ഇരുമുന്നണികൾക്കും ചങ്കിടിപ്പാണ് എറണാകുളം ഇത്തവണ. കോൺഗ്രസ് കോട്ടയാണ്, എങ്കിലും കാലുവാരും. ആര് സ്ഥാനാർഥിയായാലും കാലുവാരലുണ്ടാകുമെന്ന് കോൺഗ്രസുകാർ തന്നെ പരസ്യം പറയുന്ന മണ്ഡലം.
2019ലെ ഉപതെരഞ്ഞെടുപ്പിൽ, കോൺഗ്രസിലെ ടി.ജെ. വിനോദും സി.പി.എം സ്ഥാനാർഥി ഹൈക്കോടതി അഭിഭാഷകനായ മനു റോയിയും തമ്മിലായിരുന്നു മത്സരം. മനു റോയ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്- 3750 വോട്ടായിരുന്നു വിനോദിന്റെ ഭൂരിപക്ഷം. മനുവിന്റെ അപരനായ മനു കെ.എമ്മിന് 2572 വോട്ടും കിട്ടി.
2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഹൈബി ഈഡന് 21,949 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. 2011ൽ ഹൈബിയുടെ ഭൂരിപക്ഷം 32,487 വോട്ടായിരുന്നു. മാത്രമല്ല, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൈബി എറണാകുളം മണ്ഡലത്തിൽനിന്ന് 31,178 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഈ കണക്കുകൾ നോക്കിയാൽ വിനോദ് കഷ്ടിച്ച് കടന്നുകൂടിയതാണെന്നു പറയേണ്ടിവരും.
കോൺഗ്രസിലെ സിറ്റിങ് എം.എൽ.എ ടി.ജെ. വിനോദ് തന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥി. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെയൊക്കെ വെളിച്ചത്തിൽ എൽ.ഡി.എഫിന് അൽപം ജയപ്രതീക്ഷയുള്ളതുകൊണ്ട് പിടിവാശിക്കും ബലംപിടുത്തത്തിനും നിന്നില്ല. ‘ഏവർക്കും' സ്വീകാര്യനായ ഒരു സ്വതന്ത്രനെത്തന്നെ തീരുമാനിച്ചു; ലത്തീൻ സമുദായ നേതാവായ ഷാജി ജോർജ്. കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ വൈസ് പ്രസിഡന്റാണ് ഷാജി.
മനു റോയിയെ തന്നെ മത്സരിപ്പിക്കാനായിരുന്നു പ്രാദേശിക ഘടകങ്ങളുടെ താൽപര്യം. എന്നാൽ, ലത്തീൻ സഭ നിർദേശിച്ചത് ഷാജിയുടെ പേരായിപ്പോയി. എന്തുചെയ്യും? സ്ഥാനാർഥി തീരുമാനത്തിനുമുമ്പ് സഭ ഇങ്ങനെയൊരു പ്രസ്താവനയും ഇറക്കിയിരുന്നു: ‘‘നേതൃത്വത്തിൽ സമുദായാംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ നിഷേധിക്കുകയാണ്. ലത്തീൻ സമുദായത്തെ വോട്ടുബാങ്കായി കണ്ടിരുന്ന പാർട്ടികൾ പോലും നിസ്സംഗത പുലർത്തുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ ശ്രദ്ധയോടെ സമീപിക്കും.'' മുഖ്യമന്ത്രി പിണറായി വിജയന് ബിഷപ്പ് സൂസൈ പാക്യം കത്തും നൽകിയെന്ന വാർത്തയും ഇതോടൊപ്പം വന്നു. ഇങ്ങനെ ‘എല്ലാ വശങ്ങളും' പരിഗണിച്ചാണ് ഷാജിയെ തീരുമാനിച്ചത്. കുറ്റം പറയരുതല്ലോ; വിനോദും ഇതേ സഭക്കാരൻ തന്നെയാണ്.
2016ൽ ജയിച്ച ഹൈബി ഈഡൻ സി.പി.എമ്മിലെ എം. അനിൽകുമാറിനെയാണ് തോൽപ്പിച്ചത്. 2019ലെ ലോക്‌സഭ ഇലക്ഷനിൽ മത്സരിക്കാൻ ഹൈബി എം.എൽ.എ സ്ഥാനം രാജിവെക്കുകയായിരുന്നു.
1957 മുതൽ 82 വരെ നടന്ന ഏഴു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസാണ് ജയിച്ചത്. 1957ൽ ജയിച്ചത് എ.എൽ. ജേക്കബ്. 1967 ൽ അലക്സാണ്ടർ പറമ്പിത്തറയിലൂടെ വീണ്ടും കോൺഗ്രസ്. 1970, 77, 80, 82 വർഷങ്ങളിൽ എ.എൽ. ജേക്കബ് തന്നെ. 1987 ൽ എൽ.ഡി.എഫിനുവേണ്ടി പ്രൊഫ. എം. കെ. സാനു ആദ്യമായി എറണാകുളം പിടിച്ചു. 1991ൽ ജോർജ് ഈഡനിലൂടെ കോൺഗ്രസ് തിരിച്ചു പിടിച്ചു. 1996 ലും ഈഡൻ തന്നെ. 1998 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുവേണ്ടി സെബാസ്റ്റ്യൻ പോളിന് ജയം. 2001 ൽ കെ.വി. തോമസിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു.
2006 ൽ വീണ്ടും കെ.വി. തോമസ്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.വി. തോമസ് എം.പിയായതോടെ അതേവർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡൊമിനിക് പ്രസന്റേഷന് ജയം. 2011 ൽ ജോർജ് ഈഡന്റെ മകനും കെ.എസ്. യു നേതാവുമായിരുന്ന ഹൈബി ഈഡന് ജയം. 2016ലും ഹൈബിയിലൂടെ കോൺഗ്രസ് വിജയിച്ചു. 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കെ.വി. തോമസിനെ മാറ്റി ഹൈബി ഈഡനെ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചപ്പോൾ ജയം കോൺഗ്രസിനായിരുന്നു. 2019 ലെ ഉപതിരഞ്ഞടുപ്പിൽ ടി.ജെ. വിനോദ് കോൺഗ്രസിനുവേണ്ടി മണ്ഡലം നിലനിർത്തി.