കേരളത്തിലെ വിശ്വാസ വ്യവസായവും ഗണപതി വിവാദത്തിലെ പ്രതീതി നിര്‍മാണവും

തൊലിപ്പുറത്തു നിന്നും കാമ്പിലേക്ക് കടക്കാൻ കഴിയാത്ത യുക്തിചിന്തകൾക്ക് ദ്രുതവാട്ടം സംഭവിക്കുകയും വിശ്വാസ വിഷയങ്ങളിന്മേലുള്ള ചെറു പരാമർശങ്ങൾ പോലും മതവിദ്വേഷമായി ഉയർത്തിപ്പിടിച്ച് കലാപാഹ്വാനങ്ങളുമായി തെരുവിലിറങ്ങാൻ ഒരു വിഭാഗത്തിന് ധൈര്യമുണ്ടാകുകയും അതിന് ദൃശ്യപരത നൽകാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?

ടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഉയർന്നു വന്ന 'ഗണപതി മിത്തോ തഥ്യയോ' എന്ന ചർച്ച യുക്തിചിന്തയും വിശ്വാസവും തമ്മിൽ വലിയ സംഘർഷത്തിലേർപ്പെട്ടിരിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് വഴിത്തിരിവായ, സ്പീക്കർ ഷംസീറിൻ്റെ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം പദവി രാജിവെക്കണമെന്നും തീവ്രഹിന്ദുത്വ വാദികൾ ആവശ്യമുന്നയിക്കുമ്പോൾ, പല വഴികൾ മറിഞ്ഞ് അതിനെ പ്രതിരോധിക്കാൻ സി പി എമ്മും ശ്രമിക്കുന്നു.

അച്ചടി-ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും മുകളിൽ സൂചിപ്പിച്ച രീതിയിലുള്ള പ്രതീതി സംഘർഷങ്ങളല്ലാതെ വിഷയത്തിൻ്റെ കാമ്പിലേക്ക് കടക്കാൻ ബോധപൂർവ്വം തന്നെ ആരും ശ്രമിക്കുന്നില്ലെന്നതാണ് സത്യം. യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള സംഘർഷങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൊലിപ്പുറത്തെങ്കിലും യുക്തിചിന്തകൾക്ക് മേൽക്കൈ നേടാൻ കഴിഞ്ഞ ഭൂതകാലം കേരളത്തിനും അവകാശപ്പെടാൻ സാധിക്കും.

എ.എന്‍ ഷംസീര്‍
എ.എന്‍ ഷംസീര്‍

തൊലിപ്പുറത്തു നിന്നും കാമ്പിലേക്ക് കടക്കാൻ കഴിയാത്ത യുക്തിചിന്തകൾക്ക് ദ്രുതവാട്ടം സംഭവിക്കുകയും വിശ്വാസ വിഷയങ്ങളിന്മേലുള്ള ചെറു പരാമർശങ്ങൾ പോലും മതവിദ്വേഷമായി ഉയർത്തിപ്പിടിച്ച് കലാപാഹ്വാനങ്ങളുമായി തെരുവിലിറങ്ങാൻ ഒരു വിഭാഗത്തിന് ധൈര്യമുണ്ടാകുകയും അതിന് ദൃശ്യപരത നൽകാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തിനിടയിൽ കേരളത്തിൽ ശക്തമായി വേരോടിക്കഴിഞ്ഞ വിശ്വാസ വ്യവസായത്തിന് ഇതുമായുള്ള ബന്ധമെന്താണ്? എന്തുകൊണ്ടാണ് വിശ്വാസ വ്യവസായത്തെ ചോദ്യം ചെയ്യാൻ സാമൂഹിക-രാഷ്ട്രീയ സംഘടനകൾ മടിക്കുന്നത്?

വിശ്വാസ വ്യവസായം

90കൾക്ക് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടന്നിരിക്കുന്ന മേഖല ഏതാണെന്നതിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ നാം എത്തിപ്പെടുന്നത് ഒരു പക്ഷേ നമുക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാത്തതും അതേസമയം നമ്മെ ചുറ്റിവരിഞ്ഞിരിക്കുന്നതുമായ വിശ്വാസ വ്യവസായമാണ് എന്നതാണ്.

വ്യവസായ- കാർഷിക- സേവന മേഖലകളെ ഒക്കെ പിന്നിലാക്കിക്കൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ വിശ്വാസ വ്യവസായത്തിൽ നിക്ഷേപിക്കപ്പെട്ടത് ലക്ഷക്കണക്കിന് കോടി രൂപയായിരിക്കും. പൊതു ആരാധനാലയങ്ങൾ, സ്വയം പ്രഖ്യാപിത ദൈവങ്ങളുടെ സ്ഥാപനങ്ങൾ, തറവാട്ട് ക്ഷേത്രങ്ങൾ തുടങ്ങിയവയുടെ പുനരുദ്ധാരണവും പുതുനിർമ്മാണവും ഒക്കെയായി ഈ കാലയളവിൽ ചെലവഴിക്കപ്പെട്ട തുകയെ സംബന്ധിച്ച് വ്യക്തമായ കണക്കുകൾ ഉണ്ടാക്കിയെടുക്കുക പ്രയാസകരമായിരിക്കും എന്നത് വാസ്തവം തന്നെയാണെങ്കിലും ഏതെങ്കിലും ഒരു പഞ്ചായത്തിലെ ഏകദേശ കണക്കുകൾ പോലും അതിന്റെ വലുപ്പം ബോദ്ധ്യപ്പെടുത്തുന്നതിന് നമ്മെ സഹായിക്കും.

വിശ്വാസ വ്യവസായത്തിലേക്കുള്ള ഈ മൂലധന പ്രവാഹം കേരള സമൂഹത്തിന്റെ പൊതുബോധത്തിൽ സൃഷ്ടിച്ചിരിക്കുന്ന വലതുപക്ഷവൽക്കരണത്തിന് വലിയ സംഭാവനകളാണ് അർപ്പിച്ചിരിക്കുന്നത് എന്ന് കാണാം. കേരളത്തിന്റെ സാംസ്കാരിക നിശ്ചലതയ്ക്കോ അല്ലെങ്കിൽ പിന്നോട്ടുപോക്കിനോ കാരണമായിട്ടുള്ള ഈയൊരു ഘടകത്തെ തിരിച്ചറിയുന്നതിനോ അവയ്ക്ക് തടയിടുന്നതിനോ കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുകയില്ല എന്ന് മാത്രമല്ല അവയെല്ലാം ഈ വ്യവസായത്തിന്റെ ​ഗുണഭോക്താക്കളോ നടത്തിപ്പുകാരോ ആണെന്നതാണ് യാഥാർത്ഥ്യം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്തെ ഈ നിഷേധാത്മക നിക്ഷേപം കേരളത്തിന്റെ ഭാവിയെ ഏതൊക്കെ രീതിയിൽ ബാധിക്കാനിരിക്കുന്നു എന്നത് ചിന്തനീയമാണ്. കേരളത്തിന്റെ പ്രകൃതി-മനുഷ്യ വിഭവങ്ങൾ ഏതൊക്കെ രീതിയിലാണ് ഈ നിഷേധാത്മക നിക്ഷേപത്തിൽ ധൂർത്തടിക്കപ്പെടുന്നുവെന്നതും പൊതുബോധത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്നുവെന്നതും സംബന്ധിച്ച് ​ഗൗരവമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്. പക്ഷേ മർമ്മത്തിൽ തൊടാൻ എല്ലാവരും ഭയക്കുന്നു എന്നതുകൊണ്ടുതന്നെ പ്രതീതി സംഘർഷങ്ങളിൽ അഭിരമിക്കുകയാണ് നാം.

മത വിശ്വാസം വർദ്ധിക്കുന്നു?

പ്യൂ ഗ്ലോബൽ ആറ്റിറ്റ്യൂഡ്സ് സർവേ 2020-21 കാലയളവിൽ ഇന്ത്യയിൽ നടത്തിയ മത വിശ്വാസ മനോഭാവ സർവ്വേയിൽ കഴിഞ്ഞ 4-5 വർഷമായി 25 ശതമാനത്തിലധികം ഇന്ത്യക്കാർ കൂടുതൽ മതവിശ്വാസികളായി മാറിയതായി സൂചിപ്പിക്കുന്നു. ഈ പ്രവണത എല്ലാ മതങ്ങളിലും ഒരുപോലെ കാണാവുന്നതാണ്.2007 നും 2015 നും ഇടയിൽ, മതം വളരെ പ്രധാനമാണെന്ന് കരുതുന്നവരുടെ പങ്ക് 11 ശതമാനം മുതൽ 80 ശതമാനം വരെ വർദ്ധിച്ചതായി സർവ്വേ വെളിപ്പെടുത്തുന്നു. ഈ കാലയളവിൽ മതപരമായ തീർത്ഥാടനങ്ങൾക്കും മറ്റുമുള്ള ശരാശരി ചെലവ് ഇരട്ടിയിലധികം വർധിച്ചതായി ദേശീയ സാമ്പിൾ സർവ്വേ റിപ്പോർട്ട് കാണിക്കുന്നു. ഇത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായ മേഖലയാണെന്ന് തീർച്ചയായും ഇത് സൂചിപ്പിക്കുന്നുണ്ട്. പൊതുവായ ഇന്ത്യനവസ്ഥ പരിഗണിച്ചാൽ ശുചിത്വത്തിനെക്കാളും കൂടുതലായി വിശ്വാസത്തിനായി ചെലവഴിക്കുന്നവരാണ് നാം.

സാമ്പത്തിക പ്രവർത്തനങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ആഭ്യന്തര മൊത്തോൽപ്പാദനത്തിൽ ഉയർച്ച ഉണ്ടാക്കുകയും ചെയ്യുന്നതു കൊണ്ടു തന്നെ സാമ്പത്തിക വികസന വക്താക്കൾക്കും ഭരണകൂടത്തിനും യുക്തിചിന്തകർക്കും വിശ്വാസ വ്യവസായം ഒരു പോലെ പ്രീയപ്പെട്ടതായി മാറുന്നു.

ആരാധനാലയങ്ങളും അനുബന്ധ നിർമ്മാണങ്ങളും ലാഭകരമായ ബിസിനസ്സാണ്. മത വിശ്വാസം കൂടുതൽ പൊതുയിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും നിർമ്മാണ പ്രവർത്തികളിലടക്കം അനാരോഗ്യകരമായ ഒരു മത്സരം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത് കാണാം. പരമ്പരാഗത /ആൾ ദൈവങ്ങളെയും വിശ്വാസകേന്ദ്രങ്ങളെയും ഒരിടത്ത് പ്രതിഷ്ഠിച്ചുകഴിഞ്ഞാൽ അവയെ പുറത്താക്കാൻ കഴിയില്ലെന്ന് അനുഭവത്തിൽ നിന്ന് നമുക്കറിയാം.

എന്നാൽ ഈ പ്രക്രിയകളോടൊപ്പം വളർന്ന് വികസിച്ചു വരുന്ന മതാത്മകതയുടെ മറ്റ് അനന്തരഫലങ്ങളെക്കുറിച്ച് നാം അത്രയേറെ വേവലാതിയുള്ളവരായി കാണുന്നില്ല. ആക്രമണാത്മക മതഭ്രാന്തിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് അതിൻ്റെ പരിണത ഫലം.

Photo: Needpix.com
Photo: Needpix.com

നേടിയെടുത്തുവെന്ന് നാം അവകാശപ്പെടുന്ന ശാസ്ത്രാവബോധവും യുക്തിചിന്തയും വ്യാവസായിക വളർച്ചയ്ക്കുള്ള ഒരു ഉപകരണമെന്ന നിലയിൽ ശാസ്ത്രത്തെ പരിഗണിക്കുന്ന ഒന്നു മാത്രമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നതാണ് സത്യം . സാങ്കേതികവിദ്യകളെ അന്ധമായി പിന്തുടരുന്നതല്ല ശാസ്ത്രബോധമെന്നും അവ ഒരു സമൂഹത്തിന്റെ ദീര്‍ഘകാല നിലനില്‍പിന് എങ്ങിനെ ഹിതകരമാക്കി മാറ്റാം എന്നതുകൂടിയാണ് എന്നും വിമർശനാത്മകമായിപ്പോലും ചിന്തിക്കാൻ നാം തയ്യാറായിട്ടില്ല.

''ശാസ്ത്ര-സാങ്കേതിക വിദ്യകൾ അവയുടെ വാതിലുകള്‍ ജ്ഞാനത്തിലേക്ക് തുറന്നുപിടിക്കുകയും; ജ്ഞാനത്തെ അവയുടെ സത്തയിലും ഘടനയിലും ഉള്‍ച്ചേര്‍ക്കുകയും ചെയ്യേണ്ടതുണ്ടെ''ന്ന ഷുമാക്കറുടെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.


Summary: ganesha remark row k sahadevan writes


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments