ആദ്യ സർക്കാർ സ്‍പൈസസ് പാർക്കിന് തൊടുപുഴയിൽ തുടക്കം

Think

സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യ സ്പൈസസ് പാർക്ക് തൊടുപുഴയിലെ മുട്ടം, തുടങ്ങനാട്ട് തുടക്കമായി. ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ ആഗോളവിപണിയിൽ മത്സരശേഷി വളർത്തുകയും വിജയം കൈവരിക്കുകയും ചെയ്യാൻ വ്യവസായ പാർക്കുകൾ സഹായിക്കുമെന്ന് പാർക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ എംഎസ്എംഇ ക്ലസ്റ്റർ വികസന പദ്ധതിയുടെ കീഴിലാണ് പാർക്ക് വികസിപ്പിച്ചിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്ക്കരണത്തിനും മൂല്യവർധിത  ഉത്പന്നങ്ങൽ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സ്ഥലത്തിൽ 80 ശതമാനവും എട്ട് വ്യവസായ യൂണിറ്റുകൾക്കായി നൽകിക്കഴിഞ്ഞു. ആകെയുള്ള സ്ഥലത്തിൽ ഒമ്പതേക്കറാണ് വ്യവസായ പ്ലോട്ടുകളായി സംരംഭങ്ങൾക്ക് നൽകുന്നത്.


രണ്ടാം ഘട്ടത്തിൽ പത്തേക്കർ സ്ഥലമാണ് കിൻഫ്ര വികസിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനു പുറമെ ഏഴ് ഏക്കർ സ്ഥലത്ത് സ്പൈസസ് ബോർഡുമായി ചേർന്ന് സുഗന്ധവ്യഞ്ജന മൂല്യവർധിത ഉത്പന്നങ്ങൾഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്.
രാജ്യത്ത് സംസ്ഥാന സർക്കാർ വഴി നടപ്പാക്കുന്ന 42 മെഗാ ഫുഡ് പാർക്കുകളിലെ ആദ്യമായി പ്രവർത്തനം തുടങ്ങിയത് കേരളത്തിലാണ്.

മൂല്യവർധിത ഉത്പന്നങ്ങളാണ് ഇനിയുള്ള കാലത്തിന്റെ സാധ്യതയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആധുനിക കാലത്തിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾ സംസ്ക്കരിക്കാനും മൂല്യവർധിതമാക്കാനും സ്പൈസസ് പാർക്കിനും കഴിയും. ഇതിലൂടെ കൃഷിക്കാർക്ക് കൂടുതൽ മെച്ചം ലഭിക്കും.

കേരളത്തിന്റെ കാർഷിക രംഗത്തെ കൂടുതൽ പരിപോഷിപ്പിക്കാനുള്ള ഇടപെടൽ കൂടിയാണ് സ്പൈസസ് പാർക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കിൻഫ്ര സ്പൈസസ് പാർക്കിൻറെ രണ്ടാം ഘട്ടം ഒമ്പത് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉറപ്പ് നൽകി. ചെറുതോണിയിൽ ജലവിഭവ വകുപ്പ് നൽകിയ പത്തേക്കർ സ്ഥലത്ത് ഭക്ഷ്യസംസ്ക്കരണ പാർക്ക് ആരംഭിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കിൻഫ്രയുടെ കീഴിലുള്ള നിർദ്ദിഷ്ട പെട്രോ കെമിക്കൽ പാർക്ക് 2024- ൽ പൂർത്തീകരിക്കും.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല സ്വാഗതവും കിൻഫ്ര എം ഡി സന്തോഷ് കോശി തോമസ് നന്ദിയും പറഞ്ഞു. വിവിധ സംരംഭങ്ങൾക്കുള്ള അനുമതി പത്രം മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി. എം എൽ എമാരായ എം.എം. മണി, ഡി. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ബിനു, കളക്ടർ ഷീബ ജോർജ്ജ്, എംഎസ്എംഇ തൃശൂർ ജോയിൻറ് ഡയറക്ടർ ജി. എസ്. പ്രകാശ്, കിൻഫ്ര ജനറൽ മാനേജർ ഡോ. ടി ഉണ്ണികൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Comments