മുസ്‌ലിം ലീഗിന്റെ ഒരു മു​ൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്. / Photo: P. K. Kunhalikutty, facebook page

കേരളത്തിലെ മുസ്‌ലിംകൾ ആർക്ക് വോട്ടുചെയ്യും?

ഒരു പൗരസഞ്ചയം എന്ന സ്വത്വത്തിൽ നിന്ന് അതിജീവന ഭീഷണി നേരിടുന്ന ഒരു ന്യൂനപക്ഷം എന്ന ബോധത്തിലേക്കുള്ള കേരള മുസ്‌ലിമിന്റെ സമ്പൂർണമായ സംക്രമണമാണ് ഈ തെരഞ്ഞെടുപ്പുഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിജീവനത്തിന്റെ ഉൽക്കണ്ഠകളായിരിക്കും അവരുടെ തീരുമാനത്തിന്റെ അടിസ്ഥാനഹേതു. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇത്തരമൊരു ഭയം കടന്നുവരുന്നത് ആദ്യമായാണ്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണ് ഏപ്രിൽ ആറിന്​ നടക്കാൻ പോകുന്നത്. തെരഞ്ഞെടുപ്പ് ഫലമല്ല ഇതിനെ നിർണായകമാക്കുന്നത്. പതിവുപോലെ യു.ഡി. എഫോ എൽ.ഡി.എഫോ അധികാരത്തിൽ വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണത്തുടർച്ചയുടെ സാധ്യത പ്രബലമാണെന്നു തോന്നുന്നു. അടുത്ത ഏതാനും ആഴ്ചകളിൽ ആ സാധ്യത കുറയാനും ഇടയുണ്ട്. എന്തൊക്കെ വിവാദങ്ങളും പുതിയ പ്രശ്‌നങ്ങളും ഉയർന്നുവരുമെന്ന കാര്യം ഇപ്പോൾ ഊഹാതീതമാണ്.

ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്‌ലിംകളെ സംബന്ധിച്ച് അഭൂതപൂർവമായ ഒരു ഘട്ടമാണിത്. അതിജീവനവുമായി ബന്ധപ്പെട്ട ആശങ്കകളും ഭയവും മാത്രമായിരിക്കും മുസ്‌ലിംകൾ ആർക്കു വോട്ട് ചെയ്യുമെന്നത് നിശ്ചയിക്കുന്ന ഏകഘടകം. ഒരു പൗരസഞ്ചയം എന്ന സ്വത്വത്തിൽ നിന്ന് അതിജീവന ഭീഷണി നേരിടുന്ന ഒരു ന്യൂനപക്ഷം എന്ന ബോധത്തിലേക്കുള്ള കേരള മുസ്‌ലിമിന്റെ സമ്പൂർണമായ സംക്രമണമാണ് ഈ തെരഞ്ഞെടുപ്പുഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഈ അവസ്ഥയോടുള്ള അവരുടെ പ്രതികരണം തീർച്ചയായും ഏകശിലാരൂപത്തിലാവില്ല. മുസ്‌ലിം വ്യക്തികളും സംഘടനകളുമൊക്കെ അവരവരുടെ വിലയിരുത്തലിനനുസരിച്ച് വ്യത്യസ്ത തീരുമാനങ്ങളെടുക്കും. പക്ഷെ അതിജീവനത്തിന്റെ ഉൽക്കണ്ഠകളായിരിക്കും ആ തീരുമാനത്തിന്റെ അടിസ്ഥാനഹേതു. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇത്തരമൊരു ഭയം കടന്നുവരുന്നത് ആദ്യമായാണ്. അതുകൊണ്ടാണ് ഇത് നിർണായകമാണ് എന്ന് തുടക്കത്തിലേ പറഞ്ഞത്. ആ അർത്ഥത്തിൽ സമകാലിക ഇന്ത്യയോട് മലയാളിസമൂഹം മനശ്ശാസ്ത്രപരമായി താദാത്മ്യം പ്രാപിക്കുന്ന ഒരു ദശാസന്ധി കൂടിയാണിത്.

ഭൂരിപക്ഷ പ്രീണനത്തിന്റെ വൈവിധ്യമാർന്ന പരീക്ഷണങ്ങൾ ഇരുമുന്നണികളും മത്സരബുദ്ധിയോടെ നടത്തുന്നു. അതിന്റെ കാപട്യത്തെ പരിഹസിച്ച് പച്ചയായ വർഗീയതയുമായി ബി.ജെ.പി മറുഭാഗത്തും. മുസ്‌ലിം- ക്രിസ്ത്യൻ വൈരം ആളിക്കത്തിക്കാനുള്ള ശ്രമങ്ങൾ കൂടി ശക്തിപ്പെട്ടതോടെ തികച്ചും കലുഷമായ ഒരവസ്ഥയാണ് കേരളത്തിലിന്നുള്ളത്.

അതുകൊണ്ടുതന്നെ മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള ആലോചനകൾ വളരെ ശ്രദ്ധയോടെ നടത്തേണ്ടതുണ്ട്. കനിവും അഭ്യുദയകാംക്ഷയും അനുതാപവും അത്തരം ആലോചനയുടെ കേന്ദ്രഭാവമാകണം. തോറ്റവരെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ ശത്രുക്കളാണെന്ന പഴി നിരന്തരം കേൾക്കുന്ന, വളർന്നുവരുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി ഈ രാജ്യത്ത് എന്തായിരിക്കുമെന്ന് രാപ്പകൽ വേവലാതിപ്പെടുന്ന, തങ്ങളുടെ പ്രാന്തവൽക്കരണം മജ്ജയിലും മാംസത്തിലും അനുനിമിഷം വേദനയോടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന, ആരാണ് തങ്ങളോട് അൽപമെങ്കിലും കാരുണ്യം കാണിക്കുന്നതെന്ന് സദാ വേപഥു കൊള്ളുന്ന ഒരു സമൂഹമാണ്.

കാന്തപുരം എ.പി അബൂബക്കർ മുസലിയാർ / Photo: Wikimedia Commons

കേരളം വ്യത്യസ്തമാണെന്ന തോന്നൽ, ഇന്ത്യയുടെ വർഗീയ മുഖ്യധാരയുടെ ഭാഗമാകാൻ ഒരിക്കലും കഴിയാത്തത്ര മസൃണമായ ഒരു ജനിതക സ്വഭാവമാണ് കേരളത്തിനുള്ളതെന്ന കാൽപനികബോധം, അതായിരുന്നു മലയാളിയെ -മലയാളി മുസ്‌ലിമിനെ പ്രത്യേകിച്ചും - ഇതുവരെ ആത്യന്തികവിഷാദത്തിൽ നിന്ന് രക്ഷിച്ചുനിർത്തിയത്. അതെല്ലാം വെറും മിഥ്യയാണെന്ന് സമീപകാലത്തെ അനുഭവങ്ങൾ എല്ലാവരെയും ബോധ്യപ്പെടുത്തി. ഭൂരിപക്ഷ പ്രീണനത്തിന്റെ വൈവിധ്യമാർന്ന പരീക്ഷണങ്ങൾ ഇരുമുന്നണികളും മത്സരബുദ്ധിയോടെ നടത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അതിന്റെ കാപട്യത്തെ പരിഹസിച്ച് പച്ചയായ വർഗീയതയുമായി ബി.ജെ.പി മറുഭാഗത്തും. മുസ്‌ലിം- ക്രിസ്ത്യൻ വൈരം ആളിക്കത്തിക്കാനുള്ള ശ്രമങ്ങൾ കൂടി ശക്തിപ്പെട്ടതോടെ തികച്ചും കലുഷമായ ഒരവസ്ഥയാണ് കേരളത്തിലിന്നുള്ളത്.

വൈവിധ്യമാർന്ന നിലപാടുകൾ

കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം പരാമർശിക്കേണ്ടത് മുസ്‌ലിം ലീഗിനെ തന്നെയാണ്. കേരള മുസ്‌ലിംകളിലെ ഗണ്യമായ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള കക്ഷിയാണ് ലീഗ് എന്നതാണ് ഒരു കാരണം. അതിനേക്കാൾ പ്രധാനമായ സംഗതി മുസ്‌ലിം നിയമസഭാ പ്രാതിനിധ്യം ഏറെക്കുറെ മോശമല്ലാത്ത രീതിയിൽ നിലനിർത്തുന്നതിൽ ലീഗിനായിരിക്കും ഇപ്രാവശ്യവും പ്രധാന പങ്ക് എന്നുള്ളതാണ്. ഇതിന്റെ സന്ദർഭം കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലുടനീളം കുറെ കൊല്ലമായി നിയമസഭകളിലും മറ്റു വേദികളിലും മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു വരികയാണ്. പാർലമെന്റിലാണെങ്കിൽ കൂടുതൽ മോശമാണവസ്ഥ. ബി.ജെ.പി മുസ്‌ലിംകളെ മത്സരിപ്പിക്കാറില്ല. മുസ്‌ലിം മത്സരിച്ചാൽ തോൽക്കുമെന്ന ഭയം കൊണ്ട് കോൺഗ്രസടക്കമുള്ള പ്രതിപക്ഷകക്ഷികളും മുസ്‌ലിംകൾക്ക് സീറ്റ് കൊടുക്കുന്നത് കുറച്ചുകൊണ്ടുവരികയാണ്. ഇത്തരമൊരവസ്ഥയിൽ മുസ്‌ലിം ശാക്തീകരണത്തിന്റെ ഒരേയൊരു മാതൃകയായി കേരളം തുടരുന്നതിൽ മുസ്‌ലിംലീഗിന് വലിയ പങ്കുണ്ട്. ഇപ്പറഞ്ഞത് എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ശരിയായിരിക്കും.

ഏകദേശം ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം ഇന്നത്തെ സാഹചര്യത്തിൽ മറ്റു കക്ഷികളിൽ നിന്ന് വിജയിച്ചു വരുന്ന മുസ്‌ലിംകളുടെ എണ്ണം ഇത്തവണ പ്രായേണ കുറവായിരിക്കുമെന്നതാണ്. അതുകൂടി കണക്കിലെടുക്കുമ്പോൾ ലീഗ് എം.എൽ.എമാരുടെ എണ്ണം ശാക്തീകരണത്തിന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ പ്രധാനമായിരിക്കും.

പി.വി അബ്ദുൽ വഹാബ്‌

അതേസമയം, തീർത്തും നിരാശപ്പെടുത്തുന്ന ഒരവസ്ഥയിലാണ് ലീഗ് ഇന്നുള്ളത്. നേതൃപരമായ അപചയം, പണാധിപത്യം, ലക്ഷ്യബോധമില്ലായ്മ, ആശയപരമായ പാപ്പരത്തം തുടങ്ങിയ പല കാരണങ്ങളാൽ ആ പാർട്ടി ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഒരുദാഹരണം നോക്കുക. തങ്ങൾക്ക് ലഭിച്ച രാജ്യസഭാസീറ്റിൽ പി.വി. അബ്ദുൽ വഹാബിനെയാണ് ലീഗ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. അധികാരവാഞ്ഛയും പണാധിപത്യവും ലക്ഷ്യബോധമില്ലായ്മയും എല്ലാം പ്രതിഫലിക്കുന്ന ഒരു തീരുമാനമാണിത്. ഇന്നത്തെ അവസ്ഥയിൽ നന്നായി സംസാരിക്കാൻ കഴിയുന്ന, ആശയസ്ഫുടതയും പ്രസംഗപാടവവും രാഷ്ട്രീയജ്ഞാനവുമുള്ള മുസ്‌ലിംകൾ രാജ്യസഭയിൽ ഏറ്റവും അനിവാര്യരായ ഒരു രാഷ്ട്രീയസന്ധിയിലാണ് നാമിന്ന്. അബ്ദുൽവഹാബിന്റെ എം.പി എന്ന നിലയിലുള്ള പ്രവർത്തനം അങ്ങേയറ്റം നിരാശാജനകമായിരുന്നുവെന്നതിനുള്ള തെളിവുകളും പുറത്തുവന്നു കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിന് തന്നെ വീണ്ടും അവസരം നൽകുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കേണ്ടതില്ലല്ലോ. നൈതികതയുടെ ഈ അഭാവം ലീഗിന്റെ രാഷ്ട്രീയത്തിൽ കൂടുതൽ കൂടുതൽ കണ്ടുവരുന്നു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ തങ്ങൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചോ മുസ്‌ലിം രാഷ്ട്രീയം എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ ആശയവ്യക്തതയോ ലീഗിനില്ല. അത്തരം ചർച്ചകൾ പോലും അതിനുള്ളിൽ നടക്കുന്നുണ്ടെന്നും തോന്നുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് മറ്റൊരുദാഹരണമാണ്.

വൈവിധ്യമാർന്ന രാഷ്ട്രീയ നിലപാടുകളാണ് മുസ്‌ലിംകൾ സ്വീകരിക്കുന്നത്. പക്ഷെ മുമ്പത്തേതിൽ നിന്ന് ഇപ്പോഴുള്ള വ്യത്യാസം, ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് നിലപാടുകൾ രൂപപ്പെടുന്നത് എന്ന വസ്തുതയാണ്

ഇതൊക്കെയായാലും ലീഗിനെ തള്ളിക്കളയാനാവില്ല. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കുമ്പോൾ അതുകൊണ്ടുതന്നെ പ്രഥമഗണനീയമായി ലീഗിനെ പരിഗണിക്കേണ്ടി വരുന്നു. ഐ.എൻ.എൽ, എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടി തുടങ്ങിയ ചെറുസംഘങ്ങൾ നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അത്ര പ്രധാനമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ സ്വാധീനം ചെലുത്താനവർക്കായേക്കും. നിയമസഭാതെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കാനുള്ള ശക്തി അവർക്കില്ല. അതേ സമയം മുസ്‌ലിംപ്രശ്‌നങ്ങൾ സംബന്ധിച്ച പൊതു മണ്ഡലസംവാദങ്ങളിൽ ലീഗിനേക്കാളും സജീവമായി നിൽക്കുന്നത് പലപ്പോഴും ഇങ്ങനെയുള്ള ചെറുസംഘങ്ങളാണ്.

മുകളിൽ പരാമർശിച്ച സാമുദായിക കക്ഷികൾക്കുപുറത്ത് മുഖ്യധാരാപാർട്ടികളിൽ സജീവമായി പ്രവർത്തിക്കുകയോ അവരോടു അനുഭാവം പുലർത്തുകയോ ചെയ്യുന്ന വലിയൊരു വിഭാഗം മുസ്‌ലിംകളിലുണ്ട്. അതുകൊണ്ടുതന്നെ ഏകശിലാസ്വഭാവമുള്ള ഒരു മുസ്‌ലിം രാഷ്ട്രീയത കേരളത്തിലില്ല. കേരളത്തിലെ സിംഹഭാഗവും സുന്നികളാണ്. അവരിൽ ഗണ്യമായ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ അനുയായികൾ ഇടതുപക്ഷത്തെ പിന്തുണക്കുന്നു. സമസ്തവിഭാഗം സുന്നികൾ യു.ഡി.എഫിനൊപ്പമാണ്. മുജാഹിദ് ആശയമുള്ളവർ ഇരുവിഭാഗത്തിലുമുണ്ട്.

സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ

ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ മൂല്യമാപിനി ഉപേക്ഷിച്ച് യു.ഡി.എഫിനൊപ്പമാണ്. ചുരുക്കത്തിൽ വൈവിധ്യമാർന്ന രാഷ്ട്രീയ നിലപാടുകളാണ് മുസ്‌ലിംകൾ സ്വീകരിക്കുന്നത്. പക്ഷെ മുമ്പത്തേതിൽ നിന്ന് ഇപ്പോഴുള്ള വ്യത്യാസം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് നിലപാടുകൾ രൂപപ്പെടുന്നത് എന്ന വസ്തുതയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷമാണ് പ്രതിരോധം തീർക്കുന്നത് എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകളുണ്ട്. അതല്ല കോൺഗ്രസ് തകർന്നുകൂടെന്നും യു.ഡി.എഫ് നിലനിൽക്കണമെന്നും ദേശീയതലത്തിൽ അതാണ് ഗുണകരമെന്നും വിചാരിക്കുന്നവരുമുണ്ട്. മുസ്‌ലിം രാഷ്ട്രീയത ഏകമുഖമല്ലെന്നും അതിന്റെ മർമബിന്ദു ബി.ജെ.പിയോടുള്ള ആശങ്കകളാണെന്നും വിശദീകരിക്കാനാണ് ഇത്രയും പറഞ്ഞത്. കാരണം ഏകശിലാഘടനയുള്ള ഒരു മുസ്‌ലിം രാഷ്ട്രീയം എന്നത് മുസ്‌ലിംകളെക്കുറിച്ച് നിലനിൽക്കുന്ന പ്രബലമായ വാർപ്പരൂപങ്ങളിലൊന്നാണ്.

മുസ്‌ലിം രാഷ്ട്രീയതയുടെ ഭാഷയും ശൈലിയും

മുസ്‌ലിം രാഷ്ട്രീയതയുടെ ഭാഷയും ശൈലിയും എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ ഗൗരവമായ ചർച്ച ആവശ്യമുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ അത് വളരെ പ്രധാനമാണ്. അഞ്ചു കാര്യങ്ങൾ ഇക്കാര്യത്തിൽ എടുത്തുപറയേണ്ടതുണ്ട്. ഇന്ത്യൻ ഭരണഘടനയുടെയും സ്വാതന്ത്ര്യസമരക്കാലത്ത് രൂപം കൊണ്ട ബഹുസ്വര ദേശീയതയുടെയും അന്തഃസത്ത പ്രതിഫലിക്കുന്ന രാഷ്ട്രീയഭാഷയും ശൈലിയും മുസ്‌ലിംകൾ സ്വീകരിക്കണം. പ്രകോപനപരമായ പ്രതികരണങ്ങളും വർഗീയലാഞ്ചനയുള്ള ആവിഷ്‌കാരങ്ങളും പൂർണമായും ഒഴിവാക്കണം. ബഹുസ്വര ഇന്ത്യൻദേശീയതയുടെയും മൈത്രിയുടെ കേരളീയാനുഭവങ്ങളുടെയും ഘടനക്കുള്ളിൽ വേണം മുസ്‌ലിം രാഷ്ട്രീയാവിഷ്‌കാരം പുലരേണ്ടത്. മുസ്‌ലിം രാഷ്ട്രീയ നേതാക്കൾ പൊതുവെ ഇക്കാര്യം ശ്രദ്ധിക്കാറുണ്ട്. പക്ഷെ ചില അപവാദങ്ങൾ ഇല്ലെന്നു പറഞ്ഞുകൂടാ.

വർഗീയഭ്രാന്ത് അനിയന്ത്രിതമായി പടരുന്ന ഒരു കാലത്ത് സൗഹൃദങ്ങൾ ശക്തിപ്പെടുത്താനുള്ള ഏതുദ്യമവും ഉദാത്തമായ രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. മത- രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനാവും.

മതപരമായ കാര്യങ്ങൾ രാഷ്ട്രീയസംവാദങ്ങളിൽ കൊണ്ടുവരാതിരിക്കുകയും തങ്ങളുടെ പൗരസ്വത്വം കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്ക് മുൻകൈയെടുക്കുന്നതുമാണ് രണ്ടാമത്തെ കാര്യം. തങ്ങളുടെ സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിക്കുന്നതിൽനിന്ന് മാറി പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കൂടുതലായി ഇടപെടുന്നത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മതേതര ഇടങ്ങൾ തിരിച്ചു പിടിക്കാൻ സഹായിക്കും. നാലാമത്തെ സംഗതി, മുസ്‌ലിം സമുദായത്തിനുള്ളിൽ ജനാധിപത്യസ്വഭാവമുള്ള, പ്രതിപക്ഷ ബഹുമാനമുള്ള, മര്യാദയുടെ അതിരുകൾ ലംഘിക്കാത്ത ആന്തരിക സംവാദങ്ങൾ ഉറപ്പുവരുത്തലാണ്. മുസ്‌ലിം സംഘടനകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കപ്പെടുന്നത് പലപ്പോഴും ഹിംസാത്മകവും നിന്ദ്യവുമായ ശൈലിയിലാണ്. അഭിപ്രായാന്തരങ്ങൾ നിലനിർത്തുമ്പോൾ തന്നെ വേട്ടയാടപ്പെടുന്ന ഒരു സമുദായത്തിൽ അനിവാര്യമായ പരസ്പര മര്യാദകൾ ഉണ്ടാവേണ്ടതുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ ഒത്തുകൂടിയവരെ അഭിവാദ്യം യു.ഡി.എഫ് നേതാക്കൾ

അഞ്ചാമത്തെ കാര്യം മുസ്‌ലിംകളും മറ്റു മതവിഭാഗങ്ങളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ പ്രാദേശിക- സംസ്ഥാന തലങ്ങളിൽ നടത്തേണ്ട ശ്രമങ്ങളാണ്. പലപ്പോഴും പ്രാദേശികമായ നിസ്സാരസംഗതികളാണ് വലിയ വർഗീയപ്രശ്‌നങ്ങൾക്ക് കാരണമാവുന്നത്. ഇത്തരം സംഗതികൾ ചർച്ച ചെയ്ത് പരിഹരിക്കാനും സൗഹൃദങ്ങൾ പുഷ്ടിപ്പെടുത്താനുമുള്ള സജീവപ്രയത്‌നം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. വർഗീയഭ്രാന്ത് അനിയന്ത്രിതമായി പടരുന്ന ഒരു കാലത്ത് സൗഹൃദങ്ങൾ ശക്തിപ്പെടുത്താനുള്ള ഏതുദ്യമവും ഉദാത്തമായ രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. മത- രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനാവും.

എന്താകും ഭാവി?

ഇനി ആലോചിക്കാനുള്ളത് ഭാവിയെക്കുറിച്ചാണ്. ഒരു കാര്യം വ്യക്തമാണ്. യു.ഡി.എഫ് ഇപ്രാവശ്യം അധികാരത്തിൽ വന്നില്ലെങ്കിൽ വലിയ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും അണികളും ബി.ജെ.പിയിൽ ചേരും- ഇത് നമ്മൾ പറയുന്നതല്ല. കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നതാണ്. അത് പേടിച്ചു കോൺഗ്രസിന് വോട്ട് ചെയ്യണം എന്ന് പറയുന്നതിലെ അശ്ലീലം അവർക്കു പോലും മനസ്സിലായിട്ടില്ല. കോൺഗ്രസ് ശിഥിലമായാൽ - ഉദാഹരണങ്ങൾ പല സംസ്ഥാനങ്ങളിലും നാം കണ്ടതാണല്ലോ - കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി മാറാനുള്ള ബി.ജെ.പിയുടെ മോഹം പൂവണിയും. ഇതൊരു വിദൂരസാധ്യതയായി ഇപ്പോൾ തോന്നാം. പക്ഷെ കേരളത്തിൽ ഇപ്പോൾ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗ് സൂക്ഷ്മമായി നിരീക്ഷിച്ചാൽ എവിടേക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. അങ്ങനെയൊരു മാറ്റം സംഭവിച്ചാൽ കേരളത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ സമൂലമായി മാറും. മുസ്‌ലിം ലീഗടക്കമുള്ള കക്ഷികൾ ഇടതുപക്ഷത്തെ പിന്തുണക്കേണ്ട അവസ്ഥ സംജാതമാകും. അതല്ല യു.ഡി.എഫ് അധികാരത്തിൽ വന്നുവെന്നിരിക്കട്ടെ. എന്ത് സംഭവിക്കും? എൽ.ഡി.എഫിനെ ഉപദ്രവിച്ചതിനേക്കാൾ ഫലപ്രദമായി കേന്ദ്ര ഏജൻസികൾ കളി തുടങ്ങും. പോണ്ടിച്ചേരിയിലും കർണാടകത്തിലുമൊക്കെ സംഭവിച്ചതുപോലുള്ള കൂറുമാറ്റ നാടകങ്ങൾ കേരളത്തിലും പതിവാകും.

എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്ന്‌

അപ്പോൾ സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യമുണ്ട്. ഇടതുപക്ഷത്തുനിന്ന് അങ്ങനെയൊരു കൂടുമാറ്റം ഉണ്ടാവില്ലെന്ന് എന്താണുറപ്പ്? പശ്ചിമബംഗാൾ ഇവിടെ ആവർത്തിക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും? അല്ലെങ്കിൽ ത്രിപുര? യാതൊരു മൂല്യബോധവുമില്ലാത്ത അധികാര രാഷ്ട്രീയത്തിൽ എന്തും സാധ്യമാണ്. എന്നിരുന്നാലും കോൺഗ്രസിനേക്കാൾ ബലവത്തായ പ്രത്യയശാസ്ത്ര അടിത്തറ ഇടതുപക്ഷത്തിനുണ്ട്. കേരളത്തിന്റെ ഡെമോഗ്രാഫിയിൽ ന്യൂനപക്ഷങ്ങൾ ഏകദേശം ജനസംഖ്യയുടെ പകുതിയാണ്. അതും നിർണായകമായ ഒരു ഘടകമാണ്. അതുകൊണ്ടാണ് ക്രിസ്ത്യൻ- മുസ്‌ലിം ശത്രുത ശക്തിപ്പെടുത്താൻ സംഘ്പരിവാർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. മുകളിൽ പറഞ്ഞ സാധ്യതകളിൽ ഏതു നടന്നാലും ഒരു കാര്യം ഉറപ്പാണ്. ഇതിലെല്ലാം ഇരസ്ഥാനത്ത് ഉണ്ടാവുക മുസ്‌ലിംകളാണ്. സംഘ് പരിവാരത്തിന്റെ വൈരം ഒരു ഭാഗത്ത്. അവരെ രാഷ്ട്രീയമായി എതിരിടുന്നവരുടെ മാനിപ്പുലേഷൻ മറുഭാഗത്ത്. മുസ്‌ലിം രാഷ്ട്രീയത അതുകൊണ്ടുതന്നെ ഒരു ദശാസന്ധിയിലാണ്. ശുഭാപ്തിവിശ്വാസത്തിന് ഒരു പഴുതും തരാത്ത ഒരു പ്രതിസന്ധിഘട്ടം. അതിനെ നേരിടാനുള്ള കാര്യപ്രാപ്തിയുള്ള രാഷ്ട്രീയ- മത- സമുദായ നേതൃത്വം നിർഭാഗ്യവശാൽ കേരള മുസ്‌ലിംകൾക്കില്ല. പക്ഷെ ശരാശരി മലയാളി മുസ്‌ലിമിന് തങ്ങളുടെ നേതാക്കളെക്കാൾ സാമാന്യബുദ്ധിയുണ്ട്. വിവേകവും. അതുമാത്രമാണ് പ്രതീക്ഷ.▮


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments