ഇടതുപക്ഷത്തിന്റെ വർഗീയ വ്യതിയാനങ്ങൾ

1987-ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ ഹിന്ദുത്വപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ സി.പി.എം വീണ്ടും പരീക്ഷിക്കാൻ ശ്രമിക്കുന്നത്. മുസ്ലിം തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തി മുസ്ലിം ലീഗിനെ ആക്രമിക്കുന്ന രാഷ്ട്രീയ കുതന്ത്രത്തിന്റെ യഥാർത്ഥ ലക്ഷ്യം, ഹിന്ദുത്വ ഏകീകരണത്തിന്റെ ഗുണഭോക്താവായി മാറുക എന്നതാണ് - ഡോ. എം.കെ മുനീർ എഴുതുന്നു…

നൂറ്റാണ്ടുകൾ നീണ്ടുനിന്ന വൈദേശികാധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി, ഒരു രാജ്യമായും ഒരു ജനാധിപത്യ സമൂഹമായും ഒരു രാഷ്ട്രമായും മാറിയ ജനതയാണ് നമ്മൾ ഇന്ത്യക്കാർ. വൈവിധ്യങ്ങളും വ്യത്യസ്തതകളും വിഭിന്നതകളും ഒരു ജനത എന്ന നിലയിലുള്ള നമ്മുടെ ഐക്യത്തെ തകർക്കാൻ ഇടവരുത്തരുത് എന്ന ഉറച്ച നിലപാടിലാണ് സ്വതന്ത്ര ഇന്ത്യയെ അതിന്റെ ധീരരും ദീർഘദർശികളുമായ നായകർ വിഭാവനം ചെയ്തത്. ആ വിഭാവനയോടും ലക്ഷ്യത്തോടും പൂർണമായ പ്രതിബദ്ധത പുലർത്തുന്ന നിലപാടാണ് രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിം സമുദായം സ്വീകരിച്ചത്.

ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിലെ ന്യൂനപക്ഷ സമുദായം എന്ന നിലയിൽ, ഇന്ത്യയിലെ മുസ്ലിംകൾക്ക് തങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് സുപ്രധാനമായ ചില ആശങ്കകളുണ്ടായിരുന്നു. ഒന്ന്, അവരുടെ വിശ്വാസപരവും ആചാരാനുഷ്ഠാനപരവുമായ ജീവിതത്തിലെ സുരക്ഷിതത്വം. രണ്ട്, അവരുടെ സാംസ്കാരിക ജീവിതത്തിലെ സുരക്ഷിതത്വം. മൂന്ന്, സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ലഭിക്കേണ്ട നീതിയും തുല്യതയും നിയമപരിരക്ഷയും. നാല്, അവരുടെ ജീവനും സ്വത്തിനും ലഭിക്കേണ്ട സുരക്ഷിതത്വം. സുപ്രധാനമായ ഈ ആശങ്കകൾ ദേശീയ രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണനേതൃത്വത്തിന്റെയും മുമ്പാകെയും സാമൂഹിക പൊതുമണ്ഡലത്തിലും മുസ്ലിം നേതാക്കൾ ഉയർത്തുകയുണ്ടായി. ബ്രിട്ടീഷ് വാഴ്ചയിലെയും സ്വാതന്ത്ര്യസമര കാലത്തെയും കയ്പേറിയ അനുഭവങ്ങളുടെയും വിഭജനത്തെ തുടർന്നുണ്ടായ നിർഭാഗ്യകരമായ സംഭവവികാസങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് മുസ്ലിം സമുദായം അവരുടെ ആശങ്കകൾ മുന്നോട്ടുവെച്ചത്.

ഭരണഘടനാ നിർമ്മാണ സഭയിലെ മുസ്ലിം ലീഗ് നേതാക്കൾ സമുദായത്തിന്റെ പൊതുവായ ആശങ്കകൾ സമഗ്രമായും വസ്തുനിഷ്ഠമായും അവതരിപ്പിച്ചു. രാജ്യത്തെ ദേശീയ ന്യൂനപക്ഷം എന്ന നിലയിലുള്ള അവകാശവാദങ്ങൾ ഉന്നയിച്ചു. പരിഗണനാർഹമായ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ഭരണഘടനാ നിർമ്മാണ സഭയിലെ രാഷ്ട്രീയ നേതാക്കളുടെയും നിയമ വിശാരദരുടെയും ഇഴകീറിയ പരിശോധനകളുടെയും കൂലങ്കഷമായ വാദപ്രതിവാദങ്ങളുടെയും ഒടുവിൽ ഭരണഘടനാ നിർമ്മാണ സഭയിൽ ഇന്ത്യൻ മുസ്ലിംകളുടെ മത സാംസ്ക്കാരിക സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയ ഒരു ഭരണഘടന രാജ്യത്ത് നിലവിൽ വന്നു. അങ്ങനെ, ന്യൂനപക്ഷ സമുദായങ്ങളുടെയും പിന്നാക്ക ജനസമൂഹങ്ങളുടെയും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെയും അവയിലെ വ്യക്തികളുടെയും മൗലികാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്ന മഹത്തായ ഭരണഘടനയുടെ അടിസ്ഥാനത്തിൽ 1950 ജനുവരി 26 ന് നാം ഇന്ത്യൻ ജനത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായി മാറി.

ഡോ. ബാബാസാഹെബ് അംബേദ്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഭരണഘടന, മുസ്ലിം സമുദായത്തിന്റെ ആശങ്കകൾ പരിഹരിക്കാനുതകുന്ന തരത്തിൽ നിരവധി അവകാശങ്ങൾ ഉറപ്പു വരുത്തി.
ഡോ. ബാബാസാഹെബ് അംബേദ്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഭരണഘടന, മുസ്ലിം സമുദായത്തിന്റെ ആശങ്കകൾ പരിഹരിക്കാനുതകുന്ന തരത്തിൽ നിരവധി അവകാശങ്ങൾ ഉറപ്പു വരുത്തി.


ഇന്ത്യ കണ്ട ഏറ്റവും മഹാനായ സാമൂഹിക ചിന്തകനും പരിഷ്കർത്താവുമായ ഡോ. ബാബാസാഹെബ് അംബേദ്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഭരണഘടന, മുസ്ലിം സമുദായത്തിന്റെ ആശങ്കകൾ പരിഹരിക്കാനുതകുന്ന തരത്തിൽ നിരവധി അവകാശങ്ങൾ ഉറപ്പു വരുത്തി. മതവിശ്വാസം വെച്ചുപുലർത്താനും ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനും മതവും വിശ്വാസവും പൊതുസമൂഹത്തിൽ പ്രചരിപ്പിക്കാനും പ്രബോധനം ചെയ്യാനുമുള്ള അവകാശം, മതം അനുശാസിക്കുന്ന വിധത്തിലുള്ള സാംസ്ക്കാരിക ജീവിതം നയിക്കാനും ഇഷ്ടമുള്ള ഭാഷ, വേഷം ഭക്ഷണം, ജീവിതചര്യ എന്നിവ തെരഞ്ഞെടുക്കാനുമുള്ള അവകാശം, മതവിദ്യാഭ്യാസം പകർന്നു നൽകാനും മതപരമായ സ്ഥാപനങ്ങളും സംഘടനകളും രൂപവത്കരിക്കാനും വളർത്താനുമുള്ള അവകാശം, മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നേരിടേണ്ടി വരുന്ന വിവേചനങ്ങളിൽ നിന്നും അനീതികളിൽ നിന്നും സംരക്ഷണം ലഭിക്കാനും ഭരണകൂടത്തിൽ നിന്ന് തുല്യനീതിയും അവസരസമത്വവും ഉറപ്പുവരുത്താനുള്ള അവകാശം, എന്നിങ്ങനെ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കും അവയിലെ വ്യക്തികൾക്കും അടിസ്ഥാന മൗലികാവകാശങ്ങളും പൗരാവകാശങ്ങളും ഉറപ്പുവരുത്തുന്നുണ്ട് ഇന്ത്യൻ ഭരണഘടന.

ഭരണഘടന ഉറപ്പുനൽകുന്ന നിയമപരവും ജനാധിപത്യപരവുമായ പരിരക്ഷയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.


അതോടൊപ്പം, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹിക സാംസ്ക്കാരിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിയും വികാസവും നേടിയെടുക്കുന്നതിനും സാമൂഹികനീതിയും ജനാധിപത്യപരമായ പ്രാതിനിധ്യവും ഉറപ്പുവരുത്താനുള്ള ഉപാധി എന്ന നിലയിലും സ്വന്തമായി രാഷ്ട്രീയ സംഘടന രൂപവത്കരിക്കാനും സമുദായത്തെ രാഷ്ട്രീയമായി സംഘടിപ്പിക്കാനും ശാക്തീകരിക്കാനും തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാനും ഭരണാധികാരം കയ്യാളാനും ഇന്ത്യൻ ഭരണഘടന മതന്യൂനപക്ഷ സമുദായങ്ങൾക്ക് അവകാശം നൽകുന്നു. അങ്ങനെ, ഭരണഘടന ഉറപ്പുനൽകുന്ന നിയമപരവും ജനാധിപത്യപരവുമായ പരിരക്ഷയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ വിശ്വാസപരവും സാംസ്ക്കാരികവും സാമൂഹികവുമായ സുരക്ഷിതത്വവും തുല്യനീതിയും അവസര സമത്വവും പൗരാവകാശങ്ങളും ഉറപ്പുവരുത്തുകയും ആശങ്കകൾ പരിഹരിക്കുകയും അവരെ രാഷ്ട്രനിർമാണ പ്രക്രിയയിലും സാമൂഹിക പുരോഗതിയിലും പങ്കാളികളാക്കുകയും ചെയ്യുക എന്ന വിശാല ലക്ഷ്യത്തോടുകൂടിയാണ് 1948-ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപം കൊള്ളുന്നത്. അതിന്റെ സ്ഥാപക അധ്യക്ഷൻ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ഉൾപ്പെടെ ഒട്ടേറെ നേതാക്കൾ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയിൽ അംഗങ്ങളായിരുന്നു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പഴയകാല നേതൃത്വം
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പഴയകാല നേതൃത്വം

സവിശേഷമായ ഒരു മതവിശ്വാസ സംഹിതയും സാംസ്ക്കാരിക ജീവിതവും പിന്തുടരുന്ന, രാജ്യത്തെ ദേശീയ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന്റെ ഭരണഘടനാദത്തമായ അവകാശവാദങ്ങൾ റദ്ദാക്കാർ ശ്രമിക്കുകയും അവയ്ക്കുനേരെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമണം നടത്തുകയും ചെയ്യുന്ന പ്രധാനപ്പെട്ട രണ്ടു രാഷ്ട്രീയ ശക്തികളുണ്ട് രാജ്യത്ത്; സംഘ്പരിവാറും ഇടതുപക്ഷവും. ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭീകരവാദ അടിത്തറയിൽ മതരാഷ്ട്ര സംസ്ഥാപനം ലക്ഷ്യം വെക്കുന്ന സംഘ്പരിവാർ ശക്തികളും മാർക്സിയൻ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന തൊഴിലാളി വർഗ്ഗ സർവാധിപത്യ പരിപ്രേക്ഷ്യത്തിൽ സോഷ്യലിസ്റ്റ് രാഷ്ട്രം ലക്ഷ്യം വെക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷവും ഒരേപോലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ മത സാംസ്ക്കാരിക സാമൂഹിക ജീവിതത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും ആക്രമണലക്ഷ്യമാക്കുന്നു എന്നത് വിരോധാഭാസമായി തോന്നാം. എന്നാലത്, ചരിത്രപരവും വസ്തുനിഷ്ഠവുമായ ഒരു യാഥാർത്ഥ്യമാകുന്നു.

സംഘ്പരിവാർ വെച്ചുപുലർത്തുന്ന മുസ്ലിം വിരുദ്ധ നിലപാടുകൾ അതിന്റെ പ്രത്യയശാസ്ത്ര പദ്ധതികളുടെ ഭാഗമാണ്. ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീയ ധ്രുവീകരണം സാധ്യമായാൽ മാത്രമേ ഹിന്ദുത്വവാദ രാഷ്ട്രീയ പദ്ധതി വിജയിപ്പിക്കാൻ സംഘ്പരിവാറിന് കഴിയൂ. അത് സാധ്യമാകണമെങ്കിൽ അപരമത വിദ്വേഷം പ്രചരിപ്പിക്കാൻ പാകത്തിൽ രൂപപ്പെടുത്തിയെടുത്ത ഒരു ശത്രുവിനെ ആവശ്യമുണ്ട്. മുസ്ലിംകളുടെ മത ജീവിതത്തെയും സാംസ്ക്കാരിക ചിഹ്നങ്ങളെയും നിരന്തരം ആക്രമണത്തിന് ഇരയാക്കിക്കൊണ്ടാണ് സംഘ്പരിവാർ അതിന്റെ മുസ്ലിം ശത്രുരൂപം വാർത്തെടുക്കുന്നത്. യാതൊരുവിധ ഒളിവും മറയുമില്ലാതെ, തങ്ങളുടെ രാഷ്ട്രീയ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള പ്രത്യക്ഷ ആക്രമണമാണ് സംഘ്പരിവാർ അതിന്റെ മുസ്ലിം ശത്രുവിനെതിരെ നടത്തുന്നത്. മാത്രമല്ല, മുസ്ലിം സമുദായവും രാജ്യത്തെ യഥാർത്ഥ മതവിശ്വാസികളും മതേതര ജനാധിപത്യ പൊതുസമൂഹവും സംഘ്പരിവാറിന്റെ ആ ആക്രമണ പദ്ധതിയെ കുറിച്ച് ശരിയായ ധാരണ വെച്ചുപുലർത്തുന്നവരും വർഗ്ഗീയ വിഭജന അജണ്ടകളെ പ്രതിരോധിക്കാൻ മുന്നിൽ നിൽക്കുന്നവരുമാണ്.

സംഘ്പരിവാർ വെച്ചുപുലർത്തുന്ന മുസ്ലിം വിരുദ്ധ നിലപാടുകൾ അതിന്റെ പ്രത്യയശാസ്ത്ര പദ്ധതികളുടെ ഭാഗമാണ്. ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീയ ധ്രുവീകരണം സാധ്യമായാൽ മാത്രമേ ഹിന്ദുത്വവാദ രാഷ്ട്രീയ പദ്ധതി വിജയിപ്പിക്കാൻ സംഘ്പരിവാറിന് കഴിയൂ.



എന്നാൽ, ജാതിമത ഭേദമന്യേ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിനായി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ സംഘ്പരിവാറിന്റെ അജണ്ടകൾ ഏറ്റെടുത്ത് മുസ്ലിം വിരുദ്ധ നിലപാടുകൾ സ്വീകരിക്കുമെന്നതും ചില ഘട്ടങ്ങളിൽ സംഘ്പരിവാറിനെ തോൽപ്പിക്കുന്ന തരത്തിൽ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുമെന്നതും ഒരു പരിധിവരെ അവിശ്വസനീയമാണ്. എന്നാൽ, ആ അവിശ്വസനീയത അസ്ഥാനത്താക്കുന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റേത്. ഒരുവശത്ത് മതനിരപേക്ഷ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് അവകാശപ്പെടുകയും ചില ഘട്ടങ്ങളിൽ മുസ്ലിം അനുഭാവ രാഷ്ട്രീയം പ്രചരിപ്പിക്കുകയും എന്നാൽ, നിർണായകമായ ചരിത്രസന്ദർഭങ്ങളിൽ സംഘ്പരിവാറിനോടൊപ്പം ചേർന്ന് മുസ്ലിം വിരുദ്ധ സാംസ്ക്കാരിക ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയുമാണ് ഇന്ത്യയിലെ ഇടതുപക്ഷം വിശേഷിച്ചും സിപിഐഎം ചെയ്തിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിങ്ങൾ ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷകളോടെ നേടിയെടുത്ത എല്ലാവിധ അവകാശങ്ങളെയും ചോദ്യം ചെയ്യാനും റദ്ദാക്കാനും സംഘ്പരിവാറിനോടൊപ്പം ചേർന്ന് കടന്നാക്രമിക്കാനും പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യയിലെ ഇടതുപക്ഷം ശ്രമിച്ചിട്ടുണ്ട്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന വർഗ്ഗീയ കുശാഗ്രബുദ്ധി അത് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഇടതുപക്ഷത്തിന്റെ ബൗദ്ധിക പണിശാലയിൽ രൂപം നൽകിയ ആയുധങ്ങളാണ് സംഘ്പരിവാർ മുസ്ലിം വിരുദ്ധ ആക്രമണങ്ങൾക്ക് പലപ്പോഴും വിനിയോഗിച്ചിട്ടുള്ളത് എന്നത് അനിഷേധ്യമായ ഒരു ചരിത്രവസ്തുതയാണ്.

സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ വിശ്വാസസംഹിതക്ക് നേരെ ഏറ്റവും രൂക്ഷമായ ആക്രമണം നേരിട്ടത് 1985 - ൽ  ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്.
സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ വിശ്വാസസംഹിതക്ക് നേരെ ഏറ്റവും രൂക്ഷമായ ആക്രമണം നേരിട്ടത് 1985 - ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്.

സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ വിശ്വാസസംഹിതക്ക് നേരെ ഏറ്റവും രൂക്ഷമായ ആക്രമണം നേരിട്ടത് 1985 കാലത്താണ്. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് ആയിരുന്നു ആ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. വിവാഹമുക്തയായ മുസ്ലിം സ്ത്രീയുടെ ജീവനാംശവുമായി ബന്ധപ്പെട്ട ഷാബാനു ബീഗം കേസിൽ 1985 ഏപ്രിൽ 23 ന് ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ ചുവടുപിടിച്ചാണ് ഇഎംഎസ്, തന്റെ ആക്രമണ പദ്ധതിക്ക് രൂപം നൽകിയത്. ഷാബാനു ബീഗം കേസിന്റെ മറപിടിച്ച് മുസ്ലിം സ്ത്രീകളുടെ ജീവനാംശത്തിനുവേണ്ടി എന്നപേരിൽ ഇഎംഎസ് നമ്പൂതിരിപ്പാട് ആരംഭിച്ച സാംസ്ക്കാരിക യുദ്ധം വളരെ വേഗത്തിൽ ഇസ്ലാമിക ശരീഅത്തിനെതിരായ പ്രത്യക്ഷ ആക്രമണമായി മാറി.

ഇസ്ലാമിക വിശ്വാസ സംഹിതയുടെ അടിസ്ഥാനത്തിൽ മതജീവിതം നയിക്കുന്ന ഏതൊരു വ്യക്തിയുടെയും മേൽ നിർബന്ധിതമായിത്തീരുന്ന മതനിയമങ്ങളുടെ മാർഗരേഖയാണ് ശരീഅത്ത്. ഒരു മുസൽമാന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിലെ സകലമാന സന്ദർഭത്തിലും പാലിക്കാനുള്ളതാണ് ശരീഅത്ത് നിയമം. വിവാഹവും വിവാഹമോചനവും അനുബന്ധമായ മറ്റ് നടപടിക്രമങ്ങളും ശരീഅത്ത് നിയമത്തിന്റെ അനേകം പ്രതിപാദ്യ വിഷയങ്ങളിൽ ഒന്ന് മാത്രമാണ്. എന്നാൽ, ശരീഅത്ത് എന്ന സമഗ്ര നിയമാവലിയെ കേവലം വിവാഹമോചനവുമായി മാത്രം ബന്ധപ്പെടുത്തി ആക്രമിക്കുകയാണ് ഇഎംഎസിന്റെ നേതൃത്വത്തിൽ സിപിഐഎം ചെയ്തത്.

ശരീഅത്ത് വിരുദ്ധ സാംസ്ക്കാരിക യുദ്ധത്തിൽ ഇടതുപക്ഷത്തിന്റെ പ്രധാന സഖ്യകക്ഷിയായി സംഘ്പരിവാർ അണിനിരന്നു. സിപിഐഎം നേതാക്കളും പ്രവർത്തകരും സംഘ്പരിവാറിന്റെ ഭാഷയിലും ശൈലിയിലും സംസാരിക്കാൻ തുടങ്ങി. ഇടതുപക്ഷ - സംഘ്പരിവാർ ഐക്യമുന്നണി രൂപം കൊണ്ടു. ശരീഅത്ത് വിരുദ്ധ പൊതുയോഗങ്ങളിൽ ഇരുകൂട്ടരും ഒരേ വാദഗതികൾ അവതരിപ്പിച്ചു. പ്രചരണ ജാഥകളിൽ ഒരേ മുദ്രാവാക്യങ്ങൾ ഉയർത്തി. നാടെങ്ങും നടത്തിയ സെമിനാറുകളിലും സിംപോസിയങ്ങളിലും ഇടതുപക്ഷത്തിന്റെയും സംഘ്പരിവാറിന്റെയും പ്രതിനിധികൾ ഒരേ യുക്തിയും ആശയങ്ങളും ഉയർത്തിപ്പിടിച്ചു. രാഷ്ട്രീയരംഗത്ത് മാർക്സിസ്റ്റ് നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടും ബിജെപി നേതാവ് കെജി മാരാരും ഒരേ നിലപാട് സ്വീകരിച്ചു. മാർക്സിസ്റ്റ് ബുദ്ധിജീവി പി ഗോവിന്ദപ്പിള്ളയും ആർഎസ്എസ് സൈദ്ധാന്തികൻ പി.പരമേശ്വരനും ഒരേതരം ബൗദ്ധിക വ്യവഹാരങ്ങൾക്ക് നേതൃത്വം നൽകി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡൻറ് തായാട്ട് ശങ്കരനും ആർഎസ്എസിന്റെ സാംസ്ക്കാരിക സംഘടനയായ തപസ്യയുടെ നേതാവ് വിഎം കൊറാത്തും ഒരേതരം സാംസ്ക്കാരിക ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും രൂപപ്പെടുത്തി. ശരീഅത്ത് വിരുദ്ധ കോലാഹലങ്ങളിൽ ഇടതുപക്ഷത്തിന്റെയും സംഘ്പരിവാറിന്റെയും ശബ്ദങ്ങൾ വേർതിരിച്ചറിയാൻ ആവാത്തവിധം ഒന്നായി ഉയർന്നുകേട്ടു. മുസ്ലിംകളുടെ ഭരണഘടനാദത്തമായ അവകാശമായ മുസ്ലിം വ്യക്തി നിയമം റദ്ദാക്കണമെന്നും പകരം രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്നും ഇടതുപക്ഷ - സംഘ്പരിവാർ ഐക്യമുന്നണി ആവശ്യമുയർത്തി. ഫലത്തിൽ, മുസ്ലിം ന്യൂനപക്ഷത്തിന്റെ വിശ്വാസപരമായ മൗലികാവകാശത്തിനുനേരെ പ്രത്യക്ഷമായ കടന്നാക്രമണം നടത്തിക്കൊണ്ട് സംഘ്പരിവാറിന്റെ സാമൂഹിക വിഭജന അജണ്ട നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന വർഗീയ ഏജന്റായി സിപിഐഎം മാറി.

ശരീഅത്ത് വിവാദവും ഏക സിവിൽ കോഡ് വാദവും കൊടുമ്പിരികൊണ്ട അതേ കാലത്തുതന്നെയാണ് ബാബരി മസ്ജിദ് പ്രശ്നത്തിന് സംഘ്പരിവാർ ശക്തികൾ തിരികൊളുത്തുന്നത്. ഉത്തർപ്രദേശിലെ ഫൈസാബാദിൽ ഏകദേശം നാലര നൂറ്റാണ്ടുകാലം മുസ്ലിങ്ങൾ ആരാധിച്ചുപോന്ന ബാബരി മസ്ജിദിനുമേൽ ഒരു സുപ്രഭാതത്തിൽ ഹിന്ദുത്വ ശക്തികൾ അവകാശവാദം ഉന്നയിച്ചു. രാജ്യത്തെങ്ങും വർഗ്ഗീയ വിദ്വേഷത്തിന്റെ വിഷക്കാറ്റ് അഴിച്ചുവിട്ടു. പ്രചണ്ഡവും പ്രകോപനപരവുമായ പ്രചരണങ്ങൾക്ക് നേതൃത്വം നൽകി. ബിജെപിയുടെ പ്രസിഡണ്ട് ലാൽ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സോമനാഥിൽ നിന്ന് യുപിയിലെ അയോധ്യയിലേക്ക് രഥയാത്ര ആരംഭിച്ചു. സംഘർഷഭരിതമായ സാമൂഹിക സാഹചര്യം സംജാതമായി. വിദ്വേഷ പ്രചാരകരായ വർഗ്ഗീയ ശക്തികൾ തെരുവുകളിൽ അഴിഞ്ഞാടി. ഇന്ത്യയിലെ ദേശീയ രാഷ്ട്രീയം വിവാദങ്ങളും ആരോപണങ്ങളും വാദപ്രതിവാദങ്ങളും കൊണ്ട് കലുഷിതമായി. സാമൂഹിക സാഹചര്യം സംഘർഷഭരിതമായി. ഒടുവിൽ 1992 ഡിസംബർ ആറിന് അയോധ്യയിൽ കർസേവ നടന്നു. ബി.ജെ.പിയുടെയും സംഘ്പരിവാർ സംഘടനകളുടെയും ദേശീയ നേതാക്കളുടെയും സാന്നിധ്യത്തിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടു. രാജ്യത്തിന്റെ മഹത്തായ മതേതര ചരിത്രത്തിലെ മായാത്ത മുറിവായി അത് മാറി.


ഉത്തർപ്രദേശിലെ ഫൈസാബാദിൽ ഏകദേശം നാലര നൂറ്റാണ്ടുകാലം മുസ്ലിങ്ങൾ ആരാധിച്ചുപോന്ന ബാബരി മസ്ജിദിനുമേൽ ഒരു സുപ്രഭാതത്തിൽ ഹിന്ദുത്വ ശക്തികൾ അവകാശവാദം ഉന്നയിച്ചു. രാജ്യത്തെങ്ങും വർഗ്ഗീയ വിദ്വേഷത്തിന്റെ വിഷക്കാറ്റ് അഴിച്ചുവിട്ടു.



ബാബരി മസ്ജിദ് പ്രശ്നത്തിൽ തുടക്കം മുതൽ നിഷ്പക്ഷതയുടെ വ്യാജ വേഷം എടുത്തണിയുകയാണ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള മാർക്സിസ്റ്റ് പാർട്ടി ചെയ്തത്. തങ്ങളുടെ ഫാഷിസ്റ്റ് പദ്ധതിയുടെ ഭാഗമായി സംഘ്പരിവാർ ശക്തികൾ നടത്തിയ ഏകപക്ഷീയമായ കടന്നുകയറ്റത്തെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ഒരു സ്വത്തുതർക്കമായി അവതരിപ്പിക്കുകയാണ് അവർ ചെയ്തത്. ബാബരി മസ്ജിദിനെ ‘തർക്ക മന്ദിരം’ ‘തർക്കഭൂമി’ എന്നൊക്കെയാണ് അക്കാലത്തെ സിപിഎം നേതാക്കളും വക്താക്കളും അവരുടെ പ്രസിദ്ധീകരണങ്ങളും വിശേഷിപ്പിച്ചത്.
അങ്ങനെ, കപട നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ രാഷ്ട്രീയ നിലപാടുകൊണ്ട് സംഘ്പരിവാർ ഭീകരതയെ ലഘൂകരിക്കുകയും അവരുടെ വാദഗതികൾക്ക് പരോക്ഷമായ സാധൂകരണം നൽകുകയാണ് സിപിഎം ചെയ്ത്. ആ പരോക്ഷ സാധൂകരണം സംഘ്പരിവാറിന്റെ വംശീയ പദ്ധതികൾക്ക് നൽകുന്ന പ്രത്യക്ഷമായ പിന്തുണ തന്നെയാണ്.

ബാബരി മസ്ജിദ് പ്രശ്നത്തിൽ വിചിത്രമായ പരിഹാര നിർദ്ദേശങ്ങളാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് മുന്നോട്ടുവെച്ചത്. ബാബരി മസ്ജിദ് ദേശീയ സ്മാരകമാക്കി മാറ്റണമെന്നും അങ്ങനെ തർക്കം പരിഹരിക്കാമെന്നുമാണ് അദ്ദേഹം തുടക്കത്തിൽ സ്വീകരിച്ച നിലപാട്. പിന്നീട് പള്ളി ഇരുകൂട്ടർക്കുമായി വീതിച്ചു കൊടുക്കാനും ആവശ്യപ്പെട്ടു.

ശരീഅത്ത് വിവാദവും ഏക സിവിൽ കോഡ് വാദവും കൊടുമ്പിരികൊണ്ട അതേ കാലത്തുതന്നെയാണ് ബാബരി മസ്ജിദ് പ്രശ്നത്തിന് സംഘ്പരിവാർ ശക്തികൾ തിരികൊളുത്തുന്നത്.
ശരീഅത്ത് വിവാദവും ഏക സിവിൽ കോഡ് വാദവും കൊടുമ്പിരികൊണ്ട അതേ കാലത്തുതന്നെയാണ് ബാബരി മസ്ജിദ് പ്രശ്നത്തിന് സംഘ്പരിവാർ ശക്തികൾ തിരികൊളുത്തുന്നത്.

എന്നാൽ, ബാബരി മസ്ജിദിനു വേണ്ടി ഇന്ത്യയുടെ പാർലമെന്റിനകത്തും നിയമവ്യവഹാരങ്ങളിലും പൊതുമണ്ഡലത്തിലും ധീരമായി നിലപാടെടുത്തവരെ വർഗീയവാദികളായി ചിത്രീകരിക്കാനാണ് ഇഎംഎസ് ശ്രമിച്ചത്. ‘ബാബരി മസ്ജിദ് ചരിത്രപരമായും വസ്തുതാപരമായും മുസ്‌ലിംകളുടേതാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ആ നിലപാടിന്റെ അടിസ്ഥാനത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഒരേയൊരു കമ്യൂണിസ്റ്റ് പാർട്ടി കെ.വേണുവിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന സിആർസി സിപിഐ എംഎൽ മാത്രമായിരുന്നു.

ബാബരി മസ്ജിദ് പ്രശ്നത്തിൽ സ്വീകരിച്ച അതേ കപട നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ നിലപാട് തന്നെയാണ് സ്വതന്ത്ര ഇന്ത്യയിൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ മുസ്‌ലിം വിരുദ്ധ വംശഹത്യകളിലും സിപിഎം സ്വീകരിച്ചത്. ആസൂത്രിതമായ കൂട്ടക്കൊലകളെ രണ്ടു മതവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന വർഗീയ സംഘർഷങ്ങളായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിച്ചത്. 2002-ൽ ഗുജറാത്ത് കൂട്ടക്കൊലയുടെ നടുക്കുന്ന ദൃശ്യങ്ങൾ നേരിൽ കാണുന്നതുവരെ സിപിഎമ്മിൽ സ്വത്വരാഷ്ട്രീയ സംവാദങ്ങൾക്ക് നേതൃത്വം നൽകിയവർ പോലും രാജ്യത്ത് നടന്നത് വംശഹത്യകളാണെന്ന് തിരിച്ചറിയാൻ തയ്യാറായില്ല. മാത്രമല്ല, കേരളത്തിൽ നാദാപുരം കേന്ദ്രീകരിച്ച് നടന്ന എല്ലാ കലാപങ്ങൾക്കും നേതൃത്വം നൽകിയത് സിപിഎമ്മായിരുന്നു. കുപ്രസിദ്ധമായ തലശ്ശേരി കലാപകാലത്ത് ആർഎസ്എസിനൊപ്പം സിപിഎം കേഡർമാരും അക്രമങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു എന്ന് വിതയത്തിൽ കമ്മീഷൻ അതിന്റെ അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

2002-ൽ ഗുജറാത്ത് കൂട്ടക്കൊലയുടെ നടുക്കുന്ന ദൃശ്യങ്ങൾ നേരിൽ കാണുന്നതുവരെ സിപിഎമ്മിൽ സ്വത്വരാഷ്ട്രീയ സംവാദങ്ങൾക്ക് നേതൃത്വം നൽകിയവർ പോലും രാജ്യത്ത് നടന്നത് വംശഹത്യകളാണെന്ന് തിരിച്ചറിയാൻ തയ്യാറായില്ല.
2002-ൽ ഗുജറാത്ത് കൂട്ടക്കൊലയുടെ നടുക്കുന്ന ദൃശ്യങ്ങൾ നേരിൽ കാണുന്നതുവരെ സിപിഎമ്മിൽ സ്വത്വരാഷ്ട്രീയ സംവാദങ്ങൾക്ക് നേതൃത്വം നൽകിയവർ പോലും രാജ്യത്ത് നടന്നത് വംശഹത്യകളാണെന്ന് തിരിച്ചറിയാൻ തയ്യാറായില്ല.

മുസ്ലിങ്ങളുടെ ജീവനും സ്വത്തിനും സാംസ്ക്കാരിക സ്മാരകങ്ങൾക്കും നേരെ ഫാഷിസ്റ്റ് ശക്തികളിൽ നിന്ന് ഭീഷണിയും ആക്രമണവും നേരിട്ടപ്പോഴൊക്കെ സി.പി.എം സ്വീകരിച്ചത് നീതിരഹിതമായ നിഷ്പക്ഷതയാണ്. ആ കപട നിഷ്പക്ഷത ഹിംസാത്മകമായ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സഹായകമാണ്. എന്തുകൊണ്ടെന്നാൽ, ഇന്ത്യൻ ഭരണഘടന മുസ്ലിങ്ങൾക്ക് ഉറപ്പു നൽകുന്ന അവകാശങ്ങൾക്ക് നേരെ സംഘ്പരിവാർ ശക്തികൾ ഉയർത്തുന്ന ഭീഷണികളെ അത് ലഘൂകരിക്കുന്നുണ്ട്.

രാജ്യത്ത് മുന്നോക്ക സംവരണം നടപ്പാക്കാനുള്ള നൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രഖ്യാപിച്ചത്, ‘ചരിത്രപരമായ ദൗത്യം നിറവേറ്റി’ എന്നാണ്. 2019 ജനുവരി ഒമ്പതിനാണത്. ബിജെപിയുടെ നേതാവായ നരേന്ദ്ര മോദിയുടെ ആ ചരിത്രപരമായ ദൗത്യം യഥാർത്ഥത്തിൽ നിറവേറ്റിയത് കേരള മുഖ്യമന്ത്രിയും മാർക്സിസ്റ്റ് നേതാവുമായ പിണറായി വിജയനാണ്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും നടപ്പിലാക്കുന്നതിന് മുമ്പ്, അത്യന്തം ആവേശത്തോടെ പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടപ്പിലാക്കി.

2019 ജനുവരി ഒമ്പതിനാണ് രാജ്യത്ത് മുന്നോക്ക സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും നടപ്പിലാക്കുന്നതിന് മുമ്പ്, അത്യന്തം ആവേശത്തോടെ പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാർ മുന്നോക്ക സംവരണം കേരളത്തിൽ നടപ്പിലാക്കി.



രാജ്യത്ത് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ആദ്യത്തെ ഔദ്യോഗിക നീക്കം, 1957-ൽ ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് ചെയർമാനായ ഒന്നാം ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശയാണ്. ആറംഗ ഭരണപരിഷ്കാര കമ്മീഷനിലെ മുഴുവൻ അംഗങ്ങളും മുന്നോക്കാരായിരുന്നു. ഒന്നാം ഭരണപരിഷ്കാര കമ്മീഷന്റെ സാമ്പത്തിക സംവരണ ശുപാർശകൾക്കെതിരെ 1958 ഡിസംബർ ആറിന് ഇതുസംബന്ധിച്ച് കേരള നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ മറുപടി പ്രസംഗത്തിലാണ് ഇ എം എസിന്റെ കുപ്രസിദ്ധമായ സംവരണവിരുദ്ധ പ്രഖ്യാപനം കേരളം കേൾക്കുന്നത്. 'പ്രളയകാലം വരെ സംവരണം തുടരാനാവില്ല' എന്നാണ് അന്ന് ഇ എം എസ് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചത്. സമുദായ പ്രതിബദ്ധതയും രാഷ്ട്രീയ ജാഗ്രതയും ഇച്ഛാശക്തിയുമുണ്ടായിരുന്ന അക്കാലത്തെ പിന്നാക്ക സമുദായ നേതാക്കൾ നമ്പൂതിരിപ്പാടിന്റെ കൗശലബുദ്ധിയെ ചെറുത്തുതോൽപ്പിച്ചു. കെ.എം സീതിസാഹിബ്, കെ. സുകുമാരൻ, കെ. ആർ നാരായണൻ തുടങ്ങിയ നേതാക്കളുടെ ധീരമായ നിലപാടിനുമുന്നിൽ ഇ എം എസിന് പിൻവാങ്ങേണ്ടിവന്നു.

കെ.എം സീതിസാഹിബ്
കെ.എം സീതിസാഹിബ്

സാമ്പത്തിക സംവരണം എന്ന ആശയം തന്നെ തന്റെ സംഭാവനയാണെന്ന് ഇഎംഎസ് അവകാശപ്പെട്ടിട്ടുണ്ട്. ഈ ജാതീയ പദ്ധതിയെ 'സാമ്പത്തികം' എന്ന വ്യാജസംജ്ഞ നൽകി സോഷ്യലിസ്റ്റുവൽക്കരിക്കാൻ കഴിഞ്ഞു എന്നതാണ് ഇ.എം.എസിൻെറ യഥാർത്ഥ സംഭാവന. ഹിന്ദുത്വ ശക്തികളുടെ സാമൂഹിക വിഭജന അജണ്ടകൾക്ക് ആശയവ്യക്തത വരുത്തുന്നതിൽ ഏറ്റവും കൂടിയ സംഭാവന നൽകിയ ഇ എം എസിനെ സംഘ്പരിവാർ എക്കാലവും നന്ദിയോടെ ഓർമ്മിക്കും. ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളെ 'ബ്രാഹ്മിൻ ബോയ്സ്' എന്ന് വിശേഷിപ്പിച്ച, ഡോ ബി.ആർ അംബേദ്കറുടെ കാഴ്ചപ്പാടിനെ ഇഎംഎസ് തന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ പൂർണമായി ശരിവെക്കുകയും ചെയ്യുന്നു.

രാജ്യത്തെ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെയും അടിച്ചമർത്തപ്പെട്ട പിന്നാക്ക ബഹുജൻ സമൂഹങ്ങളുടെയും സാമൂഹിക പുരോഗതിയുടെ ആധാരശിലയായി ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പികൾ ആവിഷ്കരിച്ച സാമുദായിക സംവരണ തത്വത്തെ അട്ടിമറിക്കാൻ ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആത്യന്തിക വക്താക്കളായ സംഘ്പരിവാറിനേക്കാൾ ആവേശത്തോടെ മുന്നോട്ടുവന്നത് സി.പി.എമ്മാണ്. വിദ്യാഭ്യാസ മേഖലകളിലും സർക്കാരിലും അവസരസമത്വവും മതിയായ പ്രാതിനിധ്യവും ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമായ അവകാശത്തെ റദ്ദാക്കാനാണ് സി.പി.എം ശ്രമിച്ചത്. ‘സാമ്പത്തിക സംവരണം’ എന്ന വ്യാജേന മുന്നാക്ക സംവരണം നടപ്പിലാക്കുന്നതിലൂടെ സാമൂഹികനീതി എന്ന മഹത്തായ ആശയത്തെ അട്ടിമറിക്കാനാണ് സംഘ്പരിവാറിനോടൊപ്പം ചേർന്ന് സി.പി.എം ശ്രമിച്ചത്. മുസ്ലിം സമുദായത്തിനും അതിലെ വ്യക്തികൾക്കും തുല്യനീതിയും അവസരസമത്വവും ഉറപ്പു നൽകുന്ന ഭരണഘടനാപരമായ അവകാശത്തെ പ്രത്യക്ഷമായ വർഗ്ഗീയ നിലപാടിൽ നിന്നുകൊണ്ടാണ് സി.പി.എം എതിർക്കുന്നത്.

ഇ.കെ നായനാർ
ഇ.കെ നായനാർ

1957-ലും 1967-ലും 1980-ലുമായി മൂന്നുതവണ കേരളത്തിൽ ഭരണാധികാരം കയ്യാളാൻ അവസരം ലഭിച്ചിട്ടും ഒരിക്കൽ പോലും ഭരണ കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയും 1964-ലെ പിളർപ്പിന് ശേഷം സിപിഐഎമ്മും. സ്ഥിരതയുള്ള ഒരു സർക്കാരിനെ നയിക്കാനോ നിലനിർത്താനോ സാധ്യമാകാത്ത തരത്തിലുള്ള ദൗർബല്യം പാർട്ടിക്കകത്ത് ഗൗരവതരമായ ചർച്ചകൾക്കും തർക്കങ്ങൾക്കും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായാണ് എം.വി രാഘവന്റെയും ഇ.കെ നായനാരുടെയും നേതൃത്വത്തിൽ ഒമ്പത് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പാർട്ടിയുടെ ഔദ്യോഗിക നിലപാടിനെതിരെ ബദൽരേഖ അവതരിപ്പിക്കുന്നത്.

മുസ്ലിം ലീഗ്, കേരള കോൺഗ്രസ് തുടങ്ങിയ ന്യൂനപക്ഷ കക്ഷികളെ ഇടതുമുന്നണിയിൽ പങ്കാളികളാക്കി കേരളത്തിൽ സുസ്ഥിര ഭരണത്തിനുള്ള സാധ്യതകൾ അന്വേഷിക്കണം എന്നതായിരുന്നു ബദൽരേഖയിലൂടെ രാഘവനും സംഘവും മുന്നോട്ടുവെച്ച നിർദ്ദേശം. എന്നാൽ, ഇഎംഎസ് നമ്പൂതിരിപ്പാട് ആ നിർദേശം അംഗീകരിച്ചില്ല. അദ്ദേഹത്തിന് ഒരേസമയം രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. തന്നേക്കാൾ കൂടുതൽ ജനകീയതയും സ്വീകാര്യതയും കൈകവരിച്ചു കൊണ്ടിരിക്കുന്ന എം.വി രാഘവനെയും അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരെയും തള്ളിക്കളയുകയും ഒറ്റപ്പെടുത്തുകയും വേണം. അതോടൊപ്പം, സംസ്ഥാനത്തിന്റെ ഭരണാധികാരം കയ്യടക്കുകയും വേണം. ഈ ഇരട്ട ലക്ഷ്യം നേടിയെടുക്കാൻ ഇ.എം.എസ് നമ്പൂതിരിപ്പാട് കണ്ടെത്തിയ സൂത്രവിദ്യയാണ് മുസ്ലിം വിരുദ്ധ വർഗ്ഗീയ ധ്രുവീകരണം. ഇ.എം.എസിന് തന്റെ ഇരട്ട ലക്ഷ്യം നേടിയെടുക്കാനുള്ള സാഹസികമായ ശ്രമത്തിന്റെ ഭാഗമായാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഹിന്ദുത്വപാതയിലേക്കുള്ള പ്രത്യക്ഷ വ്യതിയാനം സംഭവിക്കുന്നത്.

ശരീഅത്ത് - ഏക സിവിൽ കോഡ് വിവാദങ്ങളുടെയും ബാബരി മസ്ജിദ് പ്രശ്നങ്ങളുടെയും തുടർച്ചയായി, 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇഎംഎസ് നമ്പൂതിരിപ്പാട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ വർഗ്ഗീയ കക്ഷി എന്ന് വിശേഷിപ്പിക്കുന്നത്.
അതോടൊപ്പം, മുസ്ലിം ലീഗിന്റെത് ന്യൂനപക്ഷ വർഗീയതയാണെന്നും ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്ന ബാലിശവും അപകടകരവുമായ ആശയവും അദ്ദേഹം അവതരിപ്പിച്ചു. മുസ്ലിം ലീഗിനെതിരായ ആരോപണ പ്രചാരണങ്ങളുടെ ഒരു ഘട്ടത്തിൽ, ന്യൂനപക്ഷ വർഗീയത, ഭൂരിപക്ഷ വർഗ്ഗീയതയെ പ്രകോപിപ്പിക്കുന്നുണ്ടെന്ന് കൂടി ഇ.എം.എസ് കണ്ടെത്തി.

ഫാഷിസ്റ്റ് സമഗ്രാധിപത്യ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ വർഗ്ഗീയ ശക്തിയെയും, മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കും രാഷ്ട്രീയ പ്രാതിനിധ്യത്തിനും വേണ്ടി നിയമപരവുമായ പരിരക്ഷയോടുകൂടി, പ്രവർത്തിക്കുന്ന ജനാധിപത്യ പ്രസ്ഥാനമായ മുസ്ലിം ലീഗിനെയും സമീകരിക്കുന്ന വിചിത്രമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇരകൾക്കും വേട്ടക്കാരനുമിടയിൽ നീതിരഹിതമായ നിഷ്പക്ഷത പാലിക്കുന്ന സിദ്ധാന്തം ബിജെപിയുടെ ഹിംസാത്മക രാഷ്ട്രീയത്തിന്റെ ആപത്തിനെ ലഘൂകരിച്ചു കാണിക്കാനാണ് സഹായകമായത്.

ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ ഇരട്ടലക്ഷ്യം നേടിയെടുത്തു. എംവി രാഘവനെ കൂടാതെ, അന്നത്തെ ഇടതുമുന്നണി കൺവീനറായിരുന്ന പി.വി കുഞ്ഞിക്കണ്ണൻ ഉൾപ്പെടെ പല മുതിർന്ന നേതാക്കളെയും ഇഎംഎസ് ഗ്രൂപ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐഎം അണികൾക്കിടയിൽ പ്രിയങ്കരനായിരുന്ന ഇ.കെ നായനാരെ സ്വന്തം പക്ഷത്തേക്ക് ചേർത്ത് നടപടിയിൽ നിന്ന് രക്ഷപ്പെടുത്തി. ടി.ശിവദാസ മേനോൻ, ഇ.കെ ഇമ്പിച്ചിബാവ തുടങ്ങിയ ബദൽരേഖാ നേതാക്കൾ മാപ്പുസാക്ഷികളായി മാറി. അതോടൊപ്പം, തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇടതുമുന്നണി ഇ.കെ. നായനാരുടെ നേതൃത്വത്തിൽ അധികാരത്തിലെത്തുകയും ചെയ്തു.

ഇ.എം.എസ് തന്റെ ഇരട്ട ലക്ഷ്യം നേടിയെടുത്തെങ്കിലും മതേതര കേരളം അതിനു കനത്ത വില നൽകേണ്ടി വന്നു. ഇ.എം.എസ് വിതച്ച വർഗ്ഗീയതയുടെ വിളവെടുപ്പിൽ ഗണ്യമായ നേട്ടം കൊയ്യാൻ ബി.ജെ.പിക്ക് കഴിഞ്ഞു. 1982-ൽ കേവലം 2,63,331 മാത്രമുണ്ടായിരുന്ന ബി.ജെ.പിയുടെ വോട്ടുകൾ അഞ്ചുവർഷം കൊണ്ട് ഇരട്ടിയോളം വർദ്ധിച്ച് 7,06,339-ലെത്തി. തെരഞ്ഞെടുപ്പ് പരാജയം നേരിടേണ്ടി വന്നിട്ടും, കേരളത്തിലെ ചരിത്രത്തിലാദ്യമായി യു.ഡി.എഫ് മലബാർ മേഖലയിൽ വമ്പിച്ച വിജയം നേടി. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ അന്ന് നിലവിലുണ്ടായിരുന്ന 53 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ 32 എണ്ണം യുഡിഎഫ് വിജയിച്ചു. 1987-ന് മുമ്പോ ശേഷമോ അത്തരമൊരു ഗംഭീര വിജയം യു.ഡി.എഫ് നേടിയിട്ടില്ല.

1987-ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ ഹിന്ദുത്വപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ സി.പി.എം വീണ്ടും പരീക്ഷിക്കാൻ ശ്രമിക്കുന്നത്.
1987-ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ ഹിന്ദുത്വപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ സി.പി.എം വീണ്ടും പരീക്ഷിക്കാൻ ശ്രമിക്കുന്നത്.

1987-ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ ഹിന്ദുത്വപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ സി.പി.എം വീണ്ടും പരീക്ഷിക്കാൻ ശ്രമിക്കുന്നത്. മുസ്ലിം തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തി മുസ്ലിം ലീഗിനെ ആക്രമിക്കുന്ന രാഷ്ട്രീയ കുതന്ത്രത്തിന്റെ യഥാർത്ഥ ലക്ഷ്യം, ഹിന്ദുത്വ ഏകീകരണത്തിന്റെ ഗുണഭോക്താവായി മാറുക എന്നതാണ്. ഹിന്ദുത്വ വർഗീയതയുടെ ഓമനപുത്രനാവാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. പി.ആർ ഏജൻസികളുടെ സഹായത്തോടെ ദി ഹിന്ദു പത്രത്തിൽ പിണറായി വിജയൻ സംഘടിപ്പിച്ചെടുത്ത വിവാദ അഭിമുഖവും മലപ്പുറം ജില്ലയെ ക്രിമിനൽവൽക്കരിക്കുന്ന അദ്ദേഹത്തിന്റെ പത്രസമ്മേളനവും പി.ജയരാജന്റെ അനവസരത്തിലുള്ള പുസ്തകവുമെല്ലാം ആസൂത്രിതമായ അജണ്ടയുടെ കരുനീക്കങ്ങൾ മാത്രമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എതിരാളികളെ നേരിടാൻ കുത്സിതമാർഗങ്ങൾ സ്വീകരിക്കുന്നതും അതിന്റെ ഭാഗമായിട്ടാണ്. കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിൽ കെഎം ഷാജിക്കെതിരെ ‘സിറാത്തിന്റെ പാലം’ വ്യാജ ലഘുലേഖ തയ്യാറാക്കിയ അതേ വർഗ്ഗീയ ബുദ്ധി തന്നെയാണ് വടകരയിൽ ഷാഫി പറമ്പിലിനെതിരെ നിർമ്മിച്ച ‘കാഫിർ’ സ്ക്രീൻ ഷോട്ടിനും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വർഗീയ പത്രപരസ്യത്തിനും പിന്നിലും പ്രവർത്തിച്ചത്.

കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിൽ കെഎം ഷാജിക്കെതിരെ ‘സിറാത്തിന്റെ പാലം’ വ്യാജ ലഘുലേഖ തയ്യാറാക്കിയ അതേ വർഗ്ഗീയ ബുദ്ധി തന്നെയാണ് വടകരയിൽ ഷാഫി പറമ്പിലിനെതിരെ നിർമ്മിച്ച ‘കാഫിർ’ സ്ക്രീൻ ഷോട്ടിനും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വർഗീയ പത്രപരസ്യത്തിനും പിന്നിലും പ്രവർത്തിച്ചത്.

1987-ലെ വർഗ്ഗീയ പരീക്ഷണങ്ങൾ വീണ്ടും ആവർത്തിച്ചാൽ അന്നത്തേതുപോലുള്ള തെരഞ്ഞെടുപ്പ് വിജയം നേടിയെടുക്കാൻ കഴിയുമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. കാരണം, കേരളീയ പൊതുസമൂഹം ബിജെപിയുടെ ഫാഷിസ്റ്റ് അജണ്ടകളെയും സിപിഎമ്മിന്റെ ഒറ്റു രാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളും ശരിയായി തിരിച്ചറിഞ്ഞു കഴിഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ആ വസ്തുത അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. സി.പി.എമ്മും ബി.ജെ.പിയും ചേർന്ന ‘പ്രത്യയശാസ്ത്ര മച്ചുനന്മാർ ’ ഒരുമിച്ചുനിന്ന്, ഒളിഞ്ഞും തെളിഞ്ഞും നടത്തിയ പ്രചണ്ഡമായ വർഗ്ഗീയ പ്രചരണ പരിപാടികൾ പാലക്കാട്ടെ
മതേതര ജനത നിരുപാധികം തള്ളിക്കളഞ്ഞു. ബി.ജെ.പിക്ക് പതിനായിരത്തോളം വോട്ടുകൾ നഷ്ടപ്പെട്ടപ്പോൾ, സിപിഎമ്മിന് വോട്ടുവിഹിതത്തിൽ ആനുപാതികമായ വളർച്ച നേടാൻ കഴിയാതെ പോയി.

സി.പി.ഐ.എം അതിന്റെ ഇത:പര്യന്തമുള്ള ചരിത്രത്തിൽ നിന്ന് എന്തെങ്കിലും പാഠം പഠിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് പഠിക്കേണ്ടത് ബംഗാളിൽ നിന്നും തൃപുരയിൽ നിന്നുമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ ഭരണവും തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളും നേടാൻ സി.പി.എമ്മിന് പിന്തുണ നൽകിയ ആ സംസ്ഥാനങ്ങൾ ഇന്ന് ബി.ജെ.പിയുടെ ശക്തിദുർഗങ്ങളാണ്. സി.പി.എം വിട്ടൊഴിഞ്ഞ ആ രാഷ്ട്രീയ ഭൂമികകളിൽ ചെങ്കൊടിക്ക് പകരം ഇപ്പോൾ പാറിപ്പറക്കുന്നത് ബി.ജെ.പിയുടെ കാവിക്കൊടിയാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനും അധികാരം നിലനിർത്താനുമുള്ള അതിമോഹത്താൽ പയറ്റിയ മൃദുഹിന്ദുത്വ പരീക്ഷണങ്ങളുടെ സ്വാഭാവികമായ രാഷ്ട്രീയ പരിണാമ പ്രക്രിയയുടെ ഫലമായാണ് ബംഗാളിലും തൃപുരയിലും സിപിഎം എന്ന പാർട്ടി കുത്തിയൊലിച്ചുപോയതും അവരൊന്നാകെ ബിജെപിയിൽ അടിഞ്ഞുചേർന്നതും. തിരിച്ചുവരാനാവാത്ത വിധം തകർന്നടിഞ്ഞു പോയ ബംഗാളിൽ നിന്നും തൃപുരയിൽ നിന്നും പാഠങ്ങൾ പഠിക്കാൻ തയ്യാറാവുന്നില്ലെങ്കിൽ വിദൂരമല്ലാത്ത ഭാവിയിൽ കേരളത്തിലും ഇടതുപക്ഷം സംഘ്പരിവാറിന് കീഴടങ്ങേണ്ടിവരും.

ഫാഷിസത്തിന്റെ ബദൽ എല്ലായ്പ്പോഴും ജനാധിപത്യം മാത്രമാണ്. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ മതരാഷ്ട്ര സംസ്ഥാപനം ലക്ഷ്യം വെക്കുന്ന സംഘ്പരിവാർ ശക്തികളുടെ സാമൂഹിക വിഭജന അജണ്ടകൾ പകർത്തിവെച്ചുകൊണ്ടോ അനുകരിച്ചുകൊണ്ടോ അതിനെ തോൽപ്പിക്കാനാവില്ല. ഡ്യൂപ്ലിക്കേറ്റുകൾ എല്ലായ്പ്പോഴും ഒറിജിനലിന്റെ വിപണി മൂല്യം വർദ്ധിപ്പിക്കുകയേയുള്ളൂ എന്ന കമ്പോളനിയമം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ബാധകമാണ്.

Comments