ്.

2004 ആഗസ്ത് 7 ന് "എൻഡോസൾഫാൻ ക്വിറ്റ് ഇന്ത്യ ' മുദ്രാവാക്യമുയർത്തി ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ജനകീയ മാർച്ച് നടന്നു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്ചുതാനന്ദനായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തത്. "മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എൻഡോസൾഫാൻ ദുരിതബാധിതരെ സഹായിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. 2005 ൽ കേന്ദ്ര കൃഷിമന്ത്രാലയം കേരളത്തിൽ മാത്രം എൻഡോസൾഫാൻ നിരോധിച്ചു. പിന്നീട് വി.എസിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ്. അധികാരത്തിലെത്തിയപ്പോഴും എൻഡോസൾഫാൻ രോഗപീഡിതരോട് അനുഭാവപൂർണമായ മനോഭാവമുണ്ടായി എന്നു പറയാനാവില്ല. എൻഡോസൾഫാൻ മൂലം ആരും കാസർകോട് മരിച്ചിട്ടില്ല എന്നാണ് അന്നത്തെ കൃഷി മന്ത്രി ഒരു നിയമസഭാ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്.

2002 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശയനുസരിച്ച് ICMR ന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവർമെന്റിനു കീഴിലുള്ള NIOH (National Institute of Occupational Health) നടത്തിയ പഠനത്തിൽ മണ്ണിലും ജലത്തിലും മനുഷ്യരിലും അനുവദനീയമായ അളവിനേക്കാൾ എൻഡോസൾഫാന്റെ സാന്നിധ്യം കണ്ടെത്തി. 2002 ൽ കേരളത്തിൽ എൻഡോസൾഫാന്റെ വിൽപ്പനയും ഉപയോഗവും കേരള ഹൈക്കോടതി നിരോധിച്ചു. 2004ൽ കേരള പൊലൂഷൻ കൺട്രോൾ ബോർഡ് സംസ്ഥാനതലത്തിൽ ഈ വിഷത്തിന് നിരോധനം ഏർപ്പെടുത്തി. 2005 ൽ കേന്ദ്രകൃഷി മന്ത്രാലയം എൻഡോസൾഫാന്റെ ഉപയോഗം വിലക്കികൊണ്ട് ഗസറ്റ് നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നു. ഇത്തരത്തിൽ എൻഡോസൾഫാനെതിരെ പ്രതീക്ഷാപൂർവമായ ചില നടപടികൾ സർക്കാർ ഭാഗത്തു നിന്നും ഉണ്ടായി. 2006 ൽ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ എൻഡോസൾഫാൻ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിന്റെതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും മരിച്ച 135 പേരുടെ കുടുംബങ്ങൾക്ക് 50,000 രൂപാ വീതം നൽകി നഷ്ടപരിഹാരം നൽകുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു.

വി.എസ് സർക്കാർ അവസാനത്തെ രണ്ടു വർഷങ്ങളിൽ എൻഡോസൾഫാൻ പ്രശ്‌നത്തിൽ അനുഭാവപൂർണമായ സമീപനം സ്വീകരിച്ചിരുന്നു. രോഗപീഡയനുഭവിക്കുന്നവരുടെ വൈദ്യ പരിശോധന നടത്തി പട്ടികയുണ്ടാക്കുകയും അവർക്ക് പെൻഷനും ധനസഹായവും നല്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്തു. ജനീവയിൽ അന്താരാഷ്ട്ര ഉച്ചകോടി നടന്നപ്പോൾ എൻഡോസൾഫാൻ നിരോധിക്കാനാവശ്യപ്പെട്ട് 2011 ഏപ്രിലിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന ഉപവാസത്തിൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്. പങ്കെടുകയും ചെയ്തു.2007-ൽ എൻഡോ സൾഫാൻ വിക്ടിംസ് റിലീഫ് ആന്റ് റെമറഡിയേഷൻ സെൽ ആരംഭിച്ചു. നഷ്ടപരിഹാരം നല്കാനും പരാതികൾ പരിഹരിക്കാനും ഒരു ട്രിബ്യൂണൽ സ്ഥാപിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും ആ ദിശയിലുള്ള തീരുമാനങ്ങളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.
കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്‌നം ഒരു ആഗോള പരിസ്ഥിതി പ്രശ്‌നത്തിന്റെ മാനം കൈവരിച്ചതിൽ പത്ര- ദൃശ്യമാധ്യമങ്ങൾ തനതായ പങ്കുവഹിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ് "ജീവനാശിനി ' എന്ന പേരിൽ മധുരാജിന്റെ ചിത്രങ്ങളും എഴുത്തുമായി പ്രത്യേക പതിപ്പ്​ പ്രസിദ്ധീകരിച്ചിരുന്നു. 2010 ഒക്ടോബറിൽ സ്റ്റോക്‌ഹോമിൽ നടന്ന ആഗോള കോൺഫറൻസിൽ എൻഡോസൾഫാനെ രാസവിഷപ്പട്ടികയിലെ എ വിഭാഗത്തിൽ പെടുത്താൻ ആവശ്യമുയർന്നു. അതിൽ എതിർത്തു വോട്ടു ചെയ്ത ഒരേ ഒരു രാജ്യം ഇന്ത്യയായിരുന്നു. ഇതേ സമയത്ത് എൻവിസാജ് എന്ന സംഘടന കാസർകോഡ് പുതിയ ബസ് സ്റ്റാൻറ്​ പരിസരത്തെ ഒരു ശരക്കൊന്നമരത്തെ "ഒപ്പുമരമാക്കി ' എൻഡോസൾഫാൻ നിരോധിക്കാനാവശ്യപ്പെടുന്നവരുടെ ഒപ്പുശേഖരിച്ച് ശ്രദ്ധേയമായ ഒരു കാമ്പയിൻ നടത്തിയിരുന്നു. അമ്മമാരുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടന്ന ധർണയ്ക്കു മുന്നിലൂടെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ പോയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മധുരാജ് പകർത്തിയ ചിത്രം സമരത്തോട് ഭരണകൂടത്തിനുള്ള സമീപനത്തിന്റെ ചില്ലിട്ടു വെക്കാവുന്ന ചിത്രമായി മാറി.

തട്ടിക്കൂട്ടിയ പഠനങ്ങൾ

കാസർകോട്ടെ ആരോഗ്യ പ്രശ്‌നങ്ങളുടെ കാരണം എൻഡോസൾഫാനാണെന്ന് സമർത്ഥിച്ചത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനൽ ഹെൽത്ത് 2002 ൽ നടത്തിയ എപിഡെമിയോളജി സർവേയാണ്.
ഇതുപോലെ നിരവധി പഠനങ്ങൾ ഔദ്യോഗികമായും അനൗദ്യോഗികമായും ഇക്കാലത്ത് നടന്നിരുന്നു. ഇവയിൽ പലതും പ്ലാന്റേഷൻ കോർപറേഷനെയും കീടനാശിനി നിർമാതാക്കളെയും കൃഷിവകുപ്പിനെയും ന്യായീകരിക്കാൻ തട്ടിക്കൂട്ടിയതുമായിരുന്നു. 2010-ൽ കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ് കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രം സന്ദർശിച്ച വേളയിൽ നടത്തിയ എൻഡോസൾഫാൻ രോഗകാരിയല്ല എന്ന പ്രസ്താവന ശക്തമായ പ്രതിഷേധത്തിനും പ്രത്യക്ഷ സമരപരിപാടികൾക്കും കാരണമായി.
2011 എപ്രിലിൽ സ്റ്റോക്ക് ഹോമിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ആഗോളതലത്തിൽ കീടനാശിനികളുടെ നിരോധനം സംബന്ധിച്ച ആലോചനയിൽ കാസർകോട്ടെ ദുരന്തത്തിന്റെ വെളിച്ചത്തിൽ 31 രാജ്യങ്ങൾ എൻഡോസൾഫാൻ നിരോധനത്തിനായി വോട്ട് ചെയ്തപ്പോൾ ഇന്ത്യ മൗനം പാലിച്ച് വിഷത്തിന് അനുകൂലമായ നിലപാടെടുത്തു. 2011 ഏപ്രിൽ 30ന് ജനീവയിലെ അന്താരാഷ്ട്ര പെർസിസ്റ്റൻറ്​ ഓർഗാനിക് പെസ്റ്റിസൈഡ് കമ്മറ്റി എൻഡോസൾഫാന് ആഗോള നിരോധനം പ്രഖ്യാപിച്ചു. ഇന്ത്യയിൽ സമ്പൂർണ നിരോധനത്തിന് 11 വർഷത്തെ സമയം കൂടി ലഭ്യമാകുന്ന വിധത്തിലായിരുന്നു ഈ തീരുമാനം. ഇതു കൊണ്ട് എൻഡോസൾഫാൻ എന്ന മാരക വിഷം നിരോധിക്കാനുള്ള ലോകം ശ്രദ്ധിച്ച മുറവിളിയുടെ മറുവിളിയാകില്ല എന്ന നിരാശ നിറഞ്ഞ തിരിച്ചറിവ് കൂടിയാണ് ജനീവ സമ്മേളന ശേഷമുള്ള ദിവസങ്ങളിൽ ജീവനെ സ്‌നേഹിക്കുന്നവരിലുണ്ടായത്. ഡി.വൈ.എഫ്.ഐ. കൊടുത്ത കേസിനു മേൽ 2011 സെപ്തംബർ 30 ന് എൻഡോസൾഫാൻ ഇന്ത്യയിൽ നിരോധിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. എൻഡോസൾഫാൻ നിരോധനത്തോടെ സമരത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു.

എൻഡോസൾഫാൻ ദുരന്തം ഇത്രയും വ്യാപകവും ഭീകരവുമാക്കിയതിൽ ഹെലികോപ്ടർ വഴിയുള്ള മരുന്നടിക്കൽ കാരണമായിട്ടുണ്ട്. "തേക്കിന്റെ ഇല തിന്നുന്ന ഹിബ്ലിയ പ്യൂറ എന്ന നിശാശലഭലാർവയ്‌ക്കെതിരെ 1965 മെയ് 5 ന് കോന്നി ഫോറസ്റ്റ് ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ആകാശമാർഗം നടത്തിയ മരുന്നടിയാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏരിയൽ സ്‌പ്രേയിങ്. കാറ്റൽപ എന്ന ഛായാവൃക്ഷത്തിന്റെ ഇലച്ചാർത്തുകളെ രക്ഷിക്കാൻ ലെഡ് ആർസനേറ്റ് എന്ന മാരക വിഷം തളിച്ചു കൊണ്ട് ക്രോപ് ഡസ്റ്റിങ്ങ് എന്നറിയപ്പെടുന്ന ഇത്തരം വ്യോമവിഷ വർഷത്തിന് 1921ൽ അമേരിക്കയിൽ ആണ് തുടക്കം കുറിച്ചത്. വിയറ്റ്‌നാമിലെ ഒളിപ്പോരാളികൾക്കും അവരൊളിച്ചിരുന്ന മരത്തലപ്പുകൾക്കും മീതെ 1961-71 കാലഘട്ടത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ഏജൻറ്​ ഓറഞ്ച് വിതറിക്കൊണ്ട് രാസായുധ പ്രയോഗത്തിന്റെ സാധ്യതകൾ പരീക്ഷിച്ചു. ഏതാണ്ട് ഇതേ കാലത്തു തന്നെയാണ് കോന്നിയിലെ രാസപരീക്ഷണം നടക്കുന്നത്. അമേരിക്കൻ കുത്തകകളായ മോൺസാന്റോയും ഡോവും നിർമിച്ച എൻഡ്രിൻ എന്ന കീടനാശിനിയാണ് കോന്നിയിൽ തെളിച്ചത്. കാസർകോട്ടെ കശുമാവിൻ തോട്ടങ്ങളിൽ ആരംഭത്തിൽ തെളിച്ചിരുന്നതും ഇതേ വിഷം തന്നെ. വിയറ്റ്‌നാമി ലുപയോഗിച്ച രാസായുധമായ ഏജന്റ് ഓറഞ്ചിന്റെ ആറ്റോമിക രൂപഘടനയിൽ ചെറിയ മാറ്റം മാത്രമാണ് എൻഡ്രിനുണ്ടായിരുന്നത്. ഇതേ എൻഡ്രിനാണ് എഴുപതുകളുടെ അവസാനം നിരോധിക്കപ്പെട്ടതോടെ എൻഡോസൾഫാനായി രൂപം മാറി എത്തിയത്. ഹെക്‌സാക്ലോറോ സൈക്‌ളോ പെന്റഡയിനിന്റെ രണ്ടു വകഭേദങ്ങൾ.

രേഖകളിലില്ലാത്ത മരണങ്ങൾ

ഹരിതവിപ്ലവത്തിന്റെ ഉപോല്പന്നമാണ് ജീവനാശിനികളായ രാസകീടനാശിനികളും കളനാശിനികളും. ആദ്യകാലത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വന്ന് കീടനാശിനി തളിച്ചിരുന്നിടത്ത് സ്വകാര്യ ഏജൻസികൾ വിഷക്കച്ചവടത്തിന്റെ കുത്തക ഏറ്റെടുത്തു. അത്യുല്പാദനശേഷിയുള്ള വിത്തുകൾ കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ കീടവും രോഗവും കൂടി . കീടനാശിനി സുലഭമാക്കാൻ വേണ്ടിയാണ് സ്വകാര്യ ഡീലർഷിപ്പനുവദിച്ചത്. കർഷകരുപയോഗിക്കുന്ന കീടനാശിനിക്കു മേലെ സർക്കാരിന് ഒരു നിയന്ത്രണവുമില്ലാതെയായി.1958ൽ കേരളത്തിൽ ഉണ്ടായ ഫോളിഡോൾ അപകടം മുതൽ എൻഡോസൾഫാൻ വരെ നിരവധി കീടനാശിനി ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. വയനാട്ടിലെ കോട്ടത്തറയിലെ ഒരു വാഴത്തോപ്പിൽ നിന്നും ഉയർന്നു പൊങ്ങിയ ഫോറേറ്റ് മണത്തിൽ സമീപത്തെ സ്‌കൂളിലെ അമ്പതോളം കുട്ടികൾ തല കറങ്ങി വീണ മറ്റൊരു സംഭവവുമുണ്ടായി. ഒറ്റപ്പെട്ട ഒരുപാട് മരണങ്ങളും കീടനാശിനി മൂലമുള്ള കാൻസർ, നാഡീരോഗങ്ങൾ തുടങ്ങിയവയും ഇവ കൈകാര്യം ചെയ്യുന്ന കർഷകരിൽ ഉണ്ടാകുന്നുണ്ട്. വിഷം കലർന്ന ഭക്ഷണം കഴിക്കുന്നതിലൂടെ അനുദിനം രോഗികളായി തീരുന്ന ആയിരക്കണക്കിനു മനുഷ്യരുടെ വിവരങ്ങൾ എവിടെയും രേഖപ്പെടുത്താതെ പോകുകയും അവരുടെ അകാലമരണങ്ങൾ സാധാരണ മരണങ്ങളായി പ്രാദേശിക പേജിലെ ചരമക്കോളങ്ങളിൽ ഒതുങ്ങുകയും ചെയ്യുന്നു.

തുടരുന്ന സമരങ്ങൾ

എൻഡോസൾഫാൻ യഥാർത്ഥത്തിൽ ഒരു സംജ്ഞാനാമമല്ല. സാമാന്യ നാമമാണ്. ജീവനാശിനിയായ എല്ലാ കീടനാശിനികൾക്കും എതിരായ ഒരു മനോഭാവം ഉണ്ടാകുകയും ഭരണകൂടനയങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്യുക എന്നതാണ് ആത്യന്തികമായി ഈ സമരത്തിനുണ്ടാകേണ്ട ഫലശ്രുതി. അത്തരമൊരു തിരിച്ചറിവിലേക്ക് കേരളത്തെ പ്രത്യേകിച്ച് കാസർകോടിനെ കൊണ്ടുചെന്നെത്തിക്കാൻ രണ്ടു ദശകത്തിലേറെയായി നടന്നു വന്ന ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് പൂർണമായും പറയാനാവില്ല. എന്നാൽ കാസർകോഡ് ജില്ലയെ സമ്പൂർണ ജൈവജില്ലയായി പ്രഖ്യാപിക്കാനും തീരെ പ്രാവർത്തികമാക്കിയില്ലെങ്കിലും കേരളത്തിന് ഒരു ജൈവകാർഷിക നയം ഉണ്ടാക്കുന്നതിലേക്ക് സർക്കാരിനെ നയിക്കാനും ഈ സമരം കാരണമായിട്ടുണ്ട്.

എൻഡോസൾഫാൻ നിരോധനത്തോളമെത്തിച്ച കാസർകോട്ടെ സമരത്തിൽ ഒരു പാട് വ്യക്തികളും പ്രസ്ഥാനങ്ങളും പങ്കെടുത്തിട്ടുണ്ട്. എന്നാൽ കീടനാശിനി നിരോധനത്താൽ മാത്രം പരിഹരിക്കപ്പെടാത്ത എൻഡോസൾഫാൻ പീഡിതരുടെ നിരവധി പ്രശ്നങ്ങൾ ഉണ്ട്. പാർപ്പിടം, ചികിത്സ, എന്നിവയിൽ ജീവകാരുണ്യമുള്ളവരുടെ സഹായം ചിലർക്കെങ്കിലും ലഭിച്ചിട്ടുണ്ട്. എൻഡോസൾഫാൻ നിരോധനത്തിനായുള്ള മേൽപ്പറഞ്ഞ സമരമുഖത്തൊന്നും രോഗപീഡിതർ മുൻനിരയിൽ വരുന്നില്ല. അവർക്കായി പൊതു സമൂഹം നടത്തിയ സമരമാണിത്. എന്നാൽ എൻഡോസൾഫാൻ നിരോധിക്കപ്പെട്ടിട്ടും പരിഹരിക്കാതെ കിടക്കുന്ന നിരവധി ആവശ്യങ്ങളുണ്ട്. ഭരണകൂടത്തിന് മാത്രം പരിഹരിക്കാനാകുന്ന അവയൊക്കെ എൻഡോസൾഫാൻ രോഗപീഡയിലേക്ക് തള്ളിയിട്ടവരുടെ അവകാശമാണ്, ഔദാര്യമല്ല . ഈ കർത്തവ്യങ്ങളിൽ നിന്നും ഭരണകൂടം ഒഴിഞ്ഞു മാറുമ്പോൾ അവർക്ക് സമരമല്ലാതെ മറ്റൊരു മാർഗമില്ല .

എൻഡോസൾഫാൻ നിരോധനാനന്തര കാലത്ത്, കഴിഞ്ഞ ഒരു ദശകങ്ങളായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ രോഗപീഡിതരുടെ അമ്മമാർ കാസർകോട് കലക്ടറേറ്റിനു മുമ്പിലും തിരുവനന്തപുരം സെക്രട്ടറിയേറ്റിനുമുന്നിലും നടത്തിയ, ഇപ്പോഴും തുടരുന്ന വിവിധ സമരങ്ങൾ കൂടി ചേരുമ്പോഴെ കാസർകോട്ടെ എൻഡോസൾഫാൻ വിരുദ്ധ സമര ചരിത്രം പൂർണമാവൂ. ഒന്നരപ്പതിറ്റാണ്ടായി തുടർന്നു വന്ന എൻഡോസൾഫാൻ വിരുദ്ധ സമരം 2012 മുതൽ ഭരണകൂട ഭീകരതയ്ക്ക് ഇരയായവരുടെ ജീവിക്കാനുള്ള അവകാശത്തിനായുള്ള സമരമായി മാറുകയായിരുന്നു. മതിയായ ചികിത്സാ സൗകര്യത്തിനും ദുരിതബാധിതരുടെ കടബാധ്യതകൾ എഴുതിത്തള്ളാനും ട്രൈബ്യൂണൽ രൂപീകരിക്കാനും മനുഷ്യാവകാശ കമീഷന്റെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നാവശ്യപ്പെട്ടും കാസർകോടിന്റെ ജൈവ പുനഃസ്ഥാപനത്തിനും വേണ്ടി അമ്മമാർ നടത്തിയ നാലു മാസത്തോളം നീണ്ട സമരം (2012 ഏപ്രിൽ 20 മുതൽ ആഗസ്ത് 25 വരെ) അധികാരികളുടെ ഉറപ്പിന്മേൽ പിൻവലിക്കപ്പെട്ടു. എന്നാൽ അവയൊക്കെ പാഴ്വാക്കുകളാണെന്ന് വെളിപ്പെട്ടു. അഞ്ചു വർഷം കൊണ്ട് എല്ലാ സാമ്പത്തിക സഹായങ്ങളും പിൻവലിക്കാനുള്ള നീക്കം നടക്കുകയാണെന്നു 12.1.2012 ലെ സർക്കാർ വിജ്ഞാപനത്തിൽ നിന്നും വ്യക്തമായതോടെയാണ് 2013 ഫെബ്രുവരി 18 മുതൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന് എൻഡോ സൾഫാൻപീഡിത ജനകീയ മുന്നണി തയ്യാറായത്. മനുഷ്യാവകാശ കമീഷൻ നഷ്ടപരിഹാരത്തുക disabled ആയവർക്ക് മാത്രം നല്കാൻ ശുപാർശ ചെയ്തതിലെ സാങ്കേതികതയിൽ തൂങ്ങി രോഗബാധിതരിൽ 40% ത്തോളം വരുന്ന "ഡിസീസ്ഡ്' ആയ അർബുദ ബാധിതരെയും അന്തഃസ്രാവീ പ്രശ്‌നങ്ങൾ ഉള്ളവരെയും ഒഴിവാക്കാനുള്ള നീക്കം നടന്നു. വിദഗ്ധ വൈദ്യ പരിശോധനയ്ക്കു ശേഷം സാമ്പത്തിക സഹായയോഗ്യതയ്ക്കായി പട്ടികപ്പെടുത്തിയ 5297 പേരിൽ 1613 പേർക്ക് മാത്രമാണ് ആ സമയം വരെ സഹായം നല്കപ്പെട്ടത്.

എൻഡോസൾഫാൻ സമര ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഒരധ്യായമായിരുന്നു ഫിബ്രുവരി 18 ന് ബി.ആർ.പി. ഭാസ്‌ക്കർ ഉദ്ഘാടനം ചെയ്ത നിരാഹാര സത്യഗ്രഹം 28 ദിവസത്തെ തുടർച്ചയായ നിരാഹാരത്താൽ അവശനായ എ. മോഹൻകുമാറിനെ നിർബന്ധിതമായി ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് അവസാനിപ്പിച്ചുവെങ്കിലും അമ്മമാരുടെ നേതൃത്വത്തിൽ അവകാശ നിഷേധക്കൾക്കെതിരെ നിരന്തരം സമരം തുടർന്നുകൊണ്ടേയിരുന്നു. "എനിക്കു ശേഷം ഇവൾക്കാരാണ്' എന്ന് കിടക്കവിട്ടെണീക്കാനാവാത്ത മകളെ ചൂണ്ടി നെടുവീർപ്പിടുന്ന ശീലാബതിയുടെ അമ്മയും ശീലാബതിയും ഇന്നില്ല. മധുരാജിന്റെ ക്യാമറ പകർത്തിയ നിഷ്‌കളങ്ക പുഷ്പങ്ങൾ മിക്കവരും കൊഴിഞ്ഞു പോയി. അന്യോന്യം താങ്ങാകാൻ അമ്മമാരുടെ നേതൃത്വത്തിൽ നടത്തുന്ന സ്‌നേഹ വീടിന്റെ അമരക്കാരിയും 2012 മുതൽ സമരത്തിന്റെ മുന്നണിപ്പോരാളിയുമായ മുനീസയെപ്പോലെ ഒരു പാട് സ്ത്രീകൾ "അവസാനത്തെ കുഞ്ഞും മരിച്ചു തീരാൻ കാത്തു നില്ക്കുന്നവരോട്' പൊരുതി നില്ക്കുന്നുണ്ട്. രണ്ട് ദശാബ്ദമായി മുഴുവൻ സമയവും സമരത്തിന് മുന്നിൽ നിന്നു പ്രവർത്തിക്കുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണനെപ്പോലെയും അവശതകൾ മറന്ന് സ്‌നേഹ വീട്ടിലും സമരഭൂമിയിലും ഓടിയെത്തുന്ന ദയാബായിയെയും പോലുള്ള ഒട്ടേറെ മനുഷ്യാവകാശ -പരിസ്ഥിതി പ്രവർത്തകർ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിക്കൊപ്പം നിന്ന് തോറ്റു കൂടാത്ത ഈ യുദ്ധത്തിൽ പോരാളികളാവുന്നു. ഭരണകൂടമുണ്ടാക്കിയ ദുരന്തത്തിന്റെ ഇരകൾക്കൊപ്പം ഐക്യദാർഢ്യപ്പെട്ടുകൊണ്ട് അവരുടെ അവകാശങ്ങൾക്കായുള്ള പൊതു സമൂഹത്തിന്റെ പോരാട്ടം എൻഡോസൾഫാൻ നിരോധനത്തോടെ അവസാനിച്ചതല്ലെന്നും ഇപ്പോഴും തുടരേണ്ടതുണ്ടെന്നും ഓർമപ്പെടുത്തുന്നു ഒക്ടോബർ 6ന് തിരുവനന്തപുരത്ത് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കേരളമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മയോട് ചേർന്ന് നടത്തിയ കുത്തിയിരിപ്പു സമരം.

എൻഡോസൾഫാൻ ദുരിതബാധിതരുടെ രാപകൽ പട്ടിണി സമരത്തിനിടെ മുനീസ അമ്പലത്തറ (ഇടത്തു നിന്ന് ഒന്നാമത്)

കോവിഡ് കാലത്ത് പെൻഷൻ മുടങ്ങിയതിനെതിരെ കഴിഞ്ഞ ചിങ്ങം ഒന്നിന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ അവകാശ പോരാട്ടത്തിന്റെ തുടർച്ചയാണ് 2021 ഒക്ടോബർ 6-ന് സെക്രട്ടറിയേറ്റ് പടിക്കൽ അവകാശങ്ങൾക്കു വേണ്ടിയും അവഗണനകൾക്കെതിരായും കേരളത്തിലെ പരിസ്ഥിതിസാമൂഹിക പ്രവർത്തകരുൾപ്പെടുന്ന ഐക്യദാർഢ്യ സമിതിയുടെ സംഘാടനത്തിൽ നടത്തിയ കുത്തിയിരിപ്പ് സമരം. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും ഇടപെട്ട് പുറപ്പെടുവിച്ച ഉത്തരവുകൾ പോലും പൂർണമായും നടപ്പിലാക്കപ്പെടാതിരിക്കുന്ന സന്ദർഭത്തിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ പോലും അനാവശ്യമാണെന്ന തരത്തിൽ കാസർഗോഡ് കലക്ടറായിരുന്ന ഡോ. സജിത് ബാബു ശുപാർശ നല്കിയതോടെയാണ് കുത്തിയിരിപ്പ് സമരം പോലുള്ള പ്രത്യക്ഷ സമരത്തിലേക്ക് വീണ്ടും കാസർകോട്ടെ എൻഡോസൾഫാൻ പീഡിതർ എടുത്തെറിയപ്പെട്ടത്.
ഡോ. സജിത് ബാബു 24.7.2020 ന് സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ അനർഹർ കടന്ന് കൂടിയിട്ടുണ്ടെന്നും അതുകൊണ്ട് പട്ടികയിൽ ഉൾപ്പെട്ട 6727 പേരെയും പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് പുനഃപരിശോധിക്കണമെന്നും പറയുന്നു. കീടനാശിനി ലോബിക്ക് വിടുപണി ചെയ്യുന്ന കാർഷിക ശാസ്ത്രജ്ഞൻമാരുടെയും ശാസ്ത്ര സാങ്കേതികത്വം കൊണ്ട് മാനവ പ്രശ്‌നങ്ങളെയെല്ലാം നിർധാരണം ചെയ്യാനാവുമെന്നു കരുതുന്നവരുടെയും നേതൃത്വത്തിൽ യുക്തിവാദ- ശാസ്ത്ര നവനാസികൾ ക്ലബ് ഹൗസുകളിൽ മാസവാടകയ്ക്ക് മുറിയെടുത്ത് ഈ റിപ്പോർട്ട് മുൻനിർത്തി ചെകുത്താന്റെ വക്കീലായി എൻഡോസൾഫാനെ വെള്ളപൂശുന്നുണ്ട്. എൻഡോസൾഫാൻ വിഷമല്ലെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്ന ഒരു പഠനവും പീർ റിവ്യൂഡ് മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ജീവനീതിയ്ക്ക് തരിമ്പും വില കല്പ്പിക്കാത്ത ഇവർ അന്യോന്യം വിശ്വസിപ്പിക്കുന്നു. 2010 മുതൽ 2017 വരെ നടന്ന വിവിധ മെഡിക്കൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത് മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാരാണ്. നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി സർക്കാർ അംഗീകരിച്ച ലിസ്റ്റ് തള്ളിക്കളയണം എന്ന കളക്ടറുടെ ആവശ്യത്തിലെ വൈരുധ്യവും മനുഷ്യ വിരുദ്ധതയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഒക്ടോബർ 6ന് നിയമസഭയിൽ ഉന്നയിക്കുകയുണ്ടായി. അനർഹരുണ്ടെന്ന് പറഞ്ഞ് പട്ടിക വെട്ടിനിരത്തി എൻഡോസൾഫാൻ ദുരന്തമേ നടന്നിട്ടില്ലായെന്ന് വരുത്തി തീർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സജിത്ത് ബാബുവിന്റെ ഇടപെടലെന്ന് സമര പ്രവർത്തകർ പറയുന്നു. കാസർകോട്ടെ പ്രശ്‌നങ്ങൾ കീടനാശിനി കൊണ്ടേ അല്ലെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ആവർത്തിച്ചുറപ്പിച്ച കളവുകൾക്ക് പൊതു സ്വീകാര്യത നിർമിക്കാൻ ചില കേന്ദ്രങ്ങൾ ദുരൂഹമായി പ്രവർത്തിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. ചില "അനർഹരെ' കലക്ടറുടെ റിപ്പോർട്ട് പേരെടുത്ത് പറയുന്നുണ്ട്. സജിത്ത് ബാബുവിന്റെ റിപ്പോർട്ട് പ്രകാരമുള്ള അദ്യത്തെ അനർഹൻ മുപ്പത്തേഴു വയസ്സുള്ള എന്നാൽ അഞ്ച് വയസ്സിന്റെ പോലും മാനസിക വളർച്ചയെത്താത്ത പെരിയ അമ്പലത്തറയിലെ സതീശനാണ്. 2010 ൽ നടന്ന പരിശോധനാ ക്യാംപിൽ അധികൃതരുടെ നിർദ്ദേശപ്രകാരം സതീശനെ പങ്കെടുപ്പിച്ചിരുന്നു. ഈ ക്യാമ്പിലെ പരിശോധനാ ഫലം അറിയാത്തത് കൊണ്ട് 2011 ൽ നടന്ന ക്യാംപിലും അധികൃത നിർദ്ദേശത്താൽ സതീഷിനെ പങ്കെടുപ്പിച്ചു. എൻഡോസൾഫാൻ ദുരിതബാധിതനായി രണ്ടു ലിസ്റ്റിലും ഉൾപ്പെട്ട സതീശന് ആദ്യ മാസം 2500 രൂപ രണ്ടു തവണ ലഭിച്ചു. അപ്പോൾ തന്നെ അവന്റെ സഹോദരൻ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. പിന്നീട് ഇത്തരത്തിൽ ഇരട്ടിപ്പ് സംഭവിച്ചില്ലെന്ന് സതീശന്റെ വീട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ നോട്ടപ്പിശക് മൂലം വന്നു പെട്ട ഈ ഇരട്ടിപ്പിന്റെ പേരിൽ സ്വന്തബോധമില്ലാത്ത ഈ യുവാവിനെ തേടി വിജിലൻസുകാരെത്തി. ഈ സതീശന്റെ പേരാണ് മനുഷ്യാവകാശവും സ്വകാര്യതയും കണക്കിലെടുക്കാതെ ഡോ. ശ്രീകുമാറിനെപ്പോലുള്ളവർ ക്ലബ് ഹൗസുകളിൽ പരസ്യപ്പെടുത്തി നിർവൃതി നേടിയത്. രോഗികളെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കിയ സജിത് ബാബുവിന്റെ റിപ്പോർട്ടിനെപ്പറ്റി അവകാശ സമരത്തിന്റെ മുന്നണിപ്പോരാളിയായ മുനീസ അമ്പലത്തറ പറയുന്നു: ""വിദഗ്ധ ഡോക്ടർമാരാണ് പരിശോധന നടത്തിയത്. ലിസ്റ്റ് തയ്യാറാക്കിയത് ഉദ്യോഗസ്ഥന്മാരാണ്. ആരെയെങ്കിലും പ്രത്യേകം ഉൾപ്പെടുത്തണമെന്ന് ഞങ്ങളാരും ആവശ്യപ്പെട്ടിട്ടില്ല. എൻഡോസൾഫാൻ ലിസ്റ്റിൽ അനർഹർ കടന്നു കൂടിയെന്നു പറയുന്ന കളക്ടർ അങ്ങനെയുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുക്കേണ്ടത്. അല്ലാതെ മുഴുവൻ ദുരിതബാധിതരെയും സംശയത്തിന്റെ നിഴലിൽ നിർത്തി അവകാശ നിഷേധം നടത്തുകയല്ല ചെയ്യേണ്ടത്.''

ന്യൂറോളജിസ്​റ്റില്ലാത്ത ജില്ല

കാസർഗോഡ് ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലും ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തതിന്റെ ദുരിതം ചെറുതൊന്നുമല്ല. എപിലെപ്‌സി പോലുള്ള നാഡീ സംബന്ധ രോഗമുള്ളവരാണ് ഒട്ടേറെപ്പേർ. ഇടക്കിടെയുള്ള വൈദ്യ പരിശോധനയിലൂടെ മരുന്നും മരുന്നളവും മാറ്റം വരുത്തുക അപസ്മാരം പോലുള്ള രോഗാവസ്ഥയിൽ അത്യാവശ്യമാണ്. പത്ത് പതിനഞ്ച് കൊല്ലം മുമ്പെ പരിശോധനാ ക്യാമ്പുകളിൽ കുറിച്ചു കൊടുത്ത അതേ ഔഷധങ്ങൾ അതേ അളവിൽ കഴിക്കാൻ വിധിക്കപ്പെട്ടവരാണ് മിക്കവരും. വിദൂര പ്രദേശങ്ങളിലെ ആശുപത്രിയിൽ പോയി വിദഗ്ധ ചികിത്സ തേടുന്നതിനുള്ള സാമ്പത്തികശേഷിയോ ലോക പരിചയമോ ഇല്ലാത്തവരാണ് ഇത്തരം രോഗികളും അവരുടെ കുടുംബവും. അതുകൊണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ യാന്ത്രികമായി നല്കുന്ന മരുന്നുകൾ തിന്നുക മാത്രമാണ് ഇവർക്ക് മുമ്പിലുള്ള ഒരേയൊരു വഴി. ആദ്യകാല വൈദ്യ പരിശോധനാ സംഘത്തിൽ അംഗമായിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു റിട്ടയേർഡ് പ്രൊഫസർ ഒരു ക്ലബ് ഹൗസ് ചർച്ചയിൽ കാസർകോട്ടെ രോഗാതുരതയ്ക്ക് കാരണം പോഷകാഹാരക്കുറവാണെന്നും രോഗ പരിശോധനയ്ക്ക് വന്നവരുടെ മുഖത്ത് തെളിഞ്ഞു കണ്ട ദാരിദ്ര്യം മൂലം പലരെയും അനുഭാവപൂർവം ലിസ്റ്റിലുൾപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നതു കേട്ടു. സ്വന്തമായി മണ്ണിൽ അധ്വാനിച്ച് ഭക്ഷണമുത്പാദിപ്പിച്ചിരുന്ന ഇവരെ പട്ടിണിക്കാരാക്കിയത് രോഗ ദുരിതമാണെന്ന അറിവ് ഈ വിദഗ്ധനില്ലാതെ പോയി. കിടക്കപ്പായ വിട്ടെണീക്കാൻ പറ്റാത്ത കുഞ്ഞുങ്ങൾക്ക് പത്ത് പതിനഞ്ച് കൊല്ലക്കാലം കണ്ണുചിമ്മാതെ കാവൽ നിന്നവരുടെ, വേലയും കൂലിയും നഷ്ടപ്പെട്ടവരുടെ കണ്ണിൽ മങ്ങിപ്പഴകിയ ദൈന്യത കൂടുകൂട്ടുമെന്നറിയാത്ത ചികിത്സകന്റ ലോകവീക്ഷണത്തിന് കാര്യമായ തകരാറുണ്ട്.

പരിയാരം മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്റ്റ് ഉണ്ടെന്നറിഞ്ഞ അഖില വല്ലാതെ വയലന്റാവുന്ന അവസ്ഥയിലായ മകളെയും കൂട്ടി ഓട്ടോ പിടിച്ച് രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് മെഡിക്കൽ കോളേജിലെത്തുന്നു. ദുരിതബാധിതരുടെ പട്ടികയിലുള്ളവർ കാഞ്ഞങ്ങാട് ഉള്ള ഡി.പി.എം. ഓഫീസിൽ നിന്ന്​കത്തുമായിട്ടാണ് പോകേണ്ടത്. താമസസ്ഥലമായ ചെറുവത്തൂരിൽ നിന്ന്​എതിർദിശയിൽ മുക്കാൽ മണിക്കൂർ യാത്ര ചെയ്താലെ ആ സർട്ടിഫിക്കറ്റ് വാങ്ങാനാവൂ. അതിനാൽ ഡി.പി.എം. ഓഫീസിൽ നിന്ന്​ മെഡിക്കൽ കോളേജിലേക്ക് ഫോൺ വിളിപ്പിച്ചു. പക്ഷേ കത്ത് ഇല്ലാത്തതുകൊണ്ട് ഉദ്യോഗസ്ഥർ വഴങ്ങിയില്ല. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയുന്ന അവസ്ഥയുള്ള, കാൻസർ രോഗി കൂടിയായ, ആ അമ്മ പതിനഞ്ച് പ്രാവശ്യം മുകളിലേക്കും താഴേക്കും കയറിയിറങ്ങി യാചിച്ചിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ലത്രേ. ഒടുവിൽ ഒ.പി. ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് ഒരാഴ്ചക്ക് 2000 രൂപയുടെ മരുന്നും വാങ്ങി തിരിച്ചുവന്നു. ഇങ്ങനെയുള്ള പല സാങ്കേതികതകളിൽ രോഗികൾ വല്ലാതെ വലയുന്നുണ്ട്. എൻമകജെയിലുള്ള ഒരു രോഗി മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോകണമെങ്കിലും രണ്ടരമണിക്കൂർ തെക്കോട്ട് യാത്രചെയ്ത് കാഞ്ഞങ്ങാട് എത്തണം കത്ത് കിട്ടാൻ! ആരോഗ്യ സംവിധാനങ്ങൾ പരിമിതമായ ജില്ലയിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി എയിംസ് പോലുള്ള ഒരു ചികിത്സാ കേന്ദ്രം കൊണ്ടുവരണമെന്ന് കാസർകോഡ് വർഷങ്ങളായി ആവശ്യപ്പെടുന്നതിന് കാരണമിതുതന്നെ. ജില്ലയിൽ ദുരിത ബാധിതർക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയുടെ സേവനം ഉറപ്പു വരുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറി വരുന്ന സർക്കാരുകൾക്ക് അതൊരു മുൻഗണന നൽകേണ്ട വിഷയമായി തോന്നിയിട്ടില്ല. 2016 ഓടെ 300 കിടക്കകളുള്ള ആശുപത്രിയുയരുമെന്ന അവകാശവാദത്തോടെ 2012 ൽ തറക്കല്ലിട്ട കാസർഗോഡ് മെഡിക്കൽ കോളേജിനോട് അധികൃതർ കാട്ടിയ അവഗണനയുടെ ദശവത്സരമേ ഇനി ആഘോഷിക്കാൻ സാഹചര്യമുള്ളൂ. കെട്ടിടം പണി ഇപ്പോഴും ഒച്ചു പോലെ ഇഴയുകയാണ്. മെഡിക്കൽ കോളേജ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ജില്ലയിലെ സർക്കാർ ആശുപത്രയിൽ ഒരു നാഡീ ചികിത്സാ വിദഗ്ധനെയെങ്കിലും നിയമിക്കണമെന്നും ഉള്ള സമരാവശ്യം അത്യാവശ്യമായിക്കൊണ്ടിരിക്കുന്ന സന്ദർഭങ്ങളാണ് ഈ രോഗാതുര കാലത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.എൻഡോസൾഫാൻ പ്രശ്‌ന പരിഹാര സെല്ല് സജീവമായി പ്രവർത്തിച്ചിരുന്ന കാലത്ത് എൻഡോസൾഫാൻ രോഗബാധിതരുടെ പട്ടികയിലുള്ളവർക്ക് കേരളത്തിലെയും മംഗലാപുരത്തെയും ചില മെഡിക്കൽ കോളേജുകളിൽ ചികിത്സാ സൗജന്യമുണ്ടായിരുന്നു. കോവിഡ് മൂലം സംസ്ഥാനാന്തര യാത്രകൾ അസാധ്യമാകയാലും സൗജന്യം നല്കിയ വകയിലെ ചെലവ് കേരള സർക്കാരിൽ നിന്നും ആശുപത്രികൾക്ക് യഥാകാലം തിരിച്ചുകിട്ടായ്കയാലും കർണാടകം ഈ സേവനം നിർത്തിയിരിക്കുകയാണ്. കേരളത്തിലെ തൊട്ടടുത്ത മെഡിക്കൽ കോളേജ് പരിയാരമാണ്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പോയവരെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ ചികിത്സ നൽകാൻ സാധിക്കുകയില്ലെന്ന് പറഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് അധികൃതരും മടക്കി അയക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. രോഗികൾക്ക് തുണയാകേണ്ട കലക്ടർ അടക്കുള്ള ഉദ്യോഗസ്ഥർ തന്നെ രോഗികളെ തള്ളിപ്പറയുന്നത് ഈ മനുഷ്യത്വമില്ലായ്മയ്ക്ക് വളമായി മാറുന്നു. അമൃത എന്ന ഇരുപത്തഞ്ചുകാരിയുടെ അമ്മയായ അഖില ഒക്ടോബർ ആദ്യം അനുഭവിച്ച ധർമ്മസങ്കടം കേൾക്കുക.

വാങ്ങിക്കൂട്ടിയ വിഷം എന്തുചെയ്യും?

എൻഡോസൾഫാൻ നിരോധിക്കപ്പെട്ടതോടെ വാങ്ങി സൂക്ഷിച്ച വിഷം എന്തു ചെയ്യണമെന്നത് സർക്കാരിനും പി.സി.സി.എല്ലിനും മുമ്പിൽ ഒരു കീറാമുട്ടിയായി. നിരോധനം വരുമ്പോൾ പെരിയ, രാജപുരം, ചീമേനി ഗോഡൗണുകളിൽ മുൻകൂട്ടി വാങ്ങി സ്റ്റോക്ക് ചെയ്ത അനേക ലിറ്റർ എൻഡോസൾഫാനുണ്ടായിരുന്നു.
2012 ൽ ചീമേനിയിലെ ബാരലിൽ നിന്നും വിഷം പൊട്ടിയൊലിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പി.സി.കെ ആഫീസിലേക്ക് മാർച്ച് നടത്തി.
പരിഹാരം കാണാതെ വന്നപ്പോൾ ജില്ലാ കൃഷി ആഫീസർക്ക് നൂറോളം പേർ ചേർന്ന് നിവേദനം നൽകി. ഫലത്തിൽ ഘരാവോ സമരമായി അത് മാറി.
ജനവികാരം തിരിച്ചറിഞ്ഞ അന്നത്തെ കലക്ടർ വി.ജിതേന്ദ്രൻ ഇടപെട്ട് വേഗം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി. അദ്ദേഹത്തിന് ആ സമയത്ത് പറ്റാവുന്ന ക്രമീകരണം നടത്തി. ഡോ. അഷീലും സി. ജയകുമാറും നേതൃത്വം നല്കിയ "ഓപറേഷൻ ബ്ലോസ'മിനായി അഞ്ചുലക്ഷം രൂപയാണ് അന്ന് ചെലവാക്കിയത്. മാധ്യമങ്ങളടക്കം എല്ലാവരും അറിയുന്ന തരത്തിൽ സുതാര്യമായാണ് അന്നത് ചെയ്തത്. അഞ്ച് വർഷത്തെ സുരക്ഷിത കാലമായിരുന്നു അന്നതിനു നൽകിയത്.
2014 ജനുവരി 26 ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പിൽ നടത്തിയ കഞ്ഞിവെപ്പ് സമരത്തിലെ ഒത്തുതീർപ്പു വ്യവസ്ഥയനുസരിച്ച് ഇത് 3 മാസം കൊണ്ട് നിർവ്വീര്യമാക്കാനായിരുന്നു ധാരണ.

എൻഡോസൾഫാൻ ബാരൽ കുഴിച്ചു മൂടിയ നെഞ്ചൻപറമ്പിലെ കിണറിൽ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കരിങ്കൊടി നാട്ടുന്നു

ഉല്പാദിപ്പിച്ച കമ്പനിയിൽ കൊണ്ടുപോയി നിർവ്വീര്യമാക്കാനാണ് ആവശ്യപ്പെട്ടത്. ജില്ലയിൽ അതിനനുവദിക്കില്ലെന്ന് അസന്ദിഗ്ധമായി അന്നേ പറഞ്ഞതായിരുന്നു. ഈ വിഷം ഏറണാകുളത്ത് ഹിന്ദുസ്ഥാൻ പെസ്റ്റിസൈഡ് ആൻറ്​ കെമിക്കലിലേക്ക് അയച്ച് നിർവീര്യമാക്കാനുള്ള പരിപാടി എറണാകുളം കലക്ടറുടെ എതിർപ്പുമൂലം നടന്നില്ല. കാർഷിക വിദഗ്ധൻ കൂടിയായ
ഡോ. സജിത് ബാബു കലക്ടറായി വന്നപ്പോൾ പടന്നക്കാട് കാർഷിക കോളേജിൽ വെച്ച് വിഷം നിർവ്വീര്യമാക്കാൻ ഒരു ശ്രമം നടന്നു. പ്രാദേശിക സി.പി.എം നേതാക്കളടക്കം പ്രതിഷേധം ഉയർത്തിയപ്പോൾ ശ്രമം ഉപേക്ഷിച്ചു. ഇപ്പോൾ കാർഷിക യൂനിവേഴ്‌സിറ്റിക്ക് അരക്കോടി രൂപയോളം ഇതിനായി അനുവദിക്കപ്പെട്ടിട്ടുണ്ടത്രേ. പെരിയയിലും രാജപുരത്തും ഈ ആവശ്യത്തിനായി കുഴിയെടുത്ത് കോൺക്രീറ്റ് പാകുന്ന പണി നടക്കുകയാണ്. ഏത് ശാസ്ത്രീയമാർഗത്തിലൂടെ ആരുടെ മേൽനോട്ടത്തിലാണ് ഈ നിർവീരീകരണം നടക്കുകയെന്ന കാര്യം അറിയില്ല. കാറഡുക്കയ്ക്കടുത്ത് നെഞ്ചൻ പറമ്പിൽ പ്ലാസ്റ്റിക് പാത്രത്തോടെ കുഴിച്ചിട്ട എൻഡോസൾഫാൻ കാളിന്ദിയായി പടർന്നതിന്റെ അനുഭവമുണ്ട് കാസർഗോഡിന്. എൻഡോസൾഫാനെ മരുന്നായി കാണുന്ന, പത്തു ദിവസം കൊണ്ട് വിഷം പച്ച വെള്ളമാകുമെന്നു കരുതുന്ന ശ്രീകുമാരന്മാർ നേതൃത്വം നല്കുന്ന കാർഷിക സർവകലാശാല എത്ര മാത്രം ലാഘവബുദ്ധിയോടെയാകും വിഷം കൈകാര്യം ചെയ്യുകയെന്ന് ആലോചിച്ചു ഭയമാകുന്നു. നഞ്ചൻ പറമ്പ് ആവർത്തിക്കാതെ നോക്കുകയെന്നതു കുടി ഈ സന്ദർഭത്തത്തിൽ പൊതു സമൂഹത്തിന്റെ കടമയാണ്. ഏത് പ്രോസസിലൂടെ കടത്തിവിട്ടാണ് വിഷത്തെ നിർവീര്യമാക്കുക എന്ന് വ്യക്തമാക്കാതെ ദുരൂഹവും രഹസ്യവുമായ ആഭിചാര ക്രിയകളിലൂടെ നിർവീര്യമായി എന്ന് വിശ്വസിപ്പിക്കാനാണ് ഭാവമെങ്കിൽ, ഭാവി തലമുറയാൽ അനിവാര്യമായും വിചാരണ ചെയ്യപ്പെടുമെന്നുറപ്പുള്ള ഈ കാസർകോടൻ ഹോളോകാസ്റ്റിലെ കൂട്ടുപ്രതികളായ കൃഷി വകുപ്പും പ്ലാന്റേഷൻ കോർപറേഷനും തങ്ങൾക്കെതിരെയുള്ള തെളിവുകളെ കത്തിച്ചൊഴിവാക്കാനാണ് പുറപ്പെടുന്നതെങ്കിൽ ആ നിശബ്ദനായ കൊലയാളിയുടെ സംരക്ഷകർക്കുനേരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കേണ്ടി വരും.

ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 46 ൽ പ്രസിദ്ധീകരിച്ച ലേഖനം

Comments