വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി

ജനങ്ങൾക്കുമേൽ സർക്കാറുകളുടെ ഷോക്ക് ട്രീറ്റ്മെന്റ്

വൈദ്യുതിമേഖലയിലെ കേന്ദ്രത്തിന്റെ ജനദ്രോഹപരമായ നയംമാറ്റത്തിനൊപ്പമുള്ള സംസ്ഥാനത്തെ നിരക്ക് വർദ്ധന സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും അവരുടെ കുടുംബ ബഡ്ജറ്റിനെയും കടുത്ത തോതിലാണ് ബാധിക്കാൻ പോകുന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർദ്ധന നിലവിൽ വന്നു. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും വീർപ്പുമുട്ടിക്കുന്നതിനിടയിലാണ് ജനങ്ങളെ ഷോക്കടിപ്പിക്കുന്ന വർധന. കേന്ദ്രത്തിൽ കൂടുന്നതിന്റെ ചെറിയ അംശം, അഥവാ യൂണിറ്റിന് 20 പൈസ മാത്രമാണ് സംസ്ഥാനത്ത് കൂടുന്നത് എന്നും അത് വലിയ വർധനയല്ല എന്നുമാണ് സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ന്യായീകരണമായി പറഞ്ഞത്. ഇനിയങ്ങോട്ട് എല്ലാ വർഷവും നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. വൈദ്യുതിമേഖലയിലെ കേന്ദ്രത്തിന്റെ ജനദ്രോഹപരമായ നയംമാറ്റത്തിനുപുറമെ സംസ്ഥാനത്തെ നിരക്ക് വർദ്ധന സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും അവരുടെ കുടുംബ ബഡ്ജറ്റിനെയും കടുത്ത തോതിലാണ് ബാധിക്കാൻ പോകുന്നത്.

വർദ്ധനവ് എങ്ങനെ?

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷനാണ് നവംബർ ഒന്നു മുതൽ, മുൻകാല പ്രാബല്യത്തിൽ നിരക്ക് വർദ്ധിപ്പിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് ഇതിന് മുമ്പ് നിരക്ക് വർദ്ധനവ് ഉണ്ടായിരുന്നത്. കെ.എസ്.ഇ ബി, റെഗുലേറ്ററി കമ്മീഷന് മുമ്പാകെ സമർപ്പിച്ച യൂണിറ്റിന് 40 പൈസ വർധിപ്പിക്കണമെന്ന ആവശ്യം 20 പൈസ വർധനവിൽ കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. ഉപയോഗ യൂണിറ്റിന് പുറമെ ഫിക്സഡ് ചാർജിലും വലിയ വർദ്ധനവ് ഉണ്ടായി. യൂണിറ്റിൽ ശരാശരി പത്ത് രൂപ മുതൽ ഇരുന്നൂറ് രൂപ വരെയും ഫിക്സഡ് ചാർജിൽ അഞ്ച് രൂപ മുതൽ അൻപത്തി അഞ്ച് രൂപ വരെയുമാണ് ബില്ലിൽ വർദ്ധനവ് ഉണ്ടാവുക.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും വൃദ്ധ സദനങ്ങളേയും ആരാധനാലയങ്ങളെയും ഐടി അനുബന്ധ വ്യവസായങ്ങളെയും പുതിയ നിരക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതെ സമയം ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയിലെ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തു.

കെ. കൃഷ്ണൻ കുട്ടി, കേരള സംസ്ഥാന വൈദ്യുതി മന്ത്രി
കെ. കൃഷ്ണൻ കുട്ടി, കേരള സംസ്ഥാന വൈദ്യുതി മന്ത്രി

എന്നാൽ, ഈ വർധന അത്ര ആഘാതമുണ്ടാക്കില്ല എന്നാണ് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറയുന്നത്: ‘‘കേന്ദ്രസർക്കാർ പുതുതായി കൊണ്ടു വന്ന താരിഫ് നയത്തിന്റെ ഭാഗമായി കൂടിയാണ് നിരക്ക് വർധിക്കുന്നത്. അതുപോലെ മഴക്കുറവ് മൂലം ഈ വർഷം ഹൈഡ്രോ പ്രോജക്ട് പദ്ധതികൾക്ക് 40 ശതമാനം വരെ ജലക്കുറവുണ്ട്. അതുമൂലം കൂടുതൽ അളവിൽ വൈദ്യുതി ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു. 2015- ൽ റദ്ദാക്കിയ പഴയ കരാർ പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. അത് പുനഃസ്ഥാപിക്കപ്പെട്ടൽ വൈദ്യുതി നിരക്ക് കുറയും. സബ്സിഡി അടക്കമുള്ള വിഷയങ്ങളിൽ മന്ത്രിസഭാ തീരുമാനം ഉടൻ ഉണ്ടാകും. നിലവിൽ ജനങ്ങൾക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കാത്ത ചെറിയ വർധനവാണ് വന്നിട്ടുള്ളത്.’’- മന്ത്രി പറയുന്നു.

യൂണിറ്റിലെ വർദ്ധനവ്

സംസ്ഥാനത്ത് 50 യൂണിറ്റ് ഉപയോഗിക്കുന്നവർ നിലവിൽ യൂണിറ്റിന് കൊടുക്കേണ്ട 3.85 രൂപ എന്നത് 4.05 പൈസയായി ഉയരും. 100 യൂണിറ്റ് വരെ 4.10 രൂപ എന്നത് 4.30 രൂപയാകും. തുടർന്നങ്ങോട്ട് എല്ലാ കാറ്റഗറിയിലും 20 പൈസ വർധിക്കും. 101-150 വരെ യൂണിറ്റിന് 5.10 രൂപയും 151-200 വരെ യൂണിറ്റിന് 6.95 രൂപയും 201-250 വരെ 8.20 രൂപയും നൽകേണ്ടി വരും. ഒരു കോടിയോളം പേർ വരുന്ന ഉപഭോഗ കാറ്റഗറിയായ 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ എട്ട് രൂപക്ക് മുകളിൽ വരെ ഓരോ യൂണിറ്റിനും നൽകേണ്ടി വരും. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ അത് ഒരു ഇരുപത് പൈസയുടെ മാത്രം ചെറിയ വർദ്ധനവാണെന്ന് തോന്നിപ്പിക്കുമ്പോൾ തന്നെ മൊത്തം വൈദ്യുതി ബില്ലിൽ അത് വലിയ മാറ്റങ്ങൾക്ക് കാരണമാകും.

വിവിധ സ്ലാബുകളിലെ യൂണിറ്റിലെ നിരക്ക് വർദ്ധനവ്
വിവിധ സ്ലാബുകളിലെ യൂണിറ്റിലെ നിരക്ക് വർദ്ധനവ്

ഫിക്സസ് ചാർജിലുള്ള വർദ്ധനവ്

അമ്പത് യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 35 രൂപയിൽ നിന്ന് അഞ്ച് രൂപ കൂടി ഫിക്സഡ് ചാർജ് 40 രൂപയാകും. 51-100 വരെ യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 55 രൂപയിൽ നിന്ന് പത്ത് രൂപ വർധിച്ച് 65 രൂപയാകും. 101-150 വരെ ഉപയോഗിക്കുന്നവർക്ക് 70 രൂപയിൽ നിന്ന് പതിനഞ്ച് രൂപ വർധിച്ച് 85 രൂപയാവും. 151-200 വരെ ഉപയോഗിക്കുന്നവർക്ക് 100 രൂപയിൽ നിന്ന് 20 രൂപ കൂടി 120 രൂപയാകും. 200-250 വരെ ഉപയോഗിക്കുന്നവർക്ക് 110 രൂപയിൽ നിന്ന് 20 രൂപ കൂടി 130 രൂപയും 250-300 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 130 ൽ നിന്ന് 150- രൂപയുമാകും. 300-500 വരെയും 500 മുകളിലും യൂണിറ്റ് ഉപയോഗിക്കുന്നവർക്കും ഫിക്സഡ് ചാർജിൽ വലിയ വർദ്ധനവുണ്ടാകും, 2000 രൂപയിലേറെ.

മുകളിൽ പറഞ്ഞ ഫിക്സഡ് ചാർജുകൾ സിംഗിൾ ഫേസ് കാറ്റഗറിയിക്കാർക്കു മാത്രമുള്ളതാണ്. എന്നാൽ ത്രീ ഫേസ് കാറ്റഗറി ഉപയോഗിക്കുന്നവർക്ക് യഥാക്രമം 51-100 ൽ 140 രൂപ, 101-150 ൽ 170, 151-200 ൽ 180, 200-250 ൽ 200 തുടങ്ങി പുതിയ നിരക്ക് ക്രമത്തിലേക്ക് മാറും.

സിംഗിൾ ഫേസിലെയും ത്രീഫേസിലെയും വിവിധ സ്ലാബുകൾക്കുള്ള ഫിക്സഡ് ചാർജ് നിരക്ക്
സിംഗിൾ ഫേസിലെയും ത്രീഫേസിലെയും വിവിധ സ്ലാബുകൾക്കുള്ള ഫിക്സഡ് ചാർജ് നിരക്ക്

ബില്ലിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ

സംസ്ഥാന റെഗുലേറ്ററി കമീഷൻ അടുത്ത ഒരു വർഷത്തേക്കെന്ന നിലയിൽ ഉപഭോഗ യൂണിറ്റിലും അതിന്റെ ഫിക്സഡ് ചാർജിലും വരുത്തിയ വർദ്ധനവ് ബിൽ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എങ്ങനെയെന്ന് നോക്കാം.

നിലവിൽ 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ബില്ലിൽ വർദ്ധനവില്ല. ഇത് വലിയ ആശ്വാസമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി സർക്കാറുകൾ പാലിച്ചുവരുന്ന നടപടിത്തുടർച്ച മാത്രമാണിത്. കൂടാതെ, പത്തു ശതമാനത്തിൽ കുറവ് പേർ മാത്രമാണ് ഇത്രയും കുറഞ്ഞ കാറ്റഗറിയിൽ വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ. മൂന്നര കോടിയിൽ ഒരു കോടിയിലധികം 250 യൂണിറ്റ് വരെയുള്ള ശരാശരി ഉപഭോഗ വിഭാഗത്തിലാണ്. അവരെ വർധന സാരമായി ബാധിക്കുന്നുമുണ്ട്.

വൈദ്യുതി ഉപയോഗത്തിന്റെ ഏറ്റവും കുറഞ്ഞ സ്ലാബ് പരിശോധിച്ചാൽ 50 യൂണിറ്റിനുള്ള 193 രൂപയുടെ ബിൽ 203 രൂപയുടേതാകും. 100 യൂണിറ്റ് വരെയുള്ള ബിൽ 410 ൽ നിന്ന് 430 രൂപയാകും. 150 യൂണിറ്റ് വരെയുള്ള 675 രൂപ ബിൽ 33 രൂപ വർധിച്ച് 708 രൂപയാകും. 250 യൂണിറ്റ് വരെയാണ് ഉപയോഗമെങ്കിൽ 1455 രൂപയിൽനിന്ന് 58 രൂപ വർധിച്ച് 1513 ആവും.

ഉയർന്ന സ്ലാബിൽ ഇതിലും വലിയ വർദ്ധനവാണ്. 300 യൂണിറ്റ് ഉപയോഗിച്ചാൽ 90 രൂപ വർദ്ധിച്ച് 2125 രൂപയാവും. 350 യൂണിറ്റ് ഉപയോഗിച്ചാൽ 2625 രൂപയിൽനിന്ന് 123 രൂപ കൂടി 2748 രൂപയാകും. 400 യൂണിറ്റ് ഉപയോഗിച്ചാൽ 3115 എന്നത് 135 രൂപ കൂടി 3250 രൂപയാകും. 500 യൂണിറ്റ് ഉപയോഗിച്ചാൽ 4000 രൂപയിൽനിന്ന് 4185 രൂപ കൊടുക്കേണ്ടി വരും

യൂണിറ്റ് നിരക്കിൽ മാത്രം ഉപഭോക്താക്കൾക്ക് വരുന്ന അധിക തുക
യൂണിറ്റ് നിരക്കിൽ മാത്രം ഉപഭോക്താക്കൾക്ക് വരുന്ന അധിക തുക

ഇതിനൊപ്പം 5- 35 രൂപ വരെ കൂട്ടിയ ഫിക്സഡ് ചാർജും ഇടക്കാലത്ത് ചുമത്തിയ സർചാർജും കൂടിയാകുന്നതോടെ ബിൽ ശരാശരി മലയാളിക്ക് ഇരട്ടി ഷോക്കാകും. വൈദ്യുതിയുടെയും ​​വൈദ്യുതി ഉപയോഗിച്ചുള്ള സാധന സേവനങ്ങളുടെയും ഉപഭോഗ സംസ്കാരത്തിലേക്ക് മാറിയ മലയാളിക്ക് ഇത് വലിയ വെല്ലുവിളിയാകും. ഹൈ വോൾട്ടേജ് ആവശ്യമായി വരുന്ന പുതിയ ഇലക്ട്രിക് ഉപകരണങ്ങളുടെ കാലത്ത് ഉപഭോക്താക്കളിൽ നല്ലൊരു പങ്കും ത്രീ ഫേസ് സിസ്റ്റത്തിലേക്ക് മാറിയിട്ടുണ്ട്. സിംഗിൾ ഫേസിനെ അപേക്ഷിച്ച് ത്രീഫേസിന് ചാർജ് കൂടുതലാണ് എന്നതും ബില്ലിലെ ഭാരം വർദ്ധിപ്പിക്കുന്നു.

സബ്സിഡിയും ഒഴിവാക്കി

നിരക്ക് വർധനക്കുപിന്നാലെ ഏറെ കാലം നൽകി കൊണ്ടിരുന്ന സബ്സിഡിയും നിർത്തി. നിലവിൽ മാസം 120 യൂണിറ്റ്, അഥവാ രണ്ട് മാസ കാലയളവിൽ എത്തിയിരുന്ന കറന്റ് ബില്ലിൽ 240 യൂണിറ്റ് വരെ ഉപയോഗിച്ചിരുന്നവർക്ക് യൂണിറ്റിന് നല്കിയിരുന്ന 85 പൈസയുടെ സബ്സിഡിയാണ് അവസാനിപ്പിച്ചത്. ആദ്യ 40 യൂണിറ്റിന് 35 പൈസയും പിന്നീടുള്ള 80 യൂണിറ്റിന് 50 പൈസയും അടക്കമായിരുന്നു ഇത്. രണ്ട് മാസത്തിൽ 240 യൂണിറ്റ് ഉപയോഗിച്ചിരുന്ന ഒരാൾക്ക് കിട്ടിയിരുന്ന 108 രൂപയുടെ സബ്സിഡിയാണ് ഇല്ലാതായത്.

സ്ലാബ് അനുസരിച്ച് 250 വരെ യൂണിറ്റ് ചെലവിന് 1455 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഒപ്പം, ഫിക്സഡ് ചാർജ് 110 രൂപയും സർചാർജ് 19 രൂപയും കൂട്ടി 1584 രൂപയാകും. എന്നാൽ, നിരക്ക് വർധനയും സബ്സിഡി നിർത്തലാക്കിയതും മൂലം ഈ തുക 1770 രൂപയാകും. ഉയർന്ന സ്ലാബിലേക്ക് പോകുമ്പോൾ പുതിയ നിരക്ക് മാറ്റത്തിന്റെ ആഘാതം ഇനിയും വർദ്ധിക്കുമെന്നർത്ഥം.

രണ്ട് മാസത്തിൽ 240 യൂണിറ്റ് ഉപയോഗിച്ചിരുന്ന ഒരാൾക്ക് കിട്ടിയിരുന്ന 108 രൂപയുടെ സബ്സിഡിയാണ് ഇല്ലാതായത്.
രണ്ട് മാസത്തിൽ 240 യൂണിറ്റ് ഉപയോഗിച്ചിരുന്ന ഒരാൾക്ക് കിട്ടിയിരുന്ന 108 രൂപയുടെ സബ്സിഡിയാണ് ഇല്ലാതായത്.

പെട്ടിക്കടകൾക്കും കൃഷിക്കും വലിയ നിരക്ക്

ഗാർഹിക ഉപഭോക്താക്കൾക്കുപുറമെ ചെറുകിട വ്യാപാരികൾക്കും നിരക്ക് വർദ്ധിച്ചു. വ്യാപാരികൾ വിപണിയിൽ പ്രതിസന്ധി നേരിടുന്ന സമയം കൂടിയാണിപ്പോൾ, ചെറുകിട വ്യവസായങ്ങൾക്ക് 2.3 ശതമാനവും കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതിക്ക് 6 ശതമാനവുമാണ് വർദ്ധനവ്. ചെറിയ പെട്ടിക്കടകളിലെ ഫിക്സഡ് ചാർജ് പത്ത് രൂപ കൂട്ടി. കോഴി- കന്നുകാലി വളർത്തൽ, അലങ്കാര മൽസ്യകൃഷി സംരംഭങ്ങളിൽ ഫിക്സഡ് ചാർജ് അഞ്ച് രൂപ വർദ്ധിപ്പിച്ചു.

നിരക്ക് വർധന ചെറുകിട വ്യാപാരികൾക്കുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മേൽമുറി യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള അണിയറ പറയുന്നു:

 അബ്ദുള്ള അണിയറ
അബ്ദുള്ള അണിയറ

‘‘ജി.എസ്.ടിയും നിപ്പയും പ്രളയങ്ങളും കൊറോണയും മൂലം കേരളത്തിൽ വർഷങ്ങളായി വ്യാപാരം സ്ഥിരതയില്ലാത്ത അവസ്ഥയിലാണ്. കൊറോണ സമയത്ത് സർക്കാരുമായി സഹകരിച്ച് ജനനന്മക്ക് വേണ്ടി ഷോപ്പുകൾ അടച്ചിട്ടപ്പോൾ തഴച്ചുവളർന്ന ഓൺലൈൻ വ്യാപാരവും ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിച്ചു. സർക്കാർ ഖജനാവിലേക്ക് പ്രത്യക്ഷമായും പരോക്ഷമായും ഏറ്റവും കൂടുതൽ നികുതി നൽകുന്ന വ്യാപാരികൾക്ക് അർഹമായ പരിഗണന സർക്കാറുകളിൽ നിന്നും ലഭിക്കുന്നില്ല. അതിനൊക്കെ പുറമെ കരന്റ് ബില്ല് വർദ്ധന ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടാണ്. ഇത് പുനർ വിചിന്തനം ചെയ്യാൻ അധികാരികൾ തയ്യാറാവണം.’’

നിരക്ക് വർധനവിന്റെ കാരണം

സംസ്ഥാന സർക്കാർ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നിരക്ക് വർധനയുടെ ഒരു കാരണമായി പറയാം. സർക്കാറിന്റെ കടമെടുപ്പ് പരിധി പോലും കഴിഞ്ഞ അവസ്ഥയാണ് നിലവിലുള്ളത്. റിസർവ് ബാങ്കിന്റെ റീ പോസ്റ്റ് വാല്യൂ സൂചികയിൽ 35 % ന്റെ കുറവുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഏറ്റവും മുമ്പിൽ കേരളമാണ്. കെ എസ് ആർ ടി സി പോലുള്ള പല പൊതുമേഖലാ സംവിധാനങ്ങളും കോടികളുടെ നഷ്ടത്തിലാണ്. അപ്രഖ്യാപിത ഫണ്ട് സ്റ്റോപ്പിങ് എല്ലായിടത്തുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടുകൾ, ക്ഷേമ പെൻഷനുകൾ, ക്ഷേമ പദ്ധതികൾ തുടങ്ങിയയെല്ലാം താളം തെറ്റി കിടക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കേരള ഗവൺമെന്റിനെ പാപ്പരായി പ്രഖ്യാപിക്കണോ എന്ന് സർക്കാർ അഭിഭാഷകനോട് പരിഹാസപൂർവ്വം ചോദിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കേരള ഗവൺമെന്റിനെ പാപ്പരായി പ്രഖ്യാപിക്കണോ എന്ന് സർക്കാർ അഭിഭാഷകനോട് പരിഹാസപൂർവ്വം ചോദിച്ചത്.

ലാഭകരമായിരുന്ന കെ.എസ്.ഇ.ബി യും 1500 കോടിയോളം രൂപയുടെ റവന്യൂ നഷ്ടത്തിലാണ്. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ ക്ഷേമ പദ്ധതികളോടു കാണിക്കുന്ന വിവേചനവും അതുണ്ടാക്കുന്ന അധിക ബാധ്യതകളും മറ്റൊരു കാരണമാണ്. എന്നാൽ ഈ സാമ്പത്തിക ബാധ്യതകൾ ജനങ്ങളുടെ തലയിൽ കെട്ടിവെക്കുക എന്ന ഉപായ പദ്ധതിയാണ് നിരക്ക് വർധനയുടെ മറവിൽ നടക്കുന്നത്.

കെഎസ്ഇബിയുടെ ശബള പരിഷ്കരണം

2021- ലാണ് കെ എസ് ഇ ബി സ്വതന്ത്ര ബോർഡ് അടിസ്ഥാനത്തിൽ ശമ്പള വ്യവസ്ഥ പരിഷ്കരിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന 2016 ലെ ശമ്പള വ്യവസ്ഥയും സ്കെയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെക്കാൾ ഉയർന്നതാണെന്നുപറഞ്ഞ്, അതിനുതന്നെ സർക്കാർ അംഗീകാരം കൊടുക്കാതിരുന്ന സമയത്താണ് 2018 മുതൽ മുൻ പ്രാബല്യ പ്രകാരം 2021- ൽ വീണ്ടും പുതിയ ശമ്പള പരിഷ്കാരം കൊണ്ടുവരുന്നത്. ഇത് 15,184 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നു പറഞ്ഞ് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് മറികടക്കാൻ വൈദ്യുതി നിരക്കിൽ മാറ്റം വരുത്തണമെന്നാണ് കെ.എസ്.ഇ.ബി സർക്കാറിനോടും റെഗുലേറ്ററി കമീഷനോടും ആവശ്യപ്പെട്ടത്. അഥവാ അശാസ്ത്രീയമായ, സർക്കാർ അംഗീകാരം കിട്ടാത്ത ശമ്പള പരിഷ്കരണത്തിലൂടെയുണ്ടായ 10,000 കോടിയുടെ അധിക ബാധ്യത കൂടി സാധാരണ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കണം എന്നർത്ഥം.

2016 ലെ ശമ്പള പരിഷ്കരണ പ്രകാരം കെഎസ്ഇബി ഡ്രൈവർ വാങ്ങുന്ന മാസശമ്പളം. ഇതിനുശേഷമാണ് 2021- ൽ 2018 മുതലുള്ള മുൻകാല പ്രാബല്യത്തിൽ പുതിയ ശമ്പള പരിഷ്കരണം വന്നത്
2016 ലെ ശമ്പള പരിഷ്കരണ പ്രകാരം കെഎസ്ഇബി ഡ്രൈവർ വാങ്ങുന്ന മാസശമ്പളം. ഇതിനുശേഷമാണ് 2021- ൽ 2018 മുതലുള്ള മുൻകാല പ്രാബല്യത്തിൽ പുതിയ ശമ്പള പരിഷ്കരണം വന്നത്

വമ്പൻമാരുടെ കിട്ടാക്കടം 4000 കോടി

കെ.എസ്.ഇ.ബി ജീവനക്കാരനും കാൻസർ ബാധിതയായ കുട്ടിയുടെ രക്ഷിതാവും തമ്മിലുള്ള ഫോൺ സംഭാഷണം ഈയിടെ പുറത്തുവന്നിരുന്നു. ബില്ലടക്കാൻ നിവൃത്തിയില്ലെന്നും മകളെയും കൊണ്ട് കീമോക്ക് ഹോസ്പിറ്റലിലേക്ക് പോവുകയാണെന്നും കുറച്ച് സാവകാശം നൽകണമെന്നും ആ രക്ഷിതാവ് ലൈൻമാനോട് അഭ്യർത്ഥിക്കുന്നു. എന്നാൽ ഡ്യൂ ഡേയ്റ്റ് കഴിഞ്ഞാൽ ബില്ലടയ്ക്കാതെ മറ്റ് വഴിയില്ലെന്നും ഒരു മണിക്കൂറിനുള്ളിൽ ബില്ലടച്ചില്ലെങ്കിൽ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചുവരുമ്പോൾ വീട്ടിൽ കറന്റ് ഉണ്ടാവില്ലെന്നും ലൈൻമാൻ ആക്രോശിക്കുന്നു.

ഇതേ കേരളത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കേന്ദ്ര ഓഫീസുകളിൽ നിന്നുമൊക്കെയായി 4000 കോടിയിലധികം കിട്ടാക്കടമായി കിടക്കുന്നത്. 1086 കോടി രൂപയാണ് സ്വകാര്യ നിയന്ത്രണത്തിലുള്ള വൻകിട കമ്പനികൾ കൊടുക്കാനുള്ളത്. പൊതുമേഖലാസ്ഥാപനങ്ങൾ 1768 കോടിയുടെ കുടിശ്ശിക വരുത്തിയിട്ടുണ്ട്. 1300 കോടിയോളം വാട്ടർ അതോറിറ്റി മാത്രം കൊടുക്കാനുണ്ട്. ഇതിനുപുറമെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ കണക്കിൽ 141 കോടിയുടെ ബാധ്യതയുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വക 110 കോടിയും.

ഇത്രയും വലിയ തുക കിട്ടാനുണ്ടായിട്ടും അത് പിരിച്ചെടുക്കാതെ അഞ്ഞൂറും ആയിരവും അടക്കാൻ നിവൃത്തിയില്ലാത്ത സാധാരണക്കാർക്ക് മണിക്കൂറുകളുടെ സാവകാശം പോലും നിഷേധിക്കുകയാണ് എന്നു മാത്രമല്ല, അവരുടെ തലയിലാണ് ഈ കിട്ടാക്കടത്തിന്റെ ഭാരം കൂടി അടിച്ചേൽപ്പിക്കുന്നത്. ഹൈകോടതിയും റെഗുലേറ്ററി കമീഷനും സംസ്ഥാന- കേന്ദ്ര സർക്കാറും കോടികളുടെ കുടിശ്ശിക പിരിക്കാൻ അടിയന്തിര ഇടപെടൽ നടത്താനാവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി അതിന് വലിയ പരിഗണന നൽകുന്നില്ല. അതിനിടയിൽ ആസൂത്രണം ചെയ്തിരുന്ന വൺ ടൈം സെറ്റിൽമെന്റ് പദ്ധതി പാതിവഴിയിലാണ്.

നിലവിൽ വൈദ്യുതിയുടെ പ്രസരണ- വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്ന കേന്ദ്ര പദ്ധതിയായ റീവാംപ്ഡ് ഡിസ്ട്രിബൂഷൻ സെക്റ്റർ സ്കീമിന്റെ 10411 കോടിയുടെ കേന്ദ്ര സഹായം ലഭിക്കാൻ ആദ്യം ബോർഡിന് കിട്ടാനുള്ള കടങ്ങൾ പിരിക്കൂ എന്നതാണ് കേന്ദ്ര റെഗുലേറ്ററി ബോർഡിന്റെ അന്ത്യശാസന. എന്നാൽ അതും കെ.എസ്.ഇ.ബി മുഖവിലക്കെടുത്തിട്ടില്ല.

നാലായിരം കോടിക്ക് മുകളിലാണ് കെഎസ്ഇബിക്ക് വിവിധ വിഭാഗങ്ങളിൽ നിന്ന് കിട്ടാനുള്ള കിട്ടാകടം
നാലായിരം കോടിക്ക് മുകളിലാണ് കെഎസ്ഇബിക്ക് വിവിധ വിഭാഗങ്ങളിൽ നിന്ന് കിട്ടാനുള്ള കിട്ടാകടം

പുരപ്പുറത്ത് സോളാറും കെ ഫോണും

ഇലക്ട്രിസിറ്റി ബോർഡ് കൊട്ടിയാഘോഷിച്ചു കൊണ്ടുവന്ന പദ്ധതിയാണ് ‘പുരപ്പുറത്ത് സോളാർ പദ്ധതി’. പരമ്പരാഗത ഊർജസ്രോതസ്സുകൾക്കു പകരം വൈദ്യുതി ഉൽപാദിക്കാൻ പുതിയ സാധ്യതകൾ തേടുക എന്നതായിരുന്നു ലക്ഷ്യം. സർക്കാർ സഹായത്തോടെ വീടുകളിലെ ടെറസുകളിലും മറ്റും സോളാർ പാനൽ സ്ഥാപിച്ച് വീടുകളും സ്ഥാപനങ്ങളും അതിൽ നിന്ന് തങ്ങൾക്കാവശ്യമായ വൈദ്യുതി എടുക്കുന്നു. ലഭിക്കുന്നതിൽ കൂടുതൽ അളവിലാണ് ഉപയോഗമെങ്കിൽ ആ അധിക യൂണിറ്റുകൾക്ക് മാത്രം ജനങ്ങളിൽ നിന്ന് ചാർജ് ഈടാക്കുന്നു. എന്നാൽ ടെലിസ്കോപ്പി സ്കീമാക്കി ഇതിനെ മാറ്റിയതോടെ ഒരു മാസം 40 കോടിയുടെ അധിക ഭാരം കെ.എസ്.ഇ.ബിക്കുണ്ടായി. ഈ തീരുമാനം തെറ്റാണെന്ന് ബോർഡ് തന്നെ റെഗുലേറ്ററി ബോർഡിനെ പിന്നീട് അറിയിച്ചിരുന്നു.

സംസ്ഥാന സർക്കാർ കേരളത്തെ സമ്പൂർണ ഇന്റർനെറ്റ് സംസ്ഥാനമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തിലാണ് കെ. ഫോൺ പദ്ധതി വരുന്നത്. തുടർന്ന് കെ.എസ്.ഇ.ബി അതിന്റെ പകുതിയോളം ഓഹരികൾ വാങ്ങി നടത്തിപ്പവകാശം സ്വന്തമാക്കി. തുടർന്ന് അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റും പണികളാരംഭിച്ചു. എന്നാൽ ചുരുക്കം ചില സർക്കാർ സ്ഥാപനങ്ങളിനപ്പുറത്തേക്ക് പൊതുജനങ്ങൾക്കാർക്കും ഉപകാരം ലഭിച്ചില്ല. ഏറ്റവും കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ രണ്ട് പദ്ധതികളും വിചാരിച്ച പോലെ നടക്കാത്തതും കെ.എസ്.ഇ.ബിയെ സാമ്പത്തിക പ്രതിരോധത്തിലാക്കി.

പുരപ്പുറത്ത് സോളാറും കെ ഫോണും
പുരപ്പുറത്ത് സോളാറും കെ ഫോണും

കേരളത്തിന്റെ വൈദ്യുതി ഉപയോഗവും
കേരളം വാങ്ങുന്ന തുകയും

കേരളത്തിലെ ശരാശരി വൈദ്യുതി ഉപയോഗം 25,000 മുതൽ 30,000 വരെ മെഗാവാട്ട് വൈദ്യുതിയാണ്. അതിൽ 8000 മെഗാവട്ടോളം, അല്ലെങ്കിൽ ആവശ്യമായി വരുന്ന മൊത്തം വൈദ്യുതിയുടെ 30 ശതമാനം ഉൽപാദിപ്പിക്കുന്നത് ഇടുക്കിയിലെയും മറ്റും ഹൈഡ്രോ പ്രൊജക്റ്റുകളിൽ നിന്നാണ്. ജലത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഈ വൈദ്യുതിയുടെ ഉൽപാദന ചെലവ് യൂണിറ്റിന് 50 പൈസയിൽ താഴെയാണ്. എന്നാൽ ബാക്കി 70 ശതമാനം വൈദ്യുതി വരുന്നത് കേന്ദ്രവിഹിതമടക്കം പുറത്തുനിന്നാണ്. അതിന് വ്യത്യസ്ത കമ്പനികളെ ആശ്രയിക്കുന്നു. നിലവിൽ യൂണിറ്റിന് ആറ് രൂപ മുതൽ പത്ത് വരെയാണ് പുറത്തെ കമ്പനികൾ കെ.എസ്.ഇ.ബിയിൽ നിന്ന് ഈടാക്കുന്നത്.

ആ കരാർ റദ്ദാക്കിയത് ആർക്കുവേണ്ടി

2015- ൽ യു ഡി എഫ് ഗവൺമെന്റ് യൂണിറ്റിന് കുറഞ്ഞ വില നിരക്കിൽ 40 വർഷത്തേക്ക് മൂന്നു കമ്പനികൾക്ക് വൈദ്യുതി വിതരണ കരാർ നൽകിയിരുന്നു. 4.29 രൂപ, 4.15 രൂപ, 3.06 രൂപ എന്നീ തുകയിൽ, നിലവിൽ കെ.എസ്.ഇ.ബി വാങ്ങുന്ന നിരക്കിനേക്കാൾ പകുതി വിലയ്ക്കായിരുന്നു അന്ന് കമ്പനികൾ കരാർ പ്രകാരം വൈദ്യുതി എത്തിച്ചിരുന്നത്. എന്നാൽ കരാറിലെ സാങ്കേതിക പ്രശ്നവും സുതാര്യക്കുറവും പറഞ്ഞ് തുടർന്നുവന്ന ഇടതുപക്ഷ സർക്കാർ ആ കരാർ റദ്ദാക്കി. തുടർന്ന് അദാനി അടക്കമുള്ള കുത്തക കമ്പനികളിൽ നിന്ന് ആറ് രൂപ മുതൽ പത്ത് വരെ യൂണിറ്റിന് വലിയ വിലയിൽ വൈദ്യുതി വാങ്ങേണ്ടിവന്നു.

റെഗുലേറ്ററി ബോർഡ് സ്വയമെടുത്ത തീരുമാനം എന്നാണ് സർക്കാർ ഇതിനെ ന്യായീകരിച്ചത്. എന്നാൽ സർക്കാറിനെയും ബോർഡിനെയും വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞ ഈ തീരുമാനം പിൻവലിച്ച് പഴയ കരാറിലേക്ക് തന്നെ പോകാൻ തീരുമാനിച്ചെങ്കിലും നിയമപ്രശ്നങ്ങളുടെ പേരിൽ ഇതുവരെ അത് സാധ്യമായിട്ടില്ല. 2015- ലെ കുറഞ്ഞ നിരക്കിലുള്ള കരാർ പ്രകാരമായിരുന്നു പുറത്തുനിന്നുള്ള കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നെങ്കിൽ 2040- വരെ ആ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നേനെ.

വർദ്ധിച്ചുവരുന്ന വിലവിവരസൂചികയും കൽക്കരി വിപണിയിലെ മാറ്റങ്ങളും കേന്ദ്രനയങ്ങളും ഒരു പരിധി വരെ ബാധിക്കാത്ത രീതിയിൽ ജനങ്ങൾക്ക് വൈദ്യുതി നൽകാൻ സർക്കാറിന് കഴിയുമായിരുന്നു. പുതിയ കണക്ഷനുകളും പുതിയ ഉപഭോക്താക്കളും വരുമ്പോൾ സ്വാഭാവികമായും കൂടുതൽ അളവിൽ കൂടുതൽ തുകക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നു. അതിലുണ്ടാകുന്ന അധിക വർദ്ധന മൊത്തം ഉപഭോക്താക്കളെ ബാധിക്കുന്നു. സർക്കാറും ബോർഡും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് കുറഞ്ഞ നിരക്കിലുള്ള കരാർ റദ്ദാക്കി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ തുടങ്ങിയപ്പോഴും അതിന്റെ ബാധ്യത ചുമക്കേണ്ടവർ സാധാരണക്കാർ തന്നെയാണ്.

അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് അഥവാ ACD
അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് അഥവാ ACD

അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് എന്ന
അധിക ബാധ്യത

വർഷത്തിൽ ശരാശരി മാസ നിരക്ക് നോക്കി കെ.എസ്.ഇ.ബി മുൻകൂറായി ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന തുകയാണ് അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ്. രണ്ടു മാസം കൂടുമ്പോൾ വരുന്ന തുകയെക്കാൾ വലിയ വർദ്ധനവ് വർഷത്തിൽ ഒരു തവണ ബില്ലിൽ കാണുന്നതും ഞെട്ടുന്നതും അതു കൊണ്ടാണ്. കരുതൽ ശേഖരമായാണ് കെ.എസ്.ഇ.ബി ഇത് ഈടാക്കുന്നത്. കഴിഞ്ഞ തവണ ഏകദേശം 4100 കോടിയാണ് കെ.എസ്.ഇ.ബി ഇങ്ങനെ കളക്റ്റ് ചെയ്തത്. ഇതിൽ 588 കോടി ഗാർഹിക ഉപഭോക്താക്കളിൽ നിന്നാണ്. എന്നാൽ ഈ പണം ഒരിക്കലും തിരിച്ച് ഉപഭോക്താക്കൾക്ക് നൽകേണ്ടതില്ല എന്നതാണ് വസ്തുത. വൈദ്യുതി ഉപയോഗം വിച്ഛേദിക്കുമ്പോഴാണ് ഉപഭോക്താവിന് ആ അഡ്വാൻസ് തുക തിരിച്ചുകിട്ടുക. ഉപഭോക്താവ് എന്ന ലേബലിൽ നിന്ന് നിത്യജീവിതത്തിൽ ഉപയോക്താവ് എന്നതിലേക്ക് മാറിയ (അഥവാ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നിന്റെ ഉപഭോക്താവ്) പുതിയ സാഹചര്യത്തിൽ അതിന് യാതൊരു സാധ്യതയുമില്ല.

കേന്ദ്ര സർക്കാറിന്റെ താരിഫ് നയം തിരിച്ചടി

വൈദ്യുതി നിരക്കിനെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒന്നാണ് കേന്ദ്ര സർക്കാറിന്റെ പുതിയ താരിഫ് നയം. ഇതനുസരിച്ച് കേന്ദ്ര റെഗുലേറ്ററി കമീഷൻ ആ വർഷത്തെ രാജ്യത്തെ മൊത്തം ഉൽപാദനവും വിതരണവും അതിന്റെ വരവ്- ചെലവ് കണക്കുകൾ അടിസ്ഥാനമാക്കി നിശ്ചിത താരിഫ് നിർണയിക്കും. ഈ താരിഫ് സംസ്ഥാന റെഗുലേറ്ററി കമീഷനുകൾക്ക് ബാധകമാണ്. അതിനനുസരിച്ചാണ് റവന്യു കമ്മിയും മിച്ചവും കണക്കിലാക്കുന്നതും കടമെടുപ്പ് പോലുള്ള പ്രക്രിയകൾക്ക് അനുവാദം ലഭിക്കുന്നതും. അതുകൊണ്ടുതന്നെ തുടർച്ചയായ വർഷങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന താരിഫ് വർദ്ധനവ് വൈദ്യുതിയുടെ വില കൂടാൻ കാരണമാകുന്നു.

15-ാം നിയമസഭ സമ്മേളനത്തിൽ വൈദ്യുതി വർദ്ധനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നൽകിയ മറുപടി
15-ാം നിയമസഭ സമ്മേളനത്തിൽ വൈദ്യുതി വർദ്ധനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നൽകിയ മറുപടി

15-ാം കേരള നിയമസഭയിൽ ടി. വി. ഇബ്രാഹിം, പി. കെ. ബഷീർ, പി. അബ്ദുൽ ഹമീദ്, എൻ. ഷംസുദ്ദീൻ തുടങ്ങിയവരുടെ വൈദ്യുതി വർദ്ധനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി കെ. കൃഷ്ണൻ കുട്ടി നൽകിയ മറുപടി, കേന്ദ്ര താരിഫ് നയമാറ്റം ഉണ്ടാക്കിയ പ്രശ്നങ്ങൾ വിശദീകരിക്കുന്നുണ്ട്: ‘‘കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ വൈദ്യുതി ഭേദഗതി ചട്ടം 87 അനുസരിച്ച് വൈദ്യുതി ഉൽപാദനത്തിലെ വ്യതിയാനങ്ങൾ മൊത്തമായി ഉപഭോക്താവിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നു. ഓരോ വർഷവും അതിനനുസരിച്ച് കേന്ദ്രം കണക്കാക്കുന്ന താരിഫ് റേറ്റ് അടിസ്ഥാനമാക്കി ഓരോ സംസ്ഥാനവും നിരക്ക് മാറ്റം വരുത്തണമെന്നും ഈ ചട്ടം നിഷ്കർശിക്കുന്നുണ്ട്. ആദ്യമായി 2002- ലാണ് ഈ വിഭാഗത്തിൽ കേന്ദ്ര സർക്കാർ താരിഫ് കൊണ്ട് വരുന്നത്. പത്തുവർഷങ്ങൾക്കു ശേഷം 2012- ൽ 24 ശതമാനം വർദ്ധനവുണ്ടായി. 2014- ൽ 9.1 ശതമാനവും 2017- ൽ 6.7 ശതമാനവും 2019- ൽ 7.6 ശതമാനവും 2022- ൽ 6.7 ശതമാനവും വർധിപ്പിച്ചു. അതിന്റെ ഭാഗമായി സംസ്ഥാനത്തും വൈദ്യുതി വർധനവുണ്ടായി.’’
ഇനി എല്ലാവർഷവും വില കൂടുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞതും ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്.

 കേന്ദ്ര റെഗുലേറ്ററി കമീഷൻ വിവിധ വർഷങ്ങളിൽ നടത്തിയ താരിഫ് വർദ്ധനവുകൾ
 കേന്ദ്ര റെഗുലേറ്ററി കമീഷൻ വിവിധ വർഷങ്ങളിൽ നടത്തിയ താരിഫ് വർദ്ധനവുകൾ

സ്വകാര്യവൽക്കരണ ശ്രമങ്ങൾ

രാജ്യത്തെ മിക്ക പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യ മേഖലക്ക് തീറെഴുതുന്നതിനുപുറകേ രാജ്യത്തെ വൈദ്യുതി മേഖലയെയും സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് പരിഗണിക്കും. ബില്ല് പ്രകാരം സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും പൊതുജനങ്ങൾക്ക് നേരിട്ട് വൈദ്യുതി കൈമാറാൻ സാധിക്കും. നിലവിലെ സർക്കാറിന്റെ പ്രസരണ, വിതരണ സംവിധാനം കൂടി സ്വകാര്യ വ്യക്തികൾക്ക് തങ്ങളുടെ വിതരണങ്ങൾക്ക് ഉപയോഗിക്കാം എന്ന എക്സ്ട്രാ ബെനിഫിറ്റ് കൂടി കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നുണ്ട്. ലൈസൻസ് ഇളവുമുണ്ട്. അതിലൂടെ കുത്തകകൾ ഈ മേഖല കയ്യടക്കുകയും പൂഴ്ത്തിവെപ്പും ഫേയ്ക് ഡിമാൻഡ് സൃഷ്ടിക്കലും നടത്തി വൻകൊള്ള നടത്തുകയും ചെയ്യുകയും.

സ്വകാര്യവൽകരണത്തിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കും എന്ന് കേന്ദ്രം വാദിക്കുമ്പോൾ തന്നെ ഇതിനുമുമ്പ് സ്വകാര്യവൽക്കരിച്ച പെട്രോൾ വിലയിലും പാചക ഇന്ധന വിലയിലുമുണ്ടായ കുതിച്ചുചാട്ടം ഇതിന്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കിത്തരും. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്കനുസരിച്ച് ഈടാക്കേണ്ടതിന്റെ വിലയുടെ നാലോ അഞ്ചോ ഇരട്ടിയാണ് പെട്രോളിന് ഒരു ലിറ്ററിന് നമ്മൾ നല്കുന്നത്. പാചകവാതകത്തിന്റെ കാര്യവും ഇതാണ്. ആ രീതിയിലേക്കാവും രാജ്യത്തെ വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുമ്പോൾ കാര്യങ്ങൾ ചെന്നെത്തുക.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്കനുസരിച്ച് ഈടാക്കേണ്ടതിന്റെ വിലയുടെ നാലോ അഞ്ചോ ഇരട്ടിയാണ് പെട്രോളിന് ഒരു ലിറ്ററിന് നമ്മൾ നല്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്കനുസരിച്ച് ഈടാക്കേണ്ടതിന്റെ വിലയുടെ നാലോ അഞ്ചോ ഇരട്ടിയാണ് പെട്രോളിന് ഒരു ലിറ്ററിന് നമ്മൾ നല്കുന്നത്.

സ്വകാര്യ കമ്പനികളുടെ പൂഴ്ത്തിവെപ്പും കൊള്ളയും

രാജ്യത്ത് ഏറ്റവും കൂടുതൽ വെട്ടിപ്പും കൊള്ളയും നടക്കുന്ന മേഖലയാണ് ഊർജമേഖല. 4,29,000 മെഗാവാട്ട് ഉൽപാദന ശേഷിയാണ് രാജ്യത്തുള്ളത്. അതിൽ ഇത്രയും കാലത്തിനിടക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് വന്നത് 2,24,000 മെഗാവാട്ട് ആണ്. അഥവാ, രണ്ട് ലക്ഷത്തിലധികം അധിക മെഗാവാട്ട് ഉൽപാദന ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ഈ ഉൽപാദനത്തിന്റെ 60 ശതമാനത്തോളം സ്വകാര്യ കമ്പനികളാണ്. അതിൽ തന്നെ കൂടുതലും കൈവശം വെച്ചിരിക്കുന്നത് അദാനിയാണ്. ഇന്ത്യാനേഷ്യയിൽ നിന്നും മറ്റും വളരെ കുറഞ്ഞ വിലയിൽ വാങ്ങുന്ന കൽക്കരി എത്രയോ ഇരട്ടി വിലയിലാണ് സംസ്ഥാന സർക്കാറുകൾക്ക് അദാനി നൽകുന്നത്.

നിലവിലെ ഏറ്റവും വലിയ ഉൽപാദനച്ചെലവ് എടുത്താലും കൽക്കരിയിൽ നിന്നുള്ള വൈദ്യുതി മാറ്റത്തിന് യൂണിറ്റിന് വരുക രണ്ട് രൂപയ്ക്കടുത്താണ്. ഇതാണ് യൂണിറ്റിന് ആറ് രൂപ മുതൽ പത്ത് വരെയും അതിന് മുകളിലേക്കും ലക്ഷക്കണക്കിന് മെഗാവാൾട്ടായി വിൽക്കുന്നത്. ഇങ്ങനെ 2.50 രൂപ ചെലവിലുണ്ടാക്കുന്ന വൈദ്യുതി സ്വകാര്യ കമ്പനികൾ കേന്ദ്രത്തിന്റെ നാഷണൽ പവർ എക്സ്ച്ചെയ്ഞ്ചിൽ 18 രൂപയ്ക്ക് വരെ വിൽക്കുന്നുണ്ട്. അതിനിടയിൽ പൂഴ്ത്തിവെപ്പും അനാവശ്യ ഡിമാൻഡ് ക്രിയേഷനുകളും നടക്കുന്നു. പൂർണസ്വകാര്യവൽക്കരണം കൂടി നടന്നാൽ സാധാരണ ജനങ്ങൾക്ക് തങ്ങളുടെ ജീവിതത്തിൽ നിന്ന് വൈദ്യുതി മാറ്റിനിർത്തേണ്ട അവസ്ഥ വരെ വരാം.

ഇന്ത്യയിൽ വൈദ്യുതിയുടെ അറുപത് ശതമാനവും ഉൽപാദിപ്പിക്കുന്നത് പ്രൈവറ്റ് കമ്പനികളാണ്. അതിലെ ആദ്യ പത്ത് കമ്പനികളുടെ ഉൽപാദന വിവരങ്ങൾ
ഇന്ത്യയിൽ വൈദ്യുതിയുടെ അറുപത് ശതമാനവും ഉൽപാദിപ്പിക്കുന്നത് പ്രൈവറ്റ് കമ്പനികളാണ്. അതിലെ ആദ്യ പത്ത് കമ്പനികളുടെ ഉൽപാദന വിവരങ്ങൾ

ക്രോസ് സബ്സിഡിയെ ബാധിക്കുന്ന സ്വകാര്യവൽക്കരണം

കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ, മാരക അസുഖം ബാധിച്ചവർ, അശരണർ, സാധാരണ ജനങ്ങൾ തുടങ്ങിയവർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നത് ക്രോസ് സബ്സിഡിയിലൂടെയാണ്. ഇതുപ്രകാരം പർച്ചേസിങ്ങ് ശേഷി കൂടുതലുള്ള കമ്പനികൾക്കും ഉപഭോക്താക്കൾക്കും യൂണിറ്റിന് വലിയ നിരക്കിൽ വൈദ്യുതി നൽകുന്നു. അതിലൂടെ കിടുന്ന അധികലാഭം മുകളിൽ പറഞ്ഞ വിഭാഗക്കാർക്ക് സബ്സിഡി കൊടുക്കാൻ ഉപയോഗിക്കുന്നു. എന്നാൽ ആർക്കും നേരിട്ട് വൈദ്യുതി ഉൽപ്പാദനത്തിലും വിതരണത്തിലും നിക്ഷേപം നടത്താം എന്ന കേന്ദ്ര സർക്കാറിന്റെ പുതിയ പോളിസി വരുമ്പോൾ കുത്തക കമ്പനികൾ സംസ്ഥാന സർക്കാറുകൾ നൽകുന്ന വിലയേക്കാൾ കുറഞ്ഞ വിലക്ക് വലിയ കമ്പനികൾക്ക് വൈദ്യുതി നൽകും. സ്വാഭാവികമായും അത് അവർ വാങ്ങും. അപ്പോൾ അവർക്ക് ഉയർന്ന നിരക്കിൽ വൈദ്യുതി നൽകുമ്പോൾ മിച്ചം പിടിച്ചതിൽ നിന്നും പവപ്പെട്ടവർക്ക് കൊടുത്തിരുന്ന സബ്സിഡിക്കുള്ള സോഴ്സ് സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പുകൾക്ക് ഇല്ലാതെയാകും. സാധാരണ ജനങ്ങൾക്കുള്ള വൈദ്യുതിയുടെ വില കൂട്ടേണ്ടി വരും. അങ്ങനെ പൊതുമേഖലാ സിസ്റ്റം തകരുകയും കുത്തകകൾ പൂർണനിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും.

ഡോ.എം. ജി സുരേഷ് കുമാർ, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
ഡോ.എം. ജി സുരേഷ് കുമാർ, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്

സ്വകാര്യവൽക്കരണത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എം. ജി. സുരേഷ് കുമാർ പറയുന്നു: ‘‘കേന്ദ്ര സർക്കാറിന്റെ താരിഫ് നയവും സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങളും ഓരോ സംസ്ഥാനങ്ങളിലെയും വൈദ്യുതിയുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളെയും മറ്റും സാരമായി ബാധിക്കുന്നുണ്ട്. കുത്തക കമ്പനികൾ വൈദ്യുതി ഉൽപാദിപ്പിച്ച് പൂഴ്ത്തിവെച്ച് അനാവശ്യ ഡിമാൻഡുണ്ടാക്കി കൂടുതൽ നിരക്കിലാണ് വിൽക്കുന്നത്. അദാനി പോലെയുള്ള ഇത്തരം സ്വകാര്യ കമ്പനികളുടെ കൊള്ളലാഭം തടയാൻ കേന്ദ്രസർക്കാർ നടപടിയെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ക്രോസ് സബ്സിഡിയെ പോലും ഗുരുതരമായി ഇത് ബാധിക്കും. സ്വകാര്യവൽക്കാരണത്തിലൂടെ പൊതുമേഖല സംവിധാനത്തിലുള്ള വൈദ്യുതി വിതരണം തകർക്കപ്പെടുകയും വില പെട്രോൾ വില പോലെ താങ്ങാവുന്നതിനുമപ്പുറത്തേക്ക് കുതിക്കുകയും ചെയ്യും.’’

വിവിധ സംസ്ഥാനങ്ങളിലെ ക്രോസ്സ് സബ്സിഡി ചാർട്ട്
വിവിധ സംസ്ഥാനങ്ങളിലെ ക്രോസ്സ് സബ്സിഡി ചാർട്ട്

വിലക്കയറ്റം, വർധിക്കുന്ന ചെലവുകൾ

ഇതിനെല്ലാം പുറമെ ഒഴിച്ചുകൂടാനാവാത്ത ചെലവുകളും വൈദ്യുതി നിരക്ക് വർധനക്ക് കാരണമാകുന്നുണ്ട്. വിലവിവര സൂചികയിലെ വർദ്ധന ഇതിൽ പ്രധാനമാണ്. മുമ്പ് വൈദ്യുതി വില വർദ്ധനവുണ്ടായ 2022 ജൂണിനെ അപേക്ഷിച്ച് ഒന്നര വർഷം കഴിയുമ്പോൾ കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ 6 ശതമാനം വിലക്കയറ്റമുണ്ടായിട്ടുണ്ട്. അതിനുമുമ്പ് വർധിപ്പിച്ച 2019 ജൂലായിലെ കണക്ക് വെച്ച് 19 ശതമാനവും. ഇത് വൈദ്യുതി ഉൽപ്പാദന- വിതരണ മേഖലയിലും ചെലവ് വർധിപ്പിക്കുന്നു. അതിനുവേണ്ട തൊഴിലാളികളുടെ തോതും എംപ്ലോയ്മെന്റ് എക്സപൻഡീച്ചറും ഡിസ്ട്രിബൂഷൻ കോസ്റ്റും വർധിക്കുന്നു.

മലയാളികളുടെ
ഉപയോഗ പ്രകൃതി

മറ്റു സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്ത താമസസ്വഭാവമുള്ളവരാണ് മലയാളികൾ. വീടും അതിനോട് ചേർന്ന് ചുറ്റിക്കെട്ടിയ പറമ്പുമായാണ് മലയാളി ജീവിക്കുന്നത്. എന്നാൽ തമിഴ്നാട്, കർണാടക പോലെയുള്ള മിക്ക സംസ്ഥാനങ്ങളിലും പ്രത്യേക സ്ഥലത്ത് അടുത്തടുത്ത് വീടുകൾ വെച്ചാണ് താമസം. അതിന് കുറച്ചപ്പുറത്താവും അവരുടെ വിശാലമായ പറമ്പുകൾ. ഒരുപാട് വീടുകൾ ഒരുമിച്ചുള്ള പ്രദേശത്ത് കൂടുതൽ ട്രാൻസ്ഫോമറുകളുടെ ആവശ്യം വരില്ല. എന്നാൽ, വീടും പറമ്പുമായി ഇടവിട്ട് നിൽക്കുന്ന കേരളത്തിൽ വിതരണത്തിന് കൂടുതൽ ട്രാൻസ്ഫോമറുകൾ വേണ്ടിവരുന്നു. പ്രസരണനഷ്ടം കൂടുന്നു. കൂടുതൽ തൊഴിലാളികളെയടക്കം ആവശ്യമായി വരുന്നു. വിശാലമായ പാടശേഖരങ്ങൾക്കുപകരം തെങ്ങുകളും മറ്റ് മരങ്ങളുമുള്ള ഭൂരിഭാഗ ഭൂപ്രകൃതിയിൽ മെയിന്റൻസ് ചെലവ് കൂടുന്നു. ഹിമാചൽ പ്രദേശ് പോലെയുള്ള പ്രദേശങ്ങളിലും ഇത്തരം വെല്ലുവിളിയുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം ഉൾഗ്രാമങ്ങളിൽ വൈദ്യുതി ഇതു വരെ ലഭ്യമാക്കിയിട്ടില്ല. കേരളത്തിലാണെങ്കിൽ എല്ലായിടത്തും ഒരുപോലെ വൈദ്യുതി ലഭ്യമാണ്.

മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ചാർജ്

മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ചാർജ് എങ്ങനെയാണ് എന്ന് നോക്കാം.

തമിഴ്നാടിൽ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാണ്. ഗോവയിൽ 4.04 രൂപയും ഗുജറാത്തിൽ 5.20 രൂപയും കർണാടകയിൽ 7.65 രൂപയും യു.പിയിൽ 5.50 രൂപയുമാണ് യൂണിറ്റ് ചാർജ്. ദൽഹിയിൽ രണ്ട് രൂപക്കടുത്താണ് യൂണിറ്റ് ചാർജ്. എന്നാൽ കേരളത്തിൽ യൂണിറ്റ് ചാർജ് ശരാശരി എട്ട് രൂപക്ക് മുകളിലാണ്. കർണാടക, പഞ്ചാബ്, ദൽഹി സംസ്ഥാന സർക്കാറുകൾ വൻതോതിൽ വൈദ്യുതി ചാർജിന് മുകളിൽ സബ്സിഡി നല്കുന്നുണ്ട്. 10,000 കോടിയോളമാണ് ഇതിന് ഓരോ മാസവും അവർ മാറ്റിവെക്കുന്നത്. മെട്രോ പൊളിറ്റൻ സിറ്റി പോലെ അധിക വരുമാന സാധ്യതകളും അവർക്കുണ്ട്. താരതമ്യേന വ്യവസായ ശാലകളും ഐ.ടി പാർക്കുകളും കുറവായ കേരളത്തിന്റെ പൊതുവരുമാനം താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ വലിയ സബ്സിഡി നൽകാൻ കഴിയില്ല എന്ന വസ്തുതയുമുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ താരിഫ് അടിസ്ഥാനത്തിലുള്ള വൈദ്യുതി നിരക്ക്
വിവിധ സംസ്ഥാനങ്ങളിലെ താരിഫ് അടിസ്ഥാനത്തിലുള്ള വൈദ്യുതി നിരക്ക്

ഇലക്ട്രിക് വാഹന ഉടമകളെ ബാധിക്കുമോ?

പെട്രോൾ ഡീസൽ വിലവർധനവ് കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ മെയിന്റനൻസ് ചാർജും ഇത് തിരഞ്ഞെടുക്കാൻ കാരണമാകുന്നു. എന്നാൽ വൈദ്യുതി നിരക്കിലെ വർധനവ് ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരെയും ബാധിക്കുന്നു. നിലവിൽ കെ.എസ്.ഇ.ബിയുടെ ചാർജിങ് സ്റ്റേഷനുകളിൽ നിന്ന് നിറക്കുന്ന വൈദ്യുതിയുടെ ചാർജിൽ മാറ്റമില്ലെങ്കിൽ പോലും വീട്ടിലെ പ്ലഗുകളിൽ നിന്ന് ചാർജ് ചെയ്യുന്നവരെ സംബന്ധിച്ച് ബില്ലിൽ വലിയ മാറ്റമുണ്ടാകും. സ്വകാര്യ പവർ സ്റ്റേഷനുകളിലും വർദ്ധനവിന് സാധ്യതയുണ്ട്. രണ്ട് ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിലുള്ളത്. 1169 പവർ സ്റ്റേഷനുകൾ കെ.എസ്.ഇ.ബിക്ക് കീഴിലുണ്ട്. ഓരോ മാസവും ശരാശരി 1.34 കോടി രൂപ വരുമാനം ഈ ഇനത്തിലുണ്ട്.

വെള്ളക്കരവും കൂടുന്നു

വൈദ്യുതി ചാർജിന് പിന്നാലെ സംസ്ഥാനത്തെ വെള്ളക്കരവും കൂടുന്നു. ഏപ്രിൽ മുതൽ അഞ്ച് ശതമാനത്തിന്റെ നിരക്ക് വർധനവുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ശുപാർശ സംസ്ഥാന ജല കമീഷൻ സർക്കാറിന് സമർപ്പിച്ചു. വൈദ്യുതി ബില്ലിലെന്ന പോലെ കടമെടുപ്പ് പരിധി ഉയർത്താൻ എല്ലാ വർഷവും താരിഫ് ഉയർത്തണമെന്ന കേന്ദ്ര പോളിസി വാട്ടർ ചാർജിലുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് വാട്ടർ ചാർജ് വർധിച്ചിരുന്നത്. ലിറ്ററിന് ഒരു പൈസയാണ് കൂടിയതെങ്കിലും ബില്ലിൽ നിലവിലെ സംഖ്യയുടെ മൂന്നിരട്ടിയായാണ് അത് പ്രതിഫലിച്ചത്. അതായത് 250 രൂപ വന്നിരുന്ന ബില്ല് എകദേശം 750 രൂപയായി. അതുകൊണ്ടുതന്നെ അഞ്ച് ശതമാനം എന്ന ചെറിയ വർധനവിനെ വലിയ ആശങ്കയോടെയാണ് ജനങ്ങൾ കാണുന്നത്.

തൊഴിലാളിയായ മൻസൂർ പാലക്കൻ പറയുന്നു:

മൻസൂർ പാലക്കൻ, തൊഴിലാളി, പൂക്കോട്ടൂർ,
മൻസൂർ പാലക്കൻ, തൊഴിലാളി, പൂക്കോട്ടൂർ,

കൂലിപ്പണിക്കുപോയി അതാത് ദിവസത്തെ ഭക്ഷണത്തിന് വക കണ്ടെത്തുന്നവരാണ് ഞങ്ങൾ. പച്ചക്കറിക്കും ഭക്ഷണ സാധനങ്ങൾക്കും പൊള്ളുന്ന വിലയാണ്. അതോടൊപ്പം കുട്ടികളുടെ പഠനചെലവ്, ആശുപത്രി ചെലവുകൾ, വരു​മാനത്തിൽനിന്ന് എന്തെങ്കിലും മാറ്റിവെച്ചിട്ട് കാലങ്ങളായി. മാസമടുക്കുമ്പോൾ കറന്റ് ബില്ല് വരുന്ന ആധിയാണിപ്പോൾ. കയ്യിൽ കിട്ടുമ്പോൾ മാത്രം പറയാൻ പറ്റുന്ന തോന്നുന്ന തുകയാണ് പലപ്പോഴും വേണ്ടിവരിക.’’

കേരള വാട്ടർ അതോറിറ്റി താരിഫ് മാറ്റങ്ങൾ വിവിധ കാലയളവിൽ
കേരള വാട്ടർ അതോറിറ്റി താരിഫ് മാറ്റങ്ങൾ വിവിധ കാലയളവിൽ

എന്താണ് വഴി?

കേന്ദ്രസർക്കാറിന്റെ പോളിസി മാറ്റങ്ങളോ സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയോ, കാരണമെന്തായാലും നിരക്ക് വർധനവ് വലയ്ക്കുന്നത് സാധാരണ ജനങ്ങളെയാണ്. ബോർഡിന്റെയും സർക്കാറിന്റെയും പിഴവുകൾ, കുത്തക കമ്പനികളുടെ താൽപര്യങ്ങൾ എന്നിവയുടെഭാരം ഏറ്റെടുക്കേണ്ട ബാധ്യതയും ജനങ്ങൾക്കാണ്. വിലക്കയറ്റത്താൽ പൊറുതിമുട്ടി, ഉപജീവനമാർഗമില്ലാതായ, തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കേണ്ടത് അനിവാര്യമാണ്.

പരമാവധി ജലം സമാഹരിച്ച് ഹൈഡ്രോ പ്രൊജക്റ്റുകളെ വിപുലപ്പെടുത്തുക, അതിലെ ജല നഷ്ടം തടയുക, പരമ്പരാഗത ഉൽപ്പാദന മാർഗങ്ങൾക്കൊപ്പം നൂതന മാർഗങ്ങളും സോഴ്സുകളും ഉപയോഗിക്കുക, സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും പരമാവധി വൈദ്യുതി നിർമിച്ച് പുറത്തുനിന്ന് കൂടിയ വിലക്കു വാങ്ങുന്ന 70 ശതമാനത്തിന്റെ വിഹിത തോത് കുറയ്ക്കുക എന്നിവ ദീർഘകാലപരിഹാരങ്ങളായി പരിഗണിക്കാം. കേരളത്തിന്റെ അത്ര തന്നെ ഹൈഡ്രോ പ്രൊജക്റ്റുകൾ ഇല്ലാത്ത പല സംസ്ഥാനങ്ങളും ആവശ്യമായതിന്റെ ഭൂരിഭാഗം വൈദ്യുതിയും സംസ്ഥാനത്തിനകത്തുതന്നെ വിവിധ മാർഗങ്ങളിലൂടെ കണ്ടെത്തുന്നത് കേരളത്തിനും മാതൃകയാക്കാം.

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കിട്ടാനുള്ള 4000 കോടി രൂപയുടെ കുടിശ്ശിക വീണ്ടെടുക്കാൻ അടിയന്തര നടപടി വേണം. ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, ശമ്പളപരിഷ്കരണമടക്കമുള്ള വിഷയങ്ങളിൽ ആവശ്യമായ തിരുത്തൽ നടത്തുക, സ്വകാര്യവൽക്കരണത്തിനെതിരെയും കുത്തകക്കാരുടെ കൊള്ളക്കെതിരെയും രാഷ്ട്രീയ പ്രതിരോധം സാധ്യമാക്കുക, പരമാവധി പ്രസരണ- വിതരണ നഷ്ടം ഒഴിവാക്കുക, സർക്കാർ ചെലവ് ക്രമീകരിച്ച് മിനിമം എക്സ്പെൻഡീച്ചർ പാറ്റേണിലെത്തുക, കെ.എസ്.ഇ.ബി തുടങ്ങിവെച്ച

കേരള ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, ആസ്ഥാനം
കേരള ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, ആസ്ഥാനം

ലാഭകരമല്ലാത്ത പദ്ധതികൾ നിർത്തലാക്കുകയോ പുനർ പദ്ധതികൾ നടപ്പിലാക്കുകയോ ചെയ്യുക, വൈദ്യുതി വാങ്ങാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള കരാറുകൾ ഉപയോഗിക്കുക, സ്ലാബുകൾ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിരക്കുകളെ കുറിച്ചുള്ള അവബോധവും മിനിമം വൈദ്യുതി ഉപഭോഗത്തിന് വേണ്ട മാർഗനിർദേശങ്ങളും ജനങ്ങളിൽ പ്രചരിപ്പിക്കുക, മെയിന്റനൻസ്, വൈദ്യുതി മുടക്കം തുടങ്ങിയ വിഷയങ്ങളിൽ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക, അതിന് അധിക ചാർജ് ഈടാക്കാതിരിക്കുക തുടങ്ങിയ മാർഗങ്ങളും ​വൈദ്യുതിമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ വൈദ്യുതി മേഖലക്ക് ജനകീയമായ ഒരു പുനഃസംഘാടനം അനിവാര്യമായിരിക്കുകയാണ്.

Comments