ലീലാവതി ടീച്ചർക്കെതിരെയുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം അപ്രതീക്ഷിതമേ അല്ല. ടീച്ചർ ജീവിതകാലം മുഴുവൻ വിശാലഹിന്ദുചിന്തയിലും ചര്യയിലുമാണ് ചെലവഴിച്ചതെന്നൊന്നും പറഞ്ഞിട്ട് കാര്യമേ ഇല്ല. അതിന് സാമൂഹ്യമാദ്ധ്യമഗുണ്ടകളും ശശികലയെപ്പോലുള്ളവരും പുല്ലുവില കല്പിക്കുന്നില്ലെന്ന് പണ്ടേ വ്യക്തമാണ്. ട്രോളുകളുടെ ഭാഷ, അവർ ഏതു പാർട്ടിക്കാരുടേതാണെങ്കിലും, ഇതു തന്നെയാണ് - മറ്റൊരു അഭിപ്രായം പറയുന്നവരെ ഒതുക്കാൻ വേണ്ടതെന്നു തോന്നുന്ന തെറി പറയാൻ അവർക്കു മടിയില്ല.
ഇവിടെ പ്രസക്തമായ കാര്യം, ടീച്ചർ പണ്ഡിതയാണെന്നതാണ്. പാണ്ഡിത്യം സ്ത്രീകൾക്ക് കല്പിക്കാൻ യാഥാസ്ഥിതികഹിന്ദുമതം അനുവദിക്കുന്നില്ലെന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ സാമൂഹ്യപരിഷ്ക്കരണവാദികളുടെ ശ്രമങ്ങളിലൂടെ ഉയർന്നുവന്ന പരിഷ്കൃത ഹിന്ദുമത ദർശനം ഹിന്ദുമതം സ്ത്രീസൗഹൃദമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗാർഗി മൈത്രേയി മുതലായ പേരുകളെ എടുത്തുപറഞ്ഞ് പുരാതന ഹിന്ദുമതം സ്ത്രീകൾക്ക് പാണ്ഡിത്യം അനുവദിച്ചിരുന്നെന്ന് തെളിയിക്കാൻ അവർ നോക്കി. പക്ഷേ ഹിന്ദുപക്ഷത്തുണ്ടായിരുന്ന കടുത്ത യാഥാസ്ഥിതികർ അവരെ നഖശിഖാന്തം എതിർക്കുകയും ചെയ്തിരുന്നു. ഇന്ന് ഹിന്ദുത്വത്തിന് തണലേകുന്നത്, മനുഷ്യവിരുദ്ധം തന്നെയായ ഈ ജാതിവെറിയും സ്ത്രീവിരുദ്ധതയും സാധാരണമായ യാഥാസ്ഥിതിക ഹിന്ദുമതമാണ്. സ്ത്രീകളുടെ പാണ്ഡിത്യത്തോടുള്ള വെറുപ്പ് ബി.ജെ.പിയുടെ ട്രോളുകൾക്കിടയിൽ മാത്രമല്ല. കഴിഞ്ഞ ദിവസം ഡൽഹിയിലെ ലേഡീ ശ്രീറാം കോളേജിലെ വിദ്യാർത്ഥിനികളോട് അവരുടെ മുഖ്യധർമ്മം കുടുംബങ്ങൾക്കുള്ളിൽ പ്രജനനമാണെന്ന് പറഞ്ഞത് ബിജെപി അനുയായിയായ ഒരു മുൻ ഇന്ത്യൻ വിദേശനയതന്ത്ര പ്രതിനിധിയായിരുന്നു. യാഥാസ്ഥിതിക ഹിന്ദുമതത്തെ വാഴ്ത്തുന്നവർക്ക് ബെഞ്ചമിൻ നെതന്യാഹുവിനോട് സ്നേഹം തോന്നുന്നതിന് വ്യക്തമായ കാരണമുണ്ട്. കാരണം ആർ.എസ്.എസ് പ്രതിനിധീകരിക്കുന്ന എബ്രഹാമിക് മൂല്യങ്ങളുടെ ഏറ്റവും പൈശാചികമായ വ്യാഖ്യാനമാണ് അയാൾ. തങ്ങൾ പുറന്തള്ളിയവരെ പരിപൂർണമായും ഇല്ലാതാക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന വിചാരം പഴയകാല ജാതിവ്യവസ്ഥയിൽ രൂഢമൂലമായിരുന്നല്ലോ, പ്രത്യേകിച്ചു മലയാളപ്രദേശങ്ങളിൽ.

ബി.ജെ.പി നിർമ്മലാ സീതാരാമനെ വളർത്തുന്നുണ്ടല്ലോ എന്നു ചോദ്യമുണ്ടാകാം. പക്ഷേ നിർമ്മലാ സീതാരാമൻ പണ്ഡിതയല്ല, സാങ്കേതികവിദഗ്ദ്ധ മാത്രമാണ്. ഹിന്ദുവിജ്ഞാനത്തിൻറെ ശ്രേണിയിൽ എക്സ്പേട്ട് എന്ന നില പാണ്ഡിത്യത്തിനു താഴെയാണ്. മാത്രമല്ല, നിർമ്മലാ സീതാരാമനായാലും, ശബരിമല സ്ത്രീപ്രവേശന വിരുദ്ധലഹളയിൽ പങ്കെടുത്ത പത്മാ പിള്ളയായാലും, അവർക്കൊപ്പം റെഡി ടൂ വെയ്റ്റ് പറഞ്ഞ പ്രൊഫഷണൽ സ്ത്രീകളായാലും യാഥാസ്ഥിതിക ഹിന്ദുമതത്തിൻറെ ജിഹ്വകളായി സ്വയം തിരിച്ചറിയുന്ന പുരുഷാധികാരികൾക്ക് പരിപൂർണമായും കീഴ്പ്പെട്ടും തന്നെയാണ് അതായത്, തങ്ങളുടെ പ്രൊഫഷണൽ സാങ്കേതികജീവിതങ്ങൾ എന്തുതന്നെയായാലും, ഹിന്ദു പിതൃമേധാവിത്വ കുടുംബങ്ങൾക്കുളളിലെ അവരുടെ നിലകളെയാണ് തങ്ങളുടെ യഥാർത്ഥസത്തയായി വാചകമടിയുടെ തലത്തിലെങ്കിലും അവർ തിരിച്ചറിയുന്നത്. ലീലാവതി ടീച്ചർ ഈ നിലകളെ ഗൗരവമായി എടുക്കുകയും അവയെ ഹിന്ദുമൂല്യങ്ങളനുസരിച്ച് ജീവിക്കുകയും ചെയ്തെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവർ തൻറെ പാണ്ഡിത്യനിലയെ അതിനു കീഴ്പ്പെടുത്തിയില്ല. യാഥാസ്ഥിതിക ഹിന്ദുമതക്കാർക്ക്, കേരളത്തിലും പുറത്തുമുള്ള ഹിന്ദുത്വവാദികൾക്ക് ക്ഷമിക്കാനാവാത്ത കുറ്റമാണത്. ലീലാവതി ടീച്ചറെ ഒരു യാഥാസ്ഥിതികയായി കരുതുന്നവർ ശ്രദ്ധിക്കേണ്ട കാര്യമല്ല. അവരുടെ നിലപാടുകൾ എന്തു തന്നെയായാലും, യാഥാസ്ഥിതികഹിന്ദുമതത്തിൻറെ, ഇന്നത്തെ ഹിന്ദുത്വത്തിൻറെ ശ്രേണീപരമായ ഭാവനയിൽ അവർ ഭ്രഷ്ടയാണ്. ശശികലയുടെ പറച്ചിലാണ് ഏറ്റവും ദയനീയമായിത്തോന്നുന്നത്. അവരുടെ ആക്രമണം മലയാളിചരിത്രത്തിലെ സാമൂഹ്യ ഉച്ചനീചത്വങ്ങളെ തൊട്ടുപോകുന്നെങ്കിലും, ആ ഉച്ചനീചത്വങ്ങളെക്കുറിച്ച് ഗൃഹാതുരസ്വപ്നങ്ങളെ അയവിറക്കി സാമൂഹ്യനീതിയെ മൊത്തത്തിൽ ശപിക്കുന്ന കൂട്ടത്തിലിരുന്നുകൊണ്ടാണ് അവർ തൻറെ മുത്തശ്ശിയുടെ ദുരനുഭവത്തെപ്പറ്റി പറയുന്നത്. ആ മുത്തശ്ശിയുടെ പേരക്കുട്ടി ഇന്നത്തെ കേരളത്തിൽ എന്തും പറയാൻ മടിയില്ലാത്ത ഒച്ചവയ്ക്കൽശേഷിയുടെ ഉടമയാണ്, ഇത് നല്ല കാര്യം തന്നെയാണെന്ന് വാദിക്കാവുന്നതാണ്. ലീലാവതി ടീച്ചറുടെ ജന്മസിദ്ധമായ സാമൂഹ്യമൂലധനത്തിനും അവരുടെ ആർജിത സാംസ്കാരിക-സാമൂഹ്യമൂലധനത്തിനും അതിനെ തടസ്സപ്പെടുത്താൻ ശേഷിയില്ല. പക്ഷേ ആ തുറവി സാധ്യമാക്കിയ ചരിത്രപരമായ സമരത്തിൽ അവരുടെ കക്ഷിയുടെ പൂർവികർക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. ട്രോളുകൾ സി.പി.എമ്മിനും കോൺഗ്രസിനും ഉണ്ട്, സംശയമില്ല. പക്ഷേ ഈ കക്ഷികളുടെ പൂർവികർക്ക് നേരത്തെ പറഞ്ഞ സാമൂഹ്യതുറവിയുടെ ചരിത്രപരമായ വികാസത്തിൽ പലയളവിൽ പങ്കുണ്ടായിരുന്നു. എന്നാൽ ഹിന്ദുത്വവാദികളുടെ പൂർവികരും ഇന്നത്തെ ഹിന്ദുത്വ ട്രോളുകളും തമ്മിൽ വലിയ അന്തരം ഇല്ല. രണ്ടു കൂട്ടരും സാമൂഹ്യനീതിയുടെ വിരോധികളാണ്. അതുകൊണ്ടുതന്നെ ശശികല ബിജെപി ട്രോൾഗണങ്ങളെ നയിക്കുന്നത് അങ്ങേയറ്റം കഷ്ടമായിത്തോന്നുന്നു. സവർണജീവിതം നയിക്കുന്നെങ്കിലും പാണ്ഡിത്യമെന്ന നിഷിദ്ധനിലയെ വാശിയോടെ പിൻതുടർന്ന ഹിന്ദുസ്ത്രീയെ ആക്രമിക്കാൻ സവർണതയുടെ സാമൂഹ്യമെച്ചങ്ങളില്ലാത്ത ചരിത്രപശ്ചാത്തലമുള്ള സ്ത്രീയെ പ്രേരിപ്പിക്കുന്ന ഹിന്ദുയാഥാസ്ഥിതിക പിതൃമേധാവിത്വത്തിൻറെ വക്രബുദ്ധിയെ അപലപിച്ചാൽ മാത്രം പോര, അതിനെ സൂക്ഷ്മമായി പഠിക്കേണ്ടതുമുണ്ട്.
