2008-ൽ നടത്തിയതുപോലെ ഏലൂരിൽ ആരോഗ്യ സർവ്വേ നടത്തി മലിനീകരണത്തിന്റെ ഇരകൾക്കായി പരിഹാര പദ്ധതികൾക്ക് സർക്കാർ എന്തുകൊണ്ട് സ്വമേധയാ മുന്നോട്ടുവരുന്നില്ല എന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കുള്ളിൽ ആരോഗ്യസർവ്വേ നടത്തുന്നതിനെ സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് ഇടക്കാല ഉത്തരവ്. പെരിയാറിന്റെ തീരത്തെ മുഴുവൻ വ്യവസായശാലകളിലും ഹൈക്കോടതി നിയോഗിച്ച കമ്മിറ്റിയുടെ പരിശോധന തുടരാനും പെരിയാർ തീരത്തെ മുഴുവൻ വ്യവസായ സ്ഥാപനങ്ങളുടെയും പട്ടിക നൽകാനും മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശവും നൽകി.
പെരിയാറിൽ പാതാളം ബണ്ടിന്റെ മുകൾ ഭാഗത്താണ് മലിനീകരണമുണ്ടാക്കുന്ന കമ്പനികൾ ഏറെയുമെന്ന് ഹർജിക്കാർ പറഞ്ഞു. ഈ മേഖലയിലും പരിശോധന നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.
പെരിയാർ മലിനീകരം പഠിക്കാൻ കോടതി അമികസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാരടങ്ങിയ വിദഗ്ധ സമിതിയും മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പെരിയാർ തീരത്തെ വ്യവസായ സ്ഥാപനങ്ങൾ രാസമാലിന്യമൊഴുക്ക് തുടരുകയാണ്.
2024 മെയ് 20നാണ്, പെരിയാറിലേക്ക് എടയാർ വ്യവസായ മേഖലയിലെ ചില കമ്പനികൾ രാസവിഷമൊഴുക്കിയതിനെതുടർന്ന്, കോടികളുടെ രൂപ വിലയുള്ള മീനുകൾ ചത്തുപൊന്തിയത്. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് മുതൽ ബോൾഗാട്ടി വരെ 20 കിലോമീറ്റർ നീളത്തിലുള്ള ഭാഗത്തെ മീനുകളാണ് ചത്തു പൊങ്ങിയത്. 200 ഓളം കൂടു മത്സ്യ കർഷകരുടെ കോടികൾ വിലമതിക്കുന്ന സംരംഭങ്ങളും പൂർണമായും നശിച്ചു.