ഏതൊരു പരാജയം സംഭവിക്കുമ്പോഴും അതിന്റെ പെട്ടെന്നുള്ള വിശകലനങ്ങളിൽ രണ്ടു കാര്യങ്ങളാണുണ്ടാകുന്നത്.
ഒന്ന്, പരാജയത്തെ പൊതുബോധങ്ങളുമായി ബന്ധിപ്പിച്ച് ചില മുൻധാരണകളെയും ബോധ്യങ്ങളെയും സ്ഥാപിച്ചെടുക്കാനുള്ള ഒരു നീക്കം.
രണ്ട്, ബാഹ്യമായി നിലനിൽക്കുന്ന പ്രശ്‌നങ്ങളിന്മേൽ മാത്രം ചർച്ചകൾ കേന്ദ്രീകരിപ്പിച്ച് വിധികളും തീർപ്പുകളും സൃഷ്ടിച്ചെടുക്കുന്ന സമീപനം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനേറ്റ കനത്ത പരാജയത്തെ തുടർന്ന് രൂപപ്പെട്ടുവന്ന പല ചർച്ചകളും മേൽപറഞ്ഞ സ്വഭാവത്തിലും ശൈലിയിലുമുള്ളതാണ്.
ഓരോ പരാജയങ്ങൾക്കും സൂക്ഷ്മവും ശ്രേണിബദ്ധവുമായ ചില കാരണങ്ങൾ കൂടിയുണ്ടാകും. മറ്റെല്ലാ കാരണങ്ങളെക്കാളും പ്രസക്തമായ ഇവയെ കുറച്ചുകൂടി സമയമെടുത്തുമാത്രമേ വിശകലനം ചെയ്യാൻ സാധിക്കുകയുള്ളൂ. ഒരു ചരിത്രപരാജയത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും കേരളത്തിലെ ഇടതുപക്ഷം. സി.പി.ഐ, സി.പി.എം പാർട്ടി സംവിധാനങ്ങൾക്കുള്ളിൽ ആഴത്തിലുള്ള പരിശോധനകളും വിലയിരുത്തലുകളും ആരംഭിച്ചുകഴിഞ്ഞു. വിവിധ കാരണങ്ങളെയും അതിലേക്ക് നയിച്ച സാഹചര്യങ്ങളെയും സി.പി.എം പ്രത്യേകമായി തന്നെ പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്.
ബാഹ്യമായ കാരണങ്ങൾക്കൊപ്പം ചില ആന്തരിക കാരണങ്ങളും കൂടി ചേർന്നതാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായിരിക്കുന്നതെന്ന് പാർട്ടി സ്വയം അംഗീകരിച്ചുകഴിഞ്ഞു. അതിനെ മറികടക്കാൻ എന്തൊക്കെ മാറ്റങ്ങളും തിരുത്തലുകളുമാണ് തുടർന്ന് സംഭവിക്കാൻ പോകുന്നതെന്നാണ് പൊതുവെ ഉറ്റുനോക്കപ്പെടുന്നത്.
ബി.ജെ.പിയെ പ്രതിരോധിക്കേണ്ട അനിവാര്യതയെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനും അത്തരം ഒരു നീക്കത്തിന് നേതൃപരമായ പങ്ക് വഹിക്കാനും രാജ്യത്തെ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് ഒട്ടും ഗുണം ചെയ്തില്ല.
ഹിംസാത്മക ഹിന്ദുത്വയുടെ രാഷ്ട്രീയഭാഷ്യമായ ബി.ജെ.പിയാണ് പത്തുവർഷമായി രാജ്യം ഭരിച്ചത്. സ്വാതന്ത്ര്യാനന്തരം അര നൂറ്റാണ്ടുകൊണ്ട് രാജ്യം നേടിയ സാമൂഹിക പുരോഗമനങ്ങളെ മുഴുവൻ തകർക്കുകയും ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, സാമൂഹികനീതി എന്നീ ആശയങ്ങളെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുകയും ചെയ്ത ഒരു പത്തു വർഷമാണ് രാജ്യത്ത് കടന്നുപോയത്. വർഗീയ രാഷ്ട്രീയത്തിന്റെ തേറ്റകളമർന്ന് ഭരണഘടന പോലും വലിയ ഭീഷണി നേരിട്ടു കൊണ്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഏതു വിധേനയെങ്കിലും ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കി രാജ്യത്തെ വീണ്ടെടുക്കണമെന്നതായിരുന്നു ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ മുഖ്യ അജണ്ട. തെരഞ്ഞെടുപ്പു രാഷ്ട്രീയ രംഗത്ത് ദുർബലപ്പെട്ടുപോയിട്ടുണ്ടെങ്കിലും രാജ്യത്ത് ഒരു ഇടതുപക്ഷ ബൗദ്ധിക ബോധത്തെ വളർത്തുന്നതിൽ ഇടതുപക്ഷ കക്ഷികൾ ഇപ്പോഴും വലിയ പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ അതെന്തുകൊണ്ട് ഇടതുപക്ഷ കക്ഷികൾക്കുള്ള വോട്ടായി മാറുന്നില്ല എന്നത് വേറെ പരിശോധിക്കേണ്ട കാര്യമാണ്.
ബി.ജെ.പിയെ പ്രതിരോധിക്കേണ്ട അനിവാര്യതയെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനും അത്തരം ഒരു നീക്കത്തിന് നേതൃപരമായ പങ്ക് വഹിക്കാനും രാജ്യത്തെ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് ഒട്ടും ഗുണം ചെയ്തില്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സംഘാടനം ‘ഇന്ത്യ’ മുന്നണിയുടെ രൂപീകരണമായിരുന്നു. അതിന്റെ രൂപീകരണത്തിലും ഏകോപനത്തിലും നേതൃപരമായ പങ്ക് വഹിക്കാൻ ഇടതുപക്ഷ പാർട്ടികൾക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അതിലെ ഏറ്റവും വലിയ കക്ഷി പരമ്പരാഗതമായി ഇടതു പക്ഷം, നയ നിലപാടുകളെ മുന്നിൽ വെച്ച് അതിശക്തമായി എതിർത്തുപോന്ന കോൺഗ്രസായിരുന്നു. ഈ സഹകരണരാഷ്ട്രീയം സംഘപരിവാർ വിരുദ്ധ രാഷ്ടീയത്തിന്റെ പ്രത്യക്ഷമായ ഉൽപന്നമാണെങ്കിലും ഇടതുപക്ഷത്തെ സംബന്ധിച്ച് ഈ സഹകരണവും സമ്പർക്കവും വ്യാഖ്യാനങ്ങൾക്ക് വഴങ്ങാത്ത വൈരുദ്ധ്യം കൂടിയായിരുന്നു. കോൺഗ്രസിനോട് നേർക്കുനേരെ പോരാടുന്ന ഇടങ്ങളിലെ ദേശീയ രാഷ്ട്രീയത്തിൽ ഇത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അപ്പോൾ തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നു. കാരണം, ബി.ജെ.പി വിരുദ്ധതയെയാണ് കോൺഗ്രസും ഇടത് കക്ഷികളും ഏറ്റവും മുഖ്യമായ പ്രചാരണായുധമാക്കുന്നത്.
സൈദ്ധാന്തികമായി എത്ര വിശദീകരിച്ചാലും ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ തട്ടിൽ കോൺഗ്രസിന് ഒരു മേൽക്കൈ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ദേശീയതലത്തിൽ കോൺഗ്രസിനും ‘ഇന്ത്യ’ മുന്നണിക്കും പിന്തുണ കൊടുത്ത് അതിനോടു ചേർന്നുനിൽക്കുന്ന ഇടതുപക്ഷം കേരളത്തിൽ അതേ കോൺഗ്രസുമായി നടത്തുന്ന നേരിട്ടുള്ള മത്സരം ഒരു വൈരുദ്ധ്യമായി ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് അനുഭവപ്പെട്ടിട്ടുണ്ട്. സൈദ്ധാന്തികമായി എത്ര വിശദീകരിച്ചാലും ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ തട്ടിൽ കോൺഗ്രസിന് ഒരു മേൽക്കൈ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വികസനമോ നയങ്ങളോ സംസ്ഥാന രാഷ്ട്രീയമോ ഒന്നുമല്ല ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചതെന്ന് എല്ലാവർക്കുമറിയാം. ബി.ജെ.പി, ബി.ജെ.പി ഇതരർ എന്നീ രണ്ട് ദ്വന്ദ്വത്തിൽ മാത്രമൂന്നിയാണ് രാജ്യത്ത് ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ദേശീയതലത്തിൽ ദുർബലമായി നിൽക്കുന്ന ഇടതുപക്ഷത്തെ അപേക്ഷിച്ച് കൂടുതൽ വേരുള്ള കോൺഗ്രസിലേക്ക് കേരളത്തിലെ മതേതര വോട്ടുകൾ കുത്തിയൊഴുകിയതിന്റെ ഏറ്റവും പ്രധാന കാരണം ഇതുതന്നെയായിരുന്നു. ഒരു മുന്നണിയില്ലായിരുന്നെങ്കിൽ പോലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും ഇതേ സാഹചര്യങ്ങൾ തന്നെയാണ് നിലനിന്നത്. പക്ഷേ ഇത്തവണ അത് കൂടുതൽ ശക്തമായി.
ഇടതുപക്ഷമെന്നത് എപ്പോഴും ഒരു പ്രതിപക്ഷ സ്വഭാവം പുലർത്തുന്ന രാഷ്ട്രീയ നിലപാടിന്റെ പേരാണ്. കലഹിച്ചും സമരം ചെയ്തും ചോദ്യം ചെയ്തും ജനവികാരത്തോട് ചേർന്നുനിന്നുമാണ് അത് കരുത്താർജിക്കുന്നത്. തുടർഭരണത്തോടെ ഒരു സ്ഥിരം ഭരണപക്ഷമാകുക വഴി ഇടതുപക്ഷത്തിന്റെ ഈ മെയ്ക്കരുത്തിന് സ്വഭാവികമായ ഒരാലസ്യം വന്നുചേർന്നിട്ടുണ്ട്. അടിസ്ഥാന ജനതയും ഇടതുപക്ഷവും തമ്മിൽ നില നിന്ന ഇഴയടുപ്പത്തെ ബാധിക്കുന്ന പല കാരണങ്ങളും സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിച്ചു. അതിലെ ഒരു പ്രധാന കാരണം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഇടതുപക്ഷത്തെ നയിക്കുന്ന സി.പി.എമ്മും തമ്മിൽ രൂപപ്പെട്ട, ഒട്ടും ആശാസ്യകരമല്ലാത്ത ഒരു വൈരനിര്യാതനത്വം കൂടിയാണ്. ജനങ്ങളുമായി ആഴത്തിൽ സംവദിക്കാൻ കഴിയുന്നവരാണ് മാധ്യമങ്ങൾ. മൂലധന, മുതലാളിത്തത്തിന്റെ ഉൽപ്പന്നങ്ങളായ ഇന്നത്തെ മാധ്യമങ്ങൾക്ക് ഇടതുപക്ഷ രാഷ്ട്രീയത്തോടും തിരിച്ചുമുണ്ടാകുന്ന വൈമുഖ്യങ്ങൾ സ്വഭാവികമാണ്. എന്നാൽ തുടർ ഭരണത്തോടെ മുമ്പില്ലാത്തവിധം അതൊരു ശത്രുതാപരമായ ബന്ധത്തിലേക്ക് വളർന്നുവന്നത് ഒട്ടും ഭൂഷണമായിരുന്നില്ല.
ദേശീയതലത്തിൽ തന്നെ ഏറ്റവും മികച്ച ഒരു സംസ്ഥാന സർക്കാരായിരുന്നുവെന്ന് ദേശീയ ഏജൻസികൾ മാർക്കിട്ട കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ മുന്നിൽ ഇവിടുത്തെ മാധ്യമങ്ങൾ കണ്ണടച്ചാണ് നിന്നത്.
ഭരണകൂടം എന്ന നിലയിൽ കേരളത്തിലെ ഇടതു സർക്കാരിന് സംഭവിക്കുന്ന സ്വഭാവികമായ പോരായ്മകളെയും പിശകുകളെയും മാധ്യമങ്ങൾ ശത്രുതാപരമായ കാഴ്ചപ്പാടിലൂടെയും ആക്രമണ ത്വരയോടെയും നോക്കിക്കാണുന്നതിന് ഈയൊരു വൈരം വഴിവച്ചിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധതയുള്ള മാധ്യമങ്ങളുമായി യാതൊരു അനുരഞ്ജനങ്ങൾക്കും വഴങ്ങാതെ ജനങ്ങളുമായുള്ള ആശയവിനിമയ രംഗത്ത് ഒരു ബദൽ നീക്കം നടത്താനാണ് സി.പി.എം ശ്രമിച്ചത്. അതത്രത്തോളം ഫലവത്തായതുമില്ല. മാധ്യമങ്ങളെ സംബന്ധിച്ച് ഒരു നഷ്ടവുമില്ലാത്ത കച്ചവടമായിരുന്നു ഇതെങ്കിൽ, കേരളത്തിലെ സി.പി.എമ്മിനും സർക്കാരിനും ഈയൊരു വൈരം വലിയ നഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.
ദേശീയതലത്തിൽ തന്നെ ഏറ്റവും മികച്ച ഒരു സംസ്ഥാന സർക്കാരായിരുന്നുവെന്ന് ദേശീയ ഏജൻസികൾ മാർക്കിട്ട കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ മുന്നിൽ ഇവിടുത്തെ മാധ്യമങ്ങൾ കണ്ണടച്ചാണ് നിന്നത്. വിവിധ മേഖലകളിൽ കേരളത്തിലെ സർക്കാർ നടത്തിയ ചരിത്രപരമായ മുന്നേറ്റങ്ങളെ അവർ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചില്ല എന്നു മാത്രമല്ല, പകരം ഒരു ഭരണ വിരുദ്ധ തരംഗം സൃഷ്ടിക്കാനാണ് മിക്കവാറും എല്ലാ മാധ്യമങ്ങളും ബോധപൂർവം ശ്രമിച്ചത്. മാധ്യമങ്ങളെ അല്പം കൂടി നയപരമായി കൈകാര്യം ചെയ്യാനുള്ള സ്ട്രാറ്റജി വളർത്തിയെടുക്കാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ അതിന്റെ ഫലം മറ്റൊന്നായേനെ. ദേശീയതലത്തിൽ ‘ഇന്ത്യ’ മുന്നണിക്കൊപ്പം ചേർന്നുനിൽക്കുമ്പോഴും ഒരു ഇടതുപക്ഷ ശാക്തീകരണം രാജ്യത്തുണ്ടാകേണ്ടതിന്റെ അനിവാര്യതയെ കൂടുതൽ ബോധ്യപ്പെടുത്താനും അതുപകരിച്ചേനേ.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയെ പലരും പെട്ടെന്ന് ബന്ധിപ്പിച്ച രണ്ട് കാരണങ്ങൾ ഭരണവിരുദ്ധ വികാരം, പിണറായി വിജയൻ എന്നിവയുമായായിരുന്നു. വസ്തുതാപരമായി ഈ രണ്ട് ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഒരു ഇടതുപക്ഷ നേതാവ് എന്ന നിലയിൽ വിമർശനങ്ങൾക്ക് അതീതനൊന്നുമല്ല പിണറായി വിജയൻ. ഏതൊരു പാർട്ടി അംഗത്തെയും പോലെ അദ്ദേഹവും വിമർശനങ്ങൾക്ക് വിധേയൻ തന്നെയാണ്. 'പാർട്ടിയുടെ തിരിച്ചടികൾക്ക് കാരണം പിണറായി വിജയന്റെ ധാർഷ്ട്യം' എന്ന ആഖ്യാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതേ ശൈലിയും സമീപനവും കൊണ്ടു തന്നെയാണ് പിണറായി വിജയൻ കേരളത്തിന്റെ രാഷ്ട്രീയത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ട കാലം മുതൽ നിലനിൽക്കുന്നത്. അദ്ദേഹത്തിന്റെ ശൈലിയോടും ശരീരഭാഷയോടും നേരത്തെയും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘർഷങ്ങളെയും പ്രതിസന്ധികളെയും കൈകാര്യം ചെയ്യുന്നിടത്തെ നൈപുണ്യവും നിലപാടുകൾ കൈക്കൊള്ളുന്നതിലെ കണിശതയുമാണ് ഈ വിമർശനങ്ങൾക്കിടയിലും പിണറായി വിജയൻ എന്ന നേതാവിനെ ജനങ്ങൾ പിന്തുണക്കുന്നതിന്റെ കാരണങ്ങൾ. ജനാധിപത്യ ബോധം കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സമൂഹത്തിൽ ചില കാര്യങ്ങളിലെങ്കിലും മുഖ്യമന്ത്രി ഒരു സ്വയം തിരുത്തൽ നടത്തേണ്ടതുണ്ട് എന്ന വാദം അംഗീകരിക്കുമ്പോഴും പിണറായിയുടെ ശൈലിയും സമീപനവുമാണ് കേരളമടക്കമുള്ള സ്ഥലങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ദയനീയമായ നിലയിൽ പരാജയപ്പെട്ടതിന്റെ മുഖ്യ കാരണം എന്ന ആഖ്യാനം ഒട്ടും നീതിയുക്തമായതോ വസ്തുതാപരമായതോ അല്ല.
പിണറായി എന്ന ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിക്കപ്പെട്ട രണ്ടാം മന്ത്രിസഭക്ക് പല കാരണങ്ങളും കൊണ്ട് ഒന്നാം മന്ത്രിസഭയുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ല.
വേണമെങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ സ്വീകാര്യതക്കോ ജനകീയതക്കോ ആനുപാതികമായി തിളങ്ങാൻ രണ്ടാം പിണറായി സർക്കാരിന് സാധിച്ചില്ല എന്ന് വിമർശിക്കാം. പ്രഗത്ഭരും ജനകീയരുമായ തഴക്കം ചെന്ന മുൻ മന്ത്രിമാരെ മുഴുവൻ രണ്ടാം മന്ത്രിസഭയിൽ നിന്ന് പൂർണമായും ഒഴിവാക്കി ഒരു തലമുറമാറ്റത്തിന് സി പി എം ശ്രമിച്ചതിന്റെ ഗുണവും ദോഷങ്ങളുമുണ്ട്. അതുമായി ബന്ധപ്പെട്ട സ്വയം വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നുമുണ്ട്. പിണറായി എന്ന ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിക്കപ്പെട്ട രണ്ടാം മന്ത്രിസഭക്ക് പല കാരണങ്ങളും കൊണ്ട് ഒന്നാം മന്ത്രിസഭയുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ല. വാർത്താസമ്മേളനങ്ങളിലൂടെയും പൊതുവായ സംസാരങ്ങളിലൂടെയും മുഖ്യമന്ത്രി പൊതുജനങ്ങളുമായി നടത്തിയ ആശയവിനിമയം കഴിഞ്ഞ തവണത്തേതിൽ നിന്ന് ഈ മന്ത്രിസഭാ കാലത്ത് വലിയ തോതിൽ കുറഞ്ഞുപോയിട്ടുമുണ്ട്. മുഖ്യ മന്ത്രിയെയും മകളെയും മുൻനിർത്തി പ്രതിപക്ഷവും മാധ്യമങ്ങളും ലൈം ലൈറ്റിൽ ചർച്ച ചെയ്ത ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയിൽ നിന്ന് ഒരു വിശദീകരണം നേരിട്ട് ലഭിക്കണമെന്ന് പാർട്ടി അനുഭാവികളടക്കം ആഗ്രഹിച്ചു. അത്തരം ഒരാശയ വിനിമയത്തിന്റെ കുറവും നന്നായി തന്നെ അനുഭവപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിൽ നട്ടം തിരിഞ്ഞ സംസ്ഥാന സർക്കാരിന് അടിസ്ഥാന ജനതയെ തൃപ്തിപ്പെടുത്തുന്ന നിലയിൽ സമൂഹത്തിലേക്ക് പണം വിനിമയം ചെയ്യാൻ സാധിക്കാതെ പോയതും തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങളിൽ മുഖ്യമായതാണ്. സർക്കാർ ഉദ്യോഗസ്ഥർക്കും എയ്ഡഡ് അധ്യാപകരടക്കമുള്ള ജീവനക്കാർക്കും ഡി.എ കുടിശിഖയുണ്ടായി. കരാറുകാർക്ക് സമയത്തിന് പണം കൊടുക്കാൻ കഴിഞ്ഞില്ല. വിവിധ സർക്കാർ ധനസഹായങ്ങൾ കൊടുത്തുതീർക്കുന്നതിൽ വീഴ്ചകളുണ്ടായി. കഴിഞ്ഞ യു.ഡി.എഫ് കാലത്ത് ക്ഷേമ പെൻഷൻ നൽകിയിരുന്നത് 32 ലക്ഷം പേർക്കായിരുന്നെങ്കിൽ ഈ സർക്കാർ അതിനെ 62 ലക്ഷം പേർക്കാക്കി ഉയർത്തിയിരുന്നു. 700 രൂപയുടെ സ്ഥാനത്ത് 1600 രൂപയായും തുക വർദ്ധിച്ചിരുന്നു. രണ്ടോ മൂന്നോ മാസം താത്കാലികമായി മുടങ്ങിപ്പോയെങ്കിലും ഈ വിഷയത്തിൽ ഈ സർക്കാർ നടത്തിയത് വിപ്ലവകരമായ മാറ്റവും നേട്ടവുമല്ലേ എന്ന് ചോദിച്ചാൽ വസ്തുതാപരമായി ശരിയാണ്. പക്ഷേ നേർവിരുദ്ധമായ മറ്റൊരു വശം കൂടിയുണ്ട്. അതാണ് ഈ സർക്കാരിന് തിരിച്ചടിയുണ്ടാക്കിയത്.
നിർമിതമായ ഒരു ഭരണവിരുദ്ധവികാരം കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിലായിരുന്നു ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇത് പരാജയത്തിന്റെ ആക്കം കൂടാൻ വലിയ കാരണമായി.
ക്ഷേമപെൻഷൻ നൽകുന്നതിൽ സംഭവിച്ച മുടക്കം സമൂഹത്തിന്റെ താഴെ തട്ടിൽ വലിയ പ്രതിഷേധങ്ങളുണ്ടാക്കി. 1600 രൂപ പ്രതിമാസം ലഭിച്ചുതുടങ്ങിയപ്പോൾ ആ തുക ഓരോ കുടുംബത്തിന്റെയും പ്രതിമാസ ബജറ്റിന്റെ ഭാഗമായി മാറിയിരുന്നു. അങ്ങനെയുള്ള 62 ലക്ഷം കുടുംബങ്ങളെയാണ് ഈ സർക്കാർ സൃഷ്ടിച്ചത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങിയതുവഴി 62 ലക്ഷം കുടുബങ്ങളെയാണ് സർക്കാർ സ്വയം തങ്ങൾക്ക് എതിരാക്കി മാറ്റിയത്. പണം ലഭിക്കാത്തതിനു പിറകിലെ രാഷ്ട്രീയ കാരണങ്ങൾ വിശദീകരിക്കുന്നതുകൊണ്ട് തൃപ്തരാകുന്നവരല്ല അവരൊന്നും. അവരുടെ ജീവിതാവശ്യങ്ങൾക്കാണ് മുടക്കമുണ്ടായത്. അതുകൊണ്ടുതന്നെ പെൻഷൻ മുടങ്ങിയതിനെ അവരിൽ മഹാഭൂരിപക്ഷവും വളരെ വൈകാരികമായാണ് കണ്ടത്. സർക്കാരിനെതിരെ മാധ്യമങ്ങൾ നിരന്തരം നടത്തിയ അതിരൂക്ഷമായ വിമർശനങ്ങളും അടിസ്ഥാനമുള്ളതും ഇല്ലാത്തതുമായ ആക്ഷേപങ്ങളും കൂടി മറുഭാഗത്ത് മൂർത്തമായപ്പോൾ നിർമിതമായ ഒരു ഭരണവിരുദ്ധ വികാരം കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിലായിരുന്നു ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇത് പരാജയത്തിന്റെ ആക്കം കൂടാൻ വലിയ കാരണമായി.
മറ്റൊരു പ്രധാന കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് ന്യൂനപക്ഷ വിഷയത്തിൽ സി. പി.എം പുലർത്തിയ സമീപനമാണ്. അത് ന്യൂനപക്ഷ പ്രീണനമായാണ് പരക്കെ ആക്ഷേപിക്കപ്പെട്ടത്. യഥാർത്ഥത്തിൽ ഒരു ഇടതുപക്ഷ കക്ഷി അതിന്റെ നയത്തിന്റെയും കാഴ്ചപ്പാടിന്റെയും ഭാഗമായി സ്വീകരിക്കേണ്ട സമീപനങ്ങളേ സി.പി.എം സ്വീകരിച്ചിട്ടുള്ളൂ. അനീതിക്ക് ഇരയാകേണ്ടിവരുന്ന ഒരു ജനതക്കൊപ്പം നിൽക്കുന്നതിന്റെ ഭാഗമായാണ് സി. എ.എ, എൻ.ആർ.സി, ബാബ്റി മസ്ജിദ്, രാമക്ഷേത്രം, പലസ്തീൻ വിഷയങ്ങളിൽ സി.പി. എം നിലപാട് സ്വീകരിച്ചിട്ടുള്ളത്. മണിപ്പുർ വിഷയത്തിലും സമാന നിലപാടാണ് പാർട്ടി സ്വീകരിച്ചത്.
എന്നാൽ ഈ നിലപാടുകൾ മൂന്ന് തരം പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്.
ഒന്ന്, ബി ജെ പിക്ക് സി പി എമ്മിനെ ചൂണ്ടി, സി പി എം മുസ്‌ലിം പ്രീണനം നടത്തുന്ന ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന ആരോപണം സൃഷ്ടിക്കാൻ അവസരമൊരുങ്ങി.
രണ്ട്, അതിനെ പിന്താങ്ങുന്ന നിലയിൽ കോൺഗ്രസും ലീഗും ചേർന്ന് സി പി എമ്മിന്റെ നിലപാട് വ്യാജമാണെന്നും ന്യൂനപക്ഷ പ്രീണനമാണെന്നും സി പി എം അടിസ്ഥാനപരമായി ഇസ്ലാമോഫോബിയ പടർത്തുന്ന പാർട്ടിയാണെന്നും പ്രചരിപ്പിച്ചു. ചുരുക്കത്തിൽ ഈ രണ്ട് വിഭാഗങ്ങളും പാർട്ടി നിലപാടുകളെ ന്യൂനപക്ഷ പ്രീണനമായി തെറ്റിദ്ധരിപ്പിച്ചു.
മൂന്ന്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയ വൻ വിജയം കേരളത്തിലെ ന്യൂനപക്ഷം കൈമെയ് മറന്ന് നൽകിയ പിന്തുണ കൊണ്ടാണെന്ന് മനസിലാക്കിയ പാർട്ടി അവരെ ലാക്കാക്കി നടത്തുന്ന പ്രീണനമാണിതെന്ന് പാർട്ടിയിലുള്ള ചിലരെങ്കിലും ചർച്ച ചെയ്തു. പാർട്ടി സ്വീകരിച്ച നിലപാടുകളുടെ നൈതികതയെ ഉൾക്കൊള്ളാൻ കഴിയുന്ന രാഷ്ട്രീയബോധം ആഭ്യന്തരമായി രൂപപ്പെടുത്തുന്നതിൽ പാർട്ടിക്ക് പരാജയം സംഭവിച്ചിട്ടുണ്ട് എന്നാണ് ഇത് വെളിവാക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടിയുടെ നിലപാട് ശരിയായിരുന്നെങ്കിൽ പോലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത് പ്രതിലോമമായി പരിണമിച്ചു.
സി.പി.എം മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന പ്രചാരണം ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ക്രൈസ്തവ മേഖലകളിലാണ്.
കാലങ്ങളായി ബി.ജെ.പി നടത്തിവന്നിരുന്ന സോഷ്യൽ എഞ്ചിനീയറിംഗിനെ പ്രതിരോധിക്കാൻ കഴിയാതെ പോയത് മറ്റൊരു പ്രധാന കാരണമാണ്. കേരളത്തിലെ ക്രിസ്ത്യൻ സഭകളെയും സംഘടനകളെയും കേന്ദ്രീകരിച്ചാണ് ഇത് നടന്നു കൊണ്ടിരുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ചില ക്രിസ്ത്യൻ സഭകളും സംഘടനകളും മുസ്‌ലിം വിരുദ്ധത പ്രകടിപ്പിക്കാൻ തുടങ്ങിയത് ശ്രദ്ധേയമാണ്. ബി.ജെ.പി സഹവാസം കൊണ്ടു മാത്രമല്ല അവർക്ക് അത്തരം നിലപാടുകളുണ്ടായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് കേരളത്തിലെ മുസ്‌ലിം സമൂഹം നടത്തിയത് വലിയൊരു കുതിച്ചു ചാട്ടമാണ്. ഒരു കാലത്ത് സാമൂഹികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായി പിന്നിൽ നിന്നിരുന്ന മുസ്‌ലിം സമൂഹം ആ മേഖകളിലൊക്കെ വലിയ വളർച്ചയാണ് നേടിയത്. ഉന്നത വിദ്യാഭ്യാസ മേഖല, സിവിൽ സർവീസ് മേഖല, വിദ്യാഭ്യാസ - ആരോഗ്യ സംരഭക മേഖല, മുസ്‌ലിം ലീഗിനപ്പുറമുള്ള പൊതു രാഷ്ട്രീയ മേഖല, ഉദ്യോഗമേഖല തുടങ്ങി എല്ലാ മേഖലയിലും മുന്നോട്ടുവന്ന മുസ്‌ലിം സമൂഹത്തിന്റെ വളർച്ച അതുവരെ നായർ, ക്രൈസ്തവ കുത്തകകളായിരുന്ന പല മേഖലകളിലേക്കും കടന്നുകയറാൻ അവരെ പ്രാപ്തരാക്കി.
പെട്ടെന്ന് സംഭവിച്ച ഈ മാറ്റം വിവിധ ക്രിസ്ത്യൻ സംഘടനകളിലും സഭാനേതൃത്വത്തിലും ഒരു തരം അസന്തുലിതബോധം രൂപപ്പെടുത്തി. അതിന്റെ കൂടി പ്രതിഫലനം ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ബി ജെ പിയുടെ വളർച്ച ത്വരിതപ്പെടുന്നതിൽ ഒരു വിദൂര കാരണമായിട്ടുണ്ട്. സി.പി.എം മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന പ്രചാരണം ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ക്രൈസ്തവ മേഖലകളിലാണ്. ബി.ജെ.പിയെ സംബന്ധിച്ച് കേരളത്തിൽ അവരനുഭവിച്ചുവന്ന ഏറ്റവും പ്രധാന വെല്ലുവിളി ന്യൂനപക്ഷങ്ങളുടെ ഏകീകരണമായിരുന്നു. ന്യൂനപക്ഷങ്ങളായ മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങൾ ചേർന്നാൽ ഹിന്ദു വിഭാഗത്തേക്കാൾ ഭൂരിപക്ഷമാകുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിൽ നിലനിന്നത്. കൂടുതൽ മതേതര സ്വഭാവം പുലർത്തുന്ന കേരളത്തിലെ ഹിന്ദു വിഭാഗത്തെ ബി.ജെ.പിയോട് ചേർത്തുനിർത്തുന്നതിലും എളുപ്പം ക്രിസ്ത്യാനികളെ ചേർത്തുനിർത്താം എന്ന ബി.ജെ.പിയുടെ കാഴ്ചപ്പാട് സഫലമായതിന്റെ തെളിവാണ് ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ ബി.ജെ.പി വോട്ട് ഗണ്യമായി വർദ്ധിച്ചത്. ഈ വോട്ട് യു.ഡി.എഫിൽ നിന്നുമാത്രമല്ല ചോർന്നത്, എൽ.ഡി.എഫിൽ നിന്നും ഗണ്യമായ നിലയിൽ ചോർന്നിട്ടുണ്ട്. ഇത് മുൻകൂട്ടി മനസിലാക്കി പരിഹാരം കാണുന്നതിൽ ഇടതുപക്ഷത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്.
പാർട്ടിയോടുള്ള കൂറും ആഭിമുഖ്യവും കൊണ്ട് വാളെടുത്തവരൊക്കെ വെളിച്ചപ്പാടാകുന്ന ഈ സോഷ്യൽ മീഡിയ ഇടപെടൽ പാർട്ടിക്ക് ഗുണമാണോ ദോഷമാണോ സൃഷ്ടിക്കുന്നതെന്ന ഒരു വിശകലനം കൂടി ആവശ്യമുണ്ട്.
ഇക്കാലത്ത് മനുഷ്യരിൽ ഏറ്റവും എളുപ്പം അഭിപ്രായ രൂപീകരണം നടക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. മാധ്യമങ്ങൾ അവഗണിക്കുന്ന ഇടതുപക്ഷ അനുകൂല വാർത്തകളും വസ്തുതകളും പൊതുജന സമക്ഷത്തിലേക്ക് കുറച്ചെങ്കിലും എത്തുന്നത് ഇടതുപക്ഷ അനുകൂലമായ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ്. അനേകം പേജുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് നവമാധ്യമ മേഖലയിൽ നിലനിൽക്കുന്നുണ്ട്. പാർട്ടിക്കും മുന്നണിക്കും എതിരെ വരുന്ന പല ആരോപണങ്ങളെയും ഇവരൊക്കെ ചേർന്ന് നേരിട്ടിട്ടുമുണ്ട്. പാർട്ടി ചിഹ്നവും കൊടിയും നേതാക്കളുമൊക്കെ പ്രൊഫൈൽ പിക്ചറായും കവർ പിക്ചറായുമൊക്കെയാണ് ഇതൊക്കെ നിൽക്കുന്നത്. പക്ഷേ പാർട്ടിക്കോ മുന്നണിക്കോ യാതൊരു നിയന്ത്രണവുമില്ലാതെ സ്വതന്ത്ര സംവിധാനങ്ങളാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത്. പാർട്ടിയോടുള്ള കൂറും ആഭിമുഖ്യവും കൊണ്ട് വാളെടുത്തവരൊക്കെ വെളിച്ചപ്പാടാകുന്ന ഈ സോഷ്യൽ മീഡിയ ഇടപെടൽ പാർട്ടിക്ക് ഗുണമാണോ ദോഷമാണോ സൃഷ്ടിക്കുന്നതെന്ന ഒരു വിശകലനം കൂടി ആവശ്യമുണ്ട്.
പാർട്ടിയുടെ നയമോ തീരുമാനമോ അല്ലാത്ത പല കാര്യങ്ങളും അങ്ങനെയാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാൻ ഇത്തരം അക്കൗണ്ടുകൾ പലപ്പോഴും കാരണമാകുന്നുണ്ട്. രാജാവിനെക്കാൾ വലിയ രാജഭക്തിയെന്നതുപോലെ പാർട്ടിയെക്കാൾ വലിയ പാർട്ടിബോധം പ്രകടിപ്പിക്കാൻ തുടങ്ങിയ ഈ ഗ്രൂപ്പുകൾ അനേകം ശത്രുക്കളെ പാർട്ടിക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഈ ഗ്രൂപ്പുകളെയും അവരുടെ അതിരൂക്ഷമായ നിലപാടുകളെയും പാർട്ടിനയമായി തെറ്റിദ്ധരിച്ച പല അനുഭാവികളും പാർട്ടിയോട് അകന്നുപോകാനും കാരണമായിട്ടുണ്ട്. എതിർശബ്ദങ്ങളോട് നടത്തുന്ന രൂക്ഷമായ വിമർശനങ്ങളും ഒറ്റ തിരിഞ്ഞു നടത്തുന്ന ആക്രമണങ്ങളും സോഷ്യൽ മീഡിയ ലോകത്ത് ഒട്ടും ഗുണം ചെയ്തിട്ടില്ല. സി.പി.എം വിരുദ്ധ പൊതു ബോധത്തെ അത് കൂടുതൽ വളർത്തി. കേഡർ പാർട്ടിയായ സി.പി.എമ്മിന് സമഗ്രമായ ഒരു നവമാധ്യമനയമോ സെല്ലോ ഇതുവരെ രൂപം കൊണ്ടിട്ടില്ല എന്നത് ഈ തെരഞ്ഞെടുപ്പിലെ ന്യൂനത തന്നെയായിരുന്നു.
പോസ്റ്റൽ ബാലറ്റുകളിൽ ഇത്തവണ സർക്കാർ ഉദ്യോഗസ്ഥരുടെ വോട്ടിനെക്കാൾ കൂടുതലുണ്ടായിരുന്നത് സമൂഹത്തിലെ ഏറ്റവും അടിസ്ഥാന, ദുർബല ജനതയുടെ വോട്ടുകളായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ അവർക്ക് ആഭിമുഖ്യമുണ്ടായത് എൽ.ഡി.എഫിനോടായിരുന്നു.
ഈ തെരഞ്ഞെടുപ്പു ഫലത്തിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ഏതാണ്ട് 11 ലോക്സഭാ മണ്ഡലങ്ങളിൽ എൽ ഡി എഫ് പുലർത്തിയ ലീഡായിരുന്നു. പലരും അതിനെ ഒരു ട്രെൻഡായി തെറ്റിദ്ധരിക്കുക പോലുമുണ്ടായി. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്ന ഘട്ടത്തിലായിരുന്നു അത്. വലിയ പരാജയങ്ങൾ ഏറ്റുവാങ്ങിയ സ്ഥലങ്ങളിൽ പോലും പോസ്റ്റൽ വോട്ടുകളിൽ എൽ ഡി എഫ് മുന്നിട്ടുനിന്നു. അതിശയകരമായ ഒരു വൈരുദ്ധ്യമായാണ് അതനുഭവപ്പെട്ടത്.
ഇത്തവണത്തെ പോസ്‌റ്റൽ വോട്ടുകൾക്ക് മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ടായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ ഇത്തവണ സർക്കാർ ഉദ്യോഗസ്ഥരുടെ വോട്ടുകൾ താരതമ്യേന തീരെ കുറവായിരുന്നു. സ്വന്തം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ ഡ്യൂട്ടി ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക്, ചുമതലയുള്ള ബൂത്തുകളിലെ മെഷീനിൽ വോട്ട് ചെയ്യാൻ അവസരമുണ്ടായിരുന്നു. ഭൂരിപക്ഷം പേരും അങ്ങനെയാണ് വോട്ട് ചെയ്തത്. എൺപത് വയസിന് മുകളിലുള്ളവർക്കും അംഗപരിമിതർക്കും അവരവരുടെ വീടുകളിലെത്തി പോസ്റ്റൽ ബാലറ്റ് നൽകി ഇത്തവണ വോട്ട് ചെയ്യിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പോസ്റ്റൽ ബാലറ്റുകളിൽ ഇത്തവണ സർക്കാർ ഉദ്യോഗസ്ഥരുടെ വോട്ടിനെക്കാൾ കൂടുതലുണ്ടായിരുന്നത് സമൂഹത്തിലെ ഏറ്റവും അടിസ്ഥാന, ദുർബല ജനതയുടെ വോട്ടുകളായിരുന്നു. ഒരു ക്ഷേമ സർക്കാരിന്റെ പിന്തുണ വേണ്ടവരാണ് എൺപത് വയസ് കഴിഞ്ഞവരും അംഗപരിമിതരും.
ഈ തെരഞ്ഞെടുപ്പിൽ അവർക്ക് ആഭിമുഖ്യമുണ്ടായത് എൽ.ഡി.എഫിനോടാണെന്നതാണ് ഈ വിശകലനത്തിന്റെ മർമം. എൽ.ഡി.എഫിനോട് ആഭിമുഖ്യം തോന്നിയതുകൊണ്ടാകണമല്ലോ അവരുടെ വോട്ടുകളിൽ എൽ.ഡി.എഫ് മുന്നിട്ട് നിന്നത്. പ്രായമായവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും ഇടതുപക്ഷത്തിന്റെ സർക്കാർ നൽകുന്ന കരുതലിന്റെ സാക്ഷ്യമാണ് ആ വോട്ടുകൾ എന്ന് നിരീക്ഷിക്കുന്നതിൽ തെറ്റില്ല. മാത്രമല്ല, പ്രചണ്ഡമായ മാധ്യമ, നവ മാധ്യമ പ്രചാരണങ്ങൾ അധികം ഏൽക്കാത്തവരുമാണവർ. തങ്ങളെ ചേർത്തുപിടിച്ച സർക്കാരിനുള്ള സത്യസന്ധമായ പിന്തുണയായി അവരുടെ വോട്ടുകളെ കണക്കാക്കുമ്പോൾ മാധ്യമങ്ങളെ സ്ഥിരമായി ശത്രുതാപക്ഷത്ത് നിർത്തുന്നതിലെ അപകടവും അതിന്റെ യഥാർത്ഥമായ വ്യാപ്തിയും കൂടി മനസ്സിലാക്കാം.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു കാര്യം ഏതാനും മാസങ്ങൾക്ക് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പുകളാണ്. വലിയ മുന്നേറ്റമാണ് ഇടതു പക്ഷം ആ തെരഞ്ഞെടുപ്പുകളിൽ നേടിയത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ, രാഷ്ട്രീയം ചർച്ച ചെയ്ത് നടന്ന ആ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സിറ്റിംഗ് സീറ്റുകളടക്കം പിടിച്ചെടുത്ത് എൽ.ഡി.എഫ് തിളക്കമാർന്ന വിജയമാണ് നേടിയത്. ഒരു കടുത്ത സർക്കാർ വിരുദ്ധ തരംഗം ഇവിടെ നിലനിൽക്കുന്നു എന്ന ആഖ്യാനങ്ങളുടെ അടിസ്ഥാനമില്ലായ്മയെയാണ് മുകളിൽ പറഞ്ഞ രണ്ട് സംഭവങ്ങളും വെളിപ്പെടുത്തുന്നത്.
ഇതിത്രയും പറഞ്ഞതിനർത്ഥം എൽ.ഡി.എഫിന് ഇവിടെ എല്ലാം സുരക്ഷിതമാണെന്നും ഒരു പോരായ്മകളും സംഭവിച്ചിട്ടില്ല എന്നൊന്നുമല്ല. ഇത്ര വലിയൊരു തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് ഇടതുപക്ഷത്തെ തള്ളിയിട്ട കാരണങ്ങളിൽ മുഖ്യമായവ അവയൊന്നുമല്ല എന്നു മാത്രമാണ്. സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടുകൾ അടിത്തട്ടിലേക്ക് വേണ്ട വിധം വിനിമയം ചെയ്യപ്പെട്ടിട്ടില്ല. ധനവിനിയോഗത്തിൽ കൂടുതൽ ജനകീയമായ മുൻഗണനാക്രമം വേണ്ടതുണ്ട്. പ്രത്യേകിച്ച് കേന്ദ്രത്തിൽ വീണ്ടുമൊരു മോദി സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ. സാമുദായിക രാഷ്ട്രീയത്തെ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാരണം, മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പാർട്ടിയെന്ന നിലയിൽ സി.പി.എമ്മിനെ കൂടുതൽ ചിന്തിപ്പിക്കേണ്ട രാഷ്ട്രീയ ധ്രുവീകരണം സാവധാനം ഇവിടെ നടക്കുന്നുണ്ട്. മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് രണ്ടുപേരാണ്- ജോർജ് കുര്യനും സുരേഷ് ഗോപിയും. ഈ രണ്ട് പേർക്കും ചില പ്രത്യേകതകളുണ്ട്. രണ്ടു പേരും കടുത്ത വർഗീയവാദികളോ, വംശീയ വിദ്വേഷം പുലർത്തുന്നവരോ അല്ല എന്നാണ് കേരളത്തിന്റെ പൊതുവിശ്വാസം. മതേതര സമൂഹവുമായി കൂടുതൽ വ്യക്തിബന്ധമുളളവരാണ് രണ്ടുപേരും. ഈ രണ്ടു പേരുകളും കേരളത്തിലെ ബി.ജെ.പി രാഷ്ട്രീയം മാറേണ്ട ദിശ എങ്ങനെയാകണമെന്നതിന്റെ സൂചകങ്ങളാണ്.
കഴിഞ്ഞ രണ്ടുവർഷമായി വർഗീയ വിഷം വമിപ്പിക്കുന്ന കടുത്ത വിദ്വേഷ പ്രസംഗകരായ സംഘപരിവാറുകാരുടെ ശബ്ദം ഇവിടെ കേൾക്കാനുമുണ്ടായിരുന്നില്ല. 2004-ൽ പി.സി. തോമസ് വഴി ആരംഭിച്ച ക്രൈസ്തവബന്ധം അൽഫോൺസ് കണ്ണന്താനത്തിലൂടെ ജോർജ് കുര്യനിൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ നിർണായകമായ ഒരു വിഭാഗത്തെ ബി.ജെ.പി കൂടുതൽ കൂടുതൽ ലാക്കാക്കുന്നുണ്ടെന്ന് വ്യക്തം. കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി കെ.എം. മാണിയെന്ന രാഷ്ട്രീയ അതികായനിലൂടെ സഭാ നേതൃത്വം പുലർത്തിവന്ന അധികാര രാഷ്ടീയത്തോടുള്ള ബന്ധത്തിൽ സംഭവിച്ചിരിക്കുന്ന ഇടർച്ചയ്ക്ക് ഒരു പരിഹാരമായി വിവിധ സഭകളും ക്രിസ്ത്യൻ സംഘടനകളും ബി ജെ പിയെ കണ്ടുതുടങ്ങുന്നത് ഇടതുപക്ഷത്തിന് മാത്രമല്ല, കേരളത്തിലെ ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തിനുതന്നെ വലിയ ഉലച്ചിലുകൾ സൃഷ്ടിക്കും.