44 വർഷത്തിനുശേഷം രണ്ട് കേരള കോൺഗ്രസുകാർ തമ്മിൽ നടന്ന നേരിട്ടുള്ള പോരാട്ടത്തിൽ കോട്ടയം ജോസഫ് വിഭാഗം ജയം ഉറപ്പിച്ചു. ഫ്രാൻസിസ് ജോർജ് സിറ്റിങ് എം.പി തോമസ് ചാഴിക്കാടനെക്കാള്‍ അറുപതിനായിരത്തില്‍പരം വോട്ടുകള്‍ക്ക് മുന്നിലാണ്. എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ജോസ് കെ. മാണി എൽ.ഡി.എഫിന്റെ ഭാഗമായശേഷമുള്ള ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് മാണി വിഭാഗത്തിന് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മരണത്തിനുശേഷമുള്ള ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് എന്നതും ഇത്തവണത്തെ സവിശേഷതയായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം കൂടിയാണ് കോട്ടയം.
കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ചാഴിക്കാടൻ സി.പി.എമ്മിന്റെ വി.എൻ. വാസവനെ 1,06,251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ തോമസ് ചാഴിക്കാടൻ ഇടതുപക്ഷ എം.പിയാവുകയായിരുന്നു.
2009, 2014 വർഷങ്ങളിൽ കോട്ടയത്തെ പാർലമെന്റിൽ പ്രതിനിധീകരിച്ചത് ജോസ് കെ. മാണിയായിരുന്നു. എൽ.ഡി.എഫിനും യു.ഡി.എഫിനും പലതവണ അവസരം നൽകിയ കോട്ടയത്തെ വോട്ടർമാർ ഏതാനും വർഷങ്ങളായി യു.ഡി.എഫിനൊപ്പമായിരുന്നു.
കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച തോമസ് ചാഴിക്കാടൻ തന്നെ ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി വന്നത് തിരിച്ചടിയായിട്ടുണ്ട് എന്നാണ് ഫലം കാണിക്കുന്നത്. ചാഴിക്കാടനും മാണി ഗ്രൂപ്പും യു.ഡി.എഫിനെ വഞ്ചിച്ചാണ് എൽ.ഡി.എഫിലേക്കുപോയത് എന്ന യു.ഡി.എഫ് കാമ്പയിൻ വോട്ടർമാരെ സ്വാധീനിച്ചുവെന്നു പറയാം. മാത്രമല്ല, മാണി ഗ്രൂപ്പും സി.പി.എമ്മും ഒത്തുചേർന്ന് പിടിക്കുന്ന വോട്ടിനേക്കാൾ കൂടുതൽ വോട്ട് ജോസഫ് ഗ്രൂപ്പും കോൺഗ്രസും ചേർന്ന സഖ്യത്തിന് സമാഹരിക്കാനായി.
സംസ്ഥാന- കേന്ദ്ര സർക്കാറുകൾക്കെതിരായ കാമ്പയിനാണ് യു.ഡി.എഫ് നടത്തിയത്. പ്രാദേശിക വിഷയങ്ങളും ചർച്ചയായിരുന്നു. റബർ പ്രധാന ഉപജീവന മാർഗമായ കോട്ടയത്ത് റബർ വിലയും കാമ്പയിനെ ചൂടുപിടിപ്പിച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റബറിന്റെ താങ്ങുവില ഉയർത്തിയ പിണറായി സർക്കാരിന്റെ നീക്കം വോട്ടർമാരെ സ്വാധീനിച്ചില്ല. മലയോര മേഖലയിലെ കർഷകർ നേരിടുന്ന കാട്ടുപന്നി ആക്രമണങ്ങളടക്കം വോട്ടിംഗിനെ സ്വാധീനിച്ച ഘടകങ്ങളാണ്.
കേരള കോൺഗ്രസ് മാണി വിഭാഗത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. വിജയം എൽ.ഡി.എഫിനേക്കാൾ ജോസ് കെ. മാണിക്ക് അനിവാര്യവുമായിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ചാഴിക്കാടൻ ഇത്തവണയും ജയിച്ചിരുന്നുവെങ്കിൽ, ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തിനുള്ള അംഗീകാരം കൂടിയാകുമായിരുന്നു. എന്നാൽ ചാഴിക്കാടന്റെ പരാജയം ജോസ് കെ. മാണിക്ക് വ്യക്തിപരമായ തിരിച്ചടി കൂടിയാണ്.
എറണാകുളം ജില്ലയിലെ പിറവവും കോട്ടയം ജില്ലയിലെ പാലായും കടുത്തുരുത്തിയും വൈക്കവും ഏറ്റുമാനൂരും കോട്ടയവും പുതുപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേരുന്നതാണ് കോട്ടയം ലോക്‌സഭ മണ്ഡലം. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് മേൽക്കൈ എങ്കിലും മാണി വിഭാഗവും സിപിഎമ്മും ചേരുമ്പോൾ വിജയിക്കാമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ. തോമസ് ചാഴിക്കാടനെ സ്വന്തം പാർട്ടി സ്ഥാനാർഥിയായി പരിഗണിക്കണമെന്ന് ജില്ലയിലെ സിപിഎം നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശവും നൽകിയിരുന്നു.