ആടു മേയ്ക്കാൻ പൊയ്ക്കൂടാരുന്നോ, മി ലോഡ്സ്?

കേരള ഹൈക്കോടതി ഒരു പരാമർശം നടത്തി: ‘‘എം.എസ്.സി. പഠിച്ചയാൾ രണ്ട് ആടുകളെ വളർത്തി വരുമാനമുണ്ടാക്കിയാൽ സ്റ്റാറ്റസ് പോകുമോ? ബി.എ. വരെ പഠിച്ചാൽ പിന്നെ അതൊന്നും പാടില്ലെന്നാണു നമ്മുടെ മനോഭാവം. സർക്കാർ ജോലിയില്ലെങ്കിൽ ലോകാവസാനമല്ല. യുവാക്കളുടെ മനോഭാവം മാറണം.’’ ഒരു ടെസ്റ്റ് പോലും പാസാകാതെ, ഒരു ഇന്റർവ്യൂ പോലും നേരിടാതെ, നേരിട്ട് ഹൈക്കോടതി ജഡ്ജി പദത്തിലേയ്ക്ക് അവതരിക്കുന്ന അവർക്ക് അങ്ങനെ പലതും പറയാം. ഇന്ത്യാ മഹാരാജ്യത്തെ യാതൊരു സുതാര്യതയുമില്ലാത്ത നിയമനാഭാസമാണ് ഹൈക്കോടതിയിലേയ്ക്കും സുപ്രീം കോടതിയിലേയ്ക്കും ജഡ്ജിമാരെ തെരഞ്ഞെടുക്കുക എന്നത്- പെരുമ്പാവൂർ സബ്​ ജഡ്​ജിയായിരുന്ന എസ്​. സുദീപിന്റെ ഫേസ്​ബുക്ക്​ പോസ്​റ്റ്​

ന്നലെ കേരള ഹൈക്കോടതി ഒരു പരാമർശം നടത്തി:
എം.എസ്.സി. പഠിച്ചയാൾ രണ്ട് ആടുകളെ വളർത്തി വരുമാനമുണ്ടാക്കിയാൽ സ്റ്റാറ്റസ് പോകുമോ? ബി.എ. വരെ പഠിച്ചാൽ പിന്നെ അതൊന്നും പാടില്ലെന്നാണു നമ്മുടെ മനോഭാവം. സർക്കാർ ജോലിയില്ലെങ്കിൽ ലോകാവസാനമല്ല. യുവാക്കളുടെ മനോഭാവം മാറണം.

ഒരു ടെസ്റ്റ് പോലും പാസാകാതെ, ഒരു ഇന്റർവ്യൂ പോലും നേരിടാതെ, നേരിട്ട് ഹൈക്കോടതി ജഡ്ജി പദത്തിലേയ്ക്ക് അവതരിക്കുന്ന അവർക്ക് അങ്ങനെ പലതും പറയാം. ഇന്ത്യാ മഹാരാജ്യത്തെ യാതൊരു സുതാര്യതയുമില്ലാത്ത നിയമനാഭാസമാണ് ഹൈക്കോടതിയിലേയ്ക്കും സുപ്രീം കോടതിയിലേയ്ക്കും ജഡ്ജിമാരെ തെരഞ്ഞെടുക്കുക എന്നത്.

കൊളീജിയം എന്നാണ് ആ നറുക്കെടുപ്പു സംഘത്തിന്റെ പേര്. ഹൈക്കോടതിയിലെ സീനിയർ മോസ്റ്റ് ജഡ്ജിമാരായ ചിലരാണ് ആ സംഘത്തിൽ. സുപ്രീം കോടതിയിലും അതുപോലെ തന്നെ.
എങ്ങനെയാണ് ജഡ്ജിമാരാകാനുള്ളവരുടെ പേരു കണ്ടെത്തുന്നതെന്നൊക്കെ ചോദിച്ചാൽ അതു വലിയ രഹസ്യമാണു കേട്ടോ!

കീഴ്​ക്കോടതിയിൽ ജഡ്ജിയാകാൻ ടെസ്റ്റും അഭിമുഖവുമൊക്കെ പാസാകണം. തീർന്നില്ല, അവർക്ക് ജില്ലാ ജഡ്ജിയായി പ്രമോഷൻ കിട്ടണമെങ്കിൽ വീണ്ടും ഇന്റർവ്യൂ പാസാകണം! ഹൈക്കോടതി ജഡ്ജിയാകാൻ കൊളീജിയത്തിലെ ‘അങ്കിൾ ജഡ്ജി’ മാത്രം മതി! ഹൈക്കോടതി ജഡ്ജിയാകാൻ അപേക്ഷയൊന്നും നൽകണ്ട. കൊളീജിയം ജഡ്ജിമാരുടെ മനസ് കീഴടക്കാനുള്ള കഴിവു മാത്രം മതി. അതിന് കേസു നടത്തിപ്പുമായി യാതൊരു ബന്ധവുമില്ല.

കൊളീജിയം ജഡ്ജിമാരുടെ മനസ് കൊള്ളയടിക്കാൻ പല വഴികളുണ്ട്.
കൊളീജിയം അംഗമായ എന്നെ ജഡ്ജിയാക്കിയത് കഞ്ഞിക്കുഴി കൃഷ്ണയ്യരാണെന്നു കരുതുക. ആ ഞാൻ, കഞ്ഞിക്കുഴിയുടെ മകനെ ജഡ്ജിയാക്കും. നാളെ ജൂനിയർ കഞ്ഞിക്കുഴി, കൊളീജിയത്തിൽ വരും. അന്നേരം എന്റെ മകനെ ജഡ്ജിയാക്കും. ആ പ്രക്രിയ അങ്ങനെ തുടരും. പിന്നെ സുകുമാരൻ നായർ, ചെല്ലപ്പൻ നായരെ ജഡ്ജിയാക്കും. തോമാച്ചൻ, കോശിയെ; മമ്മത്, അബൂനെ. ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി മോഹങ്ങൾ ഉള്ളവരാണ് ഹൈക്കോടതി കൊളീജിയത്തിലെങ്കിൽ, കേന്ദ്രം ഭരിക്കുന്നവന്റെ ട്രേഡ് യൂണിയൻ നേതാവ് വരെ ഹൈക്കോടതി ജഡ്ജിയാകും.

റിട്ടയർമെന്റിന്റെ പിറ്റേന്ന് കമീഷൻ- ട്രിബ്യൂണൽ ഒക്കെയാവാൻ കച്ചകെട്ടി നടക്കുന്ന കൊളീജിയം അംഗങ്ങളൊക്കെ കേന്ദ്ര- സംസ്ഥാന ഭരണനേതൃത്വങ്ങളെ പ്രീണിപ്പിക്കാൻ എന്തൊക്കെ ചെയ്യുമെന്ന് ഊഹിച്ചാൽ മതി.

പിന്നെ ജഡ്ജിയാകാൻ പോകുന്നവന്റെ വരുമാനവും നോക്കും കേട്ടോ! വരുമാനം കുറഞ്ഞ, ആദായ നികുതി നൽകാത്ത ‘തെണ്ടി’കളെയൊന്നും വേണ്ട. ആഢ്യന്മാർ മാത്രം മതി. പാവങ്ങളുടെ കേസു മാത്രം എടുക്കുന്ന, കക്ഷികളെ പിഴിയാത്ത വക്കീലന്മാരൊന്നും ജഡ്ജിയാകണ്ട!
കണ്ടങ്കോരനും തേവനുമൊക്കെ പടിക്കു പുറത്താണ്.

ഒരു അപേക്ഷ പോലും നൽകേണ്ടതില്ലാത്ത ഹൈക്കോടതി ജഡ്ജി നിയമനത്തിന് കൊളീജിയന്മാരുടെ കണ്ണിൽ സ്ഥിരം ഉണ്ണിയായാൽ മാത്രം മതി. കൊളീജിയം അംഗം ടാക്സ് ബഞ്ചിലാണെങ്കിൽ നിങ്ങൾക്ക് ടാക്സ് മാറ്ററുകൾ മാത്രം അറിഞ്ഞാൽ മതി. സിവിൽ, ക്രിമിനൽ, ഭരണഘടനാ നിയമങ്ങളുടെ എബിസിഡി പോലും അറിയേണ്ടതില്ല. ബഞ്ചിൽ മാത്രം പോര, പുറത്തും ഉണ്ണിയാകണം കണ്ണിലെന്നു മാത്രം. കേസു പഠിക്കുകയും നടത്തുകയും ചെയ്യുന്ന മിടുക്കന്മാർക്ക് ഇതിനൊന്നും നേരമില്ലാത്തതിനാൽ അവരൊക്കെ എന്നും വക്കീലന്മാരായിത്തന്നെ തുടരും.
ബാക്കിയുള്ളവൻ ജഡ്ജ് മെറ്റീരിയലായി അങ്ങനെ നടക്കും.
അവർക്കൊക്കെ നാല്പത്തിയഞ്ചാം വയസിൽ ഹൈക്കോടതി ജഡ്ജിയായാൽ സന്തോഷം! നാളെ ചീഫാകാം, സുപ്രീം കോടതി ജഡ്ജിയാകാം.

അമ്പതു കഴിഞ്ഞാണ് ജഡ്ജി ആകുന്നതെങ്കിൽ പെരുത്തു സന്തോഷം! ജഡ്ജിയാകുവോളം സ്ലോട്ടർ ടാപ്പിംഗ് നടത്തി കക്ഷികളെയൊക്കെ ഊറ്റിപ്പിഴിയാം. എന്നിട്ട് അറുപത്തിരണ്ടു വയസു വരെ ഒരു പത്തു കൊല്ലം എങ്ങനെയെങ്കിലും ഉന്തിത്തള്ളി നീക്കി സകലവിധ ആനുകൂല്യങ്ങളോടെയും പെൻഷനായി പിന്നെ ഏതെങ്കിലും കമീഷൻ ഒപ്പിച്ച്...

ഹൈക്കോടതി ജഡ്ജിയായാലും വക്കീലായിരുന്ന അതേ സ്ഥലത്തു തന്നെ നിയമനം വേണം. അതിനു യാതൊരു മാറ്റവുമില്ല. എന്നാലേ ജഡ്ജിയായിരിക്കുമ്പോഴും തന്റെ വക്കീലാഫീസ് ഭാര്യയെയും മകനെയും വച്ച് തുടർന്നു പോകാൻ കഴിയൂ.

കെ.പി. ദണ്ഡപാണി കേരള ഹൈക്കോടതി ജഡ്ജിയായപ്പോൾ ഭാര്യ സുമതിയെ ഓഫീസ് ഏല്പിച്ചു. ടിയാനെ സ്ഥിരപ്പെടുത്താൻ നേരം ഗുജറാത്തിലേയ്ക്കു മാറ്റി. അന്നേരം തന്നെ രാജിവച്ചു. പിന്നെ അഡ്വക്കേറ്റ് ജനറലായി. മഞ്ജുള, ചീഫും! അതൊക്കെ ഒരു കാലം! ദണ്ഡപാണി രാജിവച്ചു. ബാക്കി കോ-ദണ്ഡപാണിമാരൊക്കെ ഇവിടെത്തന്നെ തുടർന്നു. ഭാര്യാമക്കളും അനന്തരവന്മാരും ഒക്കെയും തകർത്തു. കോ-ദണ്ഡപാണിമാരുടെ ഓഫീസുകളിലെ പാർട്ട്ണർമാരും. ഇപ്പോഴും തകർക്കുന്നു.

പക്ഷേ വിചാരണക്കോടതികളിലെ ജഡ്ജിമാരൊക്കെ നീതിമാന്മാരായിരിക്കണമെന്ന് ബഹു. ഹൈക്കോടതിക്ക് നിർബന്ധമാണ്! കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ മാത്രം പ്രാക്ടീസ് ചെയ്തവന് തിരുവനന്തപുരം ജില്ലയിൽ ഒരിടത്തും നിയമനം കിട്ടില്ല! അവൻ ചവറ ഗ്രാമ ന്യായാലയയിൽ ഒരു തവണ ന്യായാധികാരി ആയിരുന്നാൽ അവൻ അവിടെ നിന്നു സ്ഥലം മാറിയ ശേഷം ആറു കൊല്ലത്തേയ്ക്ക് കൊല്ലം ജില്ല കാണരുത്! ഇതൊക്കെ ഹൈക്കോടതി സ്വയം എഴുതി വച്ചിരിക്കുന്ന ചട്ടങ്ങളാണ്!

ബഹു. ഹൈക്കോടതിക്ക് മാത്രം ഇതൊന്നും ബാധകമല്ല.
ജഡ്ജിയായി ആറു മാസം ഒരു ബഞ്ചിലിരിക്കും. പിന്നെ ഒറ്റച്ചാട്ടം അടുത്ത ബഞ്ചിലേയ്ക്ക്. കീഴ്ക്കോടതികൾ ആഴ്ച്ചയിൽ ആറു ദിവസവും പ്രവർത്തിക്കണം. എഴുപതോളം സബ് കോടതികൾക്കും എം.എ.സി.റ്റിയ ചുമതലയില്ലാത്ത വിരലിലെണ്ണാവുന്ന ജില്ലാക്കോടതികൾക്കും മാത്രമാണ് വെക്കേഷൻ. തൊണ്ണൂറ് ശതമാനം കീഴ്ക്കോടതികൾക്കും വെക്കേഷനില്ല.

ഹൈക്കോടതിക്ക് പ്രവൃത്തി ദിവസം അഞ്ച്! ഓണം- ക്രിസ്തുമസ്- വേനലവധികൾ വേറെ! കൊച്ചി നഗരത്തിലെ ക്രിക്കറ്റ് കളി കാണാനുള്ള അവധി കൂടാതെയാണിത്! കീഴ്ക്കോടതികൾ ഉടനടി കേസു തീർപ്പാക്കണമെന്നതിൽ മാത്രമാണ് നിർബന്ധം. എടുത്താൽ പൊങ്ങാത്ത ടാർജറ്റാണ്. ഒരു മാസം ടാർജറ്റിൽ ഒരു ശതമാനം കുറഞ്ഞാൽ അവനെ പൊരിച്ചു തിന്നും. ന്യൂ ജൻ ബാങ്കൊക്കെ എന്തു ഭേദം!

50, 55, 58 വയസുകളിൽ കീഴ്ക്കോടതി ജഡ്ജിമാരുടെ സേവനം അവസാനിപ്പിച്ചു പറഞ്ഞു വിടാൻ വകുപ്പുണ്ട്. ഇപ്പോൾ രാത്രിയാണെന്നു പറഞ്ഞാൽ ചോദ്യം ചെയ്യാതെ അതെ, സർ എന്നൊക്കെ പറഞ്ഞാൽ തുടരാം. കീഴ്‌ക്കോടതി ജഡ്ജിമാർ വാരിവലിച്ച് കേസു തീർക്കും. എന്നിട്ട്? ഒന്നുമില്ല! അപ്പീലൊക്കെ പതിനഞ്ചും ഇരുപതും കൊല്ലമായാലും തൊടില്ല (ന്യൂനപക്ഷമൊഴിച്ച്)

ആടുവളർത്താൻ പോകാതെ, അപ്പീലുമായി പോകാൻ അവനോടൊക്കെ ആരെങ്കിലും പറഞ്ഞോ? അപ്പീൽ കൊടുക്കുന്നതിനു പകരം രണ്ടാടിനെ വളർത്തിയെങ്കിൽ ഇരുപതു കൊല്ലം കൊണ്ട് എത്ര ആടാകുമായിരുന്നു?
ജഡ്ജ് മെറ്റീരിയലായി മാറാതെയും ആടിനെ വാങ്ങാതെയും, നിയമം പഠിച്ച് ഹൈക്കോടതി വക്കീലന്മാരായി നടക്കുന്നവരും മണ്ടന്മാരാണ്.

ഒരു ദിവസം ഒരു ബഞ്ചിൽ മുന്നൂറ് കേസ് ലിസ്റ്റ് ചെയ്യും. എന്നിട്ട് ബഞ്ചിൽ ഫ്രഞ്ച് വിപ്ലവം മുതൽ മാർകേസ് വരെ വക്കീലിനെ പഠിപ്പിക്കും. എന്നിട്ട് വൈകിട്ട് നാലരയാകുമ്പോൾ മുന്നൂറിൽ നാലാമത്തെ കേസായിരിക്കും കേൾക്കുന്നത്!

രാവിലെ മുതൽ വൈകിട്ടു വരെ ബഞ്ചിൽ വന്നു കാത്തിരിക്കുന്നതിനു പകരം ബാക്കി 296 വക്കീലന്മാർക്കും ബഞ്ചിൽ ആടിനെ കൊണ്ടുവന്നു കെട്ടി ആടിനെ ഫയൽ ഏല്പിച്ചിട്ടു പോയാൽ പോരായിരുന്നോ? ഇത്രയും കാലം കൊണ്ട്, വക്കീലിന്റെ ആടുകൾ പെറ്റുപെരുകി എത്രയെണ്ണമാകുമായിരുന്നു!

ഹൈക്കോടതിയിൽ അപ്പീൽ നൽകിയ കക്ഷികളുടെയും ഹൈക്കോടതി വക്കീലന്മാരുടെയും ആടുകളുടെ മൊത്തം എണ്ണം എത്രയായാലും ശരി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളത്തിന്റെയോ ഹൈക്കോടതിയിലെ കേസുകളുടെയോ ആയിരത്തിൽ ഒന്നു പോലും വരില്ല. എന്തായാലും ശരി ഹൈക്കോടതിയിൽ വരുന്ന കക്ഷികളെയും വക്കീലന്മാരെയും സംബന്ധിച്ച് ആടുവളർത്തൽ തന്നെയാണ് ലാഭകരം!

ആടുജീവിതങ്ങൾ!
മി ലോഡ്സ് കൂടി ആടു മേയ്ക്കാൻ ഒന്നു പോയിത്തന്നെങ്കിൽ!

അനുബന്ധം:
എന്താണീ ജഡ്ജ് മെറ്റീരിയൽ എന്ന് കേരള ബാർ കൗൺസിൽ അംഗം രാജേഷ് വിജയൻ വിശദീകരിക്കുന്നത് താഴെ നൽകുന്നു: ഞാൻ ഒരു ജഡ്ജ് മെറ്റീരിയൽ ആയി മാറിയ വിവരം അറിയിച്ചു കൊള്ളുന്നു. ഹൈക്കോടതിയിലെ ചില അഭിഭാഷകർക്ക് ഇടക്കാലത്ത് ശരീരഭാഷയിലും വസ്ത്രധാരണത്തിലും മൊത്തം ജീവിത രീതിയിലും വരുന്ന ചില കാതലായ മാറ്റങ്ങളാണ് ജഡ്ജ് മെറ്റീരിയൽ സിൻഡ്രോം. നാല്പത്തിയഞ്ച് വയസ്സായതിനാൽ ഇനി വൈകിക്കാതെ ഞാനും ചതുരവടിവിൽ ഒരു ജഡ്ജ് മെറ്റീരിയൽ ആകാൻ തീരുമാനിച്ചിരിക്കുന്നു.

ആദ്യമായി ഞാൻ മീശ വടിക്കേണ്ടതുണ്ട്. പ്രഗൽഭരായ ജഡ്ജിമാരെല്ലാവരും മീശയില്ലാത്തവർ ആണെന്നുള്ളത് നോട്ട് ചെയ്തിരിക്കുമല്ലോ. ഹൈക്കോടതി ബാൻക്വറ്റ് ഹാളിൽ ഇരിക്കുന്ന മുൻ ജഡ്ജിമാരുടെ ഫോട്ടോകളിൽ 90% മീശയില്ലാത്തവർ ആണല്ലോ. കൂടാതെ ജഡ്ജ് മെറ്റീരിയൽ ആയിട്ടും മീശ വടിക്കാൻ തയ്യാറാകാതിരുന്ന ചിലർ ഷീലമുക്കിൽ മുത്തുവിന്റെ ചായയും കുടിച്ച് ഒരു പണിയുമില്ലാതെ അട്ടഹസിച്ചു കൊണ്ടിരിക്കുന്നത് ദിവസവും കാണുന്നത് കൊണ്ട് ഒരു റിസ്ക്കെടുക്കാൻ ഞാനില്ല. മീശയും താടിയുമുള്ള പ്രഗല്ഭർ ഇവിടെയും അവിടെയും ഇല്ലായെന്നല്ല. എന്നാലും റിസ്ക്ക് എടുക്കാൻ ഞാനില്ല. കാരണം ഞാൻ ഒരു ജഡ്ജ് മെറ്റീരിയൽ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

പച്ച മഞ്ഞ ചുവപ്പ് നിറത്തിലുണ്ടായിരുന്ന എന്റെ പാന്റുകളെല്ലാം മാറ്റി വെള്ള പാന്റ് മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നു. കഴുത്തിന് ചുറ്റും ഒരു പട്ടയും അതിന് പുറത്തുള്ള ബാന്റും നടുക്ക് കുത്താൻ സ്വർണ്ണത്തിന്റെ ഒരു മൊട്ടും തയ്യാറാക്കിക്കഴിഞ്ഞു. കാരണം ഞാൻ ഒരു ജഡ്ജ് മെറ്റീരിയൽ ആയിക്കഴിഞ്ഞിരിക്കുന്നു.

ഹൈക്കോടതി വരാന്തയിൽ വച്ച് കണ്ടാൽ പഴയ പോലെ ഒരു ചിരി നിങ്ങൾ എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്. നിങ്ങൾ എന്തെങ്കിലും വളിപ്പടിച്ചാൽ ഞാൻ പഴയ പോലെ പൊട്ടിച്ചിരിക്കും എന്നും നിങ്ങൾ പ്രതീക്ഷിക്കരുത്. ഹൈക്കോടതിയിലെ നാടകത്തിൽ ഇനി എന്തൊക്കെ തമാശയുണ്ടായാലും ഞാൻ ചിരിക്കുന്നതല്ല. പരമാവധി ഒരു "ഹ്' ശബ്ദം പുറപ്പെടുവിച്ചേക്കാം. കാരണം ഞാൻ ഒരു ജഡ്ജ് മെറ്റീരിയൽ ആയിക്കഴിഞ്ഞിരിക്കുന്നു.

ഹൈക്കോടതിക്ക് മുൻപിലെ ഹോട്ടലിൽ രണ്ടാമതും ചോറിനും തൂക്കുകറികൾക്കുമായി അലറി വിളിച്ചുകൊണ്ടിരുന്ന എന്നെ ഇനി അങ്ങനെ കാണാൻ സാധിക്കില്ല. വീട്ടിൽ നിന്ന് ചോറ്റുപാത്രം ഒരു ലഞ്ച് ബാഗിൽ പ്രതിഷ്ഠിച്ച് ഘനഗംഭീരനായി ഡൈനിംഗ് ഹാളിലേക്ക് നടക്കുന്ന എന്നെയാകും നിങ്ങൾക്കിനി കാണാനാകുക. കാരണം ഞാൻ ഒരു ജഡ്ജ് മെറ്റീരിയൽ ആയിരിക്കുന്നു.

ഞാൻ ഒരു ഹിന്ദു ജഡ്ജ് മെറ്റീരിയൽ ആയതു കൊണ്ട് ദിവസവും രാവിലെ ഏഴിനും എട്ടിനും ഇടയ്ക്ക് എറണാകുളം ശിവക്ഷേത്രത്തിൽ പോകേണ്ടതുണ്ട്. ആ സമയത്താണ് ജഡ്ജിമാർ ക്ഷേത്രദർശനത്തിനായി എത്തുന്നത്. അവർക്ക് മുഖപരിചയം ഉണ്ടാകേണ്ടതുണ്ട്. ഈയിടെ ജഡ്ജ് മെറ്റീരിയൽ ആയ എന്റെ മുസ്‌ലിം സുഹൃത്ത് ഹറാമായ എല്ലാം ഒഴിവാക്കി സ്ഥിരമായി വെള്ളിയാഴ്ചകളിൽ കോമ്പാറ മസ്ജിദിൽ നിസ്ക്കരിക്കാൻ പോകുന്നുണ്ട്. കത്തോലിക്കാ മെറ്റീരിയലുകൾക്കാണ് ഈ കാര്യത്തിൽ എളുപ്പം. പാലാരിവട്ടത്തുള്ള കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ഇടക്കിടക്ക് പോയി വത്തിക്കാൻ റേഡിയോ ശ്രദ്ധയോടെ കേൾക്കുന്നത് പോലെ കുറച്ച് നേരം ഇരുന്നു കൊടുത്താൽ മതി. കാരണം ഞങ്ങൾ ജഡ്ജ് മെറ്റീരിയലുകൾ ആണ്.

ആകെ അറിയാവുന്ന നിയമത്തിലെ ഒരു വകുപ്പ് Article 226 മാത്രമായതിനാൽ, കുറച്ചു കൂടി വകുപ്പുകൾ പഠിക്കുവാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. അതിനായി പഠിക്കുന്ന കാലത്ത് വാങ്ങിച്ച Noshiran A Jhabwala സാറിന്റെ പുത്തകങ്ങളും 33 ക്വസ്റ്റ്യൻസും പൊടി തട്ടി എടുക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. കാരണം ഞാൻ ഒരു ജഡ്ജ് മെറ്റീരിയൽ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

ഒന്നുകിൽ ജഡ്ജി ആയി സത്യപ്രതിജ്ഞ ചെയ്യുകയോ അല്ലെങ്കിൽ ജഡ്ജിയാക്കില്ല എന്ന് ഹൈക്കോടതിയിൽ നിന്ന് ഉറപ്പ് കിട്ടുകയോ ചെയ്യുന്ന നിമിഷം മുതൽ ഞാൻ എന്റെ ഒറിജിനൽ സ്വഭാവം പുറത്തെടുത്ത് കൊള്ളാം...

Comments