മഴക്കെടുതിയിൽ 8 മരണം, സംസ്ഥാനത്താകെ വ്യാപക നാശനഷ്ടം

തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒരുപോലെ അതിശക്തമായാണ് മഴ തുടരുന്നത്. മൂന്ന് ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി.

News Desk

സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്ത മഴയിൽ വ്യാപകനാശനഷ്ടം. ശനിയാഴ്ച വൈകീട്ട് വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 8 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒരുപോലെ അതിശക്തമായാണ് മഴ തുടരുന്നത്. ശനിയാഴ്ച 9 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ നാല് വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽ വീണ് മരിച്ചു. വയനാട് ഒരാൾ ഷോക്കേറ്റ് മരിച്ചു. താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മൂന്ന് ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാർക്കും ജില്ലാ ഭരണകൂടങ്ങൾക്കും മറ്റ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ അതിതീവ്രമഴയാണ് പെയ്തത്. കോട്ടയത്ത് ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. പാലാനഗരം മുഴുവൻ വെള്ളത്തിൽ മുങ്ങി. ഇടുക്കിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കളക്ടർമാരോട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു.

ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് നിലവിൽ കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.

ജാഗ്രതാനിർദ്ദേശം

മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ടയിലടക്കം പല മേഖലകളിലും വിനോദസഞ്ചാരത്തിന് നിയന്ത്രണമുണ്ട്. മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്താണ് വിനോദസഞ്ചാര മേഖലകളിൽ നിയന്ത്രണം.

Comments