ഭാവികേരള വികസനത്തിന്റെ നയരേഖയാവേണ്ട പ്രകടനപത്രികകൾ

പ്രകടനപത്രിക ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ വാഗ്ദാനങ്ങളുടെ പട്ടിക മാത്രമല്ല, ഭരണത്തിലേറുന്ന പക്ഷം അവർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നയം, മുൻഗണനാക്രമങ്ങൾ, വിഭവ വിനിയോഗ തന്ത്രങ്ങൾ, സാമൂഹിക-സാമ്പത്തിക ഇടപെടലുകൾ എന്നിവയെ സമഗ്രമായി അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ്. രാഷ്ട്രീയ പാർട്ടികൾ/മുന്നണികൾ തങ്ങളുടെ പ്രകടന പത്രിക തയ്യാറാക്കുമ്പോൾ കേരളത്തിന്റെ ഭാവി വികസനത്തെ മുൻനിർത്തി പ്രത്യേക ശ്രദ്ധ നൽകേണ്ട പ്രധാന പരിഗണനാ വിഷയങ്ങൾ അവതരിപ്പിക്കുകയാണ് ഡോ. കെ.പി വിപിൻ ചന്ദ്രൻ, ഡോ. പി. സന്ധ്യ എന്നിവ‍ർ.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും പ്രകടനപത്രിക തയ്യാറാക്കുന്ന തിരക്കിലാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികകൾ വെറും വാഗ്ദാനപ്പെരുമഴയാകാതെ, സംസ്ഥാനത്തിന്റെ സാമ്പത്തിക സുസ്ഥിരതയും ദീർഘകാല വികസനവും ലക്ഷ്യം വെക്കുന്ന പ്രായോഗിക നയരേഖകളായിരിക്കണം. വർദ്ധിച്ചുവരുന്ന പൊതുക്കടം നിയന്ത്രിക്കാനുള്ള കൃത്യമായ ധനസ്രോതസ്സുകൾ (Financial Mapping), വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള വ്യവസായ കുതിപ്പ്, യുവജനങ്ങളുടെ വിദേശത്തേക്കുള്ള കുടിയേറ്റം തടയാൻ ഉതകുന്ന നൈപുണ്യ അധിഷ്ഠിത തൊഴിലവസരങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഈ രേഖകളിൽ മുൻഗണന നൽകണം. ഓരോ പദ്ധതിക്കും വ്യക്തമായ സമയക്രമവും (Timeline) അവ നടപ്പിലാക്കാനുള്ള സാമ്പത്തിക സ്രോതസ്സും വെളിപ്പെടുത്തിക്കൊണ്ട്, ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്ന ഒരു ഭാവിവികസന രേഖയായി പ്രകടനപത്രികകളെ പരിഷ്കരിക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്.

രാഷ്ട്രീയ പാർട്ടികൾ/മുന്നണികൾ തങ്ങളുടെ പ്രകടന പത്രിക തയ്യാറാക്കുമ്പോൾ കേരളത്തിന്റെ ഭാവി വികസനത്തെ മുൻനിർത്തി പ്രത്യേക ശ്രദ്ധ നൽകേണ്ട പ്രധാന പരിഗണനാ വിഷയങ്ങൾ താഴെ ചേർക്കുന്നു.

1. വിഭവ സമാഹരണവും ധനകാര്യ റോഡ് മാപ്പ് തയ്യാറാക്കലും

മാനവവികസന സൂചികകളിൽ മുന്നിലുള്ള കേരളം സാമ്പത്തികമായി കൂടുതൽ സ്വയംപര്യാപ്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥയായി വളരേണ്ടതുണ്ടെങ്കിൽ അതിന് ശക്തമായ ധനകാര്യ അടിത്തറ ആവശ്യമാണ്. നികുതി അടിത്തറ വിപുലീകരിക്കുകയും ഡിജിറ്റൽ ട്രാക്കിംഗും ഡാറ്റാ അനാലിറ്റിക്സും ഉപയോഗിച്ച് നികുതി ചോർച്ച കുറയ്ക്കുകയും വേണം. ജിഎസ്‌ടി വരുമാന കാര്യക്ഷമത ഉയർത്തുന്നതിന് സംസ്ഥാനതല നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം. പൊതുമേഖല സ്ഥാപനങ്ങളുടെ പുനഃസംഘടനയും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കലും ലാഭകരമല്ലാത്ത യൂണിറ്റുകളുടെ പുനരുദ്ധാരണമോ പങ്കാളിത്ത മാതൃകകളിലേക്കുള്ള മാറ്റമോ പരിഗണിക്കണം. സർക്കാർ ആസ്തികളുടെ യുക്തിസഹമായ വിനിയോഗം, പ്രവാസി ബോണ്ടുകൾ, ഗ്രീൻ ബോണ്ടുകൾ, പൊതു–സ്വകാര്യ പങ്കാളിത്ത (PPP) പദ്ധതികൾ എന്നിവയിലൂടെ ദീർഘകാല നിക്ഷേപധനം സമാഹരിക്കാം.

അടുത്ത പത്ത് വർഷത്തെ ധനകാര്യ റോഡ് മാപ്പ് ഘട്ടംഘട്ടമായിരിക്കണം. ആദ്യ ഘട്ടത്തിൽ ധനകാര്യ സ്ഥിരത ഉറപ്പാക്കാൻ വരുമാന-ചെലവ് ബാലൻസ് മെച്ചപ്പെടുത്തുകയും കടബാധ്യത-ജിഡിപി അനുപാതം (Debt-GDP ratio) നിയന്ത്രിക്കുകയും വേണം. ധനപരമായ ഉത്തരവാദിത്വ നിയമങ്ങളുടെ (FRBM Act) കർശനമായ പാലനവും ചെലവുകളുടെ മുൻഗണനാ ക്രമീകരണവും നിർണായകമാണ്. രണ്ടാം ഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസനം - റോഡ്, തുറമുഖം, ലോജിസ്റ്റിക്സ്, ഡിജിറ്റൽ കണക്റ്റിവിറ്റി തുടങ്ങിയവ ശക്തിപ്പെടുത്തുകയും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, ഹരിത ഊർജ്ജ നിക്ഷേപങ്ങൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകുകയും വേണം. ഇതിലൂടെ ഉൽപാദനക്ഷമതയും തൊഴിൽ സൃഷ്ടിയും ഉയരും.

അവസാന ഘട്ടത്തിൽ കേരളത്തെ കയറ്റുമതി കേന്ദ്രീകൃതവും ഹൈ-വാല്യൂ ഉൽപാദനമേഖലകളിൽ മുന്നിട്ടുനിൽക്കുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റണം. കാർബൺ ന്യൂട്രൽ ലക്ഷ്യങ്ങളോട് ചേർന്ന ഹരിത സാങ്കേതികവിദ്യകളും സുസ്ഥിര നഗരവികസന മാതൃകകളും സ്വീകരിക്കണം. ഇ-ഗവേണൻസ് അധിഷ്ഠിത ധനകാര്യ മാനേജ്മെന്റ്, റിയൽ-ടൈം പൊതു ചെലവ് നിരീക്ഷണം, പ്രകടന അടിസ്ഥാനത്തിലുള്ള ബജറ്റിംഗ് എന്നിവ നടപ്പാക്കി ധനകാര്യ കാര്യക്ഷമത ഉറപ്പാക്കണം.

അടിസ്ഥാന സൗകര്യ വികസനം - റോഡ്, തുറമുഖം, ലോജിസ്റ്റിക്സ്, ഡിജിറ്റൽ കണക്റ്റിവിറ്റി തുടങ്ങിയവ ശക്തിപ്പെടുത്തുകയും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, ഹരിത ഊർജ്ജ നിക്ഷേപങ്ങൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകുകയും വേണം.
അടിസ്ഥാന സൗകര്യ വികസനം - റോഡ്, തുറമുഖം, ലോജിസ്റ്റിക്സ്, ഡിജിറ്റൽ കണക്റ്റിവിറ്റി തുടങ്ങിയവ ശക്തിപ്പെടുത്തുകയും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, ഹരിത ഊർജ്ജ നിക്ഷേപങ്ങൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകുകയും വേണം.

2. വിജ്ഞാനം, തൊഴിൽ, നൈപുണി, സാങ്കേതിക വിദ്യ എന്നിവയ്ക്ക് ഊന്നൽ

കേരളത്തിന്റെ ഭാവി വികസനദിശ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിനായി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ നയപരിഷ്‌കരണങ്ങൾ അനിവാര്യമാണ്. സർവകലാശാലകളുടെ ഭരണ-അക്കാദമിക് സ്വയംഭരണത്തെ ശക്തിപ്പെടുത്തുകയും വ്യവസായ–ഗവേഷണ സഹകരണം സ്ഥാപനാത്മകമായി ഉറപ്പാക്കണം. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ നിരന്തരം വിലയിരുത്തുന്ന ചലനാത്മക കരിക്കുലം അവലോകന സംവിധാനം (Dynamic Curriculum Monitoring System) നടപ്പാക്കി പഠനപരിപാടികളെ നൈപുണ്യ കേന്ദ്രീകൃതമാക്കണം. ഗവേഷണ ഫണ്ടിംഗ് വർധിപ്പിക്കുകയും ടെക്നോളജി ട്രാൻസ്ഫർ കേന്ദ്രങ്ങൾ, വ്യാവസായിക–അക്കാദമിക് പാർക്കുകൾ, സ്റ്റാർട്ടപ്പ് ഇൻക്യൂബേഷൻ ഹബ്ബുകൾ എന്നിവ വികസിപ്പിക്കുകയും ചെയ്‌താൽ സർവകലാശാലകൾ അറിവിന്റെ ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് നവീകരണ കേന്ദ്രങ്ങളായി വളരും.

ഐടി, ബയോടെക്, ഹെൽത്ത് ടെക്, ഫിൻടെക് തുടങ്ങിയ ഉയർന്ന മൂല്യവർധിത മേഖലകളിൽ ക്ലസ്റ്റർ അധിഷ്ഠിത വികസന തന്ത്രം സ്വീകരിക്കണം. പ്രത്യേക ടെക്‌നോളജി കോറിഡോറുകളും ഗവേഷണ-വ്യവസായ സംയുക്ത വേദികളും രൂപീകരിച്ച് നിക്ഷേപ സൗഹൃദ പരിസരം സൃഷ്ടിക്കണം. ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം വിദേശത്തുള്ള മലയാളി വിദഗ്ധരെയും ഗവേഷകരെയും സംസ്ഥാന വികസന പ്രക്രിയയിലേക്ക് ആകർഷിക്കുന്ന പദ്ധതികൾ രൂപപ്പെടുത്തണം. ഇതുവഴി ‘ബ്രെയിൻ ഡ്രെയിൻ’ എന്ന വെല്ലുവിളിയെ ‘ബ്രെയിൻ ഗെയിൻ’ എന്ന അവസരമായി പരിവർത്തനം ചെയ്യാം.

ഡിജിറ്റൽ പരിവർത്തനമാണ് വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ മറ്റൊരു തൂണായി നിലകൊള്ളുന്നത്. സംസ്ഥാനതല എ.ഐ മിഷൻ രൂപീകരിച്ച് ഭരണനടപടികൾ ഡാറ്റാ അധിഷ്ഠിതവും പ്രവചനശേഷിയുള്ളതുമായ സംവിധാനങ്ങളാക്കി മാറ്റണം. സർക്കാർ സേവനങ്ങൾ പൂർണമായും പേപ്പർരഹിതമാക്കി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കണം. പൊതു നയ നിർണ്ണയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, ബ്ലോക്ക്‌ചെയിൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കാര്യക്ഷമതയും പരസ്യതയും വർധിപ്പിക്കണം.

ഇതോടൊപ്പം ഡിജിറ്റൽ നൈപുണ്യ വികസനം സ്കൂൾ തലത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം വരെയുള്ള ഘട്ടങ്ങളിലായി ഏകോപിതമായി നടപ്പാക്കണം. സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ടിംഗ്, വെഞ്ചർ ക്യാപിറ്റൽ പിന്തുണ, ലളിതമായ ലൈസൻസിംഗ് സംവിധാനം, വിപണി പ്രവേശന സൗകര്യം എന്നിവ ഉറപ്പാക്കണം. ജില്ലാ, പഞ്ചായത്ത് തലങ്ങളിൽ ഇൻക്യൂബേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കണം. സഹകരണ മേഖലയെയും എം.എസ്.എം.ഇ സംരംഭങ്ങളെയും സാങ്കേതിക നവീകരണ മാതൃകകളുമായി ബന്ധിപ്പിച്ച് വിജ്ഞാനവും തൊഴിലും സമന്വയിക്കുന്ന സമഗ്ര നയചട്ടക്കൂട് രൂപപ്പെടുത്തുമ്പോഴേ സംസ്ഥാനത്തിന് സുസ്ഥിരവും ഉയർന്ന മൂല്യവർധിതവുമായ തൊഴിൽവളർച്ച കൈവരിക്കാൻ കഴിയൂ.

ഡിജിറ്റൽ നൈപുണ്യ വികസനം സ്കൂൾ തലത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം വരെയുള്ള ഘട്ടങ്ങളിലായി ഏകോപിതമായി നടപ്പാക്കണം
ഡിജിറ്റൽ നൈപുണ്യ വികസനം സ്കൂൾ തലത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം വരെയുള്ള ഘട്ടങ്ങളിലായി ഏകോപിതമായി നടപ്പാക്കണം

3. വയോജന പരിരക്ഷയും കെയർ ഇക്കണോമിയും

വയോജനസംഖ്യ വേഗത്തിൽ ഉയരുന്ന സംസ്ഥാനമായി മാറുന്ന സാഹചര്യത്തിൽ കേരളം വയോജന പരിരക്ഷയെ ഒരു ക്ഷേമപരിപാടിയായി മാത്രം കാണാതെ, തൊഴിൽസൃഷ്ടിയുടെയും സാമൂഹിക സംരക്ഷണത്തിന്റെയും ഭാഗമായ സമഗ്ര ‘കെയർ ഇക്കണോമി’ നയമായി രൂപപ്പെടുത്തണം. വാർഡ് തലത്തിൽ ജെറിയാട്രിക് കെയർ യൂണിറ്റുകൾ, ഡേ-കെയർ കേന്ദ്രങ്ങൾ, കുടുംബാധിഷ്ഠിത ഹോം-കെയർ സേവനങ്ങൾ, കമ്മ്യൂണിറ്റി ലിവിംഗ് സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപിത പരിചരണ ശൃംഖല സൃഷ്ടിക്കണം. ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, കുടുംബശ്രീ, സഹകരണ മേഖല എന്നിവ തമ്മിൽ ഏകോപനം ഉറപ്പാക്കി പ്രദേശിക ആവശ്യങ്ങൾക്ക് അനുസൃതമായ സേവന മാതൃകകൾ വികസിപ്പിക്കണം.

പരിചരണ പ്രവർത്തകരെ (care workers) സംഘടിത തൊഴിൽ മേഖലയിലാക്കി ഉയർത്തുന്നത് ഈ നയത്തിന്റെ കേന്ദ്ര ഘടകമാകണം. ജെറിയാട്രിക് നഴ്സിംഗ്, പാലിയേറ്റീവ് കെയർ, മാനസികാരോഗ്യ പിന്തുണ, ഡിജിറ്റൽ ഹെൽത്ത് മോണിറ്ററിംഗ് തുടങ്ങിയ മേഖലകളിൽ പ്രത്യേക നൈപുണ്യ പരിശീലനവും സർട്ടിഫിക്കേഷനും നൽകണം. ദീർഘകാല പരിചരണ ഇൻഷുറൻസ് പദ്ധതികൾ, സാമൂഹിക സുരക്ഷാ പെൻഷൻ ശക്തിപ്പെടുത്തൽ, ഡിജിറ്റൽ ഹെൽത്ത് ട്രാക്കിംഗ് സംവിധാനങ്ങൾ എന്നിവയിലൂടെ പരിചരണത്തിന്റെയും സാമ്പത്തിക സുരക്ഷയുടെയും ഏകോപനം ഉറപ്പാക്കാം. ഇതുവഴി സ്ത്രീകൾക്കും യുവജനങ്ങൾക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും കെയർ മേഖല ഒരു വളർച്ചാ മേഖലയായി മാറുകയും ചെയ്യും.

ഇതിനൊപ്പം ചികിത്സാചെലവ് നിയന്ത്രിക്കാൻ പ്രതിരോധാരോഗ്യ നയം (Preventive Healthcare Policy) ശക്തിപ്പെടുത്തേണ്ടതുണ്ട്. ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാൻ വ്യായാമ സൗകര്യങ്ങൾ, പൊതുസ്ഥലങ്ങളിൽ ഫിറ്റ്നസ് അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പെയിനുകൾ, പോഷകാഹാര ബോധവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കണം. ഡിജിറ്റൽ ഹെൽത്ത് റെക്കോർഡുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്ക്രീനിംഗ് സംവിധാനം, ടെലിമെഡിസിൻ സേവനങ്ങൾ എന്നിവ വികസിപ്പിച്ച് ചികിത്സാകേന്ദ്രിത മാതൃകയിൽ നിന്ന് പ്രതിരോധാധിഷ്ഠിതവും സമൂഹകേന്ദ്രിതവുമായ ആരോഗ്യ പരിപാലന രീതിയിലേക്കുള്ള പരിവർത്തനം ഉറപ്പാക്കണം. ഇതിലൂടെ വയോജനങ്ങളുടെ ജീവിതഗുണമേന്മ ഉയരുകയും സംസ്ഥാനത്തിന്റെ ദീർഘകാല ആരോഗ്യചെലവ് കുറയ്ക്കാനും സാധിക്കും.

വാർഡ് തലത്തിൽ ജെറിയാട്രിക് കെയർ യൂണിറ്റുകൾ, ഡേ-കെയർ കേന്ദ്രങ്ങൾ, കുടുംബാധിഷ്ഠിത ഹോം-കെയർ സേവനങ്ങൾ, കമ്മ്യൂണിറ്റി ലിവിംഗ് സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപിത പരിചരണ ശൃംഖല സൃഷ്ടിക്കണം.
വാർഡ് തലത്തിൽ ജെറിയാട്രിക് കെയർ യൂണിറ്റുകൾ, ഡേ-കെയർ കേന്ദ്രങ്ങൾ, കുടുംബാധിഷ്ഠിത ഹോം-കെയർ സേവനങ്ങൾ, കമ്മ്യൂണിറ്റി ലിവിംഗ് സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപിത പരിചരണ ശൃംഖല സൃഷ്ടിക്കണം.

4. മാനവ വിഭവശേഷിയെ ഉപയോഗപ്പെടുത്തൽ

കേരളം ഉയർന്ന മാനവ വികസന സൂചികയുള്ള സംസ്ഥാനമായതിനാൽ വിരമിച്ച സർക്കാർ ജീവനക്കാരുടെ പരിചയസമ്പത്തും ഭരണപരമായ അറിവും സാമൂഹിക മൂലധനമായി വിനിയോഗിക്കുന്നത് വികസനത്തിനുള്ള വലിയ സാധ്യതയാകുന്നു. ഇതിന് സംസ്ഥാനതലത്തിൽ വ്യക്തമായ നയം രൂപീകരിച്ച് ഓരോ ജില്ലയിലും ‘റിട്ടയേർഡ് എക്സ്പർട്ട്‌സ് രജിസ്ട്രി’ സൃഷ്ടിക്കണം. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, എഞ്ചിനീയറിംഗ്, കാർഷികം, ധനകാര്യം, ഐടി, പൊതുഭരണം തുടങ്ങിയ മേഖലകളിൽ ദീർഘകാല പരിചയമുള്ള വിദഗ്‌ധരെ ഡിജിറ്റൽ ഡാറ്റാബേസിൽ ഉൾപ്പെടുത്തി അവരുടെ നൈപുണ്യങ്ങൾ മാപ്പുചെയ്യണം. കരാർ അടിസ്ഥാനത്തിൽ ഇവരെ സ്കൂൾ-കോളേജ് മെന്ററിംഗ്, ഗവേഷണ-പ്രോജക്ട് വിലയിരുത്തൽ, സ്റ്റാർട്ടപ്പ് ഉപദേശം, ഭരണപരിശീലനം, പൊതുപദ്ധതികളുടെ സാങ്കേതിക മേൽനോട്ടം എന്നിവയിൽ ഉൾപ്പെടുത്താം. ഇതുവഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രാദേശികതലത്തിൽ തന്നെ സാങ്കേതിക പിന്തുണ ലഭിക്കുകയും തീരുമാനങ്ങളിലെ ഗുണമേന്മ ഉയരുകയും ചെയ്യും.

ഇത്തരം ഇടപെടലുകൾ സജീവ വാർദ്ധക്യം (Active Ageing) പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക നയമായി രൂപപ്പെടുത്തണം. ആരോഗ്യപരമായും മാനസികപരമായും സജീവത നിലനിർത്തുന്നതിനൊപ്പം, വിരമിച്ചവരുടെ അറിവും അനുഭവവും സാമൂഹിക മൂല്യത്തിലും സാമ്പത്തിക ഉൽപാദനക്ഷമതയിലും പരിവർത്തനം ചെയ്യാം. പ്രത്യേക ഹോണറേറിയം, പ്രകടന അടിസ്ഥാനത്തിലുള്ള പ്രതിഫലം, പരിശീലന മോഡ്യൂളുകൾ, ഇൻഷുറൻസ് സുരക്ഷ എന്നിവ ഉൾപ്പെടുത്തി സുസ്ഥിരമായ സംവിധാനമാക്കണം. ഇതിനെ തൊഴിൽസൃഷ്ടിയുമായി ബന്ധിപ്പിച്ച് യുവജനങ്ങളുമായി തലമുറകൾ തമ്മിലുള്ള അറിവ് കൈമാറ്റം ഉറപ്പാക്കിയാൽ മനുഷ്യ വിഭവശേഷിയുടെ പരമാവധി വിനിയോഗം സാധ്യമാക്കി ഉൾക്കൊള്ളുന്ന വികസന മാതൃക സൃഷ്ടിക്കാൻ കഴിയും.

5. ജനകീയാസൂത്രണം 2.0

ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം തദ്ദേശഭരണ സ്ഥാപനങ്ങളെ വെറും ക്ഷേമവിതരണ ഏജൻസികളായി നിലനിർത്താതെ ഉൽപ്പാദന-സേവന കേന്ദ്രങ്ങളായ സ്വയംപര്യാപ്ത സാമ്പത്തിക യൂണിറ്റുകളാക്കി (Local Economic Development Units) മാറ്റുന്നതിലേക്കായിരിക്കണം. വാർഡ് തലത്തിൽ സാമ്പത്തിക-സാമൂഹിക ഡാറ്റ ശേഖരിച്ചു ഡാറ്റാ അധിഷ്ഠിത പ്ലാനിംഗ് നടപ്പാക്കുകയും, പ്രദേശിക വിഭവങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് ക്ലസ്റ്റർ അധിഷ്ഠിത വികസന മാതൃകകൾ രൂപപ്പെടുത്തുകയും വേണം. കാർഷിക രംഗം, കൈത്തൊഴിൽ, ടൂറിസം, സേവനമേഖല, ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയിൽ പ്രാദേശിക പ്രത്യേകതകൾ അടിസ്ഥാനമാക്കി ഉൽപ്പാദന ശൃംഖലകൾ സൃഷ്ടിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിപണി കണ്ടെത്തൽ, ധനസഹായം, സാങ്കേതിക പിന്തുണ എന്നിവ ഏകോപിപ്പിക്കുന്ന വികസന പ്ലാറ്റ്‌ഫോമുകളായി മാറുമ്പോൾ വികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഊർജം ലഭിക്കും.

ഇതിന്റെ ഭാഗമായി കുടുംബശ്രീയെ മൈക്രോ സംരംഭങ്ങളുടെ ഘട്ടത്തിൽ നിന്ന് ഉയർത്തി ഇടത്തരം സാമൂഹിക സംരംഭങ്ങളാക്കി വളർത്തണം. പ്രൊഫഷണൽ ബ്രാൻഡിംഗ്, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, അന്താരാഷ്ട്ര ഗുണനിലവാര സർട്ടിഫിക്കേഷൻ എന്നിവ ഉറപ്പാക്കി “Made in Kerala” ബ്രാൻഡുകൾക്ക് ആഗോള വിപണിയിൽ പ്രവേശനം സാധ്യമാക്കണം. വനിതാ സംരംഭകർക്കായി പ്രത്യേക ഇൻക്യൂബേഷൻ കേന്ദ്രങ്ങൾ, സീഡ് ഫണ്ടുകൾ, വെഞ്ചർ ക്യാപിറ്റൽ പിന്തുണ, കയറ്റുമതി പ്രോത്സാഹന പദ്ധതികൾ എന്നിവ ഒരുക്കണം. ഈ രീതിയിൽ ജനകീയാസൂത്രണം 2.0 നടപ്പാക്കിയാൽ വികേന്ദ്രീകൃത വികസനം ഉൽപ്പാദനാധിഷ്ഠിതവും തൊഴിൽസൃഷ്ടി കേന്ദ്രീകൃതവുമായ സമഗ്ര സാമ്പത്തിക പരിവർത്തനമായി മാറുകയും സുസ്ഥിരമായ വളർച്ചയ്ക്ക് ദൃഢമായ അടിത്തറ രൂപപ്പെടുത്താനും സാധിക്കും.

കുടുംബശ്രീയെ മൈക്രോ സംരംഭങ്ങളുടെ ഘട്ടത്തിൽ നിന്ന് ഉയർത്തി ഇടത്തരം സാമൂഹിക സംരംഭങ്ങളാക്കി വളർത്തണം.
കുടുംബശ്രീയെ മൈക്രോ സംരംഭങ്ങളുടെ ഘട്ടത്തിൽ നിന്ന് ഉയർത്തി ഇടത്തരം സാമൂഹിക സംരംഭങ്ങളാക്കി വളർത്തണം.

6. മറൈൻ വിഭവ വികസനവും ബ്ലൂ ഇക്കോണമി സാധ്യതയും

കേരളത്തിന്റെ 590 കിലോമീറ്റർ നീളമുള്ള കടൽതീരത്തെ സുസ്ഥിരമായ സമുദ്ര വിഭവ വിനിയോഗത്തിലൂടെ ആഗോള നിലവാരത്തിലുള്ള ‘ബ്ലൂ ഇക്കോണമി’ ഹബ്ബാക്കി മാറ്റാനുള്ള സാധ്യത വലുതാണ്. പരമ്പരാഗത മത്സ്യബന്ധനത്തെ മറൈൻ ബയോടെക്നോളജി, സീഫുഡ് പ്രോസസ്സിംഗ്, മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ, അക്വാകൾച്ചർ, ഓഷ്യൻ ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ ഉയർന്ന മൂല്യവർധിത മേഖലകളുമായി ബന്ധിപ്പിക്കണം. തീരദേശ ജില്ലകളിൽ കൊൾഡ് ചെയിൻ സൗകര്യങ്ങൾ, ഫുഡ് ടെസ്റ്റിംഗ് ലാബുകൾ, എക്‌സ്‌പോർട്ട് പ്രോസസ്സിംഗ് സോണുകൾ എന്നിവ ഉൾക്കൊള്ളുന്ന ക്ലസ്റ്റർ അധിഷ്ഠിത വികസന മാതൃകകൾ രൂപപ്പെടുത്താം. ഇതുവഴി മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരവരുമാനവും യുവാക്കൾക്ക് പ്രാദേശികതലത്തിൽ തന്നെ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. കൂടാതെ, കടൽപരിസ്ഥിതി സംരക്ഷണം, കണ്ടൽകാട് പുനരുദ്ധാരണം, സുസ്ഥിര മത്സ്യബന്ധന മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കി പരിസ്ഥിതി-സൗഹൃദ വികസനം നടപ്പാക്കണം.

അതോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് ജിപിഎസ്, ഡിജിറ്റൽ ഫിഷ്-ഫൈൻഡർ, കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാക്കുകയും സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം. വിഴിഞ്ഞം പോലുള്ള തുറമുഖ വികസന പദ്ധതികളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, മറൈൻ എഞ്ചിനീയറിംഗ്, തുറമുഖ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രത്യേക നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കണം. തീരദേശ യുവാക്കളെ ആഗോള നിലവാരത്തിലുള്ള പരിശീലനത്തിലൂടെ വിദഗ്ധരാക്കി കേരളത്തെ സമുദ്രവ്യാപാര-ലോജിസ്റ്റിക്സ് കേന്ദ്രമായി ഉയർത്തിയാൽ ബ്ലൂ ഇക്കോണമി ഒരു സമഗ്ര തൊഴിൽസൃഷ്ടിയുടെ വികസന മാതൃകയായി മാറ്റാൻ സാധിക്കും.

7. ടൂറിസത്തിന്റെ അനന്ത സാധ്യത

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ പരമ്പരാഗതമായ ‘God’s Own Country’ എന്ന ബ്രാൻഡിംഗിൽ നിന്ന് അനുഭവകേന്ദ്രിതമായ ‘World of Wonder’ എന്ന ആഗോള നിലവാരത്തിലുള്ള ബ്രാൻഡിലേക്കു ഉയർത്തുകയാണ് പുതിയ ലക്ഷ്യമിടേണ്ടത്. പ്രകൃതിദൃശ്യങ്ങൾ കാണിക്കുന്നതിനപ്പുറം, സംസ്കാരവും ഭക്ഷണവും സംഗീതവും കലാരൂപങ്ങളും ജീവിതശൈലിയും ഉൾക്കൊള്ളുന്ന സമഗ്ര അനുഭവങ്ങൾ നൽകുന്ന ടൂറിസം മാതൃക രൂപപ്പെടുത്തണം. ഇക്കോ-ടൂറിസം, ആയുർവേദ-വെൽനസ്, ഹെറിറ്റേജ് സർക്യൂട്ടുകൾ, അഡ്വെഞ്ചർ ടൂറിസം, ഗ്രാമീണ-കാർഷിക ടൂറിസം എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് പ്രത്യേക തീം അധിഷ്ഠിത സർക്യൂട്ടുകൾ സൃഷ്ടിക്കണം. പ്രത്യേകിച്ച് മലബാർ മേഖലയ്ക്കായി സമഗ്ര മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തി ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങൾ, ബീച്ച് ടൂറിസം, ഹിൽ-സ്റ്റേഷൻ സാധ്യതകൾ, ഭക്ഷണ-സംസ്കാര പാതകൾ എന്നിവ വികസിപ്പിച്ചാൽ പ്രദേശിക സമതുലിതമായ വളർച്ച സാധ്യമാകും.

കേരളത്തെ ഒരു ‘ഓൾ-സീസൺ’ ഡെസ്റ്റിനേഷനായി മാറ്റുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സൗകര്യങ്ങൾ, ഡിജിറ്റൽ ഇൻഫർമേഷൻ സംവിധാനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ശക്തിപ്പെടുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം മാതൃക വികസിപ്പിച്ച് ഹോംസ്റ്റേകൾക്കും പ്രാദേശിക കലാകാരൻമാർക്കും ചെറുകിട സംരംഭങ്ങൾക്കും പരിശീലനം, ബ്രാൻഡിംഗ്, മാർക്കറ്റിംഗ് പിന്തുണ എന്നിവ നൽകണം. ഇതുവഴി ടൂറിസം വരുമാനം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലേക്ക് വ്യാപിപ്പിക്കുകയും തൊഴിൽസൃഷ്ടി വർധിപ്പിക്കുകയും ചെയ്യും.

അതോടൊപ്പം പരിസ്ഥിതി സൗഹൃദ ടൂറിസം ഉറപ്പാക്കാൻ ഗ്രീൻ സർട്ടിഫിക്കേഷൻ സംവിധാനം, മാലിന്യനിർമ്മാർജ്ജന മാനദണ്ഡങ്ങൾ, കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്ന ഇടപെടലുകൾ എന്നിവ നടപ്പാക്കണം. ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ, വെർച്ച്വൽ ടൂർ പ്രമോഷൻ, ഗ്ലോബൽ ട്രാവൽ നെറ്റ്വർക്കുകളുമായി പങ്കാളിത്തം എന്നിവയിലൂടെ കേരളത്തെ ഉയർന്ന ചെലവഴിക്കുള്ള വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറ്റാം. ഇത്തരത്തിൽ ഗുണമേന്മയും സുസ്ഥിരതയും അനുഭവ സമ്പന്നതയും കൂട്ടിച്ചേർന്ന സമഗ്രമായ തന്ത്രത്തിലൂടെയാണ് കേരളത്തിൽ ഒരു ആഗോള നിലവാരമുള്ള വിനോദസഞ്ചാര സംസ്കാരം രൂപപ്പെടുത്താൻ കഴിയുക.

പരിസ്ഥിതി സൗഹൃദ ടൂറിസം ഉറപ്പാക്കാൻ ഗ്രീൻ സർട്ടിഫിക്കേഷൻ സംവിധാനം, മാലിന്യനിർമ്മാർജ്ജന മാനദണ്ഡങ്ങൾ, കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്ന ഇടപെടലുകൾ എന്നിവ നടപ്പാക്കണം.
പരിസ്ഥിതി സൗഹൃദ ടൂറിസം ഉറപ്പാക്കാൻ ഗ്രീൻ സർട്ടിഫിക്കേഷൻ സംവിധാനം, മാലിന്യനിർമ്മാർജ്ജന മാനദണ്ഡങ്ങൾ, കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്ന ഇടപെടലുകൾ എന്നിവ നടപ്പാക്കണം.

8. പരിസ്ഥിതി - സുസ്ഥിരത ചട്ടക്കൂട്

നിശ്ചിത സമയപരിധിക്കുള്ളിൽ ‘കാർബൺ ന്യൂട്രൽ കേരളം’ എന്ന ലക്ഷ്യം കൈവരിക്കാൻ മേഖലാടിസ്ഥാനത്തിലുള്ള കാർബൺ ബജറ്റിംഗ് സംവിധാനം രൂപപ്പെടുത്തണം. വ്യവസായം, ഗതാഗതം, കൃഷി, ഊർജ്ജം, നഗരവികസനം തുടങ്ങിയ ഓരോ മേഖലയിലും കാർബൺ പുറന്തള്ളലിന്റെ പരിധി നിശ്ചയിച്ച് വാർഷിക നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കണം. സർക്കുലർ ഇക്കോണമി മാതൃകകൾ - മാലിന്യ പുനരുപയോഗം, റിസൈക്ലിംഗ്, റിസോഴ്‌സ് കാര്യക്ഷമത എന്നിവ പ്രോത്സാഹിപ്പിച്ച് ഉൽപാദന-ഉപഭോഗ ശൃംഖലകളിൽ പരിസ്ഥിതി സൗഹൃദ സമീപനം ഉറപ്പാക്കണം. ഹരിത നിക്ഷേപങ്ങൾക്കായി ഗ്രീൻ ബോണ്ടുകൾ, നികുതി ഇളവുകൾ, പ്രോത്സാഹനങ്ങൾ എന്നിവ നടപ്പാക്കി വ്യവസായങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും നിർബന്ധിത കാർബൺ ഓഡിറ്റ് സംവിധാനം കൊണ്ടുവരണം. ഇലക്ട്രിക് മൊബിലിറ്റി വ്യാപനം, പൊതുഗതാഗത വൈദ്യുതീകരണം, നദീതട പുനരുദ്ധാരണം, മഴവെള്ള ശേഖരണം, വനവൽക്കരണം എന്നിവ സംയോജിതമായി നടപ്പാക്കിയാൽ പരിസ്ഥിതി സന്തുലിതാവസ്ഥ ശക്തിപ്പെടും.

അതോടൊപ്പം കേരളത്തെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള (Climate Resilient) സംസ്ഥാനമാക്കാൻ പ്രളയ-വരൾച്ച പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. നഗര-ഗ്രാമ മേഖലകളിൽ ശാസ്ത്രീയ ഡ്രെയിനേജ് സംവിധാനം, തീരദേശ സംരക്ഷണ മതിലുകൾ, മംഗ്രൂവ് പുനരുദ്ധാരണം, ജലസംരക്ഷണ പദ്ധതികൾ എന്നിവ നടപ്പാക്കണം. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ദുരന്തനിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. നിർബന്ധിത പരിസ്ഥിതി സ്വാധീന വിലയിരുത്തൽ (EIA) പ്രക്രിയകൾ കർശനമായി പാലിച്ച് വികസന-പരിസ്ഥിതി സമതുലിതത്വം ഉറപ്പാക്കുമ്പോഴേ ദീർഘകാല സുസ്ഥിര വളർച്ച കൈവരിക്കാൻ കഴിയൂ.

കേരളത്തെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള (Climate Resilient) സംസ്ഥാനമാക്കാൻ പ്രളയ-വരൾച്ച പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം.
കേരളത്തെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള (Climate Resilient) സംസ്ഥാനമാക്കാൻ പ്രളയ-വരൾച്ച പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം.

പ്രകടനപത്രിക ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ വാഗ്ദാനങ്ങളുടെ പട്ടിക മാത്രമല്ല, ഭരണത്തിലേറുന്ന പക്ഷം അവർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നയം, മുൻഗണനാക്രമങ്ങൾ, വിഭവ വിനിയോഗ തന്ത്രങ്ങൾ, സാമൂഹിക-സാമ്പത്തിക ഇടപെടലുകൾ എന്നിവയെ സമഗ്രമായി അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ്. സർക്കാർ രൂപീകരണത്തിന് ശേഷം നടപ്പാക്കപ്പെടുന്ന നിയമനിർമ്മാണ നടപടികൾ, ക്ഷേമപദ്ധതികൾ, വികസന പദ്ധതികൾ, ധനകാര്യ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് വോട്ടർമാർക്ക് വ്യക്തത നൽകുന്ന ഒരു സാമൂഹിക കരാറായും ഇത് പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ പ്രകടനപത്രികയുടെ വിശ്വാസ്യത പരിഗണിക്കുമ്പോൾ സമയക്രമം, ധനസ്രോതസ്സ്, നടപ്പാക്കൽ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തമായ വിശദീകരണങ്ങളിൽ ആശ്രയിച്ചിരിക്കുന്നു. കേരളത്തിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക കൂടുതൽ യാഥാർത്ഥ്യബോധത്തോടെയും സാമ്പത്തിക ഉത്തരവാദിത്വത്തോടെയും സുസ്ഥിര വികസന ദർശനത്തോടെയും രൂപപ്പെടുമെന്ന് പ്രതീക്ഷിക്കാം.


Summary: Election Manifestos that should be the policy document for the future development of Kerala, Dr KP Vipin Chandran and dr p sandhya writes.


ഡോ. കെ.പി വിപിൻ ചന്ദ്രൻ

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വനിതാ കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി. വികസന സാമ്പത്തിക ശാസ്ത്രം, ഹെൽത്ത് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നീ മേഖലകളിൽ വിദഗ്ദ്ധനാണ്.

ഡോ. സന്ധ്യ. പി

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെൻ്റ് വനിതാ കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ.

Comments