ഇ.എം.എസ്., കെ. ദാമോദരന്‍

ഇ.എം.എസിന്റെ ലോകം
ദാമോദരന്റെ ഭൂതം

കെ. ദാമോദരനും ഇ.എം.എസും നടന്നു തീർത്ത വഴികൾ മറ്റൊരു കാലത്തിന്റെതായിരുന്നു. ചരിത്രം ആവർത്തിക്കുന്നത് ഒരു അപഹാസ്യ അനുകരണമായാണെന്ന് മാർക്സിന്റെ തലവാചകം പോലെയായി കാര്യങ്ങൾ. മാർക്സിസത്തിന്റെ ക്ലാസിക്കൽ വിശകലങ്ങൾ കൊണ്ട് പുതുതായി ഒന്നും പറഞ്ഞുവെയ്ക്കാൻ കഴിയാത്ത കാലത്ത്, മാർക്സിസിസ്റ്റ് പാഠശാലയും ഒരു കടവല്ലൂർ അന്യോന്യമായിത്തീരുന്നു.

ഖയാല്‍ കെസ്സ് കിസ്സ

മ്യൂണിസം പിറന്ന കാലത്തുതന്നെ മലപ്പുറം രണ്ട് കമ്യൂണിസ്റ്റുകാരെ ഇന്ത്യയ്ക്കു സംഭാവന നൽകി. കെ. ദാമോദരനും ഇ.എം.എസ്. നമ്പൂതിരിപ്പാടും. 1937-ൽ കോഴിക്കോട് കല്ലായിൽ കൂടിയ കമ്യൂണിസ്റ്റ് രഹസ്യ ഫ്രാക്ഷനിൽ തന്നെ ഇരുവരും പങ്കെടുത്തു. പി. കൃഷ്ണപിള്ളയും എൻ.സി. ശേഖറും കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഘാട്ടെയും കൂടെ.

പാർട്ടി ചാർജായി ഇ.എം.എസിന് ലഭിച്ചത് കമ്യൂണിസ്റ്റ് കർഷക ഫർക്കകളുടെ സംഘാടനം. ജൻമസ്ഥലമായ ഏലംകുളം ഇല്ലത്തിനടുത്തുള്ള പുലാമന്തോളിൽ തുടക്കം. ഐതിഹ്യമാലയിൽ ഒരു ബുദ്ധിസ്റ്റ് പ്രദേശമായി പറയപ്പെടുന്ന പുലാമന്തോൾ. തന്റെ ബ്രാഹ്മണ്യകോയ്മയുടെ പൂണൂൽ പൊട്ടിച്ചിറങ്ങിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്, ബുദ്ധനെ പോലെ കൊട്ടാരം വിട്ട് സംഘത്തിൽ ശരണം തേടേണ്ടിവന്നു.

എൻ.സി. ശേഖര്‍, പി. കൃഷ്ണപിള്ള, എസ്.വി. ഘാട്ടെ
എൻ.സി. ശേഖര്‍, പി. കൃഷ്ണപിള്ള, എസ്.വി. ഘാട്ടെ

ബാലാരിഷ്ടത മരണത്തിൽ വരെയെത്താം എന്ന ജാതകദോഷത്തിന് പ്രതിവിധിയായി, ജ്യോൽസ്യന്റെ കുറിപ്പ്. പന്ത്രണ്ടു വർഷം പ്രഭാത- പ്രദോഷങ്ങളിൽ അടുത്തുള്ള ശിവക്ഷേത്രത്തിൽ തൊഴൽ. ഇല്ലംഭൂമി വിട്ടു കടക്കാതിരിക്കൽ. നിർദ്ദേശങ്ങളിൽ ലംഘനം നടത്തിയാൽ ഭിക്ഷാടനം ഗതി. എന്നാൽ ടിയാൻ അതിർത്തി കടന്നു. അമ്മയെ അറിയിക്കാതെ ഷൊർണ്ണൂരിൽ യോഗത്തിൽ പങ്കെടുക്കാൻ പോയി. തുടർന്നു ഭിക്ഷയെടുക്കേണ്ടിയും വന്നു, കമ്യൂണിസ്റ്റ് പാട്ടപ്പിരിവിലും പാർട്ടി ലെവിയിലും ജീവിതം കണ്ടെത്തി.


മറ്റൊരില്ലം വിട്ടും ഒരാളിറങ്ങി, കെ. ദാമോദരൻ. സ്വാതന്ത്യപോരാട്ടത്തിൽ ജയിലിലായി. ബനാറസ്സിൽ പഠിക്കാൻ പോയി കമ്യൂണിസ്റ്റായി മടങ്ങി.  പൊന്നാനിക്കാരൻ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ. കമ്യൂണിസ്​റ്റ്​ ഫ്രാക്ഷൻ പ്രവർത്തന മണ്ഡലം നിശ്ചയിച്ചിരുന്നത്, പൊന്നാനിയിലെ ബീഡിത്തൊഴിൽ മേഖലയിലായിരുന്നു. കാഫിറായ ദാമോദരനുവേണ്ടി മൗലവിമാർ വേദം ചൊല്ലി. ഇൻക്വിലാബ് സിന്ദാബാദിനൊപ്പം അള്ളാഹു അക്ബർ എന്നും തൊഴിലാളികൾ ദാമോദരനൊടോത്ത് വിളിച്ചു. ബീഡി മുതലാളിമാരേക്കാൾ നല്ല മുസ്​ലിമാണ് ദാമോദരനെന്ന് മായൻ മൗലവി ഫത്​വയിറക്കി. ഖുർആൻ ഉദ്ധരിച്ചും മൗലവി ദാമോദരനുവേണ്ടി വാദിച്ചു. പാട്ടബാക്കി എഴുതി. സമരസാഹിത്യത്തിന് ഒരനശ്വര കൃതി.

ഇന്ത്യയുടെ ആത്മാവ്​, ഭാരതീയ തത്വചിന്ത- പുരാവസ്തുശാസ്ത്രവും നരവംശശാസ്ത്രവും നാണയശാസ്ത്രവും ഉപയോഗിച്ചുള്ള കേരള ചരിത്ര രചന. ധനതത്വശാസ്ത്ര കൃതികൾ, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ്‌ ദർശനം. ഇന്ത്യൻ മാർക്സിസത്തിന്റെ  പ്രാതഃസ്മരണീയ സംഭാവനകൾ. എം.എൻ. റോയിക്കു ശേഷം കമ്യൂണിസത്തിന്റെ ആദ്യ പഥികരിൽ കെ. ദാമോദരനും തന്റെ വേറിട്ട ജീവിതം കൊണ്ട് സമാന്തരം തീർത്തു. ദാർശനികമായ അകൽച്ചയോടെ സ്വന്തം ജീവിതയാത്രയെ നോക്കിക്കണ്ടതിന്റെ നിദർശനമായിരുന്നു, ന്യൂ ലെഫ്റ്റ് റിവ്യൂവിൽ താരിഖ് അലിയ്ക്കു നൽകിയ പ്രസിദ്ധ അഭിമുഖം- ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ ഓർമക്കുറിപ്പുകൾ.

എം.എന്‍. റോയ്
എം.എന്‍. റോയ്

കെ. ദാമോദരനെപ്പോലെ നിരവധി പേർ മൗനത്തിലേക്കും പഠനത്തിലേക്കും ദർശനികാന്വേഷണത്തിലേക്കും നീങ്ങി മുഖ്യ ധാരയിൽ നിന്ന് അപ്രത്യക്ഷമായി. ആ നീക്കം പിന്നെ ‘വലതു വ്യതിയാനമായി’. ഇ.എം.എസിന്റ ഇടതുപക്ഷവും ജനാധിപത്യവും ബാക്കിയായി. മുന്നണി രാഷ്ട്രീയം മുൻകൂറുകളെ മറന്നു. ഭാഷ ദൈനംദിനതയിൽ മുങ്ങിമരിച്ചു. കാലം കാലിക പ്രധാനം മാത്രമായി.

കെ. ദാമോദരന്റെ ചരിത്രബോധവും ദാർശനികതയും പിന്നീടും തുടർന്നു. കവികൾ, സാംസ്കാരിക ചിന്തകർ, അക്കാദമീഷ്യന്മാർ, ചരിത്രകാരന്മാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ എം.എൻ. റോയിയുടേയും കെ. ദാമോദരന്റെയും മാർക്സിയൻ ധൈഷണികയ്ക്ക് പിൻപാട്ടു പാടി. എം. ഗോവിന്ദൻ, ടി. കെ. രാമചന്ദ്രൻ, സച്ചിദാനന്ദൻ, രവീന്ദ്രൻ, എ. സോമൻ, ബി. രാജീവൻ, കെ. വേണു, ഒ. വി. വിജയൻ, ആനന്ദ് തുടങ്ങി മലയാളത്തിന്റെ രാഷ്ട്രീയ കാവ്യ പ്രതിപക്ഷം. ഇ.എം.എസും ഇതര ബുദ്ധിജീവികളും എന്ന നിലയിൽ മലയാളം ഏറെ നാൾ സംവാദമുഖരിതമായി.

ടി.കെയുടെ ഗ്രൂപ്പും ഇ.എം.എസും;
കെ. വേണുവും ഇ.എം.എസും;
കേസരിയും ഇ.എം.എസും;
യു. കലാനാഥനും ഇ.എം.എസും.

ടി.കെ. രാമചന്ദ്രന്‍, കെ. വേണു, കേസരി ബാലകൃഷ്ണപിള്ള, യു. കലാനാഥന്‍
ടി.കെ. രാമചന്ദ്രന്‍, കെ. വേണു, കേസരി ബാലകൃഷ്ണപിള്ള, യു. കലാനാഥന്‍

കമ്യൂണിസ്റ്റ് പാർട്ടിയുടെ ആധികാരികതയിൽ പുലർന്ന ധൈഷണിക ഏകാധിപത്യം. എതിരാളികളെ വലിപ്പച്ചെറുപ്പമില്ലാതെ പരിഗണിച്ചു. യുക്തിയുടെ വെളിച്ചം വീശിയ ധിഷണ കൊണ്ട് എതിർവാദങ്ങളെ താത്ക്കാലികാടിസ്ഥാനത്തിലെങ്കിലും പ്രതിരോധിച്ചു.
എങ്കിലും ഇന്ത്യൻ കമ്യൂണിസത്തിന് എണ്ണപ്പെട്ട ഒരു ദാർശനികഗ്രന്ഥമോ ചരിത്രകൃതിയോ ഉണ്ടായില്ല. ഒരു ഇന്ത്യൻ സൈദ്ധാന്തികനോ ലോകത്തിനു മുമ്പിൽ ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവോ പ്രഭാവം കൊണ്ടില്ല.അവർ ഭാഷാസംസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. രാജ്യം ഹിന്ദുത്വ കൊണ്ടുപോയി. അപ്പോഴും പ്രതിരോധത്തിന്റെ കേരള പാഠങ്ങൾ പറഞ്ഞു നുണഞ്ഞു. ഓരോരുത്തരും ഓരോ വഴിയിൽ പിരിഞ്ഞു. പിൻവാങ്ങി. സംന്യാസ ജീവിതം നയിച്ചു. മൗനത്തിലാണ്ടു. കൊച്ചു തെറ്റുകൾക്ക് കൊടിയ ശിക്ഷ ഏറ്റുവാങ്ങി. നിഷ്ക്രമിച്ചു. നിശ്ചേഷ്ഠരായി. ബാക്കിയായത് കൂട്ടായ നേതൃത്വം. ഇന്ത്യൻ മാതൃക. മാർക്സിസത്തിന്റെ ജനാധിപത്യ മുഖം. (ഇ.എം.എസിന്റെ തന്നെ വാക്കുകളാണ്...)

സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം അവസാനത്തെ ആഘാതമായി. തുടർന്ന് മാർക്സിസത്തിന്റെ അക്കാദമിക് സാധ്യതകൾ ആരായാനാണ് ഇ.എം.എസ് കേരള പഠനകോൺഗ്രസ്​ സംഘടിപ്പിച്ചത്. ധൈഷണി രംഗത്തെ തന്റെ അവസാന ഇടപെടൽ. വലിയ ഒരു നിര യുവാക്കൾ രംഗത്ത് വന്നു. രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും സാംസ്കാരിക വിഷയങ്ങളും പുതിയ നിലയിൽ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തു. തോമസ് ഐസക്കും പിണറായി വിജയനും എം.എ. ബേബിയും അടങ്ങുന്ന പുതിയ നിര നേതൃത്വം. പുതിയ സിദ്ധാന്തീകരണങ്ങൾ. പുതിയ അടവുനയങ്ങൾ. പ്രയോഗമതിത്വങ്ങൾ. കമ്യൂണിസം കണ്ടാലറിയാത്ത വിധം മാറി. തമ്മിൽ കണ്ടാൽ പൂർവജന്മത്തിൽ പോലും കണ്ടിട്ടില്ലെന്ന ഭാവം. യുക്തിയുടെ യുഗം.

ഡോ. ടി.എം. തോമസ് ഐസക്, പിണറായി വിജയന്‍, എം.എ. ബേബി
ഡോ. ടി.എം. തോമസ് ഐസക്, പിണറായി വിജയന്‍, എം.എ. ബേബി

ഇ.എം.എസിന്റെ വിയോഗം ബാക്കിയാക്കിയ മണ്ണിൽ വർഷാവർഷം മലപ്പുറത്ത് നടത്തിപ്പോരുന്ന ‘ഇ.എം.എസിന്റെ ലോകം’ സെമിനാർ കേരളത്തിന്റെ ധൈഷണികമേഖലയിൽ ഇടം പിടിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഫാഷിസം മുതൽ കേരളത്തിന്റെ ഡച്ച്‌ ദീനം വരെ, മലബാർ കലാപങ്ങൾ മുതൽ ജില്ലാ രൂപീകരണം വരെ. വൈവിധ്യമാർന്ന വിഷയങ്ങൾ. വിവിധ തുറകളിലുള്ള ധിഷണാശാലികൾ, ബുദ്ധിജീവികൾ, ചരിത്രകാരന്മാർ, മാധ്യമപ്രവർത്തകർ, സാമ്പത്തിക വിദഗ്ധർ, അക്കാദമീഷ്യന്മാർ- ‘ഇഎംസിന്റെ ലോകങ്ങൾ’- പല നിലയിൽ ഇടമുറിയാതെ തുടർന്നു. ഈ ധൈഷണിക ചർച്ചകൾക്ക് ഒരാൾക്കൂട്ടം നിരന്തരം സാക്ഷിയായിപ്പോന്നു.

എന്നാൽ, കെ. ദാമോദരനും ഇ.എം.എസും നടന്നു തീർത്ത വഴികൾ മറ്റൊരു കാലത്തിന്റെതായിരുന്നു. ചരിത്രം ആവർത്തിക്കുന്നത് ഒരു അപഹാസ്യ അനുകരണമായാണെന്ന് മാർക്സിന്റെ തലവാചകം പോലെയായി കാര്യങ്ങൾ. മാർക്സിസത്തിന്റെ ക്ലാസിക്കൽ വിശകലങ്ങൾ കൊണ്ട് പുതുതായി ഒന്നും പറഞ്ഞുവെയ്ക്കാൻ കഴിയാത്ത കാലത്ത്, മാർക്സിസിസ്റ്റ് പാഠശാലയും ഒരു കടവല്ലൂർ അന്യോന്യമായിത്തീരുന്നു. മാർക്സിയൻ ധൈഷണികത ഒരു മലപ്പുറം പ്രതിഭാസമായി ഒടുങ്ങുകയായിരിക്കുമോ? ഭാഷയുടെയും കവിതയുടെയും ചരിത്രരചനയുടെയും ആദ്യ കാലങ്ങൾ നൽകിയ മലപ്പുറം, മാർക്സിസത്തിനും അതിന്റെ ക്ലാസിക്കൽ ചരമക്കുറിപ്പ് എഴുതുകയാണോ?

Comments