ഫോട്ടോ: മുഹമ്മദ് ഹനാൻ.

കീഴാള മനുഷ്യർക്കുണ്ട്,
ഒരു അതിദരിദ്ര കേരളം

സർക്കാറിന്റെ അതിദരിദ്രരില്ലാത്ത കേരളമെന്ന പ്രഖ്യാപനം കീഴാള ജനസമൂഹത്തിന്റെ ചരിത്രപരമായ യാഥാർഥ്യങ്ങളെ നിരാകരിക്കുന്നതാണെന്ന വിമർശനമുയർത്തുന്നു മുഹമ്മദ് ജുനൈദ് പി.

ദാരിദ്ര്യം, അസമത്വം എന്നിവ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ യാഥാർഥ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ദാരിദ്ര്യവും അസമത്വവും തികച്ചും രാഷ്ട്രീയവുമാണ്. ഭരണകൂടം ഈ സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നു എന്നത് വളരെ പ്രധാനമാണ്.

കേരള സർക്കാർ കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിച്ച അതിദാരിദ്ര നിർമാർജ്ജനത്തെ ഈ പ്രാധാന്യത്തോടെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ഇത്തരമൊരു പ്രഖ്യാപനത്തിന് ഭരണകൂടത്തെ സജ്ജമാക്കിയ പ്രത്യയശാസ്ത്ര അടിത്തറ എന്താണ്, അത് യഥാർഥ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളുമായി എപ്രകാരമാണ് സംവദിക്കുന്നത് തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങളിൽ ഊന്നിക്കൊണ്ടാണ് ഈ ലേഖനം സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.

വികസനമെന്ന
‘അരാഷ്ട്രീയ യന്ത്രം’

1990-ൽ പുറത്തിറങ്ങിയ ജെയിംസ് ഫെർഗൂസന്റെ “The Anti- Politics Machine: Development, Depoliticization, and Bureaucratic Power in Lesotho” എന്ന പുസ്തകത്തിലൂടെ ലെസോത്തോയിലെ ചില വികസന ഇടപെടലുകളെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നുണ്ട്. എങ്ങനെയാണ് അവികസിത രാഷ്ട്രങ്ങളിലെ വികസന ഇടപെടലുകൾ പരാജയപ്പെട്ടുപോകുന്നതെന്ന് ഫെർഗൂസൻ വിശകലനം ചെയ്യുന്നുണ്ട്. ഫെർഗൂസന്റെ അഭിപ്രായത്തിൽ, വികസനം ഒരു “അരാഷ്ട്രിയ യന്ത്രമായി” (anti- politics machine) പ്രവർത്തിക്കുന്നു. അതായത് ഒരു പ്രശ്നത്തിന്റെ യഥാർഥ രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളെ അത് നിരാകരിക്കുകയും പകരം സാങ്കേതിക പ്രശ്നങ്ങളായി പ്രശ്നങ്ങളെ സമീപിക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥതലത്തിലുള്ള (bureaucratic level) ഇടപെടലുകൾക്കോ സാങ്കേതിക വിദഗ്ധരുടെ ഇടപെടലുകൾക്കോ സാധിക്കുമെന്ന് ഈ വികസന വ്യവഹാരങ്ങൾ വാദിക്കുന്നു. ഇത്തരത്തിലുള്ള വികസന വ്യവഹാരങ്ങളുടെ അപനിർമ്മാണമാണ് (deconstruction of development discourses) ഫെർഗൂസൻ സാധ്യമാക്കിയതെന്ന് ആർത്രോ എസ്കോബാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല, വികസന വ്യവഹാരങ്ങൾ (development discourses) എന്നത് അധീശത്വത്തിനുള്ള ഉപാധികളായി (hegemonical means) എസ്കോബാർ നോക്കികാണുന്നു.

കേരള സമൂഹത്തിൽ തെളിച്ചത്തിൽ നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും രാഷ്ട്രീയമാനങ്ങളെ ഭരണകൂടം ‘അരാഷ്ട്രീയവൽക്കരിച്ചു’. ഈ പ്രശ്നങ്ങളെ വളരെ സങ്കുചിതമായ, ഭരണകൂട നിർമ്മിത ദാരിദ്ര്യനിർണ്ണയ അളവുകോലുകളിലേക്ക് ചുരുക്കിക്കെട്ടി.

ദാരിദ്ര്യത്തിന്റെ “അരാഷ്ട്രീയവൽക്കരണം”

‘അതിദാരിദ്ര്യനിർമാർജ്ജന കേരളം’ എന്നത് മേൽപ്പറഞ്ഞ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വിമർശനാത്മകമായി വിശകലനം ചെയ്യാൻ സാധിക്കും. കേരളത്തിന്റെ വികസന അനുഭവം (development experience of Kerala) എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. സാമൂഹ്യ വികസനത്തെ അടിസ്ഥാനമാക്കിയുള്ള കേരള വികസനം പലതരത്തിലും മാതൃകാപരാവുമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ. ഗൾഫ് കുടിയേറ്റം, ഭൂപരിഷ്കരണം തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിനു കാരണമായി വർത്തിച്ചിട്ടുണ്ട്. പക്ഷേ, ഈ വികസനങ്ങളുടെ ഗുണഭോക്താക്കൾ ആരാണ്?, ഈ വികസന അളവുകോലുകളിൽനിന്ന് പുറന്തള്ളപ്പെട്ട അല്ലെങ്കിൽ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ജനസമൂഹം ഏതെല്ലാമാണെന്ന ചോദ്യങ്ങൾ വളരെ പ്രസക്തവും നിരന്തരം ആവർത്തിക്കുന്നതുമാണ്.

ദലിത്- ആദിവാസി സമൂഹങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന ദാരിദ്ര്യവും സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങളും ചരിത്രപരവും രാഷ്ട്രീയപരവുമായി വളരെയേറെ ബന്ധപ്പെട്ടതാണ്. അതേ സാമൂഹിക സാഹചര്യങ്ങളെ നിലനിർത്തിയാണ് നിലവിലെ അതിദാരിദ്ര്യനിർമാർജ്ജന പ്രഖ്യാപനം നടത്തിയിട്ടുള്ളത്. അതായത്, കേരള സമൂഹത്തിൽ തെളിച്ചത്തിൽ നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും രാഷ്ട്രീയമാനങ്ങളെ ഭരണകൂടം ‘അരാഷ്ട്രീയവൽക്കരിച്ചു’. ഈ പ്രശ്നങ്ങളെ വളരെ സങ്കുചിതമായ, ഭരണകൂട നിർമ്മിത ദാരിദ്ര്യനിർണ്ണയ അളവുകോലുകളിലേക്ക് ചുരുക്കിക്കെട്ടി. ആഗോള വികസന സമീപനങ്ങളിൽ അധീശത്വം പുലർത്തുന്ന നിരന്തര വിമർശനം നേരിടുന്ന യൂറോപ്യൻ കേന്ദ്രീകൃത-ഉത്തരർദ്ധ ഗോള വികസന സമീപനങ്ങളുടെ (euro centric-global north development approaches) സ്വാധീനം തന്നെയാണ് ഇത്തരം “പുരോഗമന” സൂചികയായി പ്രദർശിപ്പിക്കുന്ന വികസനങ്ങളുടേയും അടിസ്ഥാന ആശയം.

ദലിത്- ആദിവാസി സമൂഹങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന ദാരിദ്ര്യവും സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങളും ചരിത്രപരവും രാഷ്ട്രീയപരവുമായി വളരെയേറെ ബന്ധപ്പെട്ടതാണ്.  Photo: മുഹമ്മദ് ഹനാൻ.
ദലിത്- ആദിവാസി സമൂഹങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന ദാരിദ്ര്യവും സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങളും ചരിത്രപരവും രാഷ്ട്രീയപരവുമായി വളരെയേറെ ബന്ധപ്പെട്ടതാണ്. Photo: മുഹമ്മദ് ഹനാൻ.

ലോകബാങ്കിന്റെ രണ്ട് ഡോളർ എന്ന ദരിദ്ര നിർണ്ണയ അളവുകോൽ തന്നെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ദാരിദ്ര്യം, വിശപ്പ്, ലിംഗം എന്നീ ലേബലുകളിലൂടെ പാശ്ചാത്യ വികസന സ്ഥാപനങ്ങൾ എങ്ങനെയാണ് “അവികസിത മൂന്നാം ലോക രാജ്യങ്ങളെ” സൃഷ്ടിച്ചെടുത്തതെന്ന് എസ്കോബാർ ‘Encounter Development: The Making and Unmaking of the Third World’ എന്ന കൃതിയിലൂടെ ചൂണ്ടിക്കാണിക്കുന്നു. അറിവും അധികാരവും എങ്ങനെ വികസനം വഴിയുള്ള അധീശത്വത്തിന് പ്രയോജനപ്പെടുത്തുന്നുവെന്ന് മിഷേൽ ഫൂക്കോയെ മുൻനിർത്തിയും എസ്കോബാർ വിശകലനം ചെയ്യുന്നുണ്ട്.

കേരളത്തിലെ “പൊതുസമൂഹത്തിന്റെ” ശ്രദ്ധയാകർഷിക്കാനും തുടർന്നുവരുന്ന തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചും നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ സമൂഹത്തിലെ ദരിദ്ര വിഭാഗത്തിന്റെ യഥാർഥ പ്രശ്നങ്ങളെ അരാഷ്ട്രീയ വൽക്കരിച്ചുള്ളവയാണ്. അത് ആ വിഭാഗത്തിന്റെ നിലനിൽക്കുന്ന പ്രശ്നങ്ങളെ മറച്ചുപിടിച്ച് കേരള സമൂഹത്തിലെ മദ്ധ്യവർഗ്ഗത്തിന്റെയിടയിൽ രാഷ്ട്രീയ മേൽക്കോയ്മ നേടാനുള്ള വഴി മാത്രമാണ്. യഥാർഥ പ്രശ്നത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യം അതിലുള്ളതായി മനസ്സിലാക്കാൻ നിവൃത്തിയില്ല.

ഒരു പ്രശ്നത്തിന്റെയും ആ പ്രശ്നം നേരിടുന്ന ജനസമൂഹത്തിന്റെയും സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രയഥാർഥ്യങ്ങളെ അഭിമുഖീകരിക്കാത്ത ഒരു വികസന ഇടപെടലിനും സമൂഹത്തിൽ ഗുണപരമായ ഫലം സൃഷ്ടിക്കാൻ സാധിക്കില്ല.

വികസന നയങ്ങളിലെ കീഴാളവർഗ്ഗം

വികസനനേട്ടം കൈവരിക്കാൻ സാധിച്ചുവെന്നത് എളുപ്പം പ്രദർശിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ്. ദുർബലമായ അളവുകോലുകൾ (criteria) നിർമ്മിക്കുകയും തികച്ചും സാങ്കേതികമായ ഇടപെടലുകൾ മാത്രം നടത്തുകയും ചെയ്ത് “വികസനം” സാധ്യമാക്കുക എന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇത് യഥാർഥ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ നിരാകരിക്കുന്നു. നിലവിലെ അതിദാരിദ്ര്യനിർമാർജ്ജന പ്രഖ്യാപനത്തോടെ ഇനി യാഥാർത്ഥത്തിൽ അതിദാരിദ്ര്യ സാഹചര്യത്തിൽ ജീവിക്കുന്ന ദലിത്- ആദിവാസി ജനവിഭാഗങ്ങളടങ്ങുന്ന ജനസമൂഹത്തിനുവേണ്ടി പ്രത്യേക ഫണ്ടോ നയങ്ങളോ നിർമ്മിക്കാൻ വഴിയില്ല. അതിനാൽ ഈ ജനസമൂഹത്തിന്റെ യഥാർഥ പ്രശ്നങ്ങൾ അതേപടി നിലനിൽക്കുന്നു. എം. കുഞ്ഞാമൻ വിവക്ഷിക്കുന്ന ‘ഉറഞ്ഞ പാളി’ (frozen layer) എന്ന വീക്ഷണത്തെ ഇവിടെ കണ്ടെടുക്കാൻ സാധിക്കും. അതായത്, വികസന നേട്ടങ്ങളുടെ മെച്ചം ദലിത് -ആദിവാസി ജനസമൂഹങ്ങൾ ഉൾപ്പെടുന്ന കീഴാള ജനസമൂഹത്തിന് ലഭിക്കുന്നില്ല എന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള വികസനങ്ങളിലൂടെ ദലിത്- ആദിവാസി ജനസമൂഹങ്ങളടങ്ങുന്ന വലിയൊരു വിഭാഗം നേരിടുന്ന ദരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും ചരിത്രപരമായ യാഥാർത്ഥ്യങ്ങളെ റദ്ദു ചെയ്തു കളയുന്നു. ഇത് ആ സമൂഹത്തെ ഉറഞ്ഞ പാളിയായി ഉയർച്ചയില്ലാതെ നിലനിർത്തുന്നു. ഏതാണ്ട് എല്ലാ വികസന നയങ്ങളുടെയും യാഥാർഥ്യം ഇതുതന്നെയാണ്. അതിന്റെ യഥാർഥ ഗുണഭോക്താക്കളായി ആദിവാസി- ദലിത് ജനവിഭാഗങ്ങളുൾപ്പെടുന്ന കീഴാള ജനസമൂഹം ഉൾപ്പെടുന്നില്ല. അവർ വെറും രേഖകൾ മാത്രമായി അവശേഷിക്കും, പ്രത്യേകിച്ച്, ആകെ 1.5 ശതമാനം മാത്രം വരുന്ന കേരളത്തിലെ ആദിവാസി ജനസമൂഹത്തിന്റെ കാര്യത്തിൽ.

ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ തലത്തിൽ നിന്ന് നോക്കുമ്പോൾ വളരെ തുച്ഛമായ ജനസംഖ്യയുള്ള ആദിവാസി ജനസമൂഹത്തിന്റെ വികസനം എന്നത് പലപ്പോഴും ചോദ്യചിഹ്നമാണ്. “പൊതു സമൂഹത്തിനെ” ബോധ്യപ്പെടുത്താൻ മാത്രം ഏർപ്പാടാക്കുന്ന ഒന്നായി അത് മാറുന്നു. ഇനി കാര്യക്ഷമമായ വികസന ഇടപെടലുകളാവട്ടെ സർവേകൾ, സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങൾ എന്നിവയുടെ വളരെ സാങ്കേതികവും സങ്കുചിതവുമായ മാനങ്ങളിൽ ഒതുങ്ങിനിൽക്കുന്നു. ഇതാണെങ്കിൽ ഉദ്യോഗസ്ഥതലത്തിൽ കേന്ദ്രീകൃതമായ മുകളിൽനിന്നുള്ള (top down) വികസന സമീപനമാണ്. ഇത് വൈവിധ്യപൂർണ്ണമായ ജനസമൂഹങ്ങളുടെ യാഥാർഥ്യത്തിൽനിന്നും വളരെ അകന്നുനിൽക്കുന്ന ഒന്നാണ്.

ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ തലത്തിൽ നിന്ന് നോക്കുമ്പോൾ വളരെ തുച്ഛമായ ജനസംഖ്യയുള്ള ആദിവാസി ജനസമൂഹത്തിന്റെ വികസനം എന്നത് പലപ്പോഴും ചോദ്യചിഹ്നമാണ്. “പൊതു സമൂഹത്തിനെ” ബോധ്യപ്പെടുത്താൻ മാത്രം ഏർപ്പാടാക്കുന്ന ഒന്നായി അത് മാറുന്നു.   Photo: മുഹമ്മദ് ഹനാൻ.
ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ തലത്തിൽ നിന്ന് നോക്കുമ്പോൾ വളരെ തുച്ഛമായ ജനസംഖ്യയുള്ള ആദിവാസി ജനസമൂഹത്തിന്റെ വികസനം എന്നത് പലപ്പോഴും ചോദ്യചിഹ്നമാണ്. “പൊതു സമൂഹത്തിനെ” ബോധ്യപ്പെടുത്താൻ മാത്രം ഏർപ്പാടാക്കുന്ന ഒന്നായി അത് മാറുന്നു. Photo: മുഹമ്മദ് ഹനാൻ.

ഒരു പ്രശ്നത്തിന്റെയും ആ പ്രശ്നം നേരിടുന്ന ജനസമൂഹത്തിന്റെയും സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രയഥാർഥ്യങ്ങളെ അഭിമുഖീകരിക്കാത്ത ഒരു വികസന ഇടപെടലിനും സമൂഹത്തിൽ ഗുണപരമായ ഫലം സൃഷ്ടിക്കാൻ സാധിക്കില്ല. അത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനേ കാരണമാകൂ. അതുകൊണ്ടുതന്നെ വികസനത്തിന്റെ സാമൂഹിക- രാഷ്ട്രീയ മാനങ്ങളെ പരിഗണിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ, കേരള സർക്കാറിന്റെ അതിദരിദ്രരില്ലാത്ത കേരളമെന്ന പ്രഖ്യാപനം കേരളത്തിലെ വലിയൊരു ശതമാനം കീഴാള ജനസമൂഹത്തിന്റെ ചരിത്രപരമായ യഥാർഥ്യങ്ങളെ നിരാകരിക്കുന്നതാണ്. ദരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും അരാഷ്ട്രീയവൽക്കരണമാണ് ഇതിലൂടെ നടക്കുന്നത്.


Summary: Muhammad Junaid P. criticizes the government's declaration that Kerala is free of extreme poverty, saying it denies the historical realities of the marginalized people.


മുഹമ്മദ് ജുനൈദ് പി.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ വികസനപഠന സ്കൂളിൽ ഗവേഷകൻ.

Comments