കെ.ജി.ജോർജ്, അമ്മൂമ്മത്തിരി, നികുതിവിഹിതം, ലോക്സഭാ സീറ്റുകൾ, ഭായിമാരും ബംഗാളികളും…

കെ.ജി. ജോർജ് വാസ്തവത്തിൽ പ്രിവിലേജുകളുള്ള ഒരു മനുഷ്യനായി മരിക്കുകയാണ് ചെയ്തത്. ‘അമ്മൂമ്മത്തിരി’യിലെ അടങ്ങിയിരിക്കാത്ത അമ്മൂമ്മ 97-ാം വയസ്സിലാണ് മരിച്ചത്. ഈ സവിശേഷാവകാശങ്ങൾ സാർവ്വത്രികമാക്കുക എന്നത് കേരളത്തിന്റെ പുകൾപെറ്റ സാമൂഹ്യനീതി നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. അതാകട്ടെ ചില്ലറ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളല്ല ഉയർത്തുന്നത്.

വയൊക്കെ തമ്മിൽ എന്താണ് ബന്ധം?കൂട്ടിയിണക്കുന്നതൊന്നുമില്ലാത്ത ഇവ ചേർത്തുവെച്ച് എന്തു പറയാനാണ്? ഇവയ്ക്കെല്ലാം ബാധകമായ ഒരു പൊതു നൂലിഴയുണ്ടെന്ന് വന്നാലോ? അങ്ങനെയൊരു കൗതുകം, അല്ല ഒരു പൊതുഘടകമുണ്ടെന്നതാണ് വസ്തുത.

വിഖ്യാത മലയാള സിനിമാ സംവിധായകൻ കെ.ജി. ജോർജ് മരിച്ച സമയത്ത് ഉയർന്ന ഒരു ചർച്ചയുണ്ട്. കാക്കനാട്ടുള്ള ഒരു ഹോസ്പൈസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആ പദം തന്നെ നമുക്ക് അത്ര പരിചിതമല്ല. പൊതുവിൽ നാം വൃദ്ധസദനം എന്നാണ് ഇത്തരം സംവിധാനങ്ങളെ പറയുക. ഹോസ്പൈസ് എന്ന പദത്തിന്റെ മലയാള അർത്ഥം തിരഞ്ഞാൽ സത്രം, വഴിയമ്പലം, അഭയകേന്ദ്രം എന്നൊക്കെയാണ് കിട്ടുക. ആ പദത്തിന്റെ ഉൽഭവം പരതിയാലും അങ്ങനെയാണ് മനസിലാകുക. ഇതുകൊണ്ടാവും കെ.ജി. ജോർജ് വൃദ്ധസദനത്തിൽ ഉപേക്ഷിക്കപ്പെട്ടു എന്ന ആഖ്യാനം ഉയർന്നത്. ഈ വിവാദത്തോട് അദ്ദേഹത്തിന്റെ ഭാര്യയും മകളും കാക്കനാട്ടെ ഹോസ്പൈസ് സംരംഭകനും പ്രതികരിച്ചിരുന്നു.

സംവിധായകൻ കെ.ജി. ജോർജും ഭാര്യ സൽമയും കാക്കനാട്ടുള്ള ഹോസ്പൈസിൽ.

ഇവരെല്ലാം പറഞ്ഞത്, അദ്ദേഹത്തിനു നൽകിയ അന്ത്യകാല പരിചരണം സംബന്ധിച്ചാണ്. മക്കൾ പുറത്ത് ജോലി ചെയ്യുന്നു. ഭാര്യക്ക് പ്രായമായി. അദ്ദേഹം സ്ട്രോക് വന്ന് പരസഹായം വേണ്ട ശാരീരികസ്ഥിതിയിലായി. ആരു നോക്കും? എങ്ങനെ നോക്കണം? പ്രൗഢിയുടെയും പ്രശസ്തിയുടെയും മദ്ധ്യത്തിൽ വിശ്വപ്രസിദ്ധ സംവിധായകരെ പോലും അസൂയപ്പെടുത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മകൾ പറയുന്നുണ്ട്. 77-ാം വയസ്സിലാണ് അദ്ദേഹം അന്തരിക്കുന്നത്. അപ്പോഴേക്കും സ്ട്രോക് വന്ന് എഴു കൊല്ലം പിന്നിട്ടിരുന്നു. ആദ്യം ഫീൽഡിൽ നിന്ന് അദ്ദേഹം മാറുന്നു. അപ്പോൾ ടി.വി യിൽ സിനിമയൊക്കെ കാണും. ക്രമേണ അതും നിലച്ചു. പലതും മറന്നു തുടങ്ങി. അടുത്ത ഘട്ടം കിടപ്പിലായി. പിന്നീട്, സ്വയം ഭക്ഷണം പോലും കഴിക്കാൻ വയ്യാതെയായി. ക്രമേണ മരണവും. മലയാളിയുടെ ശരാശരി ആയുസ്സിനും മുകളിൽ അദ്ദേഹം ജീവിച്ചു. ജീവിതാന്ത്യത്തിന്റെ എല്ലാ ദശകളിലും കൂടി അദ്ദേഹം കടന്നുപോകുന്നു. അദ്ദേഹത്തിന്റെ പരിചിതവൃത്തങ്ങളിൽ നിന്ന് മാറേണ്ടിവരുന്ന ഒരു ഘട്ടം. അതൊരുതരത്തിൽ സമൂഹ്യമായ അവസാന ഘട്ടമാണ്. പിന്നീടു പലതലത്തിൽ ഓർമ നഷ്ടമായി, സ്വന്തം വ്യക്തിത്വം ക്രമേണ നഷ്ടമാകുന്നു. സ്വാഭാവിക ജീവിത പ്രക്രിയകൾ സ്വയം അസാധ്യമാകുന്നു. ഒടുവിൽ ഔദ്യോഗികമായ മരണവും.

സവിശേഷ പരിചരണവും പലപ്പോഴും ചികിൽസയും എല്ലാം ആവശ്യമാകുന്ന വാർദ്ധക്യത്തിലെ ഘട്ടങ്ങളാണിവ. കെ.ജി. ജോർജിന്റെ കുടുംബം അദ്ദേഹത്തിന്റെ അന്ത്യകാലത്ത് ഒരുക്കിയ ഹോസ്പൈസ് പരിചരണം അതേപോലെ എല്ലാവർക്കും ലഭ്യമാക്കാൻ ഉടൻ സാധിച്ചേക്കില്ല. എന്നാൽ നല്ല പങ്കു മനുഷ്യരും കടന്നുപോകുന്ന ഈ അവസ്ഥയെ നാം എങ്ങനെയാണ് നേരിടുക? ഇതൊരു സാമൂഹ്യ- രാഷ്ട്രീയ പ്രശ്നമാണോ?

“ചുമ്മാതിരിക്കാതെ, ചുമ്മാ ‘തിരിക്കുന്ന’ അമ്മൂമ്മത്തിരി”ക്രമേണ ഒരു സാമൂഹ്യസംരംഭമായി മാറുന്നു. നാട്ടിലുള്ള വൃദ്ധസദനങ്ങളിലെ സാധുക്കൾ തിരി തെറുത്ത് പോക്കറ്റ് മണിയുണ്ടാക്കുന്നു.

അടങ്ങിയിരിക്കാത്ത, തൊണ്ണൂറു കടന്ന അമ്മൂമ്മയെ ഒന്നു മെരുക്കാൻ കൊച്ചുമകൾ കണ്ടെത്തുന്ന സൂത്രപ്പണിയാണ് അമ്മൂമ്മയുടെ ഇഷ്ട പരിപാടിയായ വിളക്കുതിരി തെറുക്കൽ പ്രോൽസാഹനം. “ചുമ്മാതിരിക്കാതെ, ചുമ്മാ ‘തിരിക്കുന്ന’ അമ്മൂമ്മത്തിരി”ക്രമേണ ഒരു സാമൂഹ്യ സംരംഭമായി മാറുന്നു. നാട്ടിലുള്ള വൃദ്ധസദനങ്ങളിലെ സാധുക്കൾ തിരി തെറുത്ത് പോക്കറ്റ് മണിയുണ്ടാക്കുന്നു. തൊണ്ണൂറു കഴിഞ്ഞ അടങ്ങിയിരിക്കാത്ത അമ്മൂമ്മയും അക്ഷരാർത്ഥത്തിൽ വൃദ്ധസദനങ്ങളിൽ തള്ളപ്പെട്ട, ഒരു പരിപ്പുവടയും പാലൊഴിച്ച ചായയും ഏറ്റവും വലിയ സൗഭാഗ്യങ്ങളായി പറയുന്ന വൃദ്ധജനങ്ങളും എല്ലാം ഈ കഥയിൽ (അല്ല, കാര്യത്തിൽ) പാത്രങ്ങളാകുന്നു.

സംസ്ഥാനങ്ങൾക്കായി നീക്കിവെയ്ക്കുന്ന നികുതിവിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുറഞ്ഞുവരുന്നു. നികുതി വീതംവെയ്പ്പിനുള്ള മാനദണ്ഡങ്ങൾ കേരളത്തിന് പ്രതികൂലമാകുന്നു. കേരളം എന്തെങ്കിലും അപരാധം ചെയ്തതാണോ കാരണം?

സമീപകാലത്തെ ഏറ്റവും വിവാദപൂർണമായ ഒരു പ്രശ്നമാണ് കേരളത്തിനു ലഭിക്കുന്ന നികുതി വിഹിതത്തിലെ ഇടിവ്. സംസ്ഥാനങ്ങൾക്കായി നീക്കിവെയ്ക്കുന്ന നികുതിവിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുറഞ്ഞുവരുന്നു. നികുതി വീതംവെയ്പ്പിനുള്ള മാനദണ്ഡങ്ങൾ കേരളത്തിന് പ്രതികൂലമാകുന്നു. കേരളം എന്തെങ്കിലും അപരാധം ചെയ്തതാണോ കാരണം? ഇതുപോലെയോ അതിനേക്കാൾ ഗൗരവമേറിയതോ ആയ കാര്യമാണ് 2026- ൽ നടന്നേക്കാവുന്ന ലോക്സഭാ മണ്ഡല പുനർനിർണയം. അപ്പോഴേക്കും കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 26 സീറ്റുകൾ വരെ കുറവു വന്നേക്കാം. ഇതു വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെയ്ക്കുക സ്വാഭാവികമാണല്ലോ?

തെങ്ങു കയറാനും, ഞാറു നടാനും പച്ചക്കറിക്കടയിലും മരുന്നുഷോപ്പിലും എന്നുവേണ്ട, എവിടെയും ഭായിമാരും ബംഗാളികളുമാണ്. മേസ്തിരിയും മൈക്കാടും അവർ തന്നെ. തുണി തേയ്ക്കാനും കേരള പൊറോട്ട അടിക്കാനും വരെ അവർ വേണം.

എവിടെ നോക്കിയാലും ഭായിമാരും ബംഗാളികളുമാണ്. തെങ്ങു കയറാനും, ഞാറു നടാനും പച്ചക്കറിക്കടയിലും മരുന്നുഷോപ്പിലും എന്നുവേണ്ട, എവിടെയും. മേസ്തിരിയും മൈക്കാടും അവർ തന്നെ. തുണി തേയ്ക്കാനും കേരള പൊറോട്ട അടിക്കാനും വരെ അവർ വേണം. നേരത്തെ അണ്ണാച്ചിമാരായിരുന്നത് പലതും ഇപ്പോൾ ഭായിമാരായി മാറിയിട്ടുണ്ട്.

പരസ്പരം നേരിൽ ബന്ധമൊന്നും തോന്നാത്ത ഈ സ്ഥിതിവിശേങ്ങളെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും സാമൂഹ്യ പ്രതിഭാസമുണ്ടോ? നമ്മുടെ നാടിന്റെ വികസന വഴികളിലെ എന്തെങ്കിലും ഒരു സവിശേഷത? ആറര പതിറ്റാണ്ട് പിന്നിട്ട ഐക്യകേരളം കടന്നുപോയ പരിവർത്തനങ്ങളുടെ കഥയുണ്ട്. ഈ പരിവർത്തനങ്ങൾക്കു ഐക്യ കേരളകത്തിന് മുൻപു ചരിത്രമില്ല എന്നൊന്നുമല്ല പറയുന്നത്.

ഈ പരിവർത്തനങ്ങളെ പ്രൊഫ കെ. പി. കണ്ണൻ നാലായി ചുരുക്കി വിശദീകരിച്ചിട്ടുണ്ട്.

  1. ജനസംഖ്യാ പരിവർത്തനം (Demographic Transition) )

  2. ആരോഗ്യ പരിവർത്തനം ( Health Transition) )

  3. വിദ്യാഭ്യാസ പരിവർത്തനം (Educational Transition)

  4. കർഷികേതര സമ്പദ് ഘടനയിലേക്കുള്ള പരിവർത്തനം ( Transition from agrarian to non- agrarian economy)

2011- ലെ കനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിലെ നഗരജനസംഖ്യ 47.7 ശതമാനമാണ്. 2001 മുതൽ 2011 വരെയുള്ള ഒരു ദശാബ്ദക്കാലത്തെ നഗരജനസംഖ്യാ വളർച്ച 21.74 ശതമാനമാണ്.

പരസ്പര ബന്ധിതമായ ഈ ചടുലമാറ്റങ്ങളാണ് ഇന്നു നാം കാണുന്ന കേരളത്തിന്റെ സവിശേഷതകൾക്ക് ആധാരം എന്നു പറയാം. ഇവയോടൊപ്പം അതിദ്രുത നഗരവൽക്കരണത്തെ (rapid urbanisation) ഒരു പുതിയ സവിശേഷതയായി അദ്ദേഹം തന്നെ എടുത്തുകാട്ടുന്നുണ്ട്. 2011- ലെ കനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിലെ നഗര ജനസംഖ്യ 47.7 ശതമാനമാണ്. 2001 മുതൽ 2011 വരെയുള്ള ഒരു ദശാബ്ദക്കാലത്തെ നഗരജനസംഖ്യാ വളർച്ച 21.74 ശതമാനമാണ്.

വൃദ്ധജന പരിപാലനവും അതിവൃദ്ധ സമൂഹത്തിന്റെ സവിശേഷ പ്രശ്നങ്ങളും വിഭവ വിഹിതവും ജനപ്രാതിനിധ്യവും അടക്കം കാതലായ പല പ്രശ്നങ്ങളും നമ്മുടെ മാറിയ, ഇനിയും മാറുന്ന ജനസംഖ്യാ ഘടനയുടെ സവിശേഷതകളുമായി വലിയ തോതിൽ ബന്ധപ്പെട്ടു കിടക്കുന്നു. ഇന്നത്തെയും നാളത്തേയും കേരളത്തെ മനസിലാക്കാനും മാറ്റാനും ഈ സവിശേഷതകൾ നാം മനസിലാക്കണം. അവ എങ്ങനെയാണ് നമ്മുടെ നിത്യ ജീവിത വ്യവഹാരങ്ങളുമായും യാഥാർഥ്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നത് എന്നും മനസിലാക്കണം.

നവജാത ശിശുമരണത്തിലും അഞ്ചു വയസിനുള്ളിലുള്ള കുട്ടികളുടെ മരണനിരക്കിലുമെല്ലാം കേരളം സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ടു വെയ്ക്കുന്ന ലക്ഷ്യങ്ങൾ വളരെ നേരത്തെ മറികടന്ന സംസ്ഥാനമാണ്.

കുറയുന്ന ജനനവും മരണവും

ജനസംഖ്യാഘടനയുടെ മാറ്റം അഥവാ പരിവർത്തനം എന്നാൽ എങ്ങനെ മാനസിലാക്കാം? ജനനനിരക്കും മരണനിരക്കും കുറയും. ലളിതമായി പറഞ്ഞാൽ, ഒരു സ്ത്രീക്ക് എത്ര കുട്ടികൾ എന്നതാണ് ജനനനിരക്ക് (പ്രത്യുൽപാദന നിരക്ക് അഥവാ Total Fertility Rate- TFR എന്നു പറയുന്നതാണ് സാങ്കേതികമായി കൂടുതൽ ശരി) മനസിലാക്കാൻ ഉപയോഗിക്കുന്ന കണക്ക്. ഇതേപോലെ ആയിരം പേരിൽ എത്രയാൾ ഒരു കൊല്ലം മരിക്കുന്നു എന്നതാണ് മരണനിരക്ക് മനസിലാക്കുന്നതിനുള്ള സൂചകം. (ഒരുവർഷം 1000 പേർക്ക് എത്ര മരണം എന്ന കണക്ക്- Crude Death Rate -CDR) ഇതു രണ്ടും കുറയുമ്പോൾ ആ സമൂഹത്തിന്റെ ജനസംഖ്യാഘടനയിൽ മാറ്റം പ്രകടമാകും. ജനസംഖ്യയിൽ കുട്ടികളെത്ര, ചെറുപ്പക്കാർ എത്ര, പ്രായം ചെന്നവർ എത്ര എന്നതിലൊക്കെ മാറ്റം വരും. ഈ മാറ്റത്തിന്റെ രീതിയും വേഗവും എല്ലാമാണ് ജനസംഖ്യാ പരിവർത്തനത്തിന്റെ സ്വഭാവം നിർണയിക്കുന്നത്.

കേരള ജനസംഖ്യാ വളർച്ചയും ദേശീയ ജനസംഖ്യാ വളർച്ചയുമായുള്ള താരതമ്യം

1971-ൽ ഇന്ത്യൻ ജനസംഖ്യയുടെ 3.96 ശതമാനമായിരുന്നു കേരളത്തിന്റെ ജനസംഖ്യ. 2011 ആയപ്പോൾ അത് 2.83 ശതമാനമായി താഴ്ന്നു. 1971-1981 കാലത്താണ് കേരളത്തിലെ ജനസംഖ്യാ വർദ്ധന ദേശീയ നിരക്കിനെക്കാൾ താഴ്ന്നത്. ഈ ഒരു ദശാബ്ദക്കാലത്തു രാജ്യത്തെ ജനസംഖ്യ 24.66 ശതമാനം വളർന്നപ്പോൾ കേരളത്തിന്റേത് 19.24 ശതമാനമായിരുന്നു. അതിനു മുൻപുള്ള ഒരു ദശാബ്ദത്തെ കണക്കെടുത്താൽ ഇന്ത്യയുടേത് 24.8 ശതമാനവും കേരളത്തിന്റേത് 26.29 ശതമാനമായിരുന്നു. കേരളത്തിന്റെ ജനസംഖ്യാ വളർച്ച ഉയർന്നതായിരുന്നു. ഇപ്പോഴോ? 2001-2011 കാലം എടുത്താൽ ദേശീയവളർച്ച 17.6 ശതമാനവും കേരളത്തിന്റേത് 4.86 ശതമാനവുമാണ്. എന്നു പറഞ്ഞാൽ പ്രതിവർഷം അര ശതമാനം വീതം പോലും ജനസംഖ്യ ഉയരുന്നില്ല എന്നർത്ഥം. 2011- ലെ സെൻസസ് കണക്കുകൾ അനുസരിച്ച് രണ്ടു ജില്ലകളിൽ- ഇടുക്കി, പത്തനംതിട്ട- ജനസംഖ്യ ഇടിഞ്ഞു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ തുടങ്ങിയ താലൂക്കുകളിലും കുറവുണ്ടായി.

അവലംബം: സെൻസസ് കണക്കുകൾ

ജനനനിരക്ക് മനസിലാക്കുന്നതിന് ഒരു സ്ത്രീക്ക് എത്ര കുട്ടികൾ എന്ന കണക്കും (പ്രത്യുൽപ്പാദന നിരക്ക്) 1000 ജനസംഖ്യക്ക് ഒരു നിശ്ചിത കൊല്ലം ജനിക്കുന്ന കുട്ടികളുടെ കണക്കും (ജനന നിരക്ക് - Crude Birth Rate-CBR) എടുക്കാറുണ്ട്. ഇതിൽ ആദ്യത്തെ കണക്കാണ് ദീർഘകാല പ്രവണത പ്രകടമാക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ജനനനിരക്കിലെ ഇടിവ് പ്രകടമായിരുന്നു. 1960- കൾ മുതലുള്ള രണ്ടു, മൂന്നു പതിറ്റാണ്ടുകൊണ്ട് കേരളത്തിലെ ജനനനിരക്ക് ജനസംഖ്യ സ്ഥായിയാക്കുന്ന (replacement rate) നിരക്കിലും താഴെയെത്തി. ജനനനിരക്ക് 2.1 എന്നതാണ് replacement rate ആയി പൊതുവിൽ കണക്കാക്കുന്നത്. കുടിയേറ്റം, മരണനിരക്ക് തുടങ്ങി പല ഘടകങ്ങളും ജനസംഖ്യ സ്ഥായിയാകുന്നതിൽ ബാധകമാണ്. അതിലൊന്നും കേരളത്തിന്റെ ട്രാക്ക് റെക്കോർഡ് അനുപാതരഹിതമല്ല.

സമീപകാലത്ത് മരണനിരക്ക് കൂടിയിട്ടുണ്ട് എന്നാണ് കണക്ക്. ജനസംഖ്യയിൽ പ്രായം കൂടിയവർ വർദ്ധിക്കുന്നതാണ് ഈ മറ്റത്തിനാധാരം എന്നു പറയാം.

ഇങ്ങനെ അതിദ്രുതം താഴ്ന്ന ജനനനിരക്ക് ഇതേ വേഗതയിൽ പിന്നീടുള്ള പതിറ്റാണ്ടുകളിൽ താഴ്ന്നില്ല. 1.9 -1.7 നിരക്കിൽ വട്ടംചുറ്റി. ഇതിലും താഴുന്നത് സ്വാഭാവികമാണോ? യൂറോപ്പിന്റെയും മറ്റും ഇങ്ങനെയുള്ള അനുഭവങ്ങൾ ജനസംഖ്യ പഠനത്തിലെ പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിൽ മാത്രമല്ല, ഹിമാചൽ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ ജമ്മുകാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരമേഖലകളിലും 1.3 ലും താഴെ ജനനനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജനനനിരക്ക് replacement നിരക്കിനും താഴെ മൂന്നു പതിറ്റാണ്ടിലധികം മാറാതെ നിന്നു. ഇപ്പോൾ 2021- ലെ സംസ്ഥാന രജിസ്ട്രേഷൻ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 1.46 ആണ്. 2020-ൽ ഇത് 1.56 ആയിരുന്നു. ജനനനിരക്ക് താഴുന്ന പ്രവണത പ്രകടമാകുകയാണോ എന്നു തോന്നാവുന്ന കണക്കുകളാണിത്. എന്നാൽ ഇതൊരു പ്രവണതയാണ് എന്ന് തീർപ്പാക്കാൻ ഇനിയും കാത്തിരിക്കണം.

കേരളത്തിലെ ജനനനിരക്കിലുള്ള കുറവ് വർഷാനുപാതത്തിൽ

20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ കേരളത്തിന്റെ മരണനിരക്കും കുറഞ്ഞുതുടങ്ങിയിരുന്നു. ഏറ്റവും ഗണ്യമായ നേട്ടം കൈവരിച്ചത് 1950-1970 കാലത്താണ്. 1995- ൽ രാജ്യത്തെ മരണനിരക്ക് 9 ആയിരുന്നപ്പോൾ കേരളത്തിന്റേത് 6 ആയിരുന്നു. ഈ വ്യത്യാസം ക്രമേണ നേർത്തു വന്നു.ഇപ്പോൾ കേരളത്തിന്റെ CDR ഉയർന്നതാണ്. ഏതാണ്ട് ഒൻപതു വരും എന്നാണ് സംസ്ഥാന രജിസ്ട്രേഷൻ സ്ഥിതി വിവരക്കണക്കുകൾ കാണിക്കുന്നത്.

ഇതെന്തുകൊണ്ടാണ് എന്ന അനുമാനങ്ങളും ജനസംഖ്യാ പഠിതാക്കൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. ജനസംഖ്യയിൽ പ്രായമേറിയവർ കൂടുന്ന സ്ഥിതിയാണ് ഇതിനു കാരണം. അതായത് സമീപകാലത്ത് വർദ്ധിക്കുന്ന മരണനിരക്കും നമ്മുടെ ജനസംഖ്യാ പരിവർത്തനത്തിന്റെ പ്രതിഫലനമാണ് എന്നു സാരം. അതേസമയം കേരളത്തിന്റെ ശിശുമരണനിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 2021- ലെ കണക്കുകൾ പ്രകാരം 5.05 ആണ് കേരളത്തിന്റെ ശിശുമരണനിരക്ക്. ഇത് വികസിത രാജ്യങ്ങളുടെ നേട്ടത്തിനു സമാനമാണ്. നവജാത ശിശുമരണത്തിലും അഞ്ചു വയസിനുള്ളിലുള്ള കുട്ടികളുടെ മരണനിരക്കിലുമെല്ലാം കേരളം സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ടു വെയ്ക്കുന്ന ലക്ഷ്യങ്ങൾ വളരെ നേരത്തെ മറികടന്ന സംസ്ഥാനമാണ്.

2021- ലെ കണക്കുകൾ പ്രകാരം 5.05 ആണ് കേരളത്തിന്റെ ശിശുമരണനിരക്ക്. ഇത് വികസിത രാജ്യങ്ങളുടെ നേട്ടത്തിനു സമാനമാണ്.

ഇതൊക്കെ എങ്ങനെ, എന്തുകൊണ്ട് സംഭവിക്കുന്നു? നാം ചുറ്റുപാടും കാണുന്ന, അനുഭവവേദ്യമാകുന്ന സാമൂഹ്യ സ്വഭാവങ്ങളുമായി ഇവയ്ക്കൊക്കെ ബന്ധമുണ്ടോ? ഇതുമനസിലാക്കുക എന്നതു നമ്മുടെ സാമൂഹ്യ, രാഷ്ട്രീയ നയങ്ങൾ രൂപെപ്പെടുത്തുന്നതിൽ അതി പ്രധാനമാണ്.

സമ്പ്രദായികത വിട്ട
ജനസംഖ്യാ പരിവർത്തനം

സാമ്പ്രദായികത വിട്ട വികാസ പരിണാമങ്ങളാണ് കേരള വികസനാഭുവത്തിന്റെ സവിശേഷത. കേരളത്തിന്റെ ജനസംഖ്യാ പരിവർത്തനത്തിനും ഇതേ കഥയാണ് പറയാനുള്ളത്. ഉൽപ്പാദന രീതികളിലെ മാറ്റം മനുഷ്യവിഭവശേഷിയിലും മാറ്റം അവശ്യമാക്കും. വ്യാവസായിക വളർച്ചയും ഉൽപ്പാദനവും അവശ്യപ്പെടുന്നത് കേവല ശാരീരിക ശേഷിയാകില്ല. അത് പലതരം ശേഷികളുള്ള മനുഷ്യാധ്വാനം അനിവാര്യമാക്കും. എണ്ണത്തിലല്ല, ഗുണത്തിൽ മേന്മയുള്ള മനുഷ്യവിഭവശേഷി വേണ്ടിവരും എന്നർത്ഥം. മനുഷ്യവിഭവശേഷിയുടെ മേന്മ എന്നു പറയുന്നതിനെ നാം എങ്ങനെയാണ് മനസിലാക്കുന്നത്? വിവിധ നൈപുണികൾ സ്വായത്തമാക്കിയ മനുഷ്യശേഷി. ആരോഗ്യമുള്ള, കൂടുതൽ കാലം ആരോഗ്യമുള്ള മനുഷ്യശേഷി. അപ്പോൾ ഉൽപ്പാദനക്രമത്തിലുണ്ടാകുന്ന മാറ്റം അനിവാര്യമാക്കുന്ന ഒന്നായിട്ടാണ് സാമ്പ്രദായിക വഴികളിൽ ജനസംഖ്യാ പരിവർത്തനം സംഭവിക്കുന്നത്. കുട്ടികളുടെ എണ്ണമല്ല, ഗുണമാണ് കാര്യം എന്നു വരുന്നു. ഈ ഗുണം നിർണയിക്കുന്നത് വിദ്യാഭ്യാസവും , ആരോഗ്യ പരിപാലനവും എല്ലാം വഴിയാണല്ലോ? ഗർഭധാരണവും പ്രസവവും ശിശുപരിപാലനവും എല്ലാം ഇതിന്റെ അനിവാര്യ ഘടകങ്ങളുമാണ്.

കേരളത്തിൽ ഇവയൊക്കെ സാധിതമായത് സാമ്പത്തിക വളർച്ചയോ വ്യവസായിക ഉൽപ്പാദന വളർച്ചയെയോ തുടർന്നുള്ള സാമ്പ്രദായിക വഴികളിലൂടെയല്ല എന്നു ചുരുക്കം. ഇതിന്റെ കാരണങ്ങൾ പല പണ്ഡിതരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസ വ്യാപനം, ആരോഗ്യരക്ഷാ സംവിധാനങ്ങളുടെപരപ്പ്, ഭൂപരിഷ്ക്കരണം പോലുള്ള ഘടനാപരമായ പരിഷ്ക്കരണം ഉണ്ടാക്കിയ മാറ്റം, തുടങ്ങി ചില സാമൂഹ്യ വിഭാഗങ്ങളിൽ നേരത്തെ നിലവിലുണ്ടായിരുന്ന മാതൃദായക്രമം വരെ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കഠിനമായ ദാരിദ്ര്യം മൂലം കൂടുതൽ കുട്ടികൾ വേണ്ട എന്നു തീരുമാനിച്ചു എന്നുള്ള സിദ്ധാന്തങ്ങളുമുണ്ട്. എന്തായാലും സാമ്പ്രദായികത വിട്ട ഈ ജനസംഖ്യാ പരിവർത്തനത്തിന്റെ അനുഭവങ്ങളെ ഇങ്ങനെ ചുരുക്കിപ്പറയാം എന്നു തോന്നുന്നു.

സമീപകാലത്ത് മരണനിരക്ക് കൂടിയിട്ടുണ്ട് എന്നാണ് കണക്ക്. ജനസംഖ്യയിൽ പ്രായം കൂടിയവർ വർദ്ധിക്കുന്നതാണ് ഈ മറ്റത്തിനാധാരം.

▪ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതലുള്ള രണ്ടു മൂന്നു പതിറ്റാണ്ടുകൾ കൊണ്ട് അതിദ്രുതം 2- ൽ താഴെയെത്തിയ ജനനനിരക്ക് പിന്നീടുള്ള മൂന്നു പതിറ്റാണ്ടുകൾ അവിടെ കിടന്നു വട്ടം ചുറ്റി.

▪ 2020- മുതൽ അടുത്ത ഘട്ടം മാറ്റത്തെ സൂചിപ്പിക്കുന്ന ഇടിവ് ജനനനിരക്കിൽ പ്രകടമായിത്തുടങ്ങുകയാണ്. ഇതൊരു പ്രവണതയാണോ എന്നതു പറയാൻ ഇനിയും കാത്തി ക്കണം.

▪ 21ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ കുറഞ്ഞു തുടങ്ങിയ മരണനിരക്ക് നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഗണ്യമായി കുറഞ്ഞു.

▪ സമീപകാലത്ത് മരണനിരക്ക് കൂടിയിട്ടുണ്ട് എന്നാണ് കണക്ക്. ജനസംഖ്യയിൽ പ്രായം കൂടിയവർ വർദ്ധിക്കുന്നതാണ് ഈ മറ്റത്തിനാധാരം എന്നു പറയാം.

ഈ മാറ്റങ്ങളെ വിശദീകരിക്കുന്നതെങ്ങിനെയാണ്? ഇവ സമൂഹത്തിലും രാഷ്ട്രീയ- സാമ്പത്തിക സ്ഥിതിയിലും ഉണ്ടാക്കുന്ന പ്രക്ഷുബ്ധാവസ്ഥ എന്താണ്? നാം ചുറ്റും കാണുന്ന സംഭവ ഗതികൾക്ക് ഇവയുമാട്ടെന്തെങ്കിലും ബന്ധമുണ്ടോ?

പ്രായം കൂടുന്നു,
രോഗം മാറുന്നു

ജനന- മരണങ്ങളിലെ ഈ മാറ്റം നമ്മുടെ ജനസംഖ്യയുടെ സ്വഭാവത്തിലും ഘടനയിലും അസാധാരണ വേഗതയിൽ മാറ്റം വരുത്തി. ഓരോ പ്രായ വിഭാഗത്തിലുമുള്ള ആളുകളുടെ എണ്ണം മാറുക എന്നു പറഞ്ഞാൽ ജനസംഖ്യയുടെ ചേരുവ മാറുന്നു എന്നാണ്. കുട്ടികൾ എത്ര, പ്രായം ചെന്നവർ എത്ര എന്നതൊക്കെ എത്ര പ്രധാനമായ കാര്യമാണ് എന്നതു പറയേണ്ടതില്ലല്ലോ? നമ്മുടെ വീടുകളിലെ കാര്യം തന്നെ നോക്കാവുന്നതാണ്. പ്രായാധിക്യമുള്ളവരുടെയും കുട്ടികളുടെയും സാന്നിധ്യം നമ്മുടെ നിത്യ ജീവിതരീതികളെ ഗണ്യമായി സ്വാധീനിക്കില്ലേ? ജോലി ചെയ്യാൻ കഴിയുന്നവരും അല്ലാത്തവരും എന്നതും പ്രധാനമല്ലേ? ഇനി പ്രായാധിക്യമുള്ളവരിൽ അതിവൃദ്ധർ ഉണ്ടെങ്കിലോ? അവരിൽ ആരെങ്കിലും സ്വയം കാര്യങ്ങൾ നിർവ്വഹിക്കാൻ പ്രാപ്തിയില്ലാത്തവരാണെങ്കിലോ?

ജനസംഖ്യയുടെ വളർച്ചാനിരക്ക് കുറഞ്ഞ് ജനസംഖ്യ സ്ഥായിയാകുന്ന നിലയിലേക്ക് നാം പതിയെ മാറുകയാണ്. ഇതു മാത്രമല്ല മാറ്റം. ജനസംഖ്യയുടെ ചേരുവയിലെ വ്യത്യാസമാണ് പ്രധാനം. ജനസംഖ്യാ പരിവർത്തനം കേരള സമൂഹത്തെ പ്രായമുള്ളവരുടെ ഒരു പ്രദേശമാക്കി മാറ്റി എന്നു പറയാം. ജനനനിരക്കിലെ കുറവ് കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചു. മരണനിരക്ക് കുറയുന്നത് പ്രായമുള്ളവരുടെ എണ്ണം കൂട്ടും. അങ്ങനെ 14 വയസ്സു വരെയുള്ള കുട്ടികളുടെ പങ്കു കുറയുകയും 60 വയസിനു മുകളിലുള്ളവരുടെ എണ്ണം കൂടുകയും ചെയ്തു. ജനസംഖ്യയുടെ 13 ശതമാനത്തിന് മുകളിൽ 60 വയസ്സു കഴിഞ്ഞവരാണ്. ശരാശരി ജീവിത ദൈർഘ്യം 70 വയസ്സിനു മുകളിലായി. 2020- ലെ കണക്കുകൾ കണക്കു പ്രകാരം പുരുഷന്മാരുടെ ആയുസ് 73- ഉം സ്ത്രീകളുടേത് 78 വയസുമാണ്. കേരളത്തിന്റെ ശരാശരി ജീവിത ദൈർഘ്യം 75 ആണ്. ദേശീയ ശരാശരി 69 ആണ്.

വ്യത്യസ്ത വയസ്സ് കാറ്റഗറിയിൽ പ്രായമായവരുടെ എണ്ണം കൂടുന്നുവെന്ന് സൂചിപ്പിക്കുന്ന പട്ടിക

ഇപ്പോൾ നല്ല വാർദ്ധക്യ കാലപരിചരണം ഭാഗ്യമുള്ളവരുടെ സവിശേഷാവകാശമാണ്. അതാണ് കെ.ജി. ജോർജ്ജിനു ലഭിച്ച ഹോസ്പൈസ് പരിചരണം. പ്രായമേറിയവരുടെ എണ്ണം കൂടുന്ന സ്ഥിതിയിൽ ഈ പരാധീനത ഒരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്നു. അതായത് ഈ സ്ഥിതി കുടുംബങ്ങൾക്കു മാത്രമല്ല, സമൂഹം എന്ന നിലയിൽ കേരളത്തിന് ബാധകമായ ചോദ്യങ്ങളായി മാറിയിരിക്കുന്നു. ഇവയെ രാഷ്ട്രീയമായും സാമൂഹ്യമായും അഭിസംബോധന ചെയ്യുക എന്നത് പുതിയകാല കേരള നിർമിതിയിലെ സുപ്രധാന കടമയായി മാറിയിരിക്കുന്നു എന്നർത്ഥം.

തൊഴിൽ സേനയിലെ മാറ്റവും
ഇതര സംസ്ഥാന തൊഴിലാളികളും

തൊഴിൽസേനയിലുണ്ടാകുന്ന മാറ്റമാണ് ഈ പരിവർത്തനം പ്രകടമാകുന്ന പ്രധാന മേഖല. ആകെ ജനസംഖ്യയിൽ ജോലി എടുക്കുന്ന പ്രായ ഗ്രൂപ്പിലെ ആളുകൾ (Working age group 20-64 age group) 1991 ൽ 53.8 ശതമാനമായിരുന്നു. 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം അത് 60.3 ശതമാനമായി ഉയർന്നു. പക്ഷേ ഇവിടം കൊണ്ടു തീരുന്നില്ല കണക്കുകൾ. ഈ ജോലി എടുക്കുന്ന പ്രായ ഗ്രൂപ്പിന് വീണ്ടും ഉൾപ്പിരിവുകളുണ്ട്. ചെറുപ്പക്കാർ എത്ര വരും എന്നതു പ്രധാനമല്ലേ? 20- 34 പ്രായക്കാർ 1991- ൽ 50.3 ശതമാനം ഉണ്ടായിരുന്നു. 2011-ൽ ഇത് 38.3 ശതമാനമായി, ഗണ്യമായി കുറഞ്ഞു. ചെറുപ്പക്കാരുടെ എണ്ണം കുറയുകയാണ് ചെയ്തത്. ഇതു നമ്മുടെ തൊഴിൽ മേഖലയെ ബാധിക്കുന്ന പുതിയ പ്രവണതകളുമായി ചേർത്ത് വായിച്ചു നോക്കിയാലോ?

ശാരീരികാദ്ധ്വാനം ഗണ്യമായി വേണ്ട പല മേഖലകളിലും ആളില്ല. അപ്പോൾ ആവശ്യം കൂടും. അതായത് നാം സാധാരണ പറയുന്ന രീതിയിൽ വലിയ ഡിമാൻഡ് ആകും. ഡിമാൻഡ് കൂടുക എന്നു നാം സാധാരണ പറയുന്നതുതന്നെ ചെലവു കൂടുമ്പോഴല്ലേ? ഇവിടെ അത്തരം ജോലികൾക്ക് കൂലി കൂടി. ആളില്ല, കൂലി കൂടി. അവിടേക്ക് ജോലി വേണ്ടവർ വരുമല്ലോ? ഇത്തരം ജോലികളിൽ പുറമെ നിന്നുള്ള തൊഴിലാളികൾ വരുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്. ഇങ്ങനെയാണ് ഭായിമാരും ബംഗാളികളും എല്ലായിടത്തും എത്തുന്നത്. നേരത്തെ ‘അണ്ണാച്ചി’മാർ എന്നറിയപ്പെടുന്ന തമിഴ്നാട്ടുകാരായിരുന്നല്ലോ? ഇങ്ങോട്ടുള്ള കൂടിയേറ്റത്തിൽ ഇങ്ങനെ പല മാറ്റവും വരുന്നുണ്ട്. അതിന് ഇവിടത്തെ സാഹചര്യങ്ങളും വരുന്നവരുടെ സ്ഥലത്തെ സാഹചര്യങ്ങളും കാരണമാകുന്നുണ്ട്. അതുപോലെ തന്നെയാണ് നമ്മുടെ ‘കയറിപ്പോക്കും’. അതു മറ്റൊരു കഥയാണ്. അത് പ്രത്യേകം മറ്റൊരു നോക്കാം.

അവലംബം: Baishali Goswami (2021), Demographic Changes in Kerala and the Emerging Challenges: An Assessment& N. Ajith Kumar(2020) Exploring the Drivers of Long-Distance Labour Migration to Kerala.

എന്തായാലും ഒരു കണക്കു കൂടി പറയട്ടെ. ഇപ്പോഴത്തെ ജനസംഖ്യാ പ്രവണതകൾ വെച്ച് ഈ ചെറുപ്പക്കാരുടെ എണ്ണം അടുത്ത ഒരു ദശാബ്ദം എങ്ങനെയായിരിക്കും? 2036- ലെ സ്ഥിതി എന്തായിരിക്കും എന്ന് പഠനങ്ങൾ കണക്കു കൂട്ടിയിട്ടുണ്ട്. ചെറുപ്പക്കാരുടെ ചേരുവ 38 ശതമാനം എന്നത് 33 ശതമാനമായി കുറയുമെന്നാണ് അനുമാനം. ഇതിന്റെ ഫലമെന്തായിരിക്കും? അത് ഇങ്ങോട്ടുള്ള കുടിയേറ്റത്തെ എങ്ങനെ ബാധിക്കും? ഈ ഒറ്റ കണക്ക് വെച്ചായിരിക്കില്ല കാര്യങ്ങൾ വികസിക്കുക എന്നതു ശരിയാണ്. എന്നാൽ ഇന്നത്തെ നിലയിൽ കുടിയേറ്റം കൂടും. നമ്മുടേത് കൂടുതൽ ബഹുത്വം നിറഞ്ഞ ഒരു സാമൂഹമായി മാറും. അതിനു വേണ്ടത് എന്തൊക്കെയായിരിക്കും? അവരുടെ വിദ്യാഭ്യാസവും ആരോഗ്യവും ശിശുപരിപാലനവും ക്ഷേമവും താമസവും എല്ലാം എങ്ങനെ എന്നതു പ്രധാനമാകും. അതിന്റെ പണച്ചെലവു പ്രധാനമല്ലേ? നോക്കൂ, എത്ര വലിയ സാമൂഹ്യ സ്വാധീനമാണ് ഈ മാറ്റം ഉണ്ടാക്കുന്നത്.

മാറുന്ന രോഗഭാരം

നമ്മുടെ രോഗഭാരത്തിലും ആരോഗ്യത്തിലും ഈ പരിവർത്തനം കൊണ്ടുവരുന്ന മാറ്റമാണ് മറ്റൊരു മേഖല. ജനന, മരണനിരക്കുകളിൽ വന്ന സാമ്പ്രദായികമല്ലാത്ത മാറ്റം നാം നേരത്തെ പറഞ്ഞുവല്ലോ? ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും നാം നടത്തിയ മുതൽ മുടക്കും കരുതലുമാണ് ഈ ജനസംഖ്യാ പരിവർത്തനത്തിൽ നിർണായകമയ ഘടകം. ഇത് രോഗഭാരത്തിന്റെ കാര്യത്തിലും സ്വാധീനമുണ്ടാക്കി. പകർച്ച വ്യാധികൾ നിയന്ത്രിക്കപ്പെട്ടു. അത് ആയുസ്സിൽ പ്രതിഫലിച്ചു. കുട്ടികളുടെ പരിപാലനത്തിലും ജീവിതമേന്മയിലും പ്രതിഫലിച്ചു. പ്രായം ചെന്നവരുടെ രോഗം കൂടി എന്നതും പ്രധാനപ്പെട്ട ഒരു മാറ്റമാണ്. ഈ രോഗങ്ങളാകട്ടെ കൂടുതൽ കാലം ശ്രദ്ധയും പരിചരണവും ആവശ്യമാക്കുന്നുണ്ട്. നമ്മുടെ താലൂക്ക്- ജില്ലാ ആശുപത്രികളും മെഡിക്കൽ കോളേജ് ആശുപത്രികളും കൂടുതൽ കൂടുതൽ പ്രസക്തമാകുന്നത് ഈ സവിശേഷത കൊണ്ടു കൂടിയാണ്. 50 വയസിനു മുകളിലുള്ളവരുടെ പങ്കു വർദ്ധിക്കുന്നതാണ് ഇപ്പോഴുള്ള പ്രവണത.ഇതു കൂടാതെയാണ് പരസഹായം ആവശ്യമുള്ള പ്രായാധിക്യം. നമ്മുടെ വികസനാസൂത്രണവും ധനവിന്യാസവും എല്ലാം നേരിടുന്ന വെല്ലുവിലകളാണിവ.

50 വയസിനു മുകളിലുള്ളവരുടെ പങ്കു വർദ്ധിക്കുന്നതാണ് ഇപ്പോഴുള്ള ജനസംഖ്യാ പ്രവണത

മാറ്റത്തിലെ ഇ(തു)ടർച്ചകൾ

പ്രത്യുൽപ്പാദന നിരക്ക് രണ്ടിനടുപ്പിച്ചു ചുറ്റിത്തിരിഞ്ഞതും ഇപ്പോൾ വീണ്ടും ഇടിഞ്ഞ് 1.5- ൽ നിന്ന് കീഴോട്ടുപോകുന്ന പ്രവണതയുടെ സൂചനകളും നാം കണ്ടല്ലോ? ജനനനിരക്ക് രണ്ടു, മൂന്നു പതിറ്റാണ്ട് കാലം ഇങ്ങനെ ചുറ്റിത്തിരിഞ്ഞതും ഇപ്പോൾ ഇടിയുന്നതും എന്തു കൊണ്ടാവും? നാം ചുറ്റും കാണുന്ന മാറ്റങ്ങൾ, അനുഭവങ്ങളുമായി ഇതിനൊക്കെ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് പണ്ഡിതന്മാരുടെ കൗതുതുകകരമായ അന്വേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. രണ്ടിൽ ചുറ്റിപ്പറ്റി നിന്നത് കേരളത്തിന്റെ കുടുംബകേന്ദ്രിതമായ ജീവിത രീതികളും മൂല്യവിചാരങ്ങളും മൂലമാകാം എന്നു പണ്ഡിതർ നിരീക്ഷിക്കുന്നുണ്ട്. വിവാഹം, കുടുംബം, കുട്ടികൾ, തുടങ്ങിയ മൂല്യങ്ങളിൽ ഏതാണ്ടു ബന്ധിതമായ ഒരു സമൂഹമല്ലേ കേരളം? ‘നാം രണ്ട് നമുക്കു രണ്ട്’ എന്നത് ഒരു കുടുംബാസൂത്രണ മുദ്രാവാക്യമായി മാത്രമല്ല, മൂല്യമായി കൊണ്ടുനടക്കുന്ന ഒരു സമൂഹം. ഇപ്പോൾ ജനനനിരക്ക് കുറയുന്നതിന്റെ പശ്ചാത്തലം എന്തായിരിക്കും? കാലങ്ങളായി കേരളം കൊണ്ടുനടക്കുന്ന കുടുംബം, വിവാഹം, കുട്ടികൾ എന്നതിൽ ചുറ്റിപ്പറ്റിയുള്ള മൂല്യസംഹിത പുതു തലമുറയ്ക്ക് അത്ര സ്വീകാര്യമല്ല എന്ന സ്ഥിതി സംജാതമാകുകയാണോ? നാം വട്ടം ചുട്ടിക്കിടന്ന കുടുംബമൂല്യങ്ങളിൽ നിന്നും കുട്ടികൾ മാറുകയാണോ? വിവാഹം,പ്രസവം എന്നതൊക്കെ പരമപ്രധാനമാകുന്ന അന്തരീക്ഷം പതിയെ മാറുന്നുണ്ടോ? അതു സംബന്ധിച്ച ഗുണദോഷ വിചാരം ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാൽ ചുറ്റും കാണുന്ന അനുഭവങ്ങളെ ഇതിനോടു ചേർത്തു വായിക്കുന്നത് കൌതുകകരം മാത്രമല്ല, നാളത്തെ കേരളത്തെ ആസൂത്രണം ചെയ്യുന്നതിലും പ്രധാനമാണ്.

കാലങ്ങളായി കേരളം കൊണ്ടുനടക്കുന്ന കുടുംബം, വിവാഹം, കുട്ടികൾ എന്നതിൽ ചുറ്റിപ്പറ്റിയുള്ള മൂല്യസംഹിത പുതു തലമുറയ്ക്ക് അത്ര സ്വീകാര്യമല്ല എന്ന സ്ഥിതി സംജാതമാകുകയാണോ?

ആയുസിന്റെ കാര്യം പറഞ്ഞല്ലോ, ശരാശരി 75 വയസ്. എന്നാൽ 80 വയസിനു മുകളിൽ ജീവിക്കുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് കേരളമല്ല മുന്നിൽ. ഈ കണക്കുകൾ സംബന്ധിച്ച ചില സാങ്കേതിക തർക്കങ്ങളുണ്ട് എന്നതു മറക്കുകയല്ല. അതു നിൽക്കട്ടെ. ശരാശരി പ്രതീക്ഷിത ആയുസ് 75 എന്നത് വിശേഷാധികാരങ്ങളുള്ള കുറച്ചു പേരുടെ സൗഭാഗ്യമല്ല. കാരണം, സാമൂഹ്യനീതിയിലൂന്നിയ ഒരു ജനസംഖ്യാ പരിവർത്തനം നടന്ന പ്രദേശമാണ് കേരളം. എന്നാൽ അതിനുമുകളിലുള്ള ആയുസ് ഒരു സവിശേഷ അവകാശമായിട്ടാണോ സിദ്ധിക്കുന്നത്? 70-ഉം 75-ഉം കടക്കുന്ന അതി വൃദ്ധ സമൂഹം ആവശ്യപ്പെടുന്ന പരിപാലനവും ആരോഗ്യരക്ഷയും തുല്യമായി നൽകാൻ നമുക്കു സമൂഹം എന്ന തരത്തിൽ കഴിയാതെ പോകുന്നില്ലേ? ഇതു പുതിയ സാമൂഹ്യ, രാഷ്ട്രീയ വെല്ലുവിളിൾ ഉണ്ടാക്കുണ്ട്. 75 കടക്കുന്നവരുടെ പരിപാലനവും ജീവിതാന്ത്യവുമായി ബന്ധപ്പെട്ട സേവനങ്ങളും ആരോഗ്യ രക്ഷയും കേരളത്തിന്റെ പുതിയ വികസന വെല്ലുവിളിയാണ്. നീതിയോടെയും തുല്യതയോടെയും ഈ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നില്ല എങ്കിൽ അതു വ്യക്തികളെയും കുടുംബങ്ങളെയും കഷ്ടത്തിലാക്കും. നാം കൈവരിച്ച താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യനീതിയുടെ സ്വഭാവത്തെ തന്നെ ഈ സ്ഥിതി അപകടപ്പെടുത്തുകയും ചെയ്തേക്കാം. അമ്മൂമ്മത്തിരിയിലെ മൂത്തശ്ശിയുടെ പ്രിവിലെജും വൃദ്ധ സദനത്തിലെ മനുഷ്യരുടെ പ്രയാസങ്ങളും നാം നേരിടുന്ന സാമൂഹ്യ യാഥാർഥ്യമാണെന്നു കാണണം.

സവിശേഷാവകാശങ്ങൾ സാർവ്വത്രികമാക്കുക എന്നത് കേരളത്തിന്റെ പുകൾപെറ്റ സാമൂഹ്യ നീതി നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. അതാകട്ടെ ചില്ലറ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളല്ല ഉയർത്തുന്നത്.

നമ്മുടെ ജനനം 99.8 ശതമാനവും ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിലാണ് നടക്കുന്നത്. പരിശീലനം സിദ്ധിച്ച ആളുകളുടെ സഹായത്തിലും പരിചരണത്തിലുമാണ് പ്രസവങ്ങൾ ഏതാണ്ടു മുഴുവനും നടക്കുന്നത് എന്നർത്ഥം. മരണങ്ങളുടെ 60 ശതമാനത്തിൽ താഴെയാണ് ആരോഗ്യ കേന്ദ്രങ്ങളിൽ സംഭവിക്കുന്നത്. എല്ലാ മരണങ്ങളും അങ്ങനെയാകുക സാധ്യമാണെന്നു പറയുകയല്ല. യാന്ത്രികമായി താരതമ്യപ്പെടുത്തുകയുമല്ല. എന്നാൽ അന്ത്യകാല പരിചരണം കേരളം പോലൊരു സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളിയാണ് എന്നു മനസിലാക്കണം എന്നേ കരുതുന്നുള്ളൂ.

കെ.ജി. ജോർജ് വാസ്തവത്തിൽ പ്രിവിലെജുകൾ ഉള്ള ഒരു മനുഷ്യനായി മരിക്കുകയാണ് ചെയ്തത്. ‘അമ്മൂമ്മത്തിരി’യിലെ അടങ്ങിയിരിക്കാത്ത അമ്മൂമ്മ 97-ാം വയസ്സിലാണ് മരിച്ചത്. ഈ സവിശേഷാവകാശങ്ങൾ സാർവ്വത്രികമാക്കുക എന്നത് കേരളത്തിന്റെ പുകൾപെറ്റ സാമൂഹ്യ നീതി നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. അതാകട്ടെ ചില്ലറ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളല്ല ഉയർത്തുന്നത്.

പ്രായാധിക്യമുള്ള എല്ലാവർക്കും ഒരേ നീതിയിലുള്ള പരിചരണം സാധ്യമാക്കുക കേരളത്തിന്റെ പുകൾപെറ്റ സാമൂഹ്യ നീതി നേരിടുന്ന കടുത്ത വെല്ലുവിളിയാണ്.

വിഭവാകാശം, പ്രാതിനിധ്യം,
ജനസംഖ്യാ മാറ്റം

ജനസംഖ്യാ മാറ്റമുണ്ടാക്കുന്ന കലക്കങ്ങൾ കൂടുതൽ വിഭവവാവശ്യവും ചടുലമായ രാഷ്ട്രീയ സാമൂഹ്യ നയ രൂപീകരണവും ആവശ്യപ്പെടുമ്പോൾ തന്നെ ഇതേ മാറ്റം കേരളത്തിന്റെ വിഭവാവകാശത്തിലും രാഷ്ട്രീയ പ്രാതിനിധ്യത്തിലും പ്രതികൂല സ്ഥിതികൾ സൃഷ്ടിക്കുന്നുമുണ്ട്. വിഭവവിഹിതത്തിൽ കേരളം നേരിടുന്ന വിവേചനം വർത്തമാനകാലത്തെ ചൂടുള്ള ചർച്ചാ വിഷയമാണ്. പ്രായഘടനയിലെ മാറ്റം അടക്കം പുതിയ കാല വികസന വെല്ലുവിളികൾ നേരിടാൻ അധികം വിഭവം ആവശ്യമുള്ള കാലത്താണ് ഇതേ മാറ്റം നമ്മുടെ വിഭവാവകാശത്തെ പരിമിതപ്പെടുത്തുന്നത്. നികുതി വിഹിതത്തിലെയും മറ്റും വിവേചനം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. അതിന്റെ ചുരുക്കമിതാണ്: 1971-ൽ രാജ്യജനസംഖ്യയുടെ 3.96 ശതമാനമായിരുന്നു കേരളത്തിന്റെ ജനസംഖ്യ. 2011- ൽ 2.8 ഇത് ശതമാനമായി കുറഞ്ഞു. വിഭവം പങ്കിടുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഏറിയ കൂറും ജനസംഖ്യയുടെ അടസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്. ജനസംഖ്യാനിയന്ത്രണം ഒരു ദേശീയ ലക്ഷ്യമായി വന്ന കാലത്ത് സംസ്ഥാനങ്ങൾക്ക് ഒരുറപ്പു നൽകിയിരുന്നു. ജനസംഖ്യാ വിഹിതം കുറയുന്നു എന്നു വെച്ച് വിഭവവിഹിതം കുറയില്ല. വിഭവം പങ്കിടുന്നതിന് 1971- ലെ ജനസംഖ്യ അടിസ്ഥാനമായി കണക്കിലെടുക്കും. ഇതായിരുന്നു ഉറപ്പ്. അതു മാറി. അതിപ്പോൾ 2011- ലെ ജനസംഖ്യ എന്നതായി. 2011- ൽ നമ്മുടെ ജനസംഖ്യാ വിഹിതം കുറഞ്ഞതു നാം കണ്ടു. ഇതിന്റെ ഫലമെന്താണ്? കേരളത്തിന്റെ വിഭവവിഹിതത്തിൽ ഏറ്റവും കുറഞ്ഞ കണക്കനുസരിച്ച് 10,000 കോടി രൂപയെങ്കിലും ഒരു വർഷം നഷ്ടമായി. ജനസംഖ്യാ മാറ്റം കൂടുതൽ പണച്ചെലവ് അനിവാര്യമാക്കുന്നു. അതേ സമയം ഈ മാറ്റം നമ്മുടെ വിഭവവിഹിതത്തിൽ കുറവുണ്ടാക്കുകയും ചെയ്യുന്നു. ഈ വൈപരീത്യം വിപുലമായി ചർച്ച ചെയ്യുക എന്നതും പരിഹാരം കണ്ടെത്തുക എന്നതും കേരള സമൂഹത്തിന്റെ മുന്നോട്ടു പോക്കിൽ അതീവ നിർണായകമാണ്.

ജനസംഖ്യാനുപാതത്തിൽ സംസ്ഥാനത്തിന്റെ വിഭവ മാറ്റിവെക്കലിൽ വന്ന കുറവ്

അതീവ ഗൗരവമുള്ള മറ്റൊരു വിഷയമാണ് ലോക്സഭാ സീറ്റുകളുടെ പുനർനിർണയം. ഭരണഘടനയുടെ ആർട്ടിക്കിൾ 81 പ്രകാരം ലോക്സഭാ സീറ്റുകൾ പ്രതിനിധാനം ചെയ്യുന്ന ജനസംഖ്യ പരമാവധി തുല്യമായിരിക്കണം. ഇതനുസരിച്ച് 1971 ലെ ജനസംഖ്യ വെച്ചു ലോക് സഭാ സീറ്റുകൾ നിർണയിച്ചു. നേരത്തെ കണ്ടതു പോലെ ജനസംഖ്യാ നിയന്ത്രണം ഒരു ദേശീയ ലക്ഷ്യമായി വന്ന സാഹചര്യത്തിൽ ഈ സീറ്റ് നിർണയം 25 കൊല്ലത്തേക്ക് മാറില്ല എന്നു വ്യവസ്ഥ ചെയ്ത് ഭരണഘടനാഭേദഗതി വരുത്തി. 2001- ൽ അടുത്ത 25 കൊല്ലത്തേക്കു കൂടി ഇതേ നില തുടരും എന്നു മറ്റൊരു ഭരണഘടനാ ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്തു. 2026 ആകുമ്പോൾ ഈ കാലയളവ് കഴിയുകയാണ്. 2021- ൽ നടക്കേണ്ട സെൻസസ് 2024- ലോ മറ്റോ നടക്കുകയും അപ്പോഴുള്ള ജനസംഖ്യാനുപാതികമായി ലോക് സഭാ സീറ്റുകൾ പുനർ നിർണയിക്കുകയും ചെയ്താൽ എന്താണുണ്ടാകുക?

2011 ലെ സെൻസസ് കണക്കുകളാണല്ലോ ഇപ്പോഴുള്ളത്. 1971 ലെ കണക്കാണ് നിലവിലുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണത്തിന് അടിസ്ഥാനം. 1971- ലെ ജനസംഖ്യാ കണക്കുകളും 2011- ലെ കണക്കുകളും തമ്മിലുള്ള വ്യത്യാസം ഇവിടെ അതീവ നിർണായകമാകുകയാണ്. ബീഹാർ, ഛത്തീസ്ഘഡ്, ഗുജറാത്ത്, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള ജനസംഖ്യാവിഹിതം 1971- ൽ 44 ശതമാനമായിരുന്നു. 2011- ൽ ഇത് 48.2 ശതമാനമായി ഉയർന്നു. അതേസമയം കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ വിഹിതം 24.9 ശതമാനത്തിൽ നിന്ന് 21.1 ശതമാനമായി കുറഞ്ഞു. അപ്പോൾ 2011- ലെ ജനസംഖ്യാ വിഹിതമനുസരിച്ച് സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം പുനർനിർണയിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയും. ഹിന്ദി ഹൃദയഭൂമിയുടെ ലോക്സഭാ സീറ്റുകൾ കൂടും.

2026- ലെ ജസനസംഖ്യാ അനുമാനം അനുസരിച്ചു ഈ പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 26 സീറ്റ് നഷ്ടമാകും എന്നും ഹിന്ദി ഹൃദയഭൂമിയുടെ സീറ്റുകൾ 31 എണ്ണം കൂടുമെന്നും ചില പഠനങ്ങൾ. കേരളത്തിനും തമിഴ്നാടിനും എട്ടു സീറ്റു വീതം നഷ്ടമാകാം എന്നും ഈ പഠനം കണ്ടെത്തുന്നുണ്ട്. പല കണക്കുകളും അനുമാനങ്ങളും പുറത്തു വരുന്നുണ്ട്. എല്ലാം പൊതുവിൽ ഇതേ പാറ്റേൺ ആണ് പ്രവചിക്കുന്നത്. രാഷ്ട്രീയ നിർണയാധികാരത്തിൽ ഈ വിധം ഗണ്യമായ ശാക്തികമാറ്റം കൊണ്ടുവരുന്ന ഒന്നാണ് ജനസംഖ്യാ പരിവർത്തനം എന്നു മാത്രം ഇവിടെ പറയട്ടെ.

2026- ലെ ജസനസംഖ്യാനുപാതമനുസരിച്ച് മണ്ഡല പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 26 സീറ്റ് നഷ്ടമാകും എന്നും ഹിന്ദി ഹൃദയഭൂമിയുടെ സീറ്റുകൾ 31 എണ്ണം കൂടുമെന്നും ചില പഠനങ്ങൾ പറയുന്നു.

നാം നിരന്തരം കാണുകയും കേൾക്കുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന പല സാമൂഹ്യ സംഭവഗതികളും സ്വഭാവങ്ങളും ഇതു പോലെ അടിസ്ഥാനപരമായ പല മാറ്റങ്ങളോടും ബന്ധപ്പെട്ടു രൂപപ്പെടുന്നതും പരിണമിക്കുന്നതുമാണ്. അതു മനസിലാക്കുന്നത് അതിന്റെ വ്യഥകളിൽ കുടുങ്ങിക്കിടക്കാനല്ല. കൂടുതൽ നല്ല ഒരു നാളത്തെ കേരളം നിർമ്മിക്കാൻ ആ മനസിലാക്കലുകൾ അതിപ്രധാനമാണ്.

കെ.ജി. ജോർജ്ജിന്റെ മരണവും, അമ്മൂമ്മത്തിരിയും, നികുതിവിഹിതത്തിലെ കുറവും,ലോകസഭാസീറ്റുളുടെ പുനർ നിർണ്ണയവും, ഭായിമാരുടെയും ബംഗാളികളുടേയും വർദ്ധിക്കുന്ന സാന്നിദ്ധ്യവുമെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന നൂലിഴ മനസിലാക്കുന്നത് ഈ മാറ്റത്തിനുള്ള ഒരു ആയുധമണിയലാണ്.

അവലംബങ്ങൾ:

1. Baishali Goswami (2021), Demographic Changes in Kerala and the Emerging Challenges: An Assessment.
2. N. Ajith Kumar(2020) Exploring the Drivers of Long-Distance Labour Migration to Kerala.
3. K.P. Kannan, (2012), Transformations and Tribulations.
4. K.P. Kannan (2023)- Kerala ‘Model’ of Development Revisited A Sixty-Year Assessment of Successes and Failures.
5. Kerala Development Report , Kerala State Planning Board.
6. Economic Review, Kerala State Planning Board.
7. Census Reports.
8. Annual Vital Statistics Reports , 2021, 2022.
9. Snigdhendu Bhattaacharya, K. K. Shahina ( 2023) , How Delimitation Exercise is a great distribution challenge in India, Article in Outlook. 9. Various Press Reports.

Comments