നരേന്ദ്ര മോദിയെയും ബി ജെ പി സർക്കാരിനെയും പുകഴ്ത്തിക്കൊണ്ട് 24 ന്യൂസുമായി താങ്കൾ നടത്തിയ അഭിമുഖം കണ്ടു. 'നരേന്ദ്രമോദി കരുത്തനായ നേതാവാണെന്നും ബി ജെ പി മന്ത്രിസഭയിലെ അംഗങ്ങൾ വ്യക്തിപരമായ അഴിമതി നടത്തിയിട്ടില്ല' എന്നൊക്കെയുള്ള താങ്കളുടെ നിരീക്ഷണങ്ങൾ കണ്ട് ഞെട്ടലൊന്നും തോന്നിയില്ല. നരേന്ദ്രമോദിയോടുള്ള താങ്കളടക്കമുള്ള സി പി എം നേതാക്കളുടെ ‘അഹോ!’ ഭാവം താങ്കളിൽ തുടങ്ങുന്നതും അവസാനിക്കുന്നതും അല്ലെന്ന ഉത്തമബോധ്യം തന്നെ കാരണം.
കരുത്തിനെ സംബന്ധിച്ച താങ്കളുടെ ബോധ്യം എന്താണെന്ന് ആളുകൾക്ക് അറിയാത്തതിനാൽ അത് ചോദ്യങ്ങൾക്ക് പുറത്താണ്. എന്നാൽ ബി ജെ പി ഗവൺമെന്റിന്റെ അഴിമതിയെ സംബന്ധിച്ച് താങ്കൾ നടത്തിയ പ്രസ്താവന മനുഷ്യരുടെ സാമാന്യബോധത്തെ പരിഹസിക്കുന്നതും ബി ജെ പി നടത്തിയ ഇന്ത്യാചരിത്രത്തിലെ തന്നെ വൻകിട അഴിമതികളെ സാമാന്യവൽക്കരിക്കുന്നതുമായതുകൊണ്ടുതന്നെ അവ ചോദ്യം ചെയ്യപ്പെടാതിരുന്നുകൂടാ.
പ്രധാനമന്ത്രി നേരിട്ട് പങ്കാളിയായ അഴിമതി
താങ്കൾ റഫാൽ അഴിമതി എന്ന് കേട്ടിട്ടുേണ്ടാ?
രാജ്യത്തെ സൈന്യത്തിന് 126 പോർവിമാനങ്ങൾ വാങ്ങാനുള്ള മുൻ സർക്കാരിന്റെ തീരുമാനങ്ങളെ അട്ടിമറിച്ച് 95% കടലാസ് പണികളും പൂർത്തിയായിക്കഴിഞ്ഞ കരാർ റദ്ദു ചെയ്തുകൊണ്ട് 36 വിമാനങ്ങൾ മാത്രം വാങ്ങാൻ നിശ്ചയിച്ച ഈ അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കാളിയാണ് എന്നത് നിരവധി രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട വസ്തുതയാണ്. മൻമോഹൻ സർക്കാരിന്റെ കാലത്ത് 563 കോടി രൂപ എന്ന നിരക്കിലായിരുന്നു ഫ്രാൻസിലെ ദസ്സോ എന്ന കമ്പനിയിൽ നിന്ന് വിമാനങ്ങൾ വാങ്ങാൻ തീരുമാനമായിരുന്നത്. എന്നാൽ മോദി സർക്കാർ വിമാനമൊന്നിന് 1660 കോടി രൂപയായിരുന്നു നൽകിയത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിനെ പുറംപണി കരാറിൽ നിന്ന് ഒഴിവാക്കി അനിൽ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിക്ക് കരാർ നൽകിയതും മോദി സർക്കാർ ആയിരുന്നു. പ്രമുഖ പത്രപ്രവർത്തകരായ പരഞ്‌ജോയ് ഗുഹ താക്കുർതയും രവി നായരും റഫാൽ അഴിമതിയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്, 'Flying Lies' എന്ന പേരിൽ.
കാലത്തും വൈകീട്ടും രാമായണ പാരായണം നടത്തുന്ന സുധാകർജി സാധിക്കുമെങ്കിൽ ഈ പുസ്തകം ഒന്ന് വായിക്കണം.
മോദി സർക്കാർ നടത്തിയ, ഒരുവേള ഇന്ത്യാ ചരിത്രത്തിൽ സമാനതകളില്ലാത്ത, അഴിമതിയാണ് ഇലക്ടറൽ ബോണ്ട് അഴിമതി. സുപ്രീംകോടതി അടക്കം ഇല്ക്ടറൽ ബോണ്ടിനെ നിയമവിരുദ്ധമായ ഒന്നായി പ്രഖ്യാപിച്ചതിനുശേഷവും ലക്ഷക്കണക്കിന് കോടികളുടെ ഈ അഴിമതിയെ കണ്ടില്ലെന്ന് നടിക്കാൻ സി പി എം നേതാവിന് സാധിക്കുന്നുവെങ്കിൽ അത് അവർ എത്തിപ്പെട്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴം മാത്രമാണ് വെളിപ്പെടുത്തുന്നത്.
അഴിമതിയെ ഇത്രമാത്രം സ്ഥാപനവൽകൃതവും നിയമപരവും ആക്കി മാറ്റിയ മറ്റൊരു സംഭവവും രാജ്യത്ത് ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. തെരഞ്ഞെടുപ്പ് സംഭാവനകളുമായി ബന്ധപ്പെട്ട് പുതിയ നിയമനിർമ്മാണം നടപ്പിലാക്കുകയും അതുവഴി ആയിരക്കണക്കിന് കോടി രൂപ ഭരിക്കുന്ന പാർട്ടികൾക്ക് സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുകയും അത്തരം സ്ഥാപനങ്ങൾക്ക് വഴിവിട്ട സൗജന്യങ്ങൾ ലഭ്യമാക്കുകയും ചെയ്തത് സംബന്ധിച്ച നിരവധി വസ്തുതകൾ പുറത്തുവന്നിട്ടും ബി ജെ പി നേതാക്കളുടെ ‘വ്യക്തിശുദ്ധി’യെക്കുറിച്ച് അത്ഭുതപ്പെടുന്ന സുധാകരൻ പാർട്ടിക്ക് വേണ്ടി നടത്തുന്ന അഴിമതികൾ മഹത്തായ ഒന്നാണെന്ന് കരുതുന്നുവെങ്കിൽ അതിന് പിന്നിലെ യുക്തി കൂടി വിശദീകരിക്കേണ്ടതുണ്ട്.
രാജ്യത്തെ 36-ഓളം കൽക്കരി ഖനികൾ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സ്വകാര്യ കമ്പനികൾക്ക് അനുവദിച്ച് നൽകിയതുതൊട്ട്, ഗൗതം അദാനിയുടെ കമ്പനികളുടെ ദല്ലാളായി കേന്ദ്ര ഗവൺമെന്റ് പ്രവർത്തിക്കുന്നതുവരെയുള്ള നിരവധി അഴിമതി കഥകൾ പുറത്തുവന്നിട്ടും മന്ത്രി സഭാംഗങ്ങളുടെ വ്യക്തിമഹിമയെക്കുറിച്ച് സംസാരിക്കാൻ സുധാകരന് അല്പം പോലും ലജ്ജ തോന്നുന്നില്ലേ?
ശവപ്പെട്ടി കുഭകോണം തൊട്ട് വ്യാപം അഴിമതി വരെ, ആദ്യ എൻ ഡി എ സർക്കാർ തൊട്ട് സംസ്ഥാന ബി ജെ പി ഗവൺമെന്റുകൾ വരെ ഉൾപ്പെട്ട നിരവധി അഴിമതിക്കഥകൾ അതത് കാലങ്ങളിൽ മാധ്യമ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പുറംലോകത്തെത്തിച്ചിട്ടുണ്ട്. സുവേന്ദു അധികാരി മുതൽ പ്രഫുൽ പട്ടേലും ഛഗൻ ബുജ്ബാലും അടങ്ങുന്ന അഴിമതിക്കാരായ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ക്ലീൻ ചിറ്റ് നൽകി പാർട്ടിയിലേക്കും മുന്നണിയിലേക്കും സ്വീകരിച്ചാനയിച്ചതും ബി ജെ പി എന്ന പാർട്ടിയാണ്.
ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ പ്രവചനങ്ങൾ വഴി പതിനായിരക്കണക്കിന് കോടി രൂപയുടെ ഓഹരി വിപണി അഴിമതി ആസൂത്രണം ചെയ്തതും അമിത് ഷാ അടക്കമുള്ള ഷെയർ മാർക്കറ്റിൽ വിളയാടുന്ന ബി ജെ പി നേതാക്കളായിരുന്നുവെന്ന വസ്തുതയും പുറത്തുവന്നിരിക്കുന്നു.
കോൺഗ്രസ് നടത്തിയ അഴിമതികളിൽ നിന്ന് ഭിന്നമാണ് ബി ജെ പിയുടെ അഴിമതി എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അത് വ്യക്തിശുദ്ധിയുടെ കണക്കിൽപ്പെടുത്തി വാഴ്ത്തപ്പെടേണ്ട ഒന്നല്ലെന്ന് സുധാകരൻ മനസ്സിലാക്കേണ്ടതുണ്ട്. അഴിമതി വ്യക്തികൾ നടത്തിയാലും പാർട്ടി നടത്തിയാലും അടിസ്ഥാനപരമായി രാജ്യത്തിന്റെ ഖജനാവിന് തന്നെയാണ് അതിന്റെ ക്ഷതങ്ങൾ ഏൽക്കുക. ആത്യന്തികമായി അത് പാവപ്പെട്ടവരുടെ തലയിലേക്കും കടന്നുവരും എന്നത് ഉറപ്പാണ്.
ജനാധിപത്യ ക്രമങ്ങളെ മാനിക്കാത്ത, മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാല്ലാത്ത, പ്രതിപക്ഷ ബഹുമാനം തൊട്ടുതീണ്ടാത്ത, ഭരണഘടനയെയോ, പാർലമെന്റിനെയോ അംഗീകരിക്കാൻ തയ്യാറല്ലാത്ത ഒരു വ്യക്തിയെ കരുത്തനായി അവതരിപ്പിക്കുന്ന സുധാകരന്റെ രാഷ്ട്രീയ ബോധ്യം അപകടകരമായ ഒരു ഫാഷിസ്റ്റ് വാഴ്ചയ്ക്കുള്ള പിന്തുണ മാത്രമാണ്. ഇടതുപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അനുദിനം എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകരമായ ഒരു മാനസികാവസ്ഥ കൂടിയാണ് അത്.
പാർട്ടിയിലെ പടലപ്പിണക്കങ്ങളാകാം ഒരുവേള മോദി വാഴ്ത്തുപാട്ടുകൾക്ക് സുധാകരനെ പ്രേരിപ്പിച്ചത്. അത് പക്ഷെ വസ്തുതാവിരുദ്ധവും, കേരളത്തിൽ വേരൂന്നാൻ തക്കംപാർത്ത് നിൽക്കുന്ന സംഘപരിവാർ ശക്തികൾക്ക് കരുത്തു പകരുന്നതും ആയതുകൊണ്ടുതന്നെ സുധാകരന്റെ മോദിസ്‌തോത്രത്തെ ചോദ്യം ചെയ്യാതിരിക്കാൻ സാധ്യമല്ല തന്നെ.