സ്ത്രീകളുടെ
ഈ ORDINARY യാത്ര
അത്ര ഓർഡിനറിയല്ല…

‘‘KSRTC- യിൽ വാഗ്ദാനം ചെയ്യപ്പെട്ട യാത്രാസൗജന്യം സ്ത്രീകളെ കുറേക്കൂടി ചലനാത്മകത ഉള്ളവരാക്കി മാറ്റും. ഈ ചലനാത്മകതയെന്നാൽ സ്ത്രീകളുടെ ചലനസ്വാതന്ത്ര്യം കൂടിയാണ്. കാരണം, യാത്രയിൽ സർക്കാർ നല്കുന്ന ‘സൗജന്യ’മെന്നത്, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയുമായി ഫലത്തിൽ മാറുന്നു’’- ജൂൺ 15ന് നിലവിൽ വരുന്ന കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ ‘യാത്രാസൗജന്യം’ എന്തുകൊണ്ട് ഒരു പ്രധാന സ്ത്രീപക്ഷ ഇടപെടലാകുന്നു എന്ന് എഴുതുന്നു, ഗീത.

ഗീത⠀

യു ഡി എഫ് പ്രകടനപത്രികയിലെ ഒരു വാഗ്ദാനം 2026 ജൂൺ 15-ന് പ്രാബല്യത്തിൽ വരികയാണ്. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര. സ്ത്രീകളുമായി ബന്ധപ്പെട്ട വാഗ്ദാനമായതുകൊണ്ട് അത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നതായി തോന്നിയതുകൊണ്ടാണ് എന്നെ സംബന്ധിച്ച് അതു പ്രധാനമാകുന്നതും ഇടപെടണമെന്ന തോന്നലുണ്ടാകുന്നതും.

ആദ്യമേ പറയട്ടെ, എനിക്ക് ഈ സർക്കാർ തീരുമാനത്തിൽ ആഹ്ലാദവും അഭിമാനവുമുണ്ട്. അതിൻ്റെ കാരണം ഞാൻ സ്ത്രീയാണെന്നതു തന്നെയാണ്. കഴിഞ്ഞ അരനൂറ്റാണ്ടോളമായി കേരളത്തിലെ സ്ത്രീകൾ ഒറ്റപ്പെട്ടും കൂട്ടുചേർന്നും നടത്തിപ്പോരുന്ന ബഹുമുഖപോരാട്ടങ്ങളുടെ സാമൂഹിക ഭാവുകത്വ പരിണാമങ്ങളിൽ ഒന്നാണിത്. ഇതിനർഥം ഏതെങ്കിലും ഒരു സ്ത്രീയോ ഒരു കൂട്ടം സ്ത്രീകളോ തങ്ങളുടെ സൗജന്യ യാത്രക്കായി ഏതെങ്കിലും അധികാരികൾക്ക് നിവേദനം കൊടുത്തു എന്നല്ല. സ്ത്രീകൾ നടത്തിയ അവകാശ സമരങ്ങളിൽനിന്ന്, അവരുടെ അവസ്ഥകൾ തിരിച്ചറിയാൻ ശ്രമിക്കുന്ന ജനാധിപത്യ സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് ചരിത്രപരമായി എത്തിച്ചേരുന്നു എന്നതാണ്. അതിന് സ്ത്രീമുന്നേറ്റങ്ങൾ സഹായകമായി എന്നതാണ് എന്നെ അഭിമാനിനിയാക്കുന്നത്.

ഇതൊരു ‘സൗജന്യ’മല്ല. അവകാശമാണ് എന്നതാണ് യാഥാർഥ്യം. സ്ത്രീകളുടെ ഈ അവകാശത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന മനോരാഗികളായ പുരുഷപ്രമാണിമാർ സ്വയം പരിഹാസ്യരാണ്. ബസ്സിലെ ജനറൽ സീറ്റുകളെ പുരുഷന്മാരുടെ സീറ്റുകളെന്നു തെറ്റിദ്ധരിച്ച വിഡ്ഢികളെപ്പോലെയാണവർ. സ്വന്തം പ്രിവിലെജുകൾ അനുഭവിക്കാനല്ലാതെ രാഷ്ട്രീയമായി തിരിച്ചറിയാൻ ശേഷിയില്ലാത്ത അവരെപ്പറ്റി എന്തു പറയാനാണ്.

സ്ത്രീകൾക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഈ യാത്രാസൗജന്യം തീർച്ചയായും ഗംഭീരമായ ഒരു സാമൂഹികമാറ്റത്തിനു തുടക്കം കുറിക്കുന്ന ഒന്നാണ്. പുറത്തിറങ്ങി സ്ത്രീകൾ പണിയെടുക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇരട്ടി ഭാരം വഹിക്കുന്ന സ്ത്രീകൾ എന്നത് ക്ലീഷേ സ്വഭാവമുള്ള പ്രയോഗമെങ്കിലും ഇന്നും സത്യമായി തുടരുന്ന അവസ്ഥയാണ്.

മധ്യവർഗത്തിൽപ്പെട്ട സ്ത്രീകൾ പലതരം യാത്രകൾ നടത്തുന്നവരായി മാറിയിട്ടുണ്ട്. അവരുടെ ചലനശേഷി വർധിച്ചിട്ടുണ്ട്. എന്നാൽ KSRTC- യിൽ വാഗ്ദാനം ചെയ്യപ്പെട്ട ഈ യാത്രാസൗജന്യം സ്ത്രീകളെ കുറേക്കൂടി ചലനാത്മകത ഉള്ളവരാക്കി മാറ്റും. സംശയമില്ല ഈ ചലനാത്മകതയെന്നാൽ സ്ത്രീകളുടെ ചലനസ്വാതന്ത്ര്യം കൂടിയാണ്. കാരണം യാത്രയിൽ സർക്കാർ നല്കുന്ന ‘സൗജന്യ’മെന്നത്, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയുമായി ഫലത്തിൽ മാറുന്നു. ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

സ്ത്രീകൾക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഈ യാത്രാസൗജന്യം തീർച്ചയായും ഗംഭീരമായ ഒരു സാമൂഹികമാറ്റത്തിനു തുടക്കം കുറിക്കുന്ന ഒന്നാണ്.
സ്ത്രീകൾക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഈ യാത്രാസൗജന്യം തീർച്ചയായും ഗംഭീരമായ ഒരു സാമൂഹികമാറ്റത്തിനു തുടക്കം കുറിക്കുന്ന ഒന്നാണ്.

ഈ തീരുമാനത്തിനെതിരായി ഉയർന്നുവന്ന താത്വിക എതിർവാദങ്ങളിൽ പ്രധാനമായ ഒന്ന് ഉദാഹരണമായെടുക്കാം. ദരിദ്രനായ പുരുഷന് ലഭിക്കാത്ത ആനുകൂല്യം ധനികയായ സ്ത്രീക്കു ലഭിക്കുമ്പോൾ അതൊരു സാമ്പത്തിക അസമത്വമല്ലേ എന്ന സംശയം നാനാതുറകളിൽ നിന്ന് സ്വാഭാവികമായും ആത്മാർഥമായും ഉയർന്നു വന്ന എതിർവാദമാണ്. പ്രത്യക്ഷത്തിൽ ഇതു ശരിയല്ലേ എന്നും തോന്നാം.

അതിൻ്റെ മുഖ്യ കാരണങ്ങളിലൊന്നായി എനിക്കു തോന്നിയത്, ഇത് പ്രാബല്യത്തിൽ കൊണ്ടുവന്നത് ഇടതു പക്ഷമല്ലാത്തതും വലതുപക്ഷം എന്ന് പരമ്പരാഗതമായി വ്യവഹരിക്കപ്പെടുന്ന ഒരു മുന്നണിയാണ് എന്നതാണ്. ഈ തോന്നലിൽ ഒരു മുൻവിധിയുണ്ടെന്നതാണ് എൻ്റെ പക്ഷം. കാരണം ഇടതുപക്ഷം Vs വലതുപക്ഷമെന്നത് ഇന്ന് പ്രശ്നവത്കരിക്കപ്പെടേണ്ടുന്ന പ്രായോഗിക വൈരുധ്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷം ഭരിച്ച "ഇടതുപക്ഷ’’ സർക്കാരിൻ്റെ ഇടതുപക്ഷ പ്രവർത്തനങ്ങളെ നമ്മൾ എങ്ങനെ വിലയിരുത്തണം? വാസ്തവത്തിൽ ജനക്ഷേമകരമായ ചില തുരുത്തുകൾ സൃഷ്ടിക്കാമെന്നതല്ലാതെ, കോർപറേറ്റുകൾ നിശ്ചയിക്കുകയും നിർണയിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന് അടിസ്ഥാനപരമായ എന്ത് ഇടതുപക്ഷ പ്രവർത്തനമാണു സാധിക്കുക? ഇത് മറ്റൊരു ചർച്ചാവിഷയമായതുകൊണ്ട് പ്രകൃതത്തിലേക്കു മടങ്ങുന്നു.

ദരിദ്രനായ പുരുഷൻ്റെ വീട്ടിലുള്ള സ്ത്രീക്ക് ഈ "സൗജന്യ’’ത്തിന് അർഹതയുണ്ട്. ധനികയായ സ്ത്രീയുടെ ഭർത്താവിന് അതൊട്ടില്ല താനും. അവിടെ കൃത്യമായും ഒരു സമത്വബോധം ഉണ്ട്. സാമ്പത്തിക സമത്വത്തിൻ്റെ ഉരുക്കുമുഷ്ടികൾ മാനദണ്ഡമാക്കി ഇതിനെ വിലയിരുത്തുന്നവർ അംഗീകരിക്കേണ്ടത് സമത്വസങ്കല്പത്തിൻ്റെ ബഹുമുഖങ്ങളെക്കുറിച്ചാണ്. സാമ്പത്തികമെന്നത് മുഖ്യമായ ഒരു ഘടകമായിരിക്കെ, സാമൂഹിക സമത്വം എന്ന വിശാലമായ ഒന്നുണ്ട്. അതിലെത്തിച്ചേരാനുള്ള ഒരു പടി മാത്രമാണ് സാമ്പത്തിക സമത്വം.

സ്ത്രീകളുടെ യാത്രാസൗജന്യം വിശാലമായ സാമൂഹിക സമത്വത്തിലേക്കുള്ള ഒരു പടിയാണെന്നത് തിരിച്ചറിയാത്തവരാണ് ദരിദ്ര പുരുഷനും ധനിക സ്ത്രീയും തമ്മിലുള്ള താരതമ്യം നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക സമത്വത്തിൻ്റെയും മുന്നേറ്റത്തിൻ്റെയും അടിസ്ഥാന പ്രേരണകളിലൊന്നായ സ്ത്രീ- പുരുഷ സമത്വത്തെപ്പറ്റിയും അത്തരക്കാർക്കു ധാരണയില്ല. പെണ്ണിന് ‘കറങ്ങാൻ’ വീടും പണിസ്ഥലവുമെന്ന വൃത്തത്തിനു നടുവിൽ കെട്ടിയ കുറ്റി സ്വന്തം മണ്ണിൽ നിന്ന് പറിഞ്ഞു പോയേക്കുമോ എന്ന അബോധഭയമാണ് പുരുഷാധിപത്യത്തെ ഇക്കാര്യത്തിലും നയിക്കുന്നത്.

വീടും വീട്ടിലേക്കുവേണ്ടി പണിയെടുക്കുന്ന സ്ഥലവുമല്ലാതെ സ്ത്രീകൾക്ക് ഒരു പൊതുവിടം സൃഷ്ടിക്കപ്പെടുകയാണ്. ഒരേസമയം സ്വകാര്യവും പൊതുവുമായ ഇടങ്ങളാണ് ബസുകൾ എന്ന പൊതുവാഹനങ്ങളും. ഇതുവരെ പെണ്ണിനതു മുക്കാൽ പങ്കും സ്വകാര്യവുമായിരുന്നു. ഇതോടെ അവൾക്കത് അവകാശബോധത്തോടെ പെരുമാറാനുള്ള പൊതുവിടമായി മാറും. വീട്ടിലേക്കു തിരിച്ചുവരാൻ മാത്രമല്ല, വീട്ടിൽ നിന്നിറങ്ങിപ്പോകാനും ഈ യാത്രാസൗജന്യം അവളെ സഹായിക്കും. കൈകൾ വീശി ആനന്ദപൂർവം പറക്കുന്ന പെണ്ണുങ്ങളെ നമുക്കു കാണാറാകട്ടെ.

കൂടുതൽ സ്ത്രീകൾ കയറുന്നതോടെ KSRTC എന്ന പൊതുവാഹനം മാത്രമല്ല, പൊതുവഴികളും അങ്ങാടികളും കളിക്കളങ്ങളും കൂടുതൽ സ്ത്രീസൗഹൃദപരമാകാൻ നിർബന്ധിതമാകും. ബസ്സുകളിലെയും ബസ് സ്റ്റാൻ്റുകളിലെയും അങ്ങാടികളിലെയും അടിസ്ഥാന സൗകര്യങ്ങൾ വികസിക്കേണ്ടിവരും. സ്ത്രീകൾക്കുള്ള ടോയ്ലറ്റുകൾ, താമസം, മുലയൂട്ടൽ മുറികൾ എന്നിവ പരിഷ്കൃത സമൂഹത്തിനു ചേർന്ന മട്ടിൽ ക്രമേണ വികസിക്കും. ബസ് ജീവനക്കാർ കൂടുതൽ ജെണ്ടർ സെൻസിറ്റീവ് ആയേ മതിയാകൂ എന്ന സാഹചര്യം വരും. സഹയാത്രികന്മാരുടെ പരിഹാസം ആദ്യഘട്ടത്തിൽ സ്ത്രീകൾ നേരിടേണ്ടുന്ന ഭീഷണിയാണ്. ധീരമായി തിരിഞ്ഞുനിന്ന് അവരുടെ വീട്ടിലും സ്ത്രീകളുണ്ടെന്ന്, അവരുടെ അമ്മയെയും പെങ്ങളെയും മകളെയും ഭാര്യയെയും പൊതുവിടത്തിൽ വെളിച്ചപ്പെടുത്തുക.

തങ്ങൾക്കു വരുമാനമുണ്ടെന്നും ഈ സൗജന്യം ഉപയോഗിക്കില്ലെന്നും പരസ്യപ്രസ്താവന നടത്തുന്ന ചില മാന്യസ്ത്രീകളുമുണ്ട്. അതവരുടെ ഇഷ്ടം. എന്നാൽ പെൻഷൻ കൃത്യമായി വാങ്ങുന്ന ഞാൻ പറ്റുമ്പോഴൊക്കെ ഈ യാത്രാസൗജന്യം ഉപയോഗിക്കും. കാരണം, എൻ്റെ കൂടെയുള്ള സഹയാത്രികകളിൽ അവരെപ്പോലുള്ള ഒരാൾ മാത്രമായി സ്ഥാനപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്. അതെനിക്കു കിട്ടുന്ന സൗജന്യമല്ല. ഞാനുൾപ്പെടുന്ന സ്ത്രീവർഗത്തിൻ്റെ അവകാശമാണ്. ജാതി, മതം, സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യലേബലുള്ള അവകാശങ്ങൾക്കില്ലാത്ത ഒരന്തസ്സുകുറവും സ്ത്രീകൾക്കുള്ള KSRTC യാത്രാ സൗജന്യത്തിനുമുള്ളതായി ഞാൻ കരുതുന്നില്ല.

വാഗ്ദാനങ്ങൾ നടപ്പാവാറുള്ളത് ഭരണം തുടങ്ങി അഞ്ചാമത്തെ വർഷമാണ്. വനിതാമതിലും കിറ്റും നൽകിയ അനുഭവമതാണ്. എന്നാൽ ഈ സർക്കാർ ഭരണം തുടങ്ങിയ മാസം തന്നെ സ്ത്രീകളോടുള്ള വാഗ്ദാനം പാലിക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണ്. ഇത് നടപ്പിൽ വരുമ്പോഴുള്ള പാകപ്പിഴകൾ കൂടി പരിഹരിക്കാൻ ഇനിയുള്ള ഭരണ വർഷങ്ങൾ അവരെ സഹായിക്കും. അക്കാര്യങ്ങൾ കൂടി ഈ കുറിപ്പിൽ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കാരണം ഇതിൻ്റെ കാര്യക്ഷമമായ നടത്തിപ്പ് ഒരോ സ്ത്രീയെസ്സംബന്ധിച്ചും നിർണായകമാണ്.

ഈ സർക്കാർ ഭരണം തുടങ്ങിയ മാസം തന്നെ സ്ത്രീകളോടുള്ള വാഗ്ദാനം പാലിക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണ്.
ഈ സർക്കാർ ഭരണം തുടങ്ങിയ മാസം തന്നെ സ്ത്രീകളോടുള്ള വാഗ്ദാനം പാലിക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണ്.

ഞാൻ ജീവിക്കുന്നത് മലപ്പുറം ജില്ലയിലാണ്. KSRTC സർവീസുകൾ ഏറ്റവും കുറവുള്ള ജില്ലയാണ്. ഇങ്ങനെ അനുഭവമുള്ള മറ്റു ജില്ലകളും ഉണ്ടാകാം. തല്ക്കാലം പരിചയമുള്ളതുകൊണ്ട് മലപ്പുറം ഉദാഹരണമായെടുക്കുന്നു. ഇവിടെയുള്ള തൊഴിലുറപ്പുകാരികൾ, കുടുംബശ്രീ പ്രവർത്തകർ, ആശമാർ, വീട്ടുജോലിക്കാരികൾ, പീടികത്തൊഴിലെടുക്കുന്ന സ്ത്രീകൾ തുടങ്ങിയ വിഭാഗത്തിലുള്ളവർ ഈ സൗജന്യത്തിൻ്റെ ഉപഭോക്താക്കളായിരിക്കില്ല. കാരണം അവരുടെ വഴികളിലൂടെ KSRTC ഓർഡിനറി സർവീസ് ഇല്ല. ആ കുറവു നികത്തി ആവശ്യാനുസരണം ബസുകൾ തുടങ്ങാൻ അധികാരികൾ തയ്യാറായാൽ മാത്രമേ ഈ പദ്ധതി ഉദ്ദേശിച്ച പ്രയോജനത്തിൽ എത്തിച്ചേരുകയുള്ളൂ.

അതോടൊപ്പം സ്ത്രീകൾക്കു മാത്രമായുള്ള ബസുകളെ കുറിച്ചു കൂടി പരിഗണിക്കാവുന്നതാണ്. ഇതൊരു പ്രയോജനപ്രദമായ തുടക്കമാകണമെങ്കിൽ മേല്പറഞ്ഞ പ്രശ്നങ്ങളിലേക്കു കൂടി ശ്രദ്ധിക്കുകയും അവ പരിഹരിക്കുകയും വേണ്ടതുണ്ട്. അല്ലാത്തപക്ഷം സ്ത്രീകൾക്കിടയിൽ പ്രദേശപരമായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങൾ തുടരും. ഇവയെ മറികടക്കുന്ന വിശാലമായ സാമൂഹിക സമത്വ- നീതി സങ്കല്പങ്ങളിലേക്ക് കേരളം വികസിക്കട്ടെ. മലയാളിപ്പെണ്ണുങ്ങൾ ആത്മവിശ്വാസത്തോടെ തൻ്റേതായ പുതിയ ഇടങ്ങളെ തിരിച്ചറിയുകയോ കണ്ടെത്തുകയോ ചെയ്യട്ടെ. നിർഭയവും സ്വതന്ത്രവുമായി തലയുയർത്തി ആനന്ദപൂർവം പുതുവഴികൾ തേടിയലയുകയും കണ്ടെത്തുകയും ചെയ്യട്ടെ.


Summary: Geetha writes on why the free bus travel scheme for women in KSRTC, coming into effect on June 15, is a significant feminist intervention that enhances mobility, independence, and social inclusion.


ഗീത⠀

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments