മലയാള സിനിമയിലെ ഉണർവിനെ തല്ലിക്കെടുത്തും, തിയേറ്ററുടമകളുടെ യുദ്ധം

ഫെബ്രുവരി 23 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന് തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക്’ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരിടവേളക്കുശേഷം മലയാള സിനിമയിൽ പുതിയ ട്രെൻഡ് ഉണ്ടായ ഈ സമയത്ത്, റിലീസ് കാത്തിരിക്കുന്ന നിരവധി സിനിമകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണിതെന്ന് വിമർശനമുയരുന്നു.

വെള്ളിയാഴ്ച, ഫെബ്രുവരി 23 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന് തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക്’ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒ ടി ടി വ്യവസ്ഥ ലംഘിച്ച് സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ‘ഫിയോക്കി’ന്റെ തിരുമാനം. നിർമാതാക്കൾ പറയുന്ന പ്രൊജക്ടറിൽ സിനിമ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്നും ‘ഫിയോക്ക്’ ഭാരവാഹികൾ അറിയിച്ചിരുന്നു. നിർമാതാക്കൾ ഇത്തരം നിലപാടുകളിൽ നിന്ന് പിന്മാറണമെന്നുമാണ് ആവശ്യം.

പ്രൊജക്ടറുകളുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ നിർമാതാക്കളുടെ തിരുമാനം തിയേറ്ററുടമകളെയും തിയേറ്റർ ബിസിനസിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ‘ഫിയോക്കി’ന്റെ വാദം. റിലീസ് തീയതി കഴിഞ്ഞ് ഇരുപതോ മുപ്പതോ ദിവസം മാത്രം കഴിയുമ്പോൾ സിനിമകൾ ഒ ടി ടിക്ക് കൈമാറുന്നതും തങ്ങളെ പ്രതിസന്ധിയിലാക്കുകയാണ് എന്നും ‘ഫിയോക്ക്’ പറയുന്നു. ഇത് തിയേറ്റർ ബിസിനസിനെ പ്രതികൂലമായി ബാധിക്കുകയാണെന്നും ഭാരവാഹികൾ പറയുന്നു. തിയേറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസങ്ങൾക്കുശേഷമേ സിനിമകൾ ഒ ടി ടിയിൽ പ്രദർശിപ്പിക്കാവൂ എന്ന് ഫിലിം ചേംബറിൽ നൽകിയ സത്യവാങ്മൂലം നിർമാതാക്കൾ ലംഘിച്ചു എന്നതുൾപ്പടെ നിരവധി വിഷയങ്ങളും ‘ഫിയോക്ക്’ ഉന്നയിക്കുന്നുണ്ട്.

ഫിയോക്ക് ഭാരവാഹികൾ

വരും ദിവസങ്ങളിൽ നിരവധി സിനിമകൾ മലയാളത്തിൽ റിലീസ് കാത്തിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഫിയോക്കിന്റെ തിരുമാനം എന്നതിനാൽ ഇത് മലയാള സിനിമയെ പ്രതിസന്ധിയിലാക്കുമെന്നതിൽ സംശയമില്ല. റിലീസ് ചെയ്യാനിരിക്കുന്നവയിൽ വലിയ മുതൽമുടക്കിൽ ചിത്രീകരിച്ച സിനിമകൾ മുതൽ ചെറിയ ബജറ്റിൽ എടുത്ത സിനിമകൾ വരെയുണ്ട്.

ഭ്രമയുഗം പോലെ, തിയേറ്ററുകളിൽ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റ്‌മെന്റുകൾ അനുഭവിപ്പിച്ച്, മലയാള സിനിമയിൽ ഉണർവുണ്ടായ സാഹചര്യത്തിലാണ്, അതിന് തിരിച്ചടിയായി ‘ഫിയോക്കി’ന്റെ തീരുമാനം. വർഷങ്ങളുടെ അധ്വാനമുള്ള ആടുജീവിതം പോലുള്ള ബിഗ് ബജറ്റ് സിനിമകളുടെയും പുതിയ സംവിധായകരുടെയും പ്രതീക്ഷകളെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ സമരപ്രഖ്യാപനം. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് തിയേറ്ററുടമകൾ.

സിനിമകൾ നേരത്തെ ഒ ടി ടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും ‘ഫിയോക്ക്’ ആവശ്യപ്പെടുന്നു. റിലീസിനുശേഷം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ സിനിമകൾ ഒ ടി ടിക്ക് കൈമാറുകയാണെങ്കിൽ പിന്നെ തങ്ങൾ എന്തിന് പ്രൊജക്ടറുകൾ വാങ്ങണം എന്നാണ് തിയേറ്ററുടമകൾ ചോദിക്കുന്നത്.

ഒരിടവേളക്കുശേഷം മലയാള സിനിമയിൽ പുതിയ ട്രെൻഡ് ഉണ്ടാക്കിയിരിക്കുന്ന സമയമാണിതെന്നും ‘ഫിയോക്കി’ന്റെ തീരുമാനം ഈ ട്രെൻഡിനെ ബാധിക്കുമെന്നും സിനിമാ പ്രവർത്തകരുടെ സംഘടനയായ ‘ഫെഫ്ക’ (Film Employees Federation of Kerala) പറയുന്നു. ‘ഫിയോക്കി’ന്റെ പ്രതിഷേധം മനസിലാക്കാൻ കഴിയുമെന്നും എന്നാൽമലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ല എന്ന തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നുമാണ് ‘ഫെഫ്ക’യുടെ നിലപാട്.

‘‘അന്വേഷിപ്പിൻ കണ്ടെത്തും, ഭ്രമയുഗം, പ്രേമലു തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്ന, വ്യത്യസ്ത മുതൽമുടക്കുള്ള സിനിമകൾ ഒരിടവേളക്കുശേഷം പുതിയ ട്രെൻഡ് ഉണ്ടാക്കിയിരിക്കുന്ന സമയമാണ്. ‘ഫിയോക്കി’ന്റെ തീരുമാനം ഈ ട്രെൻഡിനെ ബാധിക്കും. ഇത്രനാൾ മലയാള സിനിമകൾ മാത്രം പ്രദർശിപ്പിച്ചു നേടിയ പണം കൊണ്ട് കെട്ടിട്ടങ്ങൾ കെട്ടിപ്പൊക്കിയവർ ഇപ്പോൾ മലയാള സിനിമയെ മാത്രം തഴയുന്നത് അങ്ങേയറ്റം നിന്ദ്യമാണ്. മലയാള സിനിമയോടും അതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരോടും തൊഴിലാളികളോടും നടീനടൻമാരോടും ആസ്വാദകരോടും കാണിക്കുന്ന അവഹേളനമാണ് ഈ നിലപാട്. ‘ഫിയോക്കി’ന്റെ തീരുമാനം പുനപരിശോധിക്കേണ്ടതാണ്, ഇതിനെതിരെ പ്രതിഷേധിക്കും’’- ഫെഫ്ക വ്യക്തമാക്കി.

തിയേറ്ററുകളിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളെ ‘ഫിയോക്ക്’ തീരുമാനം ബാധിക്കില്ലെന്നാണ് ഭാരവാഹികൾ അറിയിച്ചതെങ്കിലും തിയേറ്ററുടമകളുടെയും നിർമാതാക്കളുടെയും ഇടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പ്രദർശനത്തിൽ ഉള്ളതും അല്ലാത്തതുമായ മുഴുവൻ സിനിമകളെയും ബാധിക്കാനിടയുണ്ട്.

Comments