മകൻ ഇങ്ങനെ കെട്ടിപ്പിടിച്ച് വിതുമ്പിക്കൊണ്ടിരുന്നാൽ അമ്മ എന്തുചെയ്യും? ജയിപ്പിക്കാതെ മറ്റൊരു വഴിയുമില്ല. മക്കൾ വേറെയുമുണ്ട്, എന്നാൽ, ത്യാഗമേറെ സഹിച്ച് ഇങ്ങനെ അമ്മയെ സ്‌നേഹിക്കുന്ന ഒരു മകൻ ഹരിപ്പാടിന് വേറെയില്ല.
അഞ്ചാമത്തെ തവണയും ജയത്തിനായി ഹരിപ്പാട്ട് എത്തിയ രമേശ് ചെന്നിത്തലയെക്കുറിച്ചാണ് പറയുന്നത്. തെരഞ്ഞെടുപ്പു കൺവെൻഷനിൽ അദ്ദേഹം പെട്ടെന്ന് വികാരാധീനനായി: ‘‘ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണ്. ജീവിതത്തിൽ ഒരു സ്ഥാനം കിട്ടുന്നതിനേക്കാൾ വലുതാണ് ഹരിപ്പാട്ടുകാരുടെ സ്‌നേഹം. നിയമസഭയിലേക്കാണെങ്കിൽ അത് ഹരിപ്പാട്ടുനിന്ന് മാത്രം എന്നത് എന്റെ നിശ്ചയദാർഢ്യമാണ്.''
ശരിയാണ് ഈ മകൻ പറഞ്ഞത്. നേമത്ത് മത്സരിക്കാനുള്ള സഹപ്രവർത്തകരുടെയും ഹൈക്കമാൻഡിന്റെയും സ്‌നേഹപൂർണമായ നിർബന്ധത്തിൽനിന്ന്, പുതുപ്പള്ളിയിലെ വീടിന്റെ ഓടിനുപുറത്ത് പിടിച്ചുകയറ്റിയ ആത്മഹത്യാസ്‌ക്വാഡുകളെ ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടി വിനയത്തോടെ ഒഴിഞ്ഞുമാറിയപ്പോൾ, ‘എന്നാൽ രമേശ് നേമത്ത് മത്സരിക്കട്ടെ' എന്നൊരു സ്‌നേഹാശ്ലേഷം കെ.പി.സി.സിയിൽനിന്നുണ്ടായി. ഉടൻ നെഞ്ചുപിളർത്തിക്കാണിച്ചു രമേശ്. അതാ, അകത്ത് മാതൃത്വം ചുരത്തി ഹരിപ്പാടിരിക്കുന്നു. നേമം കാർഡിറക്കിയ നേതാക്കളുടെ നാവിറങ്ങിപ്പോയി. അങ്ങനെയാണ് പ്രത്യേകിച്ചൊരു ‘അമ്മ മണ്ഡലം' ഇല്ലാത്ത കെ. മുരളീധരൻ പകരമായി എത്തിയത്.
ഹരിപ്പാടിനെക്കുറിച്ചുള്ള രമേശിന്റെ വിതുമ്പൽ, ഒരു മുതലക്കണ്ണീരാണ് എന്നൊക്കെ പറയുന്നവരുണ്ട്, അത് വാസ്തവം അറിയാഞ്ഞിട്ടാണ്. 1982ൽ, 26ാം വയസ്സിലാണ് ചെന്നിത്തലയുടെ ആദ്യ മത്സരം, ഇവിടെനിന്ന്. സി.പി.എമ്മിന്റെ പി.ജി. തമ്പിയെ തോൽപ്പിച്ചത് 4577 വോട്ടിന്. 1987ൽ കരുത്തനായ ആർ.എസ്.പിയിലെ എ.വി. താമരാക്ഷനെതിരെ വീണ്ടും ജയം. 1989ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനായി രമേശിന് വേദനയോടെ അമ്മയെ വിട്ടുനിൽക്കേണ്ടിവന്നു. 1991, 1996 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മകൻ വിജയിക്കുന്നതും ഹാട്രിക് നേടുന്നതും കണ്ട് ഹരിപ്പാട് എന്ന അമ്മ ആഹ്ലാദക്കണ്ണീരൊഴുക്കി. 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽനിന്നായിരുന്നു ജയം. 2004ൽ സി.എസ്. സുജാതയോട് തോറ്റു, പിന്നെ ലോക്‌സഭയിലേക്ക് ഭാഗ്യപരീക്ഷണത്തിന് നിന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ, 2011ൽ വീണ്ടും അമ്മക്കരികിൽ. സി.പി.ഐയുടെ ജി. കൃഷ്ണപ്രസാദിനെ 5520 വോട്ടിന് തോൽപ്പിച്ചു.
2016ൽ സി.പി.ഐയുടെ പി. പ്രസാദിനെതിരെ 18,621 വോട്ടിന്റെ ഭൂരിപക്ഷം.
2016ൽ ആലപ്പുഴ ജില്ലയിൽ ഒമ്പതു മണ്ഡലങ്ങളിൽ എട്ടും എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഹരിപ്പാട് മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. പ്രതിപക്ഷനേതാവിന് ഹരിപ്പാട്ട് ജയിക്കാൻ ഇത്തവണയും വെല്ലുവിളികളൊന്നുമില്ല, ജയിച്ചശേഷമായിരിക്കും അദ്ദേഹത്തിന്റെ യഥാർഥ മത്സരം തുടങ്ങുന്നത്.
സി.പി.എയുടെ സീറ്റാണ്, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാലാണ് സ്ഥാനാർഥി. വിദ്യാർഥി- യുവജനപ്രസ്ഥാനങ്ങളുടെ മുൻനിരയിലുള്ള സജിലാലിന്റെ ആദ്യ നിയമസഭാ മത്സരമാണിത്. വെറുമൊരു ചാവേർ സ്ഥാനാർഥിയായല്ല സജിലാലിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. മണ്ഡലം കമ്മിറ്റി നിർദേശിച്ച പേരുകൾ ഒഴിവാക്കി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സജിലാൽ ഹരിപ്പാട്ടെത്തിയത്. കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് അടിസ്ഥാന ജനവിഭാഗങ്ങളോട് ഒത്തുചേർന്ന് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഈ യുവാവിന്റെ പ്രതിച്ഛായ, രമേശിനെതിരെ മികച്ച മത്സരത്തിന് വഴിയൊരുക്കുമെന്നാണ് പാർട്ടി പ്രതീക്ഷ.
ഇതിനിടെ, സി.പി.ഐക്ക് ഇത്തവണ ഒരു നഷ്ടവും പറ്റി. സജിലാലിനൊപ്പം സ്ഥാനാർഥിയാകാൻ പരിഗണിച്ചിരുന്ന ആലപ്പുഴ ജില്ല കൗൺസിൽ അംഗവും ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറ പാർട്ടി വിട്ട് ബി.ഡി.ജെ.എസിൽ ചേർന്ന് കുട്ടനാട് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി. അന്തരിച്ച സി.പി.ഐ നേതാവ് മേട്ടുതറ നാരായണന്റെ മകനാണ് തമ്പി. കാനം രാജേന്ദ്രൻ ഏകാധിപതിയാണെന്നും സി.പി.എമ്മിന്റെ ബി ടീമായി പാർട്ടി അധഃപ്പതിച്ചെന്നും പരിഗണനാ ലിസ്റ്റിലെ മുൻഗണനാക്രമം മനസ്സിലായപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞു, മറ്റൊരു പാർട്ടിയിലൂടെ, മറ്റൊരു മുന്നണിയിലൂടെയാണെങ്കിലും സ്ഥാനാർഥിയാകാൻ കഴിഞ്ഞു.
1957 മുതൽ 2016 വരെ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ ഒമ്പതു തവണ യു.ഡി.എഫും ഏഴു തവണ എൽ.ഡി.എഫുമാണ് ജയിച്ചത്. 2006, 2011, 2016 വർഷങ്ങളിൽ തുടർച്ചയായി കോൺഗ്രസ്.
1957ൽ ഇടതുസ്വതന്ത്രൻ വി. രാമകൃഷ്ണപിള്ളക്കായിരുന്നു ജയം. 1960ൽ കോൺഗ്രസിലെ എൻ.എസ്. കൃഷ്ണപിള്ള. 1965ൽ കോൺഗ്രസിലെ കെ.പി. രാമകൃഷ്ണൻ നായർ സി.പി.എമ്മിലെ സി.ബി.സി. വാര്യരെ തോൽപ്പിച്ചു. 1967ൽ വിജയം വാര്യർക്കൊപ്പമായിരുന്നു; 1120 വോട്ടിന്. 1970ൽ വീണ്ടും വാര്യർ. 1977ൽ പി.എസ്.പിയുടെ ജി.പി. മംഗലത്ത് മഠം യു.ഡി.എഫിനുവേണ്ടി ഹരിപ്പാട് പിടിച്ചു; വാര്യരുടെ ഹാട്രിക് മോഹം പൊലിഞ്ഞു. 1980ൽ വാര്യർ മംഗലത്ത് മഠത്തെ തോൽപ്പിച്ചു.
1982ലും 87ലും രമേശ് ചെന്നിത്തല. 1989ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനായി രമേശ് എം.എൽ.എ സ്ഥാനമൊഴിഞ്ഞപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ താമരാക്ഷൻ കോൺഗ്രസിലെ എം. മുരളിയെ 1176 വോട്ടിന് തോൽപ്പിച്ചു. 1991ൽ കോൺഗ്രസിലെ കെ.കെ. ശ്രീനിവാസൻ താമരാക്ഷനെ തോൽപ്പിച്ചു, വെറും 525 വോട്ടിന്. 1996ൽ വീണ്ടും താമരാക്ഷൻ. 2001ൽ ആർ.എസ്.പി- ബി യു.ഡി.എഫിൽ എത്തി. നാലുതവണ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച താമരാക്ഷൻ യു.ഡി.എഫ് സ്ഥാനാർഥിയായപ്പോൾ സി.പി.എമ്മിലെ ടി.കെ. ദേവകുമാറിനോട് 4187 വോട്ടിന് തോറ്റു. 2006ൽ അഡ്വ. ബി. ബാബുപ്രസാദ് ദേവകുമാറിനെ തോൽപ്പിച്ചു.
കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീപഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം.