Fact Check: വ്യാജ ഒപ്പ് എന്ന വ്യാജ വാർത്ത

മുഖ്യമന്ത്രി പിണായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് കേരളത്തിലെ ഓഫിസിൽ നിന്ന് ചാർത്തിയെന്ന ബി.ജെ.പി. ആരോപണമാണ് മലയാള മാധ്യമങ്ങൾ ആഘോഷിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. "വാസ്തവത്തിൽ കേരളത്തിൽ രണ്ട് മുഖ്യമന്ത്രിയുണ്ടെന്ന സംശയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 2018 സെപ്തംബർ 2ന് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോയിരുന്നു. സെപ്തംബർ 2ന് അമേരിക്കയിലേക്ക് പോയ പിണറായി വിജയൻ തിരിച്ചെത്തുന്നത് സെപ്തംബർ 23നാണ്. സെപ്തംബർ മൂന്നാം തീയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മലയാള ഭാഷയുമായി ബന്ധപ്പെട്ട് വന്ന ഫയലിൽ സെപ്തംബർ ഒമ്പതാം തീയ്യതി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഒപ്പുവെച്ചു. ഈ ഫയലിൽ ഒപ്പ് വെച്ചത് ശിവശങ്കറാണോ സ്വപ്ന സുരേഷാണോ. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടാൻ ഓഫീസിൽ ആളുകളുണ്ടോ?' - എന്നാണ് ബി.ജെ.പി. ആരോപണം.

2018-സെപ്തംബർ-2 നാണ് മുഖ്യമന്ത്രി ചികിത്സാ ആവശ്യത്തിന് അമേരിക്കയിലേക്ക് പോവുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന്റെ അധ്യക്ഷത വഹിക്കാൻ മന്ത്രി ഇ.പി. ജയരാജന് ചുമതല നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി എന്ന ചുമതല ആരെയും ഏൽപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇക്കാര്യം അന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതും മുഖ്യമന്ത്രി ചുമതല ആരെയും ഏൽപ്പിച്ചില്ലെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചത് അന്ന് വിവാദമാവുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഫയലുകൾ പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ഇ-ഫയലിംഗ് വഴി തീർപ്പാക്കുമെന്നുമായിരുന്നു തീരുമാനം. ഇക്കാര്യവും അന്ന് മലയാള മനോരമ, കേരളകൗമുദി,24,മാതൃഭൂമി തുടങ്ങിയ മുൻനിര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നതാണ്.

രണ്ട് തരത്തിലാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. ഇ-ഫയൽ എന്ന രീതിയിലും ഫിസിക്കൽ ഫയൽ എന്ന രീതിയിലും. ഇ-ഫയലിംഗിൽ ലോകത്തിന്റെ ഏത് ഭാഗത്തിരുന്നു ഇ-ഫയലിംഗ് സിസ്റ്റത്തിനകത്തുള്ള ഫയലുകൾ യൂസർനെയിമും പാസ് വേഡും ഉപയോഗിച്ച് ആക്‌സസ് ചെയ്യാം. ഇത്തരത്തിൽ ആക്‌സസ് ചെയ്യുന്ന ഫയലുകളിൽ കമന്റുകൾ രേഖപ്പെടുത്താനും ഇ-സൈൻ ചെയ്യാനും എളുപ്പം സാധിക്കും. ഇങ്ങനെ ചെയ്യുന്ന ഫയലുകൾ ഇ-ഫയലിംഗ് സെർവറിൽ തന്നെ സൂക്ഷിച്ച് വയ്ക്കുകയും ആവശ്യമെങ്കിൽ പ്രിന്റ് ചെയ്യുകയുമാണ് ചെയ്യുക.

ഫിസിക്കൽ ഫയലുകളുടെ കാര്യത്തിൽ ഇതേ കാര്യം മറ്റു രീതികളിൽ നടക്കുന്നു എന്നേയുള്ളൂ. നേരിട്ട് പോയി ഒപ്പ് വാങ്ങാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഫയലുകൾ സ്‌കാൻ ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ മന്ത്രിക്കോ അയച്ച് കൊടുക്കുകയാണ് ചെയ്യുക. ഈ ഫയലുകൾ ഡൗൺലോഡ് ചെയ്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഒപ്പുവച്ച് തിരിച്ചയക്കുന്നു. ഒപ്പു വെക്കുന്നത് തന്നെ പലതരത്തിലാവാം, ഫയൽ പ്രിന്റ് ചെയ്ത ശേഷം ഒപ്പു വച്ച് വീണ്ടും സ്‌കാൻ ചെയ്ത് തിരിച്ചയക്കാം, പ്രാധാന്യം കുറഞ്ഞ കത്തുകളിലോ ആശംസാ കത്തുകളിലോ മറ്റു രീതികളിൽ ഇമേജ് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഒപ്പ് ചേർക്കാം. എന്തുതന്നെയായിരുന്നാലും ഇതൊക്കെ പൊതുവെ അംഗീകരിക്കപ്പെട്ടതും അനുവർത്തിച്ച് വരുന്നതുമായ രീതികളാണ്. ഗവർണർ ഉൾപ്പടെയുള്ളവർ യാത്രകളിൽ ഇത്തരത്തിലാണ് ഔദ്യോഗിക രേഖകൾ നീക്കുന്നത്.

ബി.ജെ.പി. വക്താവ് കൊണ്ടു വന്ന ഫയലുകളിൽ ഇത്തരത്തിൽ എങ്ങനെ വേണമെങ്കിലും ഒപ്പു വെക്കാവുന്നതാണ്. ഇത്തരം നിരവധി രീതികളിൽ നിന്ന് കൃത്യമായി ഏത് രീതിയിലാണ് ഒപ്പുവച്ചതെന്ന് പരിശോധിച്ച് ഔദ്യോഗികമായി പറയേണ്ട കാര്യമാണ്. ഇതിൽ ഏത് രീതിയിൽ ആയിരുന്നാലും അങ്ങനെ ഒപ്പ് വെക്കുന്നത് സാധ്യമാണെന്ന് എന്ന് വസ്തുത മാത്രമാണ് വിഷയം. ഒപ്പു വച്ച രീതിയിൽ അല്ലാതെ ഒപ്പു വെക്കപ്പെട്ട ഫയലിലെ ഉള്ളടക്കത്തെപ്പറ്റിയോ മറ്റു നടപടിക്രമങ്ങളെപ്പറ്റിയോ ബി.ജെ.പി. വക്താവിന് പോലും പരാതിയില്ലാത്തതിനാൽ തികച്ചും അടിസ്ഥാന രഹിതമെന്ന് ഒറ്റനോട്ടത്തിൽ തന്നെ കാണാവുന്ന ആരോപണമാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്.


Comments