പാചക ബ്രാഹ്‌മണ്യ വാദികളുടെ തല തിരിഞ്ഞ ചരിത്ര വായന

ഒരു ജനാധിപത്യ സമൂഹത്തിൽ പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങൾ അവകാശങ്ങൾ ചോദിച്ചു തുടങ്ങുമ്പോഴുള്ള ജാതി ബ്രാഹ്‌മണ്യ വാദികളുടെ പിരിമുറുക്കവും അസ്വസ്ഥയും ജനാധിപത്യ സമൂഹമായി മാറുന്നതിനുള്ള സാധ്യതയെ അടക്കലുമാണ് ബ്രാഹ്‌മണ്യ പക്ഷവാദക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഉൾക്കൊള്ളൽ ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും രാഷ്ട്രീയത്തിനെതിരായി സവർണകുചേലവാദവും ബ്രാഹ്‌മണ്യത്തിന്റെ പ്രായശ്ചിത്ത പട്ടിണിയും വെജിറ്റേറിയൻ ബ്രാഹ്‌മണ്യത്തിന്റെ ചരിത്ര വാദമായി ഉന്നയിക്കുന്നു

വെജിറ്റേറിയൻ ബ്രാഹ്‌മണ്യ വിവാദത്തിൽ ബ്രാഹ്‌മണ്യ വ്യവസ്ഥയെ ന്യായീകരിച്ച്​ ഉയർന്നുവന്ന പ്രധാന ന്യായീകരണ സിദ്ധാന്തമാണ് ബ്രാഹ്‌മണരിലും പതിതരുണ്ടെന്നും അവർ കീഴായ്മ അനുഭവിക്കുന്ന കീഴാളരാണെന്നുമുള്ള വാദം. ചരിത്രപരമായി തന്നെ വസ്തുതാവിരുദ്ധമാണ് ഈ വാദഗതി. ബ്രാഹ്‌മണരെയും ബ്രാഹ്‌മണ്യ ജാതിവിഭാഗങ്ങളെയും പതിതരായി പരിഗണിക്കുന്ന പരികല്പന "അടിച്ചമർത്തപ്പെട്ട കീഴായ്മ' എന്ന ചരിത്ര വസ്തുതയാണ് തമസ്‌കരിക്കുന്നത്.

തീർച്ചയായും പതിത ബ്രാഹ്‌മണർ എന്ന വിഭാഗം ചരിത്രത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ പതിത ബ്രാഹ്‌മണർ ജാതിവ്യവസ്ഥയാൽ കീഴാളരാക്കപ്പെട്ട ദലിത മനുഷ്യർ അനുഭവിച്ച പതിത്വവും പീഡനവും ഒരിക്കലും നേരിട്ടിട്ടില്ല.

ഇന്ത്യയിലെ കീഴാള മനുഷ്യർ ഒരേസമയം താരതമ്യമില്ലാത്ത വിധം ജാതി വ്യവസ്ഥയുടെ കീഴായ്മയും അടിച്ചമർത്തപ്പെട്ട കീഴാളത്വവും അനുഭവിക്കേണ്ടി വന്ന ജനതതിയാണ്. അവർ ജാതിബ്രാഹ്‌മണ്യത്തിന്റെ ഇരകളുമാണ്. അടികളും പിടാരരും മൂസതും ഉൾപ്പെടുന്ന പതിത ബ്രാഹ്‌മണരായി കണക്കാക്കപ്പെടുന്ന സവർണ വിഭാഗങ്ങൾക്ക് കീഴാള ജനവിഭാഗങ്ങൾ നേരിടേണ്ടി വന്ന ദുരിതപർവം താണ്ടേണ്ടി വന്നിട്ടില്ല. കീഴാള ജനതതി നേരിട്ട നിഷ്ഠൂരവും ക്രൂരവുമായ ജാതി അടിമത്വപീഡനങ്ങൾ പതിത ബ്രാഹ്‌മണരുൾപ്പെടുന്ന ജാതി വിഭാഗങ്ങൾക്ക് ഭീകരമാംവിധം നേരിടേണ്ടി വന്നിട്ടില്ല. പതിത ബ്രാഹ്‌മണർ ജാതി അടിമകളല്ല. അവർ ജാതിബ്രാഹ്‌മണ്യത്തിന്റെ ഇരകളോ ജാതി വ്യവസ്ഥയാൽ പുറന്തള്ളപ്പെട്ടവരോ അല്ല. ശ്രേണീകൃത അസമത്വജാതി വ്യവസ്ഥയുടെ ഫലമായി പതിത ബ്രാഹ്‌മണർ ബ്രാഹ്‌മണ്യ അധീശ വ്യവസ്ഥയിൽ പ്രത്യേക വിധത്തിലുള്ള ശ്രേണീകൃത അസമത്വത്തിന് വിധേയമായിട്ടുണ്ടെങ്കിലും അവരൊക്കെയും ബ്രാഹ്‌മണ്യ മൂല്യവ്യവസ്ഥയെ കൈയൊഴിഞ്ഞവരായിരുന്നില്ല. കൂടാതെ ഈ പതിത ബ്രാഹ്‌മണരെ ധർമശാസ്ത്ര പാരമ്പര്യങ്ങൾ വ്യവസ്ഥാപിതമായി ഉൾക്കൊള്ളുകയും സ്ഥാനമാന പദവികൾ കല്പിച്ച് അംഗീകരിക്കുകയും ചെയ്തിരുന്നു.

പിടാരർ മുതലായ പേരുകൾ പോലും ബ്രാഹ്‌മണ്യത്തിന്റെ സ്ഥാനമാന പദവിയെയാണ് സൂചിപ്പിക്കുന്നത്; ഇവയൊന്നും കീഴാളത്വത്തിന്റെ സ്ഥാനനിലകളല്ല. വൈഖാനസ ധർമസൂത്രത്തിൽ ഭദ്രകാളി പൂജകൾക്കധികാരിയായി പാരശവർ എന്ന സങ്കര ജാതിവിഭാഗത്തെ പരിഗണിക്കുന്നത് ഇതിന്റെ സ്പഷ്ടമായ ദൃഷ്ടാന്തമാണ്. മൂസത്, പിടാരർ, അടികൾ തുടങ്ങിയ ജാതിവിഭാഗങ്ങളാണ് ഈ പാരശവ വിഭാഗത്തിലുൾപ്പെടുന്നത്. ബ്രാഹ്‌മണരിൽ തന്നെ പതിത വിഭാഗമായി ഇവർ പരിഗണിക്കപ്പെട്ടുവെങ്കിലും സ്വയം ബ്രാഹ്‌മണരല്ലെന്ന്​ ഈ വിഭാഗം കരുതിയിരുന്നില്ല. ബ്രാഹ്‌മണരിൽ തന്നെ മത്സ്യവും മറ്റും കഴിക്കുന്ന നിരവധി ബ്രാഹ്‌മണ വിഭാഗങ്ങൾ ഉണ്ടെന്നിരിക്കെ മാംസം കഴിക്കുന്നതിന്റെ പേരിൽ മാത്രമല്ല ചില ബ്രാഹ്‌മണ വിഭാഗങ്ങൾക്ക് പതിതത്വം കൈവന്നത്.

കേരളത്തിലെ നമ്പൂതിരി ബ്രാഹ്‌മണ്യത്തിന്റെ ശുദ്ധിവാദങ്ങളും ഇത്തരം പതിതത്വത്തിന് നിദാനമാണങ്കിലും അതൊന്നും ദലിതർ നേരിട്ട അടിച്ചമർത്തപ്പെട്ട കീഴായ്മയുമായി താരതമ്യത്തിനു പോലും അർഹമല്ല എന്നതാണ് ചരിത്രവസ്തുത. പതിത ബ്രാഹ്‌മണരെ "കീഴാളർ ' എന്ന് അഭിസംബോധന ചെയ്യുന്നതിൽ പോലും സാമ്പത്തിക സംവരണ വാദത്തിന്റെ യുക്തികളാണ് അന്തർലീനമായിരിക്കുന്നത്. മുന്നാക്കക്കാരിലെ ദരിദ്രരെ കണ്ടെത്തിയ സാമ്പത്തിക സംവരണ യുക്തിയാണ് പതിത ബ്രാഹ്‌മണരെ കീഴാളരാക്കുന്നതിലും തെളിയുന്നത്. ചരിത്രമാണെന്ന അവകാശവാദത്തിന്റെ മറവിൽ അവതരിപ്പിക്കപ്പെടുന്നത് സമ്പൂർണമായ അർത്ഥത്തിൽ ബ്രാഹ്‌മണ്യ മൂല്യ ന്യായീകരണമാണ്.

ഡോ. ബി. ആർ. അംബേദ്കർ

ബ്രാഹ്‌മണ്യത്തിനെതിരായ വിമർശനത്തെ ബ്രാഹ്‌മണർക്കെതിരായി വ്യാഖ്യാനിക്കുന്നതും ഇത്തരം സവർണപക്ഷ വ്യാഖ്യാതക്കളാണ്. ബ്രാഹ്‌മണ്യത്തിനെതിരായ വിമർശനത്തെ "ബ്രാഹ്‌മണരെ തല്ലിക്കൊല്ലുന്നേ' എന്ന് ആർത്തുവിളിക്കുന്നവർ ബ്രാഹ്‌മണ്യ മൂല്യവ്യവസ്ഥയാൽ കൊല്ലപ്പെട്ട ദലിതരെയും മുസ്​ലിംകളെയും കാണുന്നേയില്ല. വിമർശകരാൽ കൊല്ലപ്പെട്ട ബ്രാഹ്‌മണരുടെ പട്ടിക അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം അതുകൊണ്ടുതന്നെ അത്തരം അവകാശവാദമുന്നയിക്കുന്നവരാണ് നൽകേണ്ടത്. ഡോ. ബി. ആർ. അംബേദ്കർ ബ്രാഹ്‌മണ്യ ജാതിവ്യവസ്ഥക്കെതിരായി നടത്തിയ പോരാട്ടത്തിൽ ബ്രാഹ്‌മണരും പങ്കാളികളായിരുന്നു എന്ന് ഇത്തരം മിഥ്യാ ചരിത്രവാദികൾ കാണുന്നേയില്ല. ബ്രാഹ്‌മണ്യത്തിന് കീഴ്‌പ്പെട്ട സമൂഹത്തെ മാനവീകരിക്കുന്ന മഹത്തായ ലക്ഷ്യത്തെ തകർക്കുന്ന സവർണ വ്യാഖ്യാനമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഇതിൽ നിന്ന്​ തെളിയുന്നത്.

ശ്രീനാരായണ ഗുരു / Photo: Wikipedia

ബ്രാഹ്‌മണ്യ മൂല്യവ്യവസ്ഥക്കെതിരായ വിമർശനങ്ങൾ ധ്രുവീകരണവും സമൂഹത്തിൽ വിടവുകൾ സൃഷ്ടിക്കും എന്നും വാദിക്കുന്നവർ സംഘപരിവാരത്തിന്റെ അതേ ആഖ്യാന തന്ത്രങ്ങളാണ് അവതരിപ്പിക്കുന്നത്. ഈ വിധത്തിൽ നോക്കിയാൽ നാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ പോലും ധ്രൂവീകരണമാണെന്ന് പരിവാര തന്ത്രത്തെ പിന്തുടരുന്നവർ വ്യാഖ്യാനിക്കാൻ സാധ്യതയുണ്ട്. ബ്രാഹ്‌മണ്യത്തിന്റെ മൂല്യവ്യവസ്ഥക്കെതിരായി നിരന്തരം സമരങ്ങൾ ചെയ്തതു കൊണ്ടു കൂടിയാണ് ആധുനിക കേരളത്തിന് അടിത്തറയിടാൻ കഴിഞ്ഞത്. ഇന്ന് പാചക ബ്രാഹ്‌മണ്യത്തിന്റെ അപാദാനം വാഴ്ത്തുന്നവർ മുൻപായിരുന്നുവെങ്കിൽ അയ്യൻകാളിയെയും ഗുരുവിനെയും ധ്രുവീകരണത്തിന്റെ വക്താക്കളായും പ്രോക്താക്കളായും ചിത്രീകരിക്കുവാനും ഇടയുണ്ട്.
കർമം കൊണ്ട് പതിത ബ്രാഹ്‌മണർ "യഥാർത്ഥ ബ്രാഹ്‌മണരാ’യത് നവോത്ഥാനമാണന്ന് വ്യാഖ്യാനിക്കുന്നവർ "നവോത്ഥാനം' എന്ന ആശയത്തെ തന്നെ തെറ്റായാണ് മനസിലാക്കിയിരിക്കുന്നതെന്ന് പറയേണ്ടി വരും. എല്ലാവരെയും ബ്രാഹ്‌മണ്യത്തിലേക്ക് ഉയർത്തുന്ന ഹിന്ദുത്വബ്രാഹ്‌മണ്യത്തിന്റെ വക്താക്കളുടെ അതേ ആശയമാണ് ഇത്തരം വാദഗതികളിൽ അന്തർലീനമായിരിക്കുന്നത്.

ആർത്തവ തുണി കഴുകേണ്ടി വന്ന നായർ വിഭാഗങ്ങളുടെ കീഴായ്മയെ പറ്റി പരിവേദിക്കുന്നവർ ശൂദ്രവിഭാഗം ആർജിച്ച സാമ്പത്തിക സാമൂഹിക സാംസ്‌കാരിക അധീശത്വവും അവരുടെ ശൂദ്രസവർണത്വത്തെയും പരിഗണിക്കുന്നില്ല. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ തുടരുന്ന ദലിത് പിന്നാക്ക ജാതി പുറന്തള്ളൽ ഇത്തരം ചരിത്രവ്യാഖ്യാതാക്കളെ അലോസരപ്പെടുത്തുന്നേയില്ല. ബ്രാഹ്‌മണ്യ ദുഃഖം ഇന്ത്യൻ ദുഃഖമായി കരുതുന്ന ചരിത്രവ്യാഖ്യാനത്തിന്റെ സൃഷ്ടാക്കൾ യഥാർത്ഥത്തിൽ ഇന്ത്യയുടെ ചരിത്രത്തിലും വർത്തമാനത്തിലും ഹീനമായി പുറന്തള്ളപ്പെടുന്ന കീഴാള ജനതതിയുടെ അനീതിപൂർണമായ ജീവിതം കണ്ടില്ലെന്നു നടിക്കുകയാണ്.

ചുരുക്കത്തിൽ ബ്രാഹ്‌മണരും ബ്രാഹ്‌മണ മേൽജാതി വിഭാഗങ്ങളും (Brahmins and Brahmanical Upper castes) സവർണരും അനുഭവിക്കുന്ന ചില കീഴൊതുക്കലുകളെ ദലിതരും പിന്നാക്ക ജാതിവിഭാഗങ്ങളും അനുഭവിക്കുന്ന ഭീകരവും അസമവുമായ ജാതി പീഡനങ്ങളുമായി സമീകരിക്കുന്നത് ചരിത്രത്തെ സവർണ പക്ഷപരമായും ഹിന്ദുത്വ വാദങ്ങൾക്കനുഗുണമായും വ്യാഖ്യാനിക്കുന്നതിനാൽ ഉടലെടുക്കുന്നതാണ്. ആത്യന്തികമായി ഇത്തരം വാദഗതികൾ സവർണ സംവരണത്തിന്റെ യുക്തികളെയും ബ്രാഹ്‌മണ്യ മൂല്യവ്യവസ്ഥയിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര വാദത്തെയുമാണ് അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ പ്രസരിപ്പിക്കുന്നത്.

Photo: Muhammed Riyas FB Page

ഒരു ജനാധിപത്യ സമൂഹത്തിൽ പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങൾ അവകാശങ്ങൾ ചോദിച്ചു തുടങ്ങുമ്പോഴുള്ള ജാതിബ്രാഹ്‌മണ്യവാദികളുടെ പിരിമുറുക്കവും അസ്വസ്ഥയും ജനാധിപത്യ സമൂഹമായി മാറുന്നതിനുള്ള സാധ്യതയെ അടക്കലുമാണ് ബ്രാഹ്‌മണ്യ പക്ഷവാദക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഉൾക്കൊള്ളൽ ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും രാഷ്ട്രീയത്തിനെതിരായി സവർണകുചേലവാദവും ബ്രാഹ്‌മണ്യത്തിന്റെ പ്രായശ്ചിത്ത പട്ടിണിയും വെജിറ്റേറിയൻ ബ്രാഹ്‌മണ്യത്തിന്റെ ചരിത്രവാദമായി ഉന്നയിക്കുന്നു. ഇത്തരം വാദങ്ങൾ കീഴാള സമൂഹങ്ങളിൽ പെട്ടവർ പോലും ഉന്നയിക്കുന്നു എന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയെയാണ് ദൃശ്യപ്പെടുത്തുന്നത്.

വാൽ: ദലിത വിഭാഗങ്ങളിലും ആദിവാസി വിഭാഗങ്ങളിലും മുസ്​ലിം വിഭാഗങ്ങളിലും ഉൾപ്പെട്ടവർ വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്ത് നൽകിയാൽ തീരാവുന്നതേയുള്ളൂ വെജിറ്റേറിയൻ ഭക്ഷണത്തിനായി വാദിക്കുന്നവരുടെ കാപട്യം. യഥാർത്ഥത്തിൽ വെജിറ്റേറിയൻ നമ്പൂതിരി ഭക്ഷണത്തിനായുള്ള കാപട്യ പൂർണമായ പുരോഗമന മലയാളിയുടെ വേവലാതിയാണ് വെജിറ്റേറിയൻ വാദമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

Comments