പൊലീസിൽ നിന്നും തനിക്കുനേരിട്ട മോറൽ പൊലീസിങ്ങിനും അമിതാധികാരപ്രയോഗങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിച്ച പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പുറത്താക്കാൻ നീക്കം. ഉമേഷിന്റെ സർവീസിൽ ഇതുവരെയുള്ള അച്ചടക്ക ലംഘനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് ഉത്തരവിറക്കിയിരിക്കുകയാണ്. കോഴിക്കോട് സിറ്റി ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. ഏഴുദിവസത്തിനുള്ളിൽ കുറ്റാരോപണ മെമ്മോ തയ്യാറാക്കി സമർപ്പിക്കാനും രണ്ടുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദേശം.
തുടർച്ചയായി അച്ചടക്ക നടപടികൾ എടുത്ത് തന്നെ സർവ്വീസിൽ നിന്ന് പുറത്താക്കാനാണ് എ.വി ജോർജ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് നേരത്തെ ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ ഉമേഷ് പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ളതാണ് പുതിയ അന്വേഷണ ഉത്തരവ്.
ഉമേഷിന്റെ സർവ്വീസ് ബുക്ക് പരിശോധിച്ചതിൽ നിന്നും സേവന കാലയളവിൽ വിവിധങ്ങളായ കുറ്റങ്ങൾക്ക് ശിക്ഷിച്ചിരുന്നതായി കണ്ടെത്തിയെന്നും ഒരു അച്ചടക്ക സേനാംഗം എന്ന നിലയിൽ സേവന കാലയളവിൽ പാലിക്കേണ്ട അച്ചടക്കവും കൃത്യനിഷ്ഠയും സ്വഭാവഗുണവും പുലർത്തുന്നതിൽ വിമുഖത കാണിക്കുന്നതായി വ്യക്തമാണെന്നും നിരവധി തവണ ശിക്ഷിക്കപ്പട്ട ആളെന്ന നിലയിൽ കൃത്യവിലോപത്തെക്കുറിച്ച് സ്വയം ബോധവാനാകുകയും പുനർവിചിന്തനത്തിന് തയ്യാറായി, ജോലിയിൽ കൃത്യനിഷ്ഠ പാലിക്കുന്നതിനു പകരം കൃത്യവിലോപം ആവർത്തിക്കുന്നതായി കാണുന്നുണ്ടെന്നും പറഞ്ഞാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 1958ലെ കെ.പി.ഡി.ഐ.പി ആന്റ് എ. ചട്ടങ്ങളിലെ 14 വകുപ്പ് അനുസരിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്.
യുവതിയ്ക്ക് ഫ്‌ളാറ്റ് എടുത്തുനൽകിയത് കുറ്റകരമെന്ന് കണ്ടെത്തൽ:
ഗായികയും അധ്യാപികയുമായ ആതിര എന്ന സുഹൃത്തിന് താമസിക്കാൻ ഫ്‌ളാറ്റെടുക്കാൻ സഹായിച്ചതിന്റെ പേരിലായിരുന്നു ഉമേഷിനെതിരെ ഏറ്റവുമൊടുവിൽ പൊലീസ് നടപടിയുണ്ടായത്. മകളെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് ഉമേഷും ആതിരയും ലിവിങ് ടുഗതറായി താമസിക്കുകയാണെന്ന് ആരോപിച്ച് ആതിരയുടെ അമ്മ നൽകിയ പരാതിയിൽ ഉമേഷിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് തനിയെ താമസിക്കുന്നതെന്നും ഫ്‌ളാറ്റ് എടുത്തുനൽകുക മാത്രമാണ് ഉമേഷ് ചെയ്തതെന്നുമുള്ള ആതിരയുടെ മൊഴി ഒട്ടും പരിഗണിക്കാതെ, ആതിരയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സസ്‌പെൻഷൻ ഉത്തരവ് വലിയ വിമർശനങ്ങൾക്കു വഴിവെച്ചിരുന്നു. സസ്‌പെൻഷൻ ഉത്തരവിൽ തന്റെ പേര് പരാമർശിച്ചതിനും അപകീർത്തികരമായ കാര്യങ്ങൾ ഉൾപ്പെടുത്തിയതിനും എതിരെ ആതിര ഐ.ജിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ഇരുവരും വിവാഹിതരായതിനു പിന്നാലെ ഉമേഷിനെതിരെ നടപടി പിൻവലിക്കുകയും തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഉമേഷിനെതിരായ ആരോപണങ്ങൾ തെളിയുന്നു എന്ന നിഗമനത്തോടെ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഈ റിപ്പോർട്ടിന്മേലുള്ള നടപടിക്രമങ്ങളൊന്നും പൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ഉമേഷ് തിങ്കിനോട് പറഞ്ഞത്.
തന്റെ ആത്മാഭിമാനത്തെ ആക്രമിക്കുന്ന തരത്തിലുള്ള സസ്‌പെൻഷൻ ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ ആതിര ഐ.ജിയ്ക്ക് നൽകിയ പരാതിയിൽ കമ്മീഷണർ എ.വി ജോർജിനു കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല നൽകിയത്. കമ്മീഷണർ കുറ്റക്കാരനല്ലെന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജിയ്ക്കും മുഖ്യമന്ത്രിയ്ക്കും നൽകിയത്. പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞുള്ള റിപ്പോർട്ട് ആതിരയ്ക്കും നൽകി. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഐ.ജിയ്ക്കു നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയായിട്ടില്ല.
എ.വി. ജോർജിന്റെ പ്രതികാരനടപടിയോ?
എ.വി ജോർജിന് തന്നോടുള്ള വ്യക്തിവിരോധമാണ് തന്നെ നിരന്തരം വേട്ടയാടുന്നതിനു പിന്നിലെന്ന് ഉമേഷ് നേരത്തെ തിങ്കിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ഷോർട്ട് ഫിലിമിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ തുടങ്ങിയത്. അഞ്ച് വർഷം മുമ്പ് കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ ബോധവത്കരണം എന്ന ഉദ്ദേശ്യത്തോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജിന്റെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കിയിരുന്നു. ഏതാണ്ട് ഇതേസമയത്ത് തന്നെ ഉമേഷ് കൂടി ഭാഗമായി, ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതേവിഷയത്തിൽ "മയങ്ങുമ്പോൾ' എന്ന പേരിൽ മറ്റൊരു ഷോർട്ട് ഫിലിം പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. ഐ.ജിയുടെ ഷോർട്ട് ഫിലിമിനുവേണ്ടി "മയങ്ങുമ്പോൾ' ന്റെ റിലീസ് നീട്ടിവെയ്ക്കാൻ എ.വി ജോർജ് തന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് ആവശ്യപ്പെട്ടിരുന്നെന്നും അതിന് വിസമ്മതിച്ചതോടെ "നീ നാളെ സർവീസിലുണ്ടാവില്ല' എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെന്നുമാണ് ഉമേഷ് പറഞ്ഞത്. ഈ സംഭവത്തിനു പിന്നാലെ ഉമേഷ് ഭാഗമായ ഷോർട്ട് ഫിലിമിന്റെ റിലീസിന്റെ തലേദിവസം അദ്ദേഹത്തെ ട്രാഫിക് പൊലീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ഡോ. ബിജു സംവിധാനം ചെയ്ത "കാടുപൂക്കുന്ന നേരം' എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് 2019ൽ ഉമഷിനെ കമ്മീഷണർ സസ്‌പെന്റ് ചെയ്തിരുന്നു.