സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈനാണ്.
സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തുള്ള അറിവും പരിചയവുമുള്ള ആളായിരിക്കണം ചെയർപേഴ്‌സൺ എന്നാണ് വെപ്പ്. പക്ഷേ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തുള്ള അറിവും പരിചയവും പോയിട്ട് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളോട് എങ്ങനെ സംസാരിക്കണം എന്ന, വളരെ പ്രാഥമികമായ ധാരണ പോലുമില്ലാത്ത ഒരു സ്ത്രീയാണ് എം.സി. ജോസഫൈൻ. ഇവരെങ്ങനെയാണ് വനിതാ കമീഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്നത് എന്നതാണ് അത്ഭുതം.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ കേരളം മുഴുവൻ, വേദനയോടെ ചർച്ച ചെയ്ത വിഷയങ്ങളാണ് സ്ത്രീധന പീഡനമരണങ്ങളുടേത്. പേരുകൾക്കൊന്നും പ്രസക്തിയില്ലാത്ത വിധം നിരവധി പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നു, കൊല്ലപ്പെടുന്നു. ഈ ചർച്ചകൾക്കിടയിലാണ് മനോരമ ന്യൂസിന്റെ ഒരു പരിപാടിയിൽ എം.സി. ജോസഫൈൻ ഗാർഹിക പീഡനത്തെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ച ഒരു സ്ത്രീയോട് അത്യന്തം മോശമായ രീതിയിൽ പ്രതികരിച്ചത്. ആ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിലെ എം.സി.ജോസഫൈന്റെ ശരീരഭാഷയുടെ പേരാണ് പാട്രിയാർക്കി. അവർ പറഞ്ഞ മലയാളമാണ് കുടുംബഘടന. അവരുടെ ചോദ്യങ്ങളിൽ മുറ്റി നിൽക്കുന്ന ഭാവമാണ് അധികാരം.
ഉപദ്രവിക്കപ്പെടുന്ന സ്ത്രീകൾ ആരോടാണ് പരാതിപ്പെടേണ്ടത് ? നിലനിൽക്കുന്ന ഒരു കുടുംബ വ്യവസ്ഥയിൽ ഉപദ്രവമേൽക്കുന്ന ഒരു സ്ത്രീ ഒരു സർക്കാർ സംവിധാനത്തെ വിശ്വസിച്ച്, ആശ്രയമായിക്കണ്ട് പരാതിപ്പെടാൻ തയ്യാറാവുമ്പോൾ അത് കുടുംബത്തിൽ അനുഭവിക്കുന്ന പീഡനത്തേക്കാൾ വലുതായ ഒന്നായി മാറുന്നത് എന്തൊരു നിസ്സഹായാവസ്ഥയാണ്.
എം.സി.ജോസഫൈനോട് പരാതി പറയാൻ ഒരു സ്ത്രീയും തയ്യാറാവും എന്ന് തോന്നുന്നില്ല. അവർ അടിമുടി കൊണ്ടുനടക്കുന്ന പാട്രിയാർക്കിയെക്കുറിച്ച്, അവർക്കിന്നു വരെ തിരിഞ്ഞിട്ടില്ലാത്ത പാട്രിയാർക്കിയെക്കുറിച്ച്, അവർ അവരിൽ നിന്ന് സ്വയം വടിച്ചു കളയേണ്ട ആൺബോധത്തെക്കുറിച്ച്, സർക്കാർ ചെലവിൽ അവർക്ക് വിദ്യാഭ്യാസം നൽക്കാൻ സർക്കാർ തയ്യാറാവണം. അവരത് തിരിച്ചറിയുന്നതുവരെ അവരെ വനിതാ കമീഷൻ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്ന് മാറ്റി നിർത്താനും തയ്യാറാവണം.
വനിതാ ശിശുക്ഷേമ മന്ത്രാലയം പുതിയ രാഷ്ട്രീയത്തെ ഉൾക്കൊള്ളുകയും അതിനനുസരിച്ച് പ്രചാരണ പരിപാടികൾ ഒരു വശത്ത് നടത്തുകയും ചെയ്യുമ്പോഴാണ് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സർക്കാരിന്റെ മുഖമായി നിന്ന്, പഴകിച്ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ത്രീവിരുദ്ധതയുടെ പ്രതിരൂപമായി പ്രവർത്തിക്കുന്നത്..
വനിത കമീഷനിൽ റജിസ്റ്റർ ചെയ്യപ്പെടുന്ന, സ്ത്രീധനം സംബന്ധിച്ച കേസുകളിൽ പകുതിയിലേറെയും തീർപ്പാകാതെ കെട്ടിക്കിടക്കുന്നു എന്ന വാർത്തകളും പുറത്തു വരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച,
2017 മുതൽ 2021 വരെയുള്ള കേസുകളുടെ വിശദാംശങ്ങളനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ റജിസ്റ്റർ ചെയ്ത 169 സ്ത്രീധന കേസുകളിൽ 83 എണ്ണത്തിൽ മാത്രമാണ് തുടർനടപടിയുണ്ടായത്. കൊല്ലം ജില്ലയിൽ 57 ൽ 17 എണ്ണത്തിൽ മാത്രമാണ് കമ്മിഷൻ നടപടി എടുത്തിട്ടുള്ളത്.
സ്ത്രീകൾക്കെതിരായ നീതിരഹിതമായ ഏതൊരു നടപടിയേയും കുറിച്ച് അന്വേഷിച്ച് അതിന്മേൽ തീരുമാനമെടുക്കുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിൽ റിപ്പോർട്ട് കൊടുക്കുകയും ചെയ്യേണ്ട കമീഷനാണിത്.
നിലവിലുള്ള നിയമത്തിൽ സ്ത്രീകൾക്കെതിരെയുള്ള പഴുതുകൾ, കുറവുകൾ തുടങ്ങിയവ നേരിടുവാനായി നിയമ നിർമ്മാണ നടപടികളെ സംബന്ധിച്ച വാർഷിക റിപ്പോർട്ട് സമർപ്പിക്കേണ്ട ചുമതലയും കമീഷനുണ്ട്.
സ്ത്രീകളെ സംബന്ധിച്ച് നിലവിലുള്ള നിയമത്തിലെ പോരായ്മകൾ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിനു ശുപാർശ ചെയ്യേണ്ടതും കമ്മീഷന്റെ ഉത്തരവാദിത്തമാണ്.
ഈ കമീഷന്റെ ചെയർപേഴ്‌സണാണ്, വീട്ടിൽ ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നു എന്നു പറഞ്ഞ ഒരു സ്ത്രീയോട് നിങ്ങൾ പൊലീസിൽ പരാതിപ്പെടാതിരുന്നതെന്താണെന്നും എന്നാൽ അനുഭവിച്ചോ എന്നും അധികാരക്കസേരയിൽ ഇരുന്ന് ഒരു സ്‌നേഹവും എംപതിയുമില്ലാതെ പറയുന്നത്.
സർക്കാർ സംവിധാനങ്ങൾ, പ്രത്യേകിച്ച് ജനങ്ങളെ അനുതാപത്തോടെയും എംപതറ്റിക്കായും കേൾക്കേണ്ട സംവിധാനങ്ങൾ ഉടച്ചുവാർക്കേണ്ട സമയം കഴിഞ്ഞു. ഉപദ്രവിക്കപ്പെടുന്ന ഒരാൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ കയറിച്ചെന്ന് പരാതിപ്പെടാൻ പാകത്തിൽ നമ്മുടെ പൊലീസ് സംവിധാനം പുതിയ ചിന്തകളേയും രാഷ്ട്രീയത്തേയും എന്നാണ് ഉൾക്കൊള്ളുക? ഭർത്താവിന്റെ കുടുംബത്തിൽ ചെന്നു കയറി അവിടെ വിധേയപ്പെട്ട് ജീവിക്കാനാണ് ഓരോ പെൺകുട്ടിയും ജനിക്കുന്നതും പഠിക്കുന്നതും എന്ന പാഠം പറഞ്ഞും പറയാതെയും കുട്ടികളെ പഠിപ്പിക്കുന്ന ക്ലാസ് റൂമുകളിൽ നിന്ന് അധ്യാപക സമൂഹം എപ്പോഴായിരിക്കും പുറത്തു വരിക? എം.സി. ജോസഫൈനേപ്പോലുള്ളവരുടെ പുരുഷാധിപത്യ മനോഭാവത്തിൽ നിന്ന് നമ്മുടെ കുടുംബ സംവിധാനം എന്നായിരിക്കും തുല്യതയുടെ നീതിബോധത്തിലേക്ക് പരിണമിക്കുക?
എം.സി.ജോസഫൈൻ എന്ന സ്ത്രീ വിരുദ്ധയായ സ്ത്രീയെ വനിതാ കമീഷൻ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്ന് മാറ്റി തുല്യനീതിയുടെ എ ബി സി ഡി പഠിപ്പിക്കാൻ സർക്കാർ തയ്യാറാവണം. സി.പി.ഐ- എം. കേന്ദ്ര കമ്മറ്റി അംഗത്തെ തിരുത്താൻ പാർട്ടി തയ്യാറാവണം. അത് പാട്രിയാർക്കിയാൽ ഉപദ്രവിക്കപ്പെടുന്ന കൊല്ലപ്പെടുന്ന സ്ത്രീകളോട് കാണിക്കുന്ന മിനിമം മര്യാദയാണ്, നീതിയാണ്.