പ്രവാസി കുടുംബങ്ങൾക്ക് നാട്ടിലേക്കുവരാൻ വേണ്ടത് ലക്ഷങ്ങൾ, അറുതിയില്ലാത്ത വിമാനക്കൊള്ള

കഴിഞ്ഞ സീസണിൽ ദുബൈയിൽ നിന്ന് ഒരു വശത്തേക്ക് മാത്രമുള്ള യാത്രക്ക് 42,000- 65,000 രൂപ വരെ ടിക്കറ്റ് നിരക്ക് വന്നു. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ മൂന്നര ലക്ഷം ചെലവാകുന്ന സാഹചര്യം. ശരാശരി നിരക്ക് ആറായിരവും ഏഴായിരവും ആയിരുന്നിടത്താണ് ഈ കൊള്ള.

തു പ്രതിസന്ധി കാലത്തും സ്വന്തം നാടിനെ ചേർത്തുപിടിച്ചവരാണ് ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾ. പ്രളയത്തിലും കോവിഡ് കാലത്തും നമ്മളതു കണ്ടതാണ്. ലോകത്തെ 120 രാജ്യങ്ങളിലെങ്കിലും ഇന്ത്യൻ കുടിയേറ്റ സമൂഹങ്ങളുണ്ടെന്നാണ് കണക്ക്. ഗൾഫ് മേഖലയിൽ മാത്രം 30 ലക്ഷത്തോളം മലയാളികൾ താമസിച്ചുവരുന്നു. പുറംരാജ്യങ്ങളിൽ കഴിയുന്ന മലയാളി പ്രവാസികൾ അഞ്ചു ദശാബ്ദത്തിനിടയിൽ കേരളത്തിന്റെ സാമ്പത്തിക- സാമൂഹ്യ പുരോഗതിയിൽ വഹിച്ച പങ്ക് മാത്രം പരിശോധിച്ചാൽ മതി, കേരളം പ്രവാസി സമൂഹത്തോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാൻ. വ്യാപാരം, വിദ്യാഭ്യാസം, പാർപ്പിടം, ടൂറിസം ആരോഗ്യം തുടങ്ങി പുരോഗതിയുടെ ഏതുതലം പരിശോധിച്ചാലും പ്രവാസികളുടെ കൈയൊപ്പ് അവിടങ്ങളിലെല്ലാം തെളിഞ്ഞു കാണാം. എന്നാൽ പ്രവാസികളുടെ വിഷയങ്ങൾ സമൂഹത്തിന്റെയും സർക്കാരുകളുടെയും ശ്രദ്ധയിലേക്ക് വേണ്ടത്ര ഗൗരവത്തോടെ വരാറുണ്ടോയെന്ന് വർഷങ്ങളായി വിദേശത്ത് വ്യാപാരവും സാമൂഹ്യപ്രവർത്തനങ്ങളും നടത്തുന്നയാളെന്ന നിലയിൽ ആലോചിച്ചുപോവാറുണ്ട്.

വ്യോമയാന മേഖലയിൽ നടക്കുന്ന ചൂഷണം എല്ലായ്പ്പോഴും സാധാരണക്കാരായ വിദേശയാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഫെസ്റ്റിവൽ സീസണുകൾ അടുക്കുമ്പോൾ ഇത്തരം ചൂഷണപ്രവണത വർദ്ധിക്കുന്നത് ഖേദകരമാണ്. വേനലവധിയും, ചെറിയ പെരുന്നാളും വിഷുവുമൊക്കെ ഒരുമിച്ചെത്തിയ ഈ സീസണിലും ഇതിന് മാറ്റമില്ല. ഭാര്യയും ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന് നാട്ടിൽ പോയി വരാൻ ഉയർന്ന വിമാന നിരക്കു കാരണം സാധിക്കാത്ത സാഹചര്യം.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുള്ള ദിവസങ്ങളാണിത്. സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടാവുക യു.എ.ഇ, സൗദി അറേബ്യ, ഖത്തർ രാജ്യങ്ങളിൽ നിന്നാണ്. ഈ മേഖലകളിലേക്കും തിരിച്ചുമുള്ള യാത്രാനിരക്കിലാണ് ഇപ്പോൾ വൻവർദ്ധനവ്. നാലിരട്ടിയിലേറെയാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി വിമാനക്കമ്പനികൾ കൂട്ടിയത്. നിരക്ക് ഏകീകരിക്കാനോ നിയന്ത്രിക്കാനോ യാതൊരു സംവിധാനവുമില്ലാത്തതാണ് ഈ വർദ്ധനക്ക് കാരണം.

ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രികരെയും ഇത്തരം ഫെസ്റ്റിവൽ ഫെയറുകൾ പ്രതിസന്ധിയിലാക്കുന്നു. ജോലിക്കും പഠനത്തിനും അത്യാവശ്യമായി അതാതു രാജ്യങ്ങളിലെത്തേണ്ടവർ പോലും അമിത നിരക്ക് മൂലം യാത്ര മാറ്റിവെക്കേണ്ടിവരുന്നുണ്ട്. കാനഡയിൽ നിന്നും യു.എസിൽ നിന്നും ഇന്ത്യയിലേക്കെത്തിയതിന്റെ നാലോ അഞ്ചോ ഇരട്ടി നിരക്കിൽ ടിക്കറ്റെടുത്ത് തിരിച്ചുപോവേണ്ടി വരുന്നു. നേരത്തെ ടിക്കറ്റെടുത്ത് വെച്ചവർക്ക് പലപ്പോഴും വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നതുമൂലം പുതിയ ഉയർന്ന നിരക്കിൽ ടിക്കറ്റെടുക്കാൻ നിർബന്ധിതരാവുന്നു.

വിമാനയാത്രാ കമ്പനികളുടെ നിരക്ക് കൊള്ളക്കെതിരെ മലയാളി കൂട്ടായ്മകൾ ശബ്ദമുയർത്തകയും സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്താറുള്ളതുമാണ്. എന്നാൽ സാധാരണക്കാരായ യാത്രക്കാർക്ക് സമാശ്വാസമാകുന്ന രീതിയിൽ ഈ രംഗത്തെ ഇടപെടലുകൾ ഫലം ചെയ്യുന്നില്ല. വിദേശ യാത്രികരുടെ എണ്ണം അനുദിനം വർധിക്കുമ്പോഴും യാത്രാനിരക്ക് കുറക്കാൻ കമ്പനികൾ തയ്യാറാകുന്നില്ല. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ പോലും യാത്രക്കാർക്ക് ആശ്വാസം നൽകുന്ന ഫെയറല്ല ഈടാക്കുന്നത്.

Air India Flight

കഴിഞ്ഞ സീസണിൽ ദുബൈയിൽ നിന്ന് ഒരു വശത്തേക്ക് മാത്രമുള്ള യാത്രക്ക് 42,000- 65,000 രൂപ വരെ ടിക്കറ്റ് നിരക്ക് വന്നു. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ മൂന്നര ലക്ഷം ചെലവാകുന്ന സാഹചര്യം. ശരാശരി നിരക്ക് ആറായിരവും ഏഴായിരവും ആയിരുന്നിടത്താണ് ഈ കൊള്ള. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന, അവധി ദിനങ്ങളിലും ആഘോഷ വേളകളിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഇരുട്ടടിയാകുന്ന ഈ പ്രവണതയെ നിയന്ത്രിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരേണ്ടതുണ്ട്. ഇന്ധനച്ചെലവടക്കം വർദ്ധിക്കുന്നതും യാത്രികർ കൂടുന്നതുമാണ് യാത്രാക്കൂലി വർദ്ധിപ്പിക്കാനുള്ള കാരണമെന്ന വിമാനക്കമ്പനികളുടെ വാദം മുഖവിലക്കെടുക്കാനാവില്ല. കാരണം ഇന്ധന വില കുറയുന്ന അവസരങ്ങളിലൊന്നും അതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നൽകാൻ തയ്യാറാകാത്ത വിമാനക്കമ്പനികളാണ് അധികവും.

ഫെസ്റ്റിവൽ സീസണുകളിലും ടിക്കറ്റ് വർദ്ധനയുടെ സമയത്തും നാട്ടിൽ പോകാനാഗ്രഹിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമായി ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കാൻ കേരള സർക്കാർ ശ്രമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. യു എ ഇ കേരള സെക്ടറിൽ ചാർട്ടർ വിമാന സർവീസ് ഏർപ്പെടുത്തിയാൽ വലിയൊരു ആശ്വാസമാവും. കഴിഞ്ഞ ബജറ്റിൽ 15 കോടി ഇത്തരം പ്രവർത്തനങ്ങൾക്കായി കണക്കാക്കിയിട്ടുണ്ടെന്നാണ് വാർത്തകളിൽ കണ്ടത്. കേരള- കേന്ദ്ര സർക്കാരുകളും എംബസിയും നോർക്കയും യോജിച്ച് പ്രവർത്തിച്ചാൽ ഇത്തരം ഇടപെടലുകൾ ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കും.

രാജ്യത്തിന്റെ പുരോഗതിയിൽ അതിനിർണായക പങ്ക് വഹിച്ച പ്രവാസി സമൂഹത്തിന്റെ ആനുകൂല്യങ്ങൾ ഏതെങ്കിലും ഒരു വിധത്തിൽ അനുഭവിക്കുന്നവരായിരിക്കും കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും. അവരെ കേവലം കറവപശുക്കളായി മാത്രം കാണുന്ന സാഹചര്യത്തിന് മാറ്റം വരേണ്ടതുണ്ട്. എല്ലാ ഉത്സവ സീസണുകളിൽ വിമാനയാത്രാകൂലി സംബന്ധിച്ച വിഷയങ്ങൾ ഉയർന്നുവരാറുണ്ട്. പക്ഷേ ശാശ്വത പരിഹാരം കാണാൻ സാധിക്കുന്നില്ല. ഇനിയെങ്കിലും നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ യാത്രാ സംബന്ധിച്ച പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ അധികാരികൾക്ക് സാധിക്കണം. പ്രവാസി സമൂഹത്തിനുള്ള പിന്തുണ നാടിന്റെ വലിയ പുരോഗതിക്ക് വഴി തെളിയിക്കുമെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.

Comments