ഗുരുവായൂർ: സി.പി.എമ്മിന്റെ ‘രണ്ടുടേം' പ്രതിസന്ധികൾ

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

ങ്ങനെ, 2016ൽ തോൽവിയിൽ മുസ്‌ലിം ലീഗ് ഗുരുവായൂരിൽ ഹാട്രിക് തികച്ചു. സി.പി.എമ്മിലെ കെ.വി. അബ്ദുൽഖാദർ 15,098 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ പി.എം. സാദിഖലിയെ തോൽപ്പിച്ചത്. അബ്ദുൽഖാദറിന്റെ തുടർച്ചയായ മൂന്നാം ജയം.

ഇനി ഗുരുവായൂർ ലീഗിന് വിട്ടുകൊടുക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലാണ്​ കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വം. എന്നാൽ, ഗുരുവായൂരിനുപകരം ചേലക്കര നൽകാം എന്ന കോൺഗ്രസിന്റെ ‘ഔദാര്യം' ആവശ്യമില്ലെന്നാണ് ലീഗിന്റെ മറുപടി. ചേലക്കരയിൽ, ഗുരുവായൂരിലെ ലീഗിന്റെ അതേ അവസ്ഥയിലാണ് കോൺഗ്രസ്, തുടർച്ചയായ തോൽവി. തോൽക്കുന്നവരുടെ വച്ചുമാറ്റം എന്നും പറയാം.

കെ. ദാമോദരൻ / വര: ദേവപ്രകാശ്
കെ. ദാമോദരൻ / വര: ദേവപ്രകാശ്

സ്ഥാനാർഥിയെ വരെ തീരുമാനിച്ചശേഷമാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത് എന്നാണ് ലീഗിന്റെ ആവലാതി; സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദിനെയാണ് ഗുരുവായൂരിലേക്ക് ലീഗ് കണ്ടുവച്ചിരിക്കുന്നത്.

രണ്ടു ടേം തുടർച്ചയായി ജയിച്ചവരെ മാറ്റിനിർത്തണമെന്ന നിർദേശം, കർശനമായി നടപ്പാക്കാനാകാത്ത പ്രതിസന്ധിയിലാണ് ഗുരുവായൂരിൽ സി.പി.എം. കാരണം, ജനകീയ പ്രതിച്ഛായയുള്ള അബ്ദുൽഖാദറിനുപകരം പാർട്ടിയുടെ പരിഗണനയിൽ മറ്റൊരുപേര് വരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിന്റെ സാധ്യതകളെക്കുറിച്ച് പരിശോധിക്കുന്നുണ്ടെങ്കിലും, തുടർഭരണം തേടിയുള്ള നിർണായക തെരഞ്ഞെടുപ്പിൽ ‘ഉറച്ച സീറ്റ്' നഷ്ടപ്പെടുത്തണോ എന്നാണ് പാർട്ടിയിലുള്ളവർ തന്നെ ചോദിക്കുന്നത്.

ബി.ജെ.പിയുടെ നിവേദിത കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25,447 വോട്ട് നേടിയിരുന്നു. അതുകൊണ്ടുതന്നെ ഗുരുവായൂർ ഇത്തവണ പാർട്ടി ശ്രദ്ധ നൽകുന്ന മണ്ഡലമാണ്. വൻ നേതാക്കളുടെ പട തന്നെ തൃശൂർ ജില്ലയിലിറങ്ങാനിരിക്കുകയുമാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനാണ് സാധ്യത.

മുസ്‌ലിംലീഗിന് സ്വാധീനമുള്ള മണ്ഡലമാണ് ഗുരുവായൂർ എങ്കിലും ഇടതുപക്ഷത്തിന്റെ പടിപടിയായ വളർച്ച, ഗുരുവായൂരിനെ മറ്റൊരു ഇടതുകോട്ടയാക്കി മാറ്റി. 2006നുമുമ്പ് യു.ഡി.എഫ് കോട്ടയായിരുന്നു ഗുരുവായൂർ, മൂന്നുതവണയൊഴിച്ച് അതുവരെ യു.ഡി.എഫിനായിരുന്നു ജയം. 2006ൽ അബ്ദുൽഖാദർ എത്തിയതോടെ മണ്ഡലത്തിന്റെ നിറം മാറി- അത്തവണ 12,309 വോട്ട് ഭൂരിപക്ഷം. 2011ൽ ഭൂരിപക്ഷം കുറഞ്ഞു; 9968. 2016ൽ വീണ്ടും ഉയർത്തി.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

1957ൽ നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽനിന്ന് സി.പി.ഐ സ്വതന്ത്രൻ പി.കെ. കോരുവാണ് ജയിച്ചത്. ചാവക്കാട്ടെ പ്രമുഖ കോൺഗ്രസ് നേതാവും ഡി.സി.സി പ്രസിഡന്റുമായിരുന്ന എം.വി. അബൂബക്കറിനെയാണ് പരാജയപ്പെടുത്തിയത്. 1960ൽ കോൺഗ്രസിലെ കെ.ജി. കരുണാകരമേനോൻ തോൽപ്പിച്ചത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരനെ. ദാമോദരന് കിട്ടിയത് 25,075 വോട്ട്, കരുണാകര മേനോന് 26,083.

1965ൽ അണ്ടത്തോട് മണ്ഡലത്തെ ഗുരുവായൂരിനോട് കൂട്ടിച്ചേർത്തശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ, എം.വി. അബൂബക്കറിനെ സി.പി.ഐ സ്വതന്ത്രൻ പി.കെ. അബ്ദുൽ മജീദ് തോൽപ്പിച്ചു. ആ വർഷം ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ നിയമസഭ ചേർന്നില്ല. 1967ലാണ് ലീഗ് ആദ്യമായി ഗുരുവായൂരിൽ മൽസരിക്കാനെത്തുന്നത്. സി.പി.എം, സി.പി.ഐ, ലീഗ് സപ്തകക്ഷി മുന്നണി സ്ഥാനാർഥിയായി ലീഗിലെ ബി.വി. സീതി തങ്ങൾ ജയിച്ചു. 1970ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, സി.പി.ഐ, ലീഗ് സഖ്യസ്ഥാനാർഥിയായി മൽസരിച്ച സീതി തങ്ങൾ കർഷക തൊഴിലാളി പാർട്ടി നേതാവ് വർക്കി വടക്കനോട് തോറ്റു. 1977, 1980 വർഷങ്ങളിൽ സീതി തങ്ങൾ തന്നെ ജയിച്ചു. തുടർന്ന് 10 വർഷം ലീഗിലെ പി.കെ.കെ. ബാവ എം.എൽ.എയായി. 1991ൽ ലീഗിലെ തന്നെ പി.എം. അബൂബക്കർ ജയിച്ചു.

എന്നാൽ, ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ലീഗിൽനിന്ന് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഐ.എൻ.എൽ രൂപീകരിച്ചപ്പോൾ അബൂബക്കർ എം.എൽ.എ സ്ഥാനം രാജിവെച്ച് ഐ.എൻ.എല്ലിൽ ചേർന്നു. ഇതേതുടർന്ന്, 1994ൽ ഉപതെരഞ്ഞെടുപ്പ്. ഗുരുവായൂരിന്റെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ ഏറ്റവും ആവേശകരമായ അധ്യായമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്. അബ്ദുൽ സമദ് സമദാനിയായിരുന്നു ലീഗ് സ്ഥാനാർഥി. സിനിമ സംവിധായകനും സാംസ്‌കാരിക പ്രവർത്തകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് ചെണ്ട അടയാളത്തിൽ സി.പി.എം സ്വതന്ത്രനായി. തികച്ചും യാദൃച്ഛികമായിട്ടായിരുന്നു കുഞ്ഞുമുഹമ്മദിന്റെ വരവ്. ശക്തനായ പ്രതിയോഗിക്കെതിരെ രണ്ടായിരത്തോളം വോട്ടിന് പി.ടി ജയിച്ചു.

അബ്ദുന്നാസിർ മഅ്ദനിയുടെ പി.ഡി.പി നേടിയ 15,000, ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഐ.എൻ.എൽ രൂപീകരണം തുടങ്ങിയ നിരവധി ഘടകങ്ങൾ ജനവിധിയെ സ്വാധീനിച്ചു. 1996 ലും പി.ടി. കുഞ്ഞുമുഹമ്മദ് ജയം ആവർത്തിച്ചു. 2001ൽ ലീഗിലെ പി.കെ.കെ. ബാവ അദ്ദേഹത്തെ തോൽപ്പിച്ചു.

ചാവക്കാട്, ഗുരുവായൂർ നഗരസഭകൾ, കടപ്പുറം, ഒരുമനയൂർ, പൂക്കോട്, പുന്നയൂർ, പുന്നയൂർക്കുളം, ഏങ്ങണ്ടിയൂർ, വടക്കേക്കാട് പഞ്ചായത്തുകൾ എന്നിവ അടങ്ങിയതാണ് മണ്ഡലം.

കേരളത്തിലെ പുരോഗമന പ്രസ്ഥാന ചരിത്രത്തിലെ ഒരു പ്രധാന ഏടുകൂടിയാണ് ഗുരുവായൂർ. അയിത്തജാതിക്കാരുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി കെ. കേളപ്പന്റെ നേതൃത്വത്തിൽ 1931 നവംബർ ഒന്നിനാണ് സത്യഗ്രഹം തുടങ്ങിയത്. സവർണരുടെയും വിശ്വാസികളുടെയും ഭീഷണിയും മർദ്ദനവും വകവെക്കാതെ ദിവസം ചെല്ലുംതോറും സത്യഗ്രഹം ശക്തമായിക്കൊണ്ടിരുന്നു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സോപാനത്തിലുള്ള മണിയടിക്കാൻ സമരക്കാർ തീരുമാനിച്ചു. ഡിസംബർ 22ന് ദീപാരാധന കഴിഞ്ഞയുടൻ പി. കൃഷ്ണപിള്ള ക്ഷേത്രത്തിനകത്തുകടന്ന് മണിയടിച്ചു. അദ്ദേഹം അതിക്രൂരമായ മർദ്ദനത്തിനിരയായി. തുടർന്ന് വളണ്ടിയർ ക്യാപ്റ്റനായ എ.കെ.ജിയെയും തല്ലിച്ചതച്ചു. സമരം ശക്തമായതോടെ ക്ഷേത്രം അടച്ചിടേണ്ടിവന്നു. 1932 സപ്്തംബറിൽ ക്ഷേത്രം വീണ്ടും തുറന്നു, കേളപ്പൻ 21 മുതൽ നിരാഹാരം തുടങ്ങി. ഗാന്ധിജയുടെ നിർദേശത്തെതുടർന്ന് ഒക്‌ടോബർ രണ്ടിന് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു.

തുടർന്ന് ഹിന്ദു സമുദായക്കാർക്കിടയിൽ നടത്തിയ സർവേയിൽ 77 ശതമാനവും ക്ഷേത്രം തുറന്നുകൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. പിന്നീട് 1947 ജൂൺ 12നാണ് ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുത്തു. തുല്യതക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാട്ടം നടന്ന ഈ മണ്ണിൽ ഇപ്പോഴും വിവേചനത്തിന്റെയും തീണ്ടലിന്റെയും അവശിഷ്ടങ്ങൾ അവശേഷിക്കുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രമതിലിനകത്ത് മേൽജാതിക്കാർക്കുമാത്രമാണ് ഇപ്പോഴും വാദ്യം അവതരിപ്പിക്കാൻ അവസരം നൽകുന്നതെന്ന് ദളിത് കലാകാരന്മാർ പരാതിപ്പെടുന്നു. മുമ്പ് ഇലത്താളം കലാകാരൻ ബാബുവിന് മേളം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചപ്പോൾ ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് പഞ്ചവാദ്യം കൊട്ടി പ്രതിഷേധിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയമായി പരിഹാരമുണ്ടാകേണ്ട ഇത്തരം പ്രശ്‌നങ്ങൾ തന്ത്രിയുടെയും ക്ഷേത്രം നടത്തിപ്പിന്റെയും തീർപ്പിന് വിടുന്നതിനാൽ, അവ പരിഹരിക്കപ്പെടാതെ പോകുന്നു.



Summary: എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.


Comments