വി.എസ് അച്ചുതാനന്ദൻ നിത്യനിദ്രയിലേക്കുമടങ്ങിയിട്ടും കേരളത്തിന്റെ ദുഃഖഭാരം അടങ്ങിയിട്ടില്ല. വിലാപയാത്രയിൽ ജനങ്ങളുടെ നീണ്ട നിര കണ്ടുകൊണ്ടിരിക്കുമ്പോൾ, എന്തുകൊണ്ടാണ് ജനത ഇത്രമാത്രം ആവേശത്തോടെ വി.എസിനെ നെഞ്ചേറ്റുന്നത് എന്നു ചിന്തിച്ചു. ജനകീയ പ്രശ്നങ്ങളെ ഏറ്റെടുക്കാനും അത് ജനതയ്ക്കായി നേടിയെടുക്കാനും അദ്ദേഹം കാട്ടുന്ന ആത്മാർഥത, ആദർശധീരത അതു തന്നെയല്ലേ അദ്ദേഹത്തെ ജനപ്രിയനാക്കുന്നത്?. ഒരു ഭാഷാപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം മാതൃഭാഷസമരങ്ങളോടു പുലർത്തിയ സമീപനമാണ്, ഈ സന്ദർഭത്തിൽ ഓർമ്മയിലെത്തുന്നത്.
2010 നവംബർ 5 നാണ് മലയാളസമിതി പ്രവർത്തകർ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, മലയാളത്തെ കേരളത്തിലെ ഒന്നാം ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമർപ്പിക്കാൻ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ എത്തിയത്. ശിൽപ്പി കാനായി കുഞ്ഞിരാമൻ, വി.കെ. നാരയണൻ, മലയാളസമിതി പ്രസിഡൻ്റ് എം.കെ. ചാന്ദ് രാജ്, സെക്രട്ടറിയായ ലേഖകൻ, ആർ. നന്ദകുമാർ, ഡോ. എം. ചന്ദ്രശേഖരൻ നായർ, സുധക്കുട്ടി, ശരച്ചന്ദ്രലാൽ, ഡോ. ബാലാനന്ദൻ തേക്കുംമൂട് തുടങ്ങിയ പ്രവർത്തകരാണ് സംഘത്തിലുണ്ടായിരുന്നത്.

മലയാള ഭാഷയെ കേരളത്തിൽ ഒന്നാം ഭാഷയാക്കണമെന്ന നിവേദനം അദ്ദേഹത്തിന് നൽകി. അദ്ദേഹം ഞങ്ങളെയാകെ സ്നേഹപൂർവ്വം നോക്കിയ ശേഷം നിവേദനം വായിക്കാൻ തുടങ്ങി. സ്വാതന്ത്ര്യം കിട്ടി 63 വർഷം പിന്നിട്ടിരിക്കുന്നു. ജനതയുടെ മാതൃഭാഷയായ മലയാളത്തിൻ്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 54 വർഷം കഴിഞ്ഞു. ഇതുവരെയും കേരളത്തിൽ 97 ശതമാനം ജനതയുടെ മലയാള ഭാഷയ്ക്ക് ഒന്നാം ഭാഷാപദവി ലഭിച്ചിട്ടില്ല. അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻ്റ് തുടങ്ങിയ സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും മാതൃഭാഷയാണ് ഒന്നാം ഭാഷ. ഇവിടെ ഭരണ-പഠന- കോടതി രംഗങ്ങളിലെല്ലാം മലയാളം രണ്ടാം ഭാഷയാണ്. ജനങ്ങളുടെ മാതൃഭാഷയെ രണ്ടാം തരമാക്കിയാൽ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എന്തർത്ഥമാണ്?
അദ്ദേഹം നിവേദനം മുഴുവൻ വായിക്കുകയാണ്. ഞങ്ങൾ വളരെ ആകാംഷയോടെ കാത്തുനിന്നു. എന്താവും അദ്ദേഹം പറയുക?
മലയാളത്തെ ഒന്നാം ഭാഷയാക്കണമെന്ന ആവശ്യത്തിൽ തൻ്റെ ഉറച്ച തീരുമാനം വി.എസ് അറിയിച്ചുകഴിഞ്ഞു. ഞങ്ങൾക്ക് വി.എസ് ആത്മവിശ്വാസം പകർന്നു തരികയായിരുന്നു. മാത്രമല്ല മലയാളഭാഷയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒരു ദിശാബോധം കൂടി നൽകുകയായിരുന്നു അദ്ദേഹം.
നിവേദനം മുഴുവൻ വായിച്ച ശേഷം അദ്ദേഹം പതിവുപോലെ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ഒരു നിമിഷം ഇരുന്നു. പിന്നെ വളരെ ഗൗരവത്തിൽ വേദനയോടെ ഇങ്ങനെ പറഞ്ഞു: ‘‘വളരെ താമസിച്ചു പോയി. കേരളത്തിൽ ഇതുവരെ മലയാളം ഒന്നാം ഭാഷയായിട്ടില്ല എന്നത് വളരെ ഖേദകരമാണ്. നിങ്ങൾ പ്രതിപക്ഷനേതാവിനും നിവേദനം കൊടുക്കൂ. ഞങ്ങൾ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിന്നു വേണം മലയാള ഭാഷയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ’’. ഞങ്ങളുടെ ആശങ്കകൾ നിറഞ്ഞ ചോദ്യങ്ങൾക്ക്, ‘‘നമുക്കു നോക്കാം; നിങ്ങൾ ജനങ്ങളെ സംഘടിപ്പിക്കൂ’’ എന്ന ആവേശകരമായ വാക്കായിരുന്നു ആ മിതഭാഷിയുടെ ഉത്തരം.
അധികം സംസാരമില്ല. തൻ്റെ ഉറച്ച തീരുമാനം അദ്ദേഹം അറിയിച്ചുകഴിഞ്ഞു. ഞങ്ങൾക്ക് വി.എസ് ആത്മവിശ്വാസം പകർന്നു തരികയായിരുന്നു. മാത്രമല്ല മലയാളഭാഷയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒരു ദിശാബോധം കൂടി നൽകുകയായിരുന്നു അദ്ദേഹം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിപ്പിച്ചു നിർത്തിവേണം മലയാള ഭാഷയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും സമരങ്ങളും ആവിഷ്കരിക്കാൻ എന്ന പാഠമാണ് അദ്ദേഹം നൽകിയത്.

സംതൃപ്തിയോടെയാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്. മലയാളസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയ വാർത്ത പിറ്റേന്ന് പത്രങ്ങളിൽ നിറഞ്ഞു. മലയാളഭാഷാസ്നേഹികളായ പലരും കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും ഞങ്ങളെ വിളിച്ചു. മലയാളഐക്യവേദിയുടെ സ്ഥാപകരിൽ പ്രധാനിയായ ഡോ. പി. പവിത്രൻ, മലയാള സംരക്ഷണ വേദിയുടെ നായകൻ ഡോ. ജോർജ് ഇരുമ്പയം എന്നിവർ എന്നെ വിളിച്ച്, ഒരുമിച്ച് ഭാഷയ്ക്കു വേണ്ടി പ്രവർത്തിക്കാം എന്ന നിർദ്ദേശം മുന്നോട്ടു വച്ചു. മൂന്നു സംഘടനകളും ചേർന്ന് പൊതുവായി യോജിക്കുന്ന കാര്യങ്ങളിൽ ഒരുമിച്ചു നിന്നു പോരാടുക എന്നായിരുന്നു തീരുമാനം. അതിനായി ഐക്യമലയാള പ്രസ്ഥാനം എന്ന പേരിൽ പൊതുവേദി രൂപീകരിക്കാൻ ധാരണയായി.
യഥാർത്ഥത്തിൽ ഐക്യമലയാള പ്രസ്ഥാനത്തിനു പിന്നിലെ പ്രേരണയും വി. എസിൻ്റെ വാക്കുകളിൽ ഉണ്ടായിരുന്നു. വളരെ മുന്നേ തന്നെ മലയാളഭാഷ കേരളത്തിൽ ഒന്നാം ഭാഷയാകേണ്ടതായിരുന്നു. ഇനി ജനതയുടെ ഒരുമിച്ചുള്ള പോരാട്ടങ്ങളിലൂടെ വേണം അതു നേടിയെടുക്കാൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകളുടെ അർത്ഥം. അതിനാൽത്തന്നെ ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ കീഴിൽ ജനതയെ അണിനിരത്തി സമരം ചെയ്ത് നേടിയെടുക്കേണ്ടതാണ് മാതൃഭാഷാവകാശം എന്ന് ഞങ്ങൾക്കു ബോധ്യമായി.
‘‘ഭരണപക്ഷത്തിരിക്കുന്ന ഞങ്ങളും പ്രതിപക്ഷത്തിരിക്കുന്ന നിങ്ങളും ഒരുപോലെ ലജ്ജിച്ചു തലതാഴ്ത്തേണ്ട വിഷയമാണിത്. നാം ഇത്രകാലം മാറിമാറി ഭരിച്ചിട്ടും 97 ശതമാനം ജനതയുടെ ഭാഷയായ മലയാളത്തെ ഒന്നാം ഭാഷയാക്കാൻ നമുക്കു കഴിഞ്ഞില്ല’’- വി.എസ് നിയമസഭയിൽ പറഞ്ഞു.
2010 ഡിസംബർ 23 ന് കാനായി കുഞ്ഞിരാമൻ്റെ നേതൃത്വത്തിൽ നൂറോളം ഭാഷാപ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിലെ തെരുവിൽ നിരാഹാരസമരം ആരംഭിച്ചു. അന്ന് അസംബ്ലി കൂടുകയാണ്. കോൺഗ്രസ് എം.എൽ എ ആയ സി.പി. മുഹമ്മദ് ഞങ്ങളുടെ സമരത്തെ സൂചിപ്പിച്ചുകൊണ്ട് കേരളത്തിൽ മലയാളം ഒന്നാം ഭാഷയാക്കണമെന്ന ഉപക്ഷേപം അവതരിപ്പിച്ചു. മുഖ്യമന്ത്രി വി.എസ്. വളരെ വികാരഭരിതനായാണ് ഉപക്ഷേപത്തിനു മറുപടി നൽകിയത്: ഭരണപക്ഷത്തിരിക്കുന്ന ഞങ്ങളും പ്രതിപക്ഷത്തിരിക്കുന്ന നിങ്ങളും ഒരുപോലെ ലജ്ജിച്ചു തലതാഴ്ത്തേണ്ട വിഷയമാണിത്. നാം ഇത്രകാലം മാറിമാറി ഭരിച്ചിട്ടും 97 ശതമാനം ജനതയുടെ ഭാഷയായ മലയാളത്തെ ഒന്നാം ഭാഷയാക്കാൻ നമുക്കു കഴിഞ്ഞില്ല. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഐക്യമലയാള പ്രസ്ഥാനമെന്ന ചെറിയ സംഘടന വേണ്ടി വന്നു ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്താൻ.
നിയമസഭ ഏകകണ്ഠമായി വി.എസിന് ഒപ്പം നിന്നു. മലയാളം ഒന്നാം ഭാഷയാക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ ആർ.വി.ജി. മേനോനെ ചുമതലപ്പെടുത്തിയാണ് നിയമസഭ പിരിഞ്ഞത്. ഇക്കാര്യം ഞങ്ങളെ അറിയിക്കാൻ അദ്ദേഹം ഭരണപക്ഷത്തുനിന്ന് സൈമൺ ബ്രിട്ടോ എം.എൽ. എയെ നിയോഗിക്കുകയും ചെയ്തു. വീൽ ചെയറിൽ സൈമൺ ബ്രിട്ടോ ഞങ്ങളുടെ മുന്നിലെത്തി. കൂടെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും സി.പി.മുഹമ്മദും എത്തി. അവരുടെ പ്രസംഗങ്ങളിൽ നിന്ന് പ്രത്യാശയുണ്ടാക്കുന്ന വാർത്തകൾ ഞങ്ങൾ അറിയുകയും നിരാഹാരസമരം അവസാനിപ്പിക്കുകയും ചെയ്തു.

ആർ.വി.ജി. മേനോൻ റിപ്പോർട്ടു സമർപ്പിച്ചു. അധികം വൈകാതെ മുഖ്യമന്ത്രി ഒന്നാം ഭാഷാ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, തുടർന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതിനാൽ ഇലക്ഷൻ കമ്മിഷൻ ഒന്നാം ഭാഷാ ഉത്തരവ് തടഞ്ഞുവച്ചു. തെരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിൽ വരികയും ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആവുകയും ചെയ്തു. പ്രതിപക്ഷ നേതാവ് എന്ന നിലയിലായിരുന്നു പിന്നീട് ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ സമരങ്ങൾക്ക് നേതൃത്വം നൽകി വി.എസ് മുന്നിൽ നിന്നത്. ഉമ്മൻചാണ്ടി സർക്കാരിനെക്കൊണ്ട് പുതിയ ഒന്നാം ഭാഷാ ഉത്തരവ് ഇറക്കാൻ അദ്ദേഹം സമരം നയിച്ചു. പുതിയ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഞങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ അത് പിൻവലിച്ച് പുതിയ ഒന്നാം ഭാഷാ ഉത്തരവ് പുറത്തിറക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിനെ നിർബന്ധിതമാക്കിയ ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ പ്രതിഷേധങ്ങൾക്ക് വി.എസ് ഒപ്പം നിന്നു. പുതുക്കിയ ഒന്നാം ഭാഷാ ഉത്തരവ് 2011 സെപ്തംബർ ഒന്നിന് പുറത്തിറങ്ങിയെങ്കിലും അതു നടപ്പിലാക്കാൻ വിദ്യാഭ്യാസവകുപ്പ് തയ്യാറായില്ല. ഉത്തരവുകൾ കൊണ്ടു കാര്യമില്ല മാതൃഭാഷയ്ക്കായി നിയമനിർമ്മാണമാണ് വേണ്ടത് അതിനായി പ്രയത്നിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പിന്നീട് ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ സമരങ്ങൾ കേരളത്തിൽ മലയാള ഭാഷയെ ഒന്നാം ഭാഷയാക്കി നിയമനിർമ്മാണം നടത്തുന്നതിനു വേണ്ടിയായിരുന്നു. അതിലെല്ലാം അദ്ദേഹം നേതൃത്വപരമായ പങ്കു വഹിച്ച് മുന്നിൽ നിന്നു. നിയമനിർമ്മാണത്തിനുള്ള ആവശ്യം ഉന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2013 മാർച്ച് 18 ന് കെ.പി. രാമനുണ്ണിയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വി.എസ് ആശംസകൾ അർപ്പിക്കാൻ സമരപ്പന്തലിൽ എത്തി. നിയമനിർമ്മാണം നടത്താമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പുമാനിച്ച് സമരം പിൻവലിച്ചു.

എന്നാൽ സർക്കാർ ഉറപ്പു പാലിക്കുന്നില്ല എന്നു കണ്ട് 2014- ൽ ഐക്യമലയാള പ്രസ്ഥാനം നടത്തിയ നിയമസഭാ മാർച്ച് പാളയത്ത് പോലീസ് ബാരിക്കേട് സ്ഥാപിച്ചു തടഞ്ഞപ്പോൾ, അവിടെ വി എസ് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രതിഷേധ പ്രസംഗം ആവേശകരമായിരുന്നു. വി.എസിനോടൊപ്പം സുഗതകുമാരിയും ഉണ്ടായിരുന്നു. ആ യോഗത്തിൽ വച്ചാണ് ഡോ. പി. പവിത്രൻ്റെ 'മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം' എന്ന പുസ്തകം വി.എസ് പ്രകാശനം ചെയ്തത്.

എത്രയെത്ര സമരങ്ങൾക്കാണ് അദ്ദേഹം ഞങ്ങൾക്ക് നേതൃത്വം നൽകിയത്. കോടതിഭാഷ മലയാളമാക്കണമെന്ന ആവശ്യം മുൻനിർത്തിയുള്ള സമരം, ഒന്നാം ഭാഷാ ഉത്തരവ് നടപ്പിലാക്കണമെന്ന സമരം, ഉപവാസ സമരം, രാപ്പകൽ സമരം തുടങ്ങി ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരങ്ങൾക്കെല്ലാം അദ്ദേഹത്തിൻ്റെ സാന്നിധ്യം ആവേശം പകർന്നിരുന്നു.
നിയമസഭയിലും പുറത്തും മലയാള ഭാഷാപരിപോഷണത്തിനും വ്യാപനത്തിനുമായുള്ള നിയമനിർമ്മാണത്തിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. അങ്ങനെയാണ് 2015 ഡിസംബർ 17 ന് മലയാള ബിൽ നിയമസഭ ഏകകണ്ഠമായി പാസ്സാക്കാനിടയായത്. ആ ബിൽ രാഷ്ട്രപതി 10 വർഷങ്ങൾക്കു ശേഷം തിരിച്ചയച്ച ഈ വേളയിൽ പുതിയ മലയാളനിയമത്തിനായി ഐക്യമലയാള പ്രസ്ഥാനം സമരമുഖത്തു നിൽക്കുകയാണ്. വി. എസ് എന്ന കേരളത്തിൻ്റെ ഇതിഹാസ നായകന് അന്തിമോപചാരമായി ഈ മലയാള നിയമനിർമ്മാണം സാധ്യമാകും എന്ന് പ്രതീക്ഷിക്കാം.

