എത്ര കാലം മാധ്യമങ്ങളിൽ കുറ്റം ചാരി സമാധാനിക്കും സി പി എം?

Communist Party of India Marxist CPI M ആകെ കുടുങ്ങിയിരിക്കുകയാണ്. പി.വി. അൻവറിനാൽ കുടുങ്ങി, പി.വി. അൻവർ തുറന്നുവിട്ട ഭൂതങ്ങളാൽ കുടുങ്ങി എന്നാണ് CPIM സ്വയം കരുതുന്നത്, ഒരു പക്ഷേ ആശ്വസിക്കുന്നത്. പക്ഷേ അങ്ങനെയല്ല. CPIM കുടുങ്ങിയത് CPIM നെക്കൊണ്ടുതന്നെയാണ്. പ്രശ്നം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെയാണ് എന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് CPIM ൻ്റെ പ്രശ്നം. അൻവർ കൂട്ടത്തിൽ നിന്ന് പുറത്തു പോയി പാർട്ടിയ്ക്കെതിരെ ഭൂതങ്ങളെ തുറന്നുവിട്ടതല്ല പ്രശ്നം. അൻവർ മുതലാളി എങ്ങനെ പാർട്ടിയേക്കാൾ വലിയ പാർട്ടിക്കാരനായി സി.പി.എമ്മിനൊപ്പം ചേർന്നുനിന്നു ഇത്രയും കാലം എന്നതാണ് അൻവർ പ്രശ്നത്തിൻ്റെ കാതൽ.

പാർട്ടിയ്ക്കുണ്ട് എന്ന് അവകാശപ്പെടുന്ന ഏത് ഇടതു പ്രത്യയശാസ്ത്രത്തിൻ്റെ, വർഗ്ഗരാഷ്ട്രീയത്തിൻ്റെ യോജിപ്പിലാണ് അൻവർ സി.പി.എമ്മുമായി കൈകോർത്തത്? അൻവൻ സാധ്യമായ, അൻവറിനെ പന പോലെ സാധ്യമാക്കിയ സി.പി.എമ്മല്ലേ യഥാർത്ഥ പ്രശ്നം?

അൻവറിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും മാധ്യമങ്ങളിലാണ് പാർട്ടി നേതാക്കളുടെ ഊന്നൽ. എല്ലാത്തിനും കാരണം മാധ്യമങ്ങളാണ്. എല്ലാം മാധ്യമ സൃഷ്ടിയാണ്. എല്ലാം ഇടതുവിരുദ്ധതയാണ്. മാധ്യമങ്ങളെല്ലാം ഇടതുവിരുദ്ധരാണ്. നിങ്ങളാണ് പ്രശ്നം നിങ്ങൾ മാത്രമാണ് പ്രശ്നം. വിമർശിക്കുന്ന മാധ്യമങ്ങളെല്ലാം വലതുപക്ഷമാണ്. വിമർശിക്കുന്നവരെല്ലാം സംഘപരിവാർ വക്താക്കളാണ്. മാധ്യമങ്ങളില്ലായിരുന്നെങ്കിൽ CPIM ന് ഇങ്ങനെ ഒരു ദുർഗതി വരില്ലായിരുന്നു. മാധ്യമങ്ങൾക്കെതിരായ വിലാപം കാവ്യമായും പ്രഭാഷണമായും റീലായും വാർത്താ സമ്മേളനമായും ഫേസ്ബുക്ക് പ്രൊപ്പഗാൻ്റയായും തുടർന്നുകൊണ്ടേയിരിക്കുന്നു.

എത്ര കാലം കുറ്റം മുഴുവൻ മാധ്യമങ്ങളുടെ തലയിൽ വെച്ച് സമാധാനിക്കും CPIM ? എത്ര കാലം ഇതേ വാദങ്ങൾ, ചൊല്ലുകൾ ലൂപ്പിലോടും? പറഞ്ഞ് പറഞ്ഞ് നല്ല പാൻ്റും ഷർട്ടും ലിപ്സ്റ്റിക്കും ഇടുന്ന മാധ്യമപ്രവർത്തകരാണ് നല്ല കളവ് പറയുന്നവർ എന്ന് വരെ പറഞ്ഞു വെച്ചു നിലമ്പൂരെ വിശദീകരണ സമ്മേളനത്തിൽ സഖാവ് എ.വിജയരാഘവൻ. കമ്യൂണിസ്റ്റ് വർഗ്ഗ നിദ്ധാന്തത്തിൻ്റെ പാർട്ടി ക്ലാസാണ്. സ്ത്രീപക്ഷ വക്താക്കളാണ്. രണ്ട് ഫെമിനിസ്റ്റ് മന്ത്രിമാരുണ്ട് പാർട്ടിക്ക്. ഉടുപ്പും ലിപ്സ്റ്റിക്കും മൈക്കുമാണ് സഖാക്കൾ കാണുന്നത്. കേട്ട് കയ്യടിക്കുന്നുണ്ട് അണികൾ .

ഇത്തരുണത്തിൽ നല്ല ഷർട്ടും നല്ലപാൻ്റും നല്ല ലിപ്സ്റ്റിക്കും ഇട്ട് ചില രാഷ്ട്രീയ സംശയങ്ങൾ ഉന്നയിക്കുകയാണ്.

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വിമർശിച്ചാലാണോ എൽ.ഡി.എഫിലെ എം.എൽ.എ പി.വി. അൻവറിനെ വിമർശിച്ചാലാണോ ആർ. എസ്.എസ് നേതാക്കളെ സ്വകാര്യമായി സന്ദർശിച്ച, സംസ്ഥാനത്തിൻ്റെ ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന, ഇപ്പോൾ ആ സ്ഥാനത്തു നിന്ന് മാറ്റപ്പെട്ട, എ.ഡി.ജി.പി എം. ആർ. അജിത് കുമാറിനെ വിമർശിക്കുമ്പോഴാണോ ഇടതു വിരുദ്ധതയാവുക?

സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ വിവാദ പി.ആർ. അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം സത്യാനന്തര കാലത്തെ വലതുപക്ഷ മാധ്യമമാണോ?

മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിവാദവും വർഗ്ഗീയവുമായ ഒരു പരാമർശം ദ ഹിന്ദു പോലൊരു പത്രത്തിൽ അച്ചടിച്ചു വരികയാണെങ്കിൽ അതിനെതിരെ നിയമപരമായ നടപടിയെടുക്കാതെ, വലതുപക്ഷമെന്നോ സത്യാനന്തര കാലത്തെ ഇടതു വിരുദ്ധ മാധ്യമപ്രവർത്തനമെന്ന വിമർശനം പോലുമോ ഇല്ലാതെ ഇടയ്ക്ക് ചിരിച്ചും

ഇടയ്ക്ക് തളർന്നും ഇടയ്ക്ക് രോഷപ്പെട്ടും മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയത് എന്തുകൊണ്ടാവും?

പി.ആർ. ഏജൻസി വഴിയാണ് അഭിമുഖം വന്നത് എന്ന് ദ ഹിന്ദു പറയുന്നു. പി.ആർ. ഏജൻസിയെ പാർട്ടിയ്ക്ക് ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറും പറഞ്ഞു കൊണ്ടിരിക്കുന്നു. രണ്ടു പക്ഷത്തിലൊരാൾ പറയുന്നത് വസ്തുതാവിരുദ്ധതയാവാതെ തരമില്ലെന്നിരിക്കെ സർക്കാരോ പാർട്ടിയോ ദ ഹിന്ദുവുവിനെതിരെയോ പി.ആർ ഏജൻസിക്കെതിരെയോ നിയമനടപടിയ്ക്ക് പോവാത്തത് എന്തുകൊണ്ടായിരിക്കാം?

പി.വി. അൻവർ എന്ന വലതുപക്ഷക്കാരനായ മുതലാളിയ്ക്ക് കഴിഞ്ഞ എട്ടു വർഷവും കേരളത്തിലെ അഭിനവ ഇടതുപക്ഷത്തിൻ്റെ വ്യാജ ഭാഷയിൽ സംസാരിക്കാൻ ഇടം നൽകിയ, വ്യാജ ഇടതു സാംസ്കാരിക മേഖലയെ എന്താണ് വിളിക്കേണ്ടത്? ഇടതുവിരുദ്ധരെന്നോ വലതുപക്ഷമെന്നോ?

പി.വി. അൻവറിനെ മൂളി മൂളി പന പോലെ വളർത്തിയ അഭിനവ ഇടതുപക്ഷ അണികളും സോഷ്യൽ മീഡിയയിലെ ആയിരക്കണത്തിന് വ്യാജ ഇടതുപക്ഷ പ്രൊഫൈലുകളും അൻവർ തിരിഞ്ഞു നിന്നപ്പോൾ മൂളൽ നിർത്തി കൂടുകളിൽ ചേക്കേറിയെന്ന് തോന്നിപ്പിക്കുന്നത് എന്തുകൊണ്ടാണ്? അവരിൽച്ചിലർ അൻവർ അവശേഷിപ്പിച്ച ചോദ്യങ്ങൾ നിലനിൽക്കുന്നില്ലേയെന്ന് പതുക്കെ മൂളാൻ ശ്രമിക്കുന്നുമുണ്ട്. അപ്പോൾ ഇവരിലാരാണ് യഥാർത്ഥ ഇടതുവിരുദ്ധർ?

കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും മുഴുവൻ വലതു പക്ഷ വക്താക്കളാക്കി ചിത്രീകരിച്ച് വിശ്വാസ്യത നശിപ്പിക്കുന്ന പ്രൊപ്പഗാൻ്റയ്ക്ക് നേതൃത്വം നൽകിയ, പി.പി. അൻവറെന്ന വലതുപക്ഷ മുതലാളി, മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ നാലാം തൂണ് എന്ന ഡയലോഗ് പറയുന്നതാണ് ഒടുവിലത്തെ സീനിൽ കണ്ടത്. ഒരു മാസം മുൻപ് വരെ അൻവറിനെ ഘോരം ഘോരം ഏറ്റുപാടിയിരുന്ന ഇടതുപക്ഷ നേതൃത്വവും അണികളും ഇളിഭ്യരായ കാഴ്ചക്കാരായി നിൽക്കുന്ന അംസംബന്ധ നാടകത്തിൻ്റെ പേര് നിങ്ങളെന്തിനയാളെ കമ്യൂണിസ്റ്റാക്കി എന്നാണോ?

പി.വി. അൻവറിൻ്റെ കക്കാടം പൊയിലിലെ ഭൂമികയ്യേറ്റമൊക്കെ മറന്നോ മാധ്യമങ്ങൾ എന്ന് ചോദിക്കുകയാണ് എ.വിജയരാഘവൻ സഖാവ്. കഴിഞ്ഞ എട്ടുവർഷവും അൻവറിൻ്റെ സകല പ്രകടനങ്ങളേയും കാത്തു സംരക്ഷിച്ച പാർട്ടിയുടെ നേതാവ് ഇപ്പോൾ മാധ്യമങ്ങളോട് പരിഹാസത്തോടെ ചോദിക്കുകയാണ് അൻവർ ഇപ്പോൾ നിങ്ങൾക്ക് മഹാനായല്ലേ എന്ന്? വിരോധാഭാസം എന്ന വാക്ക് അരിവാളും ചുറ്റികയുമെടുത്ത് ആത്മാഹുതി ചെയ്തെന്നാണ് കേൾക്കുന്നത്.

ഇതിനിടയിൽ കേരളാ സ്റ്റോറിയെന്ന വർഗ്ഗീയ സിനിമയുമായി മത്സരിക്കുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണവും ഇടതു സർക്കാരിൻ്റെ സ്വന്തം പ്രൊഡക്ഷനിൽ ആരംഭിച്ചിട്ടുണ്ട്. മലപ്പുറമാണ് ലൊക്കേഷൻ. മലപ്പുറത്തു നിന്ന് കിലോക്കണക്കിന് സ്വർണവും കോടിക്കണക്കായ ഹവാലപ്പണവും കഴിഞ്ഞ അഞ്ചു വർഷത്തിൽ പിടിച്ചെടുത്തെന്നും ഇത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്നുമാണതിൻ്റെ വൺ ലൈൻ. ദ ഹിന്ദുവിലാണത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ബൈലൈനിലുള്ള അഭിമുഖം. വിവാദ പരാമർശങ്ങൾ തൻ്റേതല്ലെന്നും മറ്റാരോ കൂട്ടിച്ചേർത്തതാണെന്ന അഭിപ്രായത്തിലുമാണ് മുഖ്യമന്ത്രി ഇപ്പോൾ നിൽക്കുന്നത്. പി.ആർ ഏജൻസിയെ ഏൽപ്പിച്ചിട്ടില്ലാത്തതിനാൽ അവരാവില്ല. ദ ഹിന്ദു സ്വയമേവ കൂട്ടിച്ചേർത്തതാണെങ്കിൽ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞേനെ കേസും കൊടുത്തേനെ. അപ്പോൾ അതുമല്ല. ഇനി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയോ മറ്റോ മുഖ്യമന്ത്രിയറിയാതെ എഴുതിക്കൊടുത്തതാണോ? അതും അറിയില്ല.

അപ്പോഴതാ വരുന്നു KT ജലീൽ. അദ്ദേഹവും സി.പി.എം സ്വതന്ത എം.എൽ.എ ആണ് കേട്ടോ. മുഖ്യമന്ത്രിയുടെ പേരിൽ അടിച്ചു വന്ന മുഖ്യമന്ത്രിയുടേതല്ലാത്ത ആ അഞ്ചാറ് മുസ്ളീം വിരുദ്ധ മലപ്പുറം വിരുദ്ധ വാചങ്ങങ്ങളെ സഹായിക്കുന്ന സബ് പ്ലോട്ടുമായാണ് കെ.ടി. ജലീലിൻ്റെ വരവ്. കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണകടത്തിൽ പിടിക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്നും തെറ്റ് ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മത വിഭാഗങ്ങളിൽ നിന്നാണ് എന്നും ജലീൽ കുറിച്ചു. മനുഷ്യർ തെറ്റ് ചെയ്യുമ്പോൾ ഇടപെടേണ്ടത് മതമാണ് പോലും. അദ്ദേഹം എന്താണ് പറഞ്ഞു വെക്കുന്നത്? മതാടിസ്ഥാനത്തിലാണ് മനുഷ്യർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് എന്നോ? പാർലമെൻ്റി ജനാധിപത്യവും ഭരണഘടനയും നീതിന്യായ സംവിധാനങ്ങളും ഉള്ള ഒരു രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു എം.എൽ.എ മതനേതാക്കളോട് അപേക്ഷിക്കുകയാണ് തെറ്റു ചെയ്യല്ലേയെന്ന് സ്വന്തം മതത്തിലുള്ളവരോട് ആഹ്വാനം ചെയ്യാൻ. ആർ.എസ്.എസിൻ്റേയും സംഘപരിവാറിൻ്റേയും മുസ്ലീം വിരുദ്ധ - ഹിന്ദുത്വ വാദങ്ങൾക്ക് സാധുത നൽകുകയാണ് ജലീൽ. മുഖ്യമന്ത്രിയുടെ പേരിൽ വന്ന അഭിമുഖത്തിലെ വാദങ്ങളും KT ജലീലിൻ്റെ വാചകങ്ങളും രണ്ടിനേയും തള്ളിപ്പറയാത്ത പാർട്ടി നിലപാടും ചേരുമ്പോൾ സീൻ ക്ലിയറാണ്. മുസ്ലിം വോട്ടുകൾ കിട്ടിയില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാനുള്ള നീചമായ ഹിന്ദുവർഗ്ഗീയ പ്രീണനം. അല്ലെങ്കിൽ ബി.ജെ.പി സർക്കാരുമായുള്ള മുഖ്യമന്ത്രിയുടെ അവിശുദ്ധ ബാന്ധവം. എ ഡി.ജി.പി എം. ആർ. അജിത് കുമാർ എന്തിനാണ് ആർ.എസ്. എസ് നേതാക്കളെ സന്ദർശിച്ചതെന്നത് ഒരു രാഷ്ട്രീയ ചോദ്യം പോലുമായല്ലാതെ കേട്ട് ഉരുണ്ടു കളിക്കുന്ന പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആ ബാന്ധവത്തിന് പൊലീസ് മുദ്രയും ചാർത്തുന്നുണ്ട്. വിജയൻ പൊലീസ് പണ്ടേക്കു പണ്ടേ സംഘപരിവാർ പൊലീസാണെന്നാണ് പാർട്ടിക്കാർ തന്നെ പറയുന്നത്.

ജീവൻ കൊടുത്തും പാർട്ടിയെ സംരക്ഷിക്കും എന്ന് ഉറക്കെപ്പറയുന്ന സ്വന്തം അണികളിലേക്കെങ്കിലും ഇനിയെങ്കിലും ആത്മാർത്ഥമായി ഒന്ന് നോക്കണം പാർട്ടി നേതൃത്വം. അധികാരവും അധികാരത്തിൻ്റെ ദുരയും സമ്പത്തും മുതലാളിമാരുമായുള്ള ചങ്ങാത്തവും ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഈ പാർട്ടിയുടെ നേതൃത്വത്തെ അതല്ലാതാക്കി മാറ്റിയിരിക്കുന്നു എന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

പി.വി. അൻവർ മുതലാളിയെയും അതുപോലുള്ള അനേകം മുതലാളിമാരെയും പാർട്ടിയാക്കി അവതരിപ്പിക്കുകയും വാഴ്ത്തുകയും അണികളെക്കൊണ്ട് അന്ധമായി ആർപ്പുവിളിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയ്ക്ക് മാധ്യമങ്ങൾ എന്ന ഒറ്റ ശത്രുവിനെ മാത്രം മുന്നിൽ പ്രതിഷ്ഠിച്ച് ഏറെക്കാലം പോരാടാനാവില്ല.

ലിപ്സ്റ്റിക്കിട്ട് കള്ളം പറയുന്ന മാധ്യമപ്രവർത്തകർ എന്ന സ്ത്രീവിരുദ്ധ അശ്ലീല സിദ്ധാന്തം ഇടതു രാഷ്ട്രീയമായി അവതരിപ്പിക്കുന്ന എ.വിജയരാഘവൻമാർ ഈ പാർട്ടിയ്ക്ക് എന്തെങ്കിലും രാഷ്ട്രീയമുദ്രാവാക്യങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെയും മായ്ച്ച് കളയും.

ഇങ്ങനെ പോയാൽ പാർട്ടിയുണ്ടാവും അണികളുണ്ടാവില്ല എന്നു പറഞ്ഞ ഒരു വിജയനെ വെറുതേ ഓർക്കുന്നു.

ലിപ്സ്റ്റിക്കിട്ട നമസ്കാരം, ലാൽ സലാം

Comments