ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ട് പുറത്തവിടണമെന്ന് ഉത്തരവിട്ട് സംസ്ഥാന വിവരാവകാശ കമീഷൻ. വിവരാവകാശ കമീണർ എ.എ. അബ്ദുൽ ഹക്കീമാണ് ഉത്തരവിട്ടത്.
വിവരാവകാശ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങളൊഴിച്ച് മറ്റൊരു വിവരവും മറച്ചുവെക്കരുതെന്നും കമീഷണർ നിർദേശിച്ചു. റിപ്പോർട്ട് പുറത്തുവിടുമ്പോൾ അവ റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന തരത്തിലാകരുത്. റിപ്പോർട്ടിലെ അപ്പെൻഡിക്‌സ്, 96ാം ഖണ്ഡിക, 165 മുതൽ 196 വരെയുള്ള ഖണ്ഡിക എന്നിവ (81 മുതൽ100 വരെയുള്ള പേജുകൾ, പേജ് 49 എന്നിവ) പ്രസിദ്ധീകരിക്കരുത് എന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും കമീഷൻ നിർദേശിച്ചു.
2017-ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് രൂപീകരിച്ച ഹേമ കമീഷൻ രണ്ട് വർഷത്തെ പഠനത്തിനുശേഷം 2019 ഡിസംബർ 31നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി) ഉൾപ്പടെയുള്ള സംഘടനകൾ സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു കമീഷൻ അംഗങ്ങൾ. സിനിമാ വ്യവസായത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇന്ത്യയിൽ ഇത്തരമൊരു കമീഷൻ രൂപീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു.
നാലര വർഷത്തിനുശേഷമാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് വന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളും സിനിമാ മേഖലയിലടക്കമുള്ളവരും വിവരാവകാശ കമീഷനെ സമീപിച്ചിരുന്നു. എന്നാൽ, പുറത്തുവിടില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. റിപ്പോർട്ട് പുറത്തുവിടരുതെന്നാണ് ഹേമ കമ്മറ്റി തന്നെ ആവശ്യപ്പെട്ടത് എന്നാണ് മന്ത്രി സജി ചെറിയാൻപ്രതികരിച്ചത്. സർക്കാർ നിലപാടിന് വിരുദ്ധമായാണ് വിവരാവകാശ കമീഷൻ ഉത്തരവ്.
തൊഴിലിടത്തിന്റെ ഗുണനിലവാരം, ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവയുടെ സ്വഭാവവും തുടങ്ങിയവ അന്വേഷിക്കാൻ, അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്തുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമീഷൻ അഭിമുഖം നടത്തിയിരുന്നു. നിരവധി അഭിനേതാക്കൾ, തങ്ങളുടെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിൽ സെറ്റിൽ നേരിടേണ്ടിവന്ന പീഡനാനുഭവങ്ങൾ കമീഷനോട് വെളിപ്പെടുത്തിയതായാണ് വിവരം. ലിംഗാടിസ്ഥാനത്തിലുള്ള വേതന വിവേചനം, സെറ്റിൽ സ്ത്രീകൾക്ക് മതിയായ സൗകര്യങ്ങൾ നൽകാത്ത പ്രശ്നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം എന്നിവയും കമീഷൻ പരിശോധിച്ചു.
സ്‌ക്രീൻഷോട്ടുകളും വോയിസ് ക്ലിപ്പിംഗുകളുമുൾപ്പടെ 300 പേജുകളുള്ള റിപ്പോർട്ടായിരുന്നു ഹേമ കമീഷൻ സമർപ്പിച്ചത്. 'കാസ്റ്റിംഗ് കൗച്ച്' മലയാള സിനിമയിലുണ്ടെന്ന കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്. സിനിമാ സെറ്റുകളിൽ മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം വ്യാപകമാണെന്നും കമീഷൻ കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.