സംസ്ഥാന സർക്കാർ ജോലിയിൽ
ഹിന്ദു മുന്നാക്കക്കാർക്ക് ഉയർന്ന പ്രാതിനിധ്യം- പരിഷത്ത് പഠനം

ഏറ്റവും ഉയർന്ന സാമ്പത്തിക നിലയിലുള്ള 10 ശതമാനം പേരിലാണ് മൊത്തം വരുമാനത്തിന്റെ 34.1 ശതമാനവും. അതേസമയം, ഏറ്റവും താഴ്ന്ന നിലയിലുള്ള 10 ശതമാനം പേർക്ക് മൊത്തം വരുമാനത്തിന്റെ 1.4 ശതാനം മാത്രമേ ലഭ്യമാകുന്നുള്ളൂ.

News Desk

കേരളത്തിലെ സർക്കാർ ജോലികളിൽ ഹിന്ദു മുന്നാക്ക വിഭാഗങ്ങൾക്ക് വളരെ ഉയർന്ന പ്രാതിനിധ്യവും മുസ്‌ലിം വിഭാഗക്കാർക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം 2.0. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഈ അവസ്ഥയിൽ വളരെ ചെറിയ മാറ്റമേ ഉണ്ടായിട്ടുള്ളൂ.

2004നും 2019-നുമിടയിലുള്ള ഒന്നര ദശാബ്ദത്തിൽ കേരളീയ ജനജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് രണ്ടാം കേരള പഠനത്തിലുള്ളത്.

കേരള പഠനം 2.0-ൽ നിന്ന്.
കേരള പഠനം 2.0-ൽ നിന്ന്.

ജനസംഖ്യാടിസ്ഥാനത്തിൽ നോക്കിയാൽ, പട്ടികജാതിക്കാർക്കും ഒരുപരിധി വരെ പട്ടികവർഗക്കാർക്കും സർക്കാർ ജോലികളിൽ പ്രാതിനിധ്യം കുറവാണ്. പട്ടികജാതിക്കാരുടെ പ്രാതിനിധ്യക്കുറവ് 22.6 ശതമാനത്തിൽനിന്ന് 7.4 ശതമാനമായി കുറഞ്ഞു. മുസ്‌ലിം പ്രാതിനിധ്യക്കുറവ് 136 ശതമാനത്തിൽനിന്ന് 98.2 ശതമാനമായി കുറഞ്ഞു.

കേന്ദ്ര സർക്കാർ ജോലികളിലുള്ള മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യക്കുറവ് പ്രത്യേകമായി പഠനം ചൂണ്ടിക്കാണിക്കുന്നു. സർവേ സാമ്പിളുകളിൽ30.2 ശതമാനം മുസ്‌ലിംകളാണെങ്കിലും അവരുടെ പ്രാതിനിധ്യം 1.8 ശതമാനം മാത്രം. ജനസംഖ്യാനുപാതം നോക്കിയാൽ, മിലിറ്ററി അടക്കമുള്ള കേന്ദ്രസർക്കാർ ജോലികളിൽ മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവ് 1578 ശതമാനമാണ്. സംസ്ഥാന സർക്കാർ ജോലികളിൽ ഇത് 91 ശതമാനവും. കേന്ദ്ര സർക്കാർ ജോലികളിൽ മുന്നാക്ക ഹിന്ദു വിഭാഗത്തിന്റെ അധിക പ്രാതിനിധ്യം 128 ശതമാനവും കേരള സർക്കാർ ജോലികളിൽ 83 ശതമാനവുമാണ്.

കേരള പഠനം 2.0-ൽ നിന്ന്.
കേരള പഠനം 2.0-ൽ നിന്ന്.

ജാതിസംവരണമില്ലാത്ത 26 ശതമാനം സാമ്പിൾ ജനസംഖ്യയിൽ പെടുന്നവർക്ക് 39.9 ശതമാനം സർക്കാർ ജോലിയും ലഭിക്കുന്നു. അതായത്, കേന്ദ്ര സർക്കാറിന്റെ 45.5 ശതമാനവും സംസ്ഥാന സർക്കാറിന്റെ 38.2 ശതമാനവും. ഇതിനുപുറമേ EWS ക്വാട്ട പ്രകാരം 10 ശതമാനം സംവരണവും കൂടി ഈ വിഭാഗത്തിന് ലഭിക്കുമ്പോൾ സാമൂഹിക അസന്തുലിതാവസ്ഥ വീണ്ടും വർധിക്കുന്നു.

നാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസിന്റെ (NCO 2015) തൊഴിൽ വിഭജനം. പ്രാഥമിക മേഖലയിലാണ് കൂടുതൽ പേർ തൊഴിലെടുക്കുന്നത്. തുടർന്ന് സേവന, കട- കമ്പോള തൊഴിലുകൾ  (കേരള പഠനം 2.0-ൽ നിന്ന്).
നാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസിന്റെ (NCO 2015) തൊഴിൽ വിഭജനം. പ്രാഥമിക മേഖലയിലാണ് കൂടുതൽ പേർ തൊഴിലെടുക്കുന്നത്. തുടർന്ന് സേവന, കട- കമ്പോള തൊഴിലുകൾ (കേരള പഠനം 2.0-ൽ നിന്ന്).

ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ളവർ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവിക്കുന്നു എന്ന വിരോധാഭാസം തുടരുകയാണ് (പട്ടിക 6.15). കേവല സാക്ഷരത മാത്രമുള്ളവരുടെ എണ്ണം 2004-ലെ ജനസംഖ്യയുടെ 6.9 ശതമാനത്തിൽനിന്ന് 2019-ൽ 2.7 ശതമാനമായി കുറഞ്ഞു. ഈ വിഭാഗം ലഭിക്കുന്ന ഏതു ജോലിയും ചെയ്യാൻ തയ്യാറാകുന്നു. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ളവരുടെ തൊഴിലില്ലായ്മ 6.1 ശതമാനത്തിൽനിന്ന് 6.9 ശതമാനമായി ഉയർന്നു. ഈ വിഭാഗത്തിന്റെ വലിപ്പം കുറഞ്ഞുവരുന്നതിനൊപ്പം പ്രൈമറി വിദ്യാഭ്യാസം മാത്രം യോഗ്യത വേണ്ട ജോലികളുടെ എണ്ണവും കുറഞ്ഞുവരുന്നു.

തൊഴിലില്ലായ്മ കുറഞ്ഞു,
വരുമാനം കൂടി

2004-ൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ (33.7 ശതമാനം) പ്ലസ് ടു വരെ പഠിച്ചവരിലായിരുന്നുവെങ്കിലും ഇപ്പോൾ 17.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഡിപ്ലോമക്കാർ, ഡിഗ്രിക്കാർ, പോസ്റ്റ് ഗ്രാജ്വേറ്റുകാർ, പ്രൊഫഷനൽ ഡിഗ്രിയുള്ളവർ എന്നിവർക്കിടയിൽ തൊഴിലില്ലായ്മ താരതമ്യേന കുറഞ്ഞു എന്നത് സ്വാഗതാർഹമായ മാറ്റമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

നാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് (NCO 2015) പ്രകാരം വിവിധ തൊഴിൽ മേഖലകളിലെ ശരാശരി വരുമാനം.
നാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് (NCO 2015) പ്രകാരം വിവിധ തൊഴിൽ മേഖലകളിലെ ശരാശരി വരുമാനം.

ഈ ഗ്രൂപ്പുകളെല്ലാം കൂടി ഇപ്പോൾ തൊഴിലെടുക്കുന്ന വിഭാഗത്തിന്റെ 21.5 ശതമാനമാണ്. 2004-ലെ സർവേയിൽ ഇത് 16.1 ശതമാനമായിരുന്നു. ഇവരുടെ വരുമാനവും ആനുപാതികമായി കൂടിയിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയ്ക്കുണ്ടാക്കിയ ഗുണപരമായ ഫലം കുറച്ചുകാണാനാകില്ലെന്ന് പഠനം പറയുന്നു.

സ്ത്രീകളുടെ വേതനം കുറവ്

എല്ലാ മേഖലകളിലും തൊഴിൽവേതനം ഗണ്യമായി കൂടി. മൊത്തത്തിൽ വേതനവരുമാനം 70.7 ശതമാനം വർധിച്ചു. സേവനമേഖലയാണ് ഏറ്റവും വലിയ തൊഴിൽ ദാതാവ്. പ്രാഥമിക മേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം ചെറിയ തോതിൽ വർധിച്ചിട്ടുണ്ടെങ്കിലും മൊത്തം വരുമാനത്തിൽ ഈ മേഖലയുടെ സംഭാവന മുമ്പത്തെ അപേക്ഷിച്ച് കുറവാണ്.

ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന തൊഴിലുകൾ (കേരള പഠനം 2.0-ൽ നിന്ന്)
ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന തൊഴിലുകൾ (കേരള പഠനം 2.0-ൽ നിന്ന്)

മൂന്ന് മേഖലകളിലും സ്ത്രീകളുടെ വേതനം പുരുഷന്മാരുടേതിനേക്കാൾ കുറവാണ്. പ്രാഥമിക- ദ്വിതീയ മേഖലകളിൽ സ്ത്രീകളുടെ ശരാശരിവേതനം പുരുഷന്മാരുടെ വേതനത്തിന്റെ പകുതിയിൽ താഴെയാണ്. ദ്വിതീയ മേഖലയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂടുതലും പരമ്പരാഗത വ്യവസായങ്ങളിലാണ്, ഇവിടെ വേതനം കുറവുമാണ്. പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിൽ ലഭ്യത കുറയുന്നതാകാം ദ്വിതീയ മേഖലിൽ സ്ത്രീകളുടെ ശരാശരി വേതനം കൂടുന്നതിന് കാരണം. സേവന മേഖലയിലും സ്ത്രീ- പുരുഷ വേതനവ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും മറ്റു രണ്ടു മേഖലകളിലെ അത്ര ഗണ്യമായ തോതിലില്ല.
മനുഷ്യാധ്വാനം ആവശ്യമായ മേഖലകളിൽ പുരുഷന്മാരുടെ വരുമാനം സ്ത്രീകളുടെ വരുമാനത്തിന്റെ ഇരട്ടിയാണ്. പ്രൊഫഷനലകളുടെ ഇടയിലും ഓഫീസ് ജോലികളിലും ഈ വ്യത്യാസത്തിന്റെ തോത് കുറവാണ്.

കാർഷിക മേഖല വലിയ തൊഴിൽ ദാതാവ്

കേരളത്തിൽ കാർഷിക മേഖലയാണ് ഇപ്പോഴും ഏറ്റവും വലിയ തൊഴിൽ ദാതാവ്. 23 ലക്ഷത്തോളം പേർക്ക്- 19 ലക്ഷം തൊഴിലാളികളും 3.5 ലക്ഷം കർഷകരും- കൃഷിയിൽനിന്ന് നേരിട്ട് ഉപജീവനം സാധ്യമാകുന്നു. രണ്ട് കേരള പഠനങ്ങൾ താരതമ്യം ചെയ്താൽ, കർഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന തൊഴിൽ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണവും അവരുടെ ശരാശരി വേതനവും 2004-ലെ ഡാറ്റയുമായുള്ള താരതമ്യവും (കേരള പഠനം 2.0-ൽ നിന്ന്).
ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന തൊഴിൽ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണവും അവരുടെ ശരാശരി വേതനവും 2004-ലെ ഡാറ്റയുമായുള്ള താരതമ്യവും (കേരള പഠനം 2.0-ൽ നിന്ന്).

പഠനത്തിൽ തൊഴിലുറപ്പ് മുഖ്യ തൊഴിലായി രേഖപ്പെടുത്തുന്നവരെ പരിഗണിച്ചാൽ ഏകദേശം 3.6 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നുണ്ട്. ഇതിൽ 93.8 ശതമാനം സ്ത്രീകളും 25.7 ശതമാനം പട്ടികജാതിക്കാരും 3.9 ശതമാനം പട്ടികവർഗക്കാരുമാണ്. തൊഴിലുറപ്പ് പദ്ധതി സ്ത്രീകൾക്കും പട്ടികജാതിക്കാർക്കും ആദിവാസികൾക്കും കൂടുതൽ തൊഴിലവസരം നൽകുന്നുണ്ട്.

കൃഷി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവ് ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളുമാണ്. 7,67,000 ഷോപ്പുടമകളും 7,35,000 ഷോപ്പ് അസിസ്റ്റന്റുമാരും ക്ലർക്കുമാർ, ക്ലീനർമാർ തുടങ്ങിയവരും ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു.

നിർമാണ മേഖലയിൽ ഏകദേശം 40,000 സൂപ്പർവൈസർമാർ, 3,20,000 വിദഗ്ധ തൊഴിലാളികൾ, 2,30,000 അവിദഗ്ധ തൊഴിലാളികൾ എന്നിവർ പണിയെടുക്കുന്നു. 2004-ലെ അപേക്ഷിച്ച് അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടുത്തെ തൊഴിലാളികൾക്കു പകരം പണിയെടുക്കുന്നതുകൊണ്ടാകാം ഈ കുറവ്.

പരമ്പരാഗത തൊഴിലാളികളുടെ
എണ്ണത്തിൽ ഇടിവ്

കയർ, കശുവണ്ടി, ഓട്, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിൽ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ 82 ശതമാനത്തിന്റെ ഇടിവുണ്ട്. അതേസമയം ആധുനിക വ്യവസായങ്ങളിൽ 36 ശതമാനത്തിന്റെ വർധനവുണ്ട്.

കേരള പഠനം 2.0-ൽ നിന്ന്.
കേരള പഠനം 2.0-ൽ നിന്ന്.

4,48,000 ഡ്രൈവർമാരും 43,000 ബസ് കണ്ടക്ടർമാരും 1,92,000 ഓട്ടോ ഡ്രൈവർമാരുമടങ്ങിയ ഗതാഗതമേഖല മറ്റൊരു പ്രധാന തൊഴിൽ ദാതാവാണ്.

വിദ്യാഭ്യാസമേഖലയിൽ 3,11,000 ടീച്ചർമാരും ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ്, പാരലൽ സ്ഥാപനങ്ങളിൽ ക്ലർക്കുമാരും അസിസ്റ്റന്റുമാരും അടങ്ങുന്ന മറ്റു 41,000 പേരും തൊഴിലെടുക്കുന്നു.

ഏറ്റവും വരുമാനമുള്ള തൊഴിലുകൾ

ഏറ്റവും കൂടുതൽ വരുമാനമുള്ള തൊഴിലുകൾ ഡോക്ടർമാർ (ആധുനിക വൈദ്യം), വ്യവസായികൾ, കോളേജ്- സർവകലാശാല അധ്യാപകർ, എഞ്ചിനീയർമാർ, അഭിഭാഷകർ, ഉദ്യോഗസഥർ, ഐ.ടി പ്രൊഫഷനലുകൾ എന്നിവരാണ്. കൂടുതൽ ശമ്പളമുള്ള ജോലിയ്ക്ക് കൂടുതൽ വിദ്യാഭ്യാസ യോഗ്യതയും ആവശ്യമാകുന്നുണ്ട്.

കേരള പഠനം 2.0-ൽ നിന്ന്.
കേരള പഠനം 2.0-ൽ നിന്ന്.

ഏറ്റവും കുറവ് വേതനമുള്ള ​ജോലികൾ

ഏറ്റവും കുറഞ്ഞ വേതനമുള്ള ജോലികളിൽ വനവിഭവങ്ങളുടെ ശേഖരണം, പരമ്പരാഗത വ്യവസായങ്ങൾ, ലോട്ടറി ടിക്കറ്റ് വിൽപ്പന, വീട്ടുജോലി, നഴ്‌സറി ടീച്ചർ എന്നിവ ഉൾപ്പെടുന്നു. ഈ ജോലികളിൽ കൂടുതലും സ്ത്രീകളാണുള്ളത്. വനവിഭവസമാഹരണത്തിൽ കൂടുതലും ആദിവാസികളാണ്.

കൃഷി, പരമ്പരാഗത വ്യവസായം, മറ്റ് കുറഞ്ഞ വരുമാനമുള്ള തൊഴിലുകൾ എന്നിവയിൽ പട്ടികജാതി, പട്ടികവർഗക്കാർ കൂടുതലാണ്.

ക്ലർക്കുമാരിൽ കൂടുതൽ
ഉയർന്ന ഇടത്തരക്കാർ

ഉയർന്ന ഇടത്തരക്കാരുടെ നല്ല ശതമാനവും ഓഫീസ് ക്ലർക്കുമാരാണ്. എന്നാൽ, മൊത്തം ഓഫീസ് ക്ലർക്കുമാരുടെ 54.2 ശതമാനം മാത്രമേ ഈ വിഭാഗത്തിൽനിന്നുള്ളൂ. ചെറുകിട ബിസിനസ് ഉടമകൾ- 8.6 ശതമാനം, ബിസിനസുകാർ- 7.7 ശതമാനം, സ്‌കൂൾ ടീച്ചർമാർ- 6.9 ശതമാനം, ഓഫീസർമാർ- 6.4 ശതമാനം എന്നിവർ ഈ വിഭാഗത്തിൽ കൂടുതലുള്ളവരാണ്. ഈ സാമ്പത്തിക വിഭാഗത്തിൽ 4.7 ശതമാനം ഡ്രൈവർമാരുണ്ടെങ്കിലും മൊത്തം ഡ്രൈവർമാരുടെ 20.3 ശതമാനം മാത്രമേ ഈ സാമ്പത്തിക വിഭാഗത്തിൽനിന്നുള്ളൂ.

ഉയർന്ന ഇടത്തരക്കാരുടെ തൊഴിൽ വിവരം. ഇവരിലേറെയും ഓഫീസ് ക്ലർക്കുമാരാണ് (കേരള പഠനം 2.0-ൽ നിന്ന്).
ഉയർന്ന ഇടത്തരക്കാരുടെ തൊഴിൽ വിവരം. ഇവരിലേറെയും ഓഫീസ് ക്ലർക്കുമാരാണ് (കേരള പഠനം 2.0-ൽ നിന്ന്).

100 ശതമാനം ഡോക്ടർമാർ (ആധുനിക വൈദ്യം), 85.9 ശതമാനം ഓഫീസർമാർ, 84.6 ശതമാനം കോളേജ്- സ്‌കൂൾ അധ്യാപകർ, 82.6 ശതമാനം ഐ.ടി പ്രൊഫഷനലുകൾ എന്നിവർ ഉയർന്ന ഇടത്തരക്കാരിൽ പെടുന്നു.

അതിദരിദ്രരുടെ എണ്ണം കുറഞ്ഞു

വളരെ പാവപ്പെട്ട സാമ്പത്തിക ഗ്രൂപ്പിൽ 49 ശതമാനവും പ്രാഥമിക മേഖലയിലെ തൊഴിലാളികളാണ്. തൊഴിലുറപ്പുതൊഴിലാളികളുടെ 23.4 ശതമാനവും പ്രാഥമിക മേഖലയിലെ 12.8 ശതമാനവും ഈ ഗ്രൂപ്പിലാണ്. വനവിഭവശേഖരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ 50 ശതമാനവും അതിദരിദ്രരാണ്.

അതി ദരിദ്രർ പണിയെടുക്കുന്ന തൊഴിൽമേഖലകൾ (കേരള പഠനം 2.0-ൽ നിന്ന്).
അതി ദരിദ്രർ പണിയെടുക്കുന്ന തൊഴിൽമേഖലകൾ (കേരള പഠനം 2.0-ൽ നിന്ന്).

പരമ്പരാഗത- കുടിൽ വ്യവസായ തൊഴിലാളികൾ (26.7 ശതമാനം), വീട്ടുജോലിക്കാർ (12.5 ശതമാനം), അറ്റന്റർമാർ- തൂപ്പുജോലിക്കാർ (11.1 ശതമാനം) എന്നിവരാണ് ഏറ്റവും ദരിദ്രരുടെ വിഭാഗത്തിൽ കൂടുതലുള്ളത്. എന്നാൽ, 2004 മുതൽ 2019 വരെയുള്ള 15 വർഷത്തിൽ അതിദരിദ്രരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.

ഏറ്റവും താഴെയുള്ള രണ്ട് സാമ്പത്തിക വിഭാഗങ്ങളിൽ 2004-നെ അപേക്ഷിച്ച് തൊഴിലന്വേഷകർ വർധിക്കുകയും മുകൾ തട്ടിലുള്ള രണ്ട് ഗ്രൂപ്പുകളിൽ കുറയുകയും ചെയ്തു. മുസ്‌ലിംകൾക്കിടയിലും അതിനേക്കാൾ ഉയർന്നതോതിൽ പട്ടികജാതി- പട്ടികവർഗക്കാർക്കിടയിലും തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ സർവേയെ അപേക്ഷിച്ച് വർധിച്ചു.

സ്ത്രീകൾ തൊഴിൽരഹിതർ

26 വയസ്സിനുതാഴെയുള്ളവർ 30 ശതമാനവും തൊഴിൽ ലഭിക്കാത്തവരാണ്. സ്ത്രീകൾക്കിടയിൽ ഇത് 34.9 ശതമാനമാണ്. 30 വയസ്സാകുമ്പോഴേക്ക് പകുതിയിലധികം പുരുഷന്മാർക്കും എന്തെങ്കിലും തൊഴിൽ ലഭിക്കുന്നുണ്ട്. എന്നാൽ, ഏതാണ്ട് 70 ശതമാനം സ്ത്രീതൊഴിലന്വേഷകർ ഈ പ്രായത്തിലും തൊഴിൽരഹിതരായി തുടരുന്നു.

സാമ്പത്തിക ഗ്രൂപ്പ്: EGI- അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ.
സാമ്പത്തിക ഗ്രൂപ്പ്: EGI- അതിദരിദ്രർ, EGII- ദരിദ്രർ, EGIII- താഴ്ന്ന ഇടത്തരക്കാർ, EGIV- ഉയർന്ന ഇടത്തരക്കാർ.

35 വയസ്സിനുശേഷം സ്ത്രീതൊഴിലന്വേഷകരുടെ തൊഴിലില്ലായ്മാനിരക്ക് കുത്തനെ താഴ്ന്നതായി കാണാം. ഇതിനുകാരണം, ഇവർ തൊഴിലന്വേഷണം മതിയാക്കി വീട്ടമ്മമാരായി മാറുന്നു എന്നതാണ്.

സർക്കാർ ജോലിയിൽ
ഇടത്തരക്കാർ

സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിൽ ജനസംഖ്യയുടെ 1.7 ശതമാനം പേർ പണിയെടുക്കുന്നു. 18 വയസ്സിനു മുകളിലുള്ളവരുടെ 2.2 ശതമാനവും മൊത്തം തൊഴിലാളികളുടെ 5.4 ശതമാനവുമാണിത്. താഴ്ന്ന- ഉയർന്ന ഇടത്തരം വിഭാഗക്കാരാണ് ഇവരിൽ കൂടുതലും- 98.1 ശതമാനം.

I- അതിദരിദ്രർ, II- ദരിദ്രർ, III- താഴ്ന്ന ഇടത്തരക്കാർ, IV- ഉയർന്ന ഇടത്തരക്കാർ. (കേരള പഠനം 2.0-ൽ നിന്ന്).
I- അതിദരിദ്രർ, II- ദരിദ്രർ, III- താഴ്ന്ന ഇടത്തരക്കാർ, IV- ഉയർന്ന ഇടത്തരക്കാർ. (കേരള പഠനം 2.0-ൽ നിന്ന്).

2004-ൽ ഇത് 85.9 ശതമാനമായിരുന്നു. സർക്കാർ മേഖലയിൽ പണിയെടുക്കുന്നവരുടെ സാമ്പത്തിക ഉന്നമനത്തിന്റെ തെളിവാണ് ഈ കണക്ക്. ഇടത്തരക്കാരിലേക്കുള്ള യാത്രയുടെ സാർവത്രിക ടിക്കറ്റാണ് ഈ മേഖലകളിൽ ലഭിക്കുന്ന ഉദ്യോഗമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

ഇടത്തരക്കാരുടെ കേരളം

കേരളത്തിലെ ജനങ്ങൾ പകുതിയിലധികവും ഇടത്തരക്കാരാണ്. എന്നാലും ആളോഹരി പ്രതിമാസ ചെലവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഉയർന്ന തോതിൽ അസമത്വമുള്ളതായി കാണാം. കഴിഞ്ഞ ദശകങ്ങളിലുണ്ടായ ഉയർന്ന സാമ്പത്തിക വളർച്ചയുടെ ഫലം അസമമായി വിതരണം ചെയ്തതിന്റെ ഫലമാകാം ഇതെന്ന് പഠനം വിശദീകരിക്കുന്നു. ഏറ്റവും ഉയർന്ന സാമ്പത്തിക നിലയിലുള്ള 10 ശതമാനം പേരിലാണ് മൊത്തം വരുമാനത്തിന്റെ 34.1 ശതമാനവും. അതേസമയം, ഏറ്റവും താഴ്ന്ന നിലയിലുള്ള 10 ശതമാനം പേർക്ക് മൊത്തം വരുമാനത്തിന്റെ 1.4 ശതാനം മാത്രമേ ലഭ്യമാകുന്നുള്ളൂ.

കേന്ദ്ര- സംസ്ഥാന സർക്കാർ ജോലികളിലുള്ള വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം. കേന്ദ്ര സർക്കാർ കണക്കിൽ പട്ടികവർഗസാന്നിധ്യമേയില്ല. കേന്ദ്ര സർക്കാർ ജോലികളിൽ മുസ്‍ലിം വിഭാഗത്തിന്റെ പ്രാതിനിധ്യക്കുറവും ശ്രദ്ധേയം. (കേരള പഠനം 2.0-ൽ നിന്ന്).
കേന്ദ്ര- സംസ്ഥാന സർക്കാർ ജോലികളിലുള്ള വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം. കേന്ദ്ര സർക്കാർ കണക്കിൽ പട്ടികവർഗസാന്നിധ്യമേയില്ല. കേന്ദ്ര സർക്കാർ ജോലികളിൽ മുസ്‍ലിം വിഭാഗത്തിന്റെ പ്രാതിനിധ്യക്കുറവും ശ്രദ്ധേയം. (കേരള പഠനം 2.0-ൽ നിന്ന്).

2004-ലാണ് പരിഷത്ത് ആദ്യ കേരള പഠനം നടത്തിയത്. അതിനുശേഷമുള്ള ഒന്നര ദശകത്തിൽ കേരളത്തിലുണ്ടായ മാറ്റങ്ങളാണ് രണ്ടാം പഠനത്തിന്റെ ഉള്ളടക്കം. 2019-ലാണ് ഈ പഠനത്തിന്റെ വിവരശേഖരണം പൂർത്തിയായത്.

5696 കുടുംബങ്ങളിലുള്ള 28,038 പേരാണ് സർവേയിൽ ഉൾപ്പെട്ടത്. കുടുംബങ്ങളെ നാല് സാമ്പത്തിക വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഡോ. കെ.പി. അരവിന്ദനാണ് കേരള പഠനത്തിന്റെ എഡിറ്റർ.

ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ളവർ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവിക്കുന്നു (കേരള പഠനം 2.0-ൽ നിന്ന്).
ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ളവർ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവിക്കുന്നു (കേരള പഠനം 2.0-ൽ നിന്ന്).

Comments