ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ, പ്രത്യേകിച്ച്, വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർക്കിടയിൽ, അനുഭവപ്പെടുന്ന കേരളത്തിൽ പി.എസ്.സി വഴി നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ ക്രമക്കേട് അസാധാരണമായ ജിജ്ഞാസയും പ്രതിഷേധവും സൃഷ്ടിക്കുന്ന കാര്യമാണ്.
ദേശീയ ശരാശരിയുടെ മൂന്നു മടങ്ങാണ് കേരളത്തിലെ തൊഴിലില്ലായ്മ- വിദ്യാഭ്യാസമുള്ളവരുടെ ഏതാണ്ട് 30%. ഉൽപ്പാദനപ്രക്രിയകളോ കൃഷിയോ വ്യവസായമോ തീരെയില്ലാത്ത ഈ സംസ്ഥാനത്തെ ഉദ്യോഗാർഥികളുടെ പ്രധാന ആശ്രയമാണ് സർക്കാർ ജോലി. അതിനർഹരായവരെ തെരഞ്ഞെടുക്കേണ്ട പി.എസ്.സിയിലാണ് ഒന്നിനുപുറകേ ഒന്നായി ക്രമക്കേടുകൾ തെളിവു സഹിതം ആരോപിക്കപ്പെടുന്നത്.
യുവാക്കൾ സർക്കാറിനെ ജോലിക്കോ ഉപജീവനമാർഗങ്ങൾക്കോ ആശ്രയിക്കുന്നത് ഒരു ആധുനിക സമൂഹം എത്രത്തോളം un productive ആണ് എന്നതിന് തെളിവാണ്. ജനോപകാരപ്രദമായ ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, പൊതുവിതരണം, ഗതാഗതം, മരാമത്ത് തുടങ്ങിയ രംഗങ്ങളിലൊഴികെ മറ്റു മേഖലകളിൽ വളർച്ചയുണ്ടാകേണ്ടതും അത്തരം മേഖലകളിൽ ജോലികൾ ഉണ്ടാവേണ്ടതും സുസ്ഥിര വികസനത്തിന് അത്യാവശ്യമാണ്. സർക്കാർ നൽകുന്ന ജോലികൾ വെൽഫെയർ സ്‌റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലും ധാരാളമുണ്ട്, പക്ഷെ, അത് സ്വകാര്യമേഖലകളിലേക്കാൾ ശമ്പളത്തിന്റെ കാര്യത്തിലും എണ്ണത്തിലും വളരെ കുറവാണ്. മാത്രമല്ല, ഇത്തരം ജോലികൾ സർക്കാർ ചെയ്യേണ്ട സർവീസുകൾ നൽകാൻ വേണ്ടിയുള്ളതാണ്. കൂടുതൽ സർക്കാർ ജോലികളുള്ള 'ലാർജ് സ്‌റ്റേറ്റ്' എന്നറിയപ്പെടുന്ന സമൂഹങ്ങൾ മിക്കപ്പോഴും വെൽഫെയർ സ്‌റ്റേറ്റുകളായിരിക്കുകയും ചെയ്യും.
പക്ഷെ, കേരളത്തിൽ അങ്ങനെയല്ല. എല്ലാ രംഗത്തും 'ഉറപ്പുള്ള', നല്ല ശമ്പളമുള്ള ജോലികൾ സർക്കാറിലാണ്. അതുകൊണ്ടാണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കൂട്ടംകൂട്ടമായി സർക്കാർ ജോലി തേടുന്നത്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതുമാത്രമാണ് ചെറുപ്പക്കാരുടെ ഒരേയൊരു അത്താണി. അതുകൊണ്ടാണ് ലക്ഷക്കണക്കിനുപേർ റെയിൽവേയിലെയും പൊലീസിലെയും ജോലികൾക്കായി പരീക്ഷാകേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറുന്ന കാഴ്ച നാം കാണുന്നത്.

കേരളത്തിന്റെ അവസ്ഥയും വിഭിന്നമല്ല. 15 മുതൽ 29 വയസ്സുവരെയുള്ളവരുടെ എണ്ണം കുറവായതിനാൽ അത്രയും ആൾക്കൂട്ടം കേരളത്തിൽ കാണുന്നില്ല. പക്ഷെ, അനുപാതാടിസ്ഥാനത്തിൽ നോക്കുമ്പോൾ രൂക്ഷത സമാനമാണ്. അവിടെയാണ് ഈ പി.എസ്.സി ക്രമക്കേട് മനുഷ്യാവകാശവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാകുന്നത്. ഒരു സർക്കാർ അതിന്റെ ജനങ്ങളെത്തന്നെ വഞ്ചിക്കുന്നതിന് തുല്യമാണത്.
ഒരു തരത്തിലും ക്രമക്കേട് നടക്കില്ലെന്നും കഴിവുള്ളവർക്ക് ജോലി കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണല്ലോ ചെറുപ്പക്കാർ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള, ഭരണഘടനാസംരക്ഷണമുള്ള സ്ഥാപനം തന്നെ പിൻവാതിൽ നിയമനം നടത്താൻ തുടങ്ങിയാൽ പ്രാഥമികമായി നിഷേധിക്കപ്പെടുന്നത് ജീവിക്കാനുള്ള അവകാശം തന്നെയാണ്. കേരള സർക്കാറിന് ഇടപെടാൻ കഴിയാത്ത, അഥവാ ഇടപെടാൻ ശക്തമായ തടസ്സങ്ങളുള്ള ഒരു സംവിധാനം ഇത് ചെയ്യുമ്പോൾ ജനം എന്താണ് ചെയ്യേണ്ടത്?
മറ്റൊരു സംസ്ഥാനത്തിലുമില്ലാത്ത എണ്ണവും വൻതുക ശമ്പളവും പെൻഷനും പറ്റുന്ന ഒരു സ്ഥാപനത്തിലെ അംഗങ്ങളും ചെയർമാനുമടങ്ങുന്ന സംവിധാനത്തിനാണ് ഇതിന്റെ ഉത്തരവാദിത്വം എന്നത് ഭയനാകമാണ്.
ആയിരക്കണക്കിന് ചെറുപ്പക്കാരാണ് പി.എസ്.സി ജോലിക്ക് വൻ തുക മുടക്കി പരിശീലനം നേടുന്നത്. പി.എസ്.സി പരിശീലനവ്യവസായം കേരളത്തിൽ പടർന്നുപന്തലിച്ചിട്ടുണ്ട്.
കുറെ വർഷങ്ങളായി കേരളത്തിലെ സാധാരണ പ്രാക്ടീസ് ആയിക്കഴിഞ്ഞിരിക്കുകയാണ് പിൻവാതിൽ നിയമനം. ഇപ്പോഴുള്ള പ്രശ്‌നം പി.എസ്.സിയുടേതാണെങ്കിലും നാം മറന്നുപോകുന്നത്, അതിന്റെ ഇരട്ടിയോളം സർക്കാർ ജോലികൾ കൈകാര്യം ചെയ്യുന്നത് മറ്റു സംവിധാനങ്ങളിലൂടെയാണ് എന്നതാണ്. അതായത്, സർക്കാർ ജോലികളുടെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് പി.എസ്.സിയ്ക്ക് പുറത്താണ്. പി.എസ്.സിയിൽ ഇങ്ങനെയാണെങ്കിൽ മറ്റിടങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. രാഷ്ട്രീയ- പണ- ആൾ സ്വാധീനമുള്ളവർക്കുമാത്രം ജോലി കിട്ടുന്ന സംവിധാനമാണ് ഈ അവസ്ഥ ഉണ്ടാക്കിയെടുക്കുന്നത്. ഇത്തരം സ്വാധീനമില്ലാത്ത എല്ലാ ചെറുപ്പക്കാരെയും അരികുവൽക്കുകയാണ് ഈ അവകാശനിഷേധത്തെ നിയന്ത്രിക്കാത്ത സർക്കാറുകൾ ചെയ്യുന്നത്. ആരുമില്ലാത്തവർക്ക് ആരും തുണയില്ലാത്ത അവസ്ഥ.
ആയിരക്കണക്കിന് ചെറുപ്പക്കാരാണ് പി.എസ്.സി ജോലിക്ക് വൻ തുക മുടക്കി പരിശീലനം നേടുന്നത്. പി.എസ്.സി പരിശീലനവ്യവസായം കേരളത്തിൽ പടർന്നുപന്തലിച്ചിട്ടുണ്ട്. ധനശാസ്ത്രജ്ഞനും മുൻ ആർ.ബി.ഐ ഗവർണറുമായ രഘുറാം രാജൻ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്, ചെറുപ്പക്കാരുടെ നിർണായകമായ പ്രായത്തിന്റെ നഷ്ടമായിട്ടാണ്. കാരണം, ഇവരിൽ ഭൂരിപക്ഷത്തിനും ജോലി കിട്ടില്ല എന്നു മാത്രമല്ല, മറ്റു തൊഴിലുകൾ നേടാനുള്ള സ്‌കിൽ സ്വായത്തമാക്കേണ്ട സമയമാണ് ഇങ്ങനെ അവർ പാഴാക്കുന്നത്. അത്തരക്കാരെ സർക്കാർ പിൻവാതിൽ നിയമനങ്ങളിലൂടെ പറ്റിക്കുക കൂടി ചെയ്യുമ്പോഴോ?
ലക്ഷക്കണക്കിന് തൊഴിലന്വേഷകർ സർക്കാർ ജോലിക്ക് സെക്രട്ടേറിയറ്റിന്റെ മുന്നിലും മറ്റും മുട്ടിലിഴയുമ്പോഴും ആത്മഹത്യാഭീഷണി മുഴക്കി സ്വയം നാണം കെടുമ്പോഴും സ്വാധീനമുള്ളവർ ആവശ്യത്തിന് വിദ്യാഭ്യാസയോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാതെയാണ് നൂറുകണക്കിന് ജോലികളിൽ പിൻവാതിലിലൂടെ കയറിപ്പറ്റുന്നത്. ഇതിൽ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് ലക്ഷക്കണക്കിന് രൂപയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളുമാണുള്ളതെന്ന കാര്യം മറക്കേണ്ട.

കഴിഞ്ഞ വർഷങ്ങളിൽ കോടതി കയറിയ നിയമനങ്ങൾ നോക്കിയാലറിയാം, എത്ര സിസ്റ്റമാറ്റിക് ആയാണ് ഭരണവർഗം ഈ രംഗത്തെ അട്ടിമറിച്ചിരിക്കുന്നത് എന്ന്. നേതാക്കളുടെ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും കുടുംബാംഗങ്ങൾക്കെമൊക്കെ നികുതിപ്പണമെടുത്ത് ശമ്പളം കൊടുക്കുമ്പോൾ, ഒന്നിനുപുറകേ ഒന്നായി ഈ ജോലികൾക്ക് പരീക്ഷ എഴുതുന്നവർ ജീവിതം നിലനിർത്താൻ ഗിഗ് ഇക്കോണമിയിലേക്ക് ആട്ടിയോടിക്കപ്പെടുകയാണ്.
ഇത്തരം പിൻവാതിൽ നിയമനങ്ങൾ കണ്ടുപിടിക്കാനും അത്തരക്കാരെ മുൻകാല പ്രാബല്യത്തോടെ പുറത്താക്കാനും പുതിയ സർക്കാർ ഒരു ഭരണഘടനാ സംവിധാനം കൊണ്ടുവരേണ്ടതാണ്. അതിനുവേണ്ട നിയമനിർമാണം ആവശ്യമെങ്കിൽ ചെയ്യേണ്ടിവരും.
ഇത്തരം ക്രമക്കേടുകൾ ഭരണഘടനാലംഘനം മാത്രമല്ല, അധാർമികവുമാണ്. തൊഴിൽ നിഷേധത്തിനൊപ്പം കഴിവില്ലാത്തവരെ ഭരണപരമായ പ്രക്രിയകളുടെ ഭാഗമാക്കുന്നത് സമൂഹത്തിന്റെ നിലവാരം ഇല്ലാതാക്കും. അതാണ് ഇന്ന് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവാരത്തകർച്ചയുടെ പ്രധാന കാരണവും.
