സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന മാന്ദ്യത്തെയാണ് സാമ്പത്തിക പ്രതിസന്ധി എന്നു വിശേഷിപ്പിക്കാറ്. ധനപ്രതി സർക്കാറിനെ ബാധിക്കുന്ന പ്രശ്നമാണ്, അതായത് സർക്കാറിന്റെ വരവും ചെലവും ഒത്തുപോകാത്ത പ്രശ്നം.
കേരളത്തിൽ കുറെക്കാലമായി ധനപ്രതിസന്ധിയുണ്ട്. ധനപ്രതിസന്ധിയുള്ളതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയുണ്ടാകണമെന്നില്ല. വളരെ ഉയർന്ന നിരക്കിലുള്ള സാമ്പത്തിക വളർച്ചയുള്ള ചില രാജ്യങ്ങളിലൽ ധനപ്രതിസന്ധിയുണ്ടാകാറുണ്ട്. ധന പ്രതിസന്ധി സാമ്പത്തികാവസ്ഥയുടെ ലക്ഷണമല്ല. സർക്കാർ വരവും ചെലവും മാനേജു ചെയ്യുന്നതിന്റെ പ്രശ്‌നമാണ്. ധനപ്രതിസന്ധി വരുമ്പോൾ, കേരളത്തോട് കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന വിമർശനമാണ് കേരളം ഉയർത്താറ്. ഇത് പതിവുപല്ലവിയാണ്. അത് കേരളത്തിന്റെ ഒരു ശീലം കൂടിയാണ്. അതുകൊണ്ട്, സാമ്പത്തിക വിദഗ്ധർ ഇത്തരം വാദങ്ങളെ ഗൗരവത്തോടെ പരിഗണിക്കാറില്ല. കേന്ദ്രം തരുന്നില്ല എങ്കിൽ വാങ്ങിയെടുക്കാൻ സംസ്ഥാനത്തിന് എന്തുകൊണ്ട് കഴിയുന്നില്ല?
ഇപ്പോൾ കേരളത്തിലുള്ളത് സാമ്പത്തിക പ്രതിസന്ധിയാണ്. കാരണം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അത് ബാധിച്ചിരിക്കുന്നു. പ്രത്യേകിച്ച്, താഴ്ന്ന വരുമാനക്കാരായ, ക്ഷേമപെൻഷനുകൾക്കും മറ്റും സർക്കാറിന്റെ ആശ്രയിച്ചുകഴിയുന്ന വിഭാഗങ്ങളെ. കേരളത്തിലെ സാമ്പത്തികക്രമം തന്നെ പ്രവർത്തിക്കുന്നത് സാമൂഹിക സുരക്ഷ എന്നൊരു ഘടകത്തിലൂന്നിയാണ്. കുടുംബങ്ങളിലേക്ക് സർക്കാറിൽനിന്ന് കുറച്ച് പണമെത്തുന്നു, അത് മുഴുവനുമായി ചെലവഴിക്കപ്പെടുന്നു. അത് സാമ്പത്തിക വളർച്ചക്ക് നല്ലതുമാണ്, കാരണം ഡിമാന്റുണ്ടാകുമല്ലോ. ജനങ്ങളുടെ ചെലവിനെ ആശ്രയിച്ചുകൊണ്ടുള്ള സാമ്പത്തികക്രമമാണ് രാജ്യത്തുതന്നെ നിലനിൽക്കുന്നത്. സാധനങ്ങൾ വിറ്റഴിക്കാൻ ഇന്ത്യക്ക് വിദേശ വിപണിയെ ആശ്രയിക്കേണ്ടിവരുന്നില്ല, ഇവിടെത്തന്നെ ഡിമാന്റുണ്ട്. ജനങ്ങളുടെ കൈയിൽ വരുമാനം വരുന്നത്, അവരുടെ സാമ്പത്തിക- സാമൂഹ്യ അവസ്ഥകളെ മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെയും സഹായിക്കും.
സാമൂഹികരംഗത്ത് പാവപ്പെട്ടവർക്കായി കൂടുതൽ ചെലവഴിച്ചതുകൊണ്ടല്ല, ചെലവഴിക്കാത്തതുകൊണ്ടാണ് ഈ പ്രതിസന്ധിയുണ്ടായത്.
ഇപ്പോൾ പ്രധാനമായും പരിഗണിക്കേണ്ടത്, ജനങ്ങളിലേക്ക് പണമെത്തുന്നില്ല എന്ന പ്രശ്നമാണ്. പാവപ്പെട്ടവരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ. സാമൂഹികരംഗത്ത് പാവപ്പെട്ടവർക്കായി കൂടുതൽ ചെലവഴിച്ചതുകൊണ്ടല്ല, ചെലവഴിക്കാത്തതുകൊണ്ടാണ് ഈ പ്രതിസന്ധിയുണ്ടായത്. മുതലാളിത്ത വിപണിയിലധിഷ്ഠിതമായ ഒരു ക്രമത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത് പലപ്പോഴും കൂടുതൽ ഉൽപ്പാദനം നടക്കുകയും ഡിമാന്റ് വേണ്ട രീതിയിൽ വികസിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ്. അതൊരു മുതലാളിത്ത പ്രശ്‌നമാണ്. ഇവിടെയും സമാനപ്രശ്‌നമാണുള്ളത്.
ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കർഷകനെ നോക്കൂ. അദ്ദേഹം കൃഷി ചെയ്യുന്നത് സ്വന്തം ഭൂമിയിലല്ല, പാട്ടത്തിനെടുത്ത ഭൂമിയിലാണ്. കൃഷി വിജയിച്ചാലും ഇല്ലെങ്കിലും പാട്ടം കൊടുക്കണം. ഭാര്യ തൊഴിലുറപ്പിന് പോകുന്നയാളാണ്. ഒരുതരത്തിലും ജീവിച്ചുപോകാനാകാത്ത സാഹചര്യമായിരുന്നു ആ കുടുംബത്തിന്.
തൊഴിലുറപ്പ് പദ്ധതി നോക്കൂ, അതിന് കേന്ദ്ര സർക്കാർ പണം നൽകുന്നില്ല എന്നാണ് വിമർശനം. കേന്ദ്രം പറയുന്നതാകട്ടെ, സംസ്ഥാന സർക്കാർ ശരിക്ക് കണക്കുകൾ അവതരിപ്പിക്കുന്നില്ല എന്നും. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും രണ്ടു വകുപ്പുകൾ തമ്മിലുള്ള പ്രശ്‌നമായി മാറിയിരിക്കുകയാണ് ഇത്.
തൊഴിലുറപ്പു പദ്ധതിയിൽ ആദിവാസികൾക്കുപോലും കൃത്യമായി വേതനം ലഭിക്കുന്നില്ല. അവരും ദാരിദ്ര്യത്തിലാണ്. ട്രൈബൽ മേഖലയെടുത്താൽ, ആദിവാസികൾക്കിടയിൽ തൊഴിലുറപ്പ് പദ്ധതികൾക്ക് വലിയ പ്രചാരമില്ല. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസികൾക്ക് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കേണ്ടിവന്നതുതന്നെ അവരുടെ സാമ്പത്തികമായ അടിത്തറ തകർന്നതിന്റെ ഫലമായിട്ടാണ്. അതിന് സർക്കാറാണ് ഉത്തരവാദി. ആദിവാസികളിൽനിന്ന് ഭിന്നമായി, ഭൂരഹിത ദലിത് വിഭാഗങ്ങൾ തൊഴിലുറപ്പ് പദ്ധതിയെ അമിതമായി ആശ്രയിക്കുന്നു.
കേരളത്തിന്റെ സാമ്പത്തിക വളർച്ച വളരെ അഭിമാനിക്കാവുന്ന ഒന്നല്ല, അതൊരു മോഡലുമല്ല. കാരണം, അത് കൂടുതൽ പേരെ പാർശ്വവൽകൃതരാക്കിയ ഒന്നാണ്. വികസനത്തിൽനിന്ന് പുറന്തള്ളിക്കൊണ്ടുള്ള വികസനമാണ് ഇവിടെ നടന്നത്. അതുവഴി, പരമ്പരാഗതമായി പുറന്തള്ളപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട ധാരാളം ജനവിഭാഗങ്ങൾ ഇവിടെയുണ്ടായി. അതിനൊപ്പം, ഇപ്പോൾ കൂടുതൽ വിഭാഗങ്ങൾ പാർശ്വവൽക്കരണത്തിന് വിധേയരാകുന്നു.
ആദിവാസികളുടെ കാര്യം പരിശോധിച്ചുനോക്കൂ. കേരളത്തിൽ ഇന്ന് ആദിവാസി പ്രദേശങ്ങളില്ല. കൈയേറ്റമേഖലയിൽ കാണുന്ന ചെറിയ വിഭാഗമാണ് ആദിവാസികൾ. വയനാട് ഒരു ആദിവാസി പ്രദേശമല്ല ഇന്ന്. ആദിവാസി ഭൂമി അന്യാധീനപ്പെടുന്നതിൽ മൂന്ന് ഘടകങ്ങളുണ്ട്: രാഷ്ട്രീയ പാർട്ടികൾ, ഭരണകൂടം, ചർച്ച്. ഈ മൂന്നു വിഭാഗങ്ങളും കൈയേറ്റക്കാർക്കൊപ്പമാണ്. പാപ്പരീകരിക്കപ്പെടുന്ന ആദിവാസികൾക്കുവേണ്ടി സംസാരിക്കുന്ന അച്ചന്മാരെയും കന്യാസ്ത്രീമാരെയും ചർച്ച് ശിക്ഷിക്കുന്ന ധാരാളം കേസുകളുണ്ട്.
കടമെടുപ്പ് വലിയ പ്രശ്‌നമാണ്. കടമെടുത്ത പണം എന്തിന് ഉപയോഗിക്കുന്നു എന്നത് പ്രധാന കാര്യമാണ്.
കേരളത്തിൽ ഭൂപരിഷ്‌കരണത്തിനുശേഷം ഭൂമികെയേറ്റം എന്നത് ഒരു തൊഴിലാണ്. ഭൂമി കൈയേറ്റക്കാരും സർക്കാറും തമ്മിലുള്ള പാരസ്പര്യം നിലനിൽക്കുന്നതുകൊണ്ട് ഉദ്യോഗസ്ഥർക്കുപോലും ഒന്നും ചെയ്യാനാകില്ല. മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതുപോലും ഭൂരഹിതർക്ക് നൽകാൻ സർക്കാറിന് കഴിയുന്നില്ല. പി.വി. അൻവർ എം.എൽ.എയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത്? ഹൈകോടതിയും ലാൻഡ് ബോർഡും പറഞ്ഞിട്ടുപോലും ഭൂമി വിട്ടുകൊടുക്കുന്നില്ല. കാരണം, അദ്ദേഹം സമ്പന്നനും ശക്തനുമാണ്. ചിലരെ ഒഴിപ്പിക്കുമെന്നുപറഞ്ഞ് ഇടുക്കി കലക്ടർ കുറച്ച് ധൈര്യം കാണിച്ചു. അവരെ അവിടെനിന്ന് മാറ്റും. മുമ്പും പല സിവിൽ സർവന്റ്‌സും ഭൂമി കെയേറുന്നതായി ചുണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അവിടുത്തെ രാഷ്ട്രീയ രാജാക്കന്മാർ സ്വാധീനമുപയോഗിച്ച് അവരെ നിർവീര്യമാക്കിയിട്ടുണ്ട്. ധൈര്യത്തോടെ പ്രവർത്തിക്കാൻ ഇത്തരം ഉദ്യോഗസ്ഥരെ വ്യവസ്ഥിതി സമ്മതിക്കില്ല.
ആദിവാസികളെപ്പോലുള്ള തനതായ ജനതയെ പാപ്പരീകരിച്ച് അവരിൽ ആശ്രിതത്വം സൃഷ്ടിക്കുന്നതിൽ സർക്കാറിനാണ് പങ്ക്. കേരളത്തിൽ 30,000 ലേറെ കോളനികളുണ്ട് എന്നു പറയുന്നു. അവിടെ രണ്ടും മൂന്നും സെന്റിൽ മനുഷ്യർ വീർപ്പുമുട്ടി കഴിയുകയാണ്. ഒരു വ്യവസായി ചോദിച്ചാൽ എത്ര ഏക്കർ വേണമെങ്കിലും കൊടുക്കും. ഭൂരഹിതരെ സംബന്ധിച്ച് ഏറ്റവും പ്രാഥമികമായ കാര്യമാണ് വീട്. അവരുടെ മറ്റു കഴിവുകളെല്ലാം വീടിനെ ആശ്രയിച്ചാണിരിക്കുന്നത്. ഈ ജനതയുടെ മേലാണ് എല്ലാ ഭാരങ്ങളും ചുമത്തുന്നത്.
എല്ലാ സാധനങ്ങളുടെയും വില കൂടി. സപ്ലൈകോയിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വില കൂട്ടാനുള്ള നീക്കത്തിനുപുറകിൽ ഗൂഢാലോചനയുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തെ ദുർബലമാക്കി ഓപൺ മാർക്കറ്റിനെ സഹായിക്കാനാണോ സർക്കാർ ശ്രമിക്കുന്നത്?. ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽ പോലും ഇടപെടാൻ സർക്കാറിന് കഴിയുന്നില്ലെങ്കിൽ ഇങ്ങനെ സംശയിക്കേണ്ടിവരും.
കടമെടുപ്പ് വലിയ പ്രശ്‌നമാണ്. കടമെടുത്ത പണം എന്തിന് ഉപയോഗിക്കുന്നു എന്നത് പ്രധാന കാര്യമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ തിയറി ഉപയോഗിച്ചാണ് കടമെടുപ്പിനെ സാധാരണ ന്യായീകരിക്കാറ്. കടമെടുക്കുന്ന പണം പ്രത്യൽപാദനപരമായി ഉപയോഗിക്കുകയാണെങ്കിൽ പ്രശ്‌നമില്ല. അതിൽനിന്ന് വരുന്ന വരുമാനം സ്വഭാവികമായും കടം വീട്ടിക്കൊണ്ടിരിക്കും. പ്രത്യുൽപാദനപരമായി സർക്കാർ എവിടെയാണ് നിക്ഷേപം നടത്തുന്നത്. അതേസമയം, സ്റ്റാർട്ടപ്പ് മിഷൻ പോലെ സ്വാഗതാർഹമായ ചില സംരംഭങ്ങളുണ്ട്. അതിൽ ഭാവനയും ബുദ്ധിശക്തിയുമുണ്ട്. പക്ഷെ, അതിലുടെ തൊഴിലവസരം സൃഷ്ടിക്കാനുള്ള അവസരം പരിമിതമാണ്.
മുൻഗണനാക്രമം ജനങ്ങളിൽനിന്നാണ് വരേണ്ടത്. അത് സാമൂഹികമായി സൃഷ്ടിക്കപ്പെടേണ്ട ഒന്നാണ്. അല്ലാതെ, തങ്ങൾക്ക് മാൻഡേറ്റ് ഉണ്ടെന്നു പറഞ്ഞ് സർക്കാർ തന്നെ നിശ്ചയിക്കുന്നതാകരുത്.
സാധാരണക്കാർക്ക് പെൻഷൻ കൊടുക്കാനോ സാധനങ്ങൾ പൊതുവിപണിയിലൂടെ ലഭ്യമാക്കാനോ സർക്കാറിന്റെ കൈയിൽ പണമില്ല. എന്നാൽ, എത്ര വലിയ ആഘോഷങ്ങൾക്കും എത്ര വിദേശയാത്രകൾക്കും പണമുണ്ട്.
സർവീസിൽനിന്ന് വിരമിച്ച വലിയ ഉദ്യോഗസ്ഥരെ വീണ്ടും വലിയ പ്രതിഫലത്തിന് നിയമിച്ചിരിക്കുകയാണ്. മന്ത്രിമാരുടെ സ്റ്റാഫിലും പി.എസ്.സി അംഗങ്ങളായിട്ടും ഇത്രയധികം പേരെ സംസ്ഥാനത്തിന് ആവശ്യമുണ്ടോ. ഇവർക്ക് പൊതുഖജനാവിൽനിന്നാണല്ലോ എടുത്തുകൊടുക്കുന്നത്. ഇവർക്ക് പെൻഷനുമുണ്ട്. രണ്ടര ലക്ഷത്തോളം രൂപയാണ് പി.എസ്.സി അംഗത്തിന്റെ ശമ്പളം, ജീവിതകാലം മുഴുവൻ പെൻഷനും.
കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചത് നന്നായി. വരുമാനം കൂടിയതുകൊണ്ട് പരിഹരിക്കാവുന്നതല്ല ഇപ്പോഴത്തെ പ്രതിസന്ധി. സാമ്പത്തിക സുസ്ഥിരത പുനഃസ്ഥാപിക്കണമെങ്കിൽ ചെലവിനെക്കുറിച്ച് ഒരു സ്വതന്ത്ര ഏജൻസി പഠിക്കണം. ചെലവുകളുടെ മുൻഗണനാക്രമം പരിശോധിക്കണം. അത്യന്താപേക്ഷിതമായി വേണ്ടത് അതാണ്. ഇപ്പോഴുള്ള ചെലവുകൾ ആവശ്യമുണ്ടോ? ഏതിനാണ് മുൻഗണന കൊടുക്കേണ്ടത്. ചെലവുകളുടെ മുൻഗണനാക്രമം ആരാണ് നിശ്ചയിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാറിന് താത്വികമായ അവകാശമേയുള്ളൂ. മുൻഗണനാക്രമം ജനങ്ങളിൽനിന്നാണ് വരേണ്ടത്. പാവങ്ങൾക്ക് വീടു വെക്കാനും ഭൂരഹിതർക്ക് ഭൂമി നൽകാനും സമ്പത്തിന്റെ പുനർവിതരണത്തിനുമാണോ മുൻഗനണാക്രമം?. അത് സാമൂഹികമായി സൃഷ്ടിക്കപ്പെടേണ്ട ഒന്നാണ്. അല്ലാതെ, തങ്ങൾക്ക് മാൻഡേറ്റ് ഉണ്ടെന്നു പറഞ്ഞ് സർക്കാർ തന്നെ നിശ്ചയിക്കുന്നതാകരുത്.
കാടും കായലും കടലും വെട്ടിപ്പിടിച്ച് ഒരു വിഭാഗം തടിച്ചുകൊഴുക്കുകയാണ്. ഭരണകൂടത്തിന്റെ ശക്തിയും സഹായവും അവർക്കാണ് കിട്ടുന്നത്. അവർക്കുവേണ്ടി മുൻഗണനാക്രമം മാറിയിരിക്കുന്നു. കെ- റെയിലും വിഴിഞ്ഞം തുറമുഖവും വികസനമാതൃകകളായി അങ്ങനെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇവ വികസന മാതൃകകളാണെന്ന് ജനം പറഞ്ഞുവോ? ഇതല്ല വികസനം. കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന പ്രൊജക്റ്റുകൾ മുന്നോട്ടുവച്ച് ഇതാണ് ഇവിടുത്തെ ആവശ്യം എന്നു പറയുകയാണ് സർക്കാർ ചെയ്യുന്നത്. ഇത്തരം സമീപനങ്ങളെ ചോദ്യം ചെയ്യാനും മുൻഗണനാക്രമം പുനഃസൃഷ്ടിക്കാനുമുള്ള ജനങ്ങളുടെ അധികാരം നഷ്ടപ്പെടുന്നു.
ചോദ്യം ചെയ്യപ്പെടേണ്ട സ്ഥാപനമാണ് ഗവൺമെന്റ്. അത് എന്നും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ചോദ്യം ചെയ്യുന്നവർ വികസന വിരുദ്ധരാണ് എന്നു പറയുന്നതിൽ കാര്യമില്ല. എന്നാൽ, ഇവിടെ പ്രതിഷേധിക്കുന്നവർ ആക്രമിക്കപ്പെടുകയാണ്. 87 വയസ്സായ മറിയക്കുട്ടി എന്ന വയോധികക്ക് യാചിക്കേണ്ടിവന്നത് അവർ ഏത് അവസ്ഥയിലെത്തിയപ്പോഴാണ് എന്ന് ചിന്തിക്കണം. അത് കേരളത്തിന് അപമാനമാണ് എന്നു പറഞ്ഞ് ന്യായീകരണ തൊഴിലാളികൾ സോഷ്യൽ മീഡിയയിൽ അവരെ ആക്രമിക്കുകയായിരുന്നു. അധഃസ്ഥിത വിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിലൂടെ മാത്രമേ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ. കാരണം, അവരാണിവിടെ സമ്പത്ത് ഉൽപ്പാദിപ്പിക്കുന്നത്. 1843-ൽ മാർക്‌സ് പറഞ്ഞല്ലോ, ദാരിദ്ര്യവും സമ്പത്തും ഒരേ പ്രക്രിയയിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന്. ദരിദ്രർ സമ്പന്നർക്കുവേണ്ടി സമ്പത്ത് സൃഷ്ടിക്കുന്നുവെന്നുമാത്രമല്ല, അതിനോടൊപ്പം തങ്ങളുടേതായ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും സൃഷ്ടിക്കുകയും പുനർസൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
സമ്പന്നർ സമ്പന്നർക്കുവേണ്ടി ഭരണം നടത്തുകയും സമ്പന്നർ സമ്പന്നർക്കുവേണ്ടി വ്യവസ്ഥിതി നിലനിർത്തുകയുമാണ് ചെയ്യുന്നത്. ആര് ജീവിക്കണം, ആര് ജീവിക്കേണ്ടതില്ല എന്ന് ഏകപക്ഷീയമായി തീരുമാനിക്കപ്പെടുന്നു. വികസനപ്രശ്‌നങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളുടെയും കാര്യത്തിൽ വിശകലനവും വിമർശനവും വേണ്ട എന്നു പറയുന്നത് ജനാധിപത്യവിരുദ്ധമായ സമീപനമാണ്.