പൊലീസ്​ പ്രതിക്കൂട്ടിലാകുമ്പോൾ ആഭ്യന്തരമന്ത്രിയും പ്രതിക്കൂട്ടിലാകേണ്ടേ?

കൂലിപ്പണിക്കാരും തെരുവ് കച്ചവടക്കാരും വാഹനഡ്രൈവർമാരുമെല്ലാമായ സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതവിയർപ്പിന്റെ പ്രതിഫലത്തെ ഒരു കാരുണ്യവുമില്ലാതെയാണ് പൊലീസുകാർ തട്ടിപ്പറിച്ചുകൊണ്ടിരിക്കുന്നത്. പൊലീസ് എന്നത് കെട്ടുറപ്പില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത ഒരു സംവിധാനമല്ല. ഭരണകൂടത്തിന്റെ ചട്ടുകമാണ് പൊലീസ്. പൊലീസിനെതിരായ എല്ലാ വിമർശനങ്ങളും ഭരണാധികാരിക്ക് കൂടി ബാധകമാണ്.

ഹാമാരി തീർത്ത അനിശ്ചിതമായ ജീവിതസംഘർഷങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വലയുന്ന സാധാരണക്കാരായ മനുഷ്യരോട് ഇവിടുത്തെ നിയമപാലക സംവിധാനം കാണിക്കുന്ന ക്രൂരമായ ചെയ്തികളുടെ വാർത്തകളാണ് തുടരെ തുടരെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രോഗിയായ ഭർത്താവും മക്കളുമടങ്ങുന്ന കുടുബം പട്ടിണിയാവാതിരിക്കാനായി മീൻ കച്ചവടത്തിനിറങ്ങിയ കൊല്ലം അഞ്ചുതെങ്ങിലെ വയോധികയുടെ മീൻകുട്ടകൾ പൊലീസുകാർ ക്രൂരമായി തട്ടിമറിച്ചത് മുതൽ കാസർഗോട്ടെ അട്ടേങ്ങാനത്ത് പശുവിന് പുല്ലരിയാനായി പോയ ക്ഷീരകർഷകനിൽ നിന്നും 2000 രൂപ പിഴ വാങ്ങിയതടക്കമുള്ള അനേകം സംഭവങ്ങൾ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

സർക്കാർ നിർദേശങ്ങളെല്ലാം പാലിച്ച് ജീവിച്ചിട്ടും അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയ നേരങ്ങളിൽ കാക്കിപ്പടയുടെ ലാത്തിയടിയും തെറിവിളിയുമേറ്റ്, ചോര കല്ലിച്ച മനസ്സും ശരീരവുമായി അസഹനീയമായ പ്രഹരങ്ങൾ പേറി തിരികെ വീട്ടിലേക്ക് നടക്കേണ്ടി വന്ന അനേകം മനുഷ്യരുണ്ടിവിടെ.

അന്നന്നത്തെ ഭക്ഷണം, വീടിന്റെ വാടക, കുട്ടികളുടെ പഠനം, ലോണുകളുടെ തിരിച്ചടവ്, ചികിത്സ തുടങ്ങിയ കഠിനമായ ജീവിത ചോദ്യങ്ങളോടെതിരിടാനായി മഹാമാരിയിലുളള ഭയത്തെ മാറ്റിവെച്ച് പുറത്തേക്കിറങ്ങിയ കൂലിപ്പണിക്കാരും തെരുവ് കച്ചവടക്കാരും വാഹനഡ്രൈവർമാരുമെല്ലാമായ സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതവിയർപ്പിന്റെ പ്രതിഫലത്തെ ഒരു കാരുണ്യവുമില്ലാതെയാണ് പൊലീസുകാർ തട്ടിപ്പറിച്ചുകൊണ്ടിരിക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന ഇളവ് ദിനങ്ങളിൽ തുറക്കുന്ന കടകൾ, അടയ്ക്കാൻ അഞ്ച് മിനിട്ട് വൈകിയെന്നാരോപിച്ച് അയ്യായിരവും പതിനായിരവുമൊക്കെ പിഴ ചുമത്തുന്ന പൊലീസുകാർ ചെറുകിട വ്യാപാരികൾക്ക് നേരെ യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്.

മനുഷ്യത്വരഹിതവും നീചവുമായ ഈ പൊലീസ് ക്രൂരതകളെ ചോദ്യം ചെയ്തതിന്റെ പേരിൽ മർദനങ്ങളേറ്റുവാങ്ങിയവരും വ്യാജ കേസുകളിലകപ്പെട്ടവരും നിരവധിയാണ്. അപ്രതീക്ഷിത അടച്ചുപൂട്ടലുകളെത്തുടർന്ന് ജീവിതത്തിന്റെ സർവവും തകിടം മറിഞ്ഞ്, ദൈനംദിന ജീവിത താളത്തിൽ നിന്ന് തെറ്റിവീണ്, ഇല്ലായ്മകളുടെ യാതനകളിൽ, നാളെയെക്കുറിച്ചുള്ള വേവലാതിയിൽ കഴിയുന്ന പാവങ്ങളുടെ ജീവിതത്തെ യാതൊരു ദയാദാക്ഷിണ്യവുമില്ലാത്ത വിധത്തിൽ ഇവിടുത്തെ നിയമപാലക സംവിധാനത്തിന് കയ്യേറ്റം ചെയ്യാൻ സാധിക്കുന്നുവെങ്കിൽ അതിനുത്തരവാദികൾ ഭരണകൂടം തന്നെയാണ്. നിയന്ത്രണങ്ങളോ നിർദേശങ്ങളോ ഇല്ലാതെ, ഓരോരുത്തർക്കും തന്നിഷ്ടത്തോടെ തോന്നിയവിധം പെരുമാറാൻ സാധിക്കുന്ന ഒരു സംവിധാനമല്ല പൊലീസ് എന്നത്.

ആഭ്യന്തരവകുപ്പിന്റെ കൃത്യമായ നിയന്ത്രണത്തിൽ തന്നെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ തലവനിപ്പോൾ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. ഇക്കഴിഞ്ഞ ജൂലൈ 23ന് നടത്തിയ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ചില കണക്കുകൾ ഇവിടെ ശ്രദ്ധേയമാണ്.

2020 മാർച്ച് 25 മുതൽ 2021 ജൂലൈ 22 വരെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 5,75,839 കേസ്സുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 5,19,862 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 3,42,832 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതിന്റെ തലേദിവസം മാത്രം പൊലീസ് 40,21,450 രൂപ പിഴയായി ഈടാക്കിയെന്നാണ് അദ്ദേഹം വിശദീകരിച്ചത്. അതായത് ഒരു ദിവസം ശരാശരി 40 ലക്ഷം രൂപയോളം പൊലീസ് ജനങ്ങളിൽ നിന്ന് പിഴയീടാക്കുന്നുവെന്നർത്ഥം.

കൊവിഡ് രണ്ടാം വ്യാപനവും രണ്ടാം ലോക്ഡൗണും സൃഷ്ടിച്ച അതി തീവ്രമായ സാമൂഹിക - സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിടയിൽ കേരളത്തിലെ ജനങ്ങൾ അക്ഷരാർത്ഥത്തിൽ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുന്ന നാളുകളിലാണ് ഒരു ദിവസം മാത്രം ജനങ്ങളിൽ നിന്ന് 40 ലക്ഷം രൂപ പിഴയീടാക്കിയെന്നത് മുഖ്യമന്ത്രി മഹത്തരമായി അവതരിപ്പിക്കുന്നത്.

പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായല്ല പൊലീസിന് നേരെ രൂക്ഷമായ വിമർശനങ്ങളുയരുന്നത്. വ്യാജ ഏറ്റുമുട്ടൽ കൊലകളും കസ്റ്റഡി കൊലപാതകങ്ങളും മർദനകളും അന്യായമായ ലാത്തിച്ചാർജുകളുമെല്ലാമടക്കം ഒട്ടേറെ സംഭവങ്ങളിൽ പൊലീസ് പ്രതികളായിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ഒരു മുന്നണി അധികാരത്തിലിരിക്കുമ്പോൾ സംഭവിക്കാൻ പാടില്ലാത്ത ഒട്ടനേകം ദാരുണ പ്രവൃത്തികൾ പൊലീസിൽ നിന്ന് തുടർച്ചയായി ഉണ്ടായിട്ടും ആഭ്യന്തരവകുപ്പ് തലവനെന്ന നിലയിൽ യാതൊരു നടപടിയും പൊലീസിന് നേരെ മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല എന്ന് മാത്രമല്ല അന്വേഷണങ്ങൾ പോലും പ്രഖ്യാപിച്ചിട്ടില്ല. പകരം "നിങ്ങൾ പൊലീസിന്റെ മനോവീര്യം കെടുത്തരുത്' എന്നാണ് അദ്ദേഹം മാധ്യമങ്ങളോടും ജനങ്ങളോടുമായി പറഞ്ഞത്.

നിലമ്പൂരിലും വൈത്തിരിയിലും മഞ്ചിക്കണ്ടിയിലും വാളാരംകുന്നിലുമായി എട്ട് മാവോയിസ്റ്റുകളെയാണ് കഴിഞ്ഞ ഭരണകാലത്ത് പൊലീസ് ഏകപക്ഷീയമായി വെടിവെച്ച് കൊലപ്പെടുത്തിയത്. വണ്ടൂരിലെ അബ്ദുൽ ലത്തീഫ്, തമിഴ് തൊഴിലാളിയായ കാളിമുത്തു, കുണ്ടറയിലെ കുഞ്ഞുമോൻ, പാവറട്ടിയിലെ വിനായകൻ, പട്ടിക്കാട്ടെ ബൈജു, മാറനല്ലൂരിലെ വിക്രമൻ, കൊല്ലം നൂറനാട്ടെ രാജു, തൊടുപുഴയിലെ രജീഷ്, ആലപ്പുഴ കഞ്ഞിക്കുഴിയിലെ സുമി, ബിച്ചു, തിരുവനന്തപുരം വാളിയോട്ടെ അപ്പുനാടാർ, കാസർഗോട്ടെ സന്ദീപ്, വരാപ്പുഴയിലെ ശ്രീജിത്ത്, കൊട്ടാരക്കരയിലെ മനു, പിണറായിയിലെ ഉനൈസ്, കളയിക്കാവിളയിലെ അനീഷ്, തിരുനെൽവേലി സ്വദേശി സ്വാമിനാഥൻ, കോട്ടയം മണർക്കാട്ടെ നവാസ്, പീരുമേട്ടിലെ രാജ്കുമാർ, തിരൂരിലെ രഞ്ജിത്ത് കുമാർ, തിരുവന്തപുരം കരിമഠം കോളനിയിലെ അൻസാരി, ചിറ്റാറിലെ പി.പി മത്തായി, വടക്കഞ്ചേരിയിലെ ഷമീർ, കാഞ്ഞിരപ്പള്ളിയിലെ ഷഫീഖ് തുടങ്ങി 33 ഓളം ജീവനുകളാണ് കഴിഞ്ഞ ഭരണകാലത്ത് സർക്കാറിന് കീഴിലെ പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ് തുടങ്ങിയ സേനകൾ അപഹരിച്ചിട്ടുള്ളത്.

ഇതിൽ നിരവധി സംഭവങ്ങളിൽ പൊലീസിന് നേരെ തെളിവുകൾ സഹിതം പരാതി സമർപ്പിക്കപ്പെടുകയും ജനകീയ പ്രക്ഷോഭങ്ങളുണ്ടാവുകയുമെല്ലാം ചെയ്തതാണ്. എന്നിട്ടും മാതൃകാപരമായ നടപടികളുണ്ടായിട്ടില്ല. പകരം കുറ്റവാളികളെ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ ജനങ്ങൾക്ക് നേരെ എന്ത് കയ്യേറ്റവും ചെയ്യാൻ മനോധൈര്യം ലഭിച്ചിട്ടുള്ള പൊലീസുകാർ ഈ മഹാമാരിക്കാലത്തും ജനങ്ങളുടെ മെക്കിട്ട് കയറുമ്പോൾ അതിനുത്തരവാദികൾ അവരെ നിയന്ത്രിക്കുന്നവർ കൂടിയാണ്.

വാളയാറിലെ ഇരട്ട സഹോദരിമാരുടെ കൊലപാതകത്തെ ആത്മഹത്യയാക്കി ചിത്രീകരിച്ച് പ്രതികളെ രക്ഷപ്പെടാൻ പൊലീസ് സഹായിച്ച സംഭവം, കോട്ടയത്ത് ദുരഭിമാനക്കൊലയുടെ ഇരയായ കെവിൻ ജോസഫിനെ രക്ഷിക്കുവാൻ സാധിക്കുമായിരുന്നിട്ടും അത് ചെയ്യാതിരുന്നത്, പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിലെത്തിയ അമ്മ മഹിജയെ നടുറോട്ടിലൂടെ വലിച്ചിഴച്ചത്, ഗെയിൽ വാതക പൈപ്പ്‌ലൈനിനെതിരെ കോഴിക്കോട് മുക്കത്തും, ഐ.ഒ.സി പ്ലാന്റിനെതിരെ എറണാകുളം പുതുവൈപ്പിലും നടന്ന പ്രദേശവാസികളുടെ സമരത്തെ ഭീകരമായ ലാത്തിച്ചാർജിലൂടെ അടിച്ചമർത്തിയത്, കണ്ണൂർ പാലത്തായിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകനായ അധ്യാപകന് ജാമ്യം ലഭിക്കുന്ന തരത്തിൽ കുറ്റപത്രം വൈകി സമർപ്പിക്കുകയും മതിയായ തെളിവുകൾ ശേഖരിക്കാതിരിക്കുകയും ചെയ്തത്, പത്രപ്രവർത്തകനായ കെ.എം. ബഷീറിനെ ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് രക്ഷപ്പെടുന്നതിനുള്ള അവസരങ്ങളൊരുക്കിക്കൊടുത്തത്, രാത്രി പുറത്തിറങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളെ എറണാകുളത്തും കോഴിക്കോടും വെച്ച് അടിച്ചോടിച്ചത്, എറണാകുളത്ത് രാത്രി റെയിൽവേ സ്റ്റേഷനിലേക്ക് ഒറ്റയ്ക്ക് നടന്നുപോയതിന് അമൃത എന്ന പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുപോവുകയും സുഹൃത്ത് പ്രതീഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിക്കുകയും ചെയ്തത്, കൊച്ചിയിൽ ഡി.വൈ.എസ്.പിയ്‌ക്കെതിരെ പരാതിയുമായെത്തിയ വീട്ടമ്മയെ ഒതുക്കാൻ പൊലീസ് തന്നെ ക്വട്ടേഷൻ സംഘത്തെ ഇറക്കിയ സംഭവം, വരാപ്പുഴയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട(ഇവർ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു) എഴുപത് കഴിഞ്ഞ വയോധികയെക്കൊണ്ട് പണം തിരികെ നൽകാനെന്ന് പറഞ്ഞ് വീടും പുരയിടവും പൊലീസുകാർ വിൽപ്പിച്ചത്, എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ സുരേഷ് എന്ന ബസ് ഡ്രൈവറെ ഇരുമ്പ് വടി കൊണ്ട് അടിച്ച് നട്ടെല്ല് തകർത്തത്, കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ വെച്ച് രാജീവ്, ഷിബു എന്നീ ദളിത് യുവാക്കളെ കോടതിയിൽ പോലും ഹാജരാക്കാതെ അഞ്ച് ദിവസത്തോളം ക്രൂരമായ ലോക്കപ്പ് മർദനങ്ങൾക്കിരയാക്കിയത് തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര സംഭവങ്ങളിലാണ് അന്ന് പൊലീസിന് നേരെ അതിരൂക്ഷമായ വിമർശനങ്ങളുയർന്നിട്ടുള്ളത്. ഈ സംഭവങ്ങളിലെല്ലാം പൊലീസിനെ ന്യായീകരിക്കുക മാത്രമാണ് ഭരണകൂടവൃത്തങ്ങൾ ചെയ്തിട്ടുള്ളത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആഭ്യന്തരവകുപ്പിൽ നിന്നും പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം കേരള പൊലീസിന്റെ വിവിധ തസ്തികകളിലായി 1129 ക്രിമിനലുകളുണ്ട്. ഇവർക്കെതിരെ പൊലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരം നടപടികളെടുക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്ന് നിർദേശിച്ചത്. നടപടികളെടുത്തതിന് ശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാനും 2018 ഏപ്രിൽ 12ന് കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാൽ അന്ന് പേരിനൊരു റിപ്പോർട്ട് നൽകിയെന്നതല്ലാതെ പൊലീസിലെ ക്രമിനലുകൾക്കെതിരെ സമയബന്ധിതമായ യാതൊരു നടപടിയും സർക്കാർ കൈക്കൊണ്ടിരുന്നില്ല. ക്രിമിനൽ മുക്തമായതും ജനസൗഹൃദപരവുമായ ഒരു പൊലീസ് സംവിധാനത്തെ സർക്കാറിന് വേണ്ട എന്നത് തന്നെയാണ് അതിനർത്ഥം.

ഭരണകൂടദാസ്യത്തിലൂടെ തങ്ങൾ സൃഷ്ടിച്ചെടുത്ത കൃത്രിമവും വിശാലവുമായ ഒരു വിഹാരലോകത്തിരുന്ന് തങ്ങൾ തന്നെയാണ് നീതിയും നിയമവുമെന്ന് വരുത്തിത്തീർക്കുന്ന ഈ പോലീസ് സേന ജനാധിപത്യ വ്യവസ്ഥയുടെ സകല മൂല്യങ്ങളേയും കാറ്റിൽ പറത്തുകയാണ് ചെയ്യുന്നത്.

പൗരന്റെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഭരണഘടനാപരമായ ബാധ്യതകളുള്ള പൊലീസ് എന്ന സംവിധാനത്തെ അതിന്റെ നേർ വിപരീതാവസ്ഥകളിൽ മാത്രം കണ്ടുശീലിച്ച അനുഭവവുമാണ് നമുക്കുള്ളത്. ജനകീയവും ജനസൗഹൃദപരവുമായ ഒരു പൊലീസ് സംവിധാനത്തെ സാക്ഷാത്കരിക്കുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ അടിസ്ഥാന കടമകളിലൊന്നായിട്ടും, അധികാര താത്പര്യങ്ങളെ സാധിച്ചെടുക്കാനും അവ നിലനിർത്താനുമുള്ള ഒരു മർദനോപാധി എന്നതിനപ്പുറം പൊലീസ് സേനയെ ഇവിടുത്തെ ഭരണകൂടങ്ങൾ വിനിയോഗിക്കാത്തത് തന്നെയാണ് അടിസ്ഥാനപരമായി പൊലീസിന്റെ ജനാധിപത്യവത്കരണത്തെ അസാധ്യമായ ഒന്നാക്കി മാറ്റുന്നത്.

ഒരിക്കൽകൂടി ആവർത്തിക്കുന്നു. പൊലീസ് എന്നത് കെട്ടുറപ്പില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത ഒരു സംവിധാനമല്ല. ഭരണകൂടത്തിന്റെ ചട്ടുകമാണ് പൊലീസ്. പൊലീസിനെതിരായ എല്ലാ വിമർശനങ്ങളും ഭരണാധികാരിക്ക് കൂടി ബാധകമാണ്.

Comments