സമസ്ത മേഖലകളുടെയും സ്വകാര്യവൽക്കരണത്തിലൂടെ സാമൂഹ്യ സാമ്പത്തിക അന്തരീക്ഷത്തെയാകെ തീവ്രവലതുപക്ഷ ശക്തികളുടെ വളർച്ചയ്ക്കാവശ്യമായ മണ്ണൊരുക്കിക്കൊടുക്കുകയെന്നതാണ് നവലിബറലിസത്തിന്റെ വക്താക്കളായ എല്ലാ ഭരണാധികാരികളും ചെയ്തുകൊണ്ടിരിക്കുന്നത്. ഖനനം തൊട്ട് ഉൽപാദനത്തിന്റെ സർവ്വമേഖലകളും അടിസ്ഥാന സേവനമേഖലകളുമെല്ലാം സ്വകാര്യവൽക്കരിക്കുകയെന്നതാണ് നിയോലിബറലിസ്റ്റുകളുടെ സാമ്പത്തികശാസ്ത്രം. നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ തീഷ്ണമാവുന്ന ഈ നിയോലിബറൽ സാഹചര്യത്തെയാണ് ടെക്‌നോഫ്യൂഡലിസമായി വരൂഫാക്കീസ് തന്റെ വിഖ്യാത കൃതിയായ 'ടെക്നോഫ്യൂഡലിസം വാട്ട് കിൽഡ് കാപ്പിറ്റലിസ'ത്തിൽ (Technofeudalism: What Killed Capitalism) വിശദീകരിച്ചിട്ടുള്ളത്.
മുതലാളിത്തം ചരിത്രത്തിലേക്ക് കൊണ്ടുവന്ന ലിബറൽമൂല്യങ്ങളെയെല്ലാം കൊന്നുകൂട്ടിക്കൊണ്ട് വൻകിട ടെക് കോർപ്പറേഷനുകൾ അതിന്റെ ആധിപത്യവാഴ്ചയിലൂടെ സൃഷ്ടിക്കുന്ന അതിയാഥാസ്ഥിതികമായ സാമ്പത്തിക സാമൂഹിക സാഹചര്യത്തെയാണ് കൃതിയിൽ ഫാക്കീസ് വിശകലനം ചെയ്യുന്നത്. ഭൂമിയും സമസ്തവിഭവങ്ങളും കയ്യടക്കിവെച്ചിരിക്കുന്ന മധ്യകാല ഫ്യൂഡൽ പ്രഭുക്കന്മാർക്ക് സമാനമായ അവസ്ഥയിലേക്കാണ് വർത്തമാന നിയോലിബറൽ മൂലധനം ലോകത്തെ എത്തിച്ചിരിക്കുന്നതെന്നാണ് ഈ കൃതി വിശദീകരിക്കുന്നത്. അതിന്റെ അനിവാര്യമായ ദുരന്തഫലങ്ങളെന്ന നിലയിലാണ് അസമത്വങ്ങളുടെ വിളനിലമായ ഈ ഭൂമി മാറിയിരിക്കുന്നതെന്ന് ഉൽപാദന ഉപാധികളുടെ സാമൂഹ്യവൽക്കരണവും പൊതു ഉടമസ്ഥതയും ഇല്ലാതാക്കി വിഭവങ്ങളും സമ്പത്തുൽപാദനത്തിന്റെ സർവ്വഉപാധികളും കോർപ്പറേറ്റുകളിൽ സാന്ദ്രീകരിക്കുന്ന അവസ്ഥയാണ് പ്രകൃതിയുടെ അസന്തുലിതത്വത്തിനും മനുഷ്യർക്കിടയിലെ സാമൂഹ്യസാമ്പത്തിക അന്തരങ്ങൾക്കും കാരണമായിരിക്കുന്നത് എന്നാണ് ടെക്‌നോഫ്യൂഡലിസത്തെ വിശദീകരിച്ചുകൊണ്ട് ഫാക്കിസ് പറയുന്നത്.
വിപണിയും വിഭവങ്ങളും കയ്യടക്കാനുള്ള ടെക്‌നോകോർപ്പറേറ്റുകളുടെ ആഗോളതലത്തിലുള്ള അധികാര മത്സരമാണ് ലോകത്തെ യുദ്ധങ്ങളിലേക്കും വംശീയ വിഭജനങ്ങളിലേക്കും വംശഹത്യകളിലേക്കും തള്ളിവിട്ടിരിക്കുന്നത്. ഇവിടെ വരോഫാക്കീസിനെ ഇങ്ങനെ ഉദ്ധരിച്ച് പറയുന്നത് മറ്റൊന്നുകൊണ്ടുമല്ല കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പി.ആർ കമ്പനികൾ ടെക്നോഫ്യൂഡലിസം എന്ന പുസ്തകം തുറന്നുപിടിച്ചിരിക്കുന്ന വി.ഡി. സതീശന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിച്ചിരുന്നുവല്ലോ. അതൊരു പ്രചരണതന്ത്രമായിരുന്നെന്നും താനൊരു പുതിയതരം ലെഫ്റ്റാണെന്നും വരുത്തിതീർക്കാനുള്ള വിലകുറഞ്ഞ കളിയായിരുന്നുവെന്നും പലരും മനസ്സിലാക്കാതെ പോയി.
ടെക്നോഫ്യൂഡലിസമൊക്കെ വായിച്ചൊരാൾ ആ കൃതി നൽകുന്ന മുന്നറിയിപ്പുകൾക്ക് വിരുദ്ധമായി കടുത്ത സ്വകാര്യവൽക്കരണ നടപടികളിലേക്ക് പോവുകയാണെന്ന സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ടെക്നോഫ്യൂഡൽ മുതലാളിത്തത്തിന്റെ ഇന്ത്യൻ പ്രതിരൂപമായ അദാനിക്ക് കേരളതീരത്തെ അപൂർവ്വ ധാതുസമ്പത്താകെ തീറെഴുതാനുള്ള നീക്കങ്ങളിലാണെന്നാണറിയുന്നത്. 1990-കൾക്കുശേഷം നരസിംഹറാവു മുതൽ നരേന്ദ്ര മോദി വരെ തുടരുന്ന സ്വകാര്യവൽക്കരണനയങ്ങളുടെ ചുവടുപിടിച്ചാണ് അദാനിയുമായുള്ള കോർപ്പറേറ്റ് ഡീൽ. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുമ്പുതന്നെ ചാർട്ടഡ് വിമാനത്തിൽ അദാനിഗ്രൂപ്പ് മാനേജരുമായി ചേർന്ന് വി.ഡി.സതീശൻ നടത്തിയ മംഗലാപുരം യാത്രയുടെയും എൻ.ഡി.എ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെയും അരമനരഹസ്യങ്ങളെല്ലാം മറനീക്കി പുറത്തുവരികയാണ്.

ആണവോർജ്ജമേഖലയ്ക്കും പ്രതിരോധമേഖലയ്ക്കും അത്യന്താപേക്ഷിതമായ തോറിയം അടങ്ങിയ കേരളതീരത്തെ മോണോസൈറ്റ് മണൽഖനനം ബി.ജെ.പി സർക്കാർ സ്വകാര്യകുത്തകകൾക്ക് കയ്യടക്കാൻ കഴിയാവുന്ന തരത്തിലാണ് നിയമനിർമ്മാണം നടത്തിയത്. ആ ദിശയിൽ കേന്ദ്രസർക്കാർ കോർപ്പറേറ്റുകളുമായി കരാർ ഉറപ്പിച്ചും കഴിഞ്ഞു. കരിമണൽ മേഖലയെ സ്വകാര്യ കോർപ്പറേറ്റുകൾക്ക് അടിയറ വെക്കാനാകാത്തവിധം എൽ.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത റെയർ എർത്ത് കോറിഡോർ ഇന്ത്യ-അമേരിക്ക കരാറില്ലാതാക്കുമെന്ന് കേന്ദ്രത്തിന്റെ ആണവോർജ്ജനയം ഭീഷണിയുയർത്തുമെന്നും നേരത്തെതന്നെ ചർച്ചചെയ്യപ്പെട്ടതാണ്. ലോക്‌സഭ നേരത്തെ പാസാക്കിയ ശാന്തി ബിൽ - സസ്‌റ്റൈനബിൾ ഹാർനെസിംഗ് ആന്റ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിംഗ് - വിദേശത്തും സ്വദേശത്തുമുള്ള സ്വകാര്യകോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലും മോദി സർക്കാർ വാണിജ്യ താൽപര്യങ്ങളെയും കോർപ്പറേറ്റ് സേവയെയുമാണ് അടിസ്ഥാനമാക്കുന്നതെന്ന വിമർശനം പ്രതിപക്ഷം ഉയർത്തിയതാണ്. ഖനന നിയമങ്ങളും ആണവോർജ്ജ പദ്ധതികളും അദാനിയുടെയും ടാറ്റയുടെയും അംബാനിയുടെയുമൊക്കെ കോർപ്പറേറ്റ് താൽപര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിലാണ് രൂപപ്പെടുത്തുന്നത്. സമ്പൂർണമായി പൊതുമേഖലയിലുള്ള ആണവോർജ്ജവും അതിനാവശ്യമായ തോറിയം ഖനനവുമെല്ലാം സ്വകാര്യവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റ് നിയമനിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്.
വി.എസ് സർക്കാരിന്റെ കാലത്ത് സ്വകാര്യമേഖലയിൽ കരിമണൽഖനനം അനുവദിക്കില്ലെന്നുള്ള ശക്തമായ നിലപാട് കേരളം സ്വീകരിച്ചതാണ്. എന്നാൽ അതിനെ അട്ടിമറിച്ചുകൊണ്ടാണ് കരിമണൽ ഖനനരംഗത്ത് സ്വകാര്യകുത്തകകൾക്ക് അനുമതി നൽകുന്ന തീരുമാനം ഉമ്മൻചാണ്ടി സർക്കാർ എടുത്തത്. ഇന്ത്യയിൽ ഏറ്റവുമധികം അപൂർവ്വ ധാതുശേഖരമുള്ള മേഖല പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. ഇതിൽതന്നെ ഏറ്റവും കൂടുതൽ അപൂർവ്വധാതുശേഖരമുള്ളത് കൊല്ലം ചവറയിലാണ്. മോണോസൈറ്റ് അടങ്ങിയ മണൽശേഖരത്തെയാണ് കരിമണൽ എന്ന് പറയുന്നത്. ഇപ്പോൾ മോണോസൈറ്റ് അടങ്ങിയ മണൽ ഖനനം ചെയ്യാനും സംസ്‌കരിക്കാനും കേന്ദ്രപൊതുമെഖലാ സ്ഥാപനമായ ഐ.ആർ.ഇ.എല്ലിനും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ.എം.എല്ലിനും മാത്രമാണ് നിയമപരമായി അവകാശമുള്ളത്.
ഇൻഡോ-യു.എസ് കരാറിനെ തുടർന്ന് സ്വകാര്യമേഖലയ്ക്ക് കൂടി ഖനനാനുമതി നൽകാനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് പെർമെനന്റ് മാഗ്നറ്റ് നിർമ്മാണത്തിനായി 7000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. പൊതുമേഖലാസ്ഥാപനങ്ങൾ 900 കോടി ചെലവുവരുന്ന നിർമ്മാണത്തിൽ എന്തെങ്കിലും പാകപ്പിഴവുണ്ടായാൽ വൻതുക പിഴയടക്കേണ്ടിവരുന്ന അവസ്ഥയാണ്. ഇത് പൊതുമേഖലാ സ്ഥാപനങ്ങളെ പിഴയടക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി ഖനനമേഖലയിൽ നിന്നും പിൻമാറ്റിക്കാനുള്ള തന്ത്രമാണ്. സ്വകാര്യകമ്പനികൾക്ക് ഇളവുകളോടെ ടെൻഡർ നൽകാനുള്ള ആസൂത്രിത നീക്കമാണ് അണിയറയിൽ ആരംഭിച്ചിരിക്കുന്നത്.

ഈയൊരു സാഹചര്യം അദാനി ഗ്രൂപ്പിനുൾപ്പെടെ കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡീഷ തീരങ്ങളിൽ അപൂർവ്വധാതുഖനനത്തിന് വഴിതുറക്കും. അദാനിഗ്രൂപ്പ് ഇപ്പോൾതന്നെ കൺസോർഷ്യം രജിസ്റ്റർ ചെയ്ത് ഖനനാനുമതിക്കായി തയ്യാറെടുത്തിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഈ മേഖലയിലെ സ്വകാര്യവൽക്കരണത്തെ പ്രതിരോധിക്കാനാണ് ഇടതുപക്ഷസർക്കാർ കെ.എം.എം.എൽ കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനിച്ചത്. കെ.എം.എം.എൽ, എൻ.എഫ്.ടി.ഡി.സി, കോൾഇന്ത്യ എന്നിവയെ ചേർത്ത് പൊതുമേഖല കൺസോർഷ്യം രൂപീകരിക്കാനുള്ള ധാരണയാണുണ്ടാക്കിയിരിക്കുന്നത്. കോൾഇന്ത്യയുടെ പണമുപയോഗിച്ച് 900 കോടിയുടെ ടെൻഡറിൽ സംയുക്തമായി പങ്കെടുക്കാനും ധാരണയായതാണ്.
ഇപ്പോൾ സർക്കാർ മാറി യു.ഡി.എഫ് വന്നതോടെ, അവർ ഈയൊരു ധാരണയുമായി മുന്നോട്ടുപോകുമോ എന്നതാണ് അറിയേണ്ടത്. തീരദേശ ധാതുസമ്പത്ത് കയ്യടക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങളെ തടയാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ്പും ഭാവിയും ഉറപ്പുവരുത്താനും ടെക്‌നോഫ്യൂഡലിസം വായിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന സർക്കാർ തയ്യാറാവുമോയെന്ന ചോദ്യമാണുയരുന്നത്.
