ഇന്ത്യൻ സാഹചര്യത്തിൽ ജനാധിപത്യം അടിസ്ഥാനപരമായി പ്രസരിപ്പിക്കുന്നത് പരസ്പരം ഉൾക്കൊണ്ടുകൊണ്ടുള്ള സൗഹാർദ്ദജീവിതത്തിന്റെ സാമൂഹികാവസ്ഥയാണ്. അവിടെ മതം, ജാതി, രാഷ്ട്രീയം, ദേശം, ഭാഷ, ഭക്ഷണം തുടങ്ങിയ വൈവിധ്യങ്ങൾ നിലനിൽക്കെ, അതുൽപ്പാദിപ്പിക്കുന്ന പരസ്പരം ഉൾക്കൊള്ളലിന്റെ രാഷ്ട്രീയവ്യവഹാരം ഇന്ത്യൻ സമൂഹത്തിൽ എത്രത്തോളം ഉണർന്നു പ്രവർത്തിക്കുന്നുവോ, നമ്മുടെ ജനാധിപത്യം അത്രത്തോളം ശക്തിപ്പെടുന്നതാണ്.
ഇതൊരു തരം ജ്ഞാനവെളിച്ചമാണ്. അത് മുഴുവൻ മനുഷ്യരിലേക്കും വ്യാപിപ്പിച്ചുകൊണ്ടേയിരിക്കുമ്പോഴാണ് സമൂഹം രാഷ്‌ട്രീയമായി ശക്തിപ്പെടുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന് ഈ അർത്ഥത്തിൽ 70% മനുഷ്യരിലും മതേതര സാമൂഹികസമത്വത്തിൻ്റെ പ്രകാശത്തെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് പല തലങ്ങളിലും രീതികളിലുമുള്ള കാരണങ്ങളുണ്ട്. മതവും ജാതിയും വംശീയതയും പ്രാദേശികതയുമൊക്കെ, ഇന്ത്യൻ സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല. ഈ പുതിയ കാലത്തും അത് തുടരുമ്പോഴാണ്, നവോത്ഥാന പാതയിലൂടെ സാമൂഹിക രാഷ്ട്രീയ വികാസം നിർമ്മിച്ച കേരളത്തിൽ നിന്ന് മതത്തിൻ്റെ പേരിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നത്. ഇതിനോട് സ്റ്റേറ്റിന് പ്രതികരിക്കേണ്ടി വരുന്നത്. സ്റ്റേറ്റ് മുന്നോട്ടുവെക്കുന്ന ഭരണഘടനാ ഉത്തരവാദിത്വങ്ങളെ വിശ്വാസത്തിന്റെയോ മതത്തിന്റെയോ പേരിൽ മാറ്റി നിർത്താൻ കഴിയില്ല എന്നതാണ് ഇതിന് കാരണം.
ഇന്ത്യയിൽ ജനാധിപത്യം നേരായ വഴിയിലാണ് മുന്നേറുന്നതെന്ന് പൂർണ്ണമായ അർത്ഥത്തിൽ പറയാൻ കഴിയില്ല. കാരണം, പല കാലത്തും പല രീതിയിലും ജനാധിപത്യാധികാരം പക്ഷപാതപരമായും സങ്കുചിത രാഷ്ട്രീയത്തിൻ്റെ താൽപര്യത്താലും ന്യൂനപക്ഷങ്ങൾക്കും ദലിത് പിന്നോക്ക വിഭാഗങ്ങൾക്കും എതിരെ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴും സാധാരണ മനുഷ്യർ തങ്ങളുടെ വിരുദ്ധാഭിപ്രായങ്ങളെയും വിമർശനങ്ങളെയും അവതരിപ്പിക്കുന്നത് ഭരണഘടന നൽകുന്ന പൗരവകാശത്തിൻ്റെ ബലത്തിലാണ്. ഇത് ഒരിക്കലും വിയോജിപ്പിനുള്ള ഇടത്തെ നിഷേധിക്കുന്നില്ല. ഇത്തരം ആലോചനകൾക്കിടയിലാണ് ബഹുസ്വരസമൂഹത്തിലെ മനുഷ്യർക്ക് വിശ്വാസപരമായ ഏകീകരണവും അത് മുന്നോട്ടുവെയ്ക്കുന്ന ആചാരക്രമങ്ങളും ഏത് രീതിയിൽ പൊതുസമൂഹത്തിന്റെ ഭാഗമായി മുന്നോട്ടു കൊണ്ടുപോകാം എന്ന ചിന്ത വിവാദമായിത്തീർന്നിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് കേരളത്തിലെ മുസ്ലിം മതപണ്ഡിതരിൽ ഒരാളായ കാന്തപുരം അബൂബക്കർ മുസ്ലിയാർ മുന്നോട്ടുവെച്ച പ്രതികരണവുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. സ്ത്രീകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശിക്കാനും അവരുടെ സ്വതന്ത്രജീവിതം അനുഭവിക്കാനും പാടില്ല എന്ന രീതിയിലുള്ള പരാമർശം ഇതിനകം ലോകത്തെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ കാലമായതുകൊണ്ട് തന്നെ ആ വിഷയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന 90% സംവാദങ്ങളും ഇസ്ലാം മതത്തെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടാണ് അരങ്ങേറുന്നത്. ഒരു മതത്തിൽ പിറന്നു എന്നതുകൊണ്ട് ആ മത കൽപ്പനകൾ പാലിക്കുന്നവരാണ് സമുദായത്തിലെ മുഴുവൻ അംഗങ്ങളും എന്നത് തെറ്റായ വിലയിരുത്തലാണ്. പുരോഹിത കൽപ്പനകൾ മതത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്നില്ല എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. കാരണം, പേരുകൊണ്ട് മാത്രം ഒരു വ്യക്തി മതവിശ്വാസി ആവണമെന്നില്ല. മതത്തിൻ്റെ ആചാരകൽപ്പനകൾ ജീവിതത്തിൽ ഉടനീളം പുലർത്തുന്ന ഒരാളെ സംബന്ധിച്ച് അയാൾക്ക് ഇത്തരം ഉദ്ബോധനം ആവശ്യമുണ്ടോ എന്നത് മറു ചോദ്യമാണ്. കാരണം, അയാൾ ജീവിതത്തിലുടനീളം മതമനുഷ്യനായി ജീവിക്കുന്നയാൾ ആയിരിക്കും. ഇത്തരത്തിലുള്ള യുക്തിപരമായ ചോദ്യങ്ങൾക്ക് ഈ വിവാദത്തിൽ പ്രധാന സ്ഥാനമുണ്ട്. സംവാദം തുറന്നുവെച്ച പ്രസ്താവനയുമായി ബന്ധിപ്പിച്ച് ഒരു ഭാഗത്ത് നടക്കുന്നത് ഒരു സമുദായത്തെ എല്ലാ അർത്ഥത്തിലും പ്രതിസ്ഥാനത്ത് നിർത്തുക എന്നതാണ്. അതുകൊണ്ടാണ് ചാനൽ ചർച്ചയിൽ അവതാരക മയക്കുമരുന്നും സ്ത്രീപീഡനവും ലഹരിയും തുടങ്ങിയ വിഷയത്തിൽ ഒരു സമുദായത്തെ പ്രതിസ്ഥാനത്തു നിർത്തുന്നത്. അതേസമയം മറുഭാഗത്ത് പൗരോഹിത്യത്തിൻ്റെ നിലപാടുകൾക്കനുസരിച്ച് ഒരു തരിപോലും മാറാതെ മുന്നോട്ടു പോകാൻ മതവിശ്വാസികൾ പ്രതിജ്ഞാബദ്ധരാണ് എന്ന വാദം ഉയർന്നുവരുന്നു. ഇത്തരം വാദങ്ങൾക്കിടയിലാണ് ഏറ്റവും ഒടുവിൽ സ്റ്റേറ്റിന്റെ ഭരണാധികാരി എന്ന രീതിയിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ ചർച്ചയെ മറ്റൊരു വഴിയിലേക്ക് നയിച്ചത്.
സോഷ്യൽ മീഡിയയിൽ ചർച്ച കത്തിനിൽക്കുന്നത് വിഷയത്തിന്റെ സാമൂഹ്യപ്രസക്തിയെ വിവരിച്ചുകൊണ്ടോ മത കൽപ്പനകളെ വിശകലനം ചെയ്തുകൊണ്ടോ അല്ല. മറിച്ച്, സമൂഹത്തിൽ നിലനിൽക്കുന്ന അപരവിദ്വേഷത്തെയും വർഗീയ പരാമർശങ്ങളെയും മുൻനിർത്തി ഒരു വിഭാഗത്തെ അപരിഷ്കൃതർ, പുരോഗമന വിരുദ്ധർ, പുതിയ കാലത്തിൻ്റെ ഭാഗമായി ജീവിക്കാൻ കൊള്ളാത്തവർ തുടങ്ങിയ മുദ്രകൾ കുത്തി അപഹസിക്കുന്നത് സങ്കുചിതമായ അജണ്ടയുടെ ഭാഗമാണ്. എന്നാൽ മറുഭാഗത്ത് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന പൗരോഹിത്യത്തിന്റെ നിലപാടിനെ രാഷ്ട്രീയമായും വസ്തുനിഷ്ഠമായും നോക്കിക്കാണുന്ന വിശ്വാസികളുണ്ട്. ഇതിൽ രണ്ടാമത് പറഞ്ഞ വിഭാഗത്തോടാണ് സംവാദവും ചർച്ചയും സാധ്യമാകുന്നത്. ഒന്നാമത്തെ വിഭാഗം നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം നാമം പോലും അപരവത്കരണത്തിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും അടയാളമായി പൊതുബോധത്തിൽ അടിച്ചേൽപ്പിക്കുന്നവരാണ്. അത്തരം മനുഷ്യരോട് ഒരുകാലത്തും സംവാദത്തിന് സാധ്യമല്ല. എന്നാൽ അന്തിമ വിജയം വസ്തുതകൾക്കായിരിക്കുമെന്ന് കേരളം പലവട്ടം തെളിയിച്ചതാണ്. കേരള സ്റ്റോറി, ലൗ ജിഹാദ് തുടങ്ങിയ പ്രൊപ്പഗാണ്ട അജണ്ടകളെ നേരിട്ട് പരാജയപ്പെടുത്തിയത് സംവാദസാധ്യമായ കേരളീയ സമൂഹത്തിലെ മനുഷ്യരാണെന്ന് കൂടി ഓർക്കേണ്ടതുണ്ട്.
ഒരേസമയം ഇന്ത്യയിൽ നടക്കുന്ന മുസ്ലിംവേട്ടയെ രാഷ്ട്രീയമായി പ്രതിരോധിച്ചും പുരോഗമന വിരുദ്ധമായ നിലപാടുകളോട് വിയോജിച്ചുകൊണ്ടുമാണ് വിശാല ഇടതുപക്ഷ മനുഷ്യർ നിലവിൽ മുസ്ലിം സ്ത്രീകളുടെ വിഷയത്തിൽ ഇടപെടുന്നത്. അതിനെ സാമൂഹ്യ ഉത്തരവാദിത്വമായിട്ട് കാണേണ്ടതുണ്ട്. കാരണം, പൗരോഹിത്യവിഭാഗം പറയുന്നത്, തങ്ങളുടെ മതത്തിലെ സ്ത്രീകളോടാണ് മതബോധനം നടത്തുന്നത് എന്നതാണ്. എന്നാൽ മതത്തിനകത്തായാലും പുറത്തായാലും സ്ത്രീകൾ ജീവിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങളുടെയും നീതി വ്യവസ്ഥയുടെയും പിൻബലത്തിലാണ്. ഈ യാഥാർത്ഥ്യത്തെ നിരാകരിച്ചുകൊണ്ട് ഇന്ത്യയിലെ ഒരു സാമൂഹ്യവിഭാഗത്തിനും മുന്നോട്ടുപോകാൻ കഴിയില്ല. വിശ്വാസം ഒരു വ്യക്തിയെ സംബന്ധിച്ച് അയാളുടെ സ്വകാര്യ ജീവിതത്തിൻ്റെ ഭാഗമാണ്. പൊതു ജീവിതത്തിലേക്ക് വരുമ്പോൾ ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾക്ക് ഏതൊരു വ്യക്തിക്കും അവകാശമുണ്ട്. ഈ അകാശത്തെ സംരക്ഷിക്കുക സ്റ്റേറ്റിന്റെ ഉത്തരവാദിത്വം കൂടിയാണ്. അതേസമയം സമ്പൂർണ്ണമായും മതത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയോട് അതിനെ ഉപേക്ഷിച്ച് പൊതുമണ്ഡലത്തിന്റെ ഭാഗമായി ജീവിക്കണമെന്ന് നിർദ്ദേശിക്കാൻ സ്റ്റേറ്റിന് അധികാരമില്ല.

മതമോ ലിംഗമോ ഭൂരിപക്ഷമോ ന്യൂനപക്ഷമോ അവരുടെ രാഷ്ട്രീയമോ ഇത്തരം സംവാദങ്ങളെ റദ്ദ് ചെയ്യുന്നില്ല. മറിച്ച്, കുറച്ചുകൂടി പുരോഗമനബോധത്തോടെ അത്തരം വിഷയങ്ങളെ ജനകീയവൽക്കരിച്ചുകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരായി മാറേണ്ടതുണ്ടെന്നും ബോധ്യമാണ്. അതിന്നർത്ഥം മതത്തെ പുറന്തള്ളുക എന്നതല്ല. മറിച്ച് പതിനാറാം നൂറ്റാണ്ടിലെ സാമൂഹ്യ ജീവിതത്തിൽ നിലനിന്ന ഇരുണ്ടകാലത്തെ ഓർമിപ്പിക്കുന്ന മതകൽപ്പനകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രയോഗിക്കാനുള്ള ശ്രമം നാം നേടിയെടുത്ത സാമൂഹ്യ നവോത്ഥാന പദ്ധതികളെ പച്ചയ്ക്ക് പുറന്തള്ളുന്നതാണെന്ന് മനസ്സിലാക്ക ലാണ്. വിശ്വാസിയാണെങ്കിൽക്കൂടി ആ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടത് മനുഷ്യൻ്റെ സമൂലമായ പരിവർത്തനത്തിന്റെ ഭാഗമായിട്ടായിരിക്കണം. അവിടെ ഏതെങ്കിലും ഒരു വിഭാഗത്തെ പുതിയ കാലത്തിൻറെ സവിശേഷ സാമൂഹിക പരിസരങ്ങളിൽ നിന്ന് മാറ്റിനിർത്തുക എന്നത് അവരെ ഇരുട്ടറയിൽ അടച്ചിടുന്നതിന് തുല്യമാണ്. എന്തെന്നാൽ, ഇനിയുള്ള കാലത്ത് ലോകത്തിൻ്റെ പുതിയ ജ്ഞാനബോധവുമായി ഇണങ്ങിച്ചേരാനും സംവദിക്കാനും കഴിയാതെ ഒരാൾക്കും മുന്നോട്ടുപോകാൻ കഴിയില്ല. അവിടെ സ്ത്രീകൾ പ്രത്യേകം പരാമർശിക്കപ്പെടുന്നതിന് പല കാരണങ്ങളുണ്ട്.
ഒന്നാമതായി, സ്ത്രീകൾ വീടുകൾക്കുള്ളിൽ കുടുംബിനിമാരായി കഴിഞ്ഞുകൂടിയ നീണ്ട പതിറ്റാണ്ടുകൾ സമൂഹത്തിൽ ഉണ്ടായ ലിംഗപരമായ അസമത്വം ചെറുതല്ല. അതുവഴിയാണ് അറിവിൻ്റെ മേഖലയിൽ പുരുഷനുണ്ടാക്കിയെടുത്ത മേധാവിത്വം മറ്റൊരാർത്ഥത്തിൽ പുരുഷകേന്ദ്രീകൃത സാമൂഹ്യ വ്യവഹാരത്തെ രൂപപ്പെടുത്തിയത്. ഇന്നത് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സർവ്വ മേഖലകളിലും സ്ത്രീകൾ അതിവേഗം ഔദ്യോഗിക സ്ഥാനങ്ങൾ ഉറപ്പിക്കുകയാണ്. ആരോഗ്യമേഖലയിലും ഐ ടി രംഗത്തും മറ്റു സർക്കാർ ഉദ്യോഗ മേഖലകളിലും സ്വയംതൊഴിൽ കണ്ടെത്തലിലും സ്വതന്ത്ര സംരംഭകത്വത്തിലും സ്ത്രീകളുടെ സാന്നിധ്യം സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല. പ്രത്യേകിച്ചും നീണ്ടകാലം സവർണ്ണ മനുഷ്യർക്കിടയിൽ മാത്രം ഒതുങ്ങി നിന്ന് സർക്കാർസർവീസ് സംവിധാനങ്ങളിലേക്കാണ് ന്യൂനപക്ഷങ്ങളുടെ വലിയൊരു സാന്നിധ്യം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനു കാരണം, മുസ്ലിം സ്ത്രീകൾക്കിടയിൽ ഉണ്ടായ വിദ്യാഭ്യാസ പുരോഗതിയാണ്. ഇത് കേവലം ഒരു സമുദായത്തിന്റെ മാത്രം പുരോഗമന ഇടപെടലായിട്ടല്ല കാണേണ്ടത്. മറിച്ച്, അത് സമൂഹത്തിൽ തുല്യതയും സ്ത്രീകളുടെ സാമൂഹിക ജീവിതത്തിലുണ്ടാകുന്ന മാറ്റത്തെയുമാണ് രേഖപ്പെടുത്തുന്നത്. ഇതിൻ്റെ തുടർച്ച വികസിതസമൂഹത്തിൽ കാണുന്ന രീതിയിലുള്ള സാമൂഹ്യ ജീവിതം കേരളത്തിൽ രൂപപ്പെട്ടു എന്നതാണ്. ഇതൊക്കെ നടന്നത് അത്തരം സ്ത്രീകൾ തങ്ങൾ പിറന്ന മതബോധത്തെ അതിലംഘിച്ചും മതമൂല്യങ്ങളെ നിരാകരിച്ചു കൊണ്ടുമല്ല. മറിച്ച്, വലിയ ശതമാനം മുസ്ലിം സ്ത്രീകളും ഉന്നതപഠനം കരസ്ഥമാക്കിയത് അവരുടെ പാരമ്പര്യജീവിത മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടാണെന്ന് കാണാൻ കഴിയും. ഈ യാഥാർത്ഥ്യത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് 'സ്ത്രീകൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടരുത്' എന്ന രീതിയിലുള്ള ആജ്ഞാപനങ്ങൾ തികച്ചും പുരോഗമനവിരുദ്ധമാണ്. അത് ഇതുവരെ നമ്മൾ നേടിയ സാമൂഹ്യജീവിതനിലവാരത്തെ ബോധപൂർവം റദ്ദ് ചെയ്യുന്നതാണ്. ഈ ഒരു പശ്ചാത്തലത്തിലൂടെ വേണം മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണത്തെ രാഷ്ട്രീയമായി വായിക്കാൻ.

സ്ത്രീകളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുക വഴി അവർ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരാണെന്ന ബോധം വ്യാപകമായി പ്രചരിക്കപ്പെടും. അത്തരം പ്രചരണങ്ങളിൽപ്പെടുന്ന ന്യൂനപക്ഷമായ സ്ത്രീകൾക്ക് പോലും പിന്നീട് ഒരിക്കലും മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുന്ന ലോകത്തോട് സംവദിക്കാനോ ഇടപെടാനോ കഴിയാത്ത വിധം മരവിച്ചുപോയ മനുഷ്യരായി മാറും. ഈ യാഥാർത്ഥ്യം പൗരോഹിത്യം തിരിച്ചറിയേണ്ടതുണ്ട്. കാരണം, ഇന്ത്യയിലെ സവിശേഷ സാമൂഹിക ഘടനയിൽ വ്യത്യസ്ത മതത്തിലും ജാതിയിലും ജീവിക്കുന്ന മനുഷ്യർക്ക് അവർ നിൽക്കുന്ന ഇടത്തുനിന്നുകൊണ്ടുതന്നെ ലഭ്യമായ അറിവിനെയും അതുണ്ടാക്കുന്ന ഉണർവിനെയും ഉൾക്കൊണ്ടുകൊണ്ട് മാത്രമേ ഈ രാജ്യത്ത് ജീവിക്കാൻ കഴിയൂ. ഇതൊരു സാമൂഹ്യ യാഥാർത്ഥ്യമാണ്. എന്തെന്നാൽ, അത്രമാത്രം വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഒരിടത്ത് ഭരണഘടന നൽകുന്ന ഉറപ്പുകളെ മതശാസനങ്ങൾ കൊണ്ട് തടയുമ്പോൾ അതുണ്ടാക്കുന്ന രാഷ്ട്രീയപ്രതിസന്ധികൾ ചെറുതല്ല. മാത്രമല്ല, ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ ഏതെങ്കിലും ഒരു മതം അതിൻ്റെ ആചാരങ്ങളെ പൊതു പ്രഖ്യാപനമായി അവതരിപ്പിക്കുമ്പോൾ അതിനോടുള്ള വിമർശനങ്ങൾ വിവാദമാകും. മതവിശ്വാസം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെങ്കിലും ജനാധിപത്യ സമൂഹത്തിൽ പൗരന്റെ രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്വം ഭരണഘടനയോട് തന്നെയാണ്. ഇതേ ഭരണഘടന ഒരു വ്യക്തിക്ക് വിശ്വാസിയായും അവിശ്വാസിയായും ജീവിക്കാനുള്ള ഉറപ്പു നൽകുന്നു. ഇത് രണ്ടും സാമൂഹ്യ ജീവിതത്തിൽ ഇതര മനുഷ്യരുടെ സ്വാതന്ത്യാവകാശങ്ങളെ നിഷേധിക്കുന്നില്ല.
ഒരാൾക്ക് അയാൾ ജനിച്ച മതത്തിൽ ഏത് രീതിയിലും ആത്മീയമായി ജീവിക്കാനുള്ള അവകാശമുണ്ട്. അതിനുള്ള ഭൗതിക സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ, ആ വ്യക്തി അത്തരം സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പൊതുവിടങ്ങളിൽ മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്ന വിധം ഉപയോഗിക്കുമ്പോഴാണ് പൊതുസമൂഹം അതിനോട് വിയോജിപ്പോടെ പ്രതികരിക്കുന്നത്. മറ്റൊരാർത്ഥത്തിൽ, ഈ രീതി തന്നെയാണ് പണ്ഡിതർ തങ്ങളുടെ മതകല്പനകൾ പൊതുസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്നത്. അതിനോടുള്ള പ്രതികരണത്തിന്റെ സാമാന്യയുക്തിയിൽ അതിൻ്റെ രാഷ്ട്രീയം വ്യക്തമാണ്. അങ്ങനെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയെ നോക്കിക്കാണേണ്ടത്. ഇനി സമ്മർദ്ദങ്ങളുടെ ഭാരം സഹിക്കാതെ മുഖ്യമന്ത്രി അതിനെ തിരുത്തിയാലും പൊതുസമൂഹം മുഖ്യമന്ത്രിയുടെ ആദ്യ പ്രസ്താവനയാണ് എക്കാലത്തും ഓർമിക്കേണ്ടത്. അതേസമയം, മറ്റൊരു ചോദ്യത്തിലേക്കുകൂടി മുഖ്യമന്ത്രിയുടെ നിലപാട് അഭിമുഖീകരിക്കേണ്ടതുണ്ട്. അത്, ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാടാണ്. ഇതൊക്കെ ബോധ്യപ്പെടുത്തുന്നത് പൗരോഹിത്യവും രാഷ്ട്രീയ നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകൾ പൊതുജനങ്ങളുടെ സാമൂഹ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ്. അപ്പോഴാണ് ഓരോ നിലപാടും അതാത് സമയത്തെ സാമൂഹ്യ രാഷ്ട്രീയസാഹചര്യങ്ങൾക്കനുസരിച്ച് മാറ്റത്തിന് വിധേയമാണെന്നത് പൊതുതത്വമായി നിലനിൽക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം പലരീതിയിൽ വന്ന പ്രതികരണങ്ങളിലൊന്ന് 'മുഖ്യമന്ത്രി ഭരിച്ചാൽ മതി; മതകാര്യങ്ങളിൽ ഇടപെടേണ്ട' എന്നതാണ്. കേൾക്കുമ്പോൾ ഇതൊരു നീതിയുക്തമായ പ്രതികരണമായി തോന്നും. പക്ഷേ അതിനപ്പുറം ഇതിൽ ഒരു രാഷട്രീയവായനയുണ്ട്. മുഖ്യമന്ത്രി കേരളത്തിൻ്റെ മുഴുവൻ മനുഷ്യരുടെയും പ്രതിനിധിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. അവിടെ മതാടിസ്ഥാനത്തിൽ സ്ത്രീകളുടെ പൊതുപ്രവേശനങ്ങളെ റദ്ദ് ചെയ്യുന്ന ഉത്തരവ് പൗരോഹിത്യം പുറപ്പെടുവിക്കുമ്പോൾ അത് ജനാധിപത്യസമൂഹത്തിലെ നീതിവ്യവസ്ഥക്ക് എതിരാണ്. അതൊരിക്കലും അനുവദിച്ചുകൂടാ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയുടെ ധാർമികമായ ഉത്തരവാദിത്വമാണ്. ഇത്തരത്തിലുള്ള സാധാരണ മനുഷ്യരുടെ മതബോധത്തെ സ്വാധീനിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി സമൂഹത്തിൽ എന്തു ഫലമുണ്ടാക്കുന്നു എന്നതുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്.
കേരള സ്റ്റോറിയും ലൗ ജിഹാദും കേരളത്തിലെ മുസ്ലിം സമുദായത്തെ ഇന്ത്യക്കു മുമ്പിൽ ശത്രുതാ മനോഭാവത്തോടെ നിർമ്മിച്ച ഒളിയജണ്ടയുടെ ഭാഗമായിരുന്നു. അതിനെ തുറന്നു കാണിക്കുക വഴി കേരളത്തിലെ പൊതുസമൂഹം (വിശ്വാസിസമൂഹമാണെങ്കിൽക്കൂടി) വർഗീയതയെ പ്രതിരോധിക്കാനുള്ള അറിവ് നിത്യജീവിതത്തിൽ കൊണ്ടുനടക്കുന്നവരാണ്. ഇത്തരം വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളെ ഹിന്ദുത്വ ഭരണകാലത്ത് പ്രഖ്യാപിക്കാനുള്ള കേരളത്തിൻ്റെ കരുത്ത് അത് ആർജ്ജിച്ചെടുത്ത നവോത്ഥാന മൂല്യബോധത്തിന്റെ കൂടി ഭാഗമാണ്. അതിനെ ഉന്മൂലനം ചെയ്യുക എന്നത് വർഗീയതയെ പാലൂട്ടുന്നവരുടെ പ്രധാനപ്പെട്ട അജണ്ടയാണ്. അത്തരം അജണ്ടയിലേക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ മുസ്ലിം പൗരോഹിത്യത്തിൽ നിന്നുണ്ടായ പ്രസ്താവനയെ ഒരു സാമൂഹ്യ വിഷയമാക്കി മാറ്റുക എന്നത് അത്തരം ശക്തികളുടെ താല്പര്യമാണ്. അതുകൂടി തിരിച്ചറിഞ്ഞു കൊണ്ടും കേരളം നിലനിർത്തുന്ന മതേതര ജനാധിപത്യമൂല്യങ്ങളെ പരിഗണിച്ചു കൊണ്ടുമായിരിക്കണം ഏതൊരു മത കൽപ്പനകളെയും പൊതുസമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കേണ്ടത്. അല്ലാത്തപക്ഷം, മതത്തെ വികലമാക്കപ്പെടുന്ന രീതിയിൽ പൊതുവിമർശനങ്ങൾ നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കും.

