പുത്തുമലയിൽ നാലു കുടുംബങ്ങളുടെ ജീവിതം മുട്ടിച്ച് സർക്കാർ ചുവപ്പുനാട

2019 ഓഗസ്റ്റ് 8ന് വൈകിട്ടോടെയാണു പുത്തുമല എന്ന ഗ്രാമത്തെ തന്നെ നാമാവശേഷമാക്കിയ ഉരുൾപൊട്ടൽ ദുരന്തം നടന്നത്. കനത്ത മഴയിൽ പുത്തുമലയ്ക്കു സമീപത്തെ പച്ചക്കാട് മലയുടെ ഒരുഭാഗം കുത്തിയൊലിച്ച് താഴേക്കു പതിക്കുകയായിരുന്നു. കൂറ്റൻപാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും പുത്തുമല ഗ്രാമത്തെയൊന്നാകെ മൂടിയപ്പോൾ നഷ്ടമായത് 17 ജീവനുകൾ. അതിൽ അഞ്ച് പേർ ഇന്നും കാണാമറയത്താണ്. പുത്തുമലയിലെ ആരാധനാലയങ്ങൾ, ക്വാർട്ടേഴ്സുകൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടികൾ, കന്റീൻ, പോസ്റ്റ് ഓഫിസ് തുടങ്ങിയവയെല്ലാം മണ്ണിനടിയിലായി. പുത്തുമല ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 49 വീട്ടുകാർ ഇന്ന് മേപ്പാടിയിലെ സ്‌നേഹഭൂമിയിലാണ് താമസം. കേരള സർക്കാറിന്റെ പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മാറിതാമസിച്ച ഇവർ ഇന്ന് വലിയ ആശ്വാസത്തിലാണ്. എന്നാൽ ആ ആശ്വാസം ലഭിക്കാത്ത നാല് കുടുംബങ്ങളുണ്ട് ഇപ്പോഴും പുത്തുമലയിൽ. വാസയോഗ്യമല്ലെന്ന് സർക്കാർ റിപ്പോർട്ട് എഴുതിയ അതേ ഭൂമിയിൽ ഞങ്ങളെ എങ്ങനെ സമാധാനത്തോടെ ജീവിക്കുമെന്ന് അവർ ചോദിക്കുന്നു. പുത്തുമലയിൽ നിന്നു മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ ചൂരൽമലയിലേക്കുള്ളൂ. പുത്തുമലക്കാരുടെയും അങ്ങാടിയായിരുന്നു ചൂരൽമല. പുത്തുമലയിൽ നിന്നു 5 കിലോമീറ്റർ അകലയാണ് മുണ്ടക്കൈ. അവിടെയും വിവേചനരഹിതമായ പുനരധിവാസമാണ് സർക്കാർ ഉറപ്പാക്കേണ്ടതെന്ന് ഇവർ പറയുന്നു.

Comments