എറണാകുളം യു.ഡി.എഫിന് വലിയ വെല്ലുവിളി ഉയർത്താത്ത ലോക്‌സഭാ മണ്ഡലമാണ്. ഇതുവരെ നടന്ന 17 തെരഞ്ഞെടുപ്പുകളിൽ 13 തവണയും വിജയം ആവർത്തിച്ചതിന്റെ ആത്മവിശ്വാസം ഇത്തവണയും കോൺഗ്രസിനുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പേ സിറ്റിങ് എം.പി ഹൈബി ഈഡൻ കാമ്പയിൻ തുടങ്ങിയിരുന്നു. അതിനുമുമ്പേ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ സി.പി.എം കെ.ജെ. ഷൈനിനെ രംഗത്തിറക്കിയിരുന്നു. എല്ലാ തവണയും ഇടതുപക്ഷത്തിന്റെ ഒരു പരീക്ഷണ മണ്ഡലം കൂടിയായി മാറാറുണ്ട്, എറണാകുളം. കഴിഞ്ഞ തവണ പി. രാജീവ് സ്ഥാനാർഥിയായത്, എറണാകുളത്ത് വിജയം ഉറപ്പിച്ചുതന്നെയാണ്. സംസ്ഥാനത്ത് ഏറ്റവും വീറുറ്റ പോരാട്ടം നടന്ന മത്സരം കൂടിയായിരുന്നു അത്.
ഇത്തവണയും ഒരു അപ്രതീക്ഷിത സ്ഥാനാർഥിയെ അവതരിപ്പിച്ചത് ആ ചരിത്രം സി.പി.എം ആവർത്തിച്ചു. അധ്യാപക സംഘടനാ പ്രവർത്തകയായ കെ.ജെ. ഷൈൻ, കഴിഞ്ഞ മൂന്ന് ടേമുകളിലായി വടക്കൻ പറവൂരിലെ മുനിസിപ്പൽ കൗൺസിലാണ്. സ്വതന്ത്ര സ്ഥാനാർഥിക്കുപകരം പാർട്ടി ചിഹ്‌നത്തിൽതന്നെയാണ് ഷൈൻ മത്സരിക്കുന്നത്.
മണ്ഡലത്തിലുടനീളം ഹൈബി ഈഡനുള്ള പ്രതിച്ഛായ ഇത്തവണയും വലിയ ഭൂരിപക്ഷം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. അതേസമയം, എറണാകുളത്തെ പകുതിയിലേറെ വരുന്ന സ്ത്രീവോട്ടർമാരാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. തദ്ദേശഭരണരംഗത്ത് വർഷങ്ങളുടെ പരിചയമുള്ള ഷൈൻ, 2009-ൽ സിന്ധു ജോയി കെ.വി. തോമസിനെതിരെ നടത്തിയതുപോലുള്ള ഒരു മുന്നേറ്റം നടത്തിയേക്കുമെന്ന പ്രതീക്ഷയാണ് ഇത്തവണ സി.പി.എമ്മിനുള്ളത്.
മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ പെട്ടവരാണ് ഇരു സ്ഥാനാർഥികളും. എറണാകുളത്തെ 55 ശതമാനം ക്രൈസ്തവ വോട്ടർമാരിൽ 45 ശതമാനവും ലത്തീൻ കത്തോലിക്ക സമുദായമാണ്. എറണാകുളത്തെ സാമുദായിക വോട്ടുബാങ്കിനെക്കുറിച്ചുള്ള മുന്നണികളുടെ കണക്കുകൂട്ടലുകൾ അതേപടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാറില്ലെങ്കിലും സ്ഥാനാർഥികളുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും വലിയ 'റിസ്‌ക്' എടുക്കാറില്ല എന്നതാണ് സത്യം.
കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പുണിത്തുറ, എറണാകളും, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ നാലെണ്ണത്തിൽ യു.ഡി.എഫും മൂന്നെണ്ണത്തിൽ എൽ.ഡി.എഫുമാണ് ജയിച്ചത്.
2019-ൽ ഹൈബി ഈഡൻ സി.പി.എമ്മിന്റെ പി. രാജീവിനെതിരെ 1,69,053 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. 2014-ൽ കോൺഗ്രസിന്റെ കെ.വി. തോമസ് എൽ.ഡി.എഫിന്റെ ക്രിസ്റ്റ് ഫെർണാണ്ടസിനെതിരെ നേടിയത് 87,047 വോട്ടിന്റെ ഭൂരിപക്ഷമാണ്.
ബി.ജെ.പി ഇത്തവണ എറണാകുളത്തെ മുമ്പത്തെപ്പോലെ തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു തവണ എറണാകുളത്തെത്തിയിരുന്നു, ഒരു റോഡ് ഷോയും നടത്തി. 2014-ലെ 99,003-ൽനിന്ന് 2019-ൽ 1.37,749 ലേക്ക് ബി.ജെ.പി വോട്ട് വർധിപ്പിച്ചിട്ടുണ്ടെങ്കിലും എറണാകുളത്ത് ഇത്തവണയും പാർട്ടിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയർപ്പിക്കാനാകാത്ത രാഷ്ട്രീയ സാഹചര്യമാണ്. 2019-ൽ ബി.ജെ.പി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനമായിരുന്നു. ഡോ. കെ.എസ്. രാധാകൃഷ്ണനാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർഥി.
ട്വന്റി 20യും ഇത്തവണ മത്സരിക്കുന്നുണ്ട്; ആന്റണി ജൂഡിയാണ് സ്ഥാനാർഥി. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലെ വോട്ട്, ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ടാക്കാമെന്ന പ്രതീക്ഷയാണ് ട്വന്റി 20ക്കുള്ളത്.
1952-ൽ കോൺഗ്രസിലെ സി. മുഹമ്മദ് ഇബ്രാഹിംകുട്ടിയിലൂടെയാണ് എറണാകുളത്തിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പുരാഷ്ട്രീയം തുടങ്ങുന്നത്. 1957, 1962 എന്നീ വർഷങ്ങളിലും കോൺഗ്രസിനുവേണ്ടി എ.എം. തോമസ് മണ്ഡലം നിലനിർത്തി. 1967-ൽ കമ്യൂണിസ്റ്റ് പാർട്ടി എറണാകുളം പിടിച്ചു, വി. വിശ്വനാഥമേനോനിലൂടെ. പിന്നീട് ആറ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ആധിപത്യമായിരുന്നു. ഹെന്റി ഓസ്റ്റിൻ രണ്ടു തവണയും സേവ്യർ അറയ്ക്കൽ ഒരു തവണയും കെ.വി. തോമസ് മൂന്നുതവണയും എം.പിമാരായി.
1995-ൽ കോൺഗ്രസ് വിട്ട സേവ്യർ അറയ്ക്കലിനെ 1996ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി അവതരിപ്പിച്ച്് എറണാകുളം തിരിച്ചുപിടിച്ചു. അടുത്ത വർഷവും സെബാസ്റ്റിയൻ പോളിലൂടെ സി.പി.എം ജയം ആവർത്തിച്ചു. 2009 മുതൽ കോൺഗ്രസ് കോട്ടയായി എറണാകുളം തുടരുകയാണ്. 2009-ലെ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ഏറ്റവും കുറവ് ഭൂരിപക്ഷത്തിന് ജയിച്ചത്. കെ.വി. തോമസിനെതിരെ സി.പി.എമ്മിലെ സിന്ധു ജോയിക്ക് വെറും 11,790 വോട്ടുമാത്രമായിരുന്നു കുറവ്.