ആന്ത്രപോളജിസ്റ്റ് ഫിലിപോ ഒസെല്ലയെ എന്തിന് തിരിച്ചയച്ചു?

തിരുവനന്തപുരം എയർപോർട്ടിൽ വെച്ച് ഫിലിപോ ഒസെല്ലയെ അധികൃതർ തിരിച്ചയക്കുകയായിരുന്നു. അതിന്റെ കാരണങ്ങളെന്താണെന്ന് വ്യക്തമായിട്ടില്ല. എനിക്കറിയാവുന്നിടത്തോളം ഒരു വർഷത്തെ ഗവേഷക വിസ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം തിരിച്ചയക്കപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും വിശദീകരണം വരുമെന്ന് പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരത്ത് വെച്ച് ഇപ്പോൾ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ യു.കെയിൽ നിന്നുള്ള പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഫിലിപോ ഒസെല്ലയ്ക്ക് കോൺഫറൻസിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം എയർപോർട്ടിൽ വെച്ച് അദ്ദേഹത്തെ അധികൃതർ തിരിച്ചയക്കുകയായിരുന്നു. അതിന്റെ കാരണങ്ങളെന്താണെന്ന് വ്യക്തമായിട്ടില്ല. എനിക്കറിയാവുന്നിടത്തോളം ഒരു വർഷത്തെ ഗവേഷക വിസ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം തിരിച്ചയക്കപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും വിശദീകരണം പിന്നീട് വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്തുതന്നെയായാലും ഈ സംഭവം വളരെയധികം വേദനാജനവും ദൗർഭാഗ്യകരവുമായിപ്പോയി.

കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസും യൂണിവേഴ്‌സിറ്റി ഓഫ് സസ്സക്‌സ് യു.കെയുമായി ചേർന്ന് സംഘടിപ്പിക്കുന്ന തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട, തീരദേശ സമൂഹങ്ങളുടെ സാമ്പത്തിക സാമൂഹികാവസ്ഥകൾ അന്വേഷിക്കുന്ന ഒരു കോൺഫ്‌റൻസ് ആണ് നടക്കുന്നത്. അതിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം യുവ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മാത്രവുമല്ല കഴിഞ്ഞ ഇരുപത് വർഷക്കാലത്തിനിടെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ ചില പരിവർത്തനങ്ങൾ സൂചിപ്പിക്കുന്ന വിധത്തിൽ ഈ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കുന്ന പല ഗവേഷകരും കേരളത്തിലെ തീരദേശ സമുദായങ്ങളിൽ നിന്നുള്ളവർ തന്നെയാണ്. ഇന്ത്യയിലും പുറത്തുമുള്ള ഉന്നത സർവകലാശാലകളിൽ ഗവേഷകരായ ആളുകളും അതിലുണ്ട്. അത്തരത്തിൽ നമ്മുടെ സാമൂഹിക മേഖലയിലുണ്ടായ വ്യതിയാനങ്ങളെക്കൂടി ശക്തമായി സൂചിപ്പിക്കുന്ന ഒരു കോൺഫറൻസാണ് ഇതെന്ന് എടുത്തുപറയുക കൂടി ചെയ്യേണ്ടതുണ്ട്.

ഇത്തരം കോൺഫറൻസുകളുടെ ഒരു പ്രധാന പ്രത്യേകത അവ മിക്കവാറും കേന്ദ്രീകരിക്കുക അക്കാദമിക വിഷയങ്ങളിൽ ആയിരിക്കും എന്നുള്ളതാണ്. അക്കാദമിക പരിപ്രേക്ഷ്യത്തിൽ പ്രശ്‌നങ്ങളെ പരിശോധിക്കുന്ന, സാങ്കേതികമായി നിരവധി വിഷയങ്ങൾ അഴിച്ചുപരിശോധിക്കുന്ന കോൺഫറൻസുകളാണ് ഇത്തരത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണയായി നടത്താറുള്ളത്. ഏതെങ്കിലുമൊരു പ്രത്യേക പരിപ്രേക്ഷ്യത്തിൽ മാത്രമുള്ള പ്രബന്ധങ്ങളല്ല അവിടെ അവതരിപ്പിക്കപ്പെടുക. മറിച്ച് വിവിധ സാമൂഹിക നിലകൾ പശ്ചാത്തലമായുള്ള ഗവേഷകർ, വിവിധ വൈജ്ഞാനിക മേഖലകളിൽ നിന്ന് വരുന്ന ഗവേഷകർ, വൈവിധ്യമാർന്ന രീതിശാസ്ത്രങ്ങൾ പിന്തുടരുന്ന ഗവേഷകർ അവരെല്ലാം ഒത്തുചേരുന്നതാണ് ഇത്തരത്തിലുള്ള കോൺഫറൻസുകൾ. അങ്ങനെയുള്ള ഒരിടത്ത് ഫിലിപോ ഒസെല്ലയെപ്പോലുള്ള പ്രഗത്ഭനായ നരവംശ ശാസ്ത്രജ്ഞന്റെ അസാന്നിധ്യം വളരെ സങ്കടകരമായ ഒന്നാണ്.

ഫിലിപോ ഒസെല്ലയെ കേവലം ഒരു നരവംശ ശാസ്ത്രജ്ഞനെന്ന് മാത്രം പറയുന്നത് ശരിയല്ല. അദ്ദേഹം കേരളത്തെക്കുറിച്ച് വളരെ ആഴത്തിൽ വളരെ കാലങ്ങളായി പഠിക്കുന്ന ഒരു വ്യക്തിയാണ്. എന്റെ തന്നെ അനുഭവം വെച്ച് പറയുകയാണെങ്കിൽ, ഞാനൊരു വിദ്യാർഥിയായിരിക്കുന്ന കാലത്ത് ആലപ്പുഴയിലെ ചെന്നിത്തല എന്നുപറയുന്ന പ്രദേശത്ത് എന്റെ ഒരു ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെ ക്ഷണിക്കപ്പെട്ട അതിഥിയായി ഉണ്ടായിരുന്ന ആളാണ് ഫിലിപോ ഒസെല്ല. അത് ഏതാണ്ട് 30 കൊല്ലങ്ങൾക്ക് മുമ്പാണ്. ആ സമയത്ത് അദ്ദേഹം അവിടെ ഫീൽഡ് വർക്ക് നടത്തുകയായിരുന്നു.

ജനങ്ങളുമായി ഇഴുകിച്ചേർന്ന് പ്രവർത്തിക്കുകയും അവരോട് സംവദിക്കുകയും അവരുടെ വീക്ഷണങ്ങൾ തന്റെ പ്രബന്ധങ്ങളിൽ ആവിഷ്‌കരിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്ന ഒരു നരവംശശാസ്ത്ര സമീപനമാണ് ഫിലിപോ ഒസെല്ല സ്വീകരിച്ചിട്ടുള്ളത്.

ഫിലിപോ ഒസെല്ലയുടെ എല്ലാ നിലപാടുകളോടും നമ്മൾ യോജിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളത് മറ്റൊരു കാര്യമാണ്. അദ്ദേഹത്തിന്റെ നിലപാടുകളോട് പല ഗവേഷകർക്കും വിയോജിപ്പുകളുണ്ടാവാം. ഗവേഷണമെന്ന് പറയുന്നതു തന്നെ ഏകമുഖമായിട്ടുള്ള ഒന്നല്ല. എന്റെ സമീപനത്തോടും എന്റെ നിഗമനങ്ങളോടും വിയോജിക്കുന്ന നിരവധി പേരുടെ ഇടയിലാണ് ഞാനും ഒരു അക്കാദമിക് എന്ന രീതിയിൽ പ്രവർത്തിക്കുന്നത്. അവരോടുള്ള വിയോജിപ്പുകൾ ഞാനും എന്നോടുള്ള വിയോജിപ്പുകൾ അവരും രേഖപ്പെടുത്തിക്കൊണ്ട് ജനാധിപത്യപരമായി സംവദിക്കാൻ കഴിയുന്ന ഒരു സ്ഥലമായിട്ടാണ് നമ്മൾ അക്കാദമിക് മേഖലയെ കാണുന്നത്. അതിന് വിപരീതമായിട്ടുള്ള കാര്യങ്ങൾ ഉണ്ടാകാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.

അക്കാദമിക് മേഖലയെ സംബന്ധിച്ചിടത്തോളം സ്വച്ഛവായു ശ്വസിച്ച്, യാതൊരു തരത്തിലുള്ള അതിർവരമ്പുകളും ഇല്ലാതെ പ്രവർത്തിക്കാൻ കഴിയുക, ആശയ കൈമാറ്റം നടത്താൻ കഴിയുക, മുൻവിധികളില്ലാതെ സൈദ്ധാന്തികവും പ്രായോഗികവുമായ നിഗമനങ്ങളും നിലപാടുകളും വിനിമയം ചെയ്യാൻ സാധിക്കുക തുടങ്ങിയതെല്ലാം അക്കാദമിക് സ്വാതന്ത്ര്യത്തിന് അനുപേക്ഷണീയമായിട്ടുള്ള കാര്യമാണ്.

രണ്ടുവർഷം മുമ്പ് ഞാൻ സ്പെയിനിൽ കമ്യൂണിക്കേഷൻ അസോസിയേഷന്റെ ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കുന്ന സമയത്ത് തുർക്കിയിൽ നിന്നുള്ള ഗവേഷകർക്ക് അവിടെ വരാൻ പറ്റാത്ത ഒരു സാഹചര്യം അവിടത്തെ സർക്കാരിന്റെ നിലപാട് മൂലം ഉണ്ടായി. അതിൽ നമ്മളെല്ലാം പ്രതിഷേധിക്കുകയും ചെയ്തതാണ്. കാരണം അത്തരത്തിലുള്ള ഇരുട്ടറകളിൽ ഗവേഷണവും പഠനവും നടക്കുകയില്ല എന്നുള്ളതുകൊണ്ടാണ് ഗവേഷകരൊന്നടങ്കം തന്നെ പ്രതിഷേധിച്ചത്. ഈയൊരു സന്ദർഭത്തിൽ ഞാനത് ഓർക്കുകയാണ്. കാരണം ഇത്തരത്തിലുള്ള തടസ്സങ്ങൾ സാങ്കേതികമായ ചെറിയ പ്രശ്നങ്ങൾ മാത്രമാണുള്ളതെങ്കിൽ ഗവേഷകർക്ക് സുഗമമായി ഇത്തരം കോൺഫറൻസുകളിൽ പങ്കെടുത്ത് പോകാൻ കഴിയുന്ന സാഹചര്യം സർക്കാറുകൾ സൃഷ്ടിക്കേണ്ടതാണെന്നാണ് തോന്നിയിട്ടുള്ളത്.

ഫിലിപോ ഒസെല്ലയുടെ അസാന്നിധ്യം കോൺഫറൻസിന്റെ നടത്തിപ്പിനെ സാങ്കേതികമായി യാതൊരുവിധത്തിലും ബാധിച്ചിട്ടില്ല. കാരണം ഒരു കോൺഫറൻസ് ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല, അത് മറ്റു പല വിദഗ്ധരും പങ്കെടുക്കുന്ന ഒരു സമ്മേളനമാണ്. അതുകൊണ്ടുതന്നെ രാവിലെ മുതൽ കോൺഫറൻസ് സുഗമമായി തന്നെ മുന്നോട്ടുപോവകുയാണ്. കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തത്. വളരെ വിശദമായി തീരദേശ മേഖലയിലെ ചില പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ തന്നെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വിശദീകരിച്ചു. അത് പല ഗവേഷകരും തുടർന്നുള്ള ചർച്ചകളിലൊക്കെ ആവർത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും പ്രസക്തമായിട്ടാണ് പലർക്കും തോന്നിയത്. മാത്രമല്ല, മുമ്പ് തീരദേശ മേഖലയിൽ നടന്നിട്ടുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആക്റ്റിവിസ്റ്റുകളും അതിനുശേഷം അവരുമായി ചേർന്നുനിന്നിരുന്ന ഗവേഷകരും ഇപ്പോൾ ഈ പ്രശ്നങ്ങളെക്കുറിച്ച് പുതുതായി പഠിക്കുന്ന യുവ ഗവേഷകരും ഒക്കെ ചേരുന്ന ഒരു കമ്യൂണിറ്റി ഓഫ് സ്‌കോളേഴ്സാണ് ഇവിടെയുള്ളത്.

അതുകൊണ്ടുതന്നെ കോൺഫറൻസ് ഫിലിപ്പോയുടെ അസാന്നിധ്യത്തിലും മുന്നോട്ടുപോവുകയാണ്. പക്ഷെ അദ്ദേഹത്തിന്റെ അസാന്നിധ്യം തീർച്ചയായും ഒരു പ്രശ്നം തന്നെയാണ്. കാരണം, അദ്ദേഹം കേരളത്തെക്കുറിച്ച് പഠിച്ചതുപോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഗവേഷണം നടത്തിയിട്ടുള്ളയാളായതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു താരതമ്യസമീപനം ഈ കോൺഫറൻസിനെ കൂടുതൽ അർഥവത്താക്കുമായിരുന്നു എന്നുള്ള കാര്യത്തിൽ സംശയമില്ല. ഈ സാങ്കേതിക പ്രശ്നങ്ങളൊക്കെ പരിഹരിക്കുകയും തുടർന്നും കേരളത്തെക്കുറിച്ച് പഠിക്കുന്നതിനും കേരളത്തിലെ ഇത്തരം അക്കാദമിക് സംരംഭങ്ങളിൽ പങ്കെടുക്കുന്നതിനും ഫിലിപോ ഒസെല്ലയ്ക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒദ്യോഗികമായി ഒരു വിശദീകരണം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.


Summary: തിരുവനന്തപുരം എയർപോർട്ടിൽ വെച്ച് ഫിലിപോ ഒസെല്ലയെ അധികൃതർ തിരിച്ചയക്കുകയായിരുന്നു. അതിന്റെ കാരണങ്ങളെന്താണെന്ന് വ്യക്തമായിട്ടില്ല. എനിക്കറിയാവുന്നിടത്തോളം ഒരു വർഷത്തെ ഗവേഷക വിസ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം തിരിച്ചയക്കപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും വിശദീകരണം വരുമെന്ന് പ്രതീക്ഷിക്കുന്നു.


ടി.ടി.​ ശ്രീകുമാർ

ഹൈദരാബാദ് ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റിയിൽ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സിവിൽ സമൂഹം, വികസനാനന്തര സമൂഹം, സാഹിത്യം എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments