പത്തനംതിട്ടയിലും മോക് പോളിൽ വോട്ടിങ് മെഷീൻ ബി.ജെ.പിക്കൊപ്പം, സാ​ങ്കേതിക തകരാറെന്ന് കലക്ടർ

മോക് പോള്‍ നടത്തിയപ്പോള്‍ ഒന്‍പത് സ്ലിപ്പ് ലഭിക്കേണ്ടതിനു പകരം പത്തെണ്ണം ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കാണ് ഒരു സ്ലിപ്പ് അധികമായി ലഭിച്ചത്. കോൺഗ്രസ് പ്രവർത്തകർ കലക്ടര്‍ക്ക് പരാതി നല്‍കി

Election Desk

കാസര്‍കോടിനുപിന്നാലെ പത്തനംതിട്ടയിലും മോക് പോളില്‍ ഇ വി എം മെഷീനിനെതിരെ പരാതി. ഒമ്പത് വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നുവെന്നാണ് ആരോപണം. മണ്ഡലത്തിലാകെ എട്ടു സ്ഥാനാര്‍ഥികളാണുളളത്. ‘നോട്ട’ ഉള്‍പ്പെടെ ഒമ്പതെണ്ണമാണ് മെഷീനില്‍ കാണിക്കുക. ഇതില്‍ മോക് പോള്‍ നടത്തിയപ്പോള്‍ ഒന്‍പത് സ്ലിപ്പ് ലഭിക്കേണ്ടതിനു പകരം പത്തെണ്ണം ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കാണ് ഒരു സ്ലിപ്പ് അധികമായി ലഭിച്ചത്. ഇതേതുടര്‍ന്ന് പൂഞ്ഞാറിലെ യു ഡി എഫ് കമ്മിറ്റി കലക്ടര്‍ക്ക് പരാതി നല്‍കി

അതേസമയം സാങ്കേതിക തകരാറുമൂലം സംഭവിച്ച പ്രശ്‌നമാണെന്നാണ് കലക്ടറുടെ വിശദീകരണം. പ്രശ്‌നം പരിഹരിച്ച് മോക് പോള്‍ നടത്തി ഉറപ്പുവരുത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി. ഏപ്രില്‍ 17നായിരുന്നു മോക് പോൾ.

വോട്ടിങ് മെഷീനില്‍ ചെയ്യാത്ത വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നിന്നുവന്ന പരാതി. നാല് വോട്ടിങ് യന്ത്രങ്ങളിൽ ബി ജെ പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു പരാതി.

ഇതേതുടര്‍ന്ന് ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീനില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ വാദം നടക്കവേ പ്രശാന്ത് ഭൂഷണ്‍ കാസര്‍കോട്ടെ പരാതി ഉന്നയിക്കുകയായിരുന്നു.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ച റിപ്പോര്‍ട്ട് തെറ്റാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണം. ഇക്കാര്യത്തില്‍ കലക്ടറും റിട്ടേണിംഗ് ഓഫീസറും റിപ്പോര്‍ട്ട് നല്‍കിയതായും തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

Comments